പകല്‍പ്പൂരം
തൃക്കാക്കര സ്‌ക്കെച്ചസ്-12
സുധീര്‍നാഥ്
ഫോട്ടോ: 2007ലെ ത്യക്കാക്കരയിലെ പകല്‍പ്പൂരം. കടപ്പാട് കുഞ്ഞുമോന്‍
2020 ആഗസ്റ്റ് 30. ഉത്രാടം. ഓണത്തിന് മുന്നോടിയായുള്ള ഉത്രാടപ്പാച്ചില്‍ ഇന്നായിരുന്നു ഉണ്ടാവേണ്ടത്. ഇന്നായിരുന്നു ത്യക്കാക്കര ക്ഷേത്ര ഉത്സവത്തിന്‍റെ ഭാഗമായ പകല്‍പ്പൂരം നടക്കേണ്ടിയിരുന്നത്. ഇത്തവണ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പകല്‍പ്പൂരമില്ല. അതുകൊണ്ട് തന്നെ പഴയ കാല പകല്‍പ്പൂര ഓര്‍മ്മകള്‍ ഓടി എത്തുക സ്വഭാവികം. എല്ലാ മതക്കാരും ഒരുമയോടെ ക്ഷേത്രത്തിലെ പകല്‍പ്പൂരത്തിന് കുടുംബത്തോടെ എത്തുമായിരുന്നു. മുഹമ്മദും കുടുംബവും, തോമസും കുടുംബവും, രാജേന്ദ്രനും കുടുംബവും ഒന്നിച്ച് നിന്ന് പൂരം കാണും. ഇന്ന് പഴയ സ്ഥിതി അല്ല എന്നത് വളരെ വിഷമത്തോടെ എഴുതിച്ചേര്‍ക്കട്ടെ.
ത്യക്കാക്കര ക്ഷേത്രത്തിലെ പകല്‍പ്പൂരം പ്രദേശത്തെ കുട്ടികള്‍ക്ക് ഉത്സവത്തിന്‍റെ ഉത്സവമാണ്. എണ്‍പതുകള്‍ക്ക് മുന്‍പ് മൂന്ന് ആനകളും, പിന്നീട് അഞ്ചും, തൊണ്ണൂറുകളായപ്പോഴേയ്ക്കും ആനകളുടെ എണ്ണം ഒന്‍പതുമായി. എന്തായാലും ത്യക്കാക്കര ക്ഷേത്രപറമ്പില്‍ ആനകളുടെ എണ്ണം പകല്‍ പൂരത്തിന്‍റെ അന്ന് കൂടുതലായിരിക്കും. കുട്ടിയായിരിക്കുമ്പോള്‍ രാവിലെ അമ്പലപറമ്പില്‍ ഓടി എത്തുന്നതും, കൗതുകത്തോടെ ഓരോ ആനകളുടെ അടുത്ത് പോയി നില്‍ക്കുന്നതും ഒരു സംഭവം തന്നെയാണ്. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് വീട്ടില്‍ നിന്ന് അമ്പലപറമ്പില്‍ എത്തിയാല്‍ ആനകള്‍ പൂരത്തിനായി ഒരുങ്ങുന്നത് കാണാം.
ഫോട്ടോ: 1985ലെ ത്യക്കാക്കരയിലെ പകല്‍പ്പൂരം. കടപ്പാട് കുഞ്ഞുമോന്‍
പകല്‍പ്പൂരത്തിന്‍റെ അന്ന് ക്ഷേത്രത്തിന്‍റെ പറമ്പിന് ആനച്ചൂരുണ്ടാകും. ആനപ്പിണ്ടിയും, ആനമൂത്രത്തിന്‍റെ ചൂരും ക്ഷേത്ര പരിസരത്ത് വല്ലാതായി ഉണ്ടായിരുന്നു. ഉത്സവത്തിന്‍റെ മണമായിരിക്കും അതെന്ന് കുട്ടിക്കാലത്ത് വിശ്വസിച്ചിരുന്നു. രാവിലെ ആനകളെല്ലാം ക്ഷേത്രത്തിന് ചുറ്റും എഴുന്നള്ളും. ചെണ്ടയുടെ താളത്തില്‍ ആളുകള്‍ താളം പിടിക്കുമ്പോള്‍ കുട്ടിയായ ഞാന്‍ വലിയ മ്യഗമായ ആനയുടെ ചെവി ആട്ടലിന്‍റെ താളം നോക്കുമായിരുന്നു. ആനകള്‍ക്ക് മുന്നിലും പിന്നിലുമായി എപ്പാഴും കുറച്ച് കുട്ടികള്‍ കാണും. അതില്‍ ഒരുകാലത്ത് ലേഖകന്‍ സ്ഥിരമായി ഉണ്ടാകുമായിരുന്നു.
പിറ്റേന്ന് തിരവോണത്തിന് നടക്കുന്ന ഓണസദ്യയ്ക്കായി ഭഗവാന് തിരുമുല്‍കാഴ്ച്ച വെയ്ക്കുന്ന ദിവസം കൂടിയാണ് ഉത്രാടനാള്‍. അന്ന് ത്യക്കാക്കരയിലുള്ളവരും ദൂര ദേശത്തുള്ളവരും ത്യക്കാക്കര ക്ഷേത്രത്തിന്‍റെ മുന്നില്‍ കായ്കുലകളും മറ്റ് കാര്‍ഷിക ഉത്പ്പന്നങ്ങളും വെയ്ക്കും. രണ്ടായിരത്തിന് ശേഷം പലതവണ സാക്ഷിയായപ്പോള്‍ വിഭവങ്ങളുടെ എണ്ണവും, കുലകളുടെ എണ്ണവും കുന്നുകൂടുന്നത് കൗതുകത്തോടെ കണ്ടിട്ടുണ്ട്.
ഫോട്ടോ: 2011ലെ ത്യക്കാക്കരയിലെ പകല്‍പ്പൂരം. കടപ്പാട് കുഞ്ഞുമോന്‍
പകല്‍പ്പൂര ദിവസം ഒട്ടേറെ കച്ചവടക്കാര്‍ ക്ഷേത്രപ്പറമ്പില്‍ വരാറുണ്ട്. വളക്കടക്കാരും, ബലൂണ്‍ക്കാരും, പീപ്പിക്കാരും അങ്ങിനെ എത്ര തരം. ഇതിനിടയില്‍ ചെറിയ ചൂതാട്ട കളിക്കാരും ക്ഷേത്രത്തില്‍ സജീവമായിരുന്നു. പൈസകള്‍ക്കാണ് ചൂതാട്ടം. ഒരു വലിയ പെട്ടിയിലൂടെ സിനിമാ ഫിലിം നോക്കി കാണാനും പണം കൊടുക്കണമായിരുന്നു. വളപ്പൊട്ടുകള്‍ കൊണ്ട് വര്‍ണ്ണ വിസ്മയം കാണാവുന്ന കാലിഡോസ്ക്കോപ്പ് കുട്ടികള്‍ക്ക് കൗതുകമാണ്. ഇന്നത്തെ സോഫ്റ്റ് ടോയ്സല്ല, പകരം ബലൂണില്‍ നിര്‍മ്മിച്ച കുരങ്ങനും, ആപ്പിളും കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഓണാഘോഷത്തിന് ത്യക്കാക്കര ക്ഷേത്രത്തില്‍ നിന്ന് റേഷനായി അത് ലഭിക്കും. അതിന് ഒരു ദിവസം ആയുസുണ്ടായാല്‍ ഭാഗ്യം. ഫോട്ടോ: ത്യക്കാക്കര ഉത്സവത്തിലെ കച്ചവടം. ഫോട്ടോ:സുധീര്‍നാഥ്
പല നിറങ്ങളിലുള്ള മിഠായി വില്‍പ്പനയ്ക്ക് ക്ഷേത്ര മൈതാനത്ത് എത്തും. അത് കഴിച്ചാല്‍, കഴിക്കുന്ന മിഠായുടെ നിറത്തില്‍ നാവിന്‍റെ നിറം മാറും. അത് മറ്റുള്ള കുട്ടികളെ കാണിക്കുക ചിലരുടെ വിനോദം തന്നെയായിരുന്നു. ചിലര്‍ മദാമപൂട എന്നും മറ്റുചിലര്‍ പഞ്ഞി മിഠായി എന്നും, വേറെ ചിലര്‍ പഞ്ചാരപാവ് മിഠായി എന്നും പറയുന്ന മറ്റൊരു വിഭവം ക്ഷേത്രപറമ്പില്‍ വില്‍പ്പനയ്ക്കെത്താറുണ്ട്.
ഫോട്ടോ: 2011ലെ ത്യക്കാക്കരയിലെ പകല്‍പ്പൂരം. കടപ്പാട് കുഞ്ഞുമോന്‍
ത്യക്കാക്കരയിലെ പകല്‍ പൂരത്തിന് വലിയ ജനക്കൂട്ടമൊന്നും ആദ്യകാലങ്ങളില്‍ കണ്ടിട്ടില്ല. വളരെ കുറച്ച് ആളുകളെ സാക്ഷി നിര്‍ത്തി ആരംഭിക്കുന്ന പൂരം കാണാന്‍ വൈകുന്നേരം അഞ്ച് മണിയോടെ കുറച്ച് ആളുകള്‍ വരും. സ്ക്കൂള്‍ അവധിക്കാലത്ത് സ്ക്കൂളിലെ സഹപാഠികള്‍ ക്ഷേത്രത്തില്‍ പകല്‍പൂരം കാണുവാന്‍ എത്തിയത് ഓര്‍ക്കുന്നു. ആനകളുടെ എണ്ണം കൂടിവരുന്ന കാഴ്ച്ചയ്ക്ക് സാക്ഷിയാകാന്‍ സാധിച്ചു എന്നത് ഭാഗ്യം. ഒടുവില്‍ 2019ലെ പകല്‍പൂരം കാണുവാന്‍ വന്നപ്പോള്‍ ഒന്‍പത് ആനകള്‍...! പകല്‍പ്പൂരം കാണുവാന്‍ ആയിരങ്ങളെയാണ് കണ്ടത്...! ജനങ്ങള്‍ ഒഴുകി എത്തുന്നത് കൗതുകത്തോടെ നോക്കിയിരുന്നു.
ഫോട്ടോ: 2019ലെ ത്യക്കാക്കരയിലെ പകല്‍പ്പൂരം. ഫോട്ടോ:സുധീര്‍നാഥ്
2020 കോവിഡ് എന്ന മഹാമാരി ലോകത്തെ തന്നെ ഉള്‍വലിപ്പിച്ചിരിക്കുന്നു. എവിടേയും ആഘോഷങ്ങളില്ല. ത്യക്കാക്കരയില്‍ ഉത്സവമുണ്ട്. ആഘോഷമില്ല. ആനകളില്ല. പണ്ട് കവി പാടിയത് ഒന്ന് കൂടി പാടാം....
ആനകളില്ലാതെ അമ്പാരിയില്ലാതെ
ആറാട്ട് നടക്കാറുണ്ടിവിടെ...
(അടുത്തത് തൃക്കാക്കര സ്‌ക്കെച്ചസ് 13- താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും. ലേഖനത്തില്‍ എന്തെങ്കിലും പിശകുകള്‍ വന്നിട്ടുണ്ടെങ്കിലോ, കൂട്ടി ചേര്‍ക്കേണ്ടതുണ്ടെങ്കിലോ ദയവായി 9968996870 എന്ന നമ്പറില്‍ വാട്ട്സ്അപ്പ്/ ടെലഗ്രാം ചെയ്യുക)
ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.
- ഓണം പിറന്ന നാട്
- ഗോപാലകൃഷ്ണ ബസ്
- ചാരായക്കടയും കള്ള് ഷാപ്പും
- തൃക്കാക്കര ക്ഷേത്രവും സിനിമകളും
- കൈരളി, ശോഭ, താരം, പ്രീതി
- അണ്ണാച്ചിയുടെ ഐസ്പ്രൂട്ട്
- ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
- ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍
- സാഹിത്യം ത്യക്കാക്കരയില്‍
- സംഗീത സാന്ദ്രമായ ത്യക്കാക്കര
- ത്യക്കാക്കരയിലെ പാട്ടുകാര്‍
- പകല്‍പ്പൂരം
- താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും
- ഓണവിരുന്നും, തിരുവോണസദ്യയും
- ത്യക്കാക്കരയിലെ പെണ്ണെഴുത്ത്
- ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
- കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
- ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം
- രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം
- ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
- ഭാരത മാതാ രാഷ്ട്രീയം
- ഭാരത മാതാ ബാലറ്റ് ബോക്സ്
- തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും
- കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
- ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍
- ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
- പേക്രോം പേക്രോം തവളകള്‍
- ചായക്കട അഥവാ ചായക്കട
- ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും
- മാധ്യമ ലോകം ത്യക്കാക്കരയില്‍
- നിയമ വഴിയിലെ ത്യക്കാക്കര
- സമരം സമരം സമരം
- സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
- പൈപ്പ് ലൈന്‍ ജംഗ്ഷന്‍
- വിറക്, അറക്കപ്പൊടി, ഗ്യാസ്...
- കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...!
- വെളിച്ചം വീശിയ വഴികള്‍
- വാര്‍ത്താ വിനിമയ വിപ്ലവം
- ത്യക്കാക്കരയുടെ വായനാശീലം.
- കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല
- ത്യക്കാക്കരയുടെ കുട്ടി പട്ടാളം
- ത്യക്കാക്കരയിലെ കളിക്കളം
- കഥകളുറങ്ങുന്ന ത്യക്കാക്കര
- പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
- വൈദ്യരംഗത്തെ തൃക്കാക്കര
- നാട്ടുപ്രമാണിമാര്‍
- പരിചിതമുഖങ്ങള്‍
- തൃക്കാക്കരയിലെ വ്യവസായങ്ങള്‍
- സംഭവിച്ചതില്‍ ചിലതെല്ലാം
- സ്ഥാപനങ്ങള്‍, സേവനങ്ങള്‍.


