തിരഞ്ഞെടുപ്പ് കാലത്തെ കേരളാ ഹൗസ്

തിരഞ്ഞെടുപ്പ് കാലത്തെ കേരളാ ഹൗസ്

വിജയ് ചൗക്ക്

സുധീര്‍നാഥ്  


വീണ്ടും ഒരു തിരഞ്ഞെടുപ്പ് കാലം വന്നിരിക്കുന്നു. തിരഞ്ഞെടുപ്പ് കാലം ഡല്‍ഹിയിലെ കേരള ഹൗസില്‍ ഒരു ഉത്സവകാലമായിരുന്നു ഒരുകാലത്ത്. ഇന്നും തിരഞ്ഞെടുപ്പ് കാലം ഒരു ചെറു ഉത്സവത്തിന്‍റെ പ്രതീതി ഉണ്ടെങ്കിലും പഴയ പ്രൗഡി ഇപ്പോള്‍ ഇല്ല. അന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയായിരുന്നപോഴാണ് ഉത്സവമേളം. എങ്കില്‍ ഇന്ന് മൂന്നു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി മോഹികള്‍ ഒത്ത് കൂടിയിട്ട് പോലും ചെറിയ ഉത്സവത്തിന്‍റെ പ്രതീതി മാത്രമാണ് ഉണ്ടാവുന്നത്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ബിജെപിയും ഇന്ന് കേരളത്തിലെ തിരഞ്ഞെടുപ്പിലെ നിര്‍ണായക രാഷ്ട്രീയ കക്ഷികളാണ്. മൂന്നു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി മോഹങ്ങളും ഇപ്പോള്‍ ഡല്‍ഹിയില്‍ പല ഹോട്ടലുകളിലായി തമ്പടിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയായി പേര് പരിഗണിക്കണമെന്ന് മാത്രമാണ് പലരും ആഗ്രഹിക്കുന്നത്. ഇന്ന മണ്ഡലത്തില്‍ ഇന്ന ഇന്ന ആളുകള്‍ സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുണ്ട് എന്നുള്ള വാര്‍ത്ത വരിക. അതാണ് അവര്‍ പ്രതീക്ഷിക്കുന്നത്. പലര്‍ക്കും ജയിക്കണമെന്നുള്ള താല്പര്യം ഇല്ല. തോറ്റാലും ഒരു സ്ഥാനാര്‍ത്ഥിയാവുക എന്നതു മാത്രമാണ് പലരുടെയും ലക്ഷ്യം. 

സ്ഥാനാര്‍ത്ഥി ആകും എന്ന പ്രതീക്ഷകളിലാണ് പലരും കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരഞ്ഞെടുപ്പ് കാലത്ത് വണ്ടി കയറുന്നത്. ഒറ്റയ്ക്കായിരിക്കില്ല ഇവരുടെ യാത്ര. ഇവര്‍ക്ക് പിന്തുണയുണ്ടെന്ന് അറിയിക്കുന്നതിനു വേണ്ടി പലരെയും കൂടെ കൂട്ടും. പ്രാദേശിക സാമുദായിക, സാംസ്കാരിക നേതാക്കളെ കൂടെ കൂട്ടും. ഓരോ ഡല്‍ഹി യാത്രയ്ക്കും സ്ഥാനാര്‍ത്ഥി മോഹികള്‍ക്ക് നഷ്ടപ്പെടുന്നത് ലക്ഷങ്ങള്‍ ആണ്. കൂടെ കൊണ്ടുവരുന്നവരുടെ യാത്ര, താമസ, ഭക്ഷണ ചെലവുകള്‍ വഹിക്കേണ്ടി വരുമല്ലോ. ഒരു സ്ഥാനാര്‍ഥി മോഹി വിദേശത്തുനിന്നുള്ള തന്‍റെ രണ്ട് ബിസിനസ് സുഹൃത്തുക്കള്‍ക്ക് ടിക്കറ്റ് അയച്ചു കൊടുത്ത് വരുത്തിച്ചു. രാഷ്ട്രീയ നേതൃത്വത്തിലുള്ള പ്രമുഖന്‍റെ മുന്നില്‍ ഇവരെ അവതരിപ്പിച്ച് തന്‍റെ സാമ്പത്തിക പിന്‍മ്പലം സാക്ഷ്യപ്പെടുത്തുകയാണ് ലക്ഷ്യം. സ്ഥാനാര്‍ത്ഥിത്വം എങ്ങിനെയെങ്കിലും സാധിച്ചെടുക്കുവാന്‍ സാധിക്കുമോ എന്നുള്ള ശ്രമമാണ് ഒരാരുത്തരും ശ്രമിക്കുന്നത്.

കേന്ദ്രത്തില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന നേതാവിന്‍റെ സമയം എടുക്കുത്ത ഒരു സ്ഥാനാര്‍ത്ഥി മോഹി കഴിഞ്ഞ ദിവസം ആശ്വാസത്തോടെ പറഞ്ഞത് ഇങ്ങനെയാണ്. അദ്ദേഹത്തെ കണ്ടു, എന്നെ കെട്ടിപ്പിടിച്ചു, എന്‍റെ കയ്യില്‍ അമര്‍ത്തി ഒന്ന് ഞെക്കി... ഇതു മതിയായിരുന്നു അദ്ദേഹത്തിന് ഡല്‍ഹി യാത്രയില്‍ നിന്ന് ലഭിക്കുവാന്‍ എന്ന് തോന്നിപോയി. സമീപകാലത്ത് മറ്റൊരു പ്രവണത കാണുന്നുണ്ട്. അത് പുസ്തക രചനയാണ്. തിരഞ്ഞെടുപ്പ് അടുത്താല്‍ പുസ്തക പ്രകാശന ചടങ്ങുകള്‍ ധാരാളമാണ്. ഒപ്പിക്കുന്ന അവാര്‍ഡുകളും ഈ കാലത്ത് സ്ഥാനാര്‍ത്ഥി മോഹികളെ തേടിയെത്തും. പുസ്തക പ്രകാശനവും, അവാര്‍ഡ് ദാന ചടങ്ങുകളും കൊണ്ട് സമ്പന്നമാണ് ഇപ്പോള്‍ എന്ന് തോന്നിയിട്ടില്ലേ...?

ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസുകാര്‍ മാത്രമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സീറ്റുകള്‍ക്കായി ഡല്‍ഹി യാത്ര നടത്തിയിരുന്നുവെങ്കില്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും അവരുടെ സീറ്റുകള്‍ നേടിയെടുക്കുവാന്‍ ഒരു ഡല്‍ഹി യാത്ര എപ്പോഴും കരുതിയിരിക്കും. ഡല്‍ഹി യാത്ര തിരഞ്ഞെടുപ്പിനു മുമ്പ് ഒരു തീര്‍ത്ഥയാത്രയായി കാണുന്നവരുണ്ട്. അവരുടെ ഒരു രാഷ്ട്രീയ തീര്‍ത്ഥാടന കേന്ദ്രമാണ് ഡല്‍ഹിയിലെ കേരളാ ഹൗസ്. സ്ഥിരമായി തെരഞ്ഞെടുപ്പ് കാലത്ത് എത്തുകയും വെറുംകയ്യോടുകൂടി മടങ്ങുകയും ചെയ്യുന്ന എത്രയോ പേര്‍ ഇപ്പോഴും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ചിലര്‍ പല പാര്‍ട്ടികളിലും മാറിമാറി പരീക്ഷികുക കൂടി ചെയ്യുന്നു. 

കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ കിങ്ങ് മേക്കര്‍ ആയിരുന്ന ഒരു കാലമുണ്ടായിരുന്നു. രാജ്യത്തിലെ ഏത് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നാലും കെ. കരുണാകരന്‍റെ ശുപാര്‍ശ ഉണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പുള്ള ഒരു കാലം. കരുണാകരന്‍റെ അനുഗ്രഹത്താല്‍ പലരും ദേശിയ നേതാക്കളായി മാറിയിട്ടുണ്ട്. എഴുപതുകളും എല്‍പതുകളും കേരള ഹൗസില്‍ കരുണാകരന്‍ വന്നാല്‍ നൂറുകണക്കിന് ആളുകളാണ് അവിടെ ഒത്തുകൂടുക. കെ കരുണാകരന്‍റെ അനുഗ്രഹം ഉണ്ടെങ്കില്‍ ഏതു സംസ്ഥാനത്തായാലും അയാള്‍ നേതാവായി മാറും എന്നുള്ള വിശ്വാസം അന്ന് നിലനിന്നിരുന്നു. കെ. കരുണാകരന്‍റെ പ്രീതി നേടാന്‍ കേരള ഹൗസിന്‍റെ മുന്നില്‍ നിന്ന പലരും പില്‍ക്കാലത്ത് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും എംപിയും മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും നേതാക്കളും ആയിട്ടുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. 

കെ. കരുണാകരന്‍ എന്ന കിംഗ് മേക്കറുടെ സംഭവകഥകള്‍ ഇപ്പോള്‍ കേരള ഹൗസിലെ ലോബികളില്‍ പലരും പങ്കുവെയ്ക്കുന്നുണ്ട്. കേരള ഹൗസിന്‍റെ അകത്തളത്തില്‍ നടന്നതും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍. അശോകന്‍ പങ്കുവെച്ചതാണ് ഇവിടെ പരാമര്‍ശിക്കുന്ന കെ. കരുണാകര കഥ. അക്കാലത്ത് കെ. കരുണാകരനെ കാണാന്‍ ആയിരങ്ങളായിരുന്നു കേരള ഹൗസിന്‍റെ മുറ്റത്തും പുറത്തുമായി തടിച്ചു കൂടിയിരുന്നത്. അദ്ദേഹത്തെ മുഖം കാണിക്കുക എന്നതായിരുന്നു പലരുടെയും ലക്ഷ്യം. അംബാസഡറും, വൈസ് ചാന്‍സിലറും ഒക്കെയായി പേരെടുത്ത കെ. ആര്‍. നാരായണന്‍ ലീഡറെ കാണുവാന്‍ കേരള ഹൗസില്‍ എത്തി. അദ്ദേഹം കേരള ഹൗസില്‍ എത്തിയപ്പോള്‍ ലീഡര്‍ കോണ്‍ഗ്രസ് നേതാക്കളെ കാണുവാനായി പുറത്തേക്കിറങ്ങുകയാണ്. കെ ആര്‍ നാരായണനെ കണ്ടതോടുകൂടി ലീഡര്‍ തന്‍റെ പ്രിയപ്പെട്ട മുറിയായ 104 ല്‍ ചെന്നിരിക്കാന്‍ പറഞ്ഞു. ഉടനെ തിരിച്ചുവരും എന്നും ലീഡര്‍ പറഞ്ഞു. പക്ഷെ കെ. ആര്‍. നാരായണന്‍ കേരള ഹൗസിന്‍റെ ലോബിയിലെ സോഫയില്‍ ഇരിക്കുകയാണ് ഉണ്ടായത്. ഒരു മണിക്കൂറിലേറെ കാത്തിരുന്ന കെ ആര്‍ നാരായണന്‍ അക്ഷമനായി. പിന്നീട് വന്നു കാണാം എന്ന് അദ്ദേഹം അവിടെ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍. അശോകനോട് പറഞ്ഞ് പുറത്തേക്ക് പോകാന്‍ എഴുന്നേറ്റ സമയത്ത് തന്നെ ലീഡര്‍ മടങ്ങിയെത്തി. ലീഡര്‍ സ്നേഹത്തോടുകൂടി കെ ആര്‍ നാരായണനെ 104 ാം റൂമിലേക്ക് കൊണ്ടുപോയി. പിന്നീട് ലോകം കേള്‍ക്കുന്നത് ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ. ആര്‍ നാരായണനെ പ്രഖ്യാപിച്ചതായാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു കരുണാകരനെ കാണുവാന്‍ മണിക്കൂറുകള്‍ ഓളം കേരള ഹൗസിന്‍റെ മുറ്റത്ത് കാത്തുനിന്ന മറ്റൊരു കഥയുണ്ട്. കെ കരുണാകരന്‍റെ മുറിക്ക് കാവല്‍ നിന്നിരുന്ന ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവാണ് പില്‍ക്കാലത്ത് ദേശീയ വ്യക്തമായി മാറിയത്.

ഇന്ന് ലീഡര്‍ കാലത്ത് ഉണ്ടായിരുന്ന തിരക്ക് കേരള ഹൗസില്‍ കാണുവാന്‍ സാധിക്കുന്നില്ല. അക്കാലത്ത് അച്ചടി മാധ്യമം മാത്രമായിരുന്നു ഉണ്ടായിരുന്നത. അതുകൊണ്ട് കുറച്ച് മാധ്യമപ്രവര്‍ത്തകര്‍ മാത്രമായിരുന്നു അക്കാലത്ത് കേരള ഹൗസിന്‍റെ പരിസരങ്ങളില്‍ കാണാമായിരുന്നത്. ഇന്ന് കാലം മാറി. മലയാള ദൃശ്യമാധ്യമങ്ങളുടെ എണ്ണം മാത്രം ഒരു ഡസനോളം ആയിരിക്കുന്നു. അതായത് ഒരു ഡസന്‍ ക്യാമറകളാണ് ഇന്ന് മലയാള ദ്യശ്യ മാധ്യമ രംഗത്തെ പ്രതിനിധീകരിച്ച് കേരള ഹൗസിലെ ലോബിയില്‍ ഒരു നേതാവിന്‍റെ പ്രതികരണത്തിനായി കാത്തിരിക്കുന്നത്. ഒപ്പം ഒരു ഡസനോളം അച്ചടി മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികളും. 

തിരഞ്ഞെടുപ്പ് കാലത്തെ കേരള ഹൗസ് കഥകളില്‍ ഫിനിക്സ് പക്ഷിയെ പോലെ രാഷ്ട്രീയത്തില്‍ വലിയ വളര്‍ച്ച നേടിയവര്‍ ഉണ്ട്. അധികാര രാഷ്ട്രീയത്തില്‍ എത്തിപ്പെട്ടവര്‍ ഉണ്ട്. ഡല്‍ഹി യാത്രയില്‍ കേരള ഹൗസില്‍ വച്ച് രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തീരുമാനിച്ചവരുണ്ട്. മറ്റൊരു പാര്‍ട്ടി തേടി പോയവരുണ്ട്. വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചവരുണ്ട്. അങ്ങനെ ഒട്ടേറെ കഥകള്‍ കേരള ഹൗസിന് പറയാനുണ്ട്.

ഈ തിരഞ്ഞെടുപ്പ് കാലത്തും എല്ലാ പാര്‍ട്ടികളിലെ സ്ഥാനാര്‍ഥി മോഹികളും കേരള ഹൗസിന്‍റെ പരിസരങ്ങളില്‍ കാണുവാന്‍ സാധിക്കും. അവര്‍ റാകി പറന്ന് ചലനങ്ങള്‍ നിരീക്ഷിക്കും. ദൂതന്‍മാര്‍ വഴി ആഗ്രഹം അറിയിക്കും. വേണ്ടി വന്നാല്‍ കേരള ഹൗസില്‍ പറന്നിറങ്ങും. മാധ്യമപ്രവര്‍ത്തകരെ സമീപിച്ച് അവരുടെ സാന്നിധ്യം ഉറപ്പുവരുത്തുവാന്‍ ഓരോരുത്തരും ഇപ്പോഴും ശ്രമിക്കുന്നുണ്ട്. പത്രക്കാരോട് സംസാരിക്കുന്ന നേതാക്കളുടെ പിന്നില്‍ ചെന്ന് നിന്ന് ചാനലുകളില്‍ മുഖം കാണിക്കും. തിരഞ്ഞെടുപ്പ് വന്നാല്‍ ഡല്‍ഹി കേരളാ ഹൗസ് സജീവമാകുക പതിവായി മാറിയിരിക്കുന്നു. ധഴയ പ്രൗഡി ഇല്ലെങ്കിലും...