വീണ്ടും ചില തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍
വിജയ് ചൗക്ക്
സുധീര്‍ നാഥ്
തിരഞ്ഞെടുപ്പുകള്‍ ഓരോന്നും ഒട്ടേറെ വിശേഷങ്ങള്‍ നിറഞ്ഞതാണ്. വൈവിധ്യങ്ങളായ ഒട്ടേറെ വിഷയങ്ങള്‍ ഓരോ തിരഞ്ഞെടുപ്പുകളിലും കാണും. സംഘര്‍ഷങ്ങളുടെ കഥ, മണ്ടത്തരങ്ങളുടെ കഥ, ചതിയുടേയും വഞ്ചനയുടേയും കഥ, കൂറ്മാറ്റ കഥ, ചരിത്രം മാറ്റിയ കഥ, ഇങ്ങനെ എന്തെല്ലാം കഥകളാണെന്നോ ഓരോ തിരഞ്ഞെടുപ്പം സമ്മാനിക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ തന്നെ ധാരാളമായുണ്ട്. അതില്‍ പൊതുസമൂഹം അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചരിത്ര സത്യങ്ങള്‍ ഇവിടെ രേഖപ്പെടുത്തുന്നു
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ ജനാധിപത്യ കേരളത്തിന്‍റെ ഭരണം നിര്‍വഹണത്തില്‍ തിരഞ്ഞെടുപ്പുകള്‍ ഉണ്ടായിരുന്നു എന്ന് ചരിത്രം വ്യക്തമാക്കുന്നു. ജനാധിപത്യ ഭരണക്രമങ്ങളുടെ പല മാതൃകകളും കേരളത്തില്‍ സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ പരീക്ഷിച്ചതാണ്. തിരുവിതാംകൂര്‍ ഭരണാധികാരിയുടെ പരീക്ഷണങ്ങളാണ് കേരള നിയമസഭയുടെ പിറവിക്കുപോലും തുടക്കമിട്ടത് എന്നാണ് പറയുന്നത്. ആദ്യമായി നിയമനിര്‍മാണസഭ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി തുടക്കം കുറിക്കുന്നതും തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുന്നാള്‍ രാമവര്‍മ്മയുടെ വിളമ്പരത്തെ തുടര്‍ന്നാണ്. 1888 മാര്‍ച്ച് 30ന് എട്ട് അംഗങ്ങളുള്ള ലജിസ്ലേറ്റീവ് കൗണ്‍സിലിന് തിരുവിതാംകൂറില്‍ മഹാരാജാവ് രൂപം നല്‍കുകയുണ്ടായി എന്ന് ചരിത്രം പറയുന്നു. മൂന്നുവര്‍ഷം കാലാവധി ഉണ്ടായിരുന്ന കൗണ്‍സിലിന്‍റെ ആദ്യ യോഗം തിരുവതാംകൂര്‍ ദിവാന്‍റെ മുറിയില്‍ ആയിരുന്നു കുടിയിരുന്നത്. 1888 മുതല്‍ 1891 വരെയുള്ള കാലാവധിക്കുള്ളില്‍ 32 തവണയാണ് കൗണ്‍സില്‍ സമ്മേളിച്ചത്. ശരിയായ ജനാധിപത്യ സംവിധാനമായി ഈ ലെജിസ്ലേറ്റീവ് കൗണ്‍സിലിനെ കാണുവാന്‍ സാധിക്കില്ലെങ്കിലും ഇതൊരു തുടക്കമായി പരിഗണിക്കേണ്ടതായുണ്ട്. 1891ല്‍ ഭരണത്തില്‍ കൂടുതല്‍ പ്രാധിനിത്യം ലഭിക്കാന്‍ മലയാളി മെമ്മോറിയല്‍ എന്ന ചരിത്രപരമായ രേഖ ഒപ്പുവെയ്ക്കുകയുണ്ടായി. 1898ല്‍ ലജിസ്ലേറ്റീവ് കൗണ്‍സിലിന്‍റെ എണ്ണം പതിനഞ്ചായി ഉയര്‍ത്തി.
ലജിസ്ലേറ്റീവ് കൗണ്‍സിലിന്‍റെ പോരായ്മകള്‍ വ്യാപകമായി ചര്‍ച്ചയായി. അത് കാരണം 1904ല്‍ തിരുവിതാംകൂര്‍ രാജാവ് വിപുലമായ 'ശ്രീമൂലം പ്രജാസഭ' എന്ന പേരില്‍ മറ്റൊരു പ്രതിനിധി സഭയ്ക്ക് രൂപം നല്‍കി. പ്രജാസഭയില്‍ അംഗമാവാന്‍ സാമ്പത്തികമായിരുന്നു പ്രധാന മാനദണ്ഡം. നൂറംഗങ്ങളുള്ള സഭയില്‍ വാര്‍ഷിക വരുമാനമായിരുന്നു പ്രധാനമായി നോക്കിയിരുന്നത്. ഭൂവുടമകളുടെയും വ്യാപാരികളുടെയും പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയായി പ്രജാസഭ മാറി. നൂറു രൂപയെങ്കിലും വാര്‍ഷിക ഭൂനികുതി ഇനത്തില്‍ നല്‍കുന്ന വ്യാപാരികളെയും 6000 രൂപയ്ക്കു മുകളില്‍ വാര്‍ഷിക വരുമാനമുള്ള ഭൂവുടമകളെയുമാണ് സഭയിലേക്ക് തിരഞ്ഞെടുത്തിരുന്നത്. ഓരോ താലൂക്കില്‍ നിന്നും ഈരണ്ട് പ്രതിനിധികള്‍ വീതം ജില്ലാ ഭരണാധികാരികള്‍ നാമനിര്‍ദ്ദേശം ചെയ്താണ് പ്രജാസഭാംഗങ്ങളെ തിരഞ്ഞെടുത്തത്.
1905 മെയ് ഒന്നിന് സുപ്രധാനമായ ഒരു വിളംബരത്തിലൂടെ പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശം രാജാവ് ജനങ്ങള്‍ക്ക് നല്‍കി. എന്നാല്‍ ഇവിടെയും വരുമാനവും വിദ്യാഭ്യാസ യോഗ്യതകളുമാണ് വോട്ടവകാശത്തെ നിര്‍ണ്ണയിച്ചത്. 50 രൂപയെങ്കിലും വാര്‍ഷിക ഭൂനികുതിയായി നല്‍കുന്നവര്‍ക്കും അംഗീകൃത സര്‍വ്വകലാശാലാ ബിരുദധാരികള്‍ക്കുമായിരുന്നു വോട്ടവകാശം. ഇപ്രകാരം വോട്ടവകാശമുള്ളവര്‍ പ്രജാസഭയിലെ 100 അംഗങ്ങളില്‍ 77 പേരെ തിരഞ്ഞെടുത്തു. ബാക്കി 23 പേര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു
കൗണ്‍സിലിലേക്ക് മത്സരിക്കാന്‍ പിന്നീടു സ്ത്രീകള്‍ക്ക് അനുവാദം നല്‍കി. നിവര്‍ത്തന പ്രക്ഷോഭത്തെ തുടര്‍ന്ന് ഒരു രൂപ കരം തീരുവയുള്ള എല്ലാവര്‍ക്കും വോട്ടവകാശം ലഭിച്ചു. 1932-ല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിനെ ഉപരിസഭയും ശ്രീമൂലം പ്രജാസഭയെ അധോസഭയുമാക്കി. 1947-ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയതോടെ രണ്ടു സഭകളും ഇല്ലാതായി. പകരം പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍റെ അടിസ്ഥാനത്തില്‍ 1948-ല്‍ 120 അംഗ തിരുവിതാംകൂര്‍ കോണ്‍ഗ്രസ്സ്റ്റിറ്റുവന്‍റ് അസംബ്ലി നിലവില്‍ വന്നു. ഇതും നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായിരുന്നു.
ഇന്ത്യയ്ക്ക് 1947 ആഗസ്റ്റ് മാസം 15ന് സ്വാതന്ത്ര്യം ലഭിച്ചു. ഐക്യകേരളം പിറവിയെടുക്കുന്നതിനു മുന്നോടിയായി, തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനമായി നിലവില്‍ വന്ന ഭൂവിഭാഗമാണ് തിരു-കൊച്ചി. 1949 ജൂലൈ ഒന്നിന് അയല്‍ നാട്ടുരാജ്യങ്ങളായ കൊച്ചിയും തിരുവിതാംകൂറും യോജിച്ച് തിരുകൊച്ചി സംസ്ഥാനം നിലവില്‍ വന്നത് ഐക്യകേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി. ലയനത്തിനനുസൃതമായി നിലവിലുണ്ടായിരുന്ന മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. തിരുക്കൊച്ചിയുടെ തലസ്ഥാനം തിരുവനന്തപുരം ആയിരുന്നു. അന്ന് തിരുവിതാംകൂര്‍ പ്രധാനമന്ത്രിയായിരുന്ന പറവൂര്‍ ടി.കെ. നാരായണപിള്ളയാണ് തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റു. തിരുവിതാംകൂറില്‍ നിന്നുള്ള ഏതാനും മന്ത്രിമാരെ ഒഴിവാക്കി കൊച്ചിയില്‍ നിന്നുള്ള മന്ത്രിമാരെ ഉള്‍പ്പെടുത്തി. ഇരു സംസ്ഥാനങ്ങളിലെയും മൊത്തം 178 അംഗങ്ങള്‍ തിരുകൊച്ചി സഭയിലുണ്ടായിരുന്നു. പിന്നീട് രാജ്യത്തെ ആദ്യ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി 1951-ല്‍ മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിച്ചപ്പോള്‍ നിയമസഭാ സാമാജികരുടെ എണ്ണം 108 ആയി. ഇതിന്‍റെ അടിസ്ഥാനത്തില്‍ തിരുകൊച്ചി നിയമസഭയിലേക്ക് 1951-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എ.ജെ. ജോണിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ ചുരുങ്ങിയ കാലയളവില്‍ മൂന്നു മന്ത്രിസഭകള്‍കൂടി നിലവില്‍വന്നു. പട്ടം താണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോന്‍ എന്നിവര്‍ മുഖ്യമന്ത്രിമാരായി. രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമിട്ട് പനമ്പിള്ളി മന്ത്രിസഭ രാജിവച്ചു. 1956 മാര്‍ച്ച് മൂന്നു മുതല്‍ തിരു-കൊച്ചി രാഷ്ട്രപതി ഭരണത്തിന് കീഴിലായി.
ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്ര സക്കാര്‍ നടപടി തുടിയത് ഈ കാലത്താണ്. സ്വാതന്ത്ര്യ സമരം തുടങ്ങുന്ന കാലം മുതല്‍ക്കേ കേരളത്തില്‍ ഐക്യകേരള പ്രസ്ഥാനം ഉണ്ടായിരുന്നു. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉള്‍പ്പെടുത്തി കേരളം എന്ന ഒരൊറ്റ സംസ്ഥാനം രൂപീകരിക്കുന്നതിനായി നിലകൊണ്ട ഒരു പ്രസ്ഥാനമാണ് ഐക്യകേരള പ്രസ്ഥാനം. സംസ്ഥാന പുനഃസംഘടന നിയമം, 1956 പ്രകാരം, 1956 നവംബര്‍ 1-ന് തിരുവിതാംകൂര്‍-കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും മദ്രാസ് സംസ്ഥാനത്തെ മലബാര്‍ ജില്ലയും (ലാക്കാഡീവ് & മിനിക്കോയ് ദ്വീപുകള്‍ ഒഴികെ) തെക്കന്‍ കാനറ ജില്ലയിലെ കാസര്‍ഗോഡ് താലൂക്കും ലയിപ്പിച്ച് ആധുനിക കേരള സംസ്ഥാനം രൂപീകരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്‍റ് ഉത്തരവായി.
1957 ഫെബ്രുവരി 28 നായിരുന്നു ഒന്നാം കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടന്നത്. 126 സീറ്റുകളില്‍ പതിനൊന്നെണ്ണം പട്ടികജാതി വിഭാഗത്തിനും ഒരെണ്ണം പട്ടികവര്‍ഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിരുന്നു. പന്ത്രണ്ടിടത്ത് രണ്ട് സാമാജികരെ വീതം തിരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു വോട്ടെടുപ്പ്. 7,514,626 വോട്ടര്‍മാരില്‍ 5,837,577 പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. 406 പേര്‍ മത്സരരംഗത്ത് ഉണ്ടായിരുന്നു. 60 സീറ്റുകളില്‍ വിജയിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന എം. ഉമേഷ് റാവു എതിരില്ലാതെയാണ് അന്ന് തിരഞ്ഞെടുക്കപ്പെട്ടത്.
1957 ല്‍ നടന്ന തിരഞ്ഞെടുപ്പ് ചരിത്രത്തിലെ പ്രധാന സംഭവമായിരുന്നു. സംസ്ഥാനത്ത് ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടക്കുകയും ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ പ്രഥമ മന്ത്രിസഭ നിലവില്‍ വരികയും ചെയ്തത് അന്നാണ്. പാര്‍ലമെന്‍ററി സംവിധാനമായ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകൂടിയായിരുന്നു 1957ല്‍ കേരളത്തില്‍ നിലവില്‍ വന്നത്. എന്തായാലും ആദ്യ മന്ത്രിസഭയ്ക്ക് ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും രാഷ്ട്രപതിയാല്‍ പിരിച്ചു വിടപ്പെട്ടു.
വിദ്യാഭ്യാസബില്‍, ഭൂപരിഷ്കകരണ നിയമം തുടങ്ങിയ പുരോഗമനപരിപാടികള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുവെങ്കിലും ഈ മന്ത്രിസഭക്ക് അഞ്ചുവര്‍ഷം തികച്ചും ഭരിക്കാനായില്ല. വിദ്യാഭ്യാസബില്ലിനെ ആയുധമാക്കി പ്രതിപക്ഷ-സാമുദായിക കക്ഷികള്‍ സര്‍ക്കാരിനെതിരേ പ്രക്ഷോഭം ആരംഭിച്ചു. വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനോടുള്ള എതിര്‍പ്പ് അതിന്‍റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കാരണമായിരുന്നു. കേരള സംസ്ഥാനത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരായി 1958-ല്‍ ആരംഭിച്ച രാഷ്ട്രീയപ്രക്ഷോഭമായിരുന്നു വിമോചനസമരം. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ നടന്ന ഈ പ്രക്ഷോഭം 1959-ല്‍ മന്ത്രിസഭയുടെ പുറത്താക്കലില്‍ കലാശിച്ചു. കാര്‍ഷിക നിയമത്തിലൂടെ തങ്ങളുടെ കൈവശംഉള്ള കണക്കില്ലാത്ത ഭൂമി കൈമോശം വരുമെന്നു മനസ്സിലാക്കിയ സമ്പന്നവര്‍ഗ്ഗവും വിമോചനസമരം എന്ന പേരില്‍ നടന്ന ഈ പ്രക്ഷോഭത്തെ കൈയ്യയച്ച് സഹായിച്ചിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റിതര കക്ഷികളെല്ലാം തന്നെ ആ സമരത്തില്‍ പങ്കാളികളായി. കേരളസംസ്ഥാനത്തെ ഭരണസമ്പ്രദായം ആകെ തകര്‍ന്നുവെന്ന് ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിച്ചു. 1959 ജൂലൈ 31 ആം തീയതി ഭരണഘടനയുടെ 356 ആം വകുപ്പനുസരിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ രാഷ്ട്രപതി പിരിച്ചുവിടുകയും, അധികാരം സ്വയം ഏറ്റെടുക്കുകയും ചെയ്തു.
