സംഗീത സാന്ദ്രമായ ത്യക്കാക്കര / തൃക്കാക്കര സ്‌ക്കെച്ചസ് - 10

സംഗീത സാന്ദ്രമായ ത്യക്കാക്കര
തൃക്കാക്കര സ്‌ക്കെച്ചസ് - 10  
സുധീര്‍നാഥ്

അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ്‌  തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
എന്ന പി ഭാസ്ക്കരന്‍ മാഷിന്‍റെ വരികള്‍ക്ക് റോസി എന്ന സിനിമയ്ക്ക് വേണ്ടി ഈണം നല്‍കിയത് ത്യക്കാക്കരയോട് ചേര്‍ന്ന് സെന്‍റ് പോള്‍സ് കോളേജിന് സമീപം താമസിച്ചിരുന്ന കെ വി ജോബ് മാഷാണ്. യേശുദാസ് പാടിയ ഈ ഗാനം ഇന്നും സംഗീത പ്രിയരുടെ പ്രിയ ഗാനമാണ്. നാടക സംഗീത സംവിധാനത്തിലൂടെയാണ് ജോബ് മാഷ് ഈ രംഗത്ത് പ്രശസ്തമാകുന്നത്. ഒട്ടേറെ ക്രിസ്തീയ ഗാനങ്ങളും മാഷ് സംഗീതം നല്‍കിയിട്ടുണ്ട്.

മലയാള സംഗീതത്തിന് വിസ്മയമായ ഒട്ടേറെ ഈണങ്ങള്‍ സമ്മാനിച്ച ബിജിബാല്‍ താമസിക്കുന്നത് ത്യക്കാക്കരയില്‍. ഇന്ന് ഏറ്റവും തിരക്കേറിയ ബിജിബാല്‍ ത്യക്കാക്കരയില്‍ തന്നെയാണ് സ്റ്റുഡിയോയും ഒരുക്കിയിരിക്കുന്നത്. 2007ല്‍ അറബിക്കഥ എന്ന ആദ്യ ചിത്രത്തിലെ സംഗീത സംവിധാനത്തിലൂടെ സംസ്ഥാന അവാര്‍ഡ് വാങ്ങി ശ്രദ്ധേയനാണ്. അനില്‍ പനച്ചൂരാന്‍റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കിയപ്പോള്‍ മലയാളികള്‍ ഈ ഗാനങ്ങള്‍ ഏറ്റ് പാടി പ്രശസ്തമാക്കി.
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും...

മറ്റൊരു അനുഗ്രഹീതനായ യുവ സംഗീത സംവിധായകനും ഗായകനുമാണ് ദേശിയ ചലചിത്ര അവാര്‍ഡ് ജേതാവ് കൂടിയായ ഗോപീ സുന്ദര്‍. കീബോര്‍ഡ് പ്രോഗ്രാമര്‍ എന്ന നിലയിലാണ് അദ്ദേഹം കലാരംഗത്ത് ആദ്യം പ്രശസ്തനാകുന്നത്. പിതാവിന്‍റെ സുഹ്യത്തായിരുന്ന സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍റെ ശിഷ്യനാണ്. ഡസന്‍ കണക്കിന് ഈണങ്ങളാണ് ഗോപീ സുന്ദര്‍ മലയാളത്തിന് സമ്മാനിച്ചത്. കര്‍ദിനാള്‍, സെന്‍റ് ജോര്‍ജ്, ഇടപ്പള്ളി ഗവണ്‍മെന്‍റ് സ്ക്കൂളുകളില്‍ പഠിച്ചിരുന്ന ഗോപി സുന്ദര്‍ ഇപ്പോള്‍ ക്ലബിന് അടുത്തായി താമസിക്കുന്നു. വീടിനോട് ചേര്‍ന്ന് സ്വന്തം സ്റ്റുഡിയോയും ഉണ്ട്. ഗോപീ സുന്ദറിന്‍റെ അമ്മയുടെ പിതാവിന്‍റെ ഉടമസ്ഥതയിലാണ് ഇടപ്പള്ളി കൈരളി തീയറ്റര്‍ ഉണ്ടായിരുന്നത്.

മലയാള സംഗീതത്തിന് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ യുവ സംഗീത സംവിധായകനും ഗായകനുമാണ് അഫ്സല്‍ യൂസഫ്. ജന്‍മനാ അന്ധനായ അഫ്ല്‍ ഒരു ഡസനിലേറെ സിനിമകള്‍ക്കും, ആല്‍ബങ്ങള്‍ക്കും വേണ്ടി സംഗീത സംവിധാനം നടത്തിയിട്ടുണ്ട്. ത്യക്കാക്കര കര്‍ദിനാള്‍ സ്ക്കൂളിലും, ഭാരതമാതായിലും, സെന്‍റ്പോള്‍സിലും, മഹാരാജാസിലുമായി വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ അഫ്സലിന് വലിയ സൗഹ്യദമാണുള്ളത്. അഫ്സലിന്‍റെ സംഗീത സംവിധാനത്തിന് കീഴില്‍ യേശുദാസും, ജയചന്ദ്രനും, ഉഷാ ഉദുപ്പും, ശ്രയാ ഗോഷലും, സോനൂ നിഗവുമടക്കം പ്രമുഖ ഗായകരെല്ലാം പാടിയിട്ടുണ്ട്. അഫ്സല്‍ താമസിക്കുന്നത് ത്യക്കാക്കര മോഡല്‍ എന്‍ജിനിയറിങ്ങ് കോളേജിനടുത്താണ്.

നാടക, ക്രിസ്തീയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി ആദ്യ കാലങ്ങളില്‍ പ്രശസ്തനായ മറ്റൊരു വ്യക്തിയാണ് വര്‍ഗീസ് പള്ളിപ്പാടന്‍. അദ്ദേഹത്തിന്‍റെ വലിയ ശിഷ്യസമ്പത്ത് പില്‍കാലത്ത് സംഗീത രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയവരാണ്. നാടകങ്ങളിലും സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. പി ജെ ആന്‍റണിയോടൊപ്പം ആദ്യകാലങ്ങളില്‍ നാടകങ്ങളില്‍ സഹകരിച്ചു. ഇടപ്പള്ളി സെന്‍റ് ജോര്‍ജ് സ്ക്കൂള്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹം ത്യക്കാക്കര മരോട്ടിചോടില്‍ ആരംഭിച്ച സിയാന്‍സ് സംഗീത വിദ്യാലയം ഏറെ പ്രശസ്തമാണ്.

മാപ്പിള ഗാന രചനയിലും, സംവിധാനത്തിലും പ്രശസ്തനായിരുന്ന ത്യക്കാക്കര വാഴക്കാല സ്വദേശിയായിരുന്ന അന്തരിച്ച നദീര്‍ ഹംസ എടുത്ത് പറയേണ്ട വ്യക്തിത്ത്വമാണ്. ഹാസ്യ കഥാപ്രസംഗവും, ഹാസ്യ ഗാനങ്ങളും പാടിയും അദ്ദേഹം പ്രശസ്തനായിരുന്നു. ഇലക്ഷന്‍ കാലത്ത് പാരഡി ഗാനങ്ങള്‍ക്കായി എല്ലാ പാര്‍ട്ടികളും സമീപിക്കുന്ന പാരഡിഗാന രചയിതാവും, സംഗീത സംവിധായകനും, ഗായകനുമാണ് കാക്കനാട് അബ്ദുള്‍ഖാദര്‍. പാര്‍ട്ടിക്കാരുടെ ആരോപണങ്ങളാണ് മൂപ്പര്‍ ഹിറ്റായ പാട്ടിന്‍റെ ഈണത്തിനൊത്ത് തയ്യാറാക്കി പാടുന്നതും പാടിപ്പിക്കുന്നതും. സാമൂഹ്യ വിഷയങ്ങളും സമയോചിതമായി അദ്ദേഹം അവതരിപ്പിച്ച് ശ്രദ്ധേയനാണ്. ഒപ്പന കോലുകളി സംഗീത രംഗത്ത് പ്രശ്തമായ കാസിം ഉസ്താദ്, മജീദ് കളപ്പാട്ട് എന്നിവര്‍ ത്യക്കാക്കര തോപ്പില്‍ നിവാസികളാണ്. ഇരുവരും ഈണം നല്‍കിയ മാപ്പിള ഗാനങ്ങളും, ഒപ്പനയും, കോല്‍ക്കളിയുമായി എല്ലാ വര്‍ഷവും സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവ വേദികളില്‍ നിറഞ്ഞാടാറുണ്ട്. പല ജില്ലാ ടീമിന് വേണ്ടി പരിശീലകനായി ഇരുവരും പോകുന്നത് വാര്‍ത്തകളില്‍ നിറയാറുണ്ട്.

(അടുത്തത് തൃക്കാക്കര സ്‌ക്കെച്ചസ് - 11  /  ത്യക്കാക്കരയിലെ പാട്ടുകാര്‍. ലേഖനത്തില്‍ എന്തെങ്കിലും പിശകുകള്‍ വന്നിട്ടുണ്ടെങ്കിലോ, കൂട്ടി ചേര്‍ക്കേണ്ടതുണ്ടെങ്കിലോ ദയവായി 9968996870 എന്ന നമ്പറില്‍ വാട്ട്സ്അപ്പ്/ ടെലഗ്രാം ചെയ്യുക)

ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.

  1.  ഓണം പിറന്ന നാട്
  2. ഗോപാലകൃഷ്ണ ബസ്  
  3.  ചാരായക്കടയും കള്ള് ഷാപ്പും
  4. തൃക്കാക്കര ക്ഷേത്രവും സിനിമകളും 
  5.  കൈരളി, ശോഭ, താരം, പ്രീതി
  6. അണ്ണാച്ചിയുടെ ഐസ്പ്രൂട്ട് 
  7.  ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
  8. ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍ 
  9. സാഹിത്യം ത്യക്കാക്കരയില്‍ 
  10.  സംഗീത സാന്ദ്രമായ ത്യക്കാക്കര
  11. ത്യക്കാക്കരയിലെ പാട്ടുകാര്‍ 
  12.  പകല്‍പ്പൂരം
  13. താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും 
  14.  ഓണവിരുന്നും, തിരുവോണസദ്യയും
  15. ത്യക്കാക്കരയിലെ പെണ്ണെഴുത്ത് 
  16. ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
  17. കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
  18. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം  
  19. രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം 
  20. ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
  21. ഭാരത മാതാ രാഷ്ട്രീയം 
  22. ഭാരത മാതാ ബാലറ്റ് ബോക്സ്
  23. തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും 
  24. കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
  25. ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍ 
  26. ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
  27. പേക്രോം പേക്രോം തവളകള്‍ 
  28. ചായക്കട അഥവാ ചായക്കട
  29. ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും 
  30. മാധ്യമ ലോകം ത്യക്കാക്കരയില്‍ 
  31. നിയമ വഴിയിലെ ത്യക്കാക്കര
  32. സമരം സമരം സമരം 
  33. സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
  34. പൈപ്പ് ലൈന്‍ ജംഗ്ഷന്‍ 
  35. വിറക്, അറക്കപ്പൊടി, ഗ്യാസ്... 
  36. കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...! 
  37. വെളിച്ചം വീശിയ വഴികള്‍
  38. വാര്‍ത്താ വിനിമയ വിപ്ലവം 
  39. ത്യക്കാക്കരയുടെ വായനാശീലം.
  40. കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല 
  41. ത്യക്കാക്കരയുടെ കുട്ടി പട്ടാളം
  42. ത്യക്കാക്കരയിലെ കളിക്കളം 
  43. കഥകളുറങ്ങുന്ന ത്യക്കാക്കര
  44. പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
  45. വൈദ്യരംഗത്തെ തൃക്കാക്കര  
  46. നാട്ടുപ്രമാണിമാര്‍
  47. പരിചിതമുഖങ്ങള്‍ 
  48. തൃക്കാക്കരയിലെ വ്യവസായങ്ങള്‍
  49. സംഭവിച്ചതില്‍ ചിലതെല്ലാം  
  50. സ്ഥാപനങ്ങള്‍, സേവനങ്ങള്‍.