തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും
തൃക്കാക്കര സ്‌ക്കെച്ചസ്-23
സുധീര്‍നാഥ്
വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...
തലവടിക്കുന്നോര്‍ക്ക് തലവനാം ബാലന്‍
വെറുമൊരു ബാലനല്ലിവനൊരു കാലന്‍
കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ ഈ പാട്ട് കേള്‍ക്കുമ്പോള്‍ മനസില്‍ ഓടി എത്തുന്ന രൂപം ത്യക്കാക്കരയിലെ പഴയ തങ്കപ്പന്‍ ചേട്ടനെയാണ്. അദ്ദേഹമായിരുന്നു സ്ഥലത്തെ പ്രധാന ബാര്‍ബര്‍. കൊച്ചി സര്‍വ്വകലാശാല ക്യാമ്പസിനോട് ചേര്‍ന്ന് താമസിക്കുന്ന അദ്ദേഹം രാവിലെ തന്നെ പൈപ്പ് ലൈന്‍ കവലയിലെ മരം കൊണ്ടുള്ള ബാര്‍ബര്‍ ഷോപ്പ് തുറക്കാന്‍ എത്തും. എന്തു വേഗതയാണെന്നോ അദ്ദേഹത്തിന്‍റെ നടത്തത്തിന്. നടത്ത മത്സരത്തില്‍ ത്യക്കാക്കരയില്‍ അദ്ദേഹത്തെ വെല്ലാന്‍ മറ്റാരുമുണ്ടാകില്ല. കക്ഷത്ത് പേപ്പറില്‍ പൊതിഞ്ഞ ഒരു പൊതി സ്ഥിരമായി കാണാം. പൊതി വെയ്ക്കുന്ന ക്കൈകളില്‍ തന്നെ പുകയുന്ന ബീഡിയും ഉണ്ടാകും. പൊതി കക്ഷത്തില്‍ നിന്ന് പോകാതെ അദ്ദേഹം ബീഡിയും വലിക്കും. പൊതിയില്‍ മുടി വെട്ടാനുള്ള എല്ലാ ഉപകരണങ്ങളും ഉണ്ടായിരിക്കും. ഷേവിങ്ങും ഒപ്പമുണ്ട്. താടിക്കാരുടെ താടിയും ട്രിമ്മ് ചെയ്യുന്നതും അദ്ദേഹത്തിന്‍റെ ലിസ്റ്റിലുണ്ട്. "ഒന്ന് മുടി വെട്ടിയേച്ച് പോകൂ തങ്കപ്പാ..." എന്ന് പറഞ്ഞാല്‍ മതി, അദ്ദേഹം മുടി വെട്ടേണ്ട ആളെ ഇരുത്തി തന്‍റെ കക്ഷത്തില്‍ നിന്നുള്ള പൊതി തുറന്ന് മുടി വെട്ട് ആരംഭിക്കും. വീട്ടില്‍ വന്ന് വെട്ടുന്നതിന് പ്രത്യേക നിരക്കൊന്നും ഈടാക്കിയിരുന്നില്ല.
മുടി വെട്ടുന്നതിനും ഒരു പ്രത്യേകത ഉണ്ട്. മൂന്നോ നാലോ തവണ കത്രിക താളത്തില്‍ വായുവിനെ വെട്ടിയിട്ടേ മുടി വെട്ടൂ. അതിനൊരു താളമുണ്ട്. ഒരു കാര്യം ഉറപ്പാണ്. തങ്കപ്പന്‍ ചേട്ടന്‍ സംഗീതം പഠിച്ചിട്ടില്ലെങ്കിലും, നല്ല താളബോധം ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് എത്രയോ തവണ തങ്കപ്പന്‍ ചേട്ടന്‍റെ കലാപ്രകടനം എന്‍റെ തലയിലും നടന്നിരിക്കുന്നു. ട്രിമര്‍ ഉപയോഗിച്ച് പിന്‍വശം വെട്ടുന്നത് ഓര്‍ക്കുന്നു. എല്ലാം കഴിഞ്ഞ് മിനുസമുള്ള കല്ല് കൊണ്ട് ഒരു തുടയ്ക്കലുണ്ട്. ഇന്നത്തെ ഡെറ്റോള്‍ പ്രയോഗത്തിന്‍റെ ആദ്യരൂപം...! തങ്കപ്പന്‍ ചേട്ടന്‍റെ ബാര്‍ബര്‍ ഷോപ്പായിരുന്നു സ്ഥലത്തെ പരദൂഷണത്തിന്‍റെ കേന്ദ്രം. പറയാനും കേള്‍ക്കാനും ആളുകള്‍ അവിടെ സമ്മേളിക്കാറുണ്ട്. വിളക്ക് കത്തിച്ച് പണിയെടുക്കുന്ന ശീലമില്ലാത്തതിനാല്‍ ഇരുട്ടും മുന്‍പ് കട അടയ്ക്കും. രാവിലെ വന്നപോലെ വേഗത്തിലല്ല മടക്കയാത്ര. വഴിയുടെ വീതി അളന്നേ പോകൂ....!
ത്യക്കാക്കര പൈപ്പ് ലൈന്‍ കവലയില്‍ പപ്പനാഭന്‍ എന്ന പത്മനാഭന്‍ നായരുടെ പെട്ടികട ഉണ്ടായിരുന്നു. മരം കൊണ്ടുള്ള പെട്ടിക്കടയുടെ സംരക്ഷണത്തിനായി തെങ്ങോല മെടഞ്ഞത് കൊണ്ട് മുകളിലായി ഒരു കൂര ഉണ്ടാക്കിയിരുന്നു. രാവിലേയും, വൈകീട്ടും കടയുടെ ചുറ്റും അദ്ദേഹം അടിച്ച് വാരി വ്യത്തിയാക്കിയിടും. കടയില്‍ അയ്യപ്പനും ക്യഷ്ണന്‍റേയും ചെറിയ ഒരു ഫോട്ടോ ഉണ്ടായിരുന്നു. രണ്ട് സമയവും ചെറിയൊരു വിളക്ക് അവിടെ കത്തിച്ച് വെച്ചിരിക്കും. ചന്ദന തിരി പുകഞ്ഞു കൊണ്ടിരിക്കും. ഇടപ്പള്ളി ശോഭയിലെ സിനിമയുടെ ബോര്‍ഡ് കടയ്ക്ക് മുന്നില്‍ കാണാം. കടയില്‍ സന്ധ്യയായാല്‍ പുറത്തും അകത്തും ഒരു വിളക്ക് കത്തിച്ചിരിക്കും. മറ്റൊരു ചെറിയ വിളക്ക് കട തുറക്കുന്ന സമയം മുതല്‍ അടയ്ക്കുന്ന സമയം വരെ കത്തിയിരിക്കും. സിഗററ്റും ബീഡിയും വലിക്കുന്നവര്‍ക്കുള്ളതാണ് അത്. കാലിയാകുന്ന സിഗററ്റ് കൂട് നീളത്തില്‍ ചെറിയ കഷ്ണങ്ങളായി മുറിച്ച് കൊച്ചു വിളക്കിന് സമീപം വെച്ചിട്ടുണ്ടാകും. കാറ്റ് വന്ന് വിളക്ക് അണയാതിരിക്കാന്‍ സിഗററ്റ് കൂടിന്‍റെ കവറു കൊണ്ട് തന്നെ സംരക്ഷണ വലയം ഉണ്ടാക്കി വെയ്ക്കും. ചെറിയ പേപ്പര്‍ കഷ്ണങ്ങളില്‍ നിന്ന് ഒന്നെടുത്ത് വിളക്കില്‍ നിന്ന് തീ പകര്‍ന്നാണ് സിഗററ്റും, ബീഡിയും കത്തിച്ചിരുന്നത്. ലൈറ്ററിന്‍റെ ആദ്യ രൂപം എന്ന് വിശേഷിപ്പിക്കാം.ത്യക്കാക്കര പൈപ്പ് ലൈന്‍ കവലയില്‍ തന്നെയുള്ള പപ്പനാഭന്‍ ചേട്ടന്‍റെ കട ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ആയിരുന്നു. ത്യക്കാക്കരയിലെ എല്ലാ കുടുംബത്തെ കുറിച്ചും, വ്യക്തികളെ കുറിച്ചും, അവരുടെ ജോലിയെ കുറിച്ചും അദ്ദേഹത്തിനോളം അറിവ് മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല എന്നാണ് എന്‍റെ വിശ്വാസം. അപരിചിതരുടെ വഴി ചോദിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയാണ് ലഭിച്ചിരുന്നത്. വലിയ ഇടവേളകളിലാണ് ബസുകള്‍ വന്നിരുന്നത്. ബസിന്‍റെ സമയവും, അത് കടന്ന് പോയെങ്കില്‍ അതും ജനങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നത് അദ്ദേഹത്തില്‍ നിന്നായിരുന്നു. ബസ് കാത്തിരിക്കുന്ന ഒരിടം കൂടിയായിരുന്നു അദ്ദേഹത്തിന്‍റെ കട.
സിഗററ്റും, ബീഡിയും, വെറ്റിലയും ചുണ്ണാമ്പും, അടക്കയും, കല്ലുസോഡയും, സര്‍ബത്തും അവിടെ ലഭക്കുമായിരുന്നു. ഓരോരുത്തരുടെ ബ്രാന്‍റ് അദ്ദേഹത്തിന് അറിയാം. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥനായിരുന്നു മോഡിശ്ശേരിയിലെ ബേബിച്ചായന്‍ ചാര്‍മിനാര്‍ സിഗററ്റിന്‍റെ പ്രിയങ്കരനാണ്. എന്‍റെ അച്ഛനാകട്ടെ ദിനേശ് ബീഡിയുടേയും, കാജാ ബീഡിയുടേയും പ്രിയങ്കരനായിരുന്നു. ബ്ലാക്ക് ആന്‍റ് വൈറ്റ് മുഖചിത്രമുള്ള മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്‍റേയും, മംഗളത്തിന്‍റേയും കോപ്പികള്‍ തൂങ്ങി കിടക്കുന്നതും, മിഠായി ഭരണിയിലെ കപ്പലണ്ടി മിഠായി, നാരങ്ങാ മിഠായി, പ്യാരീ മിഠായി, മൈസൂര്‍ പാക്ക് തുടങ്ങിയവ മനസില്‍ മായാതെ തെളിയുന്ന ചിത്രങ്ങളാണ്. ഇടയ്ക്ക് നല്ല നാടന്‍ പൂവന്‍ പഴത്തിന്‍റെയോ, റോബസ്റ്റാ പഴത്തിന്‍റേയോ കുലകള്‍ കടയില്‍ തൂങ്ങിയിരുന്നു.
അടുത്തത് തൃക്കാക്കര സ്‌ക്കെച്ചസ്-24 / കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍. ലേഖനത്തില്‍ എന്തെങ്കിലും പിശകുകള്‍ വന്നിട്ടുണ്ടെങ്കിലോ, കൂട്ടി ചേര്‍ക്കേണ്ടതുണ്ടെങ്കിലോ ദയവായി 9968996870 എന്ന നമ്പറില്‍ വാട്ട്സ്അപ്പ്/ ടെലഗ്രാം ചെയ്യുക)
ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.
- ഓണം പിറന്ന നാട്
- ഗോപാലകൃഷ്ണ ബസ്
- ചാരായക്കടയും കള്ള് ഷാപ്പും
- തൃക്കാക്കര ക്ഷേത്രവും സിനിമകളും
- കൈരളി, ശോഭ, താരം, പ്രീതി
- അണ്ണാച്ചിയുടെ ഐസ്പ്രൂട്ട്
- ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
- ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍
- സാഹിത്യം ത്യക്കാക്കരയില്‍
- സംഗീത സാന്ദ്രമായ ത്യക്കാക്കര
- ത്യക്കാക്കരയിലെ പാട്ടുകാര്‍
- പകല്‍പ്പൂരം
- താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും
- ഓണവിരുന്നും, തിരുവോണസദ്യയും
- ത്യക്കാക്കരയിലെ പെണ്ണെഴുത്ത്
- ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
- കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
- ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം
- രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം
- ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
- ഭാരത മാതാ രാഷ്ട്രീയം
- ഭാരത മാതാ ബാലറ്റ് ബോക്സ്
- തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും
- കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
- ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍
- ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
- പേക്രോം പേക്രോം തവളകള്‍
- ചായക്കട അഥവാ ചായക്കട
- ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും
- മാധ്യമ ലോകം ത്യക്കാക്കരയില്‍
- നിയമ വഴിയിലെ ത്യക്കാക്കര
- സമരം സമരം സമരം
- സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
- പൈപ്പ് ലൈന്‍ ജംഗ്ഷന്‍
- വിറക്, അറക്കപ്പൊടി, ഗ്യാസ്...
- കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...!
- വെളിച്ചം വീശിയ വഴികള്‍
- വാര്‍ത്താ വിനിമയ വിപ്ലവം
- ത്യക്കാക്കരയുടെ വായനാശീലം.
- കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല
- ത്യക്കാക്കരയുടെ കുട്ടി പട്ടാളം
- ത്യക്കാക്കരയിലെ കളിക്കളം
- കഥകളുറങ്ങുന്ന ത്യക്കാക്കര
- പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
- വൈദ്യരംഗത്തെ തൃക്കാക്കര
- നാട്ടുപ്രമാണിമാര്‍
- പരിചിതമുഖങ്ങള്‍
- തൃക്കാക്കരയിലെ വ്യവസായങ്ങള്‍
- സംഭവിച്ചതില്‍ ചിലതെല്ലാം
- സ്ഥാപനങ്ങള്‍, സേവനങ്ങള്‍.


