ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍ തൃക്കാക്കര സ്‌ക്കെച്ചസ് - 08

ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍
തൃക്കാക്കര സ്‌ക്കെച്ചസ് - 08
സുധീര്‍നാഥ് 


ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ?
അനുദിനമനുദിനമെന്നില്‍ നിറയും
ആരാധനാ മധുരാഗം നീ
ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ?
ഈ വരികള്‍ ത്യക്കാക്കരയില്‍ രചിക്കപ്പെട്ടതാണ്. അപ്പന്‍ തച്ചേത്ത് രാജപരമ്പര എന്ന സിനിമയ്ക്ക് വേണ്ടി 1977ല്‍ എഴുതിയ വരികളാണ്. എ ടി ഉമ്മര്‍ സംഗീതം നല്‍കി യേശുദാസ് പാടിയ ഗാനം അക്കാലത്ത് സൂപ്പര്‍ ഹിറ്റായിരുന്നു. അപ്പന്‍ തച്ചേത്ത് ഒട്ടേറെ സിനിമാ ഗാനങ്ങളും, ഭക്തി ഗാനങ്ങളും മാത്രമല്ല, കവിതകളും എഴുതിയിരുന്നു. ഔദ്യോഗികമായി എന്‍ജിനിയറായ അദ്ദേഹം മദ്രാസിലും, ഡല്‍ഹിയിലായിരുന്നു പിന്നീട്. അദ്ദേഹത്തിന്‍റെ മക്കള്‍ സുഹ്യത്തുക്കളായിരുന്നു എന്നതില്‍ എനിക്ക് അഭിമാനമുണ്ട്.

ത്യക്കാക്കരയെ പ്രശസ്തമാക്കിയ മറ്റൊരു കലാകാരനാണ് കലാമണ്ഡപം വാസുദേവ്. ബാലെ കലാകാരനായിരുന്നു. ന്യത്ത അദ്ധ്യാപകന്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്നു. അദ്ദേഹം മാര്‍ഗ്ഗം കളിയില്‍ ഗവേഷണവും നടത്തിയിട്ടുണ്ട്. അതിന് ബഹുമതികളും ലഭിച്ചിട്ടുണ്ട്. ത്യക്കാക്കര തോപ്പില്‍ സ്വദേശിയാണ്. 

ഫോട്ടോ: നാന / കൊല്ലം മോഹൻ
അപ്പന്‍ തച്ചേത്തിന്‍റെ തൊട്ടടുത്ത വീട്ടില്‍, പൂഞ്ഞാര്‍ ഹൗസില്‍ ആരും അറിയാതെ ഒരു സൂപ്പര്‍ താര ജോഡികള്‍ താമസിച്ചിരുന്നു. സുകുമാരനും, മല്ലികയും. 1978ല്‍ ഇരുവരും സൂപ്പര്‍ താരപദവിയില്‍ തിളങ്ങുന്ന അവസരത്തിലാണ് അവര്‍ ഇവിടെ താമസിച്ചത്. ഇവരുടെ വിവാഹത്തിന്‍റെ ആദ്യ നാളുകളായിരുന്നു അത്. മക്കളായ പ്രഥ്വുരാജിനേയും, ഇന്ദ്രജിത്തിനേയും കൊണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍മ്മ പുതുക്കാന്‍ എന്നോണം മല്ലിക സുകുമാരന്‍ ത്യക്കാക്കര ക്ഷേത്രത്തില്‍ വന്നിരുന്നു. ഹരി പോത്തന്‍, ജയഭാരതിയെ വിവാഹം ചെയ്ത് താമസിച്ചത് ത്യക്കാക്കരയില്‍ തന്നെ. ഇന്ന് അവരുടെ വീടിരുന്നിടത്താണ് സബര്‍ബന്‍ ക്ലബ് സ്ഥിതി ചെയ്യുന്നത്. ജഗതി ശ്രീകുമാറുമായി കോളേജ് കാലത്തുള്ള പ്രേമമായിരുന്നു 1974ല്‍ മല്ലികയെ ഓളിച്ചോട്ടത്തിലും വിവാഹത്തിലും എത്തിച്ചത്. ജഗതിയില്‍ നിന്ന് ബന്ധം വേര്‍ പിരിഞ്ഞാണ് മല്ലിക 1978ല്‍ സുകുമാരനെ വിവാഹം കഴിച്ചത്. ജയഭാരതി ഹരിപോത്തനുമായി ബന്ധം വേര്‍പ്പെടുത്തി സത്താറിന്‍റെ ഭാര്യയായി. പണ്ട് പുരാണ കഥകളായിരുന്നു സൂപ്പര്‍ ഹിറ്റായി തീയറ്റര്‍ കീഴടക്കിയിരുന്നത്. ഗോവിന്ദന്‍കുട്ടിയായിരുന്നു മിക്ക വടക്കന്‍ പാട്ട് സിനിമയുടേയും തിരക്കഥ. അദ്ദേഹം താമസിച്ചിരുന്നതും ത്യക്കാക്കരയിലായിരുന്നു. ഊര്‍മ്മിളാ ഉണ്ണി ഏറെ കാലം ത്യക്കാക്കര ക്ഷേത്രത്തിന്‍റെ അടുത്താണ് താമസിച്ചിരുന്നത്. ഇപ്പോള്‍ സിനിമാ രംഗത്തെ ഡസന്‍ കണക്കിന് നടീനടന്‍മാര്‍ ത്യക്കാക്കരയില്‍ താമസിക്കുന്നുണ്ട്.

സിനിമയെ പോലെ നാടകവും ശ്രദ്ധേയമായ കാലമാണ് അന്ന്. ത്യക്കാക്കര എന്ന നാടിനെ പേരിനൊപ്പം ചേര്‍ത്ത നടന്‍മാരും അന്നുണ്ട്. കുമാര്‍ ത്യക്കാക്കര, സഹോദരന്‍ ത്യക്കാക്കര വിജയന്‍ ത്യക്കാക്കര. പങ്കന്‍ ത്യക്കാക്കര എന്ന പ്രശസ്ത നടനുണ്ടായിരുന്നു. ത്യക്കാക്കര അദ്ദേഹം പേരിനൊപ്പം ചേര്‍ത്തിരുന്നെങ്കിലും അദ്ദേഹം പുക്കാട്ടുപടിയിലാണ് താമസിച്ചിരുന്നത്. ഇടപ്പള്ളിയില്‍ പ്രമുഖ നാടക സംഘമായ ചിത്ര ആര്‍ട്ട്സ് നയിച്ച വലിയൊരു നാടക പ്രേമി ഉണ്ടായിരുന്നു. അലിയാര്‍ ഇടപ്പള്ളി എന്ന അദ്ദേഹം ത്യക്കാക്കരയുടെ നാടക സങ്കല്‍പ്പങ്ങളെ വളര്‍ത്തി എന്ന് പറയുന്നതിനേക്കാള്‍ മലയാള നാടക വേദിക്ക് ശക്തമായ പിന്‍ബലം നല്‍കിയ വ്യക്തിയായിരുന്നു. അറിയപ്പെടുന്ന നാടക സംവിധായകനും, സിനിമാ പ്രവര്‍ത്തകനും കൊച്ചിന്‍ കേളിയുടെ മുഖ്യ രക്ഷാധികാരിയുമായ സഹീര്‍ അലി അദ്ദേഹത്തിന്‍റെ മകനാണ്.

കുമാര്‍ ത്യക്കാക്കര മലയാള പ്രൊഫഷണല്‍ നാടക രംഗത്ത് ഏറെ പ്രശസ്തനായി. നാടക രംഗത്തെ അവാര്‍ഡുകള്‍ വാരി കൂട്ടി. ചിത്ര ആര്‍ട്ട്സ് വഴി കുമാര്‍ ത്യക്കാക്കര നാടക രംഗത്ത് വളര്‍ന്നു. വയലാര്‍ നാടക വേദി, കൊച്ചിന്‍ തീയറ്റേഴ്സ്, കാര്‍മ്മല്‍ തുടങ്ങി പല സംഘങ്ങളോടൊപ്പം എത്രയോ നാടകങ്ങളില്‍ അഭിനയിച്ചു. ഒടുവില്‍ സായം സന്ധ്യ എന്ന സിനിമയിലും വേഷമിട്ടു. ത്യക്കാക്കരയില്‍ ഉണ്ടായിരുന്ന സഹ്യദയ വായനശാല (പിന്നീട് കേസരി സ്മാരക സഹ്യദയ വായനശാലയായി.) ഏകാംഗ നാടക മത്സരങ്ങള്‍ സംഘടിപ്പിക്കുമായിരുന്നു. ത്യക്കാക്കര ക്ഷേത്രമുറ്റത്ത് നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാനും, നാടകം കാണുവാനും ദൂര ദേശത്ത് നിന്ന് പോലും ആളുകള്‍ വരുമായിരുന്നു.

നാടക രംഗം ത്യക്കാക്കരയില്‍ ശക്തമാകുന്നതിന് പല കാരണങ്ങളാണ്. ഇടപ്പള്ളി അലിയാരും, എ ആര്‍ രതീശനും, ടിപ്പ് ടോപ്പ് അസീസും അക്കാലത്ത് നാടക രംഗത്തിന് നല്‍കിയ സംഭാവന യുവാക്കളില്‍ വേറിട്ട ചിന്താഗതിക്ക് കാരണമായി. അടിയന്തിരാവസ്ഥയില്‍ അവതരിപ്പിക്കപ്പെട്ട പ്രതിധ്വനി, പ്രതിഭാസം, പ്രതീക്ഷ എന്നീ നാടകങ്ങള്‍ വലിയ ചലനങ്ങള്‍ ത്യക്കാക്കരയില്‍ ഉണ്ടാക്കി. ത്യക്കാക്കരയുടെ പല കേന്ദ്രങ്ങളിലായി അക്കാലത്ത് രൂപം കൊണ്ട സ്പോര്‍ട്ട്സ് ആന്‍റ് ആര്‍ട്ട്സ് ക്ലബുകള്‍ വാശിയില്‍ ഓരോ നാടകങ്ങള്‍ അവതരിപ്പിച്ചു. വ്യവസായ മേഘലയായ കളമശേരിയില്‍ പല സംഘടനകളും  സുരക്ഷാ സന്ദേശങ്ങള്‍ നല്‍കുന്ന നാടകങ്ങള്‍ അവതരിപ്പിച്ചു. എണ്‍പതുകളില്‍ ത്യക്കാക്കരയിലെ പരിചിതമുഖങ്ങളായ സുകുമാരേട്ടന്‍ പോലീസ് വേഷത്തിലും, പങ്കു ചേട്ടന്‍ കാമുക വേഷത്തിലും അഭിനയിച്ച നാടകം ക്ഷേത്രമുറ്റത്ത് ഒരിക്കല്‍ മാത്രം അവതരിപ്പിച്ചതും, നിറഞ്ഞ സദസ് കണ്ടതും ഇന്നും ഓര്‍മ്മയിലെ മായാനിഴലാണ്.  

ക്യഷ്ണ പ്രഭ എന്ന നടിയുടെ വളര്‍ച്ച ത്യക്കാക്കരയില്‍ നിന്നാണ്. ഇരുപത്തഞ്ചോളം വര്‍ഷം ത്യക്കാക്കര ക്ഷേത്രത്തിന് സമീപം താമസിച്ച ശേഷമാണ് അവര്‍ പട്ടണത്തിലേയ്ക്ക് താമസം മാറ്റിയത്. നല്ലൊരു നര്‍ത്തകിയും, ഗായികയുമായ അവര്‍ ടെലിവിഷന്‍ അവതാരക കൂടിയാണ്.

(അടുത്തത് തൃക്കാക്കര സ്‌ക്കെച്ചസ് - 09  / സാഹിത്യവും മാധ്യമപ്രവര്‍ത്തനവും ത്യക്കാക്കരയില്‍. ലേഖനത്തില്‍ എന്തെങ്കിലും പിശകുകള്‍ വന്നിട്ടുണ്ടെങ്കിലോ, കൂട്ടി ചേര്‍ക്കേണ്ടതുണ്ടെങ്കിലോ ദയവായി 9968996870 എന്ന നമ്പറില്‍ വാട്ട്സ്അപ്പ്/ ടെലഗ്രാം ചെയ്യുക)

ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.

  1.  ഓണം പിറന്ന നാട്
  2. ഗോപാലകൃഷ്ണ ബസ്  
  3.  ചാരായക്കടയും കള്ള് ഷാപ്പും
  4. തൃക്കാക്കര ക്ഷേത്രവും സിനിമകളും 
  5.  കൈരളി, ശോഭ, താരം, പ്രീതി
  6. അണ്ണാച്ചിയുടെ ഐസ്പ്രൂട്ട് 
  7.  ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
  8. ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍ 
  9. സാഹിത്യം ത്യക്കാക്കരയില്‍ 
  10.  സംഗീത സാന്ദ്രമായ ത്യക്കാക്കര
  11. ത്യക്കാക്കരയിലെ പാട്ടുകാര്‍ 
  12.  പകല്‍പ്പൂരം
  13. താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും 
  14.  ഓണവിരുന്നും, തിരുവോണസദ്യയും
  15. ത്യക്കാക്കരയിലെ പെണ്ണെഴുത്ത് 
  16. ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
  17. കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
  18. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം  
  19. രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം 
  20. ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
  21. ഭാരത മാതാ രാഷ്ട്രീയം 
  22. ഭാരത മാതാ ബാലറ്റ് ബോക്സ്
  23. തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും 
  24. കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
  25. ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍ 
  26. ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
  27. പേക്രോം പേക്രോം തവളകള്‍ 
  28. ചായക്കട അഥവാ ചായക്കട
  29. ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും 
  30. മാധ്യമ ലോകം ത്യക്കാക്കരയില്‍ 
  31. നിയമ വഴിയിലെ ത്യക്കാക്കര
  32. സമരം സമരം സമരം 
  33. സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
  34. പൈപ്പ് ലൈന്‍ ജംഗ്ഷന്‍ 
  35. വിറക്, അറക്കപ്പൊടി, ഗ്യാസ്... 
  36. കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...! 
  37. വെളിച്ചം വീശിയ വഴികള്‍
  38. വാര്‍ത്താ വിനിമയ വിപ്ലവം 
  39. ത്യക്കാക്കരയുടെ വായനാശീലം.
  40. കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല 
  41. ത്യക്കാക്കരയുടെ കുട്ടി പട്ടാളം
  42. ത്യക്കാക്കരയിലെ കളിക്കളം 
  43. കഥകളുറങ്ങുന്ന ത്യക്കാക്കര
  44. പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
  45. വൈദ്യരംഗത്തെ തൃക്കാക്കര  
  46. നാട്ടുപ്രമാണിമാര്‍
  47. പരിചിതമുഖങ്ങള്‍ 
  48. തൃക്കാക്കരയിലെ വ്യവസായങ്ങള്‍
  49. സംഭവിച്ചതില്‍ ചിലതെല്ലാം  
  50. സ്ഥാപനങ്ങള്‍, സേവനങ്ങള്‍.