രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം / തൃക്കാക്കര സ്‌ക്കെച്ചസ്-19

രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം
തൃക്കാക്കര സ്‌ക്കെച്ചസ്-19
സുധീര്‍നാഥ്




ത്യക്കാക്കര എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ശക്തമായ കേന്ദ്രമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുള്ളവരും താമസിക്കുന്ന ഒരു പ്രദേശമായി ഇവിടം ഇപ്പോള്‍ മാറിയിരിക്കുന്നു. പല ഭാഷക്കാരേയും, ദേശക്കാരേയും ഇത് പോലെ മറ്റൊരു ജില്ലയിലും കാണില്ലെന്നാണ് പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ സ്ഥാപനങ്ങളും, ഐടി പാര്‍ക്കും, മറ്റ് വ്യവസായങ്ങളും അതിന് കാരണമായി.

ത്യക്കാക്കര എന്ന പ്രദേശം കളമശ്ശേരിയും, ഇടപ്പള്ളിയും ചേര്‍ന്ന ഇടമാണ്. അതുകൊണ്ട് തന്നെ ത്യക്കാക്കരയുടെ രാഷ്ട്രീയത്തില്‍ ഈ രണ്ട് ഇടങ്ങളിലേയും സംഭവങ്ങള്‍ രാഷ്ട്രീയമായി ത്യക്കാക്കരയുടെ സ്പന്ദനങ്ങളാണ് എന്ന് വിലയിരുത്തേണ്ടതുണ്ട്. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊലചെയ്യപ്പെട്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് അത് കാരണമായി.

സിഐടിയു നേതാവായിരുന്ന കെ എന്‍ രവീന്ദ്രനാഥ് ഇടപ്പള്ളി സ്കൂളില്‍ ഒന്‍പതാം തരത്തില്‍ പഠിക്കുമ്പോള്‍ സര്‍.സി.പിക്കെതിരെ പഠിപ്പുമുടക്കിന് നേതൃത്വം നല്‍കി, പതിമൂന്നാം വയസ്സു മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തകനായി. സ്റ്റുഡന്‍റ്സ് കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയുള്ള സ്റ്റുഡന്‍സ് യൂണിയനില്‍ ചേര്‍ന്നു. 1960ല്‍ ത്യക്കാക്കരയില്‍ തനിക്ക് ലഭിച്ച ഒരേക്കറിലേറെ ഭൂമി പാര്‍ട്ടിക്ക് ദാനമായി നല്‍കി. കൂടാതെ പിന്നീടും സ്വന്തം പേരിലുള്ള ഭൂമികള്‍ പാര്‍ട്ടിക്ക് നല്‍കി. 1964ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മില്‍ ചേര്‍ന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും മുന്‍ രാജ്യസഭാ അംഗവുമായിരുന്നു ഇ ബാലാനന്ദന്‍. ഭാര്യ സരോജിനി ബാലാനന്ദന്‍ ജനാധിപത്യ മഹിളാ അസോസിയഷന്‍ നേതാവായിരുന്നു. ഇരുവരും കളമശ്ശേരിയിലാണ് താമസിച്ചിരുന്നത്.

ഐഎന്‍ടിയുസി നേതാവായ വി പി മരക്കാറും ത്യക്കാക്കര സ്വദേശി തന്നെ. കെ എന്‍ രവീന്ദ്രനാഥിനെ പോലെ കോണ്‍ഗ്രസ് അനുഭാവ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വി പി മരയ്ക്കാര്‍ എഴുത്തുകാരനും, കളമശ്ശേരി പഞ്ചായത്ത് മെമ്പറും ആയിരുന്നു. കളമശ്ശേരിയില്‍ ആദ്യമായി ബിഎസ്സിഎല്‍എല്‍ബി പാസായ വ്യക്തിയാണ്. എച്ച്എംടി ഭൂമി ഏറ്റെടുത്തപ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി കേസ് വാദിച്ചത് വി പി മരയ്ക്കാര്‍ ആയിരുന്നു.




കോണ്‍ഗ്രസ്സിന്‍റെ സമാരാധ്യനായ നേതാവാണ് വയലാര്‍ രവി. കേന്ദ്രമന്ത്രി, സംസ്ഥാന മന്ത്രി എന്നീ നിലകളില്‍ രാഷ്ട്രീയ ഇടത്തെ പ്രമുഖന്‍. കെഎസ്യുവിന്‍റെ സ്ഥാപകന്‍. വിശേഷങ്ങള്‍ പലതുണ്ട്. വയലാര്‍ രവി താമസിക്കുന്നത് ഇപ്പോള്‍ ത്യക്കാക്കരയിലാണ്. രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലെങ്കിലും അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേരള രാഷ്ട്രീയം കാതോര്‍ക്കും.

ദേശാഭിമാനി എഡിറ്ററും, മുന്‍ രാജ്യസഭാ അംഗവുമായ പി രാജീവ് സര്‍വ്വസമ്മതനായ രാഷ്ട്രീയ നേതാവാണ്. പാര്‍ലമെന്‍റ് കാലാവധി കഴിഞ്ഞുള്ള യാത്രയയപ്പില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഒരു പോലെ രാജീവ് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടു. അരുണ്‍ ജറ്റ്ലി രാജ്യസഭയില്‍ പരസ്യമായി പാര്‍ട്ടി സെക്രട്ടറിയോട് കാര്യം ആവശ്യപെടുകയും ചെയ്തു. കോണ്‍ഗ്രസും, ബിജെപിയും, സമാജ്വാദി പാര്‍ട്ടിയും, ബിഎസ്പിയുമടക്കം അങ്ങിനെ ഒരേസ്വരത്തില്‍ മറ്റൊരവസരത്തിലും ഒരു യാത്രയയപ്പിലും പറഞ്ഞിട്ടില്ല.

കോണ്‍ഗ്രസിന്‍റേയും യൂത്ത് കോണ്‍ഗ്രസിന്‍റേയും നേതാവായിരുന്നു അമ്പാട്ട് കുടുംബാംഗം എ സി ജോര്‍ജ്. അദ്ദേഹം മുകുന്ദപുരത്ത് നിന്ന് പാര്‍ലമെന്‍റിലെത്തി കേന്ദ്ര മന്ത്രിയായി അദ്ദേഹത്തിന്‍റെ സഹോദരനാണ് കേരള രാഷ്ട്രീയ ചരിത്ത്രിലെ കാസ്റ്റിങ്ങ് വോട്ട് ചെയ്ത കേരള നിയമസഭാ സ്പീക്കറായിരുന്ന എ സി ജോസ്. പാര്‍ലമെന്‍റിലേയ്ക്ക് ത്യശ്ശൂരില്‍ നിന്നും ഇടുക്കിയില്‍ നിന്നും എ സി ജോസ് ജയിച്ചിട്ടുണ്ട്. വീക്ഷണം പത്രത്തിന്‍റെ എഡിറ്ററും, കൊച്ചിന്‍ മേയറും, കയര്‍ ബോഡിന്‍റെ ചെയര്‍മാനായിരുന്നു അദ്ദേഹം.  

യുഡിഎഫ് കണ്‍വീനറും, ചാലക്കുടി പാര്‍ലമെന്‍റ് അംഗവുമായ ബെന്നി ബഹനാന്‍ ത്യക്കാക്കരയില്‍ താമസമാക്കിയിട്ട് വര്‍ഷങ്ങളായി. അദ്ദേഹം ത്യക്കാക്കരയിലെ രാഷ്ട്രീയരംഗത്ത് മാത്രമല്ല, സാംസ്ക്കാരിക രംഗത്തും നിറ സാനിധ്യമാണ്. എംഇഎസിന്‍റേ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയാണ് ക്കൈതപ്പാടത്ത് ബക്കര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ഇപ്പോള്‍ മുസ്ലീം ലീഗിന്‍റേ കൂടെയാണ്. കേരളത്തിലെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേത്യത്ത്വം കൊടുക്കുന്നത് അദ്ദേഹമാണ്. ടി എ അഹമ്മദ് കബീര്‍ ആലപ്പുഴക്കാരനാണെങ്കിലും പിന്നീട് ത്യക്കാക്കരക്കാരനായി. മങ്കട നിയമസഭാ അംഗമാണ്.  മുസ്ലീം ലീഗിന്‍റേ നേതാവാണ് അദ്ദേഹം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ജനതാ പ്രസ്ഥാനത്തിന്‍റെ കേരളത്തിലെ പ്രമുഖരായ രണ്ട് നേതാക്കള്‍ ത്യക്കാക്കരയിലുണ്ട്. കെ ചന്ദ്രശേഖരനും, ആലുങ്കല്‍ ദേവസിയും. കെ ചന്ദ്രശേഖരന്‍ നായനാര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ആലുങ്കല്‍ ദേവസ്സി കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വ്യക്തിത്ത്വമായിരുന്നു. കോവിഡ് ബാധിച്ചാണ് അദ്ദേഹം അന്തരിച്ചത്.


ത്യക്കാക്കര പഞ്ചായത്തില്‍ ഏറെ കാലം പ്രസിഡന്‍റയിരുന്നത് കോണ്‍ഗ്രസ് നേതാവായ എം എ അബൂബക്കറാണ്. ബ്രിട്ടീഷ് പോലീസിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ആറടി മൂന്നിഞ്ച് ഉയരമുള്ള അജാനഭാഹു ആയിരുന്നു. ബ്രിട്ടീഷ് പോലീസിലെ ജോലി രാജിവെച്ചാണ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനവുമായി അബൂബക്കര്‍ ഇറങ്ങിയത്. അതുപോലെ തന്നെ ഏറെ കാലം പഞ്ചായത്തിന്‍റെ വൈസ് പ്രസിഡന്‍റായിരുന്നു ടി ഒ അഹമ്മദ് പിള്ള എന്ന അയ്മുള്ളാപ്ല. മൂപ്പര്‍ അയല്‍ക്കാരനായതുകൊണ്ട് കുട്ടി കാലത്ത് കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വീട്ടില്‍ കുതിര ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ജനസമ്മതി കൊണ്ട് പല പാര്‍ട്ടികള്‍ മാറിയിട്ടും അദ്ദേഹം ജയിച്ചു കൊണ്ടിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം പിന്നീട് ജനതാ പാര്‍ട്ടി നേതാവായി. പിന്നീട് മൈനയും, അഹമ്മദാലിയും കോണ്‍ഗ്രസിനെ നയിച്ച് പഞ്ചായത്ത് പ്രസിഡന്‍റുമാരായി.  എം ഒ ഫിലിപ്പും, എം ഇ ഹസൈനാരും, സി കെ പരീതും, കെ എന്‍ രാധാക്യഷ്ണനും ചേര്‍ന്ന് ത്യക്കാക്കരയിലെ പഞ്ചായത്ത് ഭരണം സിപിഎമ്മിന്‍റെ കൈക്കുള്ളിലാക്കി. സി കെ പരീത് ഇപ്പോള്‍ കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാനാണ്. എം ഇ ഹസൈനാര്‍ സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറിയാണ്. ത്യക്കാക്കര പഞ്ചായത്തില്‍ പ്രസിഡന്‍റായി 15 വര്‍ഷവും, 5 വര്‍ഷം മെമ്പറായും, 5 വര്‍ഷം ജില്ലാ പഞ്ചായത്ത് മെമ്പറായും എം ഇ ഹസൈനാര്‍ റിക്കോഡിട്ടു. ത്യക്കാക്കര പഞ്ചായത്തില്‍  16 വര്‍ഷം പഞ്ചായത്ത് മെമ്പര്‍ ആയിരുന്ന എം എച്ച് ഇബ്രാഹിമിന്‍റെ മകനാണ് എം ഇ ഹസൈനാര്‍. പതിനാറ് വര്‍ഷം മെമ്പറായിരുന്നു എന്നത് കൊണ്ട് ഒന്നിലേറെ തിരഞ്ഞെടുപ്പിനെ അദ്ദേഹം അഭിമുഖീകരിച്ചില്ല. ഒരേ ഒരു തിരഞ്ഞെടുപ്പിലാണ് 16 വര്‍ഷം മെമ്പറായത്...! കേരളത്തിലെ ഏറ്റവും കൂടുതല്‍ വരുമാനവും, ജനങ്ങളുമുള്ള പഞ്ചായത്തായിരുന്നു ത്യക്കാക്കര. 2010 മുതല്‍ മുനിസിപ്പാലിറ്റിയായി ത്യക്കാക്കര വളര്‍ന്നു.




ഞാലകം പഞ്ചായത്താണ് പിന്നീട് കളമശ്ശേരി പഞ്ചായത്തായി മാറിയത്. കളമശ്ശേരി പഞ്ചായത്തിന്‍റെ നീണ്ട 17 വര്‍ഷം പ്രസിഡന്‍റ് സ്ഥാനത്തിരുന്ന് ഭരിച്ച പി എ ബീരാന്‍ കുട്ടി ഒരു പ്രസ്ഥാനം തന്നെയായിരുന്നു. ബീരാന്‍ കുട്ടിക്ക് കളമശ്ശേരിയിലെ എല്ലാ വീടുകളുമായി നല്ല ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കളമശ്ശേരി പഞ്ചായത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കോട്ടയായിരുന്നു. ബീരാന്‍കുട്ടിയുടെ നേത്യപാഠവം പ്രതിപക്ഷ കക്ഷിയിലെ നേതാക്കള്‍ പോലും ഇന്നും സമ്മതിക്കുന്നു. ബീരാന്‍കുട്ടിയുടെ പിന്‍മാറ്റത്തോടെ മാത്രമേ കളമശ്ശേരിയില്‍ മറ്റ് പാര്‍ട്ടികള്‍ വളര്‍ന്നുള്ളൂ. കളമശ്ശേരി 1990 ആയപ്പോള്‍ മുനിസിപ്പാലിറ്റിയായി. 1995 മുതല്‍ മുനിസിപ്പാലിറ്റി ഭരണം കോണ്‍ഗ്രസിന്‍റെ സ്വന്തമാക്കി. ജമാല്‍ മണക്കാടനായിരുന്നു കോണ്‍ഗ്രസിനെ നയിച്ചിരുന്നത്. പിന്നീട് തുടര്‍ച്ചയായി നാളിതുവരെ കോണ്‍ഗ്രസാണ് മുനിസിപ്പാലിറ്റി ഭരിക്കുന്നത്. 

 ബിജെപിക്ക് വേണ്ടത്ര അണികളില്ലാത്ത പ്രദേശമാണ് ത്യക്കാക്കര. ത്യക്കാക്കരയില്‍ ഡോക്ടര്‍ ജി എന്‍ നായര്‍ ഹൈദവ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മുന്നില്‍ നിന്ന വ്യക്തിയാണ്. ത്യക്കാക്കര ക്ഷേത്രത്തിന്‍റെ പുരോഗതിക്ക് ചുക്കാന്‍ പിടിച്ച അദ്ദേഹം സ്ഥാപിച്ചതാണ് ക്ഷേത്രത്തിന് മുന്നില്‍ കാണുന്ന വലിയ മണി. കാര്‍ട്ടൂണിസ്റ്റും ചലചിത്രകാരനുമായ ജി അരവിന്ദന്‍റെ അമ്മാവനണ് അദ്ദേഹം. അറിയപ്പെടുന്ന പല്ല് ഡോക്ടറായ അദ്ദേഹം സ്ഥാപിച്ചതാണ് പാലാരിവട്ടത്തുള്ള നായേഴ്സ് ക്ലിനിക്ക്. ഹൈദവ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഡോക്ടര്‍ക്കൊപ്പം സുബ്രഹ്മണ്യ ശര്‍മ്മ, ദീപക്ക് കുമാര്‍, തോപ്പില്‍ മനോഹരന്‍ തുടങ്ങിയവരാണ് കൂടെ ഉണ്ടായിരുന്നത്. ഇവരില്‍ നിന്നാണ് ബിജെപി ത്യക്കാക്കരയില്‍ വളരുന്നത്. നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരം ഏറ്റടുത്തതോടെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഒട്ടേറെ വ്യക്തികള്‍ ബിജെപിയിലേയ്ക്ക് എത്തിയിട്ടുണ്ട്.

(അടുത്തത് തൃക്കാക്കര സ്‌ക്കെച്ചസ്-20 / ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം. ലേഖനത്തില്‍ എന്തെങ്കിലും പിശകുകള്‍ വന്നിട്ടുണ്ടെങ്കിലോ, കൂട്ടി ചേര്‍ക്കേണ്ടതുണ്ടെങ്കിലോ ദയവായി 9968996870 എന്ന നമ്പറില്‍ വാട്ട്സ്അപ്പ്/ ടെലഗ്രാം ചെയ്യുക)

ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.

  1.  ഓണം പിറന്ന നാട്
  2. ഗോപാലകൃഷ്ണ ബസ്  
  3.  ചാരായക്കടയും കള്ള് ഷാപ്പും
  4. തൃക്കാക്കര ക്ഷേത്രവും സിനിമകളും 
  5.  കൈരളി, ശോഭ, താരം, പ്രീതി
  6. അണ്ണാച്ചിയുടെ ഐസ്പ്രൂട്ട് 
  7.  ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
  8. ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍ 
  9. സാഹിത്യം ത്യക്കാക്കരയില്‍ 
  10.  സംഗീത സാന്ദ്രമായ ത്യക്കാക്കര
  11. ത്യക്കാക്കരയിലെ പാട്ടുകാര്‍ 
  12.  പകല്‍പ്പൂരം
  13. താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും 
  14.  ഓണവിരുന്നും, തിരുവോണസദ്യയും
  15. ത്യക്കാക്കരയിലെ പെണ്ണെഴുത്ത് 
  16. ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
  17. കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
  18. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം  
  19. രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം 
  20. ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
  21. ഭാരത മാതാ രാഷ്ട്രീയം 
  22. ഭാരത മാതാ ബാലറ്റ് ബോക്സ്
  23. തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും 
  24. കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
  25. ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍ 
  26. ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
  27. പേക്രോം പേക്രോം തവളകള്‍ 
  28. ചായക്കട അഥവാ ചായക്കട
  29. ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും 
  30. മാധ്യമ ലോകം ത്യക്കാക്കരയില്‍ 
  31. നിയമ വഴിയിലെ ത്യക്കാക്കര
  32. സമരം സമരം സമരം 
  33. സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
  34. പൈപ്പ് ലൈന്‍ ജംഗ്ഷന്‍ 
  35. വിറക്, അറക്കപ്പൊടി, ഗ്യാസ്... 
  36. കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...! 
  37. വെളിച്ചം വീശിയ വഴികള്‍
  38. വാര്‍ത്താ വിനിമയ വിപ്ലവം 
  39. ത്യക്കാക്കരയുടെ വായനാശീലം.
  40. കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല 
  41. ത്യക്കാക്കരയുടെ കുട്ടി പട്ടാളം
  42. ത്യക്കാക്കരയിലെ കളിക്കളം 
  43. കഥകളുറങ്ങുന്ന ത്യക്കാക്കര
  44. പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
  45. വൈദ്യരംഗത്തെ തൃക്കാക്കര  
  46. നാട്ടുപ്രമാണിമാര്‍
  47. പരിചിതമുഖങ്ങള്‍ 
  48. തൃക്കാക്കരയിലെ വ്യവസായങ്ങള്‍
  49. സംഭവിച്ചതില്‍ ചിലതെല്ലാം  
  50. സ്ഥാപനങ്ങള്‍, സേവനങ്ങള്‍.