ഭാരത മാതാ ബാലറ്റ് ബോക്സ് / തൃക്കാക്കര സ്‌ക്കെച്ചസ്-22

ഭാരത മാതാ ബാലറ്റ് ബോക്സ്
തൃക്കാക്കര സ്‌ക്കെച്ചസ്-22
സുധീര്‍നാഥ്


ഭാരത മാതായില്‍ എസ്എഫ്ഐ ശക്തമാകുന്നതിനിടെയാണ് 1979ലെ ദേവദാസിന്‍റെ കോളേജ് മാസിക വലിയ വിവാദവുമാകുന്നത്. മാഗസിന്‍റെ മുഖചിത്രത്തില്‍ ഒരു പെണ്‍കുട്ടിയുടെ പേര് ഒട്ടേറെ തവണ എഴുതി വെച്ചത് ഏതോ വിരുതന്‍ കണ്ടെത്തി. അത് വലിയ പ്രശ്നമായി. മുഖചിത്രം വരച്ച ചിത്രകാരനല്ല അങ്ങിനെ ഒരു ക്രിത്രിമം ചെയ്തത്. പക്ഷെ എല്ലാവരും മുഖചിത്രം വരച്ച വ്യക്തിയില്‍ കുറ്റം ചുമത്തി. എസ്എസ്എല്‍സിക്ക് റാങ്ക് ജേതാവായിരുന്ന അദ്ദേഹം ഒട്ടേറെ പഴികള്‍ കേട്ടു. പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള വഴക്ക് കാരണം ഭാരത മാതായിലെ മറ്റൊരു വിദ്യാര്‍ത്ഥിയായ രാമക്യഷ്ണന്‍ മാഗസിന്‍ എഡിറ്റര്‍ പോലും അറിയാതെ കവര്‍ ചിത്രത്തില്‍ നടത്തിയ ചിത്രപണിയായിരുന്നു അത്. എന്തായാലും മുഖചിത്രം വരച്ച വ്യക്തിക്കും, മാഗസിന്‍ എഡിറ്റര്‍ക്കും എസ്എഫ്ഐയ്ക്കും അത് വലിയ ക്ഷീണമായി. മുഖചിത്രത്തിലെ വിക്യതി കാട്ടിയ രാമക്യഷ്ണന്‍ പിന്നീട് തന്നോട് കുറ്റം ഏറ്റ് പറഞ്ഞതായി സ്റ്റുഡന്‍റ് എഡിറ്റര്‍ ആയിരുന്ന ദേവദാസ് വെളിപ്പെടുത്തി. 40 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഈ സത്യം പുറം ലോകം ഇപ്പോള്‍ അറിയുന്നത്.

അങ്ങിനെ ആറ്റുനോറ്റിരുന്ന കോളേജ് ഇലക്ഷന്‍ വന്നു. കോളേജ് യൂണിയന്‍ ഇലക്ഷനാണ് ക്യാമ്പസുകളിലെ ഏറ്റവും ആവേശകരമായ സംഭവം. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റായിരുന്നു ഇല്ലിക്കല്‍ ഷംസു. എഴുത്തുകാരന്‍ കൂടിയായ അദ്ദേഹം പിന്നീട് പോലീസില്‍ ഉന്നത ഉദ്യോഗസ്ഥനായി റിട്ടയര്‍ ചെയ്തു. കളമശ്ശേരിയിലെ കരുത്തനായ ബിരാന്‍ കുട്ടിയുടെ നിഴലായിരുന്ന ഇല്ലിക്കല്‍ മൊയ്തീന്‍റെ മകനാണ് ഷംസു. രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥി ജോസഫ് പ്ലഷര്‍ എസ്എഫ്ഐ ഏരിയ കമ്മറ്റി മെമ്പറായിരുന്നു. കേരള പോലീസില്‍ നിന്ന് അദ്ദേഹവും റിട്ടയറായി. രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായ തോമസ് പുന്നന്നാണ് ഇലക്ഷന്‍ കമ്മറ്റി കണ്‍വീനര്‍. ഇപ്പോള്‍ ത്യക്കാക്കരയില്‍ തന്നെയുണ്ട് അദ്ദേഹം. മുന്‍ വര്‍ഷം എഡിറ്ററായി ജയിച്ച ദേവദാസും, മറ്റും മത്സരിക്കുന്നുണ്ട്. ശക്തരായ സ്ഥാനര്‍ത്ഥികളായിരുന്നു എല്ലാവരും. അത് കൊണ്ട് ത ന്നെ പ്രതീക്ഷകളോടെ എസ്എഫ്ഐ ഇലക്ഷന് തയ്യാറായി. വോട്ടിങ്ങ് ദിനമായപ്പോഴേക്കും എസ്എഫ്ഐയ്ക്ക് ദയനീയ തോല്‍വി ഉറപ്പായിരുന്നു.




കെ.എസ്.യുവിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി സേവ്യര്‍ തായങ്കേരി ശക്തനായ നേതാവായിരുന്നു. മുന്‍ വര്‍ഷത്തെ യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമാണ്. ക്യാമ്പസില്‍ സേവ്യര്‍ തായങ്കേരിക്ക് മോശമല്ലാത്ത സ്വാധീനവുമുണ്ട്. മാനേജ്മെന്‍റിന്‍റെ പിന്തുണ കെ.എസ്.യുവിനായിരുന്നു. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വോട്ട് അത് കൊണ്ട് തന്നെ മൊത്തമായും കെ.എസ്.യുവിന് ലഭിക്കും. ജനറല്‍ സെക്രട്ടറിയായി തോമസ് ജോസഫ്. ആർട്സ്  ക്ലബ് സെക്രട്ടറിയായി മത്സരിക്കുന്ന ജോഷി മിമിക്രിയും, മോണാആക്റ്റും, പാട്ടുമായി കോളേജിലെ താരമായിരുന്നു.  

ഇക്കാലത്താണ് ക്യൂബയില്‍ ചെഗുവരെയും, ബംഗാളിലും മറ്റു വടക്കേ ഇന്ത്യയിലേയും ബോളീവിയന്‍ കാടുകളിലും മറ്റും നക്സല്‍ബാരി പ്രവര്‍ത്തനങ്ങള്‍ കനു സന്യാലിന്‍റെ നേതൃത്ത്വത്തില്‍ വിജയിക്കുന്നതായി പത്രവാര്‍ത്തകള്‍ വന്നിരുന്നത്. തീവ്ര ഇടത്പക്ഷ വിപ്ലവങ്ങള്‍ കൂടുതല്‍ അനുയായികളെ ലഭിക്കാന്‍ കാരണമാകുമെന്ന് എസ്എഫ്ഐ വിഭാഗത്തിലെ അഞ്ച് പേര്‍ വിശ്വസിച്ചു. അവര്‍ അതിന്‍റെ ആവേശത്തില്‍ ബാലറ്റ് ബോക്സ് പൊക്കി കെ.എസ്.യുവിനെ നേരിടാന്‍ രഹസ്യമായി തീരുമാനിച്ചു.



ആലുവായില്‍ നിന്നുള്ള പരിചിത സമ്പന്നരുടെ സഹായത്താല്‍ ഇലക്ഷന് ശേഷം റൂം നമ്പര്‍ ഒന്നില്‍ നിന്ന് ഒരു ബാലറ്റ് ബോക്സ് തട്ടിയെടുക്കാന്‍ തീരുമാനിച്ചു. പ്രൊഫസര്‍ ജേക്കബ് ജോയായിരുന്നു അവിടുത്തെ മുഖ്യ കൗണ്‍ഡിങ്ങ് ഓഫീസര്‍. ജോസഫ് പ്ലഷര്‍ ആയിരുന്നു അവിടെ എസ്എഫ്ഐ ഇലക്ഷന്‍ ഏജന്‍റായി നിന്നിരുന്നത്. വോട്ടുകള്‍ എണ്ണാന്‍ തുടങ്ങി. എണ്ണുന്നതെല്ലാം തായങ്കേരിയുടെ വോട്ടുകള്‍. ബാബു ആരും കാണാതെ ഒരു ബാലന്‍റ് ബോക്സുമായി മരം പോലെ വളര്‍ന്ന ബോഗേന്‍ വില്ലയുടെ വല്ലിയ വള്ളിയിലൂടെ താഴേക്കു വന്നപ്പോള്‍ കടവന്‍ സാറിനെ കണ്ട് ഞെട്ടി. അവിടെ കാത്തിരുന്ന തോമസ് പുന്നനെ കടവന്‍ സാര്‍ വട്ടം പിടിച്ചു. ബാബു ബാലറ്റ് ബോക്സ് സുഹ്യത്തിന് ക്കൈമാറി. ഇതിനിടയില്‍ ബാബുവിന്‍റെ സുഹ്യത്ത് മതിലിനു അപ്പുറത്ത് കാത്തിരുന്നവര്‍ക്ക് ബാലറ്റ് ബോക്സ് ക്കൈമാറി. രാജദൂദ് ബൈക്കില്‍ കാത്തിരുന്നവര്‍ പെട്ടിയുമായി പാഞ്ഞു പോയി. ഇടവഴികളിലൂടെ ഇപ്പോഴത്തെ മോഡല്‍ എന്‍ജിനിയറിങ്ങ് കോളേജ് വഴി ത്യക്കാക്കര ക്ഷേത്രത്തിന് അടുത്തെത്തി. മണ്ണെടുക്കുന്ന ഒരു മലയില്‍, മുന്‍പ് തീരുമാനിച്ച പ്രകാരം തന്നെ ബാലറ്റ് ബോക്സ് ഉപേക്ഷിച്ചു.
ബാലറ്റ് ബോക്സ് കെ.എസ്.യുവാണ് എടുത്ത് കൊണ്ടു പോയതെന്ന് എസ്എഫ്ഐ വാദിച്ചു. കെ.എസ്.യു രണ്ട് വിഭാഗമായി. ക്യാമ്പസില്‍ വലിയ ബഹളമായി. റീപോളിങ്ങ് വേണമെന്ന് ആവശ്യം ഉയര്‍ന്നു. എണ്ണി കഴിഞ്ഞ ബാലറ്റ് ബോക്സായിരുന്നു നഷ്ടപ്പെട്ടത്. മനോരമ, മാതൃഭൂമി, തുടങ്ങി മുഖ്യധാര പത്രങ്ങള്‍ ബാലറ്റ് ബോക്സ് വാര്‍ത്തയ്ക്ക് കൂടുതല്‍ സ്ഥലം ഒഴിച്ചിട്ടു. പോലീസെത്തി. ശേഷിച്ച എല്ലാ ബാലറ്റ് മ്പോക്സും സീല്‍ ചെയ്ത് ത്യക്കാക്കര പോലീസ് എറണാകുളം കളക്ട്രേറ്റിലേയ്ക്ക് കൊണ്ടുപോയി. അന്ന് കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജാനറ്റായിരുന്നു. റിട്ടേണിങ്ങ് ഓഫീസര്‍ കെ ഇ ആന്‍റണി, ഇലക്ഷന്‍ ചുമതലയുണ്ടായ പിന്നീട് പ്രിന്‍സിപ്പളായ ഫാദര്‍ ജേക്കബ് കരിയാട്ടി, കുര്യാസ് ജെ കടവന്‍, വി ഐ ജോര്‍ജ്, അക്കൊല്ലം ജോലിയില്‍ കയറിയ ഫ്രാന്‍സിസ് എടത്രക്കാരി, തുടങ്ങിയ അദ്ധ്യാപകര്‍ കോളേജിലെ സംഘര്‍ഷം കുറയ്ക്കാന്‍ പാടുപെട്ടു. കോളേജ് ഒരാഴ്ച്ച അടച്ചിട്ടു. ഭാരത മാതാ കോളേജ് എസ്എഫ്ഐ പ്രവര്‍ത്തകരായ തോമസ് പുന്നനേയും, ബാബുവിനേയും ഒരാഴ്ച്ചത്തേയ്ക്ക് കോളേജ് സസ്പന്‍റ് ചെയ്തു. കേരളത്തിലെ ക്യാമ്പസുകളില്‍ അന്ന് സംഭവം ചര്‍ച്ചയായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചര്‍ച്ചയായി. കോളേജിന്‍റെ എസ്എഫ്ഐ ചുമതലക്കാരനായിരുന്ന അശോക് മാമന്‍ ചെറിയാന്‍ വിശദീകരം നല്‍കേണ്ടി വന്നു. എസ്എഫ്ഐക്ക് ഔദ്യോഗികമായി അറിവുള്ള കാര്യമല്ലായിരുന്നു.

സര്‍വ്വകലാശാല കമ്മിഷന്‍ അന്വേഷണം നടത്തി. ശേഷിച്ച ബാലറ്റ് പേപ്പറുകള്‍ എണ്ണി വിധി നിര്‍ണ്ണയിക്കാന്‍ തീരുമാനമായി. സേവ്യര്‍ തായങ്കേരി ചെയര്‍മാനും, മേരി സേവ്യര്‍ വൈസ് ചെയര്‍മാനുമായ കെ.എസ്.യു പാനല്‍ ഇലക്ഷനില്‍ തൂത്ത് വാരി. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റായ ഷംസു ഇല്ലിക്കല്‍ ചെയര്‍മാന്‍ സ്ഥാനത്ത് മത്സരിച്ച് തോറ്റു. 1979ലെ എഡിറ്ററായിരുന്ന പി എല്‍ ദേവദാസും, പ്രീഡിഗ്രി പ്രതിനിധിയായിരുന്ന കെ എന്‍ രാഘവന്‍ എന്നിവര്‍ കൗണ്‍സിലര്‍ സ്ഥാനത്തും, തോമസ് പുന്നന്‍, അടക്കമുള്ള ശക്തരായ എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ തോറ്റു.


സേവ്യാര്‍ തായങ്കേരി നേത്യത്ത്വം കൊടുക്കുന്ന വിദ്യാര്‍ത്ഥി യൂണിയന്‍ ഉത്ഘാടനം എത്തി. കൊച്ചി സര്‍വ്വകലാശാല സ്പെഷ്യല്‍ ഓഫീസറായിരുന്ന ഷെവലിയാര്‍ കെ സി ചാക്കോ ആയിരുന്നു കോളേജ് യൂണിയന്‍ പ്രവര്‍ത്തന ഉത്ഘാടനത്തിന് എത്തിയത്. ചടങ്ങ് അലങ്കോലമാക്കാന്‍ ഉത്ഘാടന ദിവസം രാവിലെ കുറച്ച് പേര്‍ ചേര്‍ന്ന് തീരുമാനിച്ചു. സുരേഷ് ബാബു കോളേജിന് സമീപത്തെ പാടത്ത് നിന്ന് കുറച്ച് ചെളി മൂന്ന് നാല് കവറുകളിലാക്കി എത്തിച്ചു. രണ്ട് പേര്‍ സൈക്കിളില്‍ എന്‍ജിഒ കോര്‍ട്ടേഴ്സിലെ അക്കാലത്തെ പ്രശസ്തമായ അമ്മാവന്‍റെ കടയില്‍ നിന്ന് മുട്ടയും തക്കാളിയും വാങ്ങി വന്നു. ഉത്ഘാടന പ്രസംഗം തുടങ്ങിയതോടെ പ്ലഷറും, പുന്നനും, അന്‍വര്‍, സുരേഷ് ബാബു, ബാബുവും, സുനില്‍ മാധവനും സംഘവും മുട്ടയും, തക്കാളിയും, ചെളിയും എറിഞ്ഞു. ഓഡിറ്റോറിയത്തിന്‍റെ ആസ്ബറ്റോസിനെ താങ്ങുന്ന കമ്പികളില്‍ തട്ടി അതൊക്കെ ചിതറി. മുട്ട പൊട്ടി മഞ്ഞ് തുള്ളി പോലെ വീണുകൊണ്ടിരുന്നു. എല്ലാവരും ഓടി. പരിപാടി നടന്ന ഹാളില്‍ മുട്ടയും, തക്കാളിയും, ചെളിയും കൊണ്ട് നിറഞ്ഞിരുന്നു. ഉത്ഘാടനം നടന്നെങ്കിലും ചടങ്ങ് അലങ്കോലപ്പെട്ടു.

ആര്‍ട്ട്സ് ക്ലബ് ഉത്ഘാടനമായിരുന്നു അടുത്തത്. ചലചിത്ര താരം വേണു നാഗവള്ളിയായിരുന്നു മുഖ്യ അതിഥി. ഇത്തവണ പരിപാടി അലങ്കോലമുണ്ടാക്കാതിരിക്കാന്‍ എറണാകുളത്ത് നിന്നുള്ള കുപ്രസിദ്ധമായ ഗുണ്ടാ സംഘം കാവലുണ്ടായി. ഈ വിവരം കെ.എസ്.യുവിലെ എതിര്‍ വിഭാഗം തലേന്ന് തന്നെ ചോര്‍ത്തി നല്‍കി. എസ്എഫ്ഐ മേസ് ആര്‍ട്ട്സ് പ്രൈയവറ്റ് കോളേജില്‍ നിന്ന് പ്രതിരോധിക്കാന്‍ ആളെ ഇറക്കി. പുന്നനും നാല് പേരും ബാലറ്റ് എടുത്ത പോലുള്ള രഹസ്യ പരിപാടി ഉണ്ടാക്കി. വ്യത്യസ്ഥ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വയറിളക്കത്തിനുള്ള ഗുളികകള്‍ വാങ്ങി. നാല്‍പതോളം ഗുളികകള്‍ പൊടിച്ച് ഒരു പേപ്പറിലാക്കി പൊതിഞ്ഞു. അന്ന് പതിനൊന്ന് മണിയോടെ ഒരു പോരാളി കോളേജ് കാന്‍റിന്‍റ അടുക്കളയില്‍ കയറി ആരും കാണാതെ ബീഫ് കറിയില്‍ പൊടി ഇട്ട് ഇളക്കി. പതിനൊന്നരയോടെ ഗുണ്ടാസംഘം കാന്‍റിനില്‍ പൊറോട്ടയും ബീഫ് കറിയും കഴിച്ചു. പന്ത്രണ്ടായപ്പോഴേയ്ക്കും എല്ലാവരും ക്യാമ്പസ് വിട്ടതായാണ് അന്നത്തെ റിപ്പോര്‍ട്ട്. അന്ന് ബീഫ് കറി കഴിച്ചത് എത്ര പേരെന്ന് കണക്കും ഇല്ല.

(അടുത്തത് തൃക്കാക്കര സ്‌ക്കെച്ചസ്-23 / തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും. ലേഖനത്തില്‍ എന്തെങ്കിലും പിശകുകള്‍ വന്നിട്ടുണ്ടെങ്കിലോ, കൂട്ടി ചേര്‍ക്കേണ്ടതുണ്ടെങ്കിലോ ദയവായി 9968996870 എന്ന നമ്പറില്‍ വാട്ട്സ്അപ്പ്/ ടെലഗ്രാം ചെയ്യുക)

ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.

  1.  ഓണം പിറന്ന നാട്
  2. ഗോപാലകൃഷ്ണ ബസ്  
  3.  ചാരായക്കടയും കള്ള് ഷാപ്പും
  4. തൃക്കാക്കര ക്ഷേത്രവും സിനിമകളും 
  5.  കൈരളി, ശോഭ, താരം, പ്രീതി
  6. അണ്ണാച്ചിയുടെ ഐസ്പ്രൂട്ട് 
  7.  ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
  8. ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍ 
  9. സാഹിത്യം ത്യക്കാക്കരയില്‍ 
  10.  സംഗീത സാന്ദ്രമായ ത്യക്കാക്കര
  11. ത്യക്കാക്കരയിലെ പാട്ടുകാര്‍ 
  12.  പകല്‍പ്പൂരം
  13. താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും 
  14.  ഓണവിരുന്നും, തിരുവോണസദ്യയും
  15. ത്യക്കാക്കരയിലെ പെണ്ണെഴുത്ത് 
  16. ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
  17. കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
  18. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം  
  19. രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം 
  20. ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
  21. ഭാരത മാതാ രാഷ്ട്രീയം 
  22. ഭാരത മാതാ ബാലറ്റ് ബോക്സ്
  23. തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും 
  24. കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
  25. ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍ 
  26. ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
  27. പേക്രോം പേക്രോം തവളകള്‍ 
  28. ചായക്കട അഥവാ ചായക്കട
  29. ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും 
  30. മാധ്യമ ലോകം ത്യക്കാക്കരയില്‍ 
  31. നിയമ വഴിയിലെ ത്യക്കാക്കര
  32. സമരം സമരം സമരം 
  33. സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
  34. പൈപ്പ് ലൈന്‍ ജംഗ്ഷന്‍ 
  35. വിറക്, അറക്കപ്പൊടി, ഗ്യാസ്... 
  36. കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...! 
  37. വെളിച്ചം വീശിയ വഴികള്‍
  38. വാര്‍ത്താ വിനിമയ വിപ്ലവം 
  39. ത്യക്കാക്കരയുടെ വായനാശീലം.
  40. കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല 
  41. ത്യക്കാക്കരയുടെ കുട്ടി പട്ടാളം
  42. ത്യക്കാക്കരയിലെ കളിക്കളം 
  43. കഥകളുറങ്ങുന്ന ത്യക്കാക്കര
  44. പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
  45. വൈദ്യരംഗത്തെ തൃക്കാക്കര  
  46. നാട്ടുപ്രമാണിമാര്‍
  47. പരിചിതമുഖങ്ങള്‍ 
  48. തൃക്കാക്കരയിലെ വ്യവസായങ്ങള്‍
  49. സംഭവിച്ചതില്‍ ചിലതെല്ലാം  
  50. സ്ഥാപനങ്ങള്‍, സേവനങ്ങള്‍.