പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

ജനുവരി 31 


ഡല്‍ഹി സര്‍വകലാശാല വീണ്ടും ഫീസ് വര്‍ധിപ്പിച്ചു. 

സര്‍വകലാശാലകള്‍ ഫീസ് കൂട്ടുന്നത് അധികമായാല്‍ അത് ബാധിക്കുക വിദ്യഭ്യാസം നേടുവാന്‍ പ്രതീക്ഷയില്‍ കഴിയുന്ന സാധാരണക്കാരെയാണ്. ലഭ്യമായ വിവരങ്ങള്‍ വെച്ച് ഡല്‍ഹി സര്‍വകലാശാല ഫീസില്‍ 17% വര്‍ധനയാണ് പ്രഖ്യപിക്കപ്പെട്ടിരിക്കുന്നത്. വരുത്തിയിരിക്കുന്നത്. 2026-27 അക്കാദമിക് സെഷന്‍ മുതല്‍ പ്രാബല്യത്തില്‍ വരും. വര്‍ഷംതോറും 10% വര്‍ധന വരുത്തുക എന്ന സര്‍വകലാശാലയുടെ മുന്‍പത്തെ നയത്തെ മറികടന്നാണു നടപടി. സര്‍വകലാശാലാ വികസന ഫണ്ടിലേക്കും സൗകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി 1,750 രൂപ വീതം വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കും. അതിനുപുറമെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ സഹായ ഫണ്ടിനും വിദ്യാര്‍ഥി ക്ഷേമ ഫണ്ടിനുമായി 300 രൂപ വീതം ഈടാക്കും. അടിസ്ഥാന സൗകര്യ വികസനത്തിനും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണു ഫീസ് വര്‍ധിപ്പിക്കുന്നതെന്നാണു സര്‍വകലാശാലയുടെ വിശദീകരണം. എന്നാല്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഫീസ് ഗണ്യമായി ഉയര്‍ത്തുന്നത് സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കു പ്രയാസമുണ്ടാക്കുമെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 2022ല്‍ വെറും 100 രൂപയായിരുന്ന ഇഡബ്ല്യുഎസ് ക്ഷേമനിധി ഇപ്പോള്‍ 300 രൂപയായി വര്‍ധിച്ചത് അതിന് ഉദാഹരണമാണ്. 2022 മുതലുള്ള ഫീസിലെ മാറ്റം കാരണം സര്‍വകലാശാല വികസന ഫണ്ടില്‍ 67 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. സര്‍വകലാശാല സേവന നിരക്കുകള്‍ 500 രൂപയില്‍നിന്ന് 1,700 രൂപയാക്കി. അധ്യാപകരുടെയോ വിദ്യാര്‍ഥികളുടെയോ അനുമതിയില്ലാതെയാണ് ഫീസ് വര്‍ധിപ്പിച്ചതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെടാന്‍ തുടര്‍ച്ചയായ ഫീസ് വര്‍ധന ഇടയാക്കുമെന്നു ഡല്‍ഹി സര്‍വകലാശാല ടീച്ചേഴ്സ് യൂണിയന്‍ പ്രതികരിച്ചു. സ്വകാര്യ സ്ഥാപനങ്ങളോടു കിടപിടിക്കുന്ന ഇത്തരം തീരുമാനങ്ങളെ അംഗീകരിക്കില്ലെന്നും അധ്യാപകര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പണപ്പെരുപ്പം തടയുന്നതിന്‍റെ ഭാഗമായാണു ഫീസ് വര്‍ധനയെന്നാണു സര്‍വകലാശാലയുടെ ന്യായീകരണം.

രാജ്യതലസ്ഥാനത്തെ കാലാവസ്ഥ

വായുമലിനീകരണത്തിനു പിന്നാലെ മൂടല്‍മഞ്ഞും രാജ്യതലസ്ഥാനത്ത് ശക്തി പ്രാപിക്കുകയാണ്. തലസ്ഥാനത്ത് വിഷ പുകമഞ്ഞ് കട്ടിയാകുകയും മലിനീകരണ തോത് കൂടുതല്‍ ഉയര്‍ന്നിരിക്കുകയാണ്. വായുമലിനീകരണം കാരണം ശ്വാസതടസം അനുഭവപ്പെടുന്നവരുടെ ഗണ്യമായ വര്‍ദ്ധനവ് ആരോഗ്യ മേഖലയിലുള്ളവരെ ആശങ്കപ്പെടുത്തുന്നുണ്ട്. താപനില കാര്യമായി താഴ്ന്നതോടെ പലയിടത്തും ദൂരക്കാഴ്ച പരിധി കുറഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. യമുന അതിവേഗ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി അപകടങ്ങളാണുണ്ടായത്. രാജ്യതലസ്ഥാനത്തെ വിമാന, റെയില്‍ ഗതാഗതത്തിനു പുറമേ റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. മൂടല്‍മഞ്ഞ് കാരണം പല ദിസവും വിമാനങ്ങളും, തീവണ്ടികളും റദ്ദാക്കിയത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. വായുമലിനീകരണം ശമിപ്പിച്ചു സംസ്ഥാനത്തു വ്യാപക മഴ ഇതിനിടയിലുണ്ടായി. ഇടിമിന്നലോടു കൂടിയ മഴയാണ് ഉണ്ടായത്. പിന്നാലെ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ഉണ്ടായി. മഴയോടൊപ്പം തന്നെ കനത്ത തണുപ്പാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. മഴ ശക്തമായതിനെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം കയറുകയും വിവിധ സ്ഥലങ്ങളില്‍ ഗതാഗത സൗകര്യം തടസ്സപ്പെടുകയും ചെയ്തു. മഴയ്ക്കൊപ്പം മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാി. ഇതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ശീതതരംഗവും ഉണ്ടായി എന്നത് ചെറുതായൊന്നുമല്ല ജനജീവിതത്തെ ബാധിച്ചത്. പകല്‍ താപനില 4.5 മുതല്‍ 6.4 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമ്പോഴാണ് ശീതതരംഗം അനുഭവപ്പെടുന്നത്. ഇതിനിടയില്‍ വിചിത്രമായ ഉത്തരവുകളാണ് കോടതികളില്‍ നിന്നുണ്ടാകുന്നത്. രാജ്യത്തെ കോടതികളില്‍ നിന്നുള്ള നീതിബോധം ജനങ്ങള്‍ക്ക് കുറച്ച് നാളായി ആശങ്കയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. വായുമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് (സിഎക്യുഎം) ചുമതല നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. സംസ്ഥാന അതിര്‍ത്തികളിലെ ടോള്‍ പ്ലാസകള്‍ 2 മാസത്തേക്കു അടച്ചിടണമെന്ന നിര്‍ദേശം നടപ്പാക്കാത്തതിനെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തിയത്. വായുമലിനീകരണത്തിന്‍റെ പേരില്‍ കര്‍ഷകരെ അനാവശ്യമായി കുറ്റപ്പെടുത്തരുതെന്നാണ് മറ്റൊരു കോടതി വിധി. കോവിഡ് കാലത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോഴും പാടത്തു തീയിട്ടിരുന്നു. പക്ഷേ, അന്തരീക്ഷം സാധാരണ നിലയിലായിരുന്നു എന്നും കോടതി പറഞ്ഞു. അത്യാവശ്യമല്ലാത്ത ബി.എസ് നാല് മാനദണ്ഡങ്ങള്‍ക്ക് കുറഞ്ഞ ഡല്‍ഹിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത ഡീസല്‍ ചരക്ക് വാഹനങ്ങക്ക് നഗരത്തിലേക്ക് പ്രവേശനം നിരോധിക്കുകയാണ്. കൂടാതെ എല്ലാ നിര്‍മ്മാണ, പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടയില്‍ പഴയ പെട്രോള്‍, ഡീസല്‍ കാറുകള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിനു സബ്സിഡി നല്‍കുന്ന നിര്‍ണായക നിര്‍ദേശം ഡല്‍ഹി സര്‍ക്കാര്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കയാണ്. പുതിയ ഇലക്ട്രിക് വെഹിക്കിള്‍ പോളിസി 2.0ന്‍റെ ഭാഗമായാണു സാമ്പത്തിക സഹായം. ആദ്യത്തെ 1,000 വാഹനങ്ങള്‍ക്ക് 50,000 രൂപ സാമ്പത്തിക സഹായം സബ്സിഡിയില്‍ ഉള്‍പ്പെടുത്തും. പഴയ കാറുകള്‍ ഉപേക്ഷിക്കുന്നതിനു പകരം ഇലക്ട്രിക് കാറുകളിലേക്കു മാറ്റാന്‍ തയാറാകുന്ന ഉടമകളെ ലക്ഷ്യമിട്ടാണ് പദ്ധതി.

കേരള ടൂറിസത്തിന്‍റെ 'ലെന്‍സ്കേപ്പ് കേരള' 

സംസ്ഥാന ടൂറിസം വകുപ്പിന്‍റെ അഖിലേന്ത്യാ ഫോട്ടോ പ്രദര്‍ശനം 'ലെന്‍സ്കേപ്പ് കേരള' ന്യൂഡല്‍ഹിയില്‍ നടന്നു. കേരളത്തെ എല്ലാ വൈവിധ്യങ്ങളും പ്രകൃതി രമണീയമായ കാഴ്കകളും സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കുന്നതിന്‍റെ ഭാഗമായാണ് കേരള ടൂറിസം ഈ ഉദ്യമം ഒരുക്കിയത്. രാജ്യത്തെ പത്ത് പ്രമുഖ യാത്രാ-മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ നൂറ് ചിത്രങ്ങളാണ് ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ മുംബൈ, കൊല്‍ക്കത്ത, ചെന്നൈ ഉള്‍പ്പെടെ രാജ്യത്തെ ഒമ്പത് നഗരങ്ങളില്‍ കൂടി ഈ ഫോട്ടോഗ്രഫി പ്രദര്‍ശനം നടക്കും. ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ പാലസ് ഗാലറിയില്‍ നടന്ന ചടങ്ങില്‍ കേരളത്തിന്‍റെ മനോഹരമായ പ്രകൃതിദൃശ്യങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്കുള്ള ക്ഷണമാണ് ഈ പ്രദര്‍ശനമെന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വര്‍ഷം തോറും ഇത് നടത്താനാണ് കേരള ടൂറിസം ഉദ്ദേശിക്കുന്നത്. ഓരോ വര്‍ഷവും വനിതാ ഫോട്ടോഗ്രാഫര്‍മാര്‍, യുവാക്കള്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലുള്ളവരെ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തും. ഇന്നത്തെ കാലത്തെ സഞ്ചാരികള്‍ ആഗ്രഹിക്കുന്ന എല്ലാം തികഞ്ഞ യാത്രാനുഭവം കേരളം എങ്ങനെ നല്‍കുന്നു എന്ന് 'ലെന്‍സ്കേപ്പ് കേരള' അവതരിപ്പിക്കും. പ്രകൃതി, മഴക്കാലം, പൈതൃകം, ഗ്രാമീണ-തീരദേശ ജീവിതം, ഭക്ഷണരീതികള്‍, ഉത്സവങ്ങള്‍, ആരാധനാ സമ്പ്രദായങ്ങള്‍ തുടങ്ങിയ വിവിധ പ്രമേയങ്ങളാണ് ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മികച്ച ദൃശ്യങ്ങള്‍ രൂപപ്പെടാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ലഭിച്ച പൂര്‍ണ്ണമായ സര്‍ഗ്ഗാത്മക സ്വാതന്ത്ര്യം സഹായിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം തന്നെ കേരളത്തിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്നവര്‍ക്ക് ഈ പ്രദര്‍ശനം വഴികാട്ടിയാകും. വരും വര്‍ഷങ്ങളില്‍ വിദേശ ഫോട്ടോഗ്രാഫര്‍മാരെയും പദ്ധതിയില്‍ പങ്കാളികളാക്കും. ഇതുവഴി കേരളത്തിന്‍റെ ദൃശ്യസാധ്യതകളെ ലോകത്തിന് മുന്നില്‍ വ്യക്തമായി അവതരിപ്പിക്കാന്‍ സാധിക്കും. കേന്ദ്ര ടൂറിസം മന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ സുമന്‍ ബില്ല ഐഎഎസ് മുഖ്യാതിഥിയായിരുന്നു. കേരള ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീമതി ശ്രീധന്യ സുരേഷ് ഐഎഎസ്, ഡല്‍ഹി കേരള ഹൗസ് അഡീഷണല്‍ റസിഡന്‍റ് കമ്മീഷണര്‍ ഡോ. അശ്വതി ശ്രീനിവാസ്, ക്യുറേറ്റര്‍ ഉമ നായര്‍, ഫോട്ടോഗ്രാഫി ഡയറക്ടര്‍ ബാലന്‍ മാധവന്‍, കേരള ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അജീഷ് കുമാര്‍ ആര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഐശ്വര്യ ശ്രീധര്‍, അമിത് പസ്രീച്ച, എച്ച് സതീഷ്, കൗന്തേയ സിന്‍ഹ, മനോജ് അറോറ, നടാഷ കര്‍താര്‍ ഹേമ്രാജനി, സായിബല്‍ ദാസ്, സൗരഭ് ആനന്ദ് ചാറ്റര്‍ജി, ശിവാംഗ് മേത്ത, ഉമേഷ് ഗോഗ്ന എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം അവസാനം കേരളത്തില്‍ നടത്തിയ യാത്രകളിലാണ് ഇവര്‍ ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. പ്രമുഖ ക്യുറേറ്റര്‍ ഉമ നായരും ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവനും ചേര്‍ന്നാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്യുന്നത്. ഡല്‍ഹിക്ക് ശേഷം വഡോദരയില്‍ ജനുവരി 27-29വരെ ഇതേ പ്രദര്‍ശനം നടന്നു. അഹമ്മദാബാദ് (ഫെബ്രുവരി 3-5), മുംബൈ (ഫെബ്രുവരി 11-14), പൂനെ (ഫെബ്രുവരി 17-20), ബെംഗളൂരു (ഫെബ്രുവരി 27-മാര്‍ച്ച് 1), ചെന്നൈ (മാര്‍ച്ച് 4-7), ഹൈദരാബാദ് (മാര്‍ച്ച് 12-14), കൊല്‍ക്കത്ത (മാര്‍ച്ച് 22-24) എന്നീ നഗരങ്ങളില്‍ പ്രദര്‍ശനം എത്തും. മാര്‍ച്ച് 29ന് സൂറത്തിലാണ് പ്രദര്‍ശനത്തിന്‍റെ അവസാനഘട്ടം. മാര്‍ച്ച് 31-ന് പ്രദര്‍ശനം സമാപിക്കും.