പൂരം ദിനത്തിലെ ചില ചിന്തകള്‍
വിജയ് ചൗക്ക്
സുധീര്‍ നാഥ്
പൂരം എന്നു കേട്ടാല്‍ എല്ലാ മലയാളികളുടെയും മനസ്സിലേക്ക് ഓടി വരുന്നത് തൃശ്ശൂരിലെ കാഴ്ച തന്നെയാണ്. തൃശ്ശൂര്‍ പൂരത്തിലെ മേളങ്ങളാണ് അവരുടെ ചെവികളില്‍ എത്തിച്ചേരുക. പൂരം എന്ന വാക്കിന് ആഘോഷമെന്നും, പലഹാരമെന്നും, പൂരം എന്ന നക്ഷത്രമെന്നും ഒന്നിലേറെ അര്‍ത്ഥതലങ്ങളുണ്ട്. ഉത്തര കേരളത്തില്‍ രണ്ടാമത്തെ വസന്തോത്സവം എന്ന നിലയില്‍ പൂരം ആഘോഷിക്കുന്നു. പൂരം അല്ലെങ്കില്‍ 'വേല' എന്നത് മദ്ധ്യകേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളില്‍ മകരക്കൊയ്ത്തിനു ശേഷം വര്‍ഷം തോറും നടത്തിവരുന്ന ഒരു ആഘോഷമാണ്. തൃശൂര്‍ പൂരം, ആറാട്ടുപുഴ പൂരം, ഉത്രാളിക്കാവ് പൂരം / വേല, നെന്മാറ-വല്ലങ്ങി വേല തുടങ്ങി എത്ര എത്ര പൂരങ്ങളും, വേലകളുമാണ് വരാനിരിക്കുന്നത്. പൂരങ്ങളുടെ വെടിക്കെട്ട് ആചാരങ്ങളുടെ ഭാഗമല്ലെന്നും, അത് ആഘോഷങ്ങളുടെ ഭാഗമാണെന്നും പറയുന്നു. വന്യമ്യഗമായ ആനയെ മെരുക്കി പൂരങ്ങളില്‍ അണിനിരത്തുന്നതും വിമര്‍ശനങ്ങള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്. ആനകളിടഞ്ഞും, വെടിക്കെട്ടപകടവും പല അവസരങ്ങളിലും ആഘോഷത്തിന്‍റെ ശോഭ കെടുത്തിയിട്ടുണ്ട് എന്നത് ചരിത്ര സത്യമാണ്.
കേരളത്തിനകത്തും പുറത്തും മലയാളി ഉള്ളിടത്തെല്ലാം ചര്‍ച്ചയാകുന്ന ഉത്സവങ്ങളില്‍ ഏറ്റവും വിശേഷപ്പെട്ടതാണ് തൃശ്ശൂര്‍ പൂരം. കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശ്ശൂര്‍ പൂരത്തിന് എകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. ശക്തന്‍ തമ്പുരാന്‍റെ കാലത്ത് കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. ആറാട്ടുപുഴ പൂരത്തിന് പല ദേശങ്ങളിലെ ക്ഷേത്രങ്ങളില്‍നിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് വിശ്വാസം. 1796-ലെ പൂരത്തിന് ശക്തമായ കാറ്റും മഴയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ടുകാവ്, നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്തി ഉത്സവത്തിന്‍റെ ഭാഗമാകാന്‍ പറ്റിയില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. സംഭവമറിഞ്ഞ ശക്തന്‍ തമ്പുരാന്‍ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ (1796 മേയില്‍ - 971 മേടം) തൃശൂര്‍ പൂരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. പൂരത്തിലെ പ്രധാന പങ്കാളികള്‍ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമാണ്.
പുരങ്ങളുടെ പൂരം എന്നാണ് തൃശൂര്‍ പൂരം അറിയപ്പെടുന്നത്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ തൃശ്ശൂരില്‍ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍പൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്‍റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്. വടക്കുംന്നാഥനെ സാക്ഷി നിര്‍ത്തി തൃശൂര്‍ നഗരത്തിലെ പാറമേക്കാവ് ശ്രീ ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നി രണ്ടു പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ ആണ് ഇതില്‍ പങ്കെടുക്കുന്നത്. അതോടൊപ്പം കണിമംഗലം ശാസ്താവ്, കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങള്‍ അവതരിപ്പിക്കുന്ന ചെറുപൂരവും ചേര്‍ന്നതാണ് തൃശൂര്‍ പൂരം.
ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നി രണ്ടു ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വര്‍ണ്ണ മനോഹരമായ വെടിക്കെട്ട്, എക്സിബിഷന്‍ എന്നിവ പൂരത്തിന്‍റെ പ്രധാന ആകര്‍ഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തില്‍ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തില്‍ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്‍റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.
പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുന്നാഥന്‍റെ ക്ഷേത്രപരിസരത്ത് തന്നെയാണ് അരങ്ങേറുന്നത്. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങള്‍ക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് പ്രധാനദിവസത്തെ പൂരാഘോഷങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നത്. രാവിലെ ആറരയോടെ വടക്കുന്നാഥന്‍റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് പൂരത്തില്‍ പങ്കെടുക്കാന്‍ ആദ്യം എത്തുന്നു. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവിദേവന്മാരാണ് ചെറുപൂരം അവതരിപ്പിക്കുന്നത്. ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളില്‍ അരങ്ങേറാതെ വടക്കുംനാഥന്‍റെ മുന്നിലാണ് ഒരുക്കുന്നത് എന്നതും തന്ത്രവിധികള്‍, പൂജാക്രമങ്ങള്‍ എന്നിവയാല്‍ നിബദ്ധമായതോ ആയ ചടങ്ങുകളും ഇതില്‍ അരങ്ങേറുന്നില്ല എന്നതും മറ്റു പ്രത്യേകതകള്‍ ആണ്. കേവലം ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളില്‍ നടക്കുന്നത്.
എന്നാല്‍ തൃശ്ശൂര്‍ പൂരം വെറും ചടങ്ങു മാത്രമായി നടത്തിയ ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്. ഏറ്റവും ഒടുവിലായി അങ്ങിനെ സംഭവിച്ചത് കോവിഡ് കാലത്താണ്. 2020ല്‍ കൊറോണ വൈറസ് എന്ന മഹാമാരിയെ തുടര്‍ന്ന് ലോകം നിശ്ചലമായ സമയം. ചരിത്രത്തിലാദ്യമായി തൃശ്ശൂര്‍ പൂരം പൂര്‍ണമായും ഉപേക്ഷിച്ചു. ചടങ്ങിന് അഞ്ചു പേര്‍ മാത്രം. 200 വര്‍ഷത്തെ ചരിത്രത്തില്‍ ക്ഷേത്രത്തിനകത്തു മാത്രമായി ആയി ചടങ്ങ് നടത്തിയത് അന്ന് ആദ്യമാണ്. 1930ല്‍ കനത്ത മഴയെ തുടര്‍ന്ന് മുഴുവന്‍ ആനകളേയും എഴുന്നെള്ളിച്ചില്ല എന്ന് ചരിത്രം പറയുന്നുണ്ട്. 1939ല്‍ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോള്‍ ചടങ്ങുമാത്രമായി പൂരം നടത്തുകയുണ്ടായി. 1948ല്‍ മഹാത്മാഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് ചടങ്ങുമാത്രമായി പൂരം നടത്തുകയുണ്ടായി. 1956ല്‍ വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ ചടങ്ങുമാത്രമായി പൂരം നടത്തുകയുണ്ടായി. 1962ല്‍ പൂരം പ്രദര്‍ശനത്തിന്‍റെ വിഹിതം ദേവസ്വങ്ങള്‍ക്ക് സംഘാടകരായ സ്റ്റേഡിയം കമ്മിറ്റി തടഞ്ഞപ്പോള്‍ ചടങ്ങുമാത്രമായി പൂരം നടത്തുകയുണ്ടായി. 1963ല്‍ ഇന്ത്യ- ചൈന യുദ്ധ സമയത്തും ചടങ്ങായി മാത്രം പൂരം നടത്തി.
2016 ഏപ്രില്‍ 9ന് കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തമുണ്ടായത്. കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ടപകമൊയിരുന്നു അത്. ഒരൊറ്റ രാത്രി ഇരുണ്ടുവെളുത്തപ്പോഴേക്കും അവര്‍ക്ക് നഷ്ടമായത് നൂറ്റിപ്പത്ത് ഉറ്റവരെയും ഉടയവരെയുമാണ്. പരിക്കേറ്റവര്‍ 656. വേദനയനുഭവിച്ച കുടുംബങ്ങള്‍ അതിലുമെത്രയോ അധികവും. പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തമുണ്ടായി പത്തുവര്‍ഷം പിന്നിടുമ്പോഴാണ് 2026 ഏപ്രില്‍ 23ന് കേരളത്തെ വിറങ്ങലിപ്പിച്ച് തൃശ്ശൂരിലെ മുണ്ടത്തിക്കോട് മറ്റൊരു ദുരന്തമുണ്ടാകുന്നത്. പുറ്റിങ്ങലിന് മുന്‍പും ശേഷവും ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. 1952 ല്‍ ശബരിമല ക്ഷേത്രത്തില്‍ നടന്ന ഒരു വെടിക്കെട്ട് സ്ഫോടനം 68 പേരുടെ ജീവന്‍ അപഹരിച്ചു. 1987 ല്‍ മാവേലിക്കര ചെട്ടികുളങ്ങര കുംഭഭരണി ഉത്സവത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ 11 പേര്‍ മരിച്ചു. 1987-ല്‍ തൃശ്ശൂരിലെ കുട്ടമൂലി ക്ഷേത്രത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു.
1990 ല്‍ കൊല്ലം മലനടയിലെ ദുര്യോധന ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് ശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത് 33 പേരാണ്. പാലക്കാട് കല്ലേപ്പുള്ളി കാര്‍ത്യായനി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ (1990) സ്ഫോടനത്തില്‍ 26 പേര്‍ മരിച്ചിരുന്നു. അതേ വര്‍ഷം തന്നെ ക്ഷേത്രോത്സവത്തിനായി വെടിക്കെട്ട് സൂക്ഷിച്ചിരുന്ന തൃപ്പൂണിത്തുറയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 100-ലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു, ഇത് പ്രദര്‍ശനങ്ങള്‍ക്കിടയില്‍ മാത്രമല്ല, സംഭരണത്തിലും കൈകാര്യം ചെയ്യലിലും ഉണ്ടാകുന്ന അപകടസാധ്യതകള്‍ എടുത്തുകാണിക്കുന്നു. 2006 ലെ തൃശൂര്‍ പൂരത്തിനുമുന്‍പ് നടക്കാനിരുന്ന സാമ്പിള്‍ വെടിക്കെട്ടിനായുള്ള തയ്യാറെടുപ്പിനിടയിലുണ്ടായ സ്ഫോടനത്തില്‍ നാലുപേര്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2016 ല്‍ മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും വെടിക്കെട്ട് അപകടമുണ്ടായി. സമീപകാല സംഭവങ്ങളില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് കാണിക്കുന്നു. 2024-ല്‍ കാസര്‍ഗോഡിലെ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ 150-ലധികം പേര്‍ക്ക് പരിക്കേറ്റു. ഇതെല്ലാം ഉത്സവ ആചാരങ്ങളില്‍ എത്രത്തോളം അപകടസാധ്യതകള്‍ ഉണ്ടെന്ന് അടിവരയിടുന്നു.
തൃശ്ശൂരിലെ മുണ്ടത്തിക്കോടുണ്ടായ ഏറ്റവും പുതിയ പടക്ക സ്ഫോടനം ഒറ്റപ്പെട്ട ഒരു ദുരന്തമല്ല. കേരളത്തില്‍ വെടിക്കെട്ടുമായി ബന്ധപ്പെട്ട ദുരന്തങ്ങളുടെ നീണ്ടതും അസ്വസ്ഥതയുളവാക്കുന്നതുമായ തുടര്‍ച്ചയുടെ ഭാഗമാണിത്. സംസ്ഥാനം അതിന്‍റെ ഭൂതകാലത്തിന്‍റെ പാഠങ്ങള്‍ ശരിക്കും ഉള്‍ക്കൊള്ളുന്നുണ്ടോ എന്നതിനെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. വെടിക്കെട്ട് ഒഴിവാക്കണമെന്ന ചര്‍ച്ചയും മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തണമെന്ന ചര്‍ച്ചയും സമാന്തരമായി നടക്കുന്നുണ്ട്. വെടിക്കെട്ട് നടത്തേണ്ട സമയവും ദൂരപരിധി സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ വെടിക്കെട്ട് നടത്തുകയും അപകടം ക്ഷണിച്ചുവരുത്തുന്ന സംഭവങ്ങള്‍ ഒട്ടേറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ദുരന്തങ്ങള്‍ ഓരോന്ന് ഉണ്ടാകുമ്പോഴും മുന്‍കരുതലുകളെ കുറിച്ചും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ കുറിച്ചും വാചാലം ആകുന്നു എന്നുള്ളത് മാത്രമാണ് പതിവായി നടക്കുന്നത്. ആവര്‍ത്തിച്ചുള്ള അപകടങ്ങള്‍, തുടര്‍ന്ന് അന്വേഷണങ്ങള്‍, നഷ്ടപരിഹാര പ്രഖ്യാപനങ്ങള്‍, കര്‍ശനമായ നിയന്ത്രണത്തിന്‍റെ പുതുക്കിയ വാഗ്ദാനങ്ങള്‍. എന്നിരുന്നാലും, പ്രാദേശിക സമ്മര്‍ദ്ദങ്ങള്‍, ഭരണപരമായ വിടവുകള്‍, പാരമ്പര്യത്തിന്‍റെ സാംസ്കാരിക ഭാരം എന്നിവയാല്‍ പലപ്പോഴും വിട്ടുവീഴ്ച ചെയ്യപ്പെടുന്നത്, നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണ്. ഒറ്റപ്പെട്ട വീഴ്ചകളെക്കുറിച്ചല്ല, മറിച്ച് ഉയര്‍ന്ന അപകടസാധ്യതയുള്ള ഉത്സവ പരിതസ്ഥിതികളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനുള്ള ഘടനാപരമായ കഴിവില്ലായ്മയെക്കുറിച്ചാണ് പ്രശ്നം എന്ന് ഇത് അടിവരയിടുന്നു.
വെടിക്കെട്ട് അപകടം പോലെ തന്നെ എണ്ണത്തില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുന്നത് കുറവാണെങ്കിലും ആഘോഷങ്ങളുടെ മോഡി നഷ്ടപ്പെടുത്തുന്നതാണ് ആനകളുടെ വിരണ്ടോട്ടം. ആഘോഷം കെങ്കേമമാക്കുവാന്‍ കൊണ്ടുവരുന്ന ആനയുടെ വിരണ്ടോട്ടം കേരളത്തിലെ വിവിധ പൂരങ്ങളില്‍ അഥവാ വേലകളില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൃശ്ശൂര്‍ പൂരത്തിന് തന്നെ എത്രയോ തവണയാണ് ആനകള്‍ ഓടിയിട്ടുള്ളത്. 2022 ല്‍, 2025 ല്‍ നടന്നത് സമീപകാലത്തില്‍ നടന്ന ആനകളുടെ വിരണ്ടോട്ടമാണ്. വടക്കാഞ്ചേരിയിലെ ഉത്രാളിക്കാവ് പൂരത്തിനും, ആറാട്ട്പുഴ പൂരത്തിനും, തുടങ്ങി പ്രമുഖ പൂരങ്ങള്‍ നടക്കുന്നിടത്തെല്ലാം ആനകളുടെ വിരണ്ടോട്ടമുണ്ട്. ഏപ്രില്‍, മെയ് മാസത്തിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മാസം. ഈ മാസങ്ങില്‍ തന്നെയാണ് ആനകളെ വെയിലത്ത് നിര്‍ത്തി പൂരങ്ങള്‍ സാധാരണ നടക്കുന്നത്. ഈ ചൂടില്‍ അസ്വസ്ഥരാകുന്ന വന്യമൃഗങ്ങള്‍ അല്‍പം അസ്വസ്ഥത കാണിക്കുക സ്വാഭാവികം മാത്രം. എന്നാല്‍ ആനകള്‍ ഇല്ലാതെയും ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഉത്സവങ്ങള്‍ നടക്കാറുണ്ട്.
ആനകള്‍ ഇല്ലാതെ
അമ്പാരി ഇല്ലാതെ
ആറാട്ട് നടക്കാറുണ്ടിവിടെ ...
പഴയ ഒരു സിനിമാ ഗാനമാണ്.
1979ല്‍ ഇറങ്ങിയ തെരുവ് ഗീതം എന്ന സിനിമയ്ക്ക് ബിച്ചു തിരുമല എഴുതി ജയ വിജയന്‍ സംഗീതം നല്‍കി യേശുദാസ് പാടിയ പാട്ടിലെ വരികളാണ്... ഇന്ന് റോബോട്ടിക്ക് ആനകളും, കുതിരകളും ആറാട്ട് എഴുന്നള്ളത്തിന് കാണാം. എന്നാല്‍ കാലങ്ങളായി ആനകളില്ലാതെ ഉത്സവം നടക്കുന്ന സ്ഥലം കൂടി പറഞ്ഞ് അവസാനിപ്പിക്കാം.
തൊണ്ണൂറ്റിയാറ് ദേശങ്ങളുടെ പൂരം എന്നറിയപ്പെടുന്ന ആരിയങ്കാവ് പൂരം പ്രശസ്തമാണ്. ഇവിടെ ആനകളെ ആറാട്ടിന് കൊണ്ടുവരാറില്ല. സാധാരണ വേലപൂരങ്ങളിലേതുപോലെ ആനയെഴുന്നള്ളിപ്പ് ഇവിടെയില്ല എന്നത് ശ്രദ്ധേയമാണ്. ആര്യങ്കാവ് ദേവി പറയിപെറ്റ പന്തിരുകുലത്തിലെ കരയ്ക്കലമ്മയാണെന്ന ഒരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്. തട്ടകങ്ങളില്‍നിന്ന് ആര്‍പ്പുവിളികളുമായി പൊയ്ക്കുതിരകളേയും കൊണ്ട് തട്ടകദേശക്കാര്‍ പൂരത്തില്‍ പങ്കാളികളാവുന്നു. ഇവരുടെ കുതിരക്കളി കഴിഞ്ഞതിനുശേഷം താലപ്പൊലി, മേളം, കോമരങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ മുണ്ടായ ദേശത്തിന്‍റെ മുണ്ടായ കൊടിച്ചി എന്ന പെണ്‍കുതിരയെ ക്ഷേത്രാങ്കണത്തിലേക്ക് ആനയിക്കുന്നു. മുണ്ടായ കൊടിച്ചി ക്ഷേത്രമുറ്റത്തെത്തി കളിച്ചിറങ്ങിയതിനുശേഷം തട്ടകദേശങ്ങളിലെ ഹരിജനങ്ങളുടെ പൂതന്‍, തിറ, വെള്ളാട്ട്, ഇണക്കാളകള്‍ എന്നിവ ഭഗവതിയെ തൊഴുതിറങ്ങുന്നു. തുടര്‍ന്ന് ചെറിയ വെടിക്കെട്ടോടെ പകല്‍പ്പൂരം സമാപിക്കുന്നു.
