പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

ഫെബ്രുവരി 15 


കൊച്ചു നടകങ്ങളുടെ വലിയ ആഘോഷം

ആര്‍ട്ട് ഫോര്‍ ഹ്യൂമാനിറ്റി എന്ന മുദ്രാവാക്യത്തോടെ 2015 ആഗസ്റ്റ് 16 ന് ന്യൂഡല്‍ഹിയിലെ കേരള ക്ലബ്ബില്‍ ആരംഭിച്ച വൃക്ഷ് ദി തിയേറ്റര്‍, തേസ്പിസ് സീസണ്‍ 5 എന്ന അഞ്ചാമത് ദേശീയ മൈക്രോ ഡ്രാമ ഫെസ്റ്റിവല്‍ 2026 ഫെബ്രുവരി 1 ഞായറാഴ്ച ന്യൂഡല്‍ഹിയിലെ എല്‍.ടി.ജി. ഓഡിറ്റോറിയത്തില്‍ വിജയകരമായി സംഘടിപ്പിച്ചു. ഭാരത് രംഗ് മഹോത്സവം 2026ന്‍റെ ഭാഗമായി ദേശീയ നാടക വിദ്യാലയവുമായി സഹകരിച്ചാണ് ഫെസ്റ്റിവല്‍ നടന്നത്. 2017 ല്‍ വൃക്ഷ് ദി തിയേറ്റര്‍ ആരംഭിച്ച ദേശീയ മൈക്രോ ഡ്രാമ ഫെസ്റ്റിവല്‍ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ മൈക്രോ നാടകോത്സവമായി അംഗീകരിക്കപ്പെടുന്നു. നാടക ചരിത്രത്തിലെ ആദ്യ നടനായി കണക്കാക്കപ്പെടുന്ന ഐക്കേറിയയിലെ തേസ്പിസിന്‍റെ പേരിലാണ് ഫെസ്റ്റിവലിന് പേര് നല്‍കപ്പെട്ടിരിക്കുന്നത്. പ്രശസ്ത നാടക പ്രവര്‍ത്തകനും സംവിധായകനുമായ ഡോ. അഭിലാഷ് പിള്ളയായിരുന്നു ഫെസ്റ്റിവലിന്‍റെ ഡയറക്ടര്‍. അഞ്ചാമത് സീസണില്‍ പത്ത് മിനിറ്റില്‍ കവിയാത്ത ദൈര്‍ഘ്യമുള്ള 31 മൈക്രോ നാടകങ്ങളാണ് അരങ്ങേറിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 600 ലധികം കലാകാരന്മാരും സാങ്കേതിക പ്രവര്‍ത്തകരും 12 ഇന്ത്യന്‍ ഭാഷകളിലായി അവതരിപ്പിച്ച നാടകങ്ങളാണ് ഫെസ്റ്റിവലില്‍ ഉള്‍പ്പെട്ടത്. ദേശീയ നാടക വിദ്യാലയ ഡയറക്ടര്‍ ചിത്തരഞ്ജന്‍ ത്രിപാതിയാണ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്. കഥാകാര്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ലങ്ക മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ നാടകത്തിന് 50000 രൂപയുടെ ക്യാഷ് അവാര്‍ഡും ലഭിച്ചു. രണ്ടാം മികച്ച നാടകത്തിനുള്ള പുരസ്കാരം ത്രിവേണി അവതരിപ്പിച്ച വിരംഗന 1971 നേടി. ഈ നാടകത്തിന് 20000 രൂപയുടെ ക്യാഷ് അവാര്‍ഡാണ് ലഭിച്ചത്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ലങ്കയുടെ സംവിധായകന്‍ റോബിന്‍ ജോസഫിനാണ് മികച്ച സംവിധായകനുള്ള പുരസ്കാരം. റിയാലിറ്റി ഓഫ് ഡോയിംഗ് അവതരിപ്പിച്ച ഡൂ ജൂതോണ്‍ കി കഹാനിയിലെ അഭിനയത്തിന് സാക്ഷി പാട്ടിലും സൗമിത്ര അവസ്തിയുമാണ് മികച്ച നടനുള്ള പുരസ്കാരം നേടിയത്. ബാഡ് ഡേറ്റ്സ് ചെന്നൈ എഡിഷന്‍ എന്ന നാടകത്തിലെ അഭിനയത്തിന് പൂജ യാദവിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. അമന്‍ തിയേറ്റര്‍ സൊസൈറ്റി അവതരിപ്പിച്ച ഷാഖന്‍ എന്ന നാടകത്തിന്‍റെ രചയിതാവ് ആസ്ത റേയിക്ക് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ഐ ജസ്റ്റ് വാണ്ടഡ് ടു ലൈ ഡൗണ്‍ ആന്‍ഡ് ഫക്കിംഗ് സ്ലീപ്പ് എന്ന നാടകത്തിനായി വിശാല്‍ ചൗധരിയും രാഹുല്‍ തനേജയും മികച്ച സാങ്കേതിക പ്രവര്‍ത്തകരായി തിരഞ്ഞെടുക്കപ്പെട്ടു. പ്രത്യേക ജൂറി പുരസ്കാരങ്ങള്‍ ദിശാനിര്‍ദ്ദേശത്തിനായി അര്‍ജോ ഓനാര്‍ജോ എന്ന നാടകത്തിന്‍റെ സംവിധായകന്‍ ബാദല്‍ റേയ്ക്കും, അഭിനേതാവിനുള്ള പുരസ്കാരം ആന്‍റിം ഇച്ച എന്ന നാടകത്തിലെ അഭിനയത്തിന് ബിര്‍ബല്‍ സുബ്ബയ്ക്കും, നടിക്കുള്ള പ്രത്യേക ജൂറി പുരസ്കാരം വെയിറ്റിംഗ് എന്ന നാടകത്തിലെ അഭിനയത്തിന് പാസ്കിക്കും ലഭിച്ചു. ഭാഷാ വൈവിധ്യത്തിനും കലാപരമായ ചുരുക്കത്തിനും നല്‍കിയ പ്രാധാന്യവും കൊണ്ട് തേസ്പിസ് സീസണ്‍ 5 ഇന്ത്യന്‍ നാടക ലോകത്തിലെ ഒരു പ്രധാന ദേശീയ വേദിയായി വീണ്ടും സ്ഥാനം ഉറപ്പിച്ചു.

രാജ്യതലസ്ഥാനത്തെ കാലാവസ്ഥ

വായുമലിനീകരണത്തിനു പിന്നാലെ മൂടല്‍മഞ്ഞും രാജ്യതലസ്ഥാനത്ത് ശക്തമാണ്. പതിവിന് വിപരീതമായാണ് ഇത്തവണ തംുപ്പ് കാലം നീളുന്നത്. രാവിലേയും വൈകീട്ടും വലിയ തണുപ്പ്. രാവിലെ പതിവിലും കൂടുതല്‍ മഞ്ഞ്. വായു മാലിന്യം ശക്തവുമാണ്. തലസ്ഥാനത്ത് വിഷ പുകമഞ്ഞ് കട്ടിയാകുകയും മലിനീകരണ തോത് കൂടുതല്‍ ഉയര്‍ന്നിരിക്കുകയുമാണ്. വായുമലിനീകരണം കാരണം ശ്വാസതടസം അനുഭവപ്പെടുന്നവരുടെ ഗണ്യമായ വര്‍ദ്ധനവ് ആരോഗ്യ മേഖലയിലുള്ളവരെ ആശങ്കപ്പെടുത്തുന്നുണ്ട്. താപനില കാര്യമായി താഴ്ന്നതോടെ പലയിടത്തും ദൂരക്കാഴ്ച പരിധി കുറഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. യമുന അതിവേഗ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി അപകടങ്ങളാണുണ്ടായത്. രാജ്യതലസ്ഥാനത്തെ വിമാന, റെയില്‍ ഗതാഗതത്തിനു പുറമേ റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. മൂടല്‍മഞ്ഞ് കാരണം പല ദിസവും വിമാനങ്ങളും, തീവണ്ടികളും റദ്ദാക്കിയത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. വായുമലിനീകരണം ശമിപ്പിച്ചു സംസ്ഥാനത്തു വ്യാപക മഴ ഇതിനിടയിലുണ്ടായി. ഇടിമിന്നലോടു കൂടിയ മഴയാണ് ഉണ്ടായത്. പിന്നാലെ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ഉണ്ടായി. മഴയോടൊപ്പം തന്നെ കനത്ത തണുപ്പാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. മഴ ശക്തമായതിനെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം കയറുകയും വിവിധ സ്ഥലങ്ങളില്‍ ഗതാഗത സൗകര്യം തടസ്സപ്പെടുകയും ചെയ്തു. മഴയ്ക്കൊപ്പം മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാി. ഇതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ശീതതരംഗവും ഉണ്ടായി എന്നത് ചെറുതായൊന്നുമല്ല ജനജീവിതത്തെ ബാധിച്ചത്. പകല്‍ താപനില 4.5 മുതല്‍ 6.4 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമ്പോഴാണ് ശീതതരംഗം അനുഭവപ്പെടുന്നത്. ഇതിനിടയില്‍ വിചിത്രമായ ഉത്തരവുകളാണ് കോടതികളില്‍ നിന്നുണ്ടാകുന്നത്. രാജ്യത്തെ കോടതികളില്‍ നിന്നുള്ള നീതിബോധം ജനങ്ങള്‍ക്ക് കുറച്ച് നാളായി ആശങ്കയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. വായുമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് (സിഎക്യുഎം) ചുമതല നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. സംസ്ഥാന അതിര്‍ത്തികളിലെ ടോള്‍ പ്ലാസകള്‍ 2 മാസത്തേക്കു അടച്ചിടണമെന്ന നിര്‍ദേശം നടപ്പാക്കാത്തതിനെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തിയത്. വായുമലിനീകരണത്തിന്‍റെ പേരില്‍ കര്‍ഷകരെ അനാവശ്യമായി കുറ്റപ്പെടുത്തരുതെന്നാണ് മറ്റൊരു കോടതി വിധി. കോവിഡ് കാലത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോഴും പാടത്തു തീയിട്ടിരുന്നു. പക്ഷേ, അന്തരീക്ഷം സാധാരണ നിലയിലായിരുന്നു എന്നും കോടതി പറഞ്ഞു. അത്യാവശ്യമല്ലാത്ത ബി.എസ് നാല് മാനദണ്ഡങ്ങള്‍ക്ക് കുറഞ്ഞ ഡല്‍ഹിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത ഡീസല്‍ ചരക്ക് വാഹനങ്ങക്ക് നഗരത്തിലേക്ക് പ്രവേശനം നിരോധിക്കുകയാണ്. കൂടാതെ എല്ലാ നിര്‍മ്മാണ, പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടയില്‍ പഴയ പെട്രോള്‍, ഡീസല്‍ കാറുകള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിനു സബ്സിഡി നല്‍കുന്ന നിര്‍ണായക നിര്‍ദേശം ഡല്‍ഹി സര്‍ക്കാര്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കയാണ്. പുതിയ ഇലക്ട്രിക് വെഹിക്കിള്‍ പോളിസി 2.0ന്‍റെ ഭാഗമായാണു സാമ്പത്തിക സഹായം. ആദ്യത്തെ 1,000 വാഹനങ്ങള്‍ക്ക് 50,000 രൂപ സാമ്പത്തിക സഹായം സബ്സിഡിയില്‍ ഉള്‍പ്പെടുത്തും. പഴയ കാറുകള്‍ ഉപേക്ഷിക്കുന്നതിനു പകരം ഇലക്ട്രിക് കാറുകളിലേക്കു മാറ്റാന്‍ തയാറാകുന്ന ഉടമകളെ ലക്ഷ്യമിട്ടാണ് പദ്ധതി.

ഇന്ത്യ ആര്‍ട്ട് ഫെയര്‍

പതിവുപോലെ ഈ വര്‍ഷവും ഇന്ത്യ ആര്‍ട്ട് ഫെയര്‍ രാജ്യ തലസ്ഥാനത്ത് നടന്നു. ഇത്തവണ ഇന്ത്യ ആര്‍ട്ട് ഫെയര്‍ കൂടുതല്‍ മനുഷ്യ സൗഹൃദപരമായിരുന്നു. ഡല്‍ഹിയിലെ ഒഖ്ല ഇന്ത്യ ആര്‍ട്ട് ഫെയര്‍ നടക്കുന്ന സ്ഥലമായതിനാല്‍ അന്താരാഷ്ട്ര സ്ഥലമായി മാറി. ഇന്ത്യ ആര്‍ട്ട് ഫെയറിന്‍റെ 17-ാം പതിപ്പ് 2026 ഫെബ്രുവരി 5-ന് ഡല്‍ഹിയിലെ എന്‍.എസ്.ഐ.സി. എക്സിബിഷന്‍ ഗ്രൗണ്ട്സിലാണ് തുടക്കമായത്. 123 പ്രദര്‍ശകരുമായി, വലുതാക്കിയ വിസ്തൃതിയോടെ, റെക്കോര്‍ഡ് സൃഷ്ടിക്കുന്ന തിരിച്ചുവരവാണ് ഈ പതിപ്പ് അടയാളപ്പെടുത്തുന്നത്. ബി.എം.ഡബ്ല്യു ഇന്ത്യയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ ഫെയര്‍, 87 പ്രമുഖ ഗാലറികളും 24 മുന്‍നിര കലാസ്ഥാപനങ്ങളും ഒന്നിച്ചുകൂട്ടുന്നു. പരിചയസമ്പന്നരായ പങ്കാളികളെയും പുതുമുഖങ്ങളെയും ഒരുമിപ്പിച്ച്, ആധുനികവും സമകാലീനവുമായ കലാഭിവ്യക്തികളുടെ വിശാലമായൊരു സ്പെക്ട്രമാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഡേവിഡ് സ്വിര്‍ണര്‍, ഗാലെറിയ കോണ്‍ടിനുവ, നോയുഗെറിയംഷ്നൈഡര്‍, കാര്‍പെന്‍റേഴ്സ് വര്‍ക്ക്ഷോപ്പ് ഗാലറി തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ഗാലറികള്‍ പങ്കെടുക്കുന്ന ഈ പതിപ്പില്‍, വൈറ്റ്സ്റ്റോണ്‍ ഗാലറി, രാജീവ് മേനോന്‍ കണ്ടെമ്പററി, 193 ഗാലറി, ലാംബ്, സബ്യാസാചി ആര്‍ട്ട് ഫൗണ്ടേഷന്‍, ലക്കീരന്‍ കണ്ടെമ്പററി, സബ്കോണ്ടിനന്‍റ് എന്നിവ ആദ്യമായി അരങ്ങേറ്റം കുറിക്കുന്നു. ഇത് ഫെയറിന്‍റെ വളരുന്ന ആഗോള വ്യാപ്തിയെ വ്യക്തമാക്കുന്നു. "ഇന്ത്യ ആര്‍ട്ട് ഫെയറിന്‍റെ 17-ാം പതിപ്പ് ഒരു നിര്‍ണായക ഘട്ടമാണ്," എന്ന് ഫെയര്‍ ഡയറക്ടര്‍ ജയ അസോകന്‍ പറഞ്ഞു. "ആഗോളവും പ്രാദേശികവുമായ പ്രദര്‍ശകരുടെ അപൂര്‍വമായ സംഗമത്തോടെ, ദക്ഷിണേഷ്യയിലെ സമകാലീന കലയുടെ ഭാവി രൂപപ്പെടുത്തുന്നതിനായി കലാകാരന്മാരും ഗാലറികളും സ്ഥാപനങ്ങളും ശേഖരകരും ഒന്നിക്കുന്ന ഏറ്റവും പ്രധാന വേദിയായി ഈ ഫെയര്‍ തുടര്‍ന്നും നിലകൊള്ളുന്നു." ആധുനികവും സമകാലീനവുമായ കലാസൃഷ്ടികള്‍, ശേഖരണയോഗ്യമായ ഡിസൈന്‍ പ്രവൃത്തികള്‍, ശ്രദ്ധാപൂര്‍വം തെരഞ്ഞെടുത്ത അനുഭവപരമായ ഔട്ട്ഡോര്‍ പ്രോജക്ടുകള്‍, പുതുമയുള്ള ഒരു പെര്‍ഫോമന്‍സ് പ്രോഗ്രാം, കൂടാതെ ദക്ഷിണേഷ്യയിലും അതിര്‍ത്തികള്‍ക്കപ്പുറവും നിന്നുള്ള പ്രമുഖ ശബ്ദങ്ങളെ ഉള്‍ക്കൊള്ളുന്ന സജീവമായ ടോക്ക്സ് പ്രോഗ്രാം  ഇവയൊക്കെയുമായി ഇന്ത്യ ആര്‍ട്ട് ഫെയര്‍ 2026 എന്ന ദര്‍ശനപരമായ പതിപ്പിലൂടെ വീണ്ടും വേദിയിലേക്ക് മടങ്ങിയെത്തി. ഇന്ത്യ ആര്‍ട്ട് ഫെയറിന്‍റെ ഫോകസ് വിഭാഗത്തില്‍  ദക്ഷിണേഷ്യയില്‍ നിന്നുള്ള സ്ഥാപിതവും ആഗോള പ്രശസ്തരുമായ കലാകാരന്മാരെ മുന്‍നിരയില്‍ കൊണ്ടുവരുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന ഒരു പ്രത്യേക വേദി  ആര്‍ട്ട് അലൈവ് ഗാലറി ജയശ്രീ ബര്‍മന്‍റെ ഇമ്പര്‍മിയബിള്‍ എന്ന പേരിലുള്ള ഏകാംഗ പ്രദര്‍ശനം അവതരിപ്പിക്കുന്നു. ബര്‍മന്‍റെ കവിതാസമാഹാരമായ തുമി മാ (യു, മദര്‍) എന്ന കൃതിയില്‍ നിന്നാണ് ഈ പ്രവൃത്തി പ്രചോദനം നേടുന്നത്. പരിസ്ഥിതി ബോധത്തിന്‍റെ ദൃഷ്ടികോണത്തിലൂടെ ദിവ്യമായ സ്ത്രീത്വത്തെ പുനര്‍കല്പന ചെയ്യുന്ന, സമഗ്രവും ബഹുമുഖവുമായ ഒരു ഇന്‍സ്റ്റലേഷനായി ഈ പ്രദര്‍ശനം രൂപംകൊള്ളുന്നു. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രങ്ങള്‍ കവിതാത്മക വാചകങ്ങളുമായി ഇഴചേരുമ്പോള്‍, വാക്കും ദൃശ്യവും തമ്മിലുള്ള അതിരുകള്‍ ലയിച്ച് കരുതലിന്‍റെയും പരിസ്ഥിതി സഹാനുഭൂതിയുടെയും ഒരു വിശാലമായ ബോധം വളര്‍ത്തുന്നു. മാ എന്ന വാക്കിനെ ത്രിമാനരൂപത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിലൂടെ, സ്ത്രീത്വത്തെ ഒരു മൂലകശക്തിയായി ആലോചിക്കുവാന്‍ ഈ പദ്ധതി ക്ഷണിക്കുന്നു. 2026-ലെ ഫോകസ് വിഭാഗം ഭാരതി ഖേര്‍, ഖാദിം അലി തുടങ്ങിയ പ്രശസ്ത കലാകാരന്മാരുടെ ഏകാംഗ അവതരണങ്ങളാണ്. കൂടുതല്‍ മഹത്തായ ലക്ഷ്യങ്ങളോടെ തിരിച്ചെത്തുന്ന വികസിതമായ ഡിസൈന്‍ വിഭാഗത്തില്‍, കോഹേലിക കോഹ്ലി കര്‍ഖാന, മോറി ഡിസൈന്‍, ഷെഡ്, ഗാലെറി മരിയ വെറ്റന്‍ഗ്രെന്‍, കുനാല്‍ മണിയാര്‍ ആന്‍ഡ് അസോസിയേറ്റ്സ് തുടങ്ങിയ ആദ്യമായി പങ്കെടുക്കുന്നവരും ഉള്‍പ്പെടുന്നു. കൂടാതെ, ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ റെസിഡന്‍സി പ്രോഗ്രാമും മുംബൈ ആസ്ഥാനമായ ഗാലറിയും തമ്മിലുള്ള പ്രത്യേക സഹകരണവും ഇവിടെ ശ്രദ്ധേയമാണ്  സാംസ്കാരിക അതിര്‍ത്തികള്‍ കടന്നുള്ള ഡിസൈന്‍ സംവാദങ്ങളെ ഇത് മുന്നോട്ടു കൊണ്ടുവരുന്നു. അതുല്‍ ഡോഡിയയുടെ ആറടി അഞ്ചടി വലിപ്പമുള്ള ഒരു കാന്‍വാസ് വെറും എഴുപത്തിയഞ്ച് ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്ക് അവിടുണ്ടായിരുന്നു. നതാഷ പ്രീഞ്ജ തന്‍റെ ശില്‍പങ്ങളുമായി എത്തിയിട്ടുണ്ടായിരുന്നു. ഭാരതി ഖേര്‍ ശില്‍പങ്ങളില്‍ മാത്രമല്ല, ഒരു വലിയ ചിത്രത്തിലൂടെയും തന്‍റെ വൈദഗ്ധ്യം തെളിയിച്ചു. സൂരജ് കെ. എസ്., ഹേമലി വഡാലിയ തുടങ്ങിയ ചില യുവ വനിതാ കലാകാരികളും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. റുക്ഷാന്‍ ആര്‍ട്ടിലെ ഗിരിജേഷ് കുമാറിന്‍റെ ശില്‍പ്പങ്ങള്‍ വേറിട്ടതാണ്. വീണുകിടക്കുന്ന മതിലുകളില്‍ നിന്നാണ് അദ്ദേഹം മനുഷ്യരൂപങ്ങള്‍ സൃഷ്ടിക്കുന്നത്. ഒരു ദശാബ്ദം മുമ്പ് അദ്ദേഹം മടിച്ചാണ് തുടങ്ങിയത്. അന്ന് ബുള്‍ഡോസര്‍ രാജ് ഇത്രയും മുന്നേറിയിരുന്നില്ല. ഇപ്പോള്‍ ആത്മവിശ്വാസത്തോടെ തീര്‍ത്ത വലിയ ശില്‍പ്പങ്ങള്‍, പരോക്ഷമായി എങ്കിലും, നമ്മുടെ കാലത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. രാജേഷ് സാഗരയുടെ പോഴ്സലിന്‍ മുതല എന്നെ ഏറെ കൗതുകപ്പെടുത്തി. അഹമ്മദാബാദ് ആസ്ഥാനമായ ശില്‍പി ആണ് സാഗര.