ട്രോളും, മീമും, റീലും
വിജയ് ചൗക്ക്
സുധീര്‍നാഥ്
വീണ്ടും ഒരു തിരഞ്ഞെടുപ്പ് കാലം വരികയാണെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ എപ്പോഴും നല്ലതാണ.് തിരഞ്ഞെടുപ്പ് കാലത്ത് ഈ തവണ കാര്‍ട്ടൂണുകളായിരിക്കില്ല, പകരം ട്രോളുകളും, മീമുകളും, റീലുകളും പ്രചരണ രംഗം കീഴടക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ട്രോളുകളും, മീമുകളും, റീലുകളും ഉണ്ടാക്കുവാന്‍ വിദഗ്ധരായ ചെറുപ്പക്കാരെ നിയോഗിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ത്തമാന സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ സംവാദം നടത്തുന്നത് ഇതൊക്കെയാണ് എന്നാണ് പഠനം തെളിയിക്കുന്നത്. ചെറുപ്പക്കാര്‍ മുതല്‍ വാര്‍ധക്യം വന്നവര്‍ പോലും സ്മാര്‍ട്ട് ഫോണുകളുമായി നടക്കുന്ന കാലത്ത് ട്രോളുകളും, മീമുകളും, റീലുകളുമാണ് സംവാദത്തിന് ഏറ്റവും മികച്ചത് എന്ന് കണ്ടെത്തിയിരിക്കുന്നു.
ട്രോളുകളാണ് ഈ ഗണത്തില്‍ ആദ്യം പ്രചാരത്തില്‍ എത്തിയത്. കാര്‍ട്ടൂണുകളുടെ ഒരു ആധുനിക രൂപമെന്നു ട്രോളുകളെ വിശേഷിപ്പിക്കാം. ഇവിടെ വരയില്ല എന്നത് എടുത്ത് പറയണം. കാര്‍ട്ടൂണുകള്‍ പത്രമാധ്യമങ്ങളിലാണെങ്കില്‍ ധേടാളുകള്‍ സാമൂഹ്യ മാധ്യമങ്ങിലാണ് വരുന്നത്. സമൂഹ മാധ്യമങ്ങളില്‍ ആക്ഷേപഹാസ്യരൂപേണ സമകാലിക വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനെയാണ് ട്രോള്‍ എന്നുപറയുന്നത്. ആദ്യകാലങ്ങളില്‍ ഇറങ്ങിയിരുന്ന ട്രോളുകളില്‍ നിന്ന് വ്യത്യസ്തമായ ട്രോളുകളാണ് ഇന്ന് പുറത്തിറങ്ങുന്നത്. രീതികളിലും, സമീപനങ്ങളിലിലും വലിയ മാറ്റം വന്നിട്ടുണ്ട്. സിനിമ രംഗങ്ങളാണ് ആദ്യകാലങ്ങളില്‍ കൂടുതലായി ട്രോളുകളില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്നവിടെ കാര്‍ട്ടൂണുകളും, കാരിക്കേച്ചറും മറ്റും സ്ഥാനം പിടിച്ചിരിക്കുന്നു. സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണ രംഗങ്ങള്‍ അടര്‍ത്തിയെടുത്ത് അതില്‍ നര്‍മ്മം കലര്‍ത്തി സന്ദര്‍ഭത്തിനനുസരിച്ച് പ്രയോഗിക്കുന്ന രീതിയാണ് ആദ്യ കാല ട്രോളുകളില്‍ കാണുവാന്‍ സാധിക്കുക. സാമൂഹിക വിഷയങ്ങള്‍, രാഷ്ട്രീയ വിഷയങ്ങള്‍ എന്നിവ ഹാസ്യരൂപേണ അവതരിപ്പിച്ചുകൊണ്ട് ഏവരെയും ചിരിപ്പിക്കുവാനും അതിലുപരി ചിന്തിപ്പിക്കുവാനും ട്രോളുകള്‍ക്കു സാധിക്കുന്നു.
ട്രോളര്‍മാര്‍ എന്നാണ് ട്രോളുകള്‍ ഉണ്ടാക്കുന്നവരെ വിളിക്കുന്നത്. പ്രധാനമായും ചലച്ചിത്രങ്ങളിലെ ഹാസ്യരംഗങ്ങളും കഥാപാത്രങ്ങളുടെ സംഭാഷണ ശകലങ്ങളും സംയോജിപ്പിച്ചാണ് ട്രോളുകള്‍ നിര്‍മ്മിക്കുന്നത്. ഏതെങ്കിലുമൊരു വിഷയത്തോട് ഒരു കഥാപാത്രം പ്രതികരിക്കുന്നതായി നര്‍മ്മരൂപേണ അവതരിപ്പിക്കുന്നതാണ് മിക്ക ട്രോളുകളുടെയും ശൈലി. ഭൂരിഭാഗം ട്രോളുകളും ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മ്മിക്കപ്പെടുന്നത്. ട്രോളുകള്‍ക്ക് പ്രചാരം കൂടിയപ്പോള്‍ അത് എളുപ്പത്തില്‍ നിര്‍മ്മിക്കാനുള്ള നിരവധി ആപ്ലിക്കേഷനുകളും ലഭ്യമായി.
ട്രോളുകള്‍ വലിയ പ്രചാരം ലഭിച്ചു തുടങ്ങിയ ശേഷമാണ് മീമുകളുടെ രംഗപ്രവേശം. വ്യത്യസ്ഥ സംസ്കാരത്തിന്‍റെയോ ജനതയുടെയോ ഉള്ളില്‍ പടരുന്ന ആശയമോ, സ്വഭാവമോ, ചിന്തയോ ആണ് മീം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. സംസ്കാരിക ആശയങ്ങള്‍ ഒരു മനസ്സില്‍ നിന്നു മറ്റൊന്നിലേക്ക് പകര്‍ത്താന്‍ ഉപകരിക്കുന്ന യൂണിറ്റ് ഒഫ് ഇന്‍ഫോര്‍മേഷനാണ് മീം. മീമുകള്‍ വായിച്ച് ചിരിക്കാത്തവരും ചിന്തിക്കാത്തവരും കുറവായിരിക്കും. സാമൂഹ്യ മാധ്യമങ്ങളില്‍ മീമുകള്‍ക്കായി പ്രത്യേക പേജുകള്‍ വരെയുണ്ട്. സിനിമാ താരങ്ങള്‍ മുതല്‍ കാര്‍ട്ടുണുകള്‍ വരെ മീമുകളില്‍ വരാറുണ്ട്.
റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണിന്‍റെ ഭൂരിഭാഗം ഉപയോക്താക്കള്‍ ഒരു ദിവസം ഏകദേശം 30 മിനിറ്റ് വരെ മീമുകള്‍ വായിക്കാനായി ചെലവഴിക്കുന്നുണ്ട് എന്നാണ്. 80 ശതമാനം ആള്‍ക്കാരുടെ മീം ഉപയോഗം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മിക്ക ഉപയോക്താക്കളും മാനസിക സംഘര്‍ഷം ഒഴിവാക്കാനുള്ള മാര്‍ഗമായാണ് മീമുകളെ ആശ്രയിക്കുന്നത്. ഇനിയും മീമുകളുടെ ഉപയോഗം വര്‍ധിക്കുമെന്നും കൂടുതല്‍ പേര്‍ മീം നിര്‍മ്മാണത്തിലേക്ക് കടന്നു വന്നേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
മീമുകളുടെ നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളെ പൊതുസമൂഹത്തില്‍ എത്തിക്കാന്‍ മീമുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ന്യൂജന്‍ കാര്‍ട്ടൂണ്‍ എന്നുപോലും മീമുകളെ ട്രോളുകളെയും വിശേഷിപ്പിക്കുന്നവരുണ്ട്. മീമുകളുടെ ലോകത്ത് ആരാധകരുള്ള പ്രശസ്തരായ സെലിബ്രിറ്റികള്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. തുടര്‍ച്ചയായി പല ട്രോളുകളിലും മീമുകളിലും ഉപയോഗിക്കുന്ന പല കഥാപാത്രങ്ങളും പ്രശസ്തരാണ്. ഉദാഹരണമായി ലോകപ്രശസ്തമായ ഒരു സെലിബ്രിറ്റിയാണ് ഏറ്റവും പ്രായം കുറഞ്ഞ സക്സസ് കിഡ്. സാം എന്ന 11 മാസക്കാരന്‍റെ നില്‍പ്പ് ലോകമെമ്പാടുമുള്ള ഹൃദയം കവര്‍ന്നിരുന്നു. ഏതോ വലിയ കാര്യം നേടിയെടുത്ത പോലെ മുഖത്ത് വിജയവാഡ കൊണ്ടുള്ള അവന്‍റ നില്‍പ്പും കൈ ചുരുട്ടിയുള്ളചിരിയും സ്ക്രീനുകളില്‍ നിന്നും സ്ക്രീനുകളിലേക്ക് പറന്നു നടന്നു. 2007 ല്‍ ബീച്ചില്‍ അവധി ആഘോഷിക്കാന്‍ പോയതായിരുന്നു സാമുംം അവന്‍റെ കുടുംബവും. ബീച്ചില്‍വെച്ച് കയ്യിലും വായിലും മണല്‍ നിറച്ചുകൊണ്ട് അമ്മയെ നോക്കിയുള്ള സാമിന്‍റെ ഭാവം അമ്മ തന്നെ ക്യാമറയില്‍ പകര്‍ത്തി. വീട്ടിലെത്തിയതിനു ശേഷം അക്കാലത്ത് ഏറെ പ്രശസ്തമായ ഇമേജ് പ്ലാറ്റ്ഫോം ആയ ഫ്ലിക്കറില്‍ പങ്കുവെച്ചു. അതാണ് പിന്നീട് ലോകം ട്രോളിലും, മീമിലും കൊണ്ടാടിയ സക്സസ് കിഡ്.
ഹ്രസ്വവും രസകരവുമായ വീഡിയോകളാണ് റീലുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത. ഇന്ന് ട്രോളുകളേക്കാളും, മീമുകളേക്കാളും കൂടുതല്‍ ശ്രദ്ധ റീലുകള്‍ക്കാണ്. ചിരിപ്പിക്കുന്ന റീലുകള്‍ മുതല്‍ കരയിക്കുന്ന റീലുകള്‍ വരെ ഇപ്പോഴുണ്ട്. റീലുകള്‍ക്ക് ആദ്യമൊക്കെ 15 സെക്കന്‍ഡ് ദൈര്‍ഘ്യം മാത്രമായിരുന്നു ഉണ്ടായിരുന്നെങ്കിലും, ഇപ്പോളത് 60 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വീഡിയോയുടെ കൂടെ സംഗീതം, ഇഫക്റ്റുകള്‍, ക്രിയേറ്റീവ് ടൂളുകള്‍ എന്നിവ ഉപയോഗിച്ച് റീലുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ചുരുക്കത്തില്‍, ഉപയോക്താക്കളെ രസിപ്പിക്കാനും, സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാനും, ആശയങ്ങള്‍വേഗതയില്‍ പങ്കിടാനും മികച്ച സൗകര്യമാണ് റീലുകള്‍. പുതിയ കാലത്തിന്‍റെ ആശയവിനിമയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വികസന മുന്നേറ്റങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ലക്ഷ്യം വെച്ച് കേരള സര്‍ക്കാര്‍ റീല്‍സിന്‍റെ മത്സരം തന്നെ സംഘടിപ്പിക്കുന്നു.
ബിസിനസുകള്‍ പ്രമോട്ട് ചെയ്യാനും കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും ഒക്കെയായി റീല്‍സ് ഫീച്ചര്‍ ഉപയോഗിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. ടിക് ടോക്ക് രാജ്യത്ത് നിരോധിച്ചതോടെ ഏറ്റവും കൂടുതല്‍ ഗുണം ലഭിച്ചത് ഇന്‍സ്റ്റാഗ്രാമിനാണ്. സോഷ്യല്‍ മീഡിയ ഇന്ന് വിനോദത്തിന് മാത്രമല്ല, പണം സമ്പാദിക്കാനുള്ള ഒരു വേദി കൂടിയായി മാറിയിരിക്കുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്ത് പണം സമ്പാദിക്കുന്ന നിരവധി പേരുണ്ട്.
സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ ട്രോളുകള്‍ക്കും, മീമുകള്‍ക്കും, റീലുകള്‍ക്കും ഏറെ ഗുണം ചെയ്തിട്ടുണ്ട് എന്നാണ് കാണുന്നത്. രസകരമായ ചിത്രങ്ങള്‍ എ.ഐയുടെ സഹായത്താല്‍ നിര്‍മ്മിച്ച് ഉപയോഗിക്കാന്‍ ഇപ്പോള്‍ തുടങ്ങിയിരിക്കുന്നു. നിമിഷനേരം കൊണ്ട് ഒരു സംഭവം അനിമേഷന്‍ ആക്കാന്‍ ഇപ്പോള്‍ എ.ഐയുടെ സഹായത്താല്‍ സാധിക്കുന്നു. ഒരു രംഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധം രൂപപ്പെടുത്തുവാന്‍ പുതിയ സാങ്കേതിക വിദ്യ സഹായിക്കുന്നു. ഇത് വ്യാപകമായി ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കാണാവുന്നതുമാണ്. യാഥാര്‍ത്ഥ്യം എന്ത് എന്ന് തിരിച്ചറിയുവാന്‍ ഒരാള്‍ക്ക് സാധിക്കാത്ത തരത്തിലുള്ള ഒട്ടേറെ നിര്‍മ്മിതികള്‍ ഇപ്പോള്‍ നടക്കുന്നു എന്നുള്ളത് ആപത്താണ്. ലോകത്തിന്‍റെ എല്ലാ ഭാഗത്തും തെറ്റിദ്ധരിക്കപ്പെടുന്നവരും ചതിയില്‍ പെടുന്നവരും ഏറെയാണ് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. അത് കണ്ടില്ലെന്ന് നടിക്കുവാനും സാധിക്കില്ല.
ഇഷ്ടപ്പെടുകയാണെങ്കില്‍ ട്രോളുകളും, മീമുകളും, റീലുകളും വായിക്കുന്നവരും, കാണുന്നവരും വളരെ താല്‍പ്പര്യമുള്ള സുഹൃത്തുക്കളുമായും ഗ്രൂപ്പുകളുമായും ഇവയൊക്കെ പങ്കിടുന്നു. ഇത് വഴി ആഗോളതലത്തില്‍ പോലും ട്രോളുകളും, മീമുകളും, റീലുകളും സ്വീകാര്യമാകുന്ന പ്രവണത വര്‍ധിക്കുന്നുണ്ട്. വ്യത്യസ്തമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാനുള്ള അവസരം ഉപയോക്താക്കള്‍ക്ക് സോഷ്യല്‍ മീഡിയ നല്‍കുന്നുമുണ്ട്. ബന്ധുക്കളുടെയും വീട്ടുകാരുടെയും നാട്ടുകാരുടെയും വാക്കുകള്‍ പോലും രസകരമായി ട്രോളുകളും, മീമുകളും, റീലുകളും ആക്കി അവതരിപ്പിക്കാനും സീരിയസ് വിഷയങ്ങളെ തീവ്രത കൈവിടാതെ വായനക്കാരനിലേക്ക് എത്തിക്കാനും സഹായിക്കുന്നുണ്ട്.
വരുന്ന തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും ട്രോളുകളും, മീമുകളും, റീലുകളുമായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങും എന്നുള്ള കാര്യം ഉറപ്പായി കഴിഞ്ഞു. ഒരു വ്യക്തിയെ ഉയര്‍ത്തി കാണിക്കുവാനും ഇകഴ്ത്തി കാണിക്കുവാനും ഈ മൂന്ന് മാര്‍ഗ്ഗങ്ങളിലൂടെ വളരെ വേഗം സാധിക്കുന്നു എന്നുള്ളത് ഇത് പ്രയോഗിക്കുവാന്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടിയെയും പ്രേരിപ്പിക്കുന്നു. ജനങ്ങളിലേക്ക് ഒരു സന്ദേശം അതിവേഗം കടത്തിവിടുന്നതിന് മുന്‍കാലങ്ങളില്‍ കാര്‍ട്ടൂണുകളും ചുമരെഴുത്തുകളും ആണ് ഉപയോഗിച്ചിരുന്നെങ്കില്‍ വര്‍ത്തമാനകാലം അത് മാറ്റിയിരിക്കുന്നു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ ഉണ്ടായതിനെക്കാള്‍ വലിയ മാറ്റമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനേക്കാള്‍ സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ ഇക്കുറി പതിന്മടങ്ങ് ഇരട്ടിയാകും. കാണാനിരിക്കുന്ന പൂരം കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ല എന്നുള്ളത് കൊണ്ട് മികച്ച ട്രോളുകളും മികച്ച മീമുകളും മികച്ച റീലുകളും നമുക്ക് ഈ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാം.
