വെള്ളിതിരയില്‍ നിന്ന് രാഷ്ട്രീയ തിരയിലേയ്ക്ക്

വെള്ളിതിരയില്‍ നിന്ന് രാഷ്ട്രീയ തിരയിലേയ്ക്ക്

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


തിരഞ്ഞെടുപ്പ് രംഗത്ത് സിനിമ താരങ്ങളും സാഹിത്യപ്രവര്‍ത്തകരും എത്തിച്ചേരുന്ന സാഹചര്യം പല അവസരങ്ങളിലും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇത്തവണ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് കൂടുതലായിരുന്നു എന്ന് തന്നെ പറയാം. എന്നാല്‍ ഇത്തവണ രമേശ് പിഷാരടി മാത്രമാണ് വിജയം കണ്ടത്. രമേശ് പിഷാരടി തിരഞ്ഞെടുപ്പ് രംഗത്ത് വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ കോണ്‍ഗ്രസിന്‍റെ വേദികളില്‍ സ്ഥിരമായി വരുകയും രാഷ്ട്രീയം പറയുകയും ചെയത വ്യക്തിയാണ്. ആര്യാടന്‍ ഷൗക്കത്ത് സിനിമാ പ്രവര്‍ത്തകനെന്നതിനേക്കാള്‍ ഉപരിയായി ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ്സിന്‍റെ അതികായനായിരുന്ന ആര്യാടന്‍ മുഹമ്മദിന്‍റെ മകനാണ്. കുട്ടിക്കാലം മുതല്‍ രാഷ്ട്രീയം വീട്ടില്‍ നിന്ന് കാണുകയും, അത് പിന്തുടരുകയും ചെയ്ത വ്യക്തിയാണ്. ഇക്കുറി ജയിച്ച ഇവര്‍ രണ്ടുപേരും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി തന്നെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത്.

ചലചിത്ര താരമായ സുരേഷ് ഗോപി തൃശ്ശൂരില്‍ നിന്ന് ലോക്സഭയില്‍ എത്തി കേന്ദ്രമന്ത്രിയായി ഇപ്പോള്‍ നില്‍ക്കുകയാണ്. രാഷ്ട്രീയമോഹം അദ്ദേഹത്തിന് വളരെ നാള്‍ മുമ്പ് ഉണ്ടായിരുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോണ്‍ഗ്രസ് വഴി രാഷ്ട്രീയത്തില്‍ കയറുവാന്‍ സുരേഷ് ഗോപി ഒരു ശ്രമം നടത്തിയിരുന്നു. പക്ഷെ കാര്യം നടന്നില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി എത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ തണലില്‍ ഇടതുപക്ഷ രാഷ്ട്രീയം പരീക്ഷിക്കാന്‍ സുരേഷ് ഗോപി ശ്രമിച്ചിരുന്നു. അതും പരാജയമായിരുന്നു ഫലം. ഒടുവിലാണ് സുരേഷ് ഗോപി ബിജെപി പാളയത്തില്‍ എത്തുകയും തൃശ്ശൂരില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്‍റില്‍ എത്തി കേന്ദ്രമന്ത്രി വരെയായി എന്നുള്ളത് കേരള രാഷ്ട്രീയ ചരിത്രത്തിലെ വേറിട്ട അധ്യായമാണ്.

കേരളത്തിന് തൊട്ടടുത്തുള്ള തമിഴ്നാട്ടിലും കര്‍ണാടകയിലും ആന്ധ്രയിലും തെലുങ്കാനയിലും സിനിമ താരങ്ങള്‍ക്ക് വലിയ ജനപ്രീതി തിരഞ്ഞെടുപ്പു രംഗത്തും നല്‍കാറുണ്ട്. അല്ലെങ്കില്‍ ലഭിക്കാറുണ്ട്. എന്നാല്‍ കേരളത്തിന്‍റെ സ്ഥിതി മറിച്ചാണ്. കേരളത്തില്‍ രാഷ്ട്രീയ രംഗത്ത് എത്തിയ പ്രമുഖരായ വെള്ളിത്തിര താരങ്ങള്‍ പരാജയം അറിയുകയും കുറെ താരങ്ങള്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. വിജയിച്ച പല താരങ്ങളും തുടര്‍ന്ന് രാഷ്ട്രീയം നിലനിര്‍ത്തിയിട്ടുണ്ടോ എന്ന് കാര്യം നാം പരിശോധിക്കണം. ആന്ധ്രയില്‍ രാമറാവുവും, തമിഴ്നാട്ടില്‍ എം.ജി.ആറും, ജയലളിതയും, ഒടുവില്‍ വിജയിയും മുഖ്യമന്ത്രിയായപ്പോള്‍ കേരളത്തില്‍ ഒരു ചലച്ചിത്ര താരവും മുഖ്യമന്ത്രി ആയിട്ടില്ല എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. കേരളത്തിന് പുറത്ത് സിനിമാ താരങ്ങളെ രാഷ്ട്രീയ രംഗത്ത് അംഗീകരിച്ചിട്ടുണ്ടെങ്കിലും, കേരളത്തില്‍ ഈ പ്രവണത വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ല എന്നുള്ളതും എടുത്തു പറയണം. ഒ എന്‍ വി കുറുപ്പും, ലെനിന്‍ രാജേന്ദ്രനും, ഭരത് മുരളിയും കേരളത്തില്‍ തിരഞ്ഞെടുപ്പ് പരാജയം ഏറ്റ്വാങ്ങിയവരാണ്. 

തോപ്പില്‍ ഭാസ്കരപിള്ള എന്ന തോപ്പില്‍ ഭാസി മലയാള നാടകകൃത്തും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു. തോപ്പില്‍ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം മലയാള നാടക ചരിത്രത്തില്‍ അവിസ്മരണീയമായ ഒന്നാണ്. കേരളനിയമസഭയില്‍ പത്തനംതിട്ട നിയോജക മണ്ഡലത്തിന്‍റെ പ്രതിനിധിയായാണ് തോപ്പില്‍ ഭാസി നിയമസഭയിലെത്തിയത്. സിനിമയിലെ  സാങ്കേതിക പ്രവര്‍ത്തകരില്‍ ഒരാളായ തോപ്പില്‍ ഭാസി തിരക്കഥ എന്ന പ്രയോഗം മലയാള സിനിമയില്‍ വരുന്നതിനുമുമ്പ് തന്നെ കഥ സംഭാഷണം എന്ന ടൈറ്റില്‍ കാര്‍ഡില്‍ പേര് തെളിഞ്ഞിട്ടുള്ള വ്യക്തിയാണ്. തോപ്പില്‍ ഭാസി അടക്കമുള്ള ആദ്യകാലങ്ങളിലെ പല കലാപ്രവര്‍ത്തകരും ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളവരായിരുന്നു എന്നുള്ള കാര്യത്തില്‍ സംശയമില്ല. അത് അവര്‍ വളരെ വ്യക്തമായി ജനങ്ങളുടെ മുന്നില്‍ പ്രകടമാകുന്ന ഒന്നുതന്നെയായിരുന്നു. തോപ്പില്‍ ഭാസി എന്ന തിരക്കഥാകൃത്തിനെ ഒരു രാഷ്ട്രീയക്കാരനായി തന്നെ നമുക്ക് കാണേണ്ടിയിരിക്കുന്നു. വെള്ളിത്തിരയില്‍ നിന്ന് ജനപ്രതിനിധിയായ ആദ്യ വ്യക്തിയാണ് തോപ്പില്‍ ഭാസി.

നടന്‍ മുകേഷ് നിയമസഭയിലേക്ക് രണ്ട് തവണ മത്സരിച്ച് ജയിച്ചെങ്കിലും മൂന്നാമത് മത്സരിക്കുവാനുള്ള അവസരം ഉണ്ടായില്ല. ഇടത്പക്ഷ അനുഭാവമുള്ള കാളിദാസ കലാകേന്ദ്രത്തിന്‍റെ ഉടമയും പ്രശസ്ത നാടക പ്രവര്‍ത്തകരുമായ ഒ. മാധവന്‍റെ മകനാണ് എം. മുകേഷ്. ഒ. മാധവന് വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തിയാണ്. അദ്ദേഹം 16 കൊല്ലം കൊല്ലത്തെ വടക്കേവിള പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. സ്റ്റുഡന്‍സ് ഫെഡറേഷന്‍റെ (ഇന്നത്തെ എസ്.എഫ്.ഐയുടെ ആദ്യ രൂപം) സംസ്ഥാന സെക്രട്ടറിയായിരുന്നു. മുകേഷും ക്യാമ്പസ് കാലം മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായിരുന്നു. ഗണേഷ് കുമാര്‍ രാഷ്ട്രീയത്തില്‍ എത്തി എം.എല്‍.എയും, മന്ത്രിയുമായി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു. കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ബാലക്യഷ്ണപിള്ളയുടെ മകനാണ് ഗണേഷ് കുമാര്‍. നടന്‍ ഇന്നസെന്‍റ് സിനിമയില്‍ എത്തും മുന്‍പ് രാഷ്ട്രീയത്തിലുണ്ടായിരുന്നു. പതിനാറാം ലോക്സഭയില്‍ (2014 2019) ചാലക്കുടി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം പാര്‍ലമെന്‍റ് അംഗമായിരുന്നു. 1979 -ല്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ മുനിസിപ്പല്‍ കൗണ്‍സിലറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യമായി കേരളത്തില്‍ നിന്ന് പാര്‍ലമെന്‍റിലെത്തുന്ന സിനിമാ താരമാണ് ഇന്നസെന്‍റ്. രണ്ടാം തവണ 2019 ല്‍ മത്സരിച്ചെങ്കിലും അദ്ദേഹം തോറ്റു. കേരളത്തില്‍ ചലച്ചിത്ര താരങ്ങള്‍ അത്രയൊന്നും പച്ചതൊടാത്ത ചരിത്രമാണ് രാഷ്ട്രീയ ചരിത്രത്തില്‍ ഉള്ളത്. ശോഭിച്ചവരാകട്ടെ ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ളവരുമാണ്. അവരെ മാത്രമേ ജനങ്ങള്‍ വിജയിപ്പിച്ചുള്ളൂ എന്ന് കാണാം.

കെ.പി.എ.സി. നാടക സംഘം ശക്തമായ രാഷ്ട്രീയ ചായ്വുള്ള നാടക സംഘമാണ്. ഇവിടെ നിന്നാണ് കെ.പി.എ.സി. ലളിതയും, കെ.പി.എ.സി. സണ്ണിയും, എസ്.എല്‍. പുരം സദാനന്ദനും, കാമ്പിശേരിയും, വി. സാമ്പശിവനും തുടങ്ങി ഒട്ടേറെ പേര്‍ നാടകപ്രവര്‍ത്തനവും, രാഷ്ട്രീയവും, നാടകവും, സിനിമയും, കലയും ഒരുമിച്ച് കൊണ്ടുപോയവരാണ്. ഇവരില്‍ കാമ്പിശേരിയും സാമ്പശിവനും തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി. പക്ഷെ വിജയിച്ചില്ല എന്നത് എടുത്ത് പറയണം.

മലയാള ചലച്ചിത്ര രംഗത്തെ നിത്യഹരിത നായകനായ ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പര്‍ താരം ആയിരുന്നു പ്രേംനസീര്‍. 1980 ല്‍ കേരള രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേംനസീറിന് വലിയ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും അദ്ദേഹം ഒഴിഞ്ഞ് മാറി. 1983ല്‍ കെ കരുണാകരന്‍റെ നിര്‍ദേശപ്രകാരം ഇന്ദിരാഗാന്ധി പ്രേംനസീറിനെ നേരിട്ട് വിളിച്ച് സംസാരിച്ചപ്പോഴും അദ്ദേഹം ഒഴിഞ്ഞ് മാറി. എന്നാല്‍ 1987 ല്‍ ഡല്‍ഹിയില്‍ വെച്ച് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാജീവ് ഗാന്ധി കോണ്‍ഗ്രസില്‍ ചേരണമെന്ന് പ്രേംനസീറിനോട് അഭ്യര്‍ത്ഥിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹം കോണ്‍ഗ്രസ് അംഗത്വം എടുക്കുന്നത്. ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് അദ്ദേഹം രാജീവ് ഗാന്ധി ഉറപ്പു കൊടുത്തു.  സ്ഥാനാര്‍ത്ഥിയാകില്ലന്നും മത്സരിക്കില്ലെന്നും അദ്ദേഹം തീര്‍ത്തു പറഞ്ഞു. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യമുന്നണിയുടെ പ്രചാരകനായി ഒരു ദിവസം 42 വേദികളില്‍ വരെ അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്.  

 ഇ.എം.എസ്സും, കടമിനിട്ട രാമകൃഷ്ണനും, എം കെ സാനുവും, മുണ്ടശ്ശേരിയും മറ്റും സാഹിത്യ ലോകത്ത് നിന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിജയിച്ചവരാണ്. എന്നാല്‍ പരാചിതരുടെ നിരയാണ് വലുത്. സിനിമകളില്‍ രാഷ്ട്രീയം പറയുന്നതും സംസാരിക്കുന്നതും ഒക്കെ ജനങ്ങള്‍ക്ക് ഏറെ ഇഷ്ടമാണ്. ശ്രീനിവാസന്‍റെ പ്രശസ്തമായ സിനിമയാണ് സന്ദേശം. അത് മലയാളികള്‍ സ്വീകരിച്ചു. ലാല്‍സലാം എന്ന സിനിമയും രാഷ്ട്രീയമാണ് പറയുന്നതെങ്കിലും ജനങ്ങള്‍ വന്‍ ആവേശത്തോടെയാണ് സ്വീകരിച്ചത.് മലയാളത്തില്‍ ഇറങ്ങിയ രാഷ്ട്രീയമായ ഒട്ടേറെ സിനിമകള്‍ ശ്രദ്ധേയമായി വന്നിട്ടുണ്ട്. കനീ നദി ചുവന്നപ്പോള്‍, രാജന്‍ പറഞ്ഞ കഥ തുടങ്ങിയവ കൃത്യമായ രാഷ്ട്രീയം സംസാരിക്കുന്ന ഒന്നായിരുന്നു. ഈ സിനിമകളുടെ എല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തങ്ങളുടെ രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിക്കാന്‍ സിനിമ ഒരു ആയുധമായി എടുത്തു എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. പ്രശസ്ത സംവിധായകനായ ടിവി ചന്ദ്രനും, പവിത്രനുമൊക്കെ ഈ നിലയില്‍ സിനിമകള്‍ എടുത്തവരാണ്. സിനിമയിലൂടെ ശക്തമായ രാഷ്ട്രീയം പറയുക മാത്രമല്ല അവര്‍ ചെയ്തത് ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം പരസ്യമായി ചേര്‍ന്ന് നില്‍ക്കാനും അവര്‍ ധൈര്യം കാണിച്ചു.

രസകരമായ ഒരു സംഭവം കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട് സിനിമയിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന് വന്‍ വിജയം നേടിയ രണ്ടുപേര്‍ തമിഴകത്ത് ഉണ്ട് അത് മറ്റാരുമല്ല എംജിആറും ജയലളിതയുമാണ് അവര്‍ ഇരുവരുടെയും മാതൃഭാഷ തമിഴ് അല്ല എന്നുള്ളത് ശ്രദ്ധേയമാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്ന വെള്ളിത്തിരയിലെ സൂപ്പര്‍താരം വിജയിയുടെ മാതൃഭാഷ തമിഴ് ആണ് എന്നുള്ളതും എടുത്തു പറയണം.