പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2024 ഒക്ടോബര്‍ 30
ഡല്‍ഹിലെ വായുമലിനീകരണം രൂക്ഷമായി
പതിവുപോലെ ഡല്‍ഹിയിലേക്ക് കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. വായു മലിനീകരണ തോത് അപകടകരമായ തരത്തിലേയ്ക്ക് ഉയരുന്നു. ജനങ്ങള്‍ വ്യാപകമായി ശ്വാസംമുട്ടല്‍ അനുഭവിക്കുന്നു. കാലങ്ങളായി ദീപാവലി സമയത്ത് വടക്കേ ഇന്ത്യയില്‍ തണുപ്പ് കൂടുക സ്വാഭാവികമാണ്. വായുമലിനീകരണം രൂക്ഷമാകുന്നത് ദീപാവലിയുടെ സമയത്ത് ഡല്‍ഹിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടകരമായ അവസ്ഥയാണ്. ഹരിയാനയിലെയും, പഞ്ചാബിലെയും, രാജസ്ഥാനിലേയും കൃഷിയിടങ്ങളില്‍ കറ്റകള്‍ക്ക് തീയിുന്നെത് മൂലം ഉണ്ടാകുന്ന പുകയില്‍ ശ്വാസം മുട്ടുന്നത് ഡല്‍ഹിയാണ്. മൂടല്‍മഞ്ഞ് പോലെ തോന്നിക്കുമെങ്കിലും അത് ഹരിയാനയുടെയും, പഞ്ചാബിലെയും, രാജസ്ഥാനിലേയും പാടശേഖരങ്ങളില്‍ നിന്ന് പുകയുന്ന പുകയുടെ രൂക്ഷ ഗന്ധം നിറഞ്ഞതാണ്. ഏതൊരു ജീവിക്കും വിശേഷിച്ച് മനുഷ്യനും ശ്വാസം മുട്ടുന്ന രീതിയിലുള്ള സാഹചര്യമുണ്ടാക്കുന്ന പുകനിറഞ്ഞ അന്തരീക്ഷം വളരെ അപകടകരമാണെന്ന് ശാസ്ത്രലോകം കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കൃഷിയിടങ്ങളിലെ ഇത്തരം നടപടികള്‍ക്ക് ഒരിക്കല്‍പോലും ശമനം ഉണ്ടായതായി കരുതുന്നില്ല. കോവിഡ് കാലത്ത് മാത്രമാണ് ഇതിന് അല്പമെങ്കിലും ഒരു കുറവുണ്ടായത്. ഇപ്പോള്‍ ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍ രാവിലെ ശ്വാസംമുട്ടിക്കുന്ന പുകകൊണ്ട് മൂടിയിരിക്കുന്ന കാഴ്ച ഒരു നിത്യ സംഭവമായി മാറിയിരിക്കുന്നു. ജനങ്ങള്‍ക്ക് ശ്വാസംമുട്ടല്‍ രാവിലെ അനുഭവപ്പെടുന്നു എന്നുള്ള വ്യാപക പരാതിയും ഉയര്‍ന്നു വരുന്നുണ്ട്. ഈ ശ്വാസംമുട്ടലില്‍ നിന്ന് ഡല്‍ഹിയെ രക്ഷിക്കുവാനായി കാലങ്ങളായുള്ള ശ്രമങ്ങള്‍ക്ക് വേണ്ട രീതിയിലുള്ള ആശ്വാസ ലഭിക്കുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്. മുന്‍കാലങ്ങളിലേക്കാള്‍ കൂടുതല്‍ അന്തരീക്ഷം മാലിന്യം രൂക്ഷമാകുന്ന കാഴ്ച ശാസ്ത്രലോകം സമൂഹത്തെ കാണിച്ചു കൊണ്ടിരിക്കുന്നുണ്ട്. തുറസ്സായ ഇടങ്ങളില്‍ മാലിന്യം കത്തിക്കുന്നവര്‍ക്ക് ഇനി 5000 രൂപ പിഴ ചുമത്തുമെന്ന് ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. രാജ്യതലസ്ഥാന മേഖലയിലെ വായു ഗുണനിലവാരം മോശമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം. ഡല്‍ഹിയില്‍ ഡീസല്‍ ബസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് കര്‍ശനമായി വിലക്കിയിരിക്കുകയാണ്. ബസ്സുകള്‍ മാത്രമല്ല ഡീസല്‍ വാഹനങ്ങള്‍ക്ക് തന്നെ രാജ്യ തലസ്ഥാനം നിരോധനം ഏര്‍പ്പെടുത്തി കഴിഞ്ഞു. രാജ്യതലസ്ഥാനത്ത് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രചരണം ആരംഭിച്ചിട്ടുണ്ട്. മെട്രോ സര്‍വീസുകള്‍, ഡിടിസി ബസ് സര്‍വീസുകള്‍ തുടങ്ങിയവയുടെ സര്‍വീസുകള്‍ അധികമായി നടത്തുവാന്‍ ധാരണയായിട്ടുണ്ട്. രാജ്യ തലസ്ഥാനത്തെ റസ്റ്റോറന്‍റുകളിലും, ഭക്ഷണശാലകളിലും തന്തൂര്‍ റൊട്ടി ഉള്‍പ്പെടെ ഉണ്ടാക്കുന്നതിന് കല്‍ക്കരി വിറക് തുടങ്ങിയവ ഉപയോഗിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.
റെഡ് ലൈറ്റ് ഓണ്‍ ഗാഡി ഓഫ്
രാജ്യ തലസ്ഥാനത്തെ വായു നിലവാരം അതി രൂക്ഷമായിരിക്കുന്നു. അത് അപകടനിലയില്‍ എത്തിയിരിക്കുന്നു എന്നാണ് ശാസ്ത്രലോകം സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. രാജ്യ തലസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യസ്ഥിതിയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകും എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിരവധി പേരാണ് ശ്വാസതടസ്സം നേരിടുന്നു എന്ന പരാതിയുമായി ആശുപത്രികളില്‍ വൈദ്യസഹായം തേടിയെത്തുന്നത്. ഈ സാഹചര്യത്തിലാണ് വായു മലിനീകരണത്തിന്‍റെ തോത് കുറയ്ക്കുവാന്‍ സര്‍ക്കാര്‍ വ്യാപകമായ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് റെഡ് ലൈറ്റ് ഉള്ള സമയത്ത് വാഹനം ഓഫാക്കണമെന്നുള്ള പ്രചരണം ശക്തിയായി നടപ്പിലാക്കുന്നത്. റെഡ് ലൈറ്റ് ഓണ്‍ ഗാര്‍ഡ് ഓഫ് എന്ന ബോര്‍ഡുകള്‍ പിടിച്ച് രാജ്യതലസ്ഥാനത്തെ റോഡുകളിലെ എല്ലാ റെഡ് ലൈറ്റുകളിലും വോളണ്ടിയര്‍മാര്‍ നില്‍ക്കുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. വാഹനങ്ങളില്‍ നിന്നുള്ള വായു മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഇങ്ങനെ ഒരു പ്രചരണം ഡല്‍ഹിയിലെ ട്രാഫിക് സിഗ്നലുകളില്‍ വോളണ്ടിയര്‍മാര്‍ വാഹനങ്ങള്‍ ഓഫ് ചെയ്യാനുള്ള അഭ്യര്‍ത്ഥനാ ബോര്‍ഡുകളുമായി നില്‍ക്കുന്നത്. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം അന്തരീക്ഷത്തെ രൂക്ഷമായി ബാധിക്കുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലിനീകരണത്തിന്‍റെ ദുരന്തഫലം ഡല്‍ഹിയിലെ ജനങ്ങള്‍ ആണ് അനുഭവിക്കേണ്ടത്. ശൈത്യകാലം അടുക്കുന്നതോടെ മലിനീകരണ ഇതിലും രൂക്ഷമാകും എന്നാണ് പറയുന്നത്.
വീമാനത്തിലെ ബോബ് ഭീഷണി
തുടര്‍ച്ചയായി വീമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ഉണ്ടാകുന്നു. രാജ്യത്ത് വീമാനങ്ങള്‍ക്ക് വ്യാപകമായി ബോംബ് ഭീഷണികള്‍ ഉണ്ടാകുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. വ്യോമയാന രംഗത്ത് ഇന്ത്യ വളരെ വേഗമാണ് വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിലാണ് എല്ലാ ദിവസവും നിരവധി വീമാനങ്ങള്‍ക്ക് ബോംബ് ഭീഷണികള്‍ ഉണ്ടാകുന്നത്. വ്യാമയാന രംഗത്ത് ആശങ്ക ഉണ്ടായിരിക്കുന്നതാണ് ബോംബ് ഭീഷണികള്‍ എന്നതിന് ഒരു സംശയവും വേണ്ട. ഓരോ ആഭ്യന്തര വിമാന സര്‍വീസിനും ശരാശരി ഒന്നരക്കോടിയും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് അഞ്ച് മുതല്‍ അഞ്ചര കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇവ തടസ്സപ്പെട്ടാല്‍ ഓരോ വിമാന സര്‍വീസുകള്‍ക്കും വിവിധ കാരണങ്ങളാല്‍ ഏകദേശം അഭ്യന്തിര സര്‍വ്വീസിന് ഒരു കോടി രൂപയും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് മൂന്നര കോടി രൂപയും നഷ്ടം ഉണ്ടാകും. ജനങ്ങള്‍ ഇപ്പോഴുള്ള ബോംബ് ഭീഷണിയല്‍ പരിഭ്രാന്തരാവുകയും വ്യമയാന രംഗത്ത് യാത്രക്കാരുടെ ഗണ്യമായ കുറവ് സംഭവിക്കുകയും ഉണ്ടായി എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. പതിവില്‍ നിന്ന് വിപരീതമായി ദിവസേന വ്യാജ ബോംബ് ഭീഷണികള്‍ വരുന്നത് ഗൗരവമായി തന്നെയാണ് വ്യാമയാന മന്ത്രാലയം നോക്കിക്കാണുന്നത്. ബോംബ് ഭീഷണികള്‍ ഒന്നുപോലും വിലകുറച്ച് കാണേണ്ട കാര്യമില്ല എന്ന് വ്യാമയാന മന്ത്രാലയത്തിന്‍റെ നിരീക്ഷണം തികച്ചും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതാണ്. യാത്രക്കാരുടെ ആശങ്കകള്‍ അകറ്റാന്‍ മന്ത്രാലയത്തിന്‍റെ തീരുമാനങ്ങള്‍ക്ക് സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ബോംബ് ഭീഷണിയെ തുടര്‍ന്ന് എല്ലാ വിമാനത്തോളങ്ങളിലും സുരക്ഷ ഇരട്ടിപ്പിച്ചിട്ടുണ്ട് എന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച നൂറോളം വിമാനങ്ങള്‍ക്കുള്ള ബോംബ് ഭീഷണികളും വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ ഭീഷണി സന്ദേശമയക്കുന്ന കുറ്റവാളികള്‍ക്ക് നോ ഫ്ളയ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന കര്‍ശന നടപടികളുമായി മുന്നോട്ടു പോകുവാന്‍ ആണ് വ്യാമയാന മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
ബാഗ് രഹിത ദിനങ്ങള്‍
ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പത്ത് ദിവസം ബാഗ്രഹിത ദിനങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഒരുമാസം ഒരു ദിവസം എന്ന കണക്കിലാണ് ബാഗ്രഹിത ദിനങ്ങള്‍ നടപ്പിലാക്കേണ്ടത്. പഠനം വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവും സമ്മര്‍ദ്ദ രഹിതവും ആക്കുന്നതിന് വേണ്ടിയാണ് ബാഗ്രഹിത ദിനങ്ങള്‍ നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് നടപ്പാക്കിയേ തീരൂ എന്ന് നിര്‍ബന്ധമില്ല. ഓരോ സംസ്ഥാനങ്ങള്‍ക്കും അവരുടെ കീഴിലെ വിദ്യാലയങ്ങളോട് നിര്‍ദ്ദശിക്കാം. ഈ ദിവസങ്ങളില്‍ പഠനമല്ലാതെ മറ്റ് വിനോദ പരിപാടികളോ, കായിക കലാ പരിപാടികളോ ആകാം. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അദ്ധ്യായന വര്‍ഷം പത്ത് ദിവസം ബാഗ്രഹിത ദിനങ്ങള്‍ നടപ്പിലാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. പല സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കി കഴിഞ്ഞു.
ഇന്ത്യയുടെ നീതിദേവത കണ്ണുകള്‍ തുറന്നു.
ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ നിന്നും കണ്ണടച്ച്, തുലാസ്സും വാളുമായി നില്‍ക്കുന്ന ജസ്റ്റിഷ്യ ദേവത അപ്രത്യക്ഷമാകുകയാണ്. കണ്ണ് തുറന്നു നില്‍ക്കുന്ന കാരുണ്യ ഭാവമുള്ള ഒരു ഇന്ത്യന്‍ വനിതയാണ് ഇന്ത്യയുടെ പുതിയ നീതി ദേവത. വലത് കൈയ്യില്‍ നീതിയുടെ തുലാസും ഇടത് കൈയ്യില്‍ ഇന്ത്യന്‍ ഭരണഘടനയും പിടിച്ചാണ് നില്‍പ്പ്. ഇന്ത്യന്‍ ദേവത വാള്‍ ഉപേക്ഷിച്ചു. പകരം ഭരണഘടനയെ കൈയ്യിലെടുത്തു. ഭരണഘടന ഒരു പൗരന് അനുവദിക്കുന്ന അവകാശങ്ങള്‍ക്കായി പോരാടും എന്നതാണ് വ്യക്തമാക്കുന്നത്. തുല്യത പ്രാപിച്ച തുലാസ്സിന് മാറ്റമില്ല. ജ്ഞാനം, ധര്‍മ്മം, നീതി എന്നിവയുടെ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ദേവതയിലാണ് എന്ന സങ്കല്‍പ്പത്തില്‍ നിന്നാകാം നീതിക്ക് ദേവനു പകരം ദേവത വന്നത്. സുപ്രിംകോടതി ചീഫ് ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ് പുതിയ നീതി ദേവതയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സുപ്രിംകോടതിയിലെ ജഡ്ജിമാര്‍ക്കുള്ള ലൈബ്രറിയില്‍ പ്രതിമ അനാച്ഛാദനം ചെയ്തു. നേരത്തെ ഉണ്ടായിരുന്ന നീതി ദേവത റോമാക്കാരിയായിരുന്നു. കോളനി ഭരണത്തില്‍ ദേശവാസികളെ മുഖംനോക്കാതെ ശിക്ഷിക്കാന്‍ കണ്ണുംകെട്ടി, വാളുമായി നിന്ന അവരുടെ കണ്ണില്‍ കാരുണ്യമായിരുന്നോ ക്രൂരതയായിരുന്നോ എന്നറിയില്ലായിരുന്നു.
