പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
ഏപ്രില്‍ 30
ഡല്‍ഹി ഡെറാഡൂണ്‍ രണ്ടര മണിക്കൂറിലോ...?
ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലേക്ക് റോഡ് വഴിയുള്ള യാത്രാസമയം നിലവില്‍ ആറ് മണിക്കൂറായിരുന്നു. ദേശീയപാത അതോറിറ്റിയുടെ അഭിമാന പദ്ധതികളില്‍ ഒന്നായ ഡല്‍ഹി - ഡെറാഡൂണ്‍ എക്സ്പ്രസ്വേ തുറന്നതോടെ യാത്രാ സമയം ഏകദേശം രണ്ടര മണിക്കൂറായി കുറയ്ക്കും എന്നാണ് കേന്ദ്ര സര്‍ക്കാരും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവകാശപ്പെടുന്നത്. എന്നാല്‍ അത് കേട്ട് യാത്ര ചെയ്തവര്‍ പറയുന്നത് നാലര മണിക്കൂറെടുക്കുമെന്നാണ്. എങ്ങനെ പോയാലും രണ്ടര മണിക്കൂറിലെത്തും എന്നത് സ്വപ്നത്തില്‍ മാത്രമെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്ന തെളിവുകള്‍ നല്‍കുന്നു. 100 കിലോമീറ്റര്‍ വേഗതയാണ് ഈ റോഡില്‍ അനുവധിക്കപ്പെട്ടത്. എന്നാല്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ യാത്ര ചെയ്യാന്‍ പറ്റൂ. ഡല്‍ഹി അതിര്‍ത്തി കടക്കുന്നതിന് അര മണിക്കൂര്‍ മുതല്‍ മുക്കാല്‍ മണിക്കൂര്‍ വേണം. ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിന് സമീപത്ത് നിന്നാരംഭിക്കുന്ന പാത ഉത്തര്‍പ്രദേശിലെ ബാഗ്പത്, ബറൗട്ട്, മുസഫര്‍നഗര്‍, ഷാംലി, സഹാറന്‍പൂര്‍ എന്നീ നഗരങ്ങളിലൂടെ കടന്നുപോയാണ് ഡെറാഡൂണില്‍ എത്തുന്നത്. ദേശീയപാത അതോറിറ്റി 12,000 കോടിയിലധികം രൂപ ചെലവഴിച്ചാണ് 213 കിലോമീറ്റര്‍ നീളമുള്ള ആറുവരി ആക്സസ് കണ്‍ട്രോള്‍ഡ് ഡല്‍ഹി - ഡെറാഡൂണ്‍ സാമ്പത്തിക ഇടനാഴി വികസിപ്പിച്ചത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതാണ് എക്സ്പ്രസ്വേ. തടസ്സമില്ലാത്ത അതിവേഗ കണക്റ്റിവിറ്റി സാധ്യമാക്കുന്നതിനായി 10 ഇന്‍റര്‍ചേഞ്ചുകള്‍, മൂന്ന് റെയില്‍വേ മേല്‍പാലങ്ങള്‍, നാല് പ്രധാന പാലങ്ങള്‍, 12 വഴിയോര സേവനകേന്ദ്രങ്ങള്‍ എന്നിവയുടെ നിര്‍മാണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. യാത്രക്കാര്‍ക്ക് സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാ അനുഭവം നല്‍കുന്നതിനായി ഈ ഇടനാഴിയില്‍ അഡ്വാന്‍സ്ഡ് ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. മേഖലയിലെ ജൈവവൈവിധ്യവും വന്യജീവി സമ്പത്തും കണക്കിലെടുത്ത് നിരവധി സവിശേഷതകളോടെയാണ് എക്സ്പ്രസ്വേ രൂപകല്‍പന ചെയ്തത്. വന്യമൃഗങ്ങളുടെ സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കുന്നതിനായി പദ്ധതിയില്‍ വന്യജീവിസംരക്ഷണത്തിനായി നിരവധി പ്രത്യേക ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ, 12 കിലോമീറ്റര്‍ നീളമുള്ള വൈല്‍ഡ്ലൈഫ് എലിവേറ്റഡ് കോറിഡോര്‍ ഇതില്‍ ഉള്‍പ്പെടുന്നു. എട്ട് അനിമല്‍ പാസുകള്‍, ഓരോന്നിനും 200 മീറ്റര്‍ വീതമുള്ള രണ്ട് എലിഫന്‍റ് അണ്ടര്‍പാസുകള്‍, ദാത് കാളി ക്ഷേത്രത്തിന് സമീപം 370 മീറ്റര്‍ നീളമുള്ള തുരങ്കപാതയും ഉണ്ട്.
സര്‍ഗ്ഗയുടെ കലാശക്കൊട്ട്
ഡല്‍ഹി സര്‍വ്വകലാശാലയില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിലധികമായി ഉര്‍ജ്ജസ്വലതയോടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്ന സൗത്ത് ഓഫ് ക്യാമ്പസ് കോളേജുകളിലെ വിദ്യാര്‍ത്ഥികളെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന മലയാളി കൂട്ടായ്മയാണ് 'സര്‍ഗ്ഗ'. 'സര്‍ഗ്ഗ' എന്നാല്‍ ക്രീയേറ്റീവ് എന്നതാണ് അര്‍ത്ഥം. സര്‍ഗ്ഗയുടെ നേത്യത്ത്വത്തില്‍ മലയാളി കുട്ടികളുടെ കൂട്ടായ്മ കലാശക്കൊട്ട് ഡല്‍ഹിയിലെ ഹര്‍ക്കിഷന്‍ സിംഗ് സുര്‍ജിത്ത് ഭവനില്‍ നടന്നു. വിദ്യാര്‍ത്ഥികളുടെ പാട്ടും ന്യത്തവും കൂടാതെ പ്രൊഫഷണല്‍ സംഗീതജ്ഞരുടെ സംഗീതനിശയും ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് എന്നും പുതിയ ആശയങ്ങളും പദ്ധതികളും ആവിഷ്കരിക്കുക നടപ്പാക്കുക എന്നതാണ് 'സര്‍ഗ്ഗ' യുടെ പ്രധാന ലക്ഷ്യങ്ങള്‍. നിലവില്‍ ഒന്നാം വര്‍ഷം മുതല്‍ നാലാം വരെയുള്ള ഡിഗ്രി വിദ്യാര്‍ത്ഥികള്‍ മാത്രം എടുത്താല്‍ 'സര്‍ഗ്ഗ ' യുടെ കീഴില്‍ 2500 - ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു വരുന്നു. ഇതിലുപരി പി.ജി, നിയമ വിദ്യാര്‍ത്ഥികള്‍ അല്ലാതെയും ഉള്‍പ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികശേഷി, മാനസികാരോഗ്യം നിരവധി ഘടകങ്ങളെ പരിഗണിക്കുകയും ഇവയൊക്കെ കുട്ടികലേക്ക് ലഭിക്കുന്നെണ്ടന്ന് ഉറപ്പ് വരുത്തുകയും ചെയുക എന്നത് 'സര്‍ഗ്ഗ ' യുടെ പ്രവര്‍ത്തി ലക്ഷ്യം. 'സര്‍ഗ്ഗ' യുടെ സ്കോളര്‍ഷിപ് സെല്‍, മെന്‍റല്‍ ഹെല്‍ത്ത് സപ്പോര്‍ട്ട് സെല്‍ തുടങ്ങിയവ മലയാളി വിദ്യാര്‍ത്ഥി സമൂഹത്തിന് ഏറെ ഗുണം ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥികളില്‍ മാനസികാരോഗ്യ പിന്തുണ അവശ്യമായി വരുമ്പോള്‍ 'കൂടെ ' എന്ന പേരില്‍ തുടങ്ങിയ മെന്‍റല്‍ ഹെല്‍ത്ത് സപ്പോര്‍ട്ട് സെല്‍ ശ്രദ്ധേയമാണ്. കുട്ടികളെ കേള്‍ക്കുവാനും സഹായിക്കുവാനും എപ്പോഴും സജ്ജമാണ് സര്‍ഗ്ഗയുടെ പ്രവര്‍ത്തകര്‍. ഇത് മറ്റ് ക്യാമ്പസുകള്‍ മാത്യകയാക്കുന്നു എന്നത് ഈ പദ്ധതിയുടെ സ്വീകാര്യതയാണ്.
മുസിരിസ് കേരള ഫെസ്റ്റിവല്‍
ഡല്‍ഹിയിലെ ഏറ്റവും വലിയ കേരള ക്യാംപസ് കലോത്സവമായ മുസിരിസ് കേരള ഫെസ്റ്റിവല്‍ ശ്രദ്ധേയമായി. ജാമിയ മിലിയ ഇസ്ലാമിയയിലെ മലയാളി വിദ്യാര്‍ഥി കൂട്ടായ്മയായ 'സ്മൃതി' സംഘടിപ്പിക്കുന്ന മുസിരിസിന്‍റെ ഒന്‍പതാം പതിപ്പാണ് ക്യാംപസില്‍ നടന്നത്. 'സ്നേഹത്തിന്‍റെ സാര്‍വത്രിക ഭാഷ; കേരളത്തിന്‍റെ കഥകള്‍' എന്നതാണു പ്രമേയം. നാടന്‍ പാട്ടുകളിലൂടെയും കലകളിലൂടെയും കേരളം ഉയര്‍ത്തിപ്പിടിക്കുന്ന സഹിഷ്ണുതയുടെയും സ്നേഹത്തിന്‍റെയും മാതൃക ലോകത്തിനു പരിചയപ്പെടുത്തുക എന്നതാണു മുസിരിസിന്‍റെ പ്രധാന ലക്ഷ്യം. ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍, കഥ പറച്ചില്‍, ഫിലിം ഫെസ്റ്റിവല്‍, ഫൊട്ടോഗ്രഫി പ്രദര്‍ശനം, ഫൊട്ടോഗ്രഫി വര്‍ക്ക് ഷോപ്പ്, തെയ്യം, മോഹിനിയാട്ടം, ഒപ്പന, കോല്‍ക്കളി, കേരളീയ രുചികള്‍ വിളമ്പുന്ന ഫൂഡ് സ്റ്റാളുകളും കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. മുസരീസ് ഫെസ്റ്റിന്‍റെ ഭാഗമായി നടന്ന സാംസ്കാരിക ഘോഷയാത്ര ക്യാമ്പസിലെ മലയാളി വിദ്യാത്ഥികളുടെ ശക്തി വിളിച്ചോതുന്നതായിരുന്നു.
മൈത്രിയുടെ മൈത്രിയോത്സവം
കലയും സംവാദങ്ങളും ഒന്നിച്ചു വേദിയിലെത്തുന്ന 'മൈത്രിയോത്സവം' വിവാദങ്ങള്‍ക്കൊടുവിലാണ് നടന്നത്. 20 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥിക്കൂട്ടായ്മയായ മൈത്രിയാണ് 'മൈത്രിയോത്സവം' ഒരുക്കിയത്. ഡല്‍ഹിയിലെ ഹര്‍ക്കിഷന്‍ സിംഗ് സുര്‍ജിത് ഭവനിലെ പരിപാടിയില്‍ സാഹിത്യോത്സവത്തിനൊപ്പം സാംസ്കാരിക പരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവയും നടത്തി. ഡല്‍ഹി സര്‍വകലാശാല ക്യാംപസില്‍ നടത്താനിരുന്ന പരിപാടിക്ക് അധികൃതര്‍ വേദി നിഷേധിച്ചതു വിവാദമായിരുന്നു. 'ദേശവിരുദ്ധ പരിപാടി' എന്ന് ആരോപിച്ചാണ് വേദി നിഷേധിച്ചതെന്ന് മൈത്രി ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ന്നാണ് പരിപാടി ഹര്‍ക്കിഷന്‍ സിംഗ് സുര്‍ജിത് ഭവനില്‍ നടത്തിയത്. മൈത്രിയോത്സവത്തിന്‍റെ ആദ്യ ദിവസം മലയാള ഭാഷയ്ക്കും സാഹിത്യത്തിനുമായി മാറ്റി വെച്ചിരിക്കുകയായിരുന്നു. വേരുകള്‍, വഴികള്‍, വാക്കുകള്‍: കുടിയേറ്റത്തില്‍ മറയുന്ന ജീവിതങ്ങളും മലയാളിത്യവും എന്നതായിരുന്നു ആദ്യ ചര്‍ച്ചാ വിഷയം. സുപ്രീം കോര്‍ട്ട് അഡ്വക്കേറ്റ് സുല്‍ഫിക്കര്‍ അലിയും, ഡല്‍ഹി സര്‍വ്വകലാശാല അദ്ധ്യാപകനും എഴുത്തുകാരനുമായ പി കൃഷ്ണനുണ്ണിയും കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥുമായിരുന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. അണ്‍ജെന്‍ററിംഗ് ദി സ്സ്റ്റിഗ്മാസ് എന്ന വിഷയത്തില്‍ ഡോക്ടര്‍ ജിഷ എം. ആര്‍, രേഖ രാജ്, ജുനൈദ് റഫീഖ് എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. ആഘോഷിക്കപ്പെടുന്ന അരാഷ്ട്രിയത ശരിയോ തെറ്റോ എന്ന വിഷയത്തില്‍ കെ. എം. ഷബ്ന, മെഹിന ഫാത്തിമ, നെഹിത കെ. പി., റിയ പി. വി, ഹൂഡ അസ്ലം എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ക്യാമറ കണ്ണുകളും ജീവിതഗാഥകളും എന്ന വിഷയത്തില്‍ വൈശാഖ് ജയപാലിനും, സഫ്വാന്‍ കുടുക്കന്‍ എന്നിവര്‍ പങ്കെടുത്തു. പോര്‍ക്കാലങ്ങളിലെ ജീവിതം പേറുന്നവര്‍ എന്ന വിഷയത്തില്‍ സച്ചിന്‍ എന്‍, അഡ്വക്കേറ്റ് സിന്ധു ദിനേശ്, അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രനും പങ്കെടുത്തു. വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച ഒപ്പന മുതല്‍ നിരവധി കലാപരിപാടികളും പരിപാടിയുടെ ഭാഗമായി നടക്കുകയുണ്ടായി.
വിഷു ഈസ്റ്റര്‍ റംസാന്‍ ആഘോഷം.
വര്‍ത്തമാനകാലത്ത് മലയാളി മാത്രം ചിന്തിക്കുന്ന ഒരു ആഘോഷം രാജസ്ഥാനിലെ ബിവാഡിയില്‍ നടന്നു. വിഷു ഈസ്റ്റര്‍ റംസാന്‍ ആഘോഷം. ആള്‍ ഇന്ത്യ മലയാളി അസോസിയഷന്‍ രാജസ്ഥാന്‍ യൂണിറ്റും, ബിവാഡി മലയാളി വെല്‍ഫെയര്‍ സമാജും ചേര്‍ന്നാണ് ബിവാഡി കമ്മ്യൂണിറ്റി സെന്‍ററില്‍ പരിപാടി സംഘടിപ്പിച്ചത്. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ പരസ്പരം പഴിചാരുകയും കൊലപാതകങ്ങള്‍ വരെ നടക്കുകയും നടക്കുന്ന നാട്ടിലാണ് ഇങ്ങനെ ഒരു പരിപാടിയുണ്ടായത്. കേരളത്തില്‍ പള്ളിമുറ്റത്ത് ഒരു ക്ഷേത്ര പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം പാടിയതിന് വരെ വിവാദം ഉണ്ടാക്കിയത് സമീപകാലത്താണ്. ഇവിടെ നടന്ന ചടങ്ങില്‍ എല്ലാ മതങ്ങളില്‍ പെട്ടവരുടെയും പാട്ടുകള്‍ പാടുകയുണ്ടായി എന്നുള്ളത് ശ്രദ്ധേയമാണ്. ജാതിമത വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ആളുകളും ഒത്തുചേര്‍ന്ന് പരിപാടി നടത്തുന്നത് ചിലര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെ ഒരു പരിപാടി നടത്തുവാന്‍ മുന്നോട്ടുവന്ന സംഘാടകര്‍ക്ക് കേരള ശബ്ദത്തിന്‍റെ അഭിനന്ദനങ്ങള്‍.


