പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
ജനുവരി 15
ശങ്കേഴ്സ് ഓണ്‍ ദ് സ്പോട് പെയ്ന്‍റിങ് മത്സരം
കുട്ടികള്‍ വരയ്ക്കുമ്പോഴോ എഴുതുമ്പോഴോ ഒരിക്കലും ഇടപെടരുത് എന്നാണ് ശങ്കര്‍ പറഞ്ഞിരുന്നത്. അവരുടെ ഭാവനയ്ക്കൊത്ത് അവര്‍ വരയ്ക്കുകയും എഴുതുകയും ചെയ്യണം എന്ന ശങ്കര്‍ ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടിയാണ് താന്‍ കുട്ടികളുടെ ചിത്രരചനയ്ക്കും, സാഹിത്യ രചനയ്ക്കും വേദി ഒരുക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. 1949-ല്‍ ശങ്കേഴ്സ് വീക്കിലിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ കുട്ടികള്‍ക്കു വേണ്ടി മാത്രമായി ചിത്രരചനാ മത്സരം നടത്തി. ചിത്രശേഖരം വന്നു കാണാന്‍ ശങ്കര്‍ ഇന്ദിരാഗാന്ധിയെ ഫോണ്‍ ചെയ്തു ക്ഷണിച്ചു. ജന്‍പഥിലെ ഫ്രീ മേസന്‍സ് ഹാളിലാണ് ആദ്യത്തെ പ്രദര്‍ശനം നടത്തിയത്. ഇന്ദിരാഗാന്ധിയോടൊപ്പം കുട്ടികളായ രാജീവും സഞ്ജയും ചിത്രങ്ങള്‍ കാണാന്‍ എത്തിയിരുന്നു. ആദ്യത്തെ കുട്ടികളുടെ ചിത്രരചനാ മത്സരം വന്‍ വിജയമായിരുന്നു. മത്സരത്തിനു ലഭിച്ച പെയിന്‍റിങ്ങുകളില്‍ ചിലത് കുട്ടികള്‍ തന്നെ സ്വയം ചെയ്തതാണോ എന്ന് ചില വിധി കര്‍ത്താക്കള്‍ സംശയം പ്രകടിപ്പിച്ചു തുടങ്ങി. ഇതു ദൂരീകരിക്കാന്‍ ഒരു 'ഓണ്‍ ദി സ്പോട്ട്' പെയിന്‍റിങ്ങ് മത്സരം നടത്തുവാന്‍ തീരുമാനിച്ചു. 1951 മുതല്‍ തുടങ്ങിയ "ഓണ്‍ ദ സ്പോട്ട്" ലോകത്തിന്‍റെ ഏറ്റവും വലിയ അന്തര്‍ദ്ദേശീയ ബാലചിത്ര രചാനാ മത്സരമായി വളര്‍ന്നു. തുടര്‍ വര്‍ഷങ്ങളില്‍ വിദേശ രാജ്യങ്ങളില്‍നിന്നുള്ള കുട്ടികളും പങ്കെടുത്തു. ഇത് ഒരു അന്തര്‍ദ്ദേശീയ മത്സരമായി വളര്‍ന്നു. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ തുടക്കം കുറിച്ച ശങ്കേഴ്സ് ഓണ്‍ ദ് സ്പോട് പെയ്ന്‍റിങ് മത്സരത്തിന്‍റെ 61ാം പതിപ്പ് 2026 ജനുവരി 11ന് ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്നു. പതിനായിരകണക്കിന് കുട്ടികളാണ് ഇത്തവണ പങ്കെടുത്തത്. ആദ്യമൊക്കെ ഈസ്റ്റേണ്‍ കോര്‍ട്ടിന്‍റെ പുല്‍തകിടിയിലായിരുന്നു ആദ്യം ഓണ്‍ ദി സ്പോട്ട് ചിത്രരചനാ മത്സരം നടത്തിയിരുന്നത്. കുട്ടികളുടെ എണ്ണം കൂടിയതില്‍ പിന്നെ ബാരക്കംബാ റോഡിലെ മോഡല്‍ സ്ക്കൂളിന്‍റെ മൈതാനിലായിരുന്നു മത്സരം നടന്നിരുന്നത്. അക്കാലത്ത് ഒരു ലക്ഷത്തി അമ്പതിനായിരം എന്‍ട്രികള്‍ വരെ ലഭിച്ചിരുന്നു എന്നത് അതിന്‍റെ സ്വീകാര്യത വിളിച്ചോതുന്നതായിരുന്നു.
സുരക്ഷിതമായ ക്രിസ്മസ് ആശംസ
സുരക്ഷിതമായ ക്രിസ്മസ് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള നിരവധി സന്ദേശങ്ങളാണ് ഇത്തവണ വടക്കേ ഇന്ത്യയില്‍ പ്രചരിച്ചത്. അതിന് കാരണം വ്യാപകമായി ക്രിസ്തുമസ് അലങ്കാരങ്ങള്‍ ഹിന്ദു സേനകള്‍ നശിപ്പിക്കുന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ ജെ ഫിലിപ്പ് പറഞ്ഞ പ്രകാരം അബുല്‍ ഫസല്‍, അക്ബര്‍നാമയില്‍ സൂചിപ്പിക്കുന്നത് ചൂണ്ടികാട്ടിയത് ശ്രദ്ധേയമാണ്. 1580-ല്‍ ഫത്തേപൂര്‍ സിക്രിയിലെ തന്‍റെ കൊട്ടാരത്തില്‍ ജെസ്യൂട്ട് പുരോഹിതന്മാരെ സ്വാഗതം ചെയ്യുകയും ദൈവശാസ്ത്രപരമായ സംഭാഷണങ്ങളിലും സാംസ്കാരിക കൈമാറ്റത്തിലും അവരെ ഉള്‍പ്പെടുത്തുകയും ചെയ്ത മഹാനായ അക്ബര്‍ ചക്രവര്‍ത്തിയുടെ കാലം മുതല്‍ക്കാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ ആരംഭിച്ചതെന്നാണ. ക്രിസ്മസിന് തൊട്ടുമുമ്പ് ക്രിസ്ത്യാനികള്‍ക്കെതിരെ നടന്നതായി ആരോപിക്കപ്പെടുന്ന ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഒരു മുന്നറിയിപ്പ് നല്‍കി: 'നമ്മുടെ പാരമ്പര്യങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍, ആക്രമിക്കപ്പെടുന്നത് ക്രിസ്ത്യാനികള്‍ മാത്രമല്ല, നമ്മളെല്ലാവരും തന്നെയാണ്. ഓരോ ഇന്ത്യക്കാരനും ആക്രമിക്കപ്പെടുന്നു. ആരാധനാ സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള നമ്മുടെ ഭരണഘടനാ ഉറപ്പ് ആക്രമിക്കപ്പെടുന്നു, നാമെല്ലാവരും നമ്മുടെ ക്രിസ്ത്യന്‍ സഹോദരങ്ങളോടൊപ്പം ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളണം. എന്‍റെ അഭിപ്രായത്തില്‍, ഈ ഐക്യദാര്‍ഢ്യം അടിസ്ഥാനപരമാണ്, നമ്മള്‍ ഒരു അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ദുഃഖകരമെന്നു പറയട്ടെ, രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തില്‍ പോലും, പാലക്കാട് ഒരു കരോള്‍ ഗാന സംഘത്തിന് നേരെ ആക്രമണം നടന്നു, ഇത് ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്,' നാല് തവണ എംപിയായ തരൂര്‍ പറഞ്ഞു. ഹിന്ദുക്കളല്ലാത്ത മത സമൂഹത്തിന് നേരെ വ്യാപകമായി ആക്രമണം നടക്കുന്നത് സമീപ കാലത്ത് വ്യാപകമാണ്. ഇത് ഇന്ത്യയുടെ മതേതര രാജ്യമെന്ന വിശേഷണത്തിന് കളങ്കമാണ്. ഭരണഘടന നിര്‍ദ്ദേശിക്കുന്ന കടമ നമ്മുടെ രാജ്യത്ത് നിര്‍വ്വഹിക്കപ്പെണെം. ജനക്കൂട്ടങ്ങള്‍ തന്നെ ന്യായാധിപന്മാരായി മാറുന്നതും വിജിലാന്‍റുകള്‍ വിധികര്‍ത്താക്കളായി മാറുന്നതും തടയേണ്ടതുണ്ട്. മതേതരത്വത്തോടുള്ള തന്‍റെ പ്രതിബദ്ധത തെളിയിക്കാന്‍ ഒരു പ്രധാനമന്ത്രി പള്ളിയില്‍ പ്രവേശിക്കേണ്ടതില്ല. ഏറ്റവും ദുര്‍ബലനായ പൗരന്‍ പോലും ഭയമില്ലാതെ സ്വന്തം വിശ്വാസത്തില്‍ പ്രാര്‍ത്ഥിക്കാനാകുന്ന സുരക്ഷ അനുഭവിക്കുന്നപ്പോഴാണ് അദ്ദേഹം അത് തെളിയിക്കുന്നത്. രാജധര്‍മ്മം ടെലിവിഷന്‍ സന്ദര്‍ശനമോ സൂക്ഷ്മമായി തയ്യാറാക്കിയ പ്രസംഗമോ അല്ല. അത് നിയമത്തിന്‍റെ നിശ്ശബ്ദവും അക്ഷീണവുമായ നടപ്പാക്കലാണ്. ഒരു പള്ളി ആക്രമിക്കുകയോ, പ്രാര്‍ത്ഥനാലയത്തിനുള്ളില്‍ മുദ്രാവാക്യം വിളിക്കുകയോ ചെയ്ത് ശിക്ഷയില്ലാതെ ഒഴിഞ്ഞുമാറാന്‍ കഴിയില്ല എന്ന ഉറപ്പാണ് രാജധര്‍മ്മം. ക്രിസ്മസ് വാള്‍ ഉയര്‍ത്താതെ അധികാരത്തെ വെല്ലുവിളിച്ച ഒരു കുഞ്ഞിന്‍റെ ജനനം ആഘോഷിക്കുന്നു. അതുകൊണ്ടാണ് സ്വേച്ഛാധിപതികള്‍ അതിനെ ഭയപ്പെടുന്നത്.
രാജ്യതലസ്ഥാനത്തെ കാലാവസ്ഥ
വായുമലിനീകരണത്തിനു പിന്നാലെ മൂടല്‍മഞ്ഞും രാജ്യതലസ്ഥാനത്ത് ശക്തി പ്രാപിക്കുകയാണ്. വായുമലിനീകരണം കാരണം ശ്വാസതടസം അനുഭവപ്പെടുന്നവരുടെ ഗണ്യമായ വര്‍ദ്ദനവ് ആരോഗ്യ മേഖലയിലുള്ളവരെ ആശങ്കപ്പെടുത്തുന്നുണ്ട്. താപനില കാര്യമായി താഴ്ന്നതോടെ പലയിടത്തും ദൂരക്കാഴ്ച പരിധി കുറഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. യമുന അതിവേഗ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി അപകടങ്ങളാണുണ്ടായത്. രാജ്യതലസ്ഥാനത്തെ വിമാന, റെയില്‍ ഗതാഗതത്തിനു പുറമേ റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. മൂടല്‍മഞ്ഞ് കാരണം പല ദിസവും വിമാനങ്ങളും, തീവണ്ടികളും റദ്ദാക്കിയത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. രാജ്യതലസ്ഥാനത്ത് ശീതതരംഗവും ഉണ്ടായി എന്നത് ചെറുതായൊന്നുമല്ല ജനജീവിതത്തെ ബാധിച്ചത്. പകല്‍ താപനില 4.5 മുതല്‍ 6.4 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമ്പോഴാണ് ശീതതരംഗം അനുഭവപ്പെടുന്നത്. ഇതിനിടയില്‍ വിചിത്രമായ ഉത്തരവുകളാണ് കോടതികളില്‍ നിന്നുണ്ടാകുന്നത്. രാജ്യത്തെ കോടതികളില്‍ നിന്നുള്ള നീതിബോധം ജനങ്ങള്‍ക്ക് കുറച്ച് നാളായി ആശങ്കയാണ് എന്നതാണ് യാഥാര്‍സ്ഥ്യം. വായുമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് (സിഎക്യുഎം) ചുമതല നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. സംസ്ഥാന അതിര്‍ത്തികളിലെ ടോള്‍ പ്ലാസകള്‍ 2 മാസത്തേക്കു അടച്ചിടണമെന്ന നിര്‍ദേശം നടപ്പാക്കാത്തതിനെയാണു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തിയത്. വായുമലിനീകരണത്തിന്‍റെ പേരില്‍ കര്‍ഷകരെ അനാവശ്യമായി കുറ്റപ്പെടുത്തരുതെന്നാണ് മറ്റൊരു കോടതി വിധി. കോവിഡ് കാലത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോഴും പാടത്തു തീയിട്ടിരുന്നു. പക്ഷേ, അന്തരീക്ഷം സാധാരണ നിലയിലായിരുന്നു എന്നും കോടതി പറഞ്ഞു. ഇതിനിടയില്‍ പഴയ പെട്രോള്‍, ഡീസല്‍ കാറുകള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിനു സബ്സിഡി നല്‍കുന്ന നിര്‍ണായക നിര്‍ദേശം ഡല്‍ഹി സര്‍ക്കാര്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കയാണ്. പുതിയ ഇലക്ട്രിക് വെഹിക്കിള്‍ പോളിസി 2.0ന്‍റെ ഭാഗമായാണു സാമ്പത്തിക സഹായം. ആദ്യത്തെ 1,000 വാഹനങ്ങള്‍ക്ക് 50,000 രൂപ സാമ്പത്തിക സഹായം സബ്സിഡിയില്‍ ഉള്‍പ്പെടുത്തും. പഴയ കാറുകള്‍ ഉപേക്ഷിക്കുന്നതിനു പകരം ഇലക്ട്രിക് കാറുകളിലേക്കു മാറ്റാന്‍ തയാറാകുന്ന ഉടമകളെ ലക്ഷ്യമിട്ടാണ് പദ്ധതി.
റിപ്പബ്ലിക്ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന് എന്‍ട്രി
കേരളത്തിന്‍റെ റിപ്പബ്ലിക് ദിന പരേഡിലെ പങ്കാളിത്തം മോദി സര്‍ക്കാര്‍ വന്നതില്‍ പിന്നെ പ്രയാസമായിരുന്നു എന്ന സംസാരമുണ്ട്. റിപ്പബ്ലിക് ദിന പരേഡ് കാവി വത്കരിക്കുന്നു എന്ന ആക്ഷേപവുമുണ്ടായിരുന്നു. പക്ഷെ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ ടാബ്ലോ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപനമുണ്ടായി. നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത നേട്ടവും കൊച്ചി വാട്ടര്‍ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോ ഡിസൈനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം തിരഞ്ഞെടുത്തത്. 'സ്വതന്ത്രത കാ മന്ത്ര- വന്ദേ മാതരം, സമൃദ്ധി കാ മന്ത്ര- ആത്മ നിര്‍ഭര്‍ ഭാരത്' എന്നിവയില്‍ ഏതെങ്കിലുമൊന്ന് ആശയമാക്കി ഡിസൈന്‍ അവതരിപ്പിക്കണമെന്നതായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. സമൃദ്ധി കാ മന്ത്ര- ആത്മ നിര്‍ഭര്‍ ഭാരത്' എന്ന തീമില്‍ സംസ്ഥാനം അവതരിപ്പിക്കുന്നത് 'വാട്ടര്‍ മെട്രോയും 100% ഡിജിറ്റല്‍ സാക്ഷരതയും: ആത്മനിര്‍ഭര്‍ കേരള ഫോര്‍ ആത്മ നിര്‍ഭര്‍ ഭാരത്'എന്ന വിഷയമാണ്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നല്‍കിയ ആശയമനുസരിച്ച് കേരള ടാബ്ലോയുടെ ഫാബ്രിക്കേഷന്‍ ജോലികള്‍ നിര്‍വഹിക്കുന്നത് ജെ എസ് ചൗഹാന്‍ ആന്‍ഡ് അസോസിയേറ്റ്സിനായി റോയ് ജോസഫാണ്. 17 സംസ്ഥാനങ്ങളാണ് ഈ വര്‍ഷം കര്‍ത്തവ്യപഥില്‍ ടാബ്ലോ അവതരിപ്പിക്കുന്നതിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. കേരളത്തിന് പുറമേ അസം, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, നാഗാലാന്‍ഡ്, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരിയും ജമ്മു- കാശ്മീരും വിവിധ മന്ത്രാലയങ്ങളുമാണ് ഫ്ലോട്ടുകളുമായി കര്‍ത്തവ്യപഥില്‍ അണിനിരക്കുന്നത്. അഞ്ചു ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിലൂടെയാണ് കേരളം ടാബ്ലോ അവതരണത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
വേള്‍ഡ് ബുക്ക് ഫെയര്‍
ലോകത്തിലെ തന്നെ ഏറ്റവും വലിയ പുസ്തകോത്സവമാണ് ഡല്‍ഹിയില്‍ നടക്കുന്ന നാഷ്ണല്‍ ബുക്ക് ട്രസ്റ്റ് ഒരുക്കുന്ന വേള്‍ഡ് ബുക്ക് ഫെയര്‍. ഈ വര്‍ഷത്തെ ബുക്ക് ഫെയര്‍ ഡല്‍ഹിയിലെ ഭാരതമണ്ഡപത്തില്‍ 2026 ജനുവരി 10 മുതല്‍ 18 വരെയാണ് നടന്നത്. ഇത്തവണ പ്രതിരോധ രംഗമായിരുന്നു പ്രധാന തീം. ലോകത്തിലെ അന്‍പതിലേറെ രാജ്യങ്ങളും, അവിടെ നിന്നുള്ള പ്രസാധകരും ഇവിടെ പങ്കെടുത്തു. ലോകത്ത് പ്രസിദ്ധീകൃതമായ പ്രശസ്തമായ എല്ലാ പുസ്തകങ്ങളും ഈ സമയത്ത് ഇവിടെ ലഭ്യമായിരുന്നു. ഇത്തവണ ഖത്തര്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സ്പെയിനായിരുന്നു ഇത്തവണത്തെ ഫോക്കസ് രാജ്യം. റഷ്യ, യുഎഇ, ഇറാന്‍, ജപ്പാന്‍, പോളണ്ട്, അര്‍ജന്‍റീന, ലിത്വാനിയ, മറ്റ് നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും എത്തിയിരുന്നു. 750 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന കുട്ടികള്‍ക്കായി കിഡ്സ് എക്സ്പ്രസ് എന്ന പേരില്‍ ഒരു സമര്‍പ്പിത കുട്ടികളുടെ പവലിയന്‍ സംഘാടകര്‍ സൃഷ്ടിച്ചിരുന്നു. കുട്ടികളായ വായനക്കാര്‍ക്കായി പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഈ സ്ഥലത്ത് എല്ലാ ദിവസവും ക്രിയാത്മക സംവാദങ്ങളും മറ്റും നടന്നിരുന്നു. ഡിജിറ്റല്‍ പഠനത്തെ പിന്തുണയ്ക്കുന്നതിനായി, നാഷണല്‍ ഇ-ലൈബ്രറി 6,000-ത്തിലധികം പുസ്തകങ്ങളിലേക്ക് സൗജന്യ പ്രവേശനം നല്‍യിരുന്നു. ഇത് വായനക്കാര്‍ക്ക് ഭൗതിക സ്റ്റാളുകള്‍ക്കപ്പുറം ശീര്‍ഷകങ്ങള്‍ പര്യവേക്ഷണം ചെയ്യാനുള്ള അവസരം നല്‍കി. രാജ്യത്തെ ആയിരത്തിലേറെ പ്രസാധകരാണ് ഈ പുസ്തകോത്സവത്തില്‍ പങ്കാളികളായിരുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ രൂപകല്‍പ്പന ചെയ്ത ഒരു പ്രത്യേക തീം പവലിയനില്‍, സൃഷ്ടിപരമായ വസ്തുക്കള്‍, ഗ്രാഫിക്സ്, ഇന്‍സ്റ്റാളേഷനുകള്‍, കരകൗശല വസ്തുക്കള്‍, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മേളയുടെ പ്രമേയം പ്രദര്‍ശിപ്പിച്ചിരുന്നു. മേളയില്‍ എഴുത്തുകാരുടെ കോര്‍ണര്‍, ആഭ്യന്തര പ്രസാധകര്‍, പുസ്തകപ്രേമികള്‍ എന്നിവര്‍ക്കായി സംഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പുസ്തക പ്രകാശനങ്ങള്‍ എന്നിവയ്ക്കുള്ള വേദി ഉണ്ടായിരുന്നു. ലക്ഷക്കണക്കിന് പുസ്തക പ്രേമികളാണ് ഇത്തവണയും വേള്‍ഡ് ബുക്ക് ഫെയറിന്‍റെ ഭാഗമായത്.
