നാട്ടുപ്രമാണിമാര്‍ / തൃക്കാക്കര സ്‌ക്കെച്ചസ്-46

നാട്ടുപ്രമാണിമാര്‍
തൃക്കാക്കര സ്‌ക്കെച്ചസ്-46
സുധീര്‍നാഥ് 

തൃക്കാക്കരയിലെ നാട്ടുപ്രമാണിമാരെക്കുറിച്ചാണ് പറയുന്നത്. പണമുള്ളവര്‍ മാത്രമാണ് നാട്ടുപ്രമാണി എന്നില്ല. മേല്‍ജാതിയില്‍പ്പെട്ടവരാണ് നാട്ടുപ്രമാണി എന്നുമില്ല. നാട്ടിലെ പ്രമുഖരായവരൊക്കെ നാട്ടു പ്രമാണിമാരാണ്. അവര്‍ പറഞ്ഞാല്‍ നാലുപേര്‍ കേള്‍ക്കണം. പക്ഷേ ഗുണ്ടാ നേതാക്കളെ നാട്ടുപ്രമാണി എന്ന് വിശേഷിപ്പിക്കാന്‍ പറ്റില്ലല്ലോ... നാട്ടുകാര്‍ക്ക് തൊഴില്‍ കൊടുക്കുന്നവനും, അറിവു നല്‍കുന്നവനും നാട്ടുപ്രമാണിമാര്‍ തന്നെ.


രണ്ടാം ലോകമഹായുദ്ധകാലത്ത് മംഗലാപുരത്ത് സെന്‍റ് അലോഷ്യസ് കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി 80 രൂപ മാസശമ്പളത്തില്‍ ജോലി ചെയ്യുകയായിരുന്നു എ. പി. മത്തായി. കിങ് ജോര്‍ജ് കമ്മിഷനില്‍ രണ്ട് മലയാളികളെ തിരഞ്ഞെടുത്തു. 510 രൂപ ശമ്പളം. താമസം, സുരക്ഷാ, യാത്രാ ഭക്ഷണ സൗകര്യങ്ങള്‍ വേറേ. രണ്ടു വര്‍ഷം അങ്ങനെ പട്ടാളത്തില്‍. 1944 മുതല്‍ മൂന്നുവര്‍ഷം തേവര കോളേജിലും, 1947 മുതല്‍ 1973 വരെ സെന്‍റ് ആല്‍ബട്ട്സിലും ഇംഗ്ലീഷ് അദ്ധ്യാപകനായി. 1953 ല്‍ തൃക്കാക്കരയില്‍ സെന്‍റിന് 6 രൂപയ്ക്ക് എന്ന കണക്കില്‍ ആറ് ഏക്കര്‍ വാങ്ങി. ഒരു ഇംഗ്ലീഷ് ജീവിതരീതി തന്നെയായിരുന്നു അദ്ദേഹം പിന്തുടര്‍ന്നത്. വീട് ഒരു ഫാം ഹൗസ് തന്നെയായിരുന്നു. പശുക്കളുണ്ടായിരുന്നു. പച്ചക്കറിക്ക്യഷിയുണ്ടായിരുന്നു. പുഷ്പങ്ങള്‍ നിറഞ്ഞ പൂന്തോട്ടമുണ്ടായിരുന്നു. വീട്ടില്‍ ക്യഷിക്കാരനേയും രണ്ടു സഹായിയെയും മുഴുവന്‍ സമയം നിയമിച്ചിരുന്നു.

ഇന്ത്യയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് എന്ന ചിന്ത പോകുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പു, അതായത് 1966 അവസാനം തൃക്കാക്കരയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ച വ്യക്തിയാണ് പ്രൊഫസര്‍ എ. പി. മത്തായി. ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം വിദേശയാത്രകള്‍ നടത്തിയിട്ടില്ല. വലിയ പുസ്തക ശേഖരത്തിന്‍റെ ഉടമയായിരുന്നു അദ്ദേഹം. കുറെയേറെ പുസ്തകങ്ങള്‍ കേസരി ഗ്രന്ഥശാലയ്ക്കു സംഭാവന ചെയ്തു. പരന്ന വായനയിലൂടെ ലഭിച്ച അറിവിന്‍റെ വെളിച്ചത്തിലാണ് അദ്ദേഹം യൂണിവേഴ്സിറ്റി സപ്ലെയേഴ്സ് എന്ന സ്ഥാപനം ആരംഭിച്ചത്. അക്കാലത്ത് കടകള്‍ക്ക് പേരിടുന്ന രീതി ഉണ്ടായിരുന്നില്ല എന്നിടത്താണ് കടയുടെ പേരിലെ പ്രത്യേകത. തൃക്കാക്കരയിലെ കേസരി സ്മാരക ഗ്രന്ഥശാലയോടു ചേര്‍ന്ന് മത്തായിസാര്‍ ആരംഭിച്ച കടയില്‍ ഉപ്പുമുതല്‍ കര്‍പ്പൂരം വരെകിട്ടും. തുണിത്തരങ്ങളും. ഏതാണ്ട് ഇപ്പോഴത്തെ സൂപ്പര്‍ മാര്‍ക്കറ്റ് തന്നെ. പക്ഷേ അതു വലിയ വിജയമായിത്തീര്‍ന്നില്ല. എങ്കിലും, നാട്ടിലെ പണ്ടത്തെ സംസാര വിഷയമായിരുന്നു. 

പ്രൊഫസര്‍ എ. പി. മത്തായുടെ പഴയകാല നടത്തം തന്നെ പില്‍ക്കാലത്ത് പലരും സംസാര വിഷയമാക്കിയിട്ടുണ്ട്. ചുണ്ടില്‍ പുകയുന്ന പൈപ്പോ, ചുരുട്ടോ അദ്ദേഹത്തിന്‍റെ ശീലമായിരുന്നു. 1955 ല്‍ മുകുന്ദപുരം പാര്‍ലമെന്‍റ് മണ്ഡലത്തില്‍നിന്ന് പിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പനമ്പിള്ളി ഗോവിന്ദമേനോനെ തോല്‍പ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അത് സാധിച്ചു. ഇടതുപക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥി ടി.സി.എന്‍. മേനോന്‍ മുകുന്ദപുരത്ത് നിന്ന് ജയിച്ച് പാര്‍ലമെന്‍റില്‍ പോയി. ടിസിഎന്‍ മേനോന്‍ തൃക്കാക്കര ക്ഷേത്രത്തിനു സമീപമാണ് താമസിച്ചിരുന്നത്. പഴയ മുകുന്ദപുരം മണ്ഡലമാണ് ഇന്നത്തെ ചാലക്കുടി മണ്ഡലം. ഇന്നത്തെ പാര്‍ലമെന്‍റ് അംഗം ബെന്നി ബഹനാന്‍ താമസിക്കുന്നതും തൃക്കാക്കര ക്ഷേത്രത്തിനു സമീപം തന്നെ എന്നത് യാദ്യച്ഛികമാകാം.

1973 ല്‍ റിട്ടയര്‍ ചെയ്ത ശേഷം പ്രൊഫസര്‍ എ പി മത്തായി എറണാകുളം ഇന്‍റര്‍നാഷ്ണല്‍ ഹോട്ടലില്‍ ഇംഗ്ലീഷ് സ്പീക്കിങ് കോഴ്സ് ആരംഭിച്ചു. 1974ല്‍ മെയ്സ് ആര്‍ട്ട്സ് കോളേജ് ആരംഭിച്ചു. എറണാകുളത്തെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ട്യൂട്ടോറിയല്‍ കോളേജായി അത് വളര്‍ന്നു. 1990 ല്‍ പ്രവര്‍ത്തനം നിര്‍ത്തി. 1993 ല്‍ അദ്ദേഹം അന്തരിച്ചു. സമാന്തര വിദ്യാഭ്യാസം അഥവാ ട്യൂഷന്‍ സെന്‍ററുകളോട് സാമ്യമുള്ള രണ്ടിടങ്ങള്‍ തൃക്കാക്കരയില്‍ ഉണ്ടായിരുന്നു. അച്യുതന്‍മാഷും, താഴത്തു വീട്ടിലെ മോഹനും നടത്തിയിരുന്ന സ്വന്തം സ്ഥാപനങ്ങളായിരുന്നു അത്. ട്യൂഷന്‍ സെന്‍ററുകള്‍ എന്നു പേരിടാന്‍ സാധിക്കില്ല. നൂറോളം ശിഷ്യര്‍ ഇവര്‍ക്കുണ്ടായിരുന്നു.
ഭഗീരഥ എന്‍ജിനിയേഴ്സ് എന്ന പേര് ഒരു സമയത്ത് ഇന്ത്യയിലെ പ്രശസ്തമായിരുന്നു. തൃക്കാക്കരയില്‍ ഇരുന്നാണ് വി സി ആന്‍റണി ഈ പ്രസ്ഥാനത്തെ നിയന്ത്രിച്ചിരുന്നത്. നൂറ് കണക്കിന് തൃക്കാക്കര സ്വദേശികള്‍ ഭഗീരഥ എന്‍ജിനിയറിങ്ങ് സ്ഥാപനത്തിന്‍റെ ജീവനക്കാരായി ജോലി ചെയ്തിട്ടുണ്ട്. ഇറാന്‍ ഇറാഖ് യുദ്ധമാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് തടസമായത്. റോഡ്, പാലം നിര്‍മ്മാണ രംഗത്ത് ഇപ്പോഴും സജീവമാണ് ഭഗീരഥ. ദേശിയ അവാര്‍ഡുകളും, മറ്റ് ഒട്ടേറെ പുരസ്ക്കാരങ്ങളും നിര്‍മ്മാണ രംഗത്ത് വി സി ആന്‍റണിക്ക് ലഭിച്ചിട്ടുണ്ട്.

നിര്‍മ്മാണരംഗത്ത് തൃക്കാക്കരയില്‍ ശ്രദ്ധേയനായ കോണ്‍ട്രാക്റ്ററായിരുന്നു പട്ടാളം ജോര്‍ജ് എന്ന പേരില്‍ പ്രശസ്തനായ കെ. ജെ. ജോര്‍ജ്. അദ്ദേഹം തുടക്കമിട്ട പ്രസ്ഥാനത്തിലൂടെ സഹോദരങ്ങളും മറ്റ് കുടുംബാംഗങ്ങളും നിര്‍മ്മാണ മേഖലയില്‍ എത്തപ്പെടുകയും വന്‍ വിജയം കൈവരിക്കുകയും ചെയ്തു. തൃക്കാക്കര സ്വദേശികളായ ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്.

കൈതപ്പാടത് മൊയ്തീന്‍ തൃക്കാക്കരയില്‍ ഒട്ടേറെ ഭൂമി സ്വന്തമാക്കിയ വ്യക്തിയാണ്. ആദ്യകാലത്ത് കുറുമ്പയായിരുന്നു ത്യക്കാക്കര കവലയില്‍ താമസിച്ചിരുന്നത്. പിന്നീട് അവരുടെ സ്ഥലം ഏറ്റെടുത്ത് അവര്‍ക്ക് മറ്റൊരു സ്ഥലം നല്‍കി മാറ്റി. ഇന്ന് ഇടപ്പള്ളി ടോളിലും, പൈപ്പ് ലൈനിലും അദ്ദേഹത്തിന്‍റെ കെട്ടിടങ്ങളാണ്. നിര്‍മ്മാണ ഉരുപ്പടികളുടെ വില്‍പ്പനയിലൂടെ ഈ രംഗത്ത് ഏറെ മുന്നേറിയ വ്യക്തിയാണ് അദ്ദേഹം. കൂടാതെ, ഒട്ടേറെ സ്ഥാപനങ്ങള്‍ അദ്ദേഹം തുടങ്ങി. കെ.എം.എം. കോളേജ്, കൊച്ചിന്‍ പബ്ലിക് സ്കൂള്‍ തുടങ്ങിയവ അദ്ദേഹത്തിന്‍റെ നേത്യത്വത്തില്‍ തുടങ്ങിയവയാണ്. തൃക്കാക്കരയിലെതന്നെ ആയിരത്തോളം പേര്‍ക്ക് തൊഴില്‍ കൊടുത്ത വ്യക്തിത്ത്വമാണ് അദ്ദേഹം.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പ്രാദേശിക വക്താവായ എം. ഒ. ഫിലിപ്പ് ഒരു നാട്ടുപ്രമാണിതന്നെയായിരുന്നു. പണ്ട് നാട്ടിലുണ്ടാകുന്ന പല പ്രശ്നങ്ങള്‍ക്കും മദ്ധ്യസ്ഥത പറയുന്ന ഏര്‍പ്പാട് മൂപ്പര്‍ക്ക് ഉണ്ടായിരുന്നു. പാര്‍ലമെന്‍ററി മോഹം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ പേരില്‍ കാക്കനാട് മൂന്ന് റോഡുകള്‍ ഉണ്ടെന്നത് അദ്ദേഹത്തിന്‍റെ ജനസ്വാധീനം തെളിയിക്കുന്നതാണ്. പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ ഇട്ട പേരല്ല. ജനങ്ങള്‍ നല്‍കിയ പേരാണ്. പണ്ടുകാലത്തെ പല നാട്ടു പ്രമാണിമാരും അതാത് പ്രദേശത്ത് വളരെ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവരായിരുന്നു. അവര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വിജയവും ഉറപ്പായിരുന്നു. പക്ഷേ അവരൊന്നും ഒരു മത്സരത്തിനും നിന്നിരുന്നില്ല.

കെ. പി. കുര്യനായിരുന്നു ഏറെകാലം തൃക്കാക്കര പഞ്ചായത്ത് ഭരിച്ചിരുന്നത്. ഒരുകാലത്ത് ഹൈസ്കൂള്‍ ഇല്ലാതിരുന്ന തൃക്കാക്കരയില്‍ 1947ല്‍ ആദ്യത്തെ ഹൈസ്കൂളായ മാര്‍ അത്തനേഴ്സ്യസ് ഹൈസ്കൂള്‍ തുടങ്ങിയത് കെ. പി. കുര്യനായിരുന്നു. അദ്ദേഹം പഞ്ചായത്ത് ഭരിച്ചുകൊണ്ടിരുന്ന കാലത്ത് ഒട്ടേറെ വികസന പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു. പിന്നീട് തൃക്കാക്കര പഞ്ചായത്തില്‍ ഏറെകാലം പ്രസിഡന്‍റയിരുന്നത് കോണ്‍ഗ്രസ് നേതാവായ എം. എ. അബൂബക്കറാണ്. കമ്മ്യൂണിസ്റ്റ് നേതാവായ എം. ഇ. ഹഹൈനാരായിരുന്നു ഈ സ്ഥാനത്ത് പിന്നീട് ഉണ്ടായത്. ഹസൈനാരുടെ കാലയളവില്‍ തൃക്കാക്കരയുടെ വളര്‍ച്ച വളരെ വേഗതയിലായിരുന്നു. പഞ്ചായത്ത് എന്നത് മുനിസിപ്പാലിറ്റിയായി വളര്‍ന്നു. തൃക്കാക്കര മുനിസിപ്പാലിറ്റി ആയതോടെ അദ്ദേഹം പൂര്‍ണ്ണസമയ പാര്‍ട്ടി പ്രവര്‍ത്തകനായി.

കളമശ്ശേരിയില്‍ ബീരാന്‍കുട്ടിയായിരുന്നു പഞ്ചായത്തിന്‍റെ എല്ലാം. അദ്ദേഹം അനിഷേധ്യനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. കളമശ്ശേരിയിലെ എല്ലാ വീടുകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. കളമശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം അദ്ദേഹം ഒഴിഞ്ഞതോടെ മാത്രമാണ് മറ്റു പാര്‍ട്ടികള്‍ കളമശ്ശേരിയില്‍ വളര്‍ന്നതുതന്നെ. അദ്ദേഹത്തിനു പിന്നാലെ വന്ന ജമാല്‍ മണക്കാടന്‍ ജനനേതാവായി മാറി. കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍മാനായി.

കര്‍ഷകനും, ബിസിനസുകാരനുമായ ഇ കെ മുഹമ്മദ് അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഇ. കെ. മുഹമ്മദ് തൃക്കാക്കര പഞ്ചായത്ത് മെമ്പറായിരുന്നു. ചൈതന്യ മാര്‍ബിള്‍സ് എന്ന പേരില്‍ കച്ചവടം നടത്തിയിരുന്നത് അദ്ദേഹത്തിന്‍റെ മക്കളാണ്. ജനതാ പാര്‍ട്ടിയുടെ വക്തവായിരുന്ന അഹമ്മദ്പിള്ള ഏറെകാലം തൃക്കാക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്നു. ഇരുവര്‍ക്കും ക്യഷിയിടം ഉണ്ടായിരുന്നു. തൃക്കാക്കരയിലെ മറ്റൊരു കോണ്‍ഗ്രസ് നേതാവും നാട്ടുപ്രമാണിയുമായിരുന്നു തങ്കപ്പന്‍ നായര്‍.  

അഡ്വക്കേറ്റ് എ. എ. അബ്ദുള്‍ റഹ്മാന്‍ തൃക്കാക്കരയിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനായിരുന്നു. 1980ല്‍ മട്ടാഞ്ചേരിയില്‍ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിയമസഭയില്‍ മത്സരിച്ചിരുന്നു. ഒരു പൊതു സ്വീകാര്യനായ വ്യക്തിയായിരുന്നു. എന്‍ജിനിയര്‍ എന്ന് മാത്രം പറഞ്ഞാല്‍ തൃക്കാക്കരയില്‍ എല്ലാവര്‍ക്കും ഒരാളെ പണ്ട് ഉണ്ടായിരുന്നുള്ളൂ. കെ. കെ. മുഹമ്മദ്. കേരള വൈദ്യുതി വകുപ്പില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറായിട്ടാണ് കല്ലുപ്പുരയ്ക്കല്‍ കെ. കെ. മുഹമ്മദ് റിട്ടയര്‍ ചെയ്തത്.

ഇന്ന് നാട്ടുപ്രമാണിയായി അഭിനയിക്കുന്നവരാണ് കൂടുതലും. അധികാരത്തിന്‍റെ അപ്പക്കഷണം മാത്രം ലക്ഷ്യം വെയ്ക്കുന്നവരായി മാറുന്നു. നിലപാടുകള്‍ മാറുന്നു. ഇവര്‍ക്ക് ആത്മാര്‍ത്ഥത ലവലേശം ഉണ്ടാകില്ല എന്നതാണ് സത്യം. താന്‍ കഴിഞ്ഞാല്‍ പ്രളയം എന്ന ചിന്താഗതി ചിലര്‍ക്കുണ്ട്. മറ്റു ചിലരാകട്ടെ, താനും തന്‍റെ കുടുംബവും എന്നതാണ് ചിന്ത. നാട്ടില്‍ തീര്‍ന്നിരുന്ന പല പ്രശ്നങ്ങളും കോര്‍ട്ടില്‍ തീരുന്നതായി കാണാം.

ഈ പുഴ ഏത്....? ഉത്തരം.


പച്ചപുതച്ച മനോഹരമായ ഈ പുഴ തൃക്കാക്കര കളക്ട്രേറ്റിന് ഏറെ ദൂരെയല്ലാത്ത ചിത്രപ്പുഴയാണ്.

ഇത് എവിടെയാണ്...?

ചിത്രത്തില്‍ കാണുന്നത് ഇന്നത്തെ തൃക്കാക്കരയിലെ ഏറ്റവും തിരക്കേറിയ റോഡാണ്. ഒരു പാലവും കാണാം... എവിടെയാണ് ഈ സ്ഥലം...? ഉത്തരം അടുത്ത തൃക്കാക്കര സ്‌ക്കെച്ചസ്.

(അടുത്തത് തൃക്കാക്കര സ്‌ക്കെച്ചസ്-47 / പരിചിത മുഖങ്ങള്‍. ലേഖനത്തില്‍ എന്തെങ്കിലും പിശകുകള്‍ വന്നിട്ടുണ്ടെങ്കിലോ, കൂട്ടി ചേര്‍ക്കേണ്ടതുണ്ടെങ്കിലോ ദയവായി 9968996870 എന്ന നമ്പറില്‍ വാട്ട്സ്അപ്പ്/ ടെലഗ്രാം ചെയ്യുക)

ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.

  1.  ഓണം പിറന്ന നാട്
  2. ഗോപാലകൃഷ്ണ ബസ്  
  3.  ചാരായക്കടയും കള്ള് ഷാപ്പും
  4. തൃക്കാക്കര ക്ഷേത്രവും സിനിമകളും 
  5.  കൈരളി, ശോഭ, താരം, പ്രീതി
  6. അണ്ണാച്ചിയുടെ ഐസ്പ്രൂട്ട് 
  7.  ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
  8. ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍ 
  9. സാഹിത്യം ത്യക്കാക്കരയില്‍ 
  10.  സംഗീത സാന്ദ്രമായ ത്യക്കാക്കര
  11. ത്യക്കാക്കരയിലെ പാട്ടുകാര്‍ 
  12.  പകല്‍പ്പൂരം
  13. താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും 
  14.  ഓണവിരുന്നും, തിരുവോണസദ്യയും
  15. ത്യക്കാക്കരയിലെ പെണ്ണെഴുത്ത് 
  16. ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
  17. കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
  18. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം  
  19. രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം 
  20. ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
  21. ഭാരത മാതാ രാഷ്ട്രീയം 
  22. ഭാരത മാതാ ബാലറ്റ് ബോക്സ്
  23. തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും 
  24. കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
  25. ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍ 
  26. ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
  27. പേക്രോം പേക്രോം തവളകള്‍ 
  28. ചായക്കട അഥവാ ചായക്കട
  29. ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും 
  30. മാധ്യമ ലോകം ത്യക്കാക്കരയില്‍ 
  31. നിയമ വഴിയിലെ ത്യക്കാക്കര
  32. സമരം സമരം സമരം 
  33. സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
  34. പൈപ്പ് ലൈന്‍ ജംഗ്ഷന്‍ 
  35. വിറക്, അറക്കപ്പൊടി, ഗ്യാസ്... 
  36. കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...! 
  37. വെളിച്ചം വീശിയ വഴികള്‍
  38. വാര്‍ത്താ വിനിമയ വിപ്ലവം 
  39. ത്യക്കാക്കരയുടെ വായനാശീലം.
  40. കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല 
  41. ത്യക്കാക്കരയുടെ കുട്ടി പട്ടാളം
  42. ത്യക്കാക്കരയിലെ കളിക്കളം 
  43. കഥകളുറങ്ങുന്ന ത്യക്കാക്കര
  44. പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
  45. വൈദ്യരംഗത്തെ തൃക്കാക്കര  
  46. നാട്ടുപ്രമാണിമാര്‍
  47. പരിചിതമുഖങ്ങള്‍ 
  48. തൃക്കാക്കരയിലെ വ്യവസായങ്ങള്‍
  49. സംഭവിച്ചതില്‍ ചിലതെല്ലാം  
  50. സ്ഥാപനങ്ങള്‍, സേവനങ്ങള്‍.