ചായക്കട അഥവാ ചായക്കട / തൃക്കാക്കര സ്‌ക്കെച്ചസ്-28

ചായക്കട അഥവാ ചായക്കട
തൃക്കാക്കര സ്‌ക്കെച്ചസ്-28
സുധീര്‍നാഥ്

1984 ഒക്ടോബര്‍ 31ന് രാവിലെ പതിവ് പോലെ ത്യക്കാക്കര സെന്‍റ് ജോസഫ്സ് സ്ക്കൂളിലെത്തിയെങ്കിലും, എല്ലാവരേയും വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അന്തരിച്ചു എന്നതായിരുന്നു കാരണം. വീട്ടിലേയ്ക്ക് നടന്ന് വന്നപ്പോള്‍ പൈപ്പ് ലൈന്‍ കവലയിലെ കൊച്ചു മരക്കാരിന്‍റെ ചായക്കടയുടെ മുന്നില്‍ നല്ല തിരക്ക്. അവിടെ റേഡിയോ ഉച്ചത്തില്‍ വെച്ചിരുന്നു. എല്ലാവരും കേട്ട ആകാശവാണി വാര്‍ത്ത ഞാനും കേട്ടു.

ആകാശവാണി, വാര്‍ത്തകള്‍ വായിക്കുന്നത് ഗോപന്‍...
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നിര്യാതയായ വിവരം ഞങ്ങള്‍ വ്യസനസമേതം അറിയിക്കുന്നു.
നമ്പര്‍ വണ്‍ സഫ്ദര്‍ ജംഗ് റോഡിലെ തന്‍റെ ഔദ്യോഗിക വസതിയില്‍ സ്വന്തം അംഗരക്ഷകരില്‍ ഒരാളുടെ വെടിയേല്‍ക്കുകയായിരുന്നു...
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, മണിക്കൂറുകളോളം ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാന്‍ ആയില്ല...
വാര്‍ത്തകളുടെ പ്രഭവ കേന്ദ്രമാണ് ഓരോ നാട്ടിലേയും ചായക്കട. രാവിലെ പത്രം അവിടെ വരും. അത് വായിക്കുക എന്ന ആവശ്യവുമായി ചായ കുടിക്കാന്‍ ചിലര്‍ രാവിലെ എത്തും.  ചായകുടിക്കാന്‍ വരുന്നവരെല്ലാം സാക്ഷരരല്ല. നന്നായി ഉച്ചത്തില്‍ വാര്‍ത്ത വായിക്കാന്‍ കഴിയുന്നവര്‍ അക്കാലത്ത് ഹീറോകളായിരുന്നു. ഒരാള്‍ വാര്‍ത്ത ഉച്ചത്തില്‍ വായിക്കുമ്പോള്‍ മറ്റുള്ളവര്‍ ചെവി വട്ടം പിടിച്ചിരിക്കും. വാര്‍ത്തകള്‍ റേഡിയോവില്‍ നിന്ന് കേള്‍ക്കാം. വാര്‍ത്ത കേട്ട് ചായകുടിക്കാന്‍ എത്തുന്നവരും ധാരാളമുണ്ടായിരുന്നു. പണ്ട് റേഡിയോ പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് വേണമായിരുന്നു. ഇന്നത്തെ വാഹന രജിസ്ട്രേഷന്‍ പോലെ. പിന്നീട് ട്രാന്‍സിസ്റ്ററും, പോക്കറ്റ് റേഡിയോയും, വാച്ചിലും, മൈാബൈലിലും വരെ റേഡിയോ എത്തി.

ഇത് കൂടാതെ പ്രദേശിക വാര്‍ത്താ പ്രക്ഷേപണവും ചായകടയില്‍ കേള്‍ക്കാം. പരദൂഷണ വാര്‍ത്തകള്‍ എന്നും അതിനെ വിശേഷിപ്പിക്കാം. ഞങ്ങളുടെ കവലയില്‍ പ്രാദേശിക വാര്‍ത്തകള്‍ ചായ കുടിക്കാന്‍ വരുന്നവരുടെ വകയാണ്. ചില പ്രദേശങ്ങളില്‍ ചായക്കടക്കാരന്‍ തന്നെയാണ് പ്രാദേശിക വാര്‍ത്താ അവതാരകന്‍റെ റോളില്‍ ഉണ്ടാകുക. എല്ലാ ഗ്രാമങ്ങളിലേയും കവലകളില്‍ ചായക്കട ഉണ്ടായിരിക്കും. അവിടെ നടക്കുന്ന സംഭവ വികാസങ്ങള്‍ക്ക് ഒട്ടേറെ സമാനതകളുണ്ടായിരുന്നു.

പണ്ട് കാലത്തെ ചായക്കടകള്‍ക്ക് സമാനതകളുള്ള ലേ ഔട്ട് ഉണ്ടായിരുന്നു. ചില്ലിട്ട അലമാരി. അതിനുള്ളില്‍ ഉണ്ടംപൊരി, പഴം പൊരി, ഉള്ളി വട, പുട്ട്, അപ്പം, ഇടിയപ്പം തുടങ്ങിയ വിഭവങ്ങള്‍ പുറമെനിന്ന് കാണാം. ഇപ്പോള്‍ വിപണിയില്‍ കാര്യമായി കാണാത്ത നെയ്യപ്പം, മടക്ക്, വെട്ട് കേക്ക് തുടങ്ങിയവയും ഉണ്ടാകും. പപ്പടവും, പപ്പടവടയും ബിസ്ക്കറ്റ് വന്നിരുന്ന പാട്ടകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. ചായക്കടയുടെ വില്‍പ്പനയെ ആശ്രയിച്ചാണ് വിഭവങ്ങളുടെ എണ്ണം കൂടുന്നതും കുറയുന്നതും. തിളയ്ക്കുന്ന വെള്ളം ഒരു പാത്രത്തില്‍ എപ്പോഴും ഉണ്ടാകും. ഒരു ചായ എന്ന് പറഞ്ഞാല്‍ ഉടന്‍ ഉണ്ടാക്കി നല്‍കും. സമോവര്‍ എന്നാണ് ആ പാത്രത്തിന്‍റെ പേര്. പാത്രത്തിന്‍റെ താഴെ പിടിപ്പിച്ച പൈപ്പിലൂടെ ചൂട് വെള്ളം എടുക്കാം. ചീനവലപോലുള്ള സാധനമാണ് ചായ പോഞ്ചി. അതില്‍ ചായപൊടി നിറച്ചിരിക്കും. ഇതില്‍ നിന്ന് എടുക്കുന്ന ചായ സത്താണ് കടുപ്പം നിയന്ത്രിക്കുന്നത്.

കടുപ്പം കുറച്ച് വേണ്ടവര്‍, മീഡിയം കടുപ്പം വേണ്ടവര്‍, കടുപ്പം കൂട്ടി ചായ കുടിക്കുന്നവര്‍, ഇങ്ങനെ വ്യത്യസ്ഥ ശീലമുള്ളവര്‍ ഉണ്ട്. അതുപോലെ തന്നെയാണ് പഞ്ചാരയുടെ കാര്യയും. മീറ്റര്‍ ചായ എന്ന ഒരിനം പ്രശസ്തമായിരുന്നു. ഒരു മീറ്റര്‍ ഉയരത്തില്‍ നിന്ന് ഗ്ലാസില്‍ പകരുമ്പോള്‍ പതഞ്ഞ് പൊന്തുന്ന ചായയാണ് ചിലര്‍ക്ക്  പ്രിയം. ഒരു ക്കൈയ്യില്‍ ഗ്ലാസും, മറു ക്കൈയ്യില്‍ ചായ കോപ്പയും വെച്ച് ക്കൈകള്‍ രണ്ട് വശത്തേയ്ക്ക് വിടര്‍ത്തി, കോപ്പയില്‍ നിന്ന് ഗ്ലാസിലേയ്ക്കോ മറ്റൊരു കോപ്പയിലേയ്ക്കോ വായുവിലൂടെ ചായ പകരുന്നത് ഒരു കാഴ്ച്ച തന്നെയാണ്. നല്ല പരിശീലനം ഉള്ളവര്‍ക്ക് മാത്രമേ അത് സാധിക്കൂ. പൊടി കാപ്പിയും പ്രശസ്തം തന്നെ.

കൊച്ചുമരയ്ക്കാരും, മകന്‍ കരീമും ചേര്‍ന്നാണ് ത്യക്കാക്കര പൈപ്പ് ലൈന്‍ കവലയിലെ ചായക്കട നടത്തിയിരുന്നത്. കൊച്ചുമരക്കാരിന്‍റെ ചായക്കട മറക്കാത്ത ഓര്‍മ്മയാണ്. കടയുടെ മുന്നിലെ വലിയ പൈപ്പിനുള്ളില്‍ സൂക്ഷിക്കുന്ന അറക്കപ്പൊടി, വിറക് തുടങ്ങിയവ ഒരു ചിഹ്നമായിരുന്നു. മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന ചായക്കടയുടെ പ്രദേശം അക്കാലത്തെ ഞങ്ങളുടെ ഗ്രാമത്തിന്‍റെ സാംസ്ക്കാരിക കേന്ദ്രമെന്ന് വിശേഷിപ്പിക്കാം. ഒരു കാലത്ത് സാക്ഷരതാ പഠന കേന്ദ്രമായിരുന്നു ഈ ചായക്കട. അന്ന് അവിടെ പഠിക്കാന്‍ വന്നിരുന്നത് ത്യക്കാക്കരയിലെ പല കാരണവന്‍മാരുമായിരുന്നു. ഊറായി, മൂസ, ഹൈദ്രോസ്, ചാത്തന്‍ തുടങ്ങി പഠിതാക്കള്‍ ഒരു ഡസനിലേറെ ഉണ്ടായിരുന്നു. അവിടുത്തെ പ്രധാന അദ്ധ്യാപകനായിരുന്നത് ഇബ്രാഹിംകുട്ടിയും, സെബി എന്ന വിദ്യാര്‍ത്ഥിനിയുമായിരുന്നു.

ത്യക്കാക്കര ക്ഷേത്രത്തിന് മുന്നിലുണ്ടായ നീലകണ്‍ഠന്‍ നായരുടെ ഉടമസ്ഥതയിലുള്ളതാണ്  മറ്റൊരു പ്രധാന ചായക്കട. ഇടപ്പള്ളി പുക്കാട്ടുപടി റോഡിലെ ക്ഷേത്രത്തിന് മുന്നിലുള്ളതായതിനാല്‍ ഇത് വളരെ പ്രശസ്തമായിരുന്നു. അവിടെ അദ്ദേഹത്തിന് കൂട്ടായി മക്കളും, മരുമക്കളും മാറി മാറി വരും. ത്യക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ സമയം ചായക്കട വളരെ സജീവമായിരിക്കും. നീലകണ്‍ഠന്‍ നായരുടെ മകനാണ് പ്രശസ്ത നാടക നടനായ കുമാര്‍ ത്യക്കാക്കര. അതുകൊണ്ട് കുമാര്‍ ത്യക്കാക്കര അഭിനയിച്ച നാടകത്തിന്‍റെ പോസ്റ്ററുകള്‍ കടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാമായിരുന്നു.

ഇടപ്പള്ളി ടോള്‍ കവലയില്‍ മൂന്ന് പ്രധാന ചായക്കടകള്‍ ഉണ്ടായിരുന്നു. സഹോദരങ്ങളായ കൊച്ചു പോണ്ടിയുടേയും, വലിയ പോണ്ടിയുടേയും. കൂടാതെ ഒറ്റ മുഹമ്മദിന്‍റേയും ആയിരുന്നു അത്. ഇടപ്പള്ളി ടോളില്‍ നിന്ന് പുക്കാട്ടുപടിക്ക് പോകുന്ന ദിശയിലെ പഴയ ബസ് സ്റ്റോപ്പിന് പുറകിലാണ് വലിയ പോണ്ടി എന്നറിയപ്പെടുന്ന പരീകുട്ടിയുടെ ചായക്കട. എതിര്‍വശത്ത് ഹൈവേയോട് ചേര്‍ന്നാണ് ചെറിയ പോണ്ടി എന്നറിയപ്പെട്ട വി കെ മുഹമ്മദിന്‍റെ ചായക്കട. രണ്ടും വലിയ തിരക്കുള്ള കടയായിരുന്നു. ഒറ്റ മുഹമ്മദിന്‍റെ ചായക്കട ഇടപ്പള്ളി  ആലുവ റോഡിലുള്ള ടോള്‍ കവലയിലെ കപ്പേളയുടെ സമീപം ആയിരുന്നു. ഇപ്പോള്‍ ഇവരുടെ ചായക്കട കൂനംതൈയ്യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടപ്പള്ളി ടോളിലെ പ്രധാന രണ്ട് തട്ടു കടകളായിരുന്നു കുമാറിന്‍റേയും, പുക്കാട്ടുപടി എന്ന് ജനങ്ങള്‍ വിളിക്കുന്ന വ്യക്തിയുടേയും. ഉണിച്ചിറ തൈക്കാവില്‍ ഇടിയപ്പത്തിന് പേര് കേട്ട മുഹമ്മദിന്‍റെ ചായക്കടയും ഉണ്ടായിരുന്നു.

കരിമക്കാട് പള്ളിക്ക് എതിര്‍വശം രാഷ്ട്രീയം ആവശ്യത്തിലേറെ ചര്‍ച്ച നടത്തുന്ന ഖാദര്‍പിള്ളയുടെ ചായക്കട ഉണ്ടായിരുന്നു. ചര്‍ച്ച മുറുകുമ്പോള്‍ അടി നടക്കുമെന്ന സ്ഥിതിയില്‍ എന്നും എത്തി ചേരും. പക്ഷെ വീണ്ടും ഒരു ചായ കുടിച്ച് സമാധാനമാകും.  ത്യക്കാക്കരയിലെ പല വീടുകളിലെ സ്ത്രീകളും പലഹാരമുക്കാക്കി വില്‍പ്പന നടത്തിയിരുന്നു. കുടുംബശ്രീ എന്ന പേരില്‍ പ്രശസ്തമായ ഇന്നത്തെ സംവിധാനത്തിന്‍റെ ആദ്യ രൂപം ത്യക്കാക്കരയില്‍ ഉണ്ടായിരുന്നു എന്നും പറയാം.

ത്യക്കാക്കര എന്‍ജിഒ ക്വോര്‍ട്ടേഴ്സില്‍ 1980തുകളുടെ ആദ്യത്തില്‍ ഒരു ചായക്കട ഉണ്ടായിരുന്നു. കിഴക്കേക്കര അബുവിന്‍റേതായിരുന്നു ചായക്കട. അതി രാവിലെ തുറക്കും. ഉച്ച ഊണില്ല. പിന്നെ വൈകീട്ടായിരുന്നു തുറക്കുക. ഇരുട്ടും മുന്‍പ് കട അടയ്ക്കും. എന്‍ജിഒ ക്വോര്‍ട്ടേഴ്സില്‍ രാവിലേയും, വൈകീട്ടും മാത്രമാണ് അക്കാലത്ത് ജനങ്ങളുണ്ടായിരുന്നത്. ഉച്ച സമയത്ത് ഒരു മനുഷ്യനും ഉണ്ടാകാറില്ല. ഇന്ന് എന്‍ജിയോ ക്വേര്‍ട്ടേഴ്സില്‍ അര ഡസന്‍ ഹോട്ടലുകള്‍ ഉണ്ട്. രാവിലെ മുതല്‍ വളരെ വൈകുവോളം അത് തുറന്നിട്ടുണ്ടാകും. ഉച്ചയ്ക്ക് ഊണും ലഭിക്കും.

വാഴക്കാല ജംഗ്ഷനില്‍ മുത്തപ്പന്‍റെ ചായക്കട എന്ന പേരില്‍ പ്രശസ്തമായ ഒരു ചായക്കട ഉണ്ടായിരുന്നു. മുഹമ്മദ് എന്ന വ്യക്തിയായിരുന്നു കട നടത്തിയിരുന്നത്. വളരെ തിരക്കുള്ള ഒരു ചായക്കട ആയിരുന്നു അത്. ഐയ്യനാട് ഉണ്ടായിരുന്ന കുട്ടിയുടെ ചായക്കടയില്‍ ചായ മാത്രമല്ല, ഒറ്റമൂലിയും ലഭിക്കുമായിരുന്നു. മഞ്ഞപ്പിത്തത്തിനും മറ്റുമുള്ള ഒറ്റമൂലി അവിടെ നിന്ന് കഴിച്ചവര്‍ പഴയ ഓര്‍മ്മകള്‍ പങ്ക് വെച്ചിട്ടുണ്ട്. ഭാരത മാതാ കോളേജന് സമീപം കാലി ചായയും പപ്പടവടയും മാത്രം വിറ്റിരുന്ന മമ്മദിക്കയുടെ ചായക്കട ഉണ്ടായിരുന്നു. ത്യക്കാക്കാര ക്ഷേത്രത്തില്‍ നിന്ന് കളമശ്ശേരി റോഡില്‍ സഹോദരങ്ങളായ കേശവന്‍ നായരും, നാരായണന്‍ നായരും നടത്തിയിരുന്ന ചായക്കട ഉണ്ടായിരുന്നു.

ത്യക്കാക്കരയില്‍ മാത്രം നൂറിലേറെ ചായക്കടകള്‍ ഉണ്ടായിരിക്കാം. അക്കാലത്ത് യാത്രാ സൗകര്യങ്ങള്‍ വളരെ കുറവായിരുന്നു. പലയിടത്തും നടന്ന് തന്നെ പോകണം. യാത്രക്കാരെ ലക്ഷ്യം വെച്ചാണ് എല്ലാ കവലയിലേയും ചായക്കടകള്‍ ഉണ്ടായിരുന്നത്. ചായക്കട പിന്നീട് ഹോട്ടലുകള്‍ക്കും, റെസ്റ്റോറന്‍റുകള്‍ക്കും, ഫാസ്റ്റ് ഫുഡിനും വഴിമാറി. അപൂര്‍വ്വമായി മാത്രം പൈത്യകം തുളുമ്പുന്ന ചായക്കടകള്‍ ഇപ്പോഴും ത്യക്കാക്കരയില്‍ ഇല്ലാതില്ല.

(അടുത്തത് തൃക്കാക്കര സ്‌ക്കെച്ചസ്-29 / പുഴകള്‍, തോടുകള്‍, കുളങ്ങള്‍. ലേഖനത്തില്‍ എന്തെങ്കിലും പിശകുകള്‍ വന്നിട്ടുണ്ടെങ്കിലോ, കൂട്ടി ചേര്‍ക്കേണ്ടതുണ്ടെങ്കിലോ ദയവായി 9968996870 എന്ന നമ്പറില്‍ വാട്ട്സ്അപ്പ്/ ടെലഗ്രാം ചെയ്യുക)

ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.

  1.  ഓണം പിറന്ന നാട്
  2. ഗോപാലകൃഷ്ണ ബസ്  
  3.  ചാരായക്കടയും കള്ള് ഷാപ്പും
  4. തൃക്കാക്കര ക്ഷേത്രവും സിനിമകളും 
  5.  കൈരളി, ശോഭ, താരം, പ്രീതി
  6. അണ്ണാച്ചിയുടെ ഐസ്പ്രൂട്ട് 
  7.  ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
  8. ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍ 
  9. സാഹിത്യം ത്യക്കാക്കരയില്‍ 
  10.  സംഗീത സാന്ദ്രമായ ത്യക്കാക്കര
  11. ത്യക്കാക്കരയിലെ പാട്ടുകാര്‍ 
  12.  പകല്‍പ്പൂരം
  13. താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും 
  14.  ഓണവിരുന്നും, തിരുവോണസദ്യയും
  15. ത്യക്കാക്കരയിലെ പെണ്ണെഴുത്ത് 
  16. ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
  17. കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
  18. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം  
  19. രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം 
  20. ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
  21. ഭാരത മാതാ രാഷ്ട്രീയം 
  22. ഭാരത മാതാ ബാലറ്റ് ബോക്സ്
  23. തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും 
  24. കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
  25. ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍ 
  26. ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
  27. പേക്രോം പേക്രോം തവളകള്‍ 
  28. ചായക്കട അഥവാ ചായക്കട
  29. ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും 
  30. മാധ്യമ ലോകം ത്യക്കാക്കരയില്‍ 
  31. നിയമ വഴിയിലെ ത്യക്കാക്കര
  32. സമരം സമരം സമരം 
  33. സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
  34. പൈപ്പ് ലൈന്‍ ജംഗ്ഷന്‍ 
  35. വിറക്, അറക്കപ്പൊടി, ഗ്യാസ്... 
  36. കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...! 
  37. വെളിച്ചം വീശിയ വഴികള്‍
  38. വാര്‍ത്താ വിനിമയ വിപ്ലവം 
  39. ത്യക്കാക്കരയുടെ വായനാശീലം.
  40. കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല 
  41. ത്യക്കാക്കരയുടെ കുട്ടി പട്ടാളം
  42. ത്യക്കാക്കരയിലെ കളിക്കളം 
  43. കഥകളുറങ്ങുന്ന ത്യക്കാക്കര
  44. പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
  45. വൈദ്യരംഗത്തെ തൃക്കാക്കര  
  46. നാട്ടുപ്രമാണിമാര്‍
  47. പരിചിതമുഖങ്ങള്‍ 
  48. തൃക്കാക്കരയിലെ വ്യവസായങ്ങള്‍
  49. സംഭവിച്ചതില്‍ ചിലതെല്ലാം  
  50. സ്ഥാപനങ്ങള്‍, സേവനങ്ങള്‍.