കഥകളുറങ്ങുന്ന തൃക്കാക്കര
തൃക്കാക്കര സ്‌ക്കെച്ചസ് 43
സുധീര്‍നാഥ്
എല്ലാ ഗ്രാമങ്ങളിലും ഒട്ടേറെ കഥകളുണ്ടാകും. നാട്ടില്‍ നടന്നതും, നടന്നതായി ആരോപിക്കുന്നതുമായ സംഭവങ്ങളായിരിക്കും കഥകള്‍. കാലങ്ങളായി സഞ്ചരിച്ച് തലമുറകള്‍ കൈമാറിയ കഥകള്‍ മിക്കപ്പോഴും വായ്മൊഴിയായിരിക്കും. അത് ചിലപ്പോള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് കാരണമായിട്ടുണ്ടാകാം. ഒട്ടും കലര്‍പ്പില്ലാത്ത, കൂട്ടിച്ചേര്‍ക്കലേതുമേ ആരോപിക്കപ്പെടാത്ത ത്യക്കാക്കരയില്‍ നടന്ന അഞ്ച് സംഭവങ്ങള്‍ ഇത്തവണ ഓര്‍മ്മപ്പെടുത്തട്ടെ... ഇതിലെ കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികമല്ലെന്നുകൂടി ഓര്‍മ്മപ്പെടുത്തട്ടെ...
പാരയും വാക്കത്തിയും
ത്യക്കാക്കര ക്ഷേത്രത്തിന്‍റെ മുന്നിലെത്തിയപ്പോള്‍ ഒരു വാഹനം എതിരേ ചീറിപ്പോയി. പോയ വേഗതയില്‍ അതു പിന്നോട്ട് ഓടിയെത്തി. അത് പോലീസ് ജീപ്പായിരുന്നു. രണ്ട് പോലീസുകാര്‍ ചാടിയിറങ്ങി കോളറില്‍ പിടിച്ചു.
രാത്രി എവിടെ പോകുന്നു...? (വാഹനത്തിന്‍റെ ഉള്ളില്‍ ഇരുന്ന മുതിര്‍ന്ന പോലീസാണ്)
കോളേജിലേയ്ക്ക്...
കാരിയറിലെന്താടാ റാസ്കല്‍...? (ടോണ്‍ മാറി)
പാരയും, വാക്കത്തിയും....
രാത്രി കോളേജില്‍... അതും പാരയും വാക്കത്തിയുമായി... (ഒരു പോലീസുകാരന്‍)
രാത്രി മോഷണത്തിനിറങ്ങിയ കള്ളനാണെന്ന തരത്തില്‍ സംഭാഷണം കനപ്പെടുന്നതിനിടയില്‍ ഇടപ്പള്ളി ടോളിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ച് മടങ്ങി സൈക്കിളില്‍ വന്ന കോളേജിലെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ രക്ഷകരായി. അവര്‍ സത്യവാങ്മൂലം പറഞ്ഞു. കോളേജ് ഇലക്ഷനാണ് സര്‍... ഇവന്‍ ഇലക്ഷന്‍ പ്രചരണത്തിന്‍റെ ഭാഗമായി പോകുകയാണ് സര്‍....
ത്യക്കാക്കരയെ ഞെട്ടിച്ച ബോംബ് സ്ഫാടനംബോംബ് പൊട്ടുന്നത് കേട്ടിട്ടുണ്ടോ...? ഒരിക്കല്‍ ത്യക്കാക്കര സ്വദേശികള്‍ അതു കേട്ടു. ഡോക്ടര്‍ എം. ലീലാവതി ടീച്ചറുടെ വീടിനോടുചേര്‍ന്നുള്ള പറമ്പിലാണ് ബോംബ് പൊട്ടിയത്. പ്രതികള്‍ ആശുപത്രിയിലായി. മുഖ്യ പ്രതിക്ക് വലിയ പരിക്കില്ലെങ്കിലും, പ്രതിയുടെ അനിയന്‍റെ രണ്ട് പല്ല് പോയി. ചുണ്ട് കീറി. സ്റ്റിച്ചിടേണ്ടി വന്നു. കണ്ടുനിന്ന ബന്ധുവിനും സ്റ്റിച്ചിട്ടു. ത്യക്കാക്കരയിലെ ഹരിയാണ് ഒന്നാം പ്രതി. വയസ്സ് 13. രണ്ടാം പ്രതിയും, സഹായിയുമായത് ഹരിയുടെ സഹോദരന്‍ ശ്രീക്കുട്ടന്‍. വയസ്സ് 9. പരിക്കേറ്റ ബന്ധു, നന്ദനന്‍.
ത്യക്കാക്കര ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായ വെടിക്കെട്ടില്‍ പൊട്ടാതെ കിടക്കുന്ന പടക്കങ്ങള്‍ കൊടിയേറ്റദിവസം മുതല്‍ ഹരി പെറുക്കിയെടുത്തു. പത്താം ദിവസത്തെ ആറാട്ട് കഴിഞ്ഞപ്പോള്‍ പൊട്ടാത്ത പടക്കത്തിന്‍റെ വലിയ ശേഖരമായി. ആറാട്ടിന്‍റെ പിറ്റേന്നാണ് അത് സംഭവിച്ചത്. ത്യക്കാക്കരയെ വിറപ്പിച്ച ബോംബുസ്ഫോടനം.
വലിയ സഞ്ചിയില്‍ പൊട്ടാത്ത പടക്കങ്ങളുടെ ശേഖരവുമായി ഹരി അനുജന്‍ ശ്രീക്കുട്ടനെയും കൂട്ടി ബന്ധു വീടിന്‍റെ മുന്നിലുള്ള തുറന്ന പറമ്പിലെത്തി. നേരത്തേ കരുതിയ ഒരടി ഉയരമുള്ള മുളക്കുറ്റി മുക്കാല്‍ ഭാഗവും മണ്ണില്‍ കുഴിച്ചിട്ടു. (വെടി പരമു ക്ഷേത്രത്തില്‍ ഇങ്ങനെ കുഴിച്ചിടുന്നത് മൂപ്പര് കണ്ടിട്ടുണ്ട്.). പൊട്ടാത്ത പടക്കത്തിന്‍റെയും, ഗുണ്ടുകളുടെയും കരിമരുന്ന് മുളക്കുറ്റിയില്‍ നിറച്ചു. നന്നായി അമര്‍ത്തി. കുറ്റി ചരിയാതിരിക്കാന്‍ ചുറ്റിനും കരിങ്കല്ല് വെച്ചു. നീളന്‍ പേപ്പറില്‍ തീ കൊളുത്തി മുളക്കുറ്റിക്കു മുകളിലിട്ട് ഓടി.
വലിയൊരു ശബ്ദം ഹരി കേട്ടു. പിന്നെ ഒന്നും ഓര്‍മ്മയില്ല. നിലത്ത് വീണു കിടക്കുന്നു. കാലില്‍ കരിങ്കല്ലുചീളുകള്‍ തുളച്ചുകയറിയിട്ടുണ്ട്. അനിയന്‍ ശ്രീക്കുട്ടന്‍റെ മുഖത്ത് നിറയെ ചോര, അടുത്ത വീട്ടിലെ നന്ദനന്‍ ചോരയില്‍ കുളിച്ചു. പേടിച്ചരണ്ട ഹരി സ്ഥലത്തുനിന്ന് ഓടി മറഞ്ഞു. ജനങ്ങള്‍ കൂടി. ഡോക്ടര്‍ എം. ലീലാവതി ടീച്ചര്‍ക്ക് അന്ന് കറുത്ത അംബാസിഡര്‍ കാറുണ്ട്. ടീച്ചറുടെ ഭര്‍ത്താവ് മേനോന്‍സാറ് തന്നെ കാറെടുത്ത് പരിക്കേറ്റവരെയുംകൊണ്ട് ടോളിലെ അല്‍ഫാ നേഴ്സിങ് ഹോമിലേയ്ക്ക് കൊണ്ടുപോയി. ശ്രീക്കുട്ടന്‍റെ മുന്നിലെ രണ്ടു പല്ല് പോയി. ചുണ്ട് കീറിയതിനാല്‍ സ്റ്റിച്ചിട്ടു. ബന്ധു നന്ദനനും ഇടേണ്ടി വന്നു സ്റ്റിച്ച്. സമാനമായി പഴുക്കേടത്ത് സുഭാഷും സഹോദരനും പൊട്ടാത്ത പടക്കം ശേഖരിച്ച് ക്യൂട്ടക്സ് കുപ്പിയില്‍ അതിലെ മരുന്നു നിറച്ചു. തിരി ഇട്ട് കത്തിച്ചു. കുപ്പി പൊട്ടി ചെറിയ പരിക്കു പറ്റി. അങ്ങനെ ചെറിയൊരു ബോംബും ത്യക്കാക്കരയില്‍ അവര്‍ പൊട്ടിച്ചു.
പാരച്യൂട്ട് പരീക്ഷിച്ച യുവത്വംപരീക്ഷണം കണ്ണാലയിലെ സജിയുടെ ഇഷ്ട വിനോദമാണ്. ഒരിക്കല്‍ പാരച്യൂട്ടിനെകുറിച്ച് അറിഞ്ഞു. എന്നാല്‍ അത് ഉണ്ടാക്കാം എന്ന് മൂപ്പര് തീരുമാനിച്ചു. പിതാവിന് കമ്പനിയില്‍ നിന്ന് കൈ തുടയ്ക്കാന്‍ ലഭിക്കുന്ന ഒന്നര മീറ്റര്‍ തുണിയും, ലഭ്യമായ ട്വൈയിന്‍ നൂലും കൊണ്ട് പാരച്യൂട്ടുണ്ടാക്കി. സുഹ്യത്തായ ദാമുവുമായി പരീക്ഷണത്തിന് ത്യക്കാക്കരയിലെ ഇപ്പോഴത്തെ ഹില്‍വാലി സ്ക്കൂളിന് സമീപം മണ്ണെടുത്തിരുന്ന മലയില്‍ പോയി. ആദ്യം ഉയരത്തില്‍നിന്ന് ചാടേണ്ടതില്ല എന്നും, പത്തടി ഉയരത്തില്‍നിന്ന് ചാടിയാല്‍ മതിയെന്നും തീരുമാനിച്ചു. ദാമു പാരച്യൂട്ടില്‍ ചാടാന്‍ തയ്യാറായി. സജി എണ്ണിത്തുടങ്ങി. 10, 9, 8, 7, 6, 5, 4, 3, 2, 1, 0....
ദാമു ചാടി. അയ്യോ എന്ന് നിലവിളിയും പിന്നാലെ കേട്ടു. ഒരാഴ്ച ദാമു കിടപ്പിലായെന്നാണ് അറിഞ്ഞത്. വീട്ടില്‍ കിടന്ന് ദാമുവും എണ്ണി. 1, 2, 3, 4, 5, ... ദാമു എണ്ണിയത് നക്ഷത്രങ്ങളാണെന്നാണ് സംസാരം. ഉയരം കുറഞ്ഞതിനാല്‍ ഒടിവൊന്നും സംഭവിച്ചില്ലെന്ന് എക്സ്റെയില്‍ തെളിഞ്ഞെന്ന് ഡോക്ടര്‍ പറഞ്ഞെന്നാണു പറയുന്നത്. പിന്നീട് പാരച്യൂട്ട് പരീക്ഷണം നടന്നതായി അറിവില്ല.
മരപ്പട്ടിയെ കൊന്ന ശിക്കാരി ശംഭുത്യക്കാക്കരയില് ഒരുകാലത്ത് മരപ്പട്ടിയുടെ ശല്യം ഉണ്ടായിരുന്നു. ചിലപ്പോള്‍ അത് ചില വീടുകളുടെ തട്ടിന്‍മുകളില്‍ കയറും. ഉപദ്രവകാരിയാണ് മരപ്പട്ടി എന്നതിനാല്‍ ജനങ്ങളില്‍ ഭയവും ഉണ്ടായിരുന്നു. ഒരിക്കല്‍ ത്യക്കാക്കരയിലെ റോഷ്നി എന്ന വീട്ടില്‍ മരപ്പട്ടി കയറി. ഇരുനില വീട്ടിന്‍റെ അകത്ത് മരപ്പട്ടി കയറിയതുകൊണ്ട് വീട്ടുകാര്‍ പേടിച്ച് പുറത്തിറങ്ങി. മരപ്പട്ടിയെ പിടിക്കുന്നവന് നല്ലൊരു തുക ഇനാം ഗ്യഹനാഥന്‍ പ്രഖ്യാപിച്ചു.
മരപ്പട്ടിയെ പിടിക്കാന്‍ ചുറുചുറുക്കുള്ള രണ്ടു ചെറുപ്പക്കാര്‍ വീടിനുള്ളില്‍ കയറി വാതിലടച്ചു. ചേലപ്പുറത്തെ പ്രസാദ്, ചിറ്റേത്ത് കിഴക്കേവീട്ടില്‍ ചന്ദ്രഹാസന്‍(മണി) എന്നിവരായിരുന്നു അവര്‍. രണ്ടാം നിലയിലെത്തിയ അവര്‍ കാഴ്ചക്കാരായ നാട്ടുകാരെ നോക്കി ക്കൈവീശി. മരപ്പട്ടി തട്ടിന്‍റെ മുകളിലുണ്ടെന്ന വിവരം നല്‍കി. തട്ടിന്‍ മുകളിലേക്ക് പ്രസാദ് കയറി. പ്രസാദിന്‍റെ വരവ് കണ്ട് മരപ്പട്ടി പേടിച്ചു. അത് ജീവനും കൊണ്ട് താഴേയ്ക്കു ചാടി. മരപ്പട്ടി താഴേയ്ക്കു ചാടാന്‍ വരുന്നത് കണ്ട് പ്രസാദും പേടിച്ചു. പിടിവിട്ട പ്രസാദും താഴേ വീണു. പ്രസാദ് വീണത് മരപ്പട്ടിയുടെ പുറത്തു തന്നെ...! മരപ്പട്ടി ചത്തു.
ചത്ത മരപ്പട്ടിയെ പിടിച്ച് പ്രസാദും, ചന്ദ്രഹാസനും ഗ്യഹനാഥനെ സമീപിച്ച് ഇനാം വാങ്ങി. യഥാര്‍ത്ഥ സംഭവം അറിഞ്ഞ നാട്ടുകാര്‍ പ്രസാദിനു പേരിട്ടു. ശിക്കാരി ശംഭു...! ആ വിളി ഇന്നും തുടരുന്നു.
പാറമഠയില്‍ തള്ളിയ ഓട്ടോറിക്ഷ1997ല്‍ ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍ എറണാകുളം പാര്‍ലമെന്‍റ് ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രൊഫസര്‍ ആന്‍റണി ഐസക്കിനെ തോല്‍പ്പിച്ചു. വൈകിയാണ് തിരഞ്ഞെടുപ്പുഫലം പുറത്തു വന്നത്. പടക്കം വാങ്ങാന്‍ നാദിര്‍ഷായെ ഇടപ്പള്ളിയിലേയ്ക്ക് സഖാക്കള്‍ അയച്ചു. നാദിര്‍ഷായ്ക്ക് അന്ന് ഓട്ടോറിക്ഷ ഉണ്ട്. പക്ഷെ ലൈസന്‍സും, വണ്ടിക്ക് ഇന്‍ഷ്വറന്‍സും ഇല്ല. ഓട്ടോ ഇടപ്പള്ളി ടോളില്‍വെച്ച് മറിഞ്ഞു. അപകടത്തില്‍ ഓട്ടോയില്‍ ഉണ്ടായ വിനേഷിന്‍റെ കാലൊടിഞ്ഞു. പേടിച്ചരണ്ട നാദിര്‍ഷാ ഓട്ടോയുമായി പൈപ്പ് ലൈനിലെത്തി. കേസാകുമെന്ന് ചിലര്‍ പറഞ്ഞു. ലൈസന്‍സും, ഇന്‍ഷ്വറന്‍സും ഇല്ലെന്നത് ചര്‍ച്ചയായി. തെളിവായി ഓട്ടോ ഉണ്ടെങ്കിലല്ലേ പ്രശ്നം, അതെടുത്ത് പാറമടയിലിടടാ... എന്ന് തമാശയ്ക്ക് ആരോ പറഞ്ഞു. തെളിവു നശിപ്പിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുള്ള നാദര്‍ഷ ഓട്ടോ പാറമടയില്‍ രാത്രി തള്ളി ഇട്ടു.
ഓട്ടോറിക്ഷയുമായി പോയ നാദിര്‍ഷായെ രാത്രിയായിട്ടും കാണാതായ വീട്ടുകാര്‍ പരിഭ്രാന്തരായി. ജനങ്ങള്‍ കൂടി. എല്ലാവരും നാലുപാടും തിരക്കി ഇറങ്ങി. ഒടുവില്‍ പലര്‍ച്ചെ രണ്ടുമണിക്കു മൂപ്പരെ കണ്ടെത്തി. കേസാകുമെന്ന് ഭയന്ന് കാണിച്ച കാര്യങ്ങള്‍ ജനങ്ങളോടു പറഞ്ഞു. കേസായില്ല. പടിക്കണ്ട എന്ന് നാട്ടുകാര്‍ സമാധാനിപ്പിച്ചപ്പോള്‍ നാദിര്‍ഷായ്ക്കും സമാധാനമായി.
പിറ്റേന്ന് പാറമടയില്‍നിന്ന് ഓട്ടോറിക്ഷ കമ്പിക്കൊളുത്തും കയറുംകൊണ്ട് പൊക്കി എടുക്കുക എന്ന ദൗത്യമായിരുന്നു. നന്നായി നീന്തലറിയുന്ന പൊന്നപ്പന്‍റെ നേത്യത്വത്തില്‍ നാസര്‍, തങ്കപ്പന്‍, കരീം എന്നിവരോടൊപ്പം നാദിര്‍ഷായുടെ സഹോദരന്‍ നവാബും പാറമടയില്‍ വെള്ളത്തിലിറങ്ങി. കരുത്തരായ ചെറുപ്പക്കാരായ ഇവര്‍ ഓട്ടോറിക്ഷ പൊക്കി എടുത്തു. കൂടി നിന്നവര്‍ കയര്‍ കെട്ടി കരയിലെത്തിച്ചു. നാസര്‍ ത്യക്കാക്കര എന്ന നാട്ടുകാരന് (തോര്‍ത്തുടത്ത് ഇറങ്ങിയ അഞ്ച് പേരില്‍ നാസറും ഉണ്ട്) ഫോട്ടോമാനിയ എന്ന രോഗമുണ്ടായിരുന്നതുകൊണ്ട് അന്നത്തെ രംഗം തന്‍റെ ചെറിയ ക്യാമറയില്‍ ഫോട്ടോ എടുപ്പിച്ചിരുന്നു. വളരെ വിലപ്പെട്ട ഫോട്ടോകള്‍ ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു. പെന്നപ്പന്‍ ത്യക്കാക്കരയിലെ പലരുടെയും ജീവന്‍ രക്ഷിച്ച് ഹീറോ ആയ വ്യക്തിയാണ്. ഒടുവില്‍ ഓട്ടോ പൊക്കിയും ഹീറോ ആയി.
ആരെന്ന് പറയാമോ...?
ഇത് ഇന്നത്തെ ത്യക്കാക്കര പുക്കാട്ടുപടി റോഡ് തന്നെയാണ്. പൈപ്പ് ലൈന്‍ വരുന്നതിനുമുന്‍പ്, ജംഗ്ഷനു സമീപം വെച്ച് എടുത്ത ഫോട്ടോ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 നാളുകളില്‍ പകര്‍ത്തിയ ചിത്രമാണ്. ഇടപ്പള്ളി പുക്കാട്ടുപടി വഴി തൊടുപുഴ ബസ് റൂട്ടായിരുന്നു. ത്യക്കാക്കരയിലൂടെ ആദ്യമായി ഓടിയ ശ്രീമാന്‍ ബസ് ഈ മണ്‍പാതയിലൂടെയാണ് പോയിരുന്നത്. സൈക്കിളില്‍ ഇരിക്കുന്നത് ആരാക്കെ എന്നു പറയാമോ...? ഒരു സൂചന തരാം. 2020 വരെ അദ്ദേഹം ജീവിച്ചിരുന്നു. ഉത്തരം അടുത്ത ത്യക്കാക്കര സ്‌ക്കെച്ചസിനൊപ്പം.
(അടുത്തത്, തൃക്കാക്കര സ്‌ക്കെച്ചസ് 44 / പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും. ലേഖനത്തില്‍ എന്തെങ്കിലും പിശകുകള്‍
വന്നിട്ടുണ്ടെങ്കിലോ, കൂട്ടി ചേര്‍ക്കേണ്ടതുണ്ടെങ്കിലോ ദയവായി 9968996870
എന്ന നമ്പറില്‍ വാട്ട്സ്അപ്പ്/ ടെലഗ്രാം ചെയ്യുക)
ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.
- ഓണം പിറന്ന നാട്
- ഗോപാലകൃഷ്ണ ബസ്
- ചാരായക്കടയും കള്ള് ഷാപ്പും
- തൃക്കാക്കര ക്ഷേത്രവും സിനിമകളും
- കൈരളി, ശോഭ, താരം, പ്രീതി
- അണ്ണാച്ചിയുടെ ഐസ്പ്രൂട്ട്
- ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
- ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍
- സാഹിത്യം ത്യക്കാക്കരയില്‍
- സംഗീത സാന്ദ്രമായ ത്യക്കാക്കര
- ത്യക്കാക്കരയിലെ പാട്ടുകാര്‍
- പകല്‍പ്പൂരം
- താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും
- ഓണവിരുന്നും, തിരുവോണസദ്യയും
- ത്യക്കാക്കരയിലെ പെണ്ണെഴുത്ത്
- ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
- കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
- ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം
- രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം
- ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
- ഭാരത മാതാ രാഷ്ട്രീയം
- ഭാരത മാതാ ബാലറ്റ് ബോക്സ്
- തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും
- കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
- ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍
- ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
- പേക്രോം പേക്രോം തവളകള്‍
- ചായക്കട അഥവാ ചായക്കട
- ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും
- മാധ്യമ ലോകം ത്യക്കാക്കരയില്‍
- നിയമ വഴിയിലെ ത്യക്കാക്കര
- സമരം സമരം സമരം
- സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
- പൈപ്പ് ലൈന്‍ ജംഗ്ഷന്‍
- വിറക്, അറക്കപ്പൊടി, ഗ്യാസ്...
- കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...!
- വെളിച്ചം വീശിയ വഴികള്‍
- വാര്‍ത്താ വിനിമയ വിപ്ലവം
- ത്യക്കാക്കരയുടെ വായനാശീലം.
- കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല
- ത്യക്കാക്കരയുടെ കുട്ടി പട്ടാളം
- ത്യക്കാക്കരയിലെ കളിക്കളം
- കഥകളുറങ്ങുന്ന ത്യക്കാക്കര
- പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
- വൈദ്യരംഗത്തെ തൃക്കാക്കര
- നാട്ടുപ്രമാണിമാര്‍
- പരിചിതമുഖങ്ങള്‍
- തൃക്കാക്കരയിലെ വ്യവസായങ്ങള്‍
- സംഭവിച്ചതില്‍ ചിലതെല്ലാം
- സ്ഥാപനങ്ങള്‍, സേവനങ്ങള്‍.









