പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

മാര്‍ച്ച് 15 



രാജ്യതലസ്ഥാനത്തെ 'ഏക്യ' 

മലയാളികളായ പത്ത് ചിത്രകാരന്‍മാരുടെ നിറക്കൂട്ടത്തിന്‍റെ പേരാണ് 'ഏക്യ: ബോണ്ട് ബൈ കളര്‍'. കല, സൃഷ്ടി, സൗഹൃദം എന്നിവയുടെ നിറങ്ങളാല്‍ ബന്ധിതരായആര്‍ട്ടിസ്റ്റ് കൂട്ടായ്മ. അവരുടെ മൂന്നാം എഡിഷന്‍ ചിത്രപ്രദര്‍ശനം ഡല്‍ഹിയിലെ റഫിമാര്‍ഗിലെ ഐഫാക്സ്(ഓള്‍ ഇന്ത്യ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് സൊസൈറ്റി) ഗ്യാലറിയില്‍ നടന്നു. അതില്‍ മോഹന്‍ രാജ്(തൃശൂര്‍), ഷാന ഗോകുല്‍(തൃശൂര്‍), സുധി പീപ്പി(തൃശൂര്‍), സതീഷ് കുമാര്‍(ചെങ്ങന്നൂര്‍), സ്വപ്ന വിജയരാജ്(തൃശൂര്‍), രേഖ സന്തോഷ്(വൈക്കം), ഷാര്‍ലറ്റ് സുദര്‍ശന്‍(എറണാകുളം), രാമചന്ദ്രന്‍ ആര്‍ഷ(എറണാകുളം),  ആഷാ നായർ (കൊച്ചി), സത്യാ ഷേണായ് (കൊച്ചി)  എന്നിവരാണ് അവര്‍. അവര്‍ ചിത്രകല ഹോബിയുടെ ഭാഗമാക്കിയവരാണ്. 2022ല്‍ രൂപം കൊണ്ട ഏക്യാ  വിവിധ തൊഴില്‍ മേഖലകളില്‍ നിന്നുള്ള പ്രൊഷണലുകള്‍ എഞ്ചിനീയര്‍മാര്‍, പ്രതിരോധ സേനാംഗങ്ങള്‍, അധ്യാപകര്‍, ഡിസൈനര്‍മാര്‍, സംരംഭകര്‍, ഫുള്‍ ടൈം ആര്‍ട്ടിസ്റ്റുകള്‍ എന്നിവരടങ്ങിയ ഒരു ആര്‍ട്ടിസ്റ്റ് കൂട്ടായ്മയാണ്.  "അതിരുകളില്ലാത്ത ഒരു സ്റ്റുഡിയോ" എന്ന രീതിയില്‍ ഈ കൂട്ടായ്മ വളര്‍ന്നു. അവര്‍ പലയിടങ്ങളിലിരുന്നാണ് വരയ്ക്കുന്നത്. അവര്‍ വരയ്ക്കുന്നതെല്ലാം പരസ്പരം അഭിപ്രായങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു. അവര്‍ പരസ്പരം അഭിനന്ദിക്കുന്നു, വിമര്‍ശിക്കുന്നു, വിയോജിപ്പുകള്‍ അറിയിക്കുന്നു. ഏക്യയുടെ മൂന്നാമത്തെ പ്രദര്‍ശനമാണിത്. കേരളത്തിന് പുറത്ത് ആദ്യത്തേതും. എറണാകുളത്തും, ഫോര്‍ട്ട് കൊച്ചിയിലുമായിരുന്നു ഏക്യയുടെ ആദ്യ രണ്ട് എഡിഷനുകള്‍. ഈ സ്നേഹക്കൂട്ടായ്മയില്‍ നിന്ന് ഇനിയും ഒരുപാട് ചിത്രങ്ങള്‍ ഉണ്ടാകുമെന്ന് പത്ത് ചിത്രകാരന്‍മാരും പറയുന്നു. എങ്ങനെ വരയ്ക്കണം, എന്തു വരയ്ക്കണം തുടങ്ങിയ നിബന്ധനകളോ നിയന്ത്രണങ്ങളോ ഏക്യയില്‍ ഇല്ല. കല സ്വതന്ത്രമായി ആവിഷ്കരിക്കാം, ഏത് മാധ്യമവും ഉപയോഗിക്കാം. അക്രിലിക്, വാട്ടര്‍കളര്‍, ഓയില്‍പെയിന്‍റ് തുടങ്ങിയ മാധ്യമങ്ങളിലാണു ജീവന്‍ തുടിക്കുന്ന ചിത്രങ്ങളേറെയും. ചാക്ക് തുന്നുന്ന ഒരു വൃദ്ധന്‍റെ ചിത്രം, കാടിറങ്ങി വരുന്ന കൊമ്പന്‍, തീച്ചാമുണ്ഡി, കൊടുങ്ങല്ലൂരിലെ കോമരം, മത്സ്യം, ഞണ്ട്, തൃശ്ശൂര്‍ പൂരം, പ്രകൃതി, തുറമുഖത്ത് നങ്കൂരമിട്ട കപ്പലും കടല്‍ക്കാഴ്ചകളുമുണ്ട് ചിത്ര പ്രദര്‍ശനത്തില്‍.  


നോയിഡ രാജ്യാന്തര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളത്തിനു കേന്ദ്ര സര്‍ക്കാരിന്‍റെ അന്തിമ അനുമതി ലഭിച്ചിരിക്കുന്നു. ഇതോടെ എന്‍.സി.ആര്‍. മേഖലയിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളമായി നോയിഡ രാജ്യാന്തര വിമാനത്താവളമായി മാറും. എന്‍.സി.ആറില്‍ മുന്‍പ് ആരംഭിച്ച ഹിന്‍ഡന്‍ എയര്‍പോര്‍ട്ട് പലര്‍ക്കും പ്രയോജനപ്രദമാണെങ്കിലും സൗകര്യങ്ങള്‍ തീരെ കുറവാണ്. ഇപ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന നോയിഡ രാജ്യാന്തര വിമാനത്താവളത്തില്‍ മികച്ച സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ടി വന്‍, ടി റ്റു, ടി ത്രീ എന്നീ മൂന്ന് എയര്‍പോര്‍ട്ടുകള്‍ ഉണ്ട്. ഇതുകൂടാതെ സഫ്ദര്‍ജങ്ങ് എയര്‍പോര്‍ട്ട് ഡല്‍ഹിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പന്‍ഹാന്‍സിന്‍റെ ചെറു വിമാനങ്ങളും ഹെലികോപ്റ്ററുകളും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയില്‍ രോഹിണിയില്‍ ഹെലിപ്പോട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹിയുടെ പരിസര പ്രദേശങ്ങളിലേയ്ക്ക് ഇവിടെ നിന്ന് ഹെലികോപ്റ്റര്‍ സേവനം ഉണ്ട്. വിമാനത്താവളം പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ഏറ്റവും പ്രധാനമായ എയ്റോഡ്രോം ലൈസന്‍സാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുവദിച്ചത്. വിമാന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പുള്ള അന്തിമ റെഗുലേറ്ററി ക്ലിയറന്‍സാണ് ലഭിച്ചിരിക്കുന്നത്. ഈ ക്ലിയറന്‍സ് അര്‍ത്ഥമാക്കുന്നത് വിമാനത്താവളം വിമാനങ്ങളുടെ ടേക്ക് ഓഫിനും ലാന്‍ഡിംഗിനും തയ്യാറാണ് എന്നാണ്. അംഗീകാരം ലഭിച്ചതോടെ വിമാനക്കമ്പനികള്‍ക്ക് നോയിഡയില്‍ നിന്നു സര്‍വീസ് നടത്താനുള്ള അപേക്ഷകള്‍ ഡി.ജി.സി.എക്കു സമര്‍പ്പിച്ചു തുടങ്ങി. മാര്‍ച്ച് അവസാന വാരത്തോടെ വിമാനത്താവളം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാനാകുമെന്നും ഏപ്രില്‍ രണ്ടാം വാരത്തോടെ വിമാന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 1937 ലെ വിമാന നിയമങ്ങള്‍ പ്രകാരം നല്‍കിയ എയറോഡ്രോം ലൈസന്‍സ്, സുരക്ഷ, പ്രവര്‍ത്തന നടപടിക്രമങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, നാവിഗേഷന്‍ സംവിധാനങ്ങള്‍, അടിയന്തര പ്രതികരണം എന്നിവയ്ക്കുള്ള സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററിന്‍റെ ആവശ്യകതകള്‍ ഒരു വിമാനത്താവളം പാലിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. എയ്റോഡ്രോം ഡേറ്റ പ്രാബല്യത്തിലാവുന്ന ദിവസം മുതല്‍ വാണിജ്യ സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വിമാനത്താവള നടത്തിപ്പ് കമ്പനിയായ യമുന ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് (വൈ.ഐ.എ.പി.എല്‍). എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്നതിനായി പൊതു ഉപയോഗ വിഭാഗത്തിന് കീഴിലാണു വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. 3,900 മീറ്റര്‍ നീളത്തിലുള്ള ഒരു റണ്‍വേ, ഇന്‍സ്ട്രുമെന്‍റ് ലാന്‍ഡിങ് സിസ്റ്റം, എയ്റോനോട്ടിക്കല്‍ ഗ്രൗണ്ട് ലൈറ്റിങ് സിസ്റ്റം, വിമാനങ്ങളുടെ പാര്‍ക്കിങ് സ്റ്റാന്‍ഡുകള്‍ എന്നിവയ്ക്കും അംഗീകാരം ലഭിച്ചു. സ്വിസ് കമ്പനിയായ സൂറിച്ച് എയര്‍പോര്‍ട്ട് ഇന്‍റര്‍നാഷനല്‍ എജിയുടെ ഉപകമ്പനിയായ യമുന ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും നോയിഡ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സംയുക്തമായാണ് വിമാനത്താവളം നിര്‍മിച്ചത്. 


ട്രെബ്സ് ആര്‍ട്സ് ഫെസ്റ്റിലെ കണ്ണാടിപ്പായ

രാജ്യതലസ്ഥാനത്ത് കേന്ദ്ര ഗോത്രകാര്യ മന്ത്രാലയവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും നാഷനല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്സും ചേര്‍ന്നു സംഘടിപ്പിച്ച ട്രൈബ്സ് ആര്‍ട്സ് ഫെസ്റ്റില്‍ കേരളം തിളങ്ങി. കേരള സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ പാലസിലാണ് ട്രൈബ്സ് ആര്‍ട്സ് ഫെസ്റ്റ് നടന്നത്. കേരളത്തിലെ ഗോത്ര വിഭാഗം അവതരിപ്പിച്ച കണ്ണാടിപ്പായ സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചു. കണ്ണാടിപ്പായക്ക് 2025 മാര്‍ച്ചില്‍ ഭൗമസൂചിക പദവി ലഭിച്ചു. കേരള വനഗവേഷണ കേന്ദ്രത്തിന്‍റെ നേതൃത്വത്തിലാണ് കണ്ണാടിപ്പായ ഭൗമസൂചികാ പദവിയിലേക്കെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. ഈ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ആധുനിക യന്ത്രങ്ങള്‍ ഇറക്കി കെ.എഫ്.ആര്‍.ഐ. പരിശീലനം നല്‍കുന്നുണ്ട്. കണ്ണാടിപ്പായ പേര് സൂചിപ്പിക്കുന്ന പോലെ കണ്ണാടി പോലെ തിളക്കമുള്ളതാണ്. തല ചായ്ച്ചാല്‍ തണുപ്പ് ആസ്വദിച്ചു കിടക്കാം. ഇടുക്കി വെണ്‍മണി സ്വദേശി പി.ആര്‍. കണ്ണപ്പനാണ് കണ്ണാടിപ്പായ ഉള്‍പ്പെടെ മുളയില്‍ നിര്‍മിച്ച ഉല്‍പന്നങ്ങളുമായി കേരളത്തെ പ്രതിനിധീകരിച്ചു മേളയില്‍ പങ്കെടുത്തത്. കേരളത്തിലെ ആദിവാസി ഗോത്ര ജനവിഭാഗങ്ങളായ ഊരാളി, മന്നാന്‍, മുതുവ, കാടര്‍ എന്നിവര്‍ നെയ്തുണ്ടാക്കുന്ന ഒരിനം പായയാണ് കണ്ണാടിപ്പായ. കണ്ണാടിപ്പായയുടെ കൃത്യമായ ചരിത്രം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ ജനകീയ കൈത്തൊഴിലായി വളര്‍ന്നതാണ് എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പഴയകാലത്ത് വീടുകളുടെ അകത്തളങ്ങള്‍ അലങ്കരിക്കാന്‍ ഗ്രാമീണ സ്ത്രീകള്‍ തന്നെ നിര്‍മിച്ചിരുന്ന അലങ്കാര വസ്തുക്കളില്‍ ഒന്നായിരുന്നു കണ്ണാടിപ്പായ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് രാജസ്ഥാനിലും ഗുജറാത്തിലും, കണ്ണാടിത്തുണ്ടുകള്‍ ഉപയോഗിച്ച അലങ്കാര നെയ്ത്ത് പ്രചാരത്തിലുണ്ട്. അതുപോലെതന്നെ കേരളത്തിലും ചെറിയ കണ്ണാടികള്‍ ഉപയോഗിച്ച് പായകള്‍, വസ്ത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍ നിര്‍മിക്കുന്ന ഒരു ശൈലി രൂപപ്പെട്ടു. എന്നാല്‍ കേരളത്തിലെ കണ്ണാടിപ്പായ സാധാരണയായി ലളിതമായ രൂപകല്‍പ്പനയോടും ചെറുതായ അലങ്കാരങ്ങളോടുമായിരുന്നു. കണ്ണാടിപ്പായ നെയ്യാന്‍ ഒരാള്‍ 45 ദിവസമെടുക്കും. കണ്ണാടിപ്പായ നിര്‍മിക്കുന്നത് പൂര്‍ണമായും കൈവേലയാണ്. ചതുരക്കള്ളികള്‍ ഉള്‍പ്പെടെ പല ഡിസൈനുകളിലുണ്ട്. വനമേഖലകളില്‍ കണ്ടുവരുന്ന വണ്ണം കുറഞ്ഞ 'ഞൂഞ്ഞലീറ്റ' എന്ന അപൂര്‍വയിനം ഈറ്റ ഉപയോഗിച്ചാണ് കണ്ണാടിപ്പായ നെയ്യുന്നത്. ഈറ്റയെന്നാണു വിളിപ്പേരെങ്കിലും ഞൂഞ്ഞലീറ്റ മുളവര്‍ഗമാണ്. ഒന്നര വര്‍ഷം പ്രായമുള്ള പഴുത്ത ഈറ്റ വേണം. പ്രത്യേക വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ചാണ് നെയ്യുന്നത്. പണ്ട് രാജകുടുംബങ്ങളിലേക്കും മറ്റും കാഴ്ചയായി നല്‍കിയിരുന്നു. 1976ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇടുക്കി അണക്കെട്ട് സന്ദര്‍ശിച്ചപ്പോള്‍ കണ്ണാടിപ്പായാണു സമ്മാനിച്ചത്.' കണ്ണാടിപ്പായ കേരളത്തിലെ ജനകീയ അലങ്കാരകലകളില്‍ ഒരുപാട് ശ്രദ്ധേയമായ ഒരു കൈത്തൊഴില്‍ വസ്തുവാണ്. ചെറിയ കണ്ണാടിത്തുണ്ടുകള്‍ പായയിലോ തുണിയിലോ ഘടിപ്പിച്ച് അലങ്കരിച്ചുണ്ടാക്കുന്ന ഈ പായ പഴയകാലത്ത് വീടുകളുടെ അലങ്കാരത്തിനും ചടങ്ങുകള്‍ക്കുമായി ഉപയോഗിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. കേരളത്തിലെ ചില ജനകീയ ഗാനങ്ങളിലും പഴയ കഥകളിലും വീടുകളുടെ അലങ്കാരങ്ങളെ സൂചിപ്പിക്കുന്നതില്‍ കണ്ണാടിപ്പായയെപ്പറ്റി പരാമര്‍ശങ്ങള്‍ കാണാം. "കണ്ണാടി" ഉപയോഗിച്ച അലങ്കാര വസ്തുക്കള്‍ സൗന്ദര്യത്തിന്‍റെയും ആഘോഷത്തിന്‍റെയും ചിഹ്നമായി കണക്കാക്കപ്പെട്ടിരുന്നു. ഗ്രാമീണ വീടുകളില്‍ പെരുന്നാള്‍, വിവാഹം, പ്രത്യേക ചടങ്ങുകള്‍ എന്നിവയ്ക്കായി വീടുകള്‍ അലങ്കരിക്കുമ്പോള്‍ കണ്ണാടിപ്പായ പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചിരുന്നു. കേരളത്തിലെ ഗ്രാമീണ ജീവിതത്തിന്‍റെ ലളിതമായ സൗന്ദര്യബോധത്തെയും കൈവേലയുടെയും നൈപുണ്യത്തെയും ഇത് പ്രതിനിധീകരിക്കുന്നു.