പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
നവംബര്‍ 30
ആര്‍ട്ട്മിലാപ്പ് പ്രവര്‍ത്തിച്ചു തുടങ്ങി
ആര്‍ട്ട്മിലാപ്പ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് തുടങ്ങി. ഇന്ത്യയിലെ ആദ്യത്തെ കള്‍ച്ചര്‍-ടെക് ആവാസവ്യവസ്ഥയാണ് ആര്‍ട്ട്മിലാപ്പ്. കലാകാരന്മാരെ ശാക്തീകരിക്കുന്നതിനും, പഠിതാക്കളെ പരിപോഷിപ്പിക്കുന്നതിനും, രക്ഷാധികാരികളെ ബന്ധിപ്പിക്കുന്നതിനും, ഇവന്‍റ് സംഘാടകരെയും കോര്‍പ്പറേറ്റുകളെയും പിന്തുണയ്ക്കുന്നതിനും ഒരു ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ സമര്‍പ്പിച്ചിരിക്കുകയാണ് ആര്‍ട്ട്മിലാപ്പ്. സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സൃഷ്ടിപരമായ സമ്പദ്വ്യവസ്ഥയെ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യയിലും പുറത്തുമുള്ള കലാകാരന്മാര്‍ക്ക് ദൃശ്യപരത, വരുമാന അവസരങ്ങള്‍ എന്നിവ ജനാധിപത്യവല്‍ക്കരിക്കുക എന്നതാണ് ആര്‍ട്ട്മിലാപ്പിന്‍റെ ഉദ്ദേശ്യം. ഒരു കലാകാരനെയോ, കലാരൂപത്തെയോ, സാംസ്കാരിക ആവിഷ്കാരത്തെയോ ഒരിക്കലും കാണാത്തതോ, കേള്‍ക്കാത്തതോ, പിന്തുണയ്ക്കാത്തതോ ആക്കില്ലെന്ന് ഉറപ്പാക്കുകയാണ് ആര്‍ട്ട്മിലാപ്പിന്‍റെ ലക്ഷ്യം. കല വെറുമൊരു ആവിഷ്കാരമല്ല, മറിച്ച് ഒരു ഉപജീവനമാര്‍ഗ്ഗമാണെന്ന വിശ്വാസത്തില്‍ സ്ഥാപിതമാണ് ആര്‍ട്ട്മിലാപ്പ്. കലാപരമായ കഴിവുകളും യഥാര്‍ത്ഥ ലോക അവസരങ്ങളും തമ്മിലുള്ള ദീര്‍ഘകാല വിടവ് ആര്‍ട്ട്മിലാപ്പ് നികത്തുന്നു. ക്ലാസിക്കല്‍ സംഗീതജ്ഞനോ, നാടോടി കലാകാരനോ, നര്‍ത്തകനോ, ചിത്രകാരനോ, ഡിജിറ്റല്‍ സ്രഷ്ടാവോ, സാംസ്കാരിക അധ്യാപകനോ ആകട്ടെ, അവര്‍ക്ക് വളരാനും, സമ്പാദിക്കാനും, പഠിപ്പിക്കാനും, പഠിക്കാനും, തിളങ്ങാനും ഒരു ഇടം ആര്‍ട്ട്മിലാപ്പ് നല്‍കുന്നു. കലയെ അര്‍ത്ഥവത്തായി പിന്തുണയ്ക്കാനും ഇന്ത്യയുടെ വളരുന്ന സാംസ്കാരിക പുനരുജ്ജീവനത്തിന്‍റെ ഭാഗമാകാനും രക്ഷാധികാരികളെ പ്രാപ്തരാക്കുക എന്ന ഇവരുടെ ലക്ഷ്യം അഭിനന്ദനാര്‍ഹമാണ്. ആര്‍ട്ട്മിലാപ്പിനെ നയിക്കുന്നതില്‍ പ്രധാനി മലയാളിയായ അനൂപ് കുഞ്ഞിരാമനാണ്. ഡല്‍ഹി കേരള ഹൗസില്‍ നടന്ന ചടങ്ങില്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരാണ് ആര്‍ട്ട്മിലാപ്പ് എന്ന സംവിധാത്തിന് തുടക്കം കുറിച്ചത്.
ഐ.എഫ്.എഫ്.കെ ഇനി ലോക സ്ക്രീനുകളിലേയ്ക്ക്
ഐ.എഫ്.എഫ്.കെ തിരുവനന്തപുരത്ത് മാത്രമല്ല മലയാള സിനിമകള്‍ തിരഞ്ഞെടുത്ത് ലോക സിനിമാ സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡല്‍ഹിയിലെ കേരള ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ റസൂല്‍ പൂക്കുട്ടി പറഞ്ഞു. കേരളത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചലചിത്ര മേളയുടെ വിളമ്പരം രാജ്യതലസ്ഥാനത്ത് ആദ്യമായി നടത്തുക വഴി ദേശിയ ശ്രദ്ധ നേടി എന്നതില്‍ സംശയമില്ല. പത്രസമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ കുക്കു പരമേശ്വരന്‍, സെക്രട്ടറി അജയ് ചന്ദ്രന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം പ്രസിഡന്‍റ്പ്രസൂണ്‍ കണ്ടെത്തില്‍ എന്നിവര്‍ സംബന്ധിച്ചിരുന്നു. മലയാള സിനിമ ആഗോളതലത്തില്‍ പ്രദര്‍ശിപ്പിച്ച് അംഗീകാരം നേടിയെടുക്കുക എന്നുള്ളതാണ് ചലച്ചിത്ര അക്കാദമിയുടെ ലക്ഷ്യം എന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ചെറുപ്പക്കാരായ ഒട്ടേറെ സംവിധായകര്‍ ചെയ്യുന്ന അതിമനോഹരമായ സിനിമ ലോക വേദികളില്‍ കാണിക്കുക വഴി അവര്‍ക്ക് അംഗീകാരം നേടി കൊടുക്കുകയും, മലയാളത്തിന്‍റെ കഴിവ് ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുക്കുകയും ചെയ്യുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം. ഐ.എഫ്.എഫ്.കെ സിനിമ പാഠശാല ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിയറ്റ്നാം യുദ്ധത്തിന്‍റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ വിയറ്റ്നാമില്‍നിന്നുള്ള അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് അജോയ് ചന്ദ്രന്‍ പറഞ്ഞു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2025 ഡിസംബര്‍ 12 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. ഡിസംബര്‍ 19 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 30ാമത് പതിപ്പ് പ്രമാണിച്ച് മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഇത്തവണ ഒരു തിയേറ്റര്‍ കൂടി അധികമായി സജ്ജീകരിച്ചിട്ടുണ്ട്. 30ാമത് ഐ.എഫ്.എഫ്.കെയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ വനിതാ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26ാമത് ഐ.എഫ്.എഫ്.കെയിലാണ് 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കുര്‍ദിഷ് സംവിധായിക ലിസ കലാന്‍ ആയിരുന്നു പ്രഥമ ജേതാവ്. ഇറാന്‍ ഭരണകൂടത്തിന്‍റെ നിരന്തരമായ പീഡനത്തിന് വിധേയയായിട്ടും അവകാശപ്പോരാട്ടം തുടരുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയു, ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയ എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്കാരത്തിന് അര്‍ഹരായത്. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ അറുപതിലധികം സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലൈഡോസ്കോപ്പ് വിഭാഗത്തില്‍ എട്ടു സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫിമെയ്ല്‍ ഫോക്കസ്, മിഡ്നൈറ്റ് സിനിമ, റെസ്റ്റോര്‍ഡ് ക്ളാസിക്സ് എന്നീ വിഭാഗങ്ങളിലും സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്കിന്‍റെ ജന്മശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്‍റെ നാലു ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകന്‍ ഷാജി എന്‍. കരുണ്‍, സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗത്തില്‍ ഇരുവരുടെയും രണ്ടു ചിത്രങ്ങള്‍ വീതം പ്രദര്‍ശിപ്പിക്കും. മേളയുടെ ഭാഗമായി മൂന്ന് എക്സിബിഷനുകള്‍ സംഘടിപ്പിക്കും. മേളയുടെ മൂന്നു പതിറ്റാണ്ടു നീണ്ട ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന 'ഐ.എഫ്.എഫ്.കെ എക്സ്പീരിയന്‍സിയ', ഋത്വിക് ഘട്ടക്കിന്‍റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ബംഗാളിലെ ഇന്‍ഫര്‍മേഷന്‍ ആന്‍റ് കള്‍ച്ചറല്‍ അഫയേഴ്സ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എക്സിബിഷന്‍ എന്നിവ മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് സജ്ജീകരിക്കും. ചലച്ചിത്രകലാസംവിധായകന്‍ കൂടിയായിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ ലൊക്കേഷന്‍ സ്കെച്ചുകള്‍ ന്യൂ തിയേറ്റര്‍ പരിസരത്ത് പ്രദര്‍ശിപ്പിക്കും. കേരള ലളിതകലാ അക്കാദമിയുടെയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റിന്‍റെയും സഹകരണത്തോടെയാണ് ഈ എക്സിബിഷന്‍ സംഘടിപ്പിക്കുന്നത്.
വെള്ളിത്തിളക്കത്തില്‍ കേരളാ പവലിയന്‍
ഡല്‍ഹിയില്‍ എല്ലാ വര്‍ഷവും നടക്കുന്ന വ്യാപാരമേളയാണ് ഇന്ത്യ ഇന്‍റര്‍നാഷണല്‍ ടേഡ്ര് ഫെയര്‍. ഈ വര്‍ഷം നടന്നത് 44ാമത് അന്താരാഷ്ട്ര വ്യാപാരമേളയാണ്. ഇന്ത്യ ഇന്‍റര്‍നാഷണല്‍ ട്രയിഡ് ഫെയര്‍ എന്നാണ് പേരെങ്കിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ സംസ്ഥാനത്തിനും വ്യവസായ വാണിജ്യരംഗത്തെ പുരോഗതി പ്രദര്‍ശിപ്പിക്കുന്ന ഒരു വേദി കൂടിയാണ് ഇവിടെ. ഇവിടെ വന്നു കഴിഞ്ഞാല്‍ നമ്മുടെ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും നടന്ന വികസനങ്ങളുടെ ഒരു രൂപരേഖ ഒരു സന്ദര്‍ശകന് ലഭിക്കുന്നു. എല്ലാ സംസ്ഥാനങ്ങളും അവരവരുടെ സംസ്ഥാനത്തെ പ്രധാന വികസനങ്ങളും, പ്രധാന വിപണന ഉത്പന്നങ്ങളും ഇവിടെ ഒരുന്ന സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇത് അതാത് സംസ്ഥാനത്തിന്‍റെ വികസനത്തിന്‍റെ നേര്‍ക്കാഴ്ചയാണ്. ഇത്തവണ കേരളത്തിന് തീമാറ്റിക് പ്രസന്‍റേഷന്‍ വിഭാഗത്തില്‍ വെള്ളി മെഡല്‍ ലഭിച്ചു. പാരമ്പര്യവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച തീമാണ് കേരളം അവതരിപ്പിച്ചത്. ഐ. ടി. പി ഒ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. നീരജ് ഖര്‍വാള്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രേംജിത് ലാല്‍ എന്നിവരില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.ജി സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ കെ. സുരേഷ് കുമാര്‍, ബി ബിനു, ജോയിന്‍റ് സെക്രട്ടറി വി. ശ്യാം, അസിസ്റ്റന്‍റ് എഡിറ്റര്‍മാരായ രതീഷ് ജോണ്‍, സുരരാജ്, പവലിയന്‍ ഫാബ്രികേറ്റര്‍ വി. പ്രേംചന്ദ് എന്നിവര്‍ ചേര്‍ന്ന് മെഡല്‍ സ്വീകരിച്ചു. ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് എന്നതായിരുന്നു ഈ വര്‍ഷത്തെ തീം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജി.ഐ.ടി സെസ്റ്റ് ആണ് കേരള പവിലിയന്‍റെ ഡിസൈനിംഗും നിര്‍മ്മാണവും നിര്‍വഹിച്ചത്. തീം, കൊമേര്‍ഷ്യല്‍ ആശയത്തില്‍ 24 സ്റ്റാളുകളാണ് കേരള പവിലിയനില്‍ ഉണ്ടായിരുന്നത്. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടവും അത് രാജ്യപുരോഗതിയില്‍ ഉണ്ടാക്കിയ മുന്നേറ്റവുമാണ് പവിലിയനില്‍ ചിത്രികരിച്ചത്. സാംസ്കാരിക കലാ രംഗത്തുള്ള പരിപാടികള്‍ കൂടാതെ ഓരോ സംസ്ഥാനത്തിന്‍റെ രുചികളറിയുവാന്‍ പ്രഗതി മൈതാനില്‍ നടക്കുന്ന അന്തര്‍ദേശീയ വ്യാപാരമേളയില്‍ അവസരമുണ്ടായിരുന്നു. ഓരോ സംസ്ഥാനങ്ങളും അവരുടെ രുചി വിഭവം ജനങ്ങള്‍ക്ക് നല്‍കുന്നതിന് ഫുഡ് കോട്ടില്‍ സ്റ്റോളുകള്‍ തയ്യാറായിരുന്നു. കേരളത്തിനുവേണ്ടി കുടുംബശ്രീയും, സാഫുമാണ് ഫുഡ് കോര്‍ട്ടില്‍ സ്റ്റാളുകള്‍ നടത്തിയിരുന്നത്. രുചികരമായ കേരള വിഭവങ്ങള്‍ ജനങ്ങള്‍ക്ക് അവിടെ ലഭിക്കുമായിരുന്നു. ഇത്തരത്തില്‍ ഓരോ സംസ്ഥാനത്തിന്‍റെ രുചി അറിയുവാനുള്ള ഒരു അവസരം കൂടിയാണ് മേളയിലെ ഫുഡ് കോട്ടുകള്‍.
