എക്സിറ്റ് പോളും, എക്സാറ്റ് പോളും

എക്സിറ്റ് പോളും, എക്സാറ്റ് പോളും

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. ഏപ്രില്‍ 9 ന് തിരഞ്ഞെടുപ്പ് നടപടി കഴിഞ്ഞത് മുതല്‍ സ്ഥാനാര്‍ത്ഥികളും, രാഷ്ട്രീയ പാര്‍ട്ടികളും, രാഷ്ട്രീയ തത്പരരും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യുകയാണ്. വോട്ടുകള്‍ എണ്ണും മുന്‍പ് സങ്കല്‍പ്പ എണ്ണലുകള്‍ നടത്തുകയാണ്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ആര്‍ക്കും ആരെയും ജയിപ്പിക്കാം എന്നുള്ള സ്ഥിതി ഇന്നുണ്ട്. മുഖ്യമന്ത്രിമാരാകാന്‍ തുനിഞ്ഞിറങ്ങിയവരുടെ വാര്‍ത്തകള്‍ നമ്മള്‍ കാണുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഫലപ്രഖ്യാപനത്തിന് മുന്‍പേ വകുപ്പ് വിഭജനം തൊട്ട് സെക്രട്ടറി നിയമനം വരെ ധാരണയിലെത്തിയ ചരിതം പിന്നാമ്പുറ വര്‍ത്തമാനങ്ങളിലുണ്ട്. വിജയസാധ്യതയുള്ളവരെയാണല്ലോ എല്ലാ പാര്‍ട്ടിക്കാരും നിര്‍ത്തുന്നത്. അതുകൊണ്ട് എല്ലാ പാര്‍ട്ടിക്കാര്‍ക്കും തങ്ങളുടെ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് ആവേശത്തില്‍ പറയുവാനുള്ള സ്വാതന്ത്ര്യവും എണ്ണുന്നതിന് മുമ്പ് ഉണ്ട്. അത് നിഷേധിക്കാന്‍ പാടുള്ളതല്ല. എന്നാല്‍ മെയ് നാലിന് തിരഞ്ഞെടുപ്പിന്‍റെ വോട്ട് എണ്ണിക്കഴിഞ്ഞാല്‍ യഥാര്‍ത്ഥ വിജയിയെ പ്രഖ്യാപിക്കുമ്പോള്‍ മുന്‍പ് പറഞ്ഞ എല്ലാ വിജയികളും ജയിച്ചു കൊള്ളണമെന്നില്ല. പരാജയപ്പെടും എന്ന് പ്രഖ്യാപിക്കപ്പെട്ട പലരും വിജയിക്കുകയും ചെയ്യും.

തിരഞ്ഞെടുപ്പ് പ്രവചനങ്ങളുടെയും ഒപ്പീനിയന്‍ പോളുകളുടെയും ചരിത്രം ആരംഭിക്കുന്നത് അമേരിക്കയിലാണ്. വോട്ടര്‍മാരുടെ മനസ്സ് മുന്‍കൂട്ടി അറിയാനുള്ള ശ്രമങ്ങള്‍ പത്രപ്രവര്‍ത്തനത്തിന്‍റെയും സാമൂഹിക ശാസ്ത്രത്തിന്‍റെയും വളര്‍ച്ചയ്ക്കൊപ്പം വികസിച്ചു. 1800-കളുടെ തുടക്കത്തില്‍, 19ാം നൂറ്റാണ്ടില്‍, അമേരിക്കയില്‍ പത്രങ്ങളില്‍ വോട്ടര്‍മാരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച് 'സ്ട്രോ പോള്‍സ്' എന്ന പേരില്‍ ഫലം പ്രവചിക്കാന്‍ ശ്രമിച്ചിരുന്നു. 1916 മുതല്‍ 1936 വരെയുള്ള ലിറ്റററി ഡൈജസ്റ്റ് കാലഘട്ടത്തില്‍ അമേരിക്കന്‍ മാസികയായ 'ലിറ്റററി ഡൈജസ്റ്റ്' വന്‍തോതില്‍ വോട്ടര്‍മാരോട് ചോദിച്ചു മനസ്സിലാക്കി പ്രവചനം നടത്തിയിരുന്നു. എന്നാല്‍ 1936-ലെ യുഎസ് തിരഞ്ഞെടുപ്പില്‍ ഇവരുടെ പ്രവചനം തെറ്റിയതോടെ വിശ്വാസ്യത നഷ്ടപ്പെട്ടു. 1936ലാണ് ശാസ്ത്രീയ പോളിംഗിന് തുടക്കമായത് എന്ന് ചരിത്രം കുറിച്ചിടുന്നു. ജോര്‍ജ്ജ് ഗാലപ്പ് ശാസ്ത്രീയമായ സാമ്പിള്‍ രീതി ഉപയോഗിച്ച് പ്രവചനം നടത്തി വിജയിച്ചു. ലിറ്റററി ഡൈജസ്റ്റിന്‍റെ പരാജയത്തോടെ ശാസ്ത്രീയ പോളിംഗ് ജനപ്രിയമായി. 

ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ സജീവമായത് 1960-കള്‍ക്കും 70-കള്‍ക്കും ശേഷമാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വാതന്ത്ര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ ഉറപ്പാക്കുമ്പോള്‍, മാധ്യമങ്ങള്‍ വോട്ടര്‍ പ്രവണതകള്‍ പഠിക്കാന്‍ പോളുകള്‍ ഉപയോഗിക്കുന്നു. എക്സിറ്റ് പോളുകള്‍ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുന്നവരോട് ചോദിക്കുന്ന രീതി 1980-കള്‍ക്ക് ശേഷം പ്രചാരത്തിലായി. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രവചനങ്ങളുടെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട പേരാണ് പ്രണോയ് റോയ്. എന്‍.ഡി.ടി.വിയുടെ സ്ഥാപകനായ അദ്ദേഹമാണ് ആദ്യമായി ശാസ്ത്രീയമായ രീതികളും ഡാറ്റാ അനലിറ്റിക്സും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിച്ചത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രവചനങ്ങളെ കൂടുതല്‍ വിശ്വാസയോഗ്യവും ശാസ്ത്രീയവുമാക്കിയ വ്യക്തിത്വമാണ് പ്രണോയ് റോയ്. എന്‍.ഡി.ടി.വി യാണ് ഇന്ത്യയില്‍ എക്സിറ്റ് പോളുകള്‍ ജനകീയമാക്കിയത് എന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല. ശാസ്ത്രീയമായ വിശകലനമായത് കൊണ്ടും, രാഷ്ട്രീയമായി പക്ഷപാതമില്ലാത്തത് കൊണ്ടും, എന്‍.ഡി.ടി.വി നടത്തിയ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളോട് വളരെ അടുത്തു നില്‍ക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങള്‍ എന്‍.ഡി.ടി.വി പ്രവചനങ്ങള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. 

ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് വിശകലനം അഥവാ സെഫോളജി ഒരു ശാസ്ത്രീയ പഠനശാഖയായി വളര്‍ത്തിയെടുക്കുന്നതില്‍ പ്രണോയ് റോയ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കേവലം ഊഹങ്ങളെക്കാള്‍ ഉപരിയായി, ഡാറ്റാ അടിസ്ഥാനമാക്കി മുന്‍കാല വോട്ടിംഗ് ശതമാനങ്ങള്‍, സാമൂഹിക ഘടന, മണ്ഡലങ്ങളിലെ പ്രത്യേകതകള്‍ എന്നിവ വിശകലനം ചെയ്താണ് അദ്ദേഹം പ്രവചനങ്ങള്‍ നടത്തിയിരുന്നത്. 1980-കള്‍ മുതല്‍ 2000-കളുടെ പകുതി വരെ തിരഞ്ഞെടുപ്പ് രാത്രികളില്‍ അദ്ദേഹത്തിന്‍റെ പ്രവചനങ്ങള്‍ വളരെ കൃത്യതയുള്ളതായിരുന്നു. തിരഞ്ഞെടുപ്പ് കണക്കുകളെക്കുറിച്ച് അദ്ദേഹം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 

പ്രണോയ് റോയുടെ പ്രവചന പരിപാടികള്‍ വന്‍ ഹിറ്റായതോടുകൂടി മറ്റുപലരും ഈ രംഗത്തേക്ക് കടന്നു വരികയുണ്ടായി. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചവര്‍ വരെ സ്വതന്ത്രരായി തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ നടത്തി തുടങ്ങി. വ്യക്തികളില്‍ നിന്ന് കമ്പനികളായി പ്രവചന പരിപാടികള്‍ നടത്തുവാന്‍ തുടങ്ങിയതോടുകൂടി ഈ പരിപാടിയുടെ സ്വഭാവം തന്നെ മാറുകയായിരുന്നു. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളും സ്വാധീനം ഉപയോഗിച്ച് ഓരോ പ്രവചന കമ്പനികള്‍ രൂപീകരിക്കുകയും അവര്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രവചനങ്ങള്‍ വളരെ മുന്‍കൂട്ടി തന്നെ ചെയ്യുകയും ചെയ്തു എന്നുള്ളത് ചരിത്രമാണ്. എക്സിറ്റ് പോളുകള്‍ നടത്തുന്ന വിവധ സംഘടനകളും സ്ഥാപനങ്ങളുമുണ്ട്.. ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി, തങ്ങള്‍ നിഷ്കര്‍ഷിക്കുന്ന ഒരു പ്രത്യേക കാലയളവിലേക്ക് എക്സിറ്റ്, അഭിപ്രായ വോട്ടെടുപ്പുകളില്‍ നിരോധനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് 2004ല്‍ ആറു ദേശീയ പാര്‍ട്ടികളുടെയും പതിനെട്ടു സംസ്ഥാന പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് കമ്മിഷനും നിയമ മന്ത്രാലയത്തിനും മുന്നില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തെ മന്ത്രാലയം ഭാഗികമായി അംഗീകരിക്കുകയും ഫെബ്രുവരി 2010ല്‍, ജനപ്രാതിനിധ്യ നിയമത്തില്‍ 126(എ) എന്ന സെക്ഷന്‍ അവതരിപ്പിക്കുക വഴി എക്സിറ്റ് പോളുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. വ്യാജമായി ഡാറ്റ അനലൈസ് ചെയ്ത് പ്രവചനങ്ങള്‍ നടത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നു എന്നുള്ള വ്യാപക പരാതിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ പ്രവചനങ്ങള്‍ ഇലക്ഷന്‍ കഴിഞ്ഞതിനുശേഷം മതി എന്നുള്ള തീരുമാനത്തിലെത്തിയത് എടുത്തു പറയേണ്ട കാര്യമാണ്. 

ഇപ്പോള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ പ്രവചനങ്ങള്‍ നടക്കുന്നത്. എന്നിരുന്നാല്‍ പോലും തിരഞ്ഞെടുപ്പിന്‍റെ ട്രെന്‍ഡുകള്‍ എന്നുള്ള പേരില്‍ തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ പലരും വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലേക്ക് നീങ്ങുന്നു എന്നുള്ളതും സൂചിപ്പിക്കേണ്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് ഫലത്തിനു മുമ്പായി പലരും പ്രവചനങ്ങള്‍ നടത്തുകയും അത് വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുകയും ചെയ്തിട്ടുള്ളത് നമ്മള്‍ കഴിഞ്ഞ കുറെ നാളുകളായി കാണുന്നുമുണ്ട്. എന്നാല്‍ സമീപകാലത്ത് നടക്കുന്ന എല്ലാ പ്രവചനങ്ങളും തെറ്റിച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ കഴിഞ്ഞുള്ള ഫലം ഉണ്ടാകുന്നത് എന്നുള്ളത് പറയാതിരിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ ചില ട്രെന്‍ഡുകള്‍ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നു എന്നുള്ളത് മറ്റൊരു വസ്തുതയാണ്. എന്തായാലും തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ ചിലര്‍ക്ക് ആശ്വാസവും സമാധാനവും ഉണ്ടാക്കുന്നു എന്നുള്ളത് ഒരു വലിയ കാര്യമായി തന്നെ പരിഗണിക്കാം. അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പ്രവചിക്കുന്നവര്‍ മൗനം പാലിക്കുന്നത് ആശങ്ക ഉളവാക്കുന്ന ഒന്നാണ്. തിരഞ്ഞെടുപ്പ് ട്രന്‍റുകളായാലും, പ്രവചനമായാലും ഇപ്പോള്‍ വിശ്വാസയോഗ്യമല്ല എന്ന് പറയേണ്ടിയാരിക്കുന്നു.

ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ലോക്സഭ തിരഞ്ഞെടുപ്പ് നടന്ന 2024ലെ തിരന്തെടുപ്പ് പ്രവചനങ്ങള്‍. എന്‍.ഡി,.ഐയുടെ മുദ്രാവാക്യമായായിരുന്നു 'ഇസ് ബാര്‍ 400-പാര്‍'. 2024 ലെ ഇന്ത്യന്‍ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി, എക്സിറ്റ് പോളുകള്‍ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തി. പലതും എന്‍ഡിഎയ്ക്ക് വന്‍ ഭൂരിപക്ഷം പ്രവചിക്കുകയും ചിലര്‍ '400-പാര്‍' ഫലം പ്രവചിക്കുകയും ചെയ്തു. വോട്ടെണ്ണല്‍ ദിവസത്തിന് മുന്നോടിയായി ഈ പ്രവചനങ്ങള്‍ രാഷ്ട്രീയ സന്ദേശങ്ങളെയും വിപണി വികാരത്തെയും രൂപപ്പെടുത്തി. യഥാര്‍ത്ഥ ഫലങ്ങള്‍ കുത്തനെ മാറി. എന്‍.ഡി.എ 293 സീറ്റുകള്‍ നേടി ഫിനിഷ് ചെയ്തു. അതേസമയം ബിജെപി 240 സീറ്റുകള്‍ നേടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയില്ല. ഇന്ത്യാ ബ്ലോക്കിന്‍റെ 235 സീറ്റുകള്‍ പ്രവചനങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം കൂടുതല്‍ അടിവരയിടുന്നു, ഇത് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗ് പിഴവുകളില്‍ ഒന്നാക്കി മാറ്റി.

ഇന്ന് ഡിജിറ്റല്‍ യുഗമാണ്. ഡാറ്റാ അനലിറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എ.ഐ) എന്നിവ ഉപയോഗിച്ചാണ് പ്രവചനങ്ങള്‍ നടത്തുന്നത്. എങ്കിലും, പ്രവചനങ്ങള്‍ പലപ്പോഴും തെറ്റാറുമുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വികസനപരമായ ചര്‍ച്ചകളും രാഷ്ട്രീയ മാറ്റങ്ങളും ഈ പ്രവചനങ്ങളെ സ്വാധീനിക്കുന്നു. കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് പ്രവചനങ്ങളില്‍ എത്രയെല്ലാം ശരിയാകും എന്നുള്ളത് 24 മണിക്കൂറിനുള്ളില്‍ നാം അറിഞ്ഞു തുടങ്ങും. യുഡിഎഫിന് 100 സീറ്റ് കിട്ടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതോടുകൂടി അണികളില്‍ ഒരു ആരവം ഉണ്ടായിട്ടുണ്ട് എന്നുള്ളത് വ്യക്തം. വനവാസത്തിന് പോകും, തല മൊട്ടയടിക്കും, രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തും തുടങ്ങി എത്ര എത്ര പ്രഖ്യാപനങ്ങളാണ് നടന്നിട്ടുള്ളത്. പ്രതിപക്ഷ നേതാവിന്‍റെ പ്രഖ്യാപനത്തോടെ പ്രവചനങ്ങള്‍ ആ വഴിക്ക് തന്നെയാണ് നീങ്ങുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാരിനെ നയിക്കാനുള്ള മുഖ്യമന്ത്രി കുപ്പായം എത്രയോ പേര്‍ തയ്ച്ചു കഴിഞ്ഞിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ കേരളമാര് ഭരിക്കും എന്നുള്ളത് നമുക്ക് നാളെ അറിയാം. എക്സിറ്റ് പോളും എക്സാറ്റ് പോളും എന്തായിരിക്കും എന്നുള്ളത് നമുക്ക് നാളെ ചര്‍ച്ച ചെയ്യാമല്ലോ...