കുതിര, ആന, പശു, കാള, കുരുവി..., അതൊരു കാലം...

കുതിര, ആന, പശു, കാള, കുരുവി..., അതൊരു കാലം...

വിജയ് ചൗക്ക്

സുധീര്‍നാഥ്  


കുരുവിപ്പെട്ടി നമ്മുടെ പെട്ടി

കടുവാപ്പെട്ടിക്കോട്ടില്ല

വോട്ടില്ല, വോട്ടില്ല, വോട്ടില്ല, 

കടുവാപ്പെട്ടിക്കോട്ടില്ല

വയലാര്‍ രാമവര്‍മ്മ എഴുതി, എല്‍ പി ആര്‍ വര്‍മ്മ സംഗീതം നല്‍കി, അടൂര്‍ ഭാസി പാടി അഭിനയിച്ച ഈ ഗാനം ഓരോ തിരഞ്ഞെടുപ്പ് കാലത്തും ചിരിയും ചിന്തയും നിറച്ച് ഉയര്‍ന്നുവരും. 1966 ല്‍ ഇറങ്ങിയ സ്ഥാനാര്‍ത്ഥി സാറാമ്മ എന്ന ചിത്രത്തിലെ രസകരമായ ഗാനം.

തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ രസകരമായ ഒട്ടേറെ കാഴ്ച്ചകള്‍ നമുക്ക് ചുറ്റിനും ഉണ്ടാകും. അതില്‍ ഏറ്റവും പ്രധാനമായത് ചിരിയും, വിനയവും, ബഹുമാനവുമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരില്‍ ഈ ഒരു പ്രവണത കാണാവുന്നതാണ്. ഓരോ രാഷ്ട്രീയ പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കുന്നവരുടെ വേഷവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുക സ്വാഭാവികമാണ്. ഓരോരുത്തരും ഏത് മുന്നണിയുടെ കൂടെയാണെന്ന് വേഷവിധാനത്തില്‍ നിന്നുതന്നെ നമുക്ക് തിരിച്ചറിയുവാന്‍ സാധിക്കും. മിക്കവാറും കോണ്‍ഗ്രസ് അനുഭാവികളായ ആളുകള്‍ വെള്ള നിറത്തിലെ ഖദര്‍ മുണ്ടും, ഷര്‍ട്ടും ധരിച്ചാണ് പൊതു ഇടങ്ങളില്‍ എത്തുക.  സിപിഎമ്മുകാരുടെ വേഷത്തിലും ഉണ്ട് ഒരു സവിശേഷത അലക്കിതേച്ച ഷര്‍ട്ടും വെള്ളയല്ലാത്ത മുണ്ടും. പിന്നെ തീവ്ര കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തകരുടെ തോളത്ത് കോര്‍ത്തുമുണ്ട് കാണാം. ദേശാഭിമാനി പത്രമോ, ഡയറിയോ മിക്കവരും ക്കൈയ്യില്‍ കരുതാറുമുണ്ട്. ബി.ജെ.പി. പ്രവര്‍ത്തകരെ കണ്ടാല്‍ തിരിച്ചറിയാന്‍ കുറച്ച് എളുപ്പമാണ്. നെറ്റിയില്‍ ഒരു ചന്ദനക്കുറിയും കയ്യില്‍ രാഖിയും കാണും. മിക്കവരും കാവി മുണ്ടും ധരിച്ചിരിക്കും. ഇത് രണ്ടും ഉണ്ടെങ്കില്‍ ആളൊരു ബി.ജെ.പിക്കാരന്‍ ആണെന്ന് നമുക്ക് ഉറപ്പിക്കാം.

രാഷ്ട്രീയപ്രവര്‍ത്തകരുടെ വാഹനം കണ്ടാലും നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. കാറുകള്‍ക്ക് മുന്നില്‍ തൂക്കിയിടുന്ന പൂമാലയുടേയോ, ഷോളുകളുടേയോ നിറം കൊണ്ടു തന്നെ രാഷ്ട്രീയ അനുഭാവം വ്യക്തമാക്കുന്ന ഒന്നായിരിക്കും വാഹനത്തില്‍ ഉണ്ടാവുക. കോണ്‍ഗ്രസ് അനുഭാവികള്‍ ആണെങ്കില്‍ ത്രിവര്‍ണ്ണ നിറത്തിലുള്ള മാലയും അല്ലെങ്കില്‍ ഷോളും വാഹനത്തിന്‍റെ മുന്നില്‍ തന്നെ വെച്ചിട്ടുണ്ടാകും. ലീഗുകാര്‍ ആണെങ്കില്‍ ഒരു പച്ച തുണിയുടെ ഷോള്‍, മാല തുടങ്ങിയവ വണ്ടിയുടെ മുന്നില്‍ കാണും. കമ്മ്യൂണിസ്റ്റ് അനുഭാവിയുടെ വാഹനമാണെങ്കില്‍ ചുവന്ന മാല ഉറപ്പായും കാണും. അതൊരു ബി.ജെ.പിക്കാരന്‍ ആണെങ്കില്‍ ബി.ജെ.പിയുടെ രണ്ടു നിറത്തിലുള്ള മാലയും ഒരു കൊടിയുടെ തുണി കഷണവും വാഹനത്തിന്‍റെ മുന്നില്‍ കാണാം.

ആദ്യകാലത്ത് തിരെഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ഓരോ നിറത്തിലുള്ള പെട്ടികളായിരുന്നു പോളിംഗ് ബൂത്തില്‍ ക്രമീകരിച്ചിരുന്നത്. അന്ന് സ്ഥാനാര്‍ത്ഥികളുടെ എണ്ണവും കുറവായിരുന്നു. അതനുസരിച്ച് വോട്ടര്‍മാര്‍ ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത്, അതാത് സ്ഥാനാര്‍ത്ഥിക്ക് അനുവദിച്ച പെട്ടിയില്‍ വോട്ട് നിക്ഷേപിക്കുന്ന സമ്പ്രദായമായിരുന്നു. പിന്നീട് പെട്ടികളില്‍ ചിഹ്നം ഒട്ടിക്കാന്‍ തുടങ്ങി. 1960 മുതല്‍ ചിഹ്നം പെട്ടിയില്‍ ഒട്ടിക്കുന്നതിന് പകരം ബാലറ്റ് പേപ്പറില്‍ തന്നെ ചിഹ്നം അടയാളപ്പെടുത്തുന്ന രീതി തുടങ്ങി. ഇനി ഓരോ പ്രധാന പാര്‍ട്ടികളുടേയും ചിഹ്നം വന്ന വഴി നോക്കാം.

തിരഞ്ഞെടുപ്പില്‍ പക്ഷിമൃഗാദികള്‍ നിറഞ്ഞുനിന്നിരുന്ന കാലമുണ്ടായിരുന്നു. പക്ഷികളേയും മ്യഗങ്ങളേയും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളില്‍ നിന്ന് കമ്മിഷന്‍തന്നെ ഒഴിവാക്കുകയായിരുന്നു. അക്കാലത്ത് സ്വന്തം ചിഹ്നങ്ങളുടെ പേരില്‍ പിന്നീട് അറിയപ്പെട്ട പലരുമുണ്ട്. ഇന്ന് അതിന് വലിയ സാധ്യത ഇല്ല. കോണ്‍ഗ്രസിന്‍റെ കൈപ്പത്തി ചിഹ്നം കേരളത്തില്‍ നിന്നാണ് ലഭിച്ചത്. കേരളത്തിലെ പാലക്കാട് ജില്ലയിലെ അകത്തേതറ ഗ്രാമത്തിലെ കല്ലേകുളങ്ങര ഏമൂര്‍ ഹേമാംബികാ ഭാഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠ കൈപ്പത്തിയാണ്. ഭക്തരെ അനുഗ്രഹിക്കുന്ന രീതിയില്‍ രണ്ട് കൈകളാണ് ശ്രീകോവിലില്‍ ഉള്ളത്. മുഖ്യ പ്രതിഷ്ഠ കൈപ്പത്തികളാകയാല്‍ കൈപ്പത്തി ക്ഷേത്രം എന്ന പേരിലും ക്ഷേത്രം പ്രശസ്തമാണ്. കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നതോടെ ഇന്ദിരാ കോണ്‍ഗ്രസ് ഔദ്യോഗികമായി കൈപ്പത്തി ചിഹ്നമായി സ്വീകരിച്ചു. ആന്ധ്രാപ്രദേശിലും, കര്‍ണ്ണാടകയിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് ഇന്ദിരാ കോണ്‍ഗ്രസ് ആദ്യമായി കൈ ചിഹ്നത്തില്‍ മത്സരിക്കുന്നത്. 

കോണ്‍ഗ്രസ് ആദ്യമായി മത്സരിച്ചത് 'നുകം വച്ച കാള' ചിഹ്നത്തിലായിരുന്നു. കമ്മിഷന് മുന്നില്‍ പരിഗണനയ്ക്കായി സമര്‍പ്പിച്ച രണ്ടാമത്തെ ചിഹ്നം 'ചര്‍ക്ക നടുക്കുള്ള പതാക' ആയിരുന്നു. 1969 പാര്‍ട്ടി പിളര്‍ന്ന് കോണ്‍ഗ്രസ് (ആര്‍) വന്നു. പഴയ പാര്‍ട്ടി കോണ്‍ഗ്രസ് (ഒ) എന്നറിയപ്പെട്ടു. തര്‍ക്കങ്ങള്‍ക്കിടെ ഇന്ദിരാ ഗാന്ധിക്ക് 'നുകം വച്ച കാള' ചിഹ്നത്തിലുള്ള അവകാശം നഷ്ടപ്പെട്ടു. 'പശുവും കിടാവും' ചിഹ്നത്തിലേക്ക് എത്തി. 1978ല്‍ കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കങ്ങളുണ്ടായി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പശുവും കിടാവും ചിഹ്നം മരവിപ്പിച്ചു. അടിയന്തിരാവസ്ഥയെ തുടര്‍ന്ന് ഭരണം നഷ്ടപ്പെടുകയും, കോണ്‍ഗ്രസിന്‍റെ പ്രതാപത്തിന് മങ്ങലേല്‍ക്കുകയും ചെയ്യുന്ന സമയം. പാലക്കാടുള്ള കൈപ്പത്തി ക്ഷേത്രത്തെ കുറിച്ച് ഇന്ദിരാ ഗാന്ധിയോട് പറയുന്നത് അന്നത്തെ സുപ്രീം കോടതി ജഡ്ജി പി.എസ്. കൈലാസത്തിന്‍റെ ഭാര്യ സുന്ദര കൈലാസമാണ്. ദേവിയുടെ കൈയ്യാണ് അവിടെ പ്രതിഷ്ഠയെന്നും, ഹേമാംബികാ ഭാഗവതി ക്ഷേത്രത്തിന് വലിയ ശക്തിയാണെന്നും ഇന്ദിരയോട് അവര്‍ പറഞ്ഞു. കോണ്‍ഗ്രസിന് കൈപ്പത്തി ചിഹ്നം നിര്‍ദ്ദേശിച്ചത് സുന്ദര കൈലാസമാണ്. കൈലാസത്തിന്‍റേയും, സുന്ദര കൈലാസത്തിന്‍റെയും മകള്‍ നളിനിയുടെ ഭര്‍ത്താവാണ് പില്‍കാലത്ത് പ്രശസ്തനായ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പി. ചിദംബരം. സുന്ദര കൈലാസത്തിന് നെഹ്റു കുടുംബമായി ശക്തമായ വ്യക്തി  ബന്ധമുണ്ടായിരുന്നു.

ബി.ജെപി എന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് താമര. പാര്‍ട്ടി രൂപം കൊണ്ട 1980 മുതല്‍ അവരുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് താമര.  ശ്യാമപ്രസാദ് മുഖര്‍ജി 1951ല്‍ സ്ഥാപിച്ച ഭാരതീയ ജനസംഘത്തിന്‍റെ തിരഞ്ഞെടുപ്പ് ചിഹ്നം 'ദീപം' ആയിരുന്നു. 1977-ല്‍ ജനസംഘം ജനതാ പാര്‍ട്ടിയില്‍ ലയിച്ചു. അതോടെ ദീപം ചിഹ്നം ഇല്ലാതായി. 1980ല്‍ ജനതാപാര്‍ട്ടിയുമായി ആശയപരമായ വ്യത്യാസം കാരണം പുറത്ത് വന്ന ജനസംഘത്തിന്‍റെ 

നേതാക്കള്‍ 1980 ഏപ്രില്‍ 6-ന് ഭാരതീയ ജനതാ പാര്‍ട്ടി രൂപീകരിച്ചു. ഈ സമയത്ത് പഴയ ദീപം ചിഹ്നത്തിന് പകരം, പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ഒരു ചിഹ്നം ആവശ്യമായിരുന്നു.  ഇന്ത്യന്‍ സംസ്കാരത്തില്‍ പവിത്രതയുടെയും അറിവിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായി താമരയെ പൊതുവില്‍ കണക്കാക്കിയിരുന്നു. ചെളിയില്‍ വിരിഞ്ഞാലും അതില്‍ തൊടാതെ നില്‍ക്കുന്ന താമര, കഠിനമായ സാഹചര്യങ്ങളിലും ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതിനെ സൂചിപ്പിക്കുന്നുവെന്ന് ജനസംഘത്തിന്‍റെ ചര്‍ച്ചകളില്‍ ഉയര്‍ന്ന് വന്നു. ഭാരതീയ ജനസംഘത്തിന്‍റെ 'ദീപം' ചിഹ്നത്തില്‍ നിന്ന് വികാസം പ്രാപിച്ച്, ഇന്ത്യന്‍ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുന്നതിനായി താമരയെ ബിജെപി ചിഹ്നമായി തിരഞ്ഞെടുക്കുകയായിരുന്നു.

സി.പി.ഐ. (എം), സി.പി.ഐ. ചിഹ്നങ്ങളെ കുറിച്ച് പരാമര്‍ശിക്കും മുന്‍പ് ഈ രണ്ട് പാര്‍ട്ടികളുടേയും തുടക്കവും പറയണം. 1964ല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (സി.പി.ഐ.) ഒരു വലിയ പിളര്‍പ്പ് ഉണ്ടായി. പതിറ്റാണ്ടുകളായി നിലനിന്ന സംഘര്‍ഷങ്ങളുടെയും വിഭാഗീയമായ ഉള്‍പ്പോരുകളുടെയും പരിസമാപ്തമായിരുന്നു ഈ പിളര്‍പ്പ്. 1947-ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍, പുതിയ സാഹചര്യവുമായി എങ്ങനെ പൊരുത്തപ്പെടണമെന്നതിനെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ സര്‍ക്കാരും സോവിയറ്റ് യൂണിയനും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടപ്പോള്‍, പ്രബലമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി (ഐ.എന്‍.സി) സഹകരണം തേടുന്ന ഒരു വിഭാഗം സി.പി.ഐയില്‍ ഉയര്‍ന്നുവന്നു. എസ്.എ. ഡാങ്കെയുടെ നേതൃത്വത്തിലായിരുന്നു ഈ പ്രവണത. 

1962-ല്‍ ചൈന-ഇന്ത്യന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, ഇന്ത്യയിലെ നിരവധി കമ്മ്യൂണിസ്റ്റുകളെ ചൈനയെ അനുകൂലിച്ചതിന് ജയിലിലടച്ചു. കൂടുതല്‍ യാഥാസ്ഥിതിക വിഭാഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍, കൂടുതല്‍ തീവ്രവാദികളായ വിഭാഗം ചൈനീസ് പ്രതികാര നടപടികളെ പിന്തുണച്ചു. നിരവധി പാര്‍ട്ടി യോഗങ്ങള്‍ക്ക് ശേഷമാണ് സി.പി.ഐ. പിളരുന്നതും സി.പി.ഐ.(എം) രൂപം കൊള്ളുന്നതും. 1964 നവംബര്‍ 7-ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ.), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) സി.പി.ഐ. (എം) എന്നിങ്ങനെ പിളര്‍ന്നു. 1962-ലെ ചൈന-ഇന്തോ യുദ്ധസമയത്ത് ഉയര്‍ന്നുവന്ന പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുടെ ഫലമായാണ് ഈ പിളര്‍പ്പ് ഉണ്ടായത്. 

സിപിഐയുടെ ഔദ്യോഗിക ചിഹ്നമായ നെല്‍ക്കതിരും അരിവാളും തൊഴിലാളി വര്‍ഗ്ഗത്തിന്‍റെയും കര്‍ഷകരുടെയും ഐക്യത്തെ സൂചിപ്പിക്കുന്നതാണ്. 1952-ല്‍ ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഈ ചിഹ്നം ഉപയോഗിച്ചു. കര്‍ഷകരുടെ അധ്വാനത്തെ നെല്‍ക്കതിരും, കര്‍ഷകത്തൊഴിലാളികളെ 'അരിവാളും' പ്രതിനിധീകരിക്കുന്നു. 72 വര്‍ഷമായി ചിഹ്നം മാറാത്ത രാജ്യത്തെ ഒരേയൊരു പാര്‍ട്ടിയാണ് സി.പി.ഐ. തിരഞ്ഞെടുപ്പുകളിലെല്ലാം ഒരേ ചിഹ്നത്തില്‍ മത്സരിച്ച രാജ്യത്തെ ഏക പാര്‍ട്ടിയും സി.പി.ഐ. തന്നെ. 1952ലെ ഒന്നാം തിരഞ്ഞെടുപ്പ് മുതല്‍ അരിവാളും നെല്‍ക്കതിരുമാണ് സി.പി.ഐയുടെ ചിഹ്നം. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ തിരഞ്ഞെടുപ്പ് ചിഹ്നമാണ് നെല്‍ക്കതിരും അരിവാളും. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും സി.പി.ഐയുടെ ചിഹ്നം നെല്‍ക്കതിരും അരിവാളും തന്നെയാണ്. 1964ല്‍ സി.പി.ഐ പിളര്‍ന്ന് സി.പി.ഐ(എം) ഉണ്ടായപ്പോള്‍, നെല്‍ക്കതിരും അരിവാളും സി.പി.ഐ. നിലനിര്‍ത്തി. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാക്സിസ്റ്റ് എന്ന സിപിഐ(എം) ചിഹ്നമായ അരിവാള്‍-ചുറ്റിക-നക്ഷത്രം വന്നതിന് പിന്നില്‍ ദീര്‍ഘമായ ചരിത്രമുണ്ട്. സോവിയറ്റ് യൂണിയനിലെ ഒക്ടോബര്‍ വിപ്ലവത്തിന്‍റെ സമയത്താണ് അരിവാള്‍-ചുറ്റിക പ്രതീകമായി ഉപയോഗിച്ചു തുടങ്ങിയത്. 1917-ലെ വിപ്ലവത്തിന് ശേഷം, ഇത് തൊഴിലാളികളുടെയും കര്‍ഷകരുടെയും ഐക്യത്തിന്‍റെ അടയാളമായി മാറി. അരിവാള്‍ എന്നത് കര്‍ഷകരെയും കാര്‍ഷിക വിയര്‍പ്പിനെയും സൂചിപ്പിക്കുന്നു. ചുറ്റിക എന്നത് വ്യാവസായിക തൊഴിലാളികളെയും നിര്‍മ്മാണ ശക്തിയെയും സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ചിഹ്നത്തില്‍ നക്ഷത്രം വരച്ച് ചേര്‍ത്തു. വിപ്ലവത്തിന്‍റെ തീക്ഷ്ണതയെയും കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും പ്രതിനിധാനം ചെയ്യുന്നതാണ് നക്ഷത്രം എന്നാണ് വിശദ്ധീകരണം. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ നെല്‍ക്കതിരും അരിവാളും എന്ന ചിഹ്നം നഷ്ടപ്പെട്ടപ്പോളാണ് അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിഹ്നം സി.പി.ഐ. (എം) സ്വീകരിച്ചത്.

1952 ലെ പൊതു തിരഞ്ഞെടുപ്പില്‍ 'തോണി' ആയിരുന്നു മുസ്ലിം ലീഗിന്‍റെ ചിഹ്നം. കേരളപ്പിറവിക്ക് ശേഷം ആദ്യ തിരഞ്ഞെടുപ്പ് നടന്ന 1957 ലാണ് ഏണി ചിഹ്നത്തില്‍ മുസ്ലിം ലീഗ് മത്സരിക്കാന്‍ തുടങ്ങിയത്. അന്ന് മുസ്ലിം ലീഗ് അംഗീകൃത പാര്‍ട്ടിയായിരുന്നില്ല. സ്വതന്ത്രന്മാര്‍ക്ക് അനുവദിച്ച ചിഹ്നങ്ങളില്‍ പെട്ട ഏണി (കോണി) ചിഹ്നം മുസ്ലിം ലീഗ് തിരഞ്ഞെടുക്കുകയായിരുന്നു. 1957 ലെ വോട്ടിംഗ് നിലയനുസരിച്ച് സംസ്ഥാന പാര്‍ട്ടി പദവി ലഭിച്ചതിനെ തുടര്‍ന്ന് 1960 മുതല്‍ ഏണി ചിഹ്നം മുസ്ലിം ലീഗിന്‍റെ ഔദ്യോഗിക ചിഹ്നമായി മാറി. കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിലും ഏണി ചിഹ്നത്തില്‍ മുസ്ലിം ലീഗ് മത്സരിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് രൂപം കൊണ്ട അഖിലേന്ത്യാ മുസ്ലിം ലീഗിന്‍റെ ചിഹ്നം തോണിയായിരുന്നു.

കേരള കോണ്‍ഗ്രസ് രൂപീകരണകാലത്ത് കുതിരയായിരുന്നു തിരഞ്ഞെടുപ്പ് ചിഹ്നം. 1979-ല്‍ ജോസഫ് മാണിയുമായി പിരിഞ്ഞപ്പോള്‍ കുതിര ചിഹ്നം കോടതി വിധി വഴി മാണിക്ക് ലഭിച്ചു. ജോസഫിന് ആനയായിരുന്നു ചിഹ്നം. 1984-ല്‍ മാണിയും ജോസഫും ചേര്‍ന്നപ്പോള്‍ കുതിര ചിഹ്നം തിരഞ്ഞെടുത്തു. 1987-ല്‍ വീണ്ടും പിളര്‍ന്നു. ചിഹ്നതര്‍ക്കത്തില്‍ കോടതി കുതിര ചിഹ്നം മരവിപ്പിച്ചു. മാണി രണ്ടില ചിഹ്നമായി തിരഞ്ഞെടുത്തു. പിന്നീട് ജോസഫ് കുതിര ചിഹ്നം ഉപയോഗിച്ചു. 1990ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷി മൃഗാദികളെ ചിഹ്നത്തില്‍ നിന്ന് മാറ്റിയതുകൊണ്ട് ജോസഫ് പുതിയ ചിഹ്നമായി സൈക്കിള്‍ തിരഞ്ഞെടുത്തു. 2010-ല്‍ ജോസഫ് കോണ്‍ഗ്രസ് (എം.) ല്‍ ലയിച്ചു. മാണിയുടെ മരണശേഷം 2020-ല്‍ കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു. ചിഹ്ന തര്‍ക്കമുണ്ടായെങ്കിലും ജോസ് കെ. മാണി നയിക്കുന്ന പാര്‍ട്ടിക്ക് രണ്ടില ചിഹ്നം ലഭിച്ചു. 2021-ലെ തിരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പിന്‍റെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകനാണ് ചിഹ്നമായി അനുവദിച്ചത്.