സംഭവിച്ചതില്‍ ചിലതെല്ലാം
തൃക്കാക്കര സ്‌ക്കെച്ചസ് -49
സുധീര്‍നാഥ്
ഞാന്‍ വളരെ കുട്ടിയായിരുന്ന കാലം. അക്കാലത്ത് എല്ലായിടത്തും ഇലക്ട്രിസിറ്റിയില്ല. വീടിനുചേര്‍ന്ന് ഒരു തുറന്ന പറമ്പാണ്. അതിന് തൊട്ടുതന്നെയാണ് ബാവയും കുടുംബവും താമസിക്കുന്ന ഓലപ്പുര. ബാവയ്ക്ക് മൂന്ന് ആണ്‍മക്കളാണ്. നാലാമതൊരു പെണ്‍കുഞ്ഞിനെ അദ്ദേഹം ദത്തെടുത്തു. കുട്ടി ഉള്ളതുകൊണ്ട് രാത്രിയില്‍ ഒരു ചെറിയ മണ്ണെണ്ണവിളക്ക് കത്തിച്ചുവെച്ചിരുന്നു. പലര്‍ച്ചെ എപ്പഴോ ആരുടെയോ കാലുതട്ടി വിളക്ക് മറിഞ്ഞു. ഓലപ്പുരയ്ക്ക് തീ പിടിച്ചു. എല്ലാവരും പുറത്തേയ്ക്ക് ഓടി. ആര്‍ക്കും അപായമുണ്ടായില്ല. വീട് പൂര്‍ണ്ണമായും കത്തിപ്പോയി. ജനലിലൂടെ ആളുകള്‍ തീ കെടുത്താന്‍ പരിശ്രമിക്കുന്നതും, തെങ്ങിന്‍റെ ഉയരത്തില്‍ തീ കത്തുന്നതും ഓര്‍മ്മകളിലുണ്ട്.
മറ്റൊരു തീപ്പിടുത്തം ഉണ്ടായത് കുറുമ്പയുടെ വീടിനാണ്. അന്ന് കുറുമ്പ താമസിച്ചിരുന്നത് പൈപ്പ് ലൈന്‍ കവലയിലെ അവരുടെ ഓലമേഞ്ഞ വീട്ടിലാണ്. ഇത് പറഞ്ഞു കേട്ട സംഭവമാണ്. ഒരു വിഷുസമയം. കുട്ടികള്‍ പൊട്ടിച്ച പടക്കം ദിശതെറ്റി ഓലപ്പുരയുടെ മുകളില്‍ വീണു. തീ കത്തിത്തുടങ്ങിയത് അന്ന് ഇടപ്പള്ളി പുക്കാട്ടുപടി റോഡിലൂടെ പോയ ശ്രീമാന്‍ ബസ്സിലെ ഡ്രൈവറാണ് കണ്ടത്. വണ്ടി നിര്‍ത്തി ബസ്സിലെ ജീവനക്കാരും യാത്രക്കാരുമാണ് അന്ന് ഫയര്‍ഫോഴ്സിന്‍റെ പണി മുഴുവന്‍ ചെയ്തത്. തീ അണഞ്ഞ ശേഷമാണ് ബസ്സ് മുന്നോട്ട് നീങ്ങിയുള്ളൂ. അന്നും ആര്‍ക്കും ഒന്നും സംഭവിച്ചില്ല.
മൂന്നാമതൊരു തീപ്പിടുത്ത സംഭവം ഉണ്ടായത് ലാബിന്‍റ് കമ്പനിയിലാണ്. ആസിഡ് കമ്പനിക്ക് തീപിടിച്ചു എന്നത് തൃക്കാക്കരയെ ഞെട്ടിച്ച ഒന്നായിരുന്നു. അപകടകരമായ ആസിഡ് വലിയ അപകടം ഉണ്ടാകുമോ എന്ന പേടി അന്ന് ജനങ്ങളില്‍ ഉണ്ടായി. ഫയറെന്‍ജിനുകള്‍ വന്നു. ആസിഡ് നിര്‍വ്വീര്യമാക്കാന്‍ മണിക്കൂറുകളെടുത്തു.
കൊച്ചിന്‍ റിഫൈനറി അമ്പലമുകളിലാണ്. അവിടെ 1984 ല്‍ മാര്‍ച്ച് 8-ന് തീപിടിച്ച സംഭവം ഉണ്ടായത് ഓര്‍ക്കുന്നു. ദിവസങ്ങളോളം തീ കത്തിനിന്നു. കേരളത്തിലുണ്ടായ വലിയ തീപ്പിടുത്തങ്ങളില്‍ ഒന്നായിരുന്നു അത്. രാത്രിയില്‍ തീയുടെ പ്രകാശം തൃക്കാക്കരയുടെ ഇരുട്ടിനെ മാറ്റി. റിഫൈനറിയിലെ തീ കാണുവാന്‍ തൃക്കാക്കരയിലെ മലകളുടെ മുകളില്‍ ജനങ്ങള്‍ പോയിരുന്നു.
തൃക്കാക്കരയെ ദുഃഖത്തിലാഴ്ത്തിയ ഒരു കാര്‍ അപകടമാണ് മറ്റൊരു സംഭവം. 1993 മെയ് 31-നായിരുന്നു അത്. തൃക്കാക്കരയിലെ വിവാഹദിവസമായിരുന്നു കൂനംതൈയ്ക്കു സമീപം ദാരുണമായ അപകടം ഉണ്ടായത്. എതിരേ വന്ന ഗ്യാസുമായി വന്ന ലോറിയുമായി തൃക്കാക്കരയിലുള്ള ആറുപേര്‍ സഞ്ചരിച്ച അംബാസിഡര്‍ കാര്‍ വൈകുന്നേരം അഞ്ചര മണിയോടെ ഇടിച്ചു. അന്ന് മീഡിയന്‍ ഇല്ലായിരുന്നു. അല്പം വേഗതയിലായിരുന്ന കാര്‍ തകര്‍ന്നു. ആറുപേരില്‍ രണ്ടാള്‍ മാത്രമേ രക്ഷപ്പെട്ടുള്ളു. സുരേഷും, ചേലപ്പുറത്തെ പ്രസാദും. കണ്ണാലയിലെ സുകുമാരന്‍ എന്ന സുകു, ചേലപ്പുറത്തെ രാധാകൃഷ്ണന്‍, അദ്ദേഹത്തിന്‍റെ ഒന്നര വയസ്സുള്ള മകന്‍ രഞ്ജിത്ത്, കോയിക്കലെ സുരേഷ് എന്നിവരാണ് മരണമടഞ്ഞത്. പിറ്റേന്ന് ഉച്ചയ്ക്കു ശേഷം എല്ലാ മ്യതശരീരവും തൃക്കാക്കരയിലെത്തി. തൃക്കാക്കരയുടെ കറുത്ത ദിനങ്ങളില്‍ ഒന്നായിരുന്നു അത്.
ഇന്നത്തെ കൊച്ചിന്‍ പബ്ലിക് സ്കൂളിനു സമീപം ഉണ്ടായിരുന്ന തൃക്കാക്കരയിലെ പാറമട ഒരു വലിയ ജലസ്രോതസ്സായിരുന്നു. ഇന്നതില്ല. നല്ല താഴ്ചയുണ്ടായിരുന്നു. പണ്ട് അവിടെനിന്ന് പാറ പൊട്ടിച്ച് ലോറിയില്‍ കൊണ്ടുപോകുമായിരുന്നു. ഒട്ടേറെ മരണങ്ങള്‍ ഈ പാറമടയില്‍ ഉണ്ടായിട്ടുണ്ട്. പാറമടയുടെ വെള്ളത്തില്‍ കാല്‍ വഴുതി വീഴുന്നവര്‍, ആത്മഹത്യ ചെയ്തവര്‍, നിലതെറ്റി വെള്ളത്തില്‍ താഴ്ന്നവര്‍... ഇവര്‍ പാറകളില്‍ കുടുങ്ങി മരണപ്പെടുമായിരുന്നു. ഇത്തരത്തില്‍ മരണപ്പെട്ടവരെ എടുക്കാന്‍ ഫയര്‍ എന്‍ജിനുകള്‍ വീടിനു മുന്നിലൂടെ പോയ കാഴ്ച കണ്ടിട്ടുണ്ട്. നേവിയിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ എത്തുന്നതു കണ്ടിട്ടുണ്ട്. ഓക്സിജന്‍ സിലിന്‍ഡറുകള്‍ പിടിപ്പിച്ച് അവര്‍ വെള്ളത്തിനടയില്‍ പോകുന്നതും, മൃതശരീരവുമായി പൊന്തിവരുന്നതും കണ്ടിട്ടുണ്ട്.വെടിമരുന്ന് കത്തിച്ചാണ് പാറ പൊട്ടിക്കുന്നത്. പൊട്ടിവീഴുന്ന വലിയ പാറ രണ്ടു പുരുഷന്‍മാര്‍ പൊക്കി ഒരു സ്ത്രീയുടെ തലയില്‍ വെച്ചു കൊടുക്കും. അവര്‍ അത് ചുമന്ന് ലോറിയില്‍ കയറ്റും. അക്കാലത്ത് ജെസിബി ഒന്നും ഇല്ലായിരുന്നു. ഒരിക്കല്‍ ഇങ്ങനെ കല്ലുചുമന്ന് പോയ കരിമക്കാടുള്ള ഹാജിറ എന്ന സ്ത്രീ കാലുവഴുതി വീണു. തലയിലെ വലിയ കല്ല് അവരുടെ നെഞ്ചത്തു വീണ് അവര്‍ തത്ക്ഷണം മരണപ്പെട്ടു. ദയനീയമായ സംഭവം തൃക്കാക്കരയെ ഞെട്ടിച്ചു. അന്ന് കൈക്കുഞ്ഞായിരുന്ന അവരുടെ മകന്‍ ഇന്ന് യുവാവായി തൃക്കാക്കരയിലുണ്ട്.
പാറമടയില്‍നിന്ന് കല്ലാണെങ്കില്‍, മണ്ണുമടയില്‍നിന്ന് മണ്ണ് എടുക്കും. മണ്ണ് എടുക്കുന്ന സ്ഥലവും തൃക്കാക്കരയില്‍ ഉണ്ട്. മലകള്‍ നിരത്തി അവിടന്ന് മണ്ണ് ലോറിയില്‍ കയറ്റി താഴ്ന്ന പ്രദേശത്ത് കൊണ്ടു പോകും. ഇങ്ങനെയുള്ള പൈപ്പ് ലൈന്‍ റോഡിനുചേര്‍ന്ന മണ്ണുമടയില്‍ അപകടം ഉണ്ടായിട്ടുണ്ട്. മണ്ണ് എടുക്കുമ്പോള്‍ മുകളില്‍ നിന്ന് മണ്ണ് പണി എടുക്കുന്നവരുടെ മുകളില്‍ വീണിട്ടാണ് അപകടം സംഭവിക്കുന്നത്. എന്‍റെ ഓര്‍മ്മയില്‍, ഇത്തരത്തിലുള്ള രണ്ടുതവണ അപകടമുണ്ടായിട്ടുണ്ട്. സമാനമായ അപകടം കങ്ങരപ്പടിയിലും, മറ്റു പലയിടത്തും ഉണ്ടായിട്ടുണ്ട്. പാറമടകളിലും ഇത്തരം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കണക്കുകൂട്ടലുകള്‍തെറ്റിയാണ് വലിയ മണ്‍കൂന പണിയെടുക്കുന്നവരുടെ മുകളില്‍ വീണത്. മലയുടെ അടിയില്‍ ഗുഹപോലെ തുരക്കും. എന്നിട്ട് മുകളില്‍നിന്ന് ഇടിച്ചിടും. അപ്പോള്‍ ഒറ്റയടിക്ക് കുറെ മണ്ണ് ലഭിക്കും. ഈ കണക്കുകൂട്ടലാണ് ഒരിക്കല്‍ തെറ്റി മരണം സംഭവിച്ചത്. ഇതില്‍ നിന്ന് ഓടി രക്ഷപ്പെട്ട ഒരു സ്ത്രീ തെറിച്ചുവീണ കൊട്ട എടുക്കാന്‍ തിരികെച്ചെന്നപ്പോള്‍ വീണ്ടും ഇടിഞ്ഞ മണ്ണിനടിയില്‍പ്പെട്ട് മരിച്ചത് വളരെ ദയനീയമായി. തൃക്കാക്കര ക്ഷേത്രം റോഡിനോടു ചേര്‍ന്ന കൊച്ചു നീലാണ്ടന്‍നായരുടെ ചാരായക്കട നിര്‍ത്തലാക്കിയത് ചാരായ നിരോധനം വരുന്നതിനു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അതിന് ഒരു സംഭവം കാരണമായിട്ടുണ്ട്. ഒരു ദിവസം രാത്രി വലിയ ബഹളം. അന്ന് ചാരായക്കടയില്‍നിന്ന് ഏറെ ദൂരെയല്ലാത്ത വീട്ടില്‍ വായനയില്‍ മുഴുകിയ ലോകോളേജ് വിദ്യാര്‍ത്ഥി അനില്‍ കുമാര്‍, (ഇന്നത്തെ അഡ്വക്കേറ്റ്) സഹോദരന്‍ അശോകിനേയും കൂട്ടി ചാരായ കടയുടെ ഭാഗത്തേയ്ു് നടന്നു. പിതാവായ, കൊച്ചി സര്‍വ്വകലാശാല അക്കൗണ്ട്സ് റിട്ടയേഡ് ഓഫീസറായ പണിക്കര്‍ എത്താത്തതുകൊണ്ട് അദ്ദേഹമെങ്ങാനും ബഹളത്തിലുണ്ടോ എന്ന സന്ദേഹമാണ് അവിടേയ്ക്കു പോകുവാന്‍ കാരണം. ബര്‍മുഡയും ധരിച്ച് അവിടെ എത്തിയ അവര്‍ കണ്ടത് നാലു പേര്‍ ഒരാളെ തല്ലുന്നതാണ്.
അവര്‍ അടുത്ത് എത്തും മുന്‍പ് പ്രായമായ ആരോഗ്യവാനായ ആള്‍ ഷവല്‍ കൊണ്ട് അയാളെ തലയ്ക്ക് അടിക്കുന്നതാണ് കണ്ടത്. അടികൊണ്ട അയാള്‍ വീഴുന്നു. പ്രായമായ ആള്‍ രണ്ടാമതും വീണുകിടക്കുന്ന ആളെ ഷവലിന് കുത്തുവാന്‍ ഓങ്ങുന്നു. അനില്‍ ശരവേഗത്തില്‍ ഓടി വന്ന് അയാളെ ചവിട്ടിവീഴ്ത്തി. എറണാകുളം ലോ കോളേജിലെ യുദ്ധമുറകള്‍ സ്വായത്തമാക്കിയ അനില്‍ തകര്‍ത്താടി. അയാള്‍ ഷവലുമായി റോഡില്‍ തെറിച്ചു വീണു. അശോക് അതേപോലെ മറ്റു മൂന്നുപേരെയും ചവിട്ടിവീഴ്ത്തി. സിനിമയിലെ സ്റ്റണ്ട് രംഗം പോലെ അടി തുടര്‍ന്നു. നാലുപേരും ഇരുട്ടില്‍ ഓടിപ്പോയി. താഴെ വീണയാള്‍ എഴുന്നേറ്റു. ചാരായഷാപ്പിലെ സ്ഥിരം കഥാപാത്രമായിരുന്ന, അനിലിനും, അശോകിനും പരിചയമുള്ള കരുണാകരന്‍ ചേട്ടനായിരുന്നു അയാള്‍. ചോര ഒലിപ്പിച്ച അദ്ദേഹം തൊട്ടടുത്ത ചേലപ്പുറത്തേയ്ക്ക് നടന്നു പോയി. ഇതെല്ലാം കണ്ടു കൊണ്ട് തടിച്ച് ഉയരമുള്ള ഒരാള്‍ ദൂരെ നില്‍ക്കുന്നുണ്ടായിരുന്നു.
ചോരയില്‍ കുളിച്ചെത്തിയ കരുണാകരനെ ചേലപ്പുറത്തെ മുരളിയും മറ്റും ഓട്ടോയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി. പിറ്റേന്ന് രാവിലെ കരുണാകരന്‍റെ അമ്മ ഗൗരിയമ്മ ചേലപ്പുറത്തെത്തി മുരളിയുടെ തലയില്‍ കൈവെച്ച് നന്നായി വരുമെന്ന് അനുഗ്രഹിച്ചു. പിറ്റേ ദിവസം ലോ കോളേജില്‍ പോകാന്‍ പൈപ്പ് ലൈനില്‍ ബസ് സ്റ്റോപ്പിലെത്തിയ അനിലിനോട് തലേന്നു രാത്രി നടന്ന സംഭവങ്ങള്‍ ചിലര്‍ വിവരിച്ചു. കരുണാകരന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് അപ്പോഴാണ് അനില്‍ അറിയുന്നത്.
അടി നടന്ന പിറ്റേന്നുമുതല്‍ ചാരായക്കടയ്ക്കു മുന്നില്‍ സമരം തുടങ്ങി. കരുണാകരന്‍റെ മകന്‍ പ്രഭയായിരുന്നു സമരത്തിന് മുന്നില്‍ നിന്നത്. ചാരായവുമായി വന്ന വണ്ടി തടഞ്ഞു. ചാരായക്കുപ്പികള്‍ റോഡില്‍ പൊട്ടിച്ചു. ചാരായഷോപ്പിനു സമീപം റോഡരുകിലെ വലിയ മാവിന്‍റെ (ഇന്നും റോഡില്‍ മാവുണ്ട്) ചുവട്ടില്‍ ചാരായം ഒഴുക്കി. ചേലപ്പുറത്തെ രാധാകൃഷ്ണനും മറ്റും അറസ്റ്റ് വരിച്ചു. കേസായി. സമരം വിജയിച്ചു. ചാരായക്കട നിര്‍ത്തലാക്കി. അതോടെ സാമ്പത്തികമായി തകര്‍ന്ന കൊച്ചു നീലാണ്ടന്‍നായര്‍ ആത്മഹത്യ ചെയ്തു. കുടുംബം സ്ഥലം വിറ്റ് പലയിടത്തായി താമസിക്കുന്നു.
മോഷണവും തൃക്കാക്കരയില്‍ നടക്കാറുണ്ട്. അമ്മയുടെ കഴുത്തില്‍നിന്ന് രാത്രിയില്‍ മാല പൊട്ടിച്ച് ഓടിയ ഉയരമുള്ള കള്ളനെ ഭയത്തോടെ നോക്കിനിന്നത് എങ്ങനെ മറക്കും. മറ്റൊരിക്കല്‍ മദ്യപിച്ച് മൃഗങ്ങളായി മാറിയ ചിലര്‍ ഓടിട്ട വീടിന് കല്ലെറിഞ്ഞത് മറക്കുവാന്‍ കഴിയില്ലല്ലോ... അന്ന് നല്ല മഴയുള്ള ദിവസവുമായിരുന്നു. അപ്പോള്‍ എന്തുമാത്രം വിഷമം അനുഭവിച്ചിരിക്കും എന്നത് ഊഹിക്കാവുന്നതേയുള്ളൂ.
തൃക്കാക്കരയില്‍ മറ്റെവിടെയെങ്കിലും കളവുണ്ടായിട്ടുണ്ടോ എന്നറിയില്ല. പക്ഷേ കളവ് ഒഴിവാക്കാന്‍ ഗൂര്‍ഖമാര്‍ രാത്രി പട്രോളിങ്ങിന് ഇറങ്ങിയിരുന്നു. ഗാന്ധിനഗര്‍ സെക്കഡ് സ്ട്രീറ്റില്‍ മോഹന്‍ലാല്‍ ഗൂര്‍ഖവേഷം ധരിച്ച് ഇറങ്ങുന്ന രംഗമുണ്ട്. സമാനമായ ഗൂര്‍ഖമാര്‍നല്‍കുന്ന സുരക്ഷ അക്കാലത്ത് തൃക്കാക്കരയിലെ പല മേഖലകളിലും കാണാമായിരുന്നു. നേപ്പാളിയാണോ, ഗഡ്വാളിയാണോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നതു കേട്ടിട്ടുണ്ട്. എന്തായാലും തലയില്‍ തൊപ്പിയും, കാക്കിവേഷവും ധരിച്ച് വീടുകളില്‍നിന്ന് മാസപ്പിരിവ് നടത്തി കുറേ ഗൂര്‍ഖകള്‍ തൃക്കാക്കരയില്‍ ഉണ്ടായിരുന്നു. അപൂര്‍വ്വമായി തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികളും. അതും വിരലില്‍ എണ്ണാവുന്നവര്‍. ഇവരൊക്കെ ആയിരിക്കും ഇപ്പോള്‍ വിശേഷിപ്പിക്കുന്ന അതിഥി തൊഴിലാളികളുടെ ആദ്യ ബാച്ച്.
നമ്മുടെ തൃക്കാക്കരയിലുള്ള ഗൂര്‍ഖ, ഗംഗാറാം എല്ലാ ദിവസവും രാത്രിയില്‍ ടോര്‍ച്ചും വടിയുമായി വിസിലടിച്ച് തൃക്കാക്കരയുടെ റോഡിലൂടെ നടക്കുമായിരുന്നു. പുലര്‍ച്ചെ വരെ വിസിലടി ഉണ്ടാകുമെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. നന്നായി മലയാളം സംസാരിക്കുന്ന അദ്ദേഹത്തിന് തൃക്കാക്കരയിലെ ജനങ്ങളെ തിരിച്ചറിയാമായിരുന്നു. മൂപ്പരുടെ മകനും, അളിയനും മറ്റും തൃക്കാക്കരയുടെ സേവനത്തിന് പിന്നീട് എത്തി. ലാല്‍ സിംഗ് എന്ന നേപ്പാള്‍ സ്വദേശിയായിരുന്നു ഭാരത് മാതാ കോളേജിലെ കാവല്‍ക്കാരന്‍. പൊതുവേ എല്ലാ ഗൂര്‍ഖമാരേയും ഭായ് എന്നായിരുന്നു വിളിച്ചിരുന്നത്. ഇപ്പോള്‍ സെക്യൂരിറ്റി ഏജന്‍സികളാണ് ഈ ചുമതല കൂടുതലും ചെയ്യുന്നത്.
മദര്‍ തെരേസയെ രണ്ടു തവണയാണു കണ്ടത്. 1994 ജനുവരി 16-നു ഇടപ്പള്ളി പള്ളിയില്‍ വന്നപ്പോഴും, 17-നു പുക്കാട്ടുപടിക്കു സമീപമുള്ള സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയില്‍ വന്നപ്പോഴും. മദര്‍ തെരേസയുടെ മുഖത്തെ പ്രകാശം ആര്‍ക്കും ഒരു ഉണര്‍വ്വുണ്ടാക്കുന്ന തരത്തിലാണ്. എന്തൊരു ചൈതന്യമാണവര്‍ക്ക്...! ഇടപ്പള്ളി പള്ളിയില്‍ വാഹനത്തില്‍ ഇരിക്കുന്നതു കണ്ടത് വൈകുന്നേരമായിരുന്നു. കാറിനുള്ളിലെ പ്രത്യേകം സജ്ജീകരിച്ച വെളിച്ചത്തില്‍ അവരെ കണ്ടപ്പോള്‍ വലിയ അനുഗ്രഹമയി തോന്നി. അങ്ങനെയാണ് പിറ്റേന്ന് പുക്കാട്ടുപടിയിലേയ്ക്കു പോയി വീണ്ടും കണ്ടത്.
ഒരുകാലത്ത് ബന്ദ് ഒരു ശക്തമായ സമരമുറ തന്നെയായിരുന്നു. ബന്ദിന്‍റെ തലേന്ന് വഴികള്‍ക്ക് മാര്‍ഗ്ഗതടസമുണ്ടാക്കുക എന്നത് ബന്ദ് നടത്തുന്നവരുടെ പണിയാണ്. തൃക്കാക്കരയില്‍ ആവശ്യത്തിലേറെ പൈപ്പുകള്‍ ഉള്ളതുകൊണ്ട് അതായിരിക്കും മിക്കവാറും വഴിതടയാന്‍ ഉരുട്ടി റോഡിനു കുറുകേ ഇടുന്നത്. വഴില്‍ അള്ളുവെയ്ക്കുന്ന ഇടപാട് അന്നുണ്ടായിരുന്നു. ബന്ദ് ദിവസം യാത്രചെയ്താല്‍ അള്ള് കയറി ടയര്‍ പഞ്ചറാകുന്ന സംഭവങ്ങള്‍ ധാരാളമായിരുന്നു. കേരളത്തില്‍ ബന്ദും ഹര്‍ത്താലും സ്ഥിരം ഏര്‍പ്പാടായതോടെ അതിന്‍റെ വീര്യം പോയി. ഇന്ന് വഴി തടയേണ്ട സാഹചര്യമില്ല. ഹര്‍ത്താല്‍ എന്ന് കേട്ടാല്‍ പുറത്തിറങ്ങാത്ത കാലം. വി.പി. സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലം. എഴുപത്തി ഏഴാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാന്‍ 1990 ജനുവരിയില്‍ അദ്ദേഹം കൊച്ചിയില്‍ വരുന്നു. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയിലെ ക്യാമ്പസില്‍ ഉദ്ഘാടനചടങ്ങിനായി ഒരു മലയുടെ ചരിവില്‍ വലിയൊരു സ്റ്റേജ് നിര്‍മ്മിച്ചു. ചടങ്ങ് നടക്കുന്നതിന് ഒരാഴ്ച മുന്‍പ് സ്റ്റേജ് ഇടിഞ്ഞുവീണു. ഒടുവില്‍ സര്‍വ്വകലാശാലാ ഗ്രൗണ്ടില്‍ താത്കാലിക സ്റ്റേജ് നിര്‍മ്മിച്ചാണ് ചടങ്ങ് നടത്തിയത്. പ്രശസ്ത ശാസ്ത്രപണ്ഡിതനായ യശ്പാലായിരുന്നു അന്ന് വൈസ് ചാന്‍സലറും, ശാസ്ത്ര കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷനും. ഏറെനാളത്തെ നിയമക്കുരുക്കിനൊടുവില്‍ കുസാറ്റ് ഓഡിറ്റോറിയം എന്ന പേരില്‍ പണി പൂര്‍ത്തിയാക്കി ഇപ്പോള്‍ ഉപയോഗിക്കുന്നു.
രാത്രിക്ക് രാത്രി ഒരു വഴി ഉണ്ടായ സംഭവവും തൃക്കാക്കരയിലുണ്ടായിരുന്നു. തൃക്കാക്കര പൈപ്പ് ലൈന്‍ റോഡില്‍ നിന്ന് ക്ഷേത്രത്തിലേയ്ക്കുള്ള റോഡായിരുന്നു അത്. മുന്‍പ് അത് പാടത്തിന്‍റെ വരമ്പായിരുന്നു. പാടം നികത്തി വീടുകള്‍ വന്നിരിക്കുന്നു. ഒരു ദിവസം വരമ്പ് പോലുള്ള റോഡ് വലിയ റോഡായത് ഒരുകൂട്ടം ആളുകളുടെ കൂട്ടായ തീരുമാനത്തിന്‍റെ ഫലമായിരുന്നു. അഡ്വക്കേറ്റ് എ. ബി. ജലീലായിരുന്നു ക്ഷേത്രത്തിലേയ്ക്കുള്ള റോഡിന് നിയമോപദേശം നല്‍കിയത്. കോണ്‍ഗ്രസും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒന്നിച്ച് നിന്നാണ് ഈ വഴി ഉണ്ടാക്കിയത് എന്നത് എടുത്ത് പറയേണ്ട ഒന്നാണ്. അതില്‍ മുന്നില്‍ നിന്നത് ബാലക്യഷ്ണന്‍ എന്ന ബാലേട്ടനായിരുന്നു. ഈ വഴിയുടെ പേര് അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് ഇടേണ്ടതാണ്.
ഇത് ആരുടെ സ്മൃതിമണ്ഡപമാണ്...? ഉത്തരം. ചിത്രത്തില്‍ കാണുന്നത് മഹാകവി ജി. ശങ്കരകുറുപ്പിന്‍റെ തൃക്കാക്കരയിലുള്ള സ്മൃതിമണ്ഡപമാണ്. 1978 ഫെബ്രുവരി രണ്ടിന് അന്തരിച്ച അദ്ദേഹത്തെ സംസ്കരിച്ചിരിക്കുന്നത് വള്ളത്തോളിനു സമീപമാണ്. എല്ലാ വര്‍ഷവും അദ്ദേഹത്തിന്‍റെ ഓര്‍മ്മദിവസം അവിടെ കവിയുടെ കുടുംബാംഗങ്ങളും, ആരാധകരും പുഷ്പാര്‍ച്ചന നടത്താറുണ്ട്.
ഈ കവലയേത്...? ചിത്രത്തില്‍ കാണുന്നത് തൃക്കാക്കരയിലെ ഒരു കവലയിലെ ബസ് സ്റ്റോപ്പാണ്. ഏതാണ് ഈ കവല...? ഉത്തരം അടുത്ത തൃക്കാക്കര സ്‌ക്കെച്ചസില്‍.
(അടുത്തത് തൃക്കാക്കര സ്‌ക്കെച്ചസ് 50 / സ്ഥാപനങ്ങള്‍, സേവനങ്ങള്‍. ലേഖനത്തില്‍ എന്തെങ്കിലും പിശകുകള്‍ വന്നിട്ടുണ്ടെങ്കിലോ, കൂട്ടി ചേര്‍ക്കേണ്ടതുണ്ടെങ്കിലോ ദയവായി 9968996870 എന്ന നമ്പറില്‍ വാട്ട്സ്അപ്പ്/ ടെലഗ്രാം ചെയ്യുക)
ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.
- ഓണം പിറന്ന നാട്
- ഗോപാലകൃഷ്ണ ബസ്
- ചാരായക്കടയും കള്ള് ഷാപ്പും
- തൃക്കാക്കര ക്ഷേത്രവും സിനിമകളും
- കൈരളി, ശോഭ, താരം, പ്രീതി
- അണ്ണാച്ചിയുടെ ഐസ്പ്രൂട്ട്
- ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
- ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍
- സാഹിത്യം ത്യക്കാക്കരയില്‍
- സംഗീത സാന്ദ്രമായ ത്യക്കാക്കര
- ത്യക്കാക്കരയിലെ പാട്ടുകാര്‍
- പകല്‍പ്പൂരം
- താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും
- ഓണവിരുന്നും, തിരുവോണസദ്യയും
- ത്യക്കാക്കരയിലെ പെണ്ണെഴുത്ത്
- ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
- കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
- ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം
- രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം
- ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
- ഭാരത മാതാ രാഷ്ട്രീയം
- ഭാരത മാതാ ബാലറ്റ് ബോക്സ്
- തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും
- കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
- ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍
- ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
- പേക്രോം പേക്രോം തവളകള്‍
- ചായക്കട അഥവാ ചായക്കട
- ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും
- മാധ്യമ ലോകം ത്യക്കാക്കരയില്‍
- നിയമ വഴിയിലെ ത്യക്കാക്കര
- സമരം സമരം സമരം
- സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
- പൈപ്പ് ലൈന്‍ ജംഗ്ഷന്‍
- വിറക്, അറക്കപ്പൊടി, ഗ്യാസ്...
- കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...!
- വെളിച്ചം വീശിയ വഴികള്‍
- വാര്‍ത്താ വിനിമയ വിപ്ലവം
- ത്യക്കാക്കരയുടെ വായനാശീലം.
- കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല
- ത്യക്കാക്കരയുടെ കുട്ടി പട്ടാളം
- ത്യക്കാക്കരയിലെ കളിക്കളം
- കഥകളുറങ്ങുന്ന ത്യക്കാക്കര
- പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
- വൈദ്യരംഗത്തെ തൃക്കാക്കര
- നാട്ടുപ്രമാണിമാര്‍
- പരിചിതമുഖങ്ങള്‍
- തൃക്കാക്കരയിലെ വ്യവസായങ്ങള്‍
- സംഭവിച്ചതില്‍ ചിലതെല്ലാം
- സ്ഥാപനങ്ങള്‍, സേവനങ്ങള്‍.









