കാര്‍ട്ടൂണിസ്റ്റ് മന്ത്രിയും, കാര്‍ട്ടൂണുകളും, സി. എച്ചും.
വിജയ് ചൗക്ക്
സുധീര്‍നാഥ്
കാര്‍ട്ടൂണിസ്റ്റ് പി കെ മന്ത്രി മലയാള കാര്‍ട്ടൂണ്‍ ചരിത്രത്തിലെ വേറിട്ട ഒരു അധ്യായമാണ്. അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകളോളം ശക്തി മറ്റു പലരും വരച്ച കാര്‍ട്ടൂണുകള്‍ക്ക് ഉണ്ടായിട്ടില്ല എന്ന് പലരും പറയുകയും ചെയ്യുന്നു. ഈ വിഷയം ചര്‍ച്ചചെയ്യുന്നവരില്‍ മിക്കവരും കാര്‍ട്ടൂണിസ്റ്റ് മന്ത്രിയുടെ കാര്‍ട്ടൂണുകള്‍ നേരിട്ട് കണ്ടിട്ടുപോലും ഇല്ല എന്നുള്ള കാര്യം യാഥാര്‍ത്ഥ്യമാണ്. പി കെ മന്ത്രിയുടെ കാര്‍ട്ടൂണുകള്‍ പുതുതലമുറയ്ക്ക് തീര്‍ത്തും അന്യമാണ്. അത് മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള കാര്‍ട്ടൂര്‍ അക്കാദമി പി കെ മന്ത്രിയുടെ കാര്‍ട്ടൂണുകളുടെ സമാഹാരം പുറത്തിറക്കുകയാണ്. കാര്‍ട്ടൂണിസ്റ്റ് പി കെ മന്ത്രിയുടെ കാര്‍ട്ടൂണുകള്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് ആസ്വാദ്യകരമാണ് എന്നുള്ള കാര്യത്തില്‍ സംശയമില്ല.
തിരഞ്ഞെടുപ്പ് കാലത്ത് 1990 വരെ കാര്‍ട്ടൂണുകള്‍ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. ദ്യശ്യമാധ്യമ രംഗം വളര്‍ന്ന് തുടങ്ങിയതോടെ വീണ്ടും തിരഞ്ഞെടുപ്പ് വരുമ്പോള്‍ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് പഴയകാല കാര്‍ട്ടൂണുകളാണ്. ആദ്യ കാലങ്ങളില്‍ പത്രങ്ങളില്‍ നേതാക്കളുടെ ഫോട്ടോ അച്ചടിച്ച് വരുമായിരുന്നു. അച്ചടി രംഗം ഡിജറ്റല്‍ യുഗത്തിലെത്താത്ത കാലം. പത്രങ്ങളില്‍ വരുന്ന ഫോട്ടോകള്‍ക്ക് പലപ്പോഴും വ്യക്തത വരാറില്ലായിരുന്നു. ബ്ലോക്കുകള്‍ എടുത്താണ് ആദ്യകാലങ്ങളില്‍ ഫോട്ടോകളും മറ്റും അച്ചടിച്ചിരുന്നത്. അക്കാലങ്ങളില്‍ അല്പമെങ്കിലും വ്യക്തത ഉണ്ടായിരുന്നത് കാര്‍ട്ടൂണുകള്‍ക്കായിരുന്നു. വരകളുടെ ബ്ലോക്കുകള്‍ കൂടുതല്‍ വ്യക്തത വരുത്തുന്നു എന്നതായിരുന്നു അതിന് കാരണം. കാര്‍ട്ടൂണുകള്‍ ജനകീയമാകാന്‍ കാരണം അതായിരിക്കും.
രസകരമായ ഒരു കാര്യം ഇവിടെ പരാമര്‍ശിക്കട്ടെ. ലേഖകന്‍ മഹാരാജാസ് കോളേജില്‍ പഠിക്കുന്ന തൊണ്ണൂറുകളുടെ ആദ്യം. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പത്രത്തിന്‍റെ പത്രാധിപര്‍ സി. പി. ശ്രീധരന്‍. അദ്ദേഹം കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന എഡിറ്റോറിയല്‍ എഴുതി. അക്കാലത്ത് വീക്ഷണമെന്ന മാസ്റ്റര്‍ ഹെഡും, വാര്‍ത്തകളുടെ തലക്കെട്ടുകളും, കാര്‍ട്ടൂണും മാത്രമേ വായിക്കന്‍ പറ്റൂ. അച്ച് നിരത്തിയും, ബ്ലോക്കുകള്‍ ഉപയോഗിച്ചുമാണ് പത്രം അച്ചടിച്ചിരുന്നത്. അക്ഷരങ്ങളുടെ ഈയ്യക്കട്ടകള്‍ തേഞ്ഞത് കൊണ്ട് അച്ചടിച്ചാല്‍ വ്യക്തമാകില്ല. ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കഷ്ടപ്പെട്ട് എഡിറ്റോറിയല്‍ വായിച്ചു. അദ്ദേഹമത് തന്‍റെ പത്രത്തില്‍ വാര്‍ത്തയാക്കി. പത്രാധിപരെ വീക്ഷണം മാനേജ്മെന്‍റ് പുറത്താക്കി. വീക്ഷണം പത്രം ഓഫ്സെറ്റ് അച്ചടിയിലേയ്ക്ക് മാറിയത് അതിനെ തുടര്‍ന്നാണ്.
ഓഫ്സെറ്റ് പ്രിന്‍റിങ്ങും, ദൃശ്യമാധ്യമങ്ങളും ഇല്ലാത്ത കാലത്ത് മാധ്യമങ്ങളില്‍ അച്ചടിച്ചു വരുന്ന കാര്‍ട്ടൂണുകള്‍ ഒരു വേറിട്ട വിഭവം തന്നെയായിരുന്നു. കാര്‍ട്ടൂണുകള്‍ക്ക് ആദ്യകാലങ്ങളില്‍ കൂടുതല്‍ ആരാധകര്‍ ഉണ്ടാകുവാന്‍ കാരണം അതാണ്. കാലം മാറിയപ്പോള്‍ അച്ചടിരംഗം ഡിജിറ്റല്‍ രംഗത്തേക്ക് മാറുകയും വ്യത്യസ്ത ചിത്രങ്ങള്‍ അച്ചടി മാധ്യമങ്ങളിലും, ദൃശ്യ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുകയും ചെയ്തപ്പോള്‍ കാര്‍ട്ടൂണുകള്‍ക്ക് വേണ്ടത്ര ആരാധകര്‍ ഇല്ലാത്ത പോയത് സ്വാഭാവികം മാത്രം. ഇന്ന് കാര്‍ട്ടൂണുകളെക്കാള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നത് കാര്‍ട്ടൂണ്‍ ആനിമേഷനുകളാണ്.
നമ്മള്‍ പറഞ്ഞുവന്നത് പഴയകാല കാര്‍ട്ടൂണ്‍ രംഗത്തെക്കുറിച്ചാണ്. ആദ്യകാലങ്ങളില്‍ ദൃശ്യമാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും ഒക്കെ ഡിജിറ്റല്‍ അല്ലാത്തതുകൊണ്ട് വ്യക്തത വരുന്ന ചിത്രങ്ങള്‍ കാര്‍ട്ടൂണുകളുടെ ആയിരുന്നു. നേതാക്കളെ ജനങ്ങള്‍ കൂടുതല്‍ കണ്ടതും ഫോട്ടോകളെക്കാള്‍ കൂടുതല്‍ കാര്‍ട്ടൂണുകളിലൂടെ തന്നെ. മലയാള കാര്‍ട്ടൂണ്‍ കേരളത്തില്‍ ജനകീയമാക്കിയ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളാണ് പി കെ മന്ത്രിയും, കെ. എസ് പിള്ളയും മറ്റുമാണ്. ഒരേ സമയം 5 പത്രങ്ങളിലാണ് കെ. എസ്. പിള്ള കാര്‍ട്ടൂണുകള്‍ വരച്ചിരുന്നത്. എന്നാല്‍ അത്രയൊന്നും പത്രങ്ങളില്‍ ഒരേ സമയം കാര്‍ട്ടൂണുകള്‍ വരയ്ക്കാതെ തനിനിറം എന്ന പത്രത്തില്‍ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരച്ച് പ്രശസ്തനായ വ്യക്തിയാണ് പി കെ മന്ത്രി. മന്ത്രിയുടെ കാര്‍ട്ടൂണുകള്‍ ഹാസ്യവും വിമര്‍ശനവും എല്ലാം ഉള്‍ക്കൊണ്ട ഇരുതല മൂര്‍ച്ചയുള്ള വാളുപോലെയായിരുന്നു. മന്ത്രിയുടെ കാര്‍ട്ടൂണ്‍ കേരള രാഷ്ട്രീയത്തിലെ നേതാക്കളെ പൊള്ളിച്ചിട്ടുണ്ട് എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. അതിന്‍റെ ഭാഗമായിട്ടായിരുന്നല്ലോ അദ്ദേഹം അധ്യാപക രംഗത്തുനിന്ന് സസ്പെന്‍ഷനില്‍ ആകുന്നത്.
നമ്മുടെ നാട്ടില്‍ മന്ത്രിമാരും മുന്‍ മന്ത്രിമാരും ഉണ്ട്. ഇന്നത്തെ മന്ത്രിമാര്‍ കാലം കഴിയുമ്പോള്‍ മുന്‍ മന്ത്രിമാരാവും. എന്നാല്‍ എക്കാലത്തും മന്ത്രിയായി ഒരേ ഒരാളേയുള്ളൂ, കാര്‍ട്ടൂണിസ്റ്റ് പി. കെ. മന്ത്രി. മലയാള കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ വേറിട്ട ഏടായിരുന്നു കാര്‍ട്ടൂണിസ്റ്റ് മന്ത്രിയുടേത്. പുകയടുപ്പ് ഊതി വിയര്‍ക്കുന്ന വാല്യക്കാരിയെയും അരികില്‍ മെയ്യനങ്ങാതെ നിന്ന് നിര്‍ദേശം നല്‍കുന്ന വീട്ടമ്മയെയും വരയ്ക്കുമ്പോള്‍ മന്ത്രിക്ക് പ്രായം അഞ്ചു വയസാണ്. അങ്ങനെ കുട്ടിക്കാലത്ത് തന്നെ കാര്‍ട്ടൂണില്‍ ഹരിശ്രീകുറിച്ച മന്ത്രി അന്‍പതുകളിലാണ് ജനശ്രദ്ധയാകര്‍ഷിച്ച് ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും തിളങ്ങിയത്. മൂന്നുപതിറ്റാണ്ടിലേറെ ആ വരകള്‍ മായാതെനിന്നു. സാമൂഹിക അനീതിക്കെതിരേയായിരുന്നു വരകളധികവും. കേരളീയ സമൂഹം ഒന്നടങ്കം അതിന്‍റെ ചിന്തയിലും ചിരിയിലും മയങ്ങി.
പി. കെ. മന്ത്രികുമാരന്‍ എന്നാണ് കാര്‍ട്ടൂണിസ്റ്റ് മന്ത്രിയുടെ ശരിയായ പേര്. പേരിന് പിന്നിലും കഥയുണ്ട്. അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേരളം. ജാതിചിന്ത മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന കാലം. മന്ത്രിയുടെ അച്ഛന്‍ ഒളിക്കോവില്‍ കേശവന്‍ സ്കൂളിന്‍റെ മാനേജരും ഹെഡ്മാസ്റ്ററുമായിരുന്നു. സ്ക്കൂളിന്‍റെ ആവശ്യങ്ങള്‍ക്കായി പലപ്പോഴും തിരുവനന്തപുരത്തിന് പോകേണ്ടിവരും. അന്നു പന്തളത്തുനിന്ന് തിരുവനന്തപുരത്തെത്താന്‍ രണ്ടു ദിവസം വേണം. ഒരു രാത്രി എവിടെ എങ്കിലും തങ്ങണം. അന്തിയുറങ്ങാന്‍ ഒരു ഇടം ചോദിച്ച് ഏതെങ്കിലും വീട്ടില്‍ കയറിയാല്‍ വീട്ടുകാര്‍ ആദ്യം പേര് ചോദിക്കും. പേരിന് വാലില്ലെങ്കില്‍ അവിടെ അഭയം കിട്ടില്ല. അന്നത്തെ കടുത്ത ജാതിചിന്ത കാരണം മന്ത്രിയുടെ അച്ഛന്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്.അതോടെ കേട്ടാല്‍ ജാതി ഊഹിച്ചെടുക്കാന്‍ കഴിയാത്ത ഒരു പേര് കണ്ടെത്തണമെന്ന് വാശിയായി. അങ്ങിനെ തന്‍റെ മകന് അദ്ദേഹം പേരിട്ടു. പി. കെ. മന്ത്രികുമാരന്‍ ! മാതൃഭാഷാ ദിനം ആഘോഷിക്കുന്നത്.
വരയ്ക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുവാന്‍ തിരുവനന്തപുരത്തെ കലാനിലയം കൃഷ്ണന്‍ നായരുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന തനിനിറം ദിനപത്രം തയ്യാറായതാണ് കാര്‍ട്ടൂണിസ്റ്റ് മന്ത്രിക്ക് കളം നിറഞ്ഞാടാന്‍ അവസരമൊരുക്കിയത്. എരുവും പുളിയും ചേര്‍ത്ത മന്ത്രിയുടെ കാര്‍ട്ടൂണുകള്‍ക്ക് ആരാധകര്‍ ഏറെയുണ്ടായിരുന്നു. അല്‍പകാലം കൊണ്ട് തന്നെ ശ്രദ്ധേയനായ കാര്‍ട്ടൂണിസ്റ്റായി പി. കെ. മന്ത്രി മാറി. തനിനിറത്തിലെ രാഷ്ട്രീയ കാര്‍ട്ടൂണ്‍ കൂടാതെ ഇതര പ്രസിദ്ധീകരണങ്ങളിലെ പാച്ചുവും കോവാലനും, മിസ്റ്റര്‍ കുഞ്ചു തുടങ്ങിയ സാമൂഹ്യ കാര്‍ട്ടൂണുകള്‍ അദ്ദേഹം വരച്ചിരുന്നു.
അടിയന്തരാവസ്ഥയ്ക്ക് എതിരെയുള്ള മന്ത്രിയുടെ കാര്‍ട്ടൂണുകള്‍ രാഷ്ട്രീയ രംഗത്ത് ഏറെ കോളിളക്കം സ്യഷ്ടിച്ചു. അധ്യാപക സമരകാലത്ത് ലാത്തികൊണ്ട് കുട്ടികളെ പഠിപ്പിക്കുന്ന പോ ലീസുകാരന്‍, പത്രസ്വാതന്ത്ര്യ ധ്വംസനത്തിനെതിരെ കറുത്ത മഷി പേപ്പറില്‍ കോരിയൊഴിച്ച് വരയില്ലാതെ വരച്ച കാര്‍ട്ടൂണ്‍... അങ്ങനെ എന്തെല്ലാം കാര്‍ട്ടൂണുകള്‍ ! എല്ലാം ജനശ്രദ്ധയാകര്‍ഷിച്ചവയാണ്. പാച്ചുവും കോവാലനും, കോരേട്ടനും, മിസ്റ്റര്‍ കുഞ്ചുവും ജനമനസ്സില്‍ ഇടംനേടി. കേരളഭൂഷണം, മലയാള നാട്, ജനയുഗം, മനോരാജ്യം, മാതൃഭൂമി, തനിനിറം, തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൈല്ലാം മന്ത്രി വരച്ചു.
ശക്തമായ വരകള്‍ പോലെ കുറിക്കുകൊള്ളുന്ന ഡയലോഗുകള്‍ കൂടി മന്ത്രിയുടേതായി ഉണ്ട്. കേരളത്തിലെ സര്‍ക്കാര്‍ സ്കൂളിലെ ചിത്രകലാ അധ്യാപകനായിരുന്നു മന്ത്രി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കാകട്ടെ തൊഴില്‍ ചട്ടം നിലവിലുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നതും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ എഴുതുന്നതും ചട്ട ലംഘനമാണ്. ചട്ടങ്ങളൊക്കെ ലംഘിച്ചു കൊണ്ടാണ് കാര്‍ട്ടൂണിസ്റ്റ് മന്ത്രി കേരള രാഷ്ട്രീയത്തിലെ പല പ്രമുഖരെക്കുറിച്ചും വരച്ചത്. ചിത്രകലാ അധ്യാപകനായ മന്ത്രി വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയയെ വിമര്‍ശിച്ചും കാര്‍ട്ടൂണ്‍ വരച്ചു. കാര്‍ട്ടൂണിസ്റ്റ് മന്ത്രിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത് വളരെ പ്രശസ്തമാണ്. അന്ന് പന്തളം ഗവ: യു. പി. സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായിരുന്നു മന്ത്രി. രണ്ടുവര്‍ഷം കഴിഞ്ഞ്, നിരുപാധികം തിരിച്ചെടുക്കുകയും ചെയ്തു.
എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന സി. എച്ച്. മുഹമ്മദ് കോയയുടെ മകന്‍ എം. കെ. മുനീര്‍ ഈയടുത്ത് കോഴിക്കോട് വീട്ടില്‍ വെച്ച് കണ്ടപ്പോള്‍ പറഞ്ഞത് മുന്‍പ് കേട്ടിരുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കാര്യമാണ്. സി. എച്ച്. മുഹമ്മദ് കോയ വളരെ രസികനായിരുന്നു. അദ്ദേഹത്തെ വിമര്‍ശിച്ച് വരയ്ക്കുന്ന കാര്‍ട്ടൂണുകള്‍ പോലും അദ്ദേഹം ആസ്വദിച്ചിരുന്നു. വൈകുന്നേരം അത്താഴ സമയത്ത് തന്നെ കുറിച്ച് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകള്‍ കുടുംബാഗങ്ങളെ കാണിച്ച് ആസ്വദിക്കുമായിരുന്നത്രേ. ഒരിക്കലും മന്ത്രിയെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ തന്‍റെ പിതാവ് പറഞ്ഞിട്ടില്ല എന്ന് മുനീര്‍ പറഞ്ഞു. അന്നത്തെ ഉദ്യോഗസ്ഥരും, സ്റ്റാഫും ചേര്‍ന്ന് എടുത്ത തീരുമാനമായിരുന്നു അത്. അവരെ സംരക്ഷിക്കാന്‍ സി എച്ച് മൗനം പാലിച്ചു എന്നാണ് മുനീര്‍ പറഞ്ഞത്.
ഈ സമയങ്ങളില്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന താന്‍ അന്നത്തെ ഉദ്യോഗസ്ഥരേയും, സ്റ്റാഫിനേയും ബാപ്പ വീട്ടില്‍ വിളിച്ചു വരുത്തി ശാസിക്കുന്നത് കണ്ടിട്ടുണ്ട് എന്ന് മുനീര്‍ പറയുന്നു. തന്‍റെ മകനായ എം. കെ. മുനീറിനെ വര പഠിപ്പിക്കാന്‍ മുഹമ്മദ് കോയ നിയോഗിച്ചത് കാര്‍ട്ടൂണിസ്റ്റ് മന്ത്രിയെ തന്നെ ആയിരുന്നു ! കോഴിക്കോട് വെച്ച് അസാധു ഹാസ്യ മാസിക നടത്തിയ കാര്‍ട്ടൂണ്‍ മത്സരത്തില്‍ മുനീറിന് ഒന്നാം സ്ഥാനവും ലഭിച്ചു. എം. കെ. മുനീര്‍ വരച്ച കാര്‍ട്ടൂണിലെ മുഖ്യ കഥാപാത്രം സ്വന്തം പിതാവ് തന്നെ.
മാരകമായ രോഗബാധയെ തുടര്‍ന്നാണ് അമ്പത്തിഒന്നാം വയസ്സിലാണ് കാര്‍ട്ടൂണിസ്റ്റ് മന്ത്രി മരിച്ചത്. 1988 ഡിസംമ്പറില്‍ തിരുവനന്തപുരം മ്യൂസിയം ഓഡിറേറാറിയത്തില്‍, കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന കാര്‍ട്ടൂണിസ്റ്റ് പി. കെ. മന്ത്രിയുടെ നാലാം ചരമവാര്‍ഷിക ദിനാചരണം ഓര്‍മ്മ വരുന്നു. കാര്‍ട്ടൂണിസ്റ്റുകളായ യേശുദാസന്‍, സുകുമാര്‍, പി. വി. കൃഷ്ണന്‍, ജി. ഹരി, വൈ. എ. റഹിം, എസ്. മോഹന്‍ തുടങ്ങിയ കാര്‍ട്ടൂണിസ്റ്റുകളും, മന്ത്രിയുടെ കുടുംബാംഗങ്ങളും മറ്റും ഉണ്ടായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ പറഞ്ഞത് സി. എച്ച്. മുഹമ്മദ് കോയയ്ക്ക് മന്ത്രിയുടെ കാര്‍ട്ടൂണുകള്‍ വളരെ ഇഷ്ടമായിരുന്നെന്നും മുനീര്‍ മന്ത്രിയുടെ എല്ലാ കാര്‍ട്ടൂണുകളും വെട്ടിയെടുത്തു ആല്‍ബത്തിലൊട്ടിച്ച് സൂക്ഷിക്കുന്ന ആരാധകനായിരുന്നു എന്നുമാണ്.
കാര്‍ട്ടൂണിസ്റ്റ് കൂടിയായ മലയാറ്റൂര്‍ രാമകൃഷ്ണന്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ആയപ്പോഴാണ് കാര്‍ട്ടൂണിസ്റ്റ് മന്ത്രിയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അവസരം ഒരുക്കിയത്. മന്ത്രിയുമായി വളരെ അടുത്ത് പരിചയമുള്ള മലയാററൂര്‍ രാമകൃഷ്ണന്‍ മന്ത്രിയുടെ കാര്‍ട്ടൂണ്‍ രചനയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ഇങ്കിനോടൊപ്പം ബ്രഷ് ആസിഡിലും മുക്കിയാണ് മന്ത്രി കാര്‍ട്ടൂണുകള്‍ വരച്ചിരുന്നത്. അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകള്‍ പലരേയും പൊള്ളിച്ചിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റ് മന്ത്രിയുടെ ശക്തമായ പല രാഷ്ട്രീയ കാര്‍ട്ടൂണുകളും തനിനിറം പത്രത്തിലാണ് പ്രസിദ്ധീകരിച്ചത്. കാര്‍ട്ടൂണിസ്റ്റ് മന്ത്രിയുടെ കാര്‍ട്ടൂണ്‍ പല അവസരത്തിലും നിയമസഭയില്‍ പോലും ചര്‍ച്ച ചെയ്തിട്ടുണ്ട്.
കാര്‍ട്ടൂണിസ്റ്റ് മന്ത്രി, തന്ത്രി എന്ന പേരിലും, പൗരന്‍ എന്ന പേരിലും, സിനി എന്ന പേരിലും കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട് എന്ന് കാണുന്നു. പി. ടി. ചാക്കോ മന്ത്രി ആയിരുന്ന സമയത്ത് തന്നെ അറസ്റ്റ് ചെയ്ത് ജയിലിലിടാന്‍ ശ്രമിച്ച കാലത്താണ് താന്‍ തന്ത്രി എന്ന പേരില്‍ വരച്ചത് എന്ന് കാര്‍ട്ടൂണിസ്റ്റ് മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. സസ്പെന്‍ഷനിലായ കാര്‍ട്ടൂണിസ്റ്റ് മന്ത്രി തന്‍റെ കാര്‍ട്ടൂണുകളുടെ സമാഹാരം ചിത്രഹാസ്യം എന്ന പേരില്‍ ഇറക്കിയിരുന്നു. അതില്‍ മന്ത്രി തന്നെ എഴുതിയത് ഇങ്ങനെയാണ്. താന്‍ ഒരു ഡ്രോയിംഗ് മാസ്റ്ററാണ്. ചിത്രം വരയ്ക്കുന്നതാണ് തന്‍റെ തൊഴില്‍. കഴിഞ്ഞ 15 കൊല്ലമായി വരയ്ക്കുന്നു. ഒരു മേലധികാരിയും ഒരു പോലീസുദ്യോഗസ്ഥനും ഒരു മന്ത്രിയും ഇന്നുവരെ വരക്കരുത് എന്ന് പറഞ്ഞ് വിലക്കിയിട്ടില്ല. ചിത്രങ്ങള്‍ വരച്ചു പ്രതിഫലം പറ്റിയതാണ് താന്‍ ചെയ്ത കുററം. മുഹമ്മദുകോയയുടെ ഗവണ്മെന്‍റ് തന്‍റെ ഉദ്യോഗം തെറിപ്പിക്കാന്‍ സസ്പെന്‍റ് ചെയ്ത പ്രത്യേക സാഹചര്യത്തിലാണ് താന്‍ ഈ പ്രസിദ്ധീകരണത്തിന് മുതിരുന്നത് എന്നാണ് കാര്‍ട്ടൂണിസ്റ്റ് മന്ത്രി പറയുന്നത്.
കാര്‍ട്ടൂണിസ്റ്റ് മന്ത്രിയുടെ വാക്കുകളില്‍ തന്നെ വായിക്കാം. കോയയെക്കാള്‍ പ്രഗത്ഭന്മാരായ പലരും ഈ വകുപ്പ് ഭരിച്ചിട്ടുണ്ട്. ശ്രീ പട്ടം താണുപിള്ള, പനമ്പള്ളി ഗോവിന്ദ മേനോന്‍, ആര്‍. ശങ്കര്‍, പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി അങ്ങിനെ വിവരമുള്ള വിദ്യാഭ്യാസമുള്ള പല വിദ്യാഭ്യാസ വകുപ്പു മന്ത്രിമാരായിരുന്നിട്ടുണ്ട്. അവരെക്കുറിച്ചൊക്കെ ഞാന്‍ കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ട്. അവരെല്ലാം അതൊരു സ്പോര്‍ട്ടസ് മാന്‍ സ്പിരിറ്റോടെ കണ്ട് ചിരിച്ച് രസിക്കുകയാണുണ്ടായത്. കോയയ്ക്കും അദ്ദേഹത്തിന്‍റെ സഹമന്ത്രിമാര്‍ക്കും മാത്രം എന്‍റെ ചിത്രങ്ങള്‍ സ്വൈരക്കേടായി.
ആദ്യം എന്നെ പിടികൂടാന്‍ ഏററവും ഹീനമായ ഒരടവാണ് അവര്‍ പ്രയോഗിച്ചത്. എന്നെ നക്സല്‍ബാ രിയാണെന്നു മുദ്രകുത്തി പിടികൂടി ചതിച്ചു കൊല്ലാനുള്ള നീക്കങ്ങളാണ് ആദ്യം ഗവണ്മെന്‍റ് ഭാഗത്തുനിന്നുണ്ടായത്. എന്‍റെ ആയുസ്സിന്‍റെ വലുപ്പവും കുടുംബ സുകൃതവും കൊണ്ടു ഞാന്‍ രക്ഷപ്പെട്ടു. യാതൊരു രാഷ്ട്രീയ പാര്‍ട്ടിയിലും നാലണമെമ്പര്‍ പോലുമല്ലാത്ത എന്നെ ഏതുവിധേനയെങ്കിലും ഒന്നു കുരുക്കിലാക്കാന്‍ പല പോലീസുദ്യോഗസ്ഥന്മാരും ആത്മാര്‍ത്ഥമായി ശ്രമിച്ചു നോക്കി. എന്നെ സസ്നേഹിക്കുന്ന ഞാനാദരിക്കുന്ന ബഹുജനങ്ങള്‍ സംഘടിതമായി നിന്ന് എന്നെ രക്ഷിച്ചു.
ആ ഹീനതന്ത്രം പരാജയപ്പെട്ടതോടെ, പ്രതിഫലത്തിന്‍റെ പേരും പറഞ്ഞ് എന്നെ പിടികൂടിയിരിക്കു കയാണ്. ഭരണഘടനാ പ്രകാരം ഒരു ഭാരതീയ പൗരന്‍ ചെയ്യാന്‍ പാടില്ലാത്തതൊന്നും ഞാന്‍ ചെയ്തിട്ടില്ലെന്നാണ് എന്‍റെ വിശ്വാസം. സാമൂഹ്യ വിരുദ്ധമായയാതൊ ന്നിലും ഞാന്‍ പങ്കാളിയുമല്ല. ചിത്രകല എന്‍റ ആത്മാവിന്‍റെ അംശമാണ്. ഈ ശരീരത്തില്‍ നിന്ന് ജീവന്‍റെ ചലനം നിലയ്ക്കുന്നതുവരെ ഞാന്‍ വരയ്ക്കും.
