പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

മാര്‍ച്ച് 31 



ഓംചേരി സ്മാരക പ്രഭാഷണം

ഓംചേരി എന്‍ എന്‍ പിള്ള സ്മാരക പ്രഭാഷണ പരമ്പരയ്ക്ക് ഡല്‍ഹിയിലെ കേരള ക്ലബ്ബില്‍ തുടക്കമായി. എല്ലാ വര്‍ഷവും നടക്കുന്ന ഓംചേരി എന്‍ എന്‍ പിള്ള സ്മാരക പ്രഭാഷണ പരമ്പരയുടെ പ്രഥമ പ്രഭാഷകന്‍ മുന്‍ അംബാസഡര്‍ വേണു രാജാമണി ആയിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധവും ഇന്ത്യക്ക് അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രഭാഷണ വിഷയം. ഓംചേരിയുമായുള്ള തന്‍റെ സൗഹൃദ ബന്ധത്തെക്കുറിച്ചും ഓംചേരിയുടെ മഹാമനസ്കതയെക്കുറിച്ചും വേണു രാജാമണി അനുസ്മരിച്ചു. ഓംചേരിയുമായി ഇട പഴകുന്ന ഓരോ വ്യക്തിക്കും അദ്ദേഹത്തോട് തോന്നിയിരുന്ന അടുപ്പത്തെക്കുറിച്ചും തന്നെ സമീപിക്കുന്ന എല്ലാവരെയും സഹായിക്കാനുള്ള അദ്ദേഹത്തിന്‍റെ മനസ്ഥിതിയെക്കുറിച്ചും വേണു രാജാമണി പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് ഇറാന്‍റെ മേല്‍ ഒരാക്രമണം നടത്തി ഇറാന്‍റെ യുറേനിയം ശേഖരം തങ്ങള്‍ നശിപ്പിച്ചതായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ആ നിലയ്ക്ക് അമേരിക്കയുടെ ഭാഗത്തുനിന്നും വീണ്ടും ഒരാക്രമണം അനാവശ്യമായിരുന്നു. മാത്രവുമല്ല ഇറാനും അമേരിക്കയും തമ്മില്‍ ഒരു ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയായിരുന്നു. ആ ചര്‍ച്ച ഏറെക്കുറെ ശുഭസൂചകവുമായിരുന്നു. ഈ സാഹചര്യത്തില്‍ അമേരിക്ക യുദ്ധത്തിന് തയ്യാറായതിന് പിന്നില്‍ ഇസ്രായേലിന്‍റെ ആവശ്യം നിറവേറ്റുക എന്ന ഒരു ദൗത്യമേ ഉണ്ടായിരുന്നുള്ളു എന്ന് വേണം കരുതാന്‍ എന്ന് വേണു രാജാമണി അഭിപ്രായപ്പെട്ടു. യുദ്ധം തുടരുമ്പോള്‍ ലോക വിപണിയില്‍തന്നെ വലിയ തകര്‍ച്ചയാണ് നേരിട്ടിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടതുകൊണ്ട് ചരക്ക് ഗതാഗതത്തിന് നേരിട്ട തടസ്സമാണ് ഇതിന്‍റെ പ്രധാന കാരണം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ ഗ്യാസ് ഇറക്കുമതിയും ക്രൂഡ് ഓയില്‍ ഇറക്കുമതിയും പ്രധാനമായി ആശ്രയിക്കുന്നത് ഈ കടലിടുക്കിനെയാണ്. അതുകൊണ്ട് തന്നെ രാജ്യത്ത് ഗ്യാസ് ക്ഷാമവും പെട്രോള്‍ തുടങ്ങിയവയുടെ ക്ഷാമവും ഉണ്ടാവാന്‍ സാധ്യതയുണ്ട്. ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളെയും ഈ യുദ്ധം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് താങ്ങാന്‍ ആവാത്ത വിധം നാശനഷ്ടങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് ഇറാന്‍ ഒരു നയതന്ത്ര ചര്‍ച്ചക്ക് തയാറാകുമോ എന്ന കാര്യം സംശയമാണ്. എന്തും സഹിച്ച് പിടിച്ച് നില്‍ക്കാനുള്ള പ്രവണതയാണ് അവര്‍ കാണിക്കുന്നത്. തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നാശനഷ്ടങ്ങള്‍ ഇറാന്‍റെ മിസൈലുകള്‍ ഇസ്രായേലിനു ഉണ്ടാക്കിയിട്ടുണ്ടെങ്കിലും യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഇസ്രായേല്‍ യാതൊരു സൂചനയും നല്‍കിയിട്ടില്ല. അമേരിക്കന്‍ പ്രസിഡന്‍റ് ട്രമ്പ് ആകട്ടെ ദിവസേന പരസ്പര വിരുദ്ധങ്ങള്‍ ആയ പ്രസ്താവനകള്‍ ആണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് വേണു രാജാമണി പറഞ്ഞു. 

യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ മോദിക്ക് ക്രിയാത്മകമായി ഇട പെടാന്‍ കഴിയുമെന്ന് ഭരണകക്ഷിയില്‍പ്പെട്ട പലര്‍ക്കും അഭിപ്രായമുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട് നമ്മള്‍ ഏറെക്കാലമായി സ്വീകരിച്ചു പോന്ന നയതന്ത്ര നിലപാടുകളുമായി പൊരുത്തപ്പെടുന്നില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട്തന്നെ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ നയതന്ത്രപരമായി കാര്യമായ ഇടപെടലുകള്‍ ഒന്നും നടത്താന്‍ ഇന്ത്യക്ക് കഴിയുകയില്ല. ഇന്ത്യയുടെ നയതന്ത്രപരമായ ഇപ്പോഴത്തെ നിലപാട് രാജ്യതാല്പര്യത്തിന് അനുസൃതമാണെന്ന് ശശി തരൂര്‍ പോലുള്ളവര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും രാജ്യം ഇതുവരെ പിന്തുടര്‍ന്ന പ്രഖ്യാപിത നയങ്ങളുമായി ഇപ്പോഴത്തെ നിലപാട് ഒത്തു പോകുന്നില്ലെന്ന് വേണു രാജാമണി അഭിപ്രായപ്പെട്ടു. ഏറെ കാലിക പ്രസക്തിയുള്ള ഈ വിഷയം ഡപ്പഹി കേരള ക്ലബ്ബില്‍ ഓംചേരി എന്‍ എന്‍ പിള്ള സ്മാരക പ്രഭാഷണത്തിന് തിരഞ്ഞെടുത്തത് കൗതുകകരമായ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചു. ഇറാന്‍റെ മേലുള്ള അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ആക്രമണം അനാവശ്യമായിരുന്നു എന്ന് സദസ്സ് വിലയിരുത്തി. ഓംചേരിയുടെ മകന്‍ ശ്രീദീപ്, മകള്‍ ദീപ്തി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ ആധ്യക്ഷം വഹിച്ച കേരള ക്ലബ് പ്രസിഡന്‍റ് എ. ജെ. ഫിലിപ്പ് ഓംചേരി യുദ്ധത്തെക്കുറിച്ച് പ്രളയം, അധിനിവേശം തുടങ്ങിയ നാടകങ്ങള്‍ രചിച്ചിട്ടുള്ളതായി ഓര്‍മ്മിച്ചു. ചടങ്ങിന് കേരള ക്ലബ് സെക്രട്ടറി മാധവന്‍ കുട്ടി സ്വാഗതവും, ജോയിന്‍റ് സെക്രട്ടറി ശ്രീ ഹംസ ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു.

കെ. കെ. കൊച്ച് അനുസ്മരണം

കേരളത്തിലെ ഒരു പുരോഗമന ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമാണ് കെ. കെ. കൊച്ച്. ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കലാപവും സംസ്കാരവും, ദലിത് നേര്‍ക്കാഴ്ചകള്‍, വായനയുടെ ദളിത്പാഠം, ബുദ്ധനിലേക്കുള്ള ദൂരം, ഇടതുപക്ഷമില്ലാത്ത കാലം, ദേശീയതയ്ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സമൂഹരൂപീകരണവും, ദലിത് സമുദായവാദവും സാമുദായികരാഷ്ട്രീയവും തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 2021 ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരത്തിന് അര്‍ഹനായി. കെ കെ കൊച്ചിന്‍റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹി വൈക്കം സംഗമം, ഡല്‍ഹിയിലെ കേരള ഹൗസില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ ദളിത് മുന്നേറ്റവും ശാക്തീകരണവും സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സുനില്‍ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തി. ഭൂരിപക്ഷമാണ് ജനാധിപത്യം എന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു എന്നും സാമൂഹിക വ്യവസ്ഥതയെ നിരന്തരം പൊളിച്ചു പണിയുന്ന പ്രക്രിയയാണ് ജനാധിപത്യം എന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യം കേവലം ഭരണകൂട രൂപം അല്ല അതൊരു ധാര്‍മിക മൂല്യമാണ്. വെറും പുറംതോണ്ടായി മാറി തീര്‍ന്ന ജനാധിപത്യത്തില്‍ ആണ് നാമിപ്പോള്‍ ജീവിക്കുന്നത്. സ്വച്ഛാധിപത്യത്തിന് എല്ലായിപ്പോഴും ആരാധകന്‍ ഉണ്ടാകും. അഡോള്‍ഫ് ഹിറ്റ്ലര്‍ക്ക് കേരളത്തില്‍ ആരാധകര്‍ ഉണ്ടായിരുന്നു എന്ന് ഓര്‍മ്മിക്കണം. വ്യത്യസ്തര്‍ ആയിരിക്കാനും വ്യത്യസ്തതയുടെ പേരില്‍ വേട്ടയാടപെടാതിരിക്കാനും അവകാശമുണ്ടായിരിക്കണം എന്നാണ് ഭരണഘടന ശില്പിയായ ബി ആര്‍ അംബേദ്കര്‍ പറഞ്ഞിട്ടുള്ളത് സമത്വത്തിനും സ്വാതന്ത്ര്യത്തിനു ഒപ്പം സാഹോദര്യത്തെയും അംബേദ്കര്‍ പ്രതിഷ്ഠിച്ചു. സാഹോദര്യത്തെ ആഴമുള്ള രാഷ്ട്രീയ തത്വമായും ജനാധിപത്യത്തിന്‍റെ കാതലയുമാണ് അദ്ദേഹം കണ്ടത്. ആ ചിന്ത എക്കാലവും പ്രസക്തമാണെന്നും സുനില്‍ പി ഇളയിടം പറഞ്ഞു. പത്തുലക്ഷം രൂപ കൈക്കൂലി കൊടുത്ത അഡ്മിഷന്‍ വാങ്ങുന്ന സ്ഥാപനമാണ് ഇന്ന് സ്വാശ്രയമെന്നും ഗാന്ധിജിയുടെ സ്വാശ്രയം എന്ന ആശയം പാടെ മാറി പൂര്‍ണ്ണ പരാശ്രയമായി മാറി സ്വാശ്രയം എന്ന് സുനില്‍ പി. ഇളയിടം പറഞ്ഞു. പ്രശസ്ത  മോട്ടിവേഷന്‍ സ്പീക്കറും എഴുത്തുകാരനുമായ ഡോക്ടര്‍ ജോബിന്‍ എസ് കൊട്ടാരം ഇന്നും ദലിതര്‍ അനുഭവിക്കുന്ന തിരസ്കകരണത്തിന്‍റെ  കണക്കുകളും  എന്തുകൊണ്ടാണ് ഇത് ഇന്നും ചര്‍ച്ച ചെയ്യപ്പെടേണ്ടത് എന്ന ആവശ്യത്തെയും ഒക്കെ വിചിന്തനം ചെയ്യേണ്ടി വരുന്നത് എന്നും പറഞ്ഞു. വൈക്കം സംഗമത്തിന്‍റെ പ്രസിഡന്‍റ് അജിത് മഴുവഞ്ചേരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി, ഷേര്‍ളി രാജന്‍, ട്രഷറര്‍ സി. ജെ. മാത്യു തുടങ്ങിയവരും അനുസ്മരണയോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു. 

ഡല്‍ഹി മലയാളം മിഷന്‍

പ്രവാസി മലയാളികളുടെ തലമുറ മലയാളം പഠിക്കണമെന്ന ലക്ഷ്യത്തിന് തുടക്കം കുറിച്ച സ്ഥലമാണ് ഡല്‍ഹി. ഡല്‍ഹിയിലെ ഭാഷാ സംരക്ഷണ ശ്രമമാണ് പിന്നീട് മലയാളം മിഷനായി മാറി ലോകം മുഴുവനും വ്യാപിച്ചത്. രാജ്യതലസ്ഥാനത്തെ മലയാളം മിഷന്‍റെ പുതിയ പ്രസിഡണ്ടണ്ടായി ജസ്റ്റിസ് കുര്യന്‍ ജോസഫും, സെക്രട്ടറിയായി പ്രസാദ് എ. കെയും ചുമതലയേറ്റു. മലയാളം മിഷന്‍ ജനറല്‍ കൗണ്‍സില്‍ യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡണ്ടുമാരായി ശ്രീനിവാസ് എന്‍. വിയും, വിജയകുമാറും, ടോണി കണ്ണമ്പുഴയും തിരഞ്ഞെടുക്കപ്പെട്ടു. സുജ രാജേന്ദ്രന്‍, വിനീത് പി സേതു, പി എന്‍ സതീശന്‍ എന്നിവരാണ് ജോയിന്‍റ് സെക്രട്ടറിമാര്‍. അജികുമാര്‍ മേടയിലാണ്ട്ര ട്രഷറര്‍. യോഗത്തില്‍ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും മലയാള ഭാഷാപഠന പ്രവര്‍ത്തനം നടത്തുന്ന സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. 'ഡല്‍ഹിയില്‍ മലയാളം അക്കാദമി യാഥാര്‍ഥ്യമാക്കണം' എന്ന പ്രമേയം ഫരീദാബാദ് കോര്‍ഡിനേറ്റര്‍ തോമസ് കെ തോമസ് അവതരിപ്പിച്ചു. 

എ.കെ.ജി. സ്മാരക പ്രഭാഷണം

ഡല്‍ഹിയിലെ പ്രശസ്ത കലാ സാംസ്കാരിക സംഘടനയാണ് ജനസംസ്കൃതി. ജനസംസ്കൃതി കഴിഞ്ഞ 38 വര്‍ഷവും മുടങ്ങാതെ എ.കെ.ജി സ്മാരക അനുസ്മരണ പ്രഭാഷണം നടത്തി വരുന്നുണ്ട്. ഈ വര്‍ഷത്തെ 39 ാം എ.കെ.ജി സ്മാരക അനുസ്മരണ പ്രഭാഷണം  കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബിലെ സ്പീക്കര്‍ ഹാളില്‍ വച്ച് മാര്‍ച്ച് 22 ന് നടന്നു. "നിയന്ത്രണങ്ങളും തീരുവകളും  അമേരിക്കയുടെ പുതിയശൈലി എന്ന വിഷയത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡോ. ജോണ്‍ ചെറിയാാണ് എ.കെ.ജി സ്മാരക അനുസ്മരണ പ്രഭാഷണം നടത്തിയത്. ജനസംസ്കൃതി പ്രസിഡന്‍റ് ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി എന്‍ ബാബുരാജ് സ്വാഗതം ആശംസിക്കുകയും ജോ സെക്രട്ടറി ഡോ. ഹസീന പി വി നന്ദി പ്രകാശിപ്പിച്ചു.

കാര്‍ട്ടൂണ്‍കള്‍ക്ക് ഇന്നും പ്രസക്തി

കാര്‍ട്ടൂണ്‍കള്‍ക്ക് ഇന്നും പ്രസക്തി ഉണ്ടെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍പേഴ്സണ്‍ സുധീര്‍നാഥ് പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് സജീവമായി കാര്‍ട്ടൂണുകള്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ടെന്നും അദ്ദേഹം കേരളാ ക്ലബ് സാഹിതീ സഖ്യത്തില്‍ നടന്ന വര്‍ത്തമാനകാലത്തെ കാര്‍ട്ടൂണ്‍ കലയുടെ പ്രസക്തി എന്ന വിഷയത്തില്‍ സംസാരിക്കവെ പറഞ്ഞു. ട്രോളുകളും, മീമുകളും, റീലുകളും യുവതലമുറയെ ആകര്‍ഷിക്കുമ്പോള്‍, രാഷ്ട്രീയ കാര്‍ട്ടൂണ്‍ അനിമേഷനുകള്‍ ഇന്ന് വര്‍ത്തമാനകാലത്തിന്‍റെ ഭാഗമാകുന്നുണ്ട്. ദ്യശ്യ മാധ്യമ രംഗം വളര്‍ന്നതോടെയും, അച്ചടി രംഗം വളര്‍ന്നതൂടെയും ജനങ്ങളുടെ സമീപനത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. ആദ്യകാലത്തെ രാഷ്ട്രീയ നേതാക്കളെ വ്യകതതയോടെ മനസിലാക്കിയിരുന്നത് കാര്‍ട്ടൂണുകളിലൂടെ മാത്രമായിരുന്നു. ബ്ലോക്കുകള്‍ നിര്‍മ്മിച്ച് ഫോട്ടോകള്‍ അച്ചടിച്ചാല്‍ കാര്‍ട്ടൂണ്‍ പോലെ വ്യക്തത ഉണ്ടാകാറില്ലായിരുന്നു. ദ്യശ്യമാധ്യമങ്ങള്‍ ഇല്ലാതിരുന്നതും അച്ചടി ഓഫ്സെറ്റിലേയ്ക്ക് മാറാതിരുന്നതും കാര്‍ട്ടൂണിനെ ജനകീയമാക്കി. പഴയ പോലെ തന്നെ ശക്തമായ കാര്‍ട്ടൂണുകളാണ് ഇപ്പോഴും വരയ്ക്കപ്പെടുന്നതെങ്കിലും ജനങ്ങള്‍ക്ക് ഒട്ടേറെ ദ്യശ്യ സാധ്യതകള്‍ ലഭിക്കുന്നു. ട്രോളുകളും, മീമുകളും, റീലുകളും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ലഭിക്കുന്നു. അവിടെ വിമര്‍ശനങ്ങളും, തമാശകളും ലഭിക്കുന്നു. അതിന്‍റെ കൂടെ ഒന്നായി കാര്‍ട്ടൂണ്‍ മാറി. അതുകൊണ്ടാണ് കാര്‍ട്ടൂണിന് പ്രസക്തി കുറഞ്ഞ് പോയതായി തോന്നുന്നത്. മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ മുതല്‍ വ്യത്യസ്ഥ കാര്‍ട്ടൂണിസ്റ്റുകളുടെ രചനകള്‍ കേരള ക്ലബ്ബില്‍ നടന്ന പ്രഭാഷണത്തിനിടയില്‍ പ്രദര്‍ശിപ്പിക്കുകയും, അതിന്‍റെ പിന്നാമ്പുറ രാഷ്ട്രീയം പറയുകയും  ചെയ്തു. കേരള ക്ലബ് പ്രസിഡന്‍റ് എ. ജെ. ഫിലിപ്പ്, സെക്രട്ടറി കെ. മാധവന്‍കുട്ടി, അംബാസിഡര്‍ കെ. പി. ഫാബിയാന്‍, കാര്‍ട്ടൂണിസ്റ്റ് യേശുദാസിന്‍റെ മകന്‍ സാനു യേശുദാസ,് ട്രഷറര്‍ ഡോ: സഖി ജോണ്‍, ജോയിന്‍റ് സെക്രട്ടറി കെ. വി. ഹംസ എന്നിവര്‍ സംസാരിച്ചു.

ദയാവധം നിയമവിധേയമാക്കിയ ശേഷമുള്ള അനുമതി

2013 മുതല്‍ ഹരീഷ് റാണ ആശുപത്രി കിടക്കയില്‍ ഒന്നുമറിയാതെ കിടക്കുകയാണ്. പഞ്ചാബ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന ഹരീഷ് റാണയ്ക്ക് 2013-ലാണ് കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്ന് താഴേക്ക് വീണ് തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. 13 വര്‍ഷമായി അബോധാവസ്ഥ(കോമ)യില്‍ കഴിയുന്ന 31കാരനായ യുപി ഗാസിയബാദ് സ്വദേശി ഹരീഷ് റാണയ്ക്കാണ് ദയാവധം നിയമവിധേയമാക്കിയ ശേഷം ആദ്യ അനുമതി നല്‍കിയ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ് രാജ്യത്താകമാനം. വര്‍ഷങ്ങളോളം അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന ഹരീഷിനെ ജീവന്‍ രക്ഷാ ഉപാധികള്‍ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്ന നടപടികള്‍ക്കായി ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. പുറപ്പെടുന്നതിന് മുന്നേ ഗാന്ധിയാബാദിലെ വീട്ടില്‍ നടന്ന വിടവാങ്ങല്‍ ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ശ്വാസമെടുക്കുന്നതിനായി ട്രാക്കിയോസ്റ്റമി ട്യൂബും ഭക്ഷണത്തിനായി ഗ്യാസ്ട്രോജെജുനോസ്റ്റമി ട്യൂബും ഉപയോഗിച്ചിരുന്നു. വര്‍ഷങ്ങളോളം നീണ്ട പ്രതീക്ഷകള്‍ക്ക് ശേഷം രാജ്യത്തെ എല്ലാ മെഡിക്കല്‍ സംവിധാനങ്ങളും തോല്‍വി സമ്മതിച്ചതോടെയാണ് ഹരീഷിന്‍റെ മാതാപിതാക്കള്‍ ദയാവധം ആവശ്യപ്പെട്ടുകൊണ്ട് ഹരജി ഫയല്‍ ചെയ്യുന്നത്. ഒടുവില്‍ സുപ്രിംകോടതി അത് അനുവദിക്കുകയായിരുന്നു. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരാള്‍ക്ക് ദയാവധം അനുവദിക്കുന്നത്. പ്രണാമം ഹരീഷ് റാണ...

വന്താരയ്ക്ക് അനുകൂലമായി സുപ്രീം കോടതി

ഇന്ത്യയിലെ ജാംനഗറില്‍ സ്ഥിതി ചെയ്യുന്ന 3,500 ഏക്കര്‍ വിസ്തൃതിയുള്ള ഒരു വലിയ മ്യഗരക്ഷാ-പുനരധിവാസ കേന്ദ്രമാണ് വന്താര. വംശനാശഭീഷണി നേരിടുന്ന ജീവികള്‍ ഉള്‍പ്പെടെ 1,50,000-ത്തിലധികം മൃഗങ്ങളുടെ സംരക്ഷണത്തിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റിലയന്‍സ് ഫൗണ്ടേഷന്‍ ആരംഭിച്ച ഇത്, ആന പുനരധിവാസ കേന്ദ്രം, പ്രത്യേക ആശുപത്രി തുടങ്ങിയ സൗകര്യങ്ങളുള്ള വന്യജീവികളെ രക്ഷിക്കാനും ചികിത്സിക്കാനും സംരക്ഷിക്കാനും ലക്ഷ്യമിടുന്നു. വന്താര മൃഗങ്ങളുടെ ഇറക്കുമതിയില്‍ അന്താരാഷ്ട്ര വന്യജീവി വ്യാപാര മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് സുപ്രീം കോടതി ഒരു പൊതുതാല്‍പര്യ ഹര്‍ജി അടുത്തിടെ തള്ളിക്കളഞ്ഞു. എസ്ഐടി അന്വേഷണത്തില്‍ ഒരു തെറ്റും കണ്ടെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി, കഴിഞ്ഞ വര്‍ഷം മറ്റൊരു കേസില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഇതിനകം തന്നെ തള്ളിയിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം കരണാര്‍ത്ഥം വിരാമ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്രയും എന്‍. വി. അഞ്ജരിയയും അടങ്ങുന്ന ബെഞ്ച് വിസമ്മതിച്ചു. വന്താരയിലെ രണ്ട് മൃഗ പുനരധിവാസ, ക്ഷേമ ട്രസ്റ്റുകള്‍, അതായത് ഗ്രീന്‍സ് സുവോളജിക്കല്‍ റെസ്ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്‍റര്‍, രാധാകൃഷ്ണ ടെമ്പിള്‍ എലിഫന്‍റ് വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവ വന്യജീവി ഇറക്കുമതിയില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന് ആരോപിച്ച്, വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യങ്ങളുടെയും അന്താരാഷ്ട്ര വ്യാപാര കണ്‍വെന്‍ഷനെക്കുറിച്ചുള്ള സെക്രട്ടേറിയറ്റ് രേഖയെ ആശ്രയിച്ചായിരുന്നു ഇത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ഇറക്കുമതി/കയറ്റുമതി ലൈസന്‍സുകളുടെയും പട്ടണങ്ങളുടെ പെര്‍മിറ്റുകളുടെയും രേഖകള്‍ വെളിപ്പെടുത്തല്‍, പട്ടണങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഒരു സ്വതന്ത്ര സ്ഥാപനത്തിന്‍റെ രൂപീകരണം, 1972 ലെ വന്യജീവി (സംരക്ഷണ) നിയമപ്രകാരം നടപടികള്‍ ആരംഭിക്കല്‍, പട്ടണങ്ങളിലെ പെര്‍മിറ്റുകള്‍ പരിശോധിക്കുന്നതിനുള്ള ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം രൂപീകരിക്കല്‍, സ്വകാര്യ സൗകര്യങ്ങള്‍ ചില ജീവിവര്‍ഗങ്ങളുടെ കൂടുതല്‍ ഇറക്കുമതിക്ക് താല്‍ക്കാലിക നിരോധനം എന്നിവ ഉള്‍പ്പെടെ നിരവധി നിര്‍ദ്ദേശങ്ങള്‍ ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.