ചാരായക്കടയും കള്ള് ഷാപ്പും / തൃക്കാക്കര സ്‌ക്കെച്ചസ് - 03

ചാരായക്കടയും കള്ള് ഷാപ്പും
തൃക്കാക്കര സ്‌ക്കെച്ചസ് - 03
സുധീര്‍നാഥ്


കേരളത്തിൽ പ്രമുഖരായ രണ്ട്  അബ്ക്കാരികളാണ് ഉണ്ടായിരുന്നത്. കൊടുങ്ങല്ലൂർകാരൻ കെ. എസ് ചാത്തുണ്ണിയും, പാലാക്കാരൻ മണർകാട് പാപ്പനും. പാലായിലെ മഹാറാണി മദ്യഷാപ്പ് വളരെ പ്രശസ്തമാണ്. പിൽക്കാലത്ത് കോഴിക്കോട് പ്രശസ്തമായ മഹാറാണി ബാർ ഹോട്ടലും അദ്ദേഹത്തിൻറെ തന്നെ നിർമ്മിതിയാണ്. മണർകാട് പാപ്പനെ ചുറ്റിപ്പറ്റി  രസകരമായ ഒരു കഥയുണ്ട്. തന്റെ കടയിലേക്ക് മദ്യപന്മാരെ ആകർഷിക്കുന്നതിന് വേണ്ടി ഒരു നല്ല പരസ്യവാചകം വേണമെന്ന് അദ്ദേഹം തീരുമാനിച്ചു. പരസ്യ വാചകം എഴുതാൻ അദ്ദേഹം കണ്ടെത്തിയത് ചലച്ചിത്ര പ്രവർത്തകനായ ജോൺ എബ്രഹാമിനെ ആയിരുന്നു. മണർകാട് പാപ്പൻ, ജോൺ എബ്രഹാമിനെ പാലായിലെ മീനച്ചിനാൽ തീരത്തുള്ള മഹാറാണി  ഹോട്ടലിൽ താമസിപ്പിച്ച് സൽക്കരിച്ചു. ആറാം നാളിലാണ് ജോൺ എബ്രഹാം പരസ്യവാചകം എഴുതിയത് എന്നാണ് കോട്ടയത്ത് പറഞ്ഞു കേൾക്കുന്ന കഥ. "മണർകാട് പാപ്പന്റെ ഷാപ്പീന്ന് കൂടിച്ചേച്ച് പോടാ @@@@... " എന്നായിരുന്നു പരസ്യ വാചകം.

മറ്റൊരു രസകരമായ കഥ കൂടി മണർകാട് പാപ്പനെ കുറിച്ച് ഉണ്ട് എന്നാണ് കോട്ടയത്തെ സഹൃദയർ പറയുന്നത്. മണർകാട് പാപ്പൻ ഇടുക്കിയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ഇടുക്കിയിലെ അബ്ക്കാരി റേഞ്ചും തോട്ടങ്ങളും മണർകാട് പാപ്പന്റെ ആയിരുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്യുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയം എല്ലാവർക്കും പണം കൊടുത്തു. ഇത് കണ്ട് മാനേജർ അദ്ദേഹത്തിനോട് ചോദിച്ചു, ഇവരെല്ലാം നമ്മളുടെ തൊഴിലാളികളാണ്. ഇവർക്ക് പണം കൊടുക്കാതെ തന്നെ ഇവർ നമുക്ക് വോട്ട് ചെയ്യും. ഇടുക്കിയിലെ പ്രമുഖ അബ്ക്കാരിയായ മണർകാട് പാപ്പൻ പറഞ്ഞ മറുപടിയാണ് രസകരം. ഞാൻ കൊടുത്ത ഈ പണം മുഴുവനും വൈകുന്നേരം നമ്മുടെ പെട്ടിയിൽ തന്നെ വീഴും.

തൃക്കാക്കരയിലും ഉണ്ടായിരുന്നു ഷാപ്പുകൾ. കുട്ടിക്കാലത്ത് കള്ളും ചാരായവും പേടി സ്വപ്നമായിരുന്നു. തൃക്കാക്കരയിൽ പ്രശസ്തമായ കള്ളുഷാപ്പും അതിപ്രശസ്തമായ ചാരായ ഷാപ്പും ഉണ്ടായിരുന്നു. കള്ളിനേക്കാൾ വീര്യം കൂടുതലാണ് ചാരായത്തിന് എന്ന് പിന്നീടാണ് മനസ്സിലായത്. കുട്ടിക്കാലത്ത് മനസ്സിൽ തങ്ങി നിൽക്കുന്ന രണ്ട് കടകളാണ് തൃക്കാക്കര ക്ഷേത്രത്തിന് സമീപമുള്ള കൊച്ചു നീലാണ്ടൻ നായരുടെ ഉടമസ്ഥതയിലുള്ള ചാരായ ഷാപ്പും, ഉണിച്ചിറയിലെ കള്ളുഷാപ്പും. വൈകുന്നേരങ്ങളിൽ രണ്ടിടത്തു നിന്നും വരുന്ന ആളുകൾ നൃത്തം ചെയ്ത് ചുവടു വച്ചാണ് മുന്നോട്ട് നടന്നിരുന്നത്. ചിലർ പാട്ടുപാടും. മറ്റു ചിലർ കട തിണ്ണയിലോ വഴിയരികിലോ തളർന്നുറങ്ങും. റോഡിന്റെ വീതി അളന്ന് വരുന്ന പരിചിത മുഖങ്ങൾ ഇപ്പോൾ ഓർക്കുമ്പോൾ ചിരി സമ്മാനിക്കുന്നു.

ഉണിച്ചിറയിലെ കള്ള് ഷോപ്പ് ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു കാഴ്ചയാണ്. തൊഴിലിടങ്ങളിൽ നിന്ന് പണി കഴിഞ്ഞ് കള്ള് ഷാപ്പിൽ കയറി ഒരു കുപ്പി കള്ളു കുടിച്ച് വീട്ടിലേക്ക് മടങ്ങുന്ന എത്രയോ പേർ തൃക്കാക്കരയിൽ ഉണ്ടായിരുന്നു. കള്ളു ഷാപ്പിലെ കറി ഇന്ന് വളരെ പ്രശസ്തമാണ്. വലിയ വലിയ ഹോട്ടലുകളിൽ പോലും കള്ളു ഷാപ്പിലെ കറി എന്ന് പറഞ്ഞാണ് വിതരണം ചെയ്യുന്നത് പോലും. കള്ള് ഒരു ലഹരി ആണെങ്കിലും അത് ഉപദ്രവകാരിയല്ല എന്ന് പിന്നീടാണ് മനസ്സിലായത്.

കുറച്ചുകൂടി വീര്യം കൂടിയ ചാരായം കുടിക്കാൻ തൃക്കാക്കര ക്ഷേത്രത്തിന് സമീപത്തേക്ക് എത്തുന്ന ചിലരുണ്ട്. വൈകുന്നേരങ്ങളിൽ സജീവമാകുന്ന ചാരായ കട മനസ്സിനുള്ളിൽ ഒരു പേടിസ്വപ്നമായി ഇന്നും നിലനിൽക്കുന്നുണ്ട്. പഴയ ചാരായ കട ഇന്നില്ല. അവിടെ തണലായി അന്നുണ്ടായ മാവ് ഇന്നും ഉണ്ട്. കുട്ടിക്കാലത്ത് കള്ളും ചാരായവും ഒരേ ഗണത്തിൽപ്പെടുത്തി വിലയിരുത്തുകയാണ് ഉണ്ടായിട്ടുള്ളത്. രണ്ട് കടകളിലും കറുത്ത ബോർഡുകളിൽ വെളുത്ത അക്ഷരത്തിലാണ് കള്ള്, ചാരായം എന്ന് എഴുതിയിരുന്നത് എന്നത് ശ്രദ്ധേയം.

അസ്വഭാവികമായി സംസാരിക്കുന്നതും,  വല്ലാതെ ഒരു നോട്ടവും മദ്യപാനം കഴിഞ്ഞവരിൽ കാണാമായിരുന്നു. അതായിരുന്നു ഞങ്ങളെ ഭയപ്പെടുത്തുന്നത്. ഇന്നതെല്ലാം ഓർക്കുമ്പോൾ ഒരു ചിരിക്കുള്ള വക മാത്രം. മദ്യപിച്ച് ബോധം പോകുന്ന വ്യക്തികൾ ഇപ്പോൾ ഭയപ്പെടുത്തുന്നില്ല. പക്ഷെ ഒരു കോമാളിയേക്കാൾ മികച്ച ഹാസ്യ കഥാപാത്രമായി മാറുന്നു.

 (അടുത്തത് തൃക്കാക്കര സ്‌ക്കെച്ചസ് - 04 / തൃക്കാക്കര ക്ഷേത്രവും സിനിമകളും .... ലേഖനത്തില്‍ എന്തെങ്കിലും പിശകുകള്‍ വന്നിട്ടുണ്ടെങ്കിലോ, കൂട്ടി ചേര്‍ക്കേണ്ടതുണ്ടെങ്കിലോ ദയവായി 9968996870 എന്ന നമ്പറില്‍ വാട്ട്സ്അപ്പ്/ ടെലഗ്രാം ചെയ്യുക)

ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.

  1.  ഓണം പിറന്ന നാട്
  2. ഗോപാലകൃഷ്ണ ബസ്  
  3.  ചാരായക്കടയും കള്ള് ഷാപ്പും
  4. തൃക്കാക്കര ക്ഷേത്രവും സിനിമകളും 
  5.  കൈരളി, ശോഭ, താരം, പ്രീതി
  6. അണ്ണാച്ചിയുടെ ഐസ്പ്രൂട്ട് 
  7.  ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
  8. ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍ 
  9. സാഹിത്യം ത്യക്കാക്കരയില്‍ 
  10.  സംഗീത സാന്ദ്രമായ ത്യക്കാക്കര
  11. ത്യക്കാക്കരയിലെ പാട്ടുകാര്‍ 
  12.  പകല്‍പ്പൂരം
  13. താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും 
  14.  ഓണവിരുന്നും, തിരുവോണസദ്യയും
  15. ത്യക്കാക്കരയിലെ പെണ്ണെഴുത്ത് 
  16. ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
  17. കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
  18. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം  
  19. രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം 
  20. ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
  21. ഭാരത മാതാ രാഷ്ട്രീയം 
  22. ഭാരത മാതാ ബാലറ്റ് ബോക്സ്
  23. തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും 
  24. കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
  25. ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍ 
  26. ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
  27. പേക്രോം പേക്രോം തവളകള്‍ 
  28. ചായക്കട അഥവാ ചായക്കട
  29. ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും 
  30. മാധ്യമ ലോകം ത്യക്കാക്കരയില്‍ 
  31. നിയമ വഴിയിലെ ത്യക്കാക്കര
  32. സമരം സമരം സമരം 
  33. സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
  34. പൈപ്പ് ലൈന്‍ ജംഗ്ഷന്‍ 
  35. വിറക്, അറക്കപ്പൊടി, ഗ്യാസ്... 
  36. കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...! 
  37. വെളിച്ചം വീശിയ വഴികള്‍
  38. വാര്‍ത്താ വിനിമയ വിപ്ലവം 
  39. ത്യക്കാക്കരയുടെ വായനാശീലം.
  40. കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല 
  41. ത്യക്കാക്കരയുടെ കുട്ടി പട്ടാളം
  42. ത്യക്കാക്കരയിലെ കളിക്കളം 
  43. കഥകളുറങ്ങുന്ന ത്യക്കാക്കര
  44. പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
  45. വൈദ്യരംഗത്തെ തൃക്കാക്കര  
  46. നാട്ടുപ്രമാണിമാര്‍
  47. പരിചിതമുഖങ്ങള്‍ 
  48. തൃക്കാക്കരയിലെ വ്യവസായങ്ങള്‍
  49. സംഭവിച്ചതില്‍ ചിലതെല്ലാം  
  50. സ്ഥാപനങ്ങള്‍, സേവനങ്ങള്‍.