ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍ / തൃക്കാക്കര സ്‌ക്കെച്ചസ് - 07

ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
തൃക്കാക്കര സ്‌ക്കെച്ചസ് - 07
സുധീര്‍നാഥ്


കാനനഛായയില്‍ ആട് മേക്കാന്‍
ഞാനും വരട്ടെയോ നിന്‍റെ കൂടെ
പാടില്ല പാടില്ല നമ്മെ നമ്മള്‍
പാടെ മറന്നൊന്നും ചെയ്തു കൂടാ
ഒന്നവനത്തിലെ കാഴ്ച കാണാന്‍
എന്നെയും കൂടൊന്നു കൊണ്ട് പോകൂ
നിന്നെ ഒരിക്കല്‍ ഞാന്‍ കൊണ്ട് പോകാം
ഇന്ന് വേണ്ടിന്നു വേണ്ടോമലാളേ...
ഈ വരികള്‍ എല്ലാവര്‍ക്കും ഓര്‍മ ഉണ്ടാകും. ചങ്ങമ്പുഴ എഴുതിയ മനോഹര പ്രണയ കവിത. പിന്നീട് രമണന്‍ എന്ന സിനിമയില്‍ കവിത ഉപയോഗിച്ചു. കെ രാഘവന്‍ മാസ്റ്റര്‍ സംഗീതം നല്‍കി കെ ഉദയഭാനുവും, പി ലീലയും ചേര്‍ന്ന് ആലപിച്ച് പ്രശസ്തമാക്കി. ഇതില്‍ ആട്ടിടയന്‍ ആടിനെ മേയ്ക്കാന്‍ പോകുന്ന കാനനഛായ എവിടെയാണെന്നോ...? ത്യക്കാക്കര...! ഇടപ്പള്ളി സ്വദേശികള്‍ ആടിനെയും കന്നുകാലികളേയും മേയ്ക്കാന്‍ പതിവായി പോയിരുന്ന ഇടമായിരുന്നു ത്യക്കാക്കര. ത്യക്കാക്കരയില്‍ മ്യഗസ്നേഹികള്‍ കൂടുതലാണ്. പണ്ട് മൊട്ട കുന്നും, കുറ്റികാടുമായി കിടന്ന ഇടമായിരുന്നു ത്യക്കാക്കര.

ത്യക്കാക്കരയിലെ മൊട്ട കുന്നുകളിലെ കുറുക്കന്‍മാര്‍ പ്രശസ്തമായിരുന്നു. ഇന്ന് അവിടെ മൊട്ട കുന്നുകളും, കുറുക്കന്‍മാരും ഇല്ല. കുറ്റികാടുകളില്ല. കുറുക്കന്‍മാര്‍ ഓലി ഇടുന്ന ശബ്ദം കുട്ടിക്കാലത്ത് പലപ്പോഴും കേട്ടിട്ടുണ്ട്. അനുസരിച്ചില്ലെങ്കില്‍ കുറുക്കനിട്ട് കൊടുക്കുമെന്ന് വീട്ടില്‍ പേടിപ്പിച്ചിരുന്നത് ഒരു ചിരിയോടെ ഇപ്പോള്‍ ഓര്‍ക്കുന്നു. കാട്ടുമുയലും, കീരിയും എത്ര എണ്ണം...

ത്യക്കാക്കരയില്‍ ആര്‍ക്കെങ്കിലും ആന ഉണ്ടായിരുന്നോ എന്നറിയില്ല.

ഓണക്കാലത്ത് ത്യക്കാക്കര ക്ഷേത്രത്തില്‍ സ്ഥിരമായി ആന വരുമായിരുന്നു. കൊടിയേറ്റ ദിവസം കണ്ണങ്കുളങ്ങര ശശി എന്ന ആന ക്ഷേത്ര പറമ്പില്‍ എത്തും. വലിയ മ്യഗമായ ആനയെ കാണാന്‍ മാത്രം പ്രായം മറന്ന് ആളുകള്‍ ക്ഷേത്രത്തില്‍ എത്തുമായിരുന്നു. ആറാട്ടിന് അഞ്ച് ആനകള്‍ ഉണ്ടാകും. പിന്നീട് ഒന്‍പതായി. ആനയെ കണ്ടു നില്‍ക്കല്‍ ഒരു കൗതുകമായിരുന്നു. ക്ഷേത്രത്തില്‍ തൊഴുവാന്‍ വരുന്നവര്‍ പ്രാര്‍ത്ഥനയ്ക്ക് എടുക്കുന്ന സമയത്തിലും കൂടുതല്‍ ആനയെ കാണാനാണ് എടുത്തിരുന്നത്. ഇപ്പോള്‍ ആനകളില്ലാത്ത ഉത്സവമായി മാറികൊണ്ടിരിക്കുന്നു എന്ന ദുഖഃം ഒരുവശത്തുണ്ട്. ഇക്കുറി ത്യക്കാക്കരയിലെ ഉത്സവത്തിന് ഒരു ആന പോലും വരുന്നില്ല എന്നാണ് അറിഞ്ഞത്.

തൃക്കാക്കര സെന്‍റ് ജോസഫ് സ്ക്കൂളിലേയ്ക്ക് കുതിരവണ്ടിയില്‍ എത്തുന്ന ഒരു സഹപാഠി എനിക്ക് ഉണ്ടായിരുന്നു. കല്ലുപുരയ്ക്കല്‍ അഹമ്മദ്പിള്ളയുടെ മകന്‍റെ മകന്‍ റഹീം സ്ക്കൂളില്‍ ആറാം ക്ലാസ് വരെ എത്തിയത് കല്ല്യാണി എന്ന കുതിര വലിക്കുന്ന വണ്ടിയിലായിരുന്നു. അഹമ്മദ്പിള്ള ത്യക്കാക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്നു. വളരെ കൗതുകത്തോടെയാണ് കുതിര വണ്ടിയില്‍ റഹീം പോകുന്നത് ഞങ്ങള്‍ കണ്ടിരുന്നത്. കപ്പട മീശയുള്ള മീശമുഹമ്മദായിരുന്നു കുതിരവണ്ടി ഓടിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ സഹായിയായ കോ പൈലറ്റ് ഹൈദ്രോസ് എന്ന ചെറുപ്പക്കാരനും വണ്ടിയിലുണ്ടാകുമായിരുന്നു. മോട്ടാര്‍ വാഹനങ്ങള്‍ കാര്യമായില്ലാത്ത കാലത്താണ് ഇതെന്നത് ശ്രദ്ധേയമാണ്. കല്ല്യാണി കുതിര ഞങ്ങളുടെ വീടിന്‍റെ അടുത്ത പറമ്പുകളില്‍ മേയുന്നത് ഓര്‍മ്മകളിലെ മായാത്ത ചിത്രമാണ്.

ഉദയായുടെ കുഞ്ചാക്കോ സംവിധാനം ചെയ്ത കണ്ണപ്പനുണ്ണി എന്ന സിനിമ സൂപ്പര്‍ ഹിറ്റായി 1977ല്‍ ഇറങ്ങിയതാണ്. സിനിമയില്‍ കെ പി ഉമ്മര്‍ അഭിനയിക്കുന്ന ചന്തു എന്ന കഥാപാത്രത്തിന്‍റെ വെളുത്ത കുതിരയുണ്ട്. കുതിരപ്പുറത്ത് ഉമ്മര്‍ പായുന്നു. പിന്നില്‍ ചുവന്ന കുതിരപ്പുറത്ത് പ്രേംനസീര്‍. ഉമ്മര്‍ ഒരു മലമുകളില്‍ നിന്ന് കുതിരയുമായി നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് വീഴുന്നതാണ് രംഗം. ഈ കുതിരയ്ക്ക് ഷൂട്ടിങ്ങില്‍ പരുക്ക് പറ്റി. ജവഹര്‍ എന്ന കുതിരയെ കുറിച്ചുള്ള വാര്‍ത്ത കല്ല് പാപ്പു മേസ്തിരിയുടെ മകന്‍ ജോയ് അറിഞ്ഞു. തോമസ് പുന്നന്‍ (ടോമി) അന്ന് രാജദൂദ് ബൈക്കുമായി സഹപാഠികളായിരുന്ന അദ്ദേഹത്തിന്‍റെ അനുജന്‍ വര്‍ഗ്ഗീസിന്‍റെ അടുത്ത് പോകുമായിരുന്നു. അവര്‍ എല്ലാം ചേര്‍ന്ന് കുതിരയെ വാങ്ങാന്‍ തീരുമാനിച്ചു. ജോയ് 1800 രൂപയും, പുന്നന്‍ 200 രൂപയും ഇട്ടു. അവര്‍ ലോറിയുമായി ഉദയാ സ്റ്റുഡിയോയിലെത്തി. പുന്നനും ജോയും രാജദൂദ് ബൈക്കില്‍ ലോറിക്ക് പിന്നാലെ പോയി. ബോബന്‍ കുഞ്ചാക്കോ (കുഞ്ചാക്കോ ബോബന്‍റെ പിതാവ്) 3500 രൂപ വിലപറഞ്ഞ കുതിരയെ 2000 രൂപയ്ക്ക് വാങ്ങി ലോറിയില്‍ പൈപ്പ് ലൈന്‍ റോഡിന് ചേര്‍ന്ന വീട്ടില്‍ എത്തിച്ചു. കാലിലെ ചികിത്സ പൂര്‍ത്തിയാക്കി ആരോഗ്യവാനായ ജവഹറിനേയും കൊണ്ട് തോമസ് പുന്നന്‍ ത്യക്കാക്കരയിലൂടെ കുതിരപുറത്ത് പോകുന്നത് ഒരു കാഴ്ച്ചയായിരുന്നു. പിന്നീട് ജോയ് ചുവന്ന കുതിരയെ കൂടി വാങ്ങി. ഹീറോ എന്നായിരുന്നു പേര്.

(അടുത്തത് തൃക്കാക്കര സ്‌ക്കെച്ചസ് - 08  / ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍. ലേഖനത്തില്‍ എന്തെങ്കിലും പിശകുകള്‍ വന്നിട്ടുണ്ടെങ്കിലോ, കൂട്ടി ചേര്‍ക്കേണ്ടതുണ്ടെങ്കിലോ ദയവായി 9968996870 എന്ന നമ്പറില്‍ വാട്ട്സ്അപ്പ്/ ടെലഗ്രാം ചെയ്യുക)

ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.

  1.  ഓണം പിറന്ന നാട്
  2. ഗോപാലകൃഷ്ണ ബസ്  
  3.  ചാരായക്കടയും കള്ള് ഷാപ്പും
  4. തൃക്കാക്കര ക്ഷേത്രവും സിനിമകളും 
  5.  കൈരളി, ശോഭ, താരം, പ്രീതി
  6. അണ്ണാച്ചിയുടെ ഐസ്പ്രൂട്ട് 
  7.  ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
  8. ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍ 
  9. സാഹിത്യം ത്യക്കാക്കരയില്‍ 
  10.  സംഗീത സാന്ദ്രമായ ത്യക്കാക്കര
  11. ത്യക്കാക്കരയിലെ പാട്ടുകാര്‍ 
  12.  പകല്‍പ്പൂരം
  13. താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും 
  14.  ഓണവിരുന്നും, തിരുവോണസദ്യയും
  15. ത്യക്കാക്കരയിലെ പെണ്ണെഴുത്ത് 
  16. ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
  17. കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
  18. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം  
  19. രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം 
  20. ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
  21. ഭാരത മാതാ രാഷ്ട്രീയം 
  22. ഭാരത മാതാ ബാലറ്റ് ബോക്സ്
  23. തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും 
  24. കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
  25. ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍ 
  26. ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
  27. പേക്രോം പേക്രോം തവളകള്‍ 
  28. ചായക്കട അഥവാ ചായക്കട
  29. ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും 
  30. മാധ്യമ ലോകം ത്യക്കാക്കരയില്‍ 
  31. നിയമ വഴിയിലെ ത്യക്കാക്കര
  32. സമരം സമരം സമരം 
  33. സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
  34. പൈപ്പ് ലൈന്‍ ജംഗ്ഷന്‍ 
  35. വിറക്, അറക്കപ്പൊടി, ഗ്യാസ്... 
  36. കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...! 
  37. വെളിച്ചം വീശിയ വഴികള്‍
  38. വാര്‍ത്താ വിനിമയ വിപ്ലവം 
  39. ത്യക്കാക്കരയുടെ വായനാശീലം.
  40. കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല 
  41. ത്യക്കാക്കരയുടെ കുട്ടി പട്ടാളം
  42. ത്യക്കാക്കരയിലെ കളിക്കളം 
  43. കഥകളുറങ്ങുന്ന ത്യക്കാക്കര
  44. പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
  45. വൈദ്യരംഗത്തെ തൃക്കാക്കര  
  46. നാട്ടുപ്രമാണിമാര്‍
  47. പരിചിതമുഖങ്ങള്‍ 
  48. തൃക്കാക്കരയിലെ വ്യവസായങ്ങള്‍
  49. സംഭവിച്ചതില്‍ ചിലതെല്ലാം  
  50. സ്ഥാപനങ്ങള്‍, സേവനങ്ങള്‍.