ജനസഭകളുടെ പുനര്‍വായന
വിജയ് ചൗക്ക്
സുധീര്‍നാഥ്
കേരളത്തിലെ പഞ്ചായത്ത് കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി. എല്ലായിടത്തും പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞു. ഈ അവസരത്തില്‍ പഞ്ചായത്തിന്‍റെയും മുനിസിപ്പാലിറ്റിയുടെയും കോര്‍പ്പറേഷന്‍റെയും ചരിത്രം നമ്മള്‍ പരിശോധിക്കുക നന്നായിരിക്കും. പഞ്ചായത്തുകള്‍ കാലങ്ങളായി നിലവിലുള്ള ഒന്നാണ്. രാജാവ് വാഴുന്ന കാലത്തും പഞ്ചായത്തുകളുണ്ട്. അഞ്ച് ഉദ്യോഗസ്ഥരുടെ സമിതി എന്നാണ് അക്കാലത്ത് പഞ്ചായത്തിനെ വിശേഷിപ്പിച്ചിരുന്നത്. ഗ്രാമീണ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഈ സമിതികള്‍ ഉണ്ടായിരുന്നു, ഈ സമിതികള്‍ക്ക് അതത് ഗ്രാമങ്ങളില്‍ നിയമനിര്‍മ്മാണത്തിനും നീതിന്യായത്തിനും അധികാരം ഉണ്ടായിരുന്നു. അതേ പഞ്ചായത്താണ് പിന്നീട് ഗ്രാമങ്ങളിലെ തദ്ദേശ സ്വയംഭരണ സംവിധാനമായത്. ബ്രിട്ടീഷ് കാലഘട്ടത്താണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെന്ന ആശയം ഉണ്ടായത്. എന്നാല്‍ അവരുടെ കാലത്ത് പ്രാദേശിക ഭരണം ശക്തിപ്പെടുത്തുന്നതില്‍ ബ്രിട്ടീഷ് ഭരണം പൂര്‍ണ്ണമായി വിജയിച്ചില്ല. ഇന്ത്യന്‍ ഭരണഘടനയില്‍, ഗ്രാമസ്വരാജിലൂടെയുള്ള വികേന്ദ്രീകൃത ഭരണം ഒരു ലക്ഷ്യമായി കണക്കാക്കി.
രാജ്യത്തിന് എന്നും മാത്യകയാണ് കേരളമെന്നത് ഇന്നും യാഥാര്‍ത്ഥ്യമാണ്. രാജ്യത്ത് വികേന്ദ്രീകൃത വികസനത്തില്‍ ഒരു പുതുമ സൃഷ്ടിച്ചത് കേരളമാണ്. അടിസ്ഥാന തലങ്ങളില്‍ ഭരണത്തിന്‍റെ ജനാധിപത്യപതവും, വികേന്ദ്രീകൃതവുമായ പ്രവര്‍ത്തനത്തിന് അടിസ്ഥാനമിട്ടത് ഇ.എം.എസ് മന്ത്രിസഭയാണ്. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ അധികാരങ്ങള്‍ താഴേക്കു നല്‍കിക്കൊണ്ടല്ലാതെ യഥാര്‍ത്ഥ അധികാരവികേന്ദ്രീകരണം സാധ്യമല്ല. അധികാരത്തിന്‍റെ പിരമിഡ് ഇന്ന് തലകുത്തി നില്‍ക്കുകയാണ്. അത് നിവര്‍ത്തി പുനഃസ്ഥാപിക്കണം. താഴേത്തട്ടില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം പൂര്‍ണ്ണമായും തീരുമാനിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള അവകാശം താഴെത്തട്ടിനുണ്ടാകണം. അവിടെ ചെയ്തു തീര്‍ക്കാന്‍ കഴിയാത്തവ മാത്രമേ ബ്ലോക്കിനും ജില്ലയ്ക്കും നല്‍കേണ്ടതുള്ളൂ. സംസ്ഥാനതലത്തില്‍ തീരുമാനമെടുത്ത് നടപ്പാക്കാന്‍ കഴിയാത്ത പ്രതിരോധം, വിദേശവ്യാപാരം, അടിസ്ഥാനവ്യവസായങ്ങള്‍, റെയില്‍വേ തുടങ്ങിയ മിച്ചംവരുന്ന വിഷയങ്ങളേ കേന്ദ്രത്തിനു വേണ്ടൂ. ഇപ്രകാരം അടിമുടി അധികാര പുനര്‍വിന്യാസം അനിവാര്യമാക്കുന്ന ഒരു വീക്ഷണമായിരുന്നു ഇഎംഎസിന് ഉണ്ടായിരുന്നത്.
അടിസ്ഥാനതലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനായി 1997 -ല്‍ അധികാരം, സമ്പത്ത് വൈദഗ്ദ്യം എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിനുള്ള ധീരമായ നടപടി സര്‍ക്കാര്‍ കൈക്കൊണ്ടു. അതുവരെ വികസന ഫലങ്ങള്‍ താഴേതട്ടിലേക്ക് എത്തിയിരുന്നില്ല. നമ്മുടെ പഞ്ചായത്ത് രാജ് സംവിധാനം രാജ്യത്തെ തന്നെ മികച്ചതായി സ്വാഗതം ചെയ്യപ്പെട്ടു. നമ്മുടെ സംസ്ഥാനത്ത് സംഭവിച്ച ഈ അത്ഭുതം കാണുന്നതിന് രാജ്യത്തിനകത്തും പുറത്തുനിന്നുള്ള വിദഗ്ദര്‍ ഇവിടെ വന്നിരുന്നു.
ഇന്ന് പഞ്ചായത്ത് എന്നാല്‍ ഗ്രാമങ്ങളിലെ തദ്ദേശ സ്വയംഭരണ സംവിധാനമാണ്. ഇത് പ്രാചീന ഇന്ത്യയില്‍ നിലനിന്നിരുന്ന പഞ്ചായത്ത് (അഞ്ച് ഉദ്യോഗസ്ഥരുടെ സമിതി) എന്ന ആശയത്തില്‍ നിന്ന് രൂപംകൊണ്ടതാണ്. സ്വാതന്ത്ര്യാനന്തരം, 1993-ലെ ഭരണഘടനയുടെ 73-ഉം 74-ഉം ഭേദഗതി അനുസരിച്ചാണ് ത്രിതല സംവിധാനം ഇന്ത്യയില്‍ നിലവില്‍ വന്നത്. പഞ്ചായത്തീരാജ് സംവിധാനത്തിന് ഭരണഘടനാപരമായ പദവി നല്‍കി. ഇത് പഞ്ചായത്തുകളെ മൂന്ന് തലങ്ങളാക്കി തിരിച്ചു. ഇത് ഭരണഘടനാപരമായ അംഗീകാരം നേടി. സാമ്പത്തിക വികസനം, സാമൂഹ്യനീതി, കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ നടപ്പാക്കല്‍ എന്നിവ ഉറപ്പാക്കാന്‍ ഗ്രാമ തലത്തില്‍ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നീ തലങ്ങളിലായി പ്രവര്‍ത്തിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ 29 വിഷയങ്ങളില്‍പ്പെട്ട പദ്ധതികള്‍ നടപ്പിലാക്കുക എന്നിവയാണ് ഇവരുടെ ചുമതലകള്‍. ഇന്ന്, പഞ്ചായത്തുകള്‍ ഗ്രാമീണ മേഖലയുടെ വികസനത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നു, ജനകീയ പങ്കാളിത്തത്തോടെയുള്ള ഭരണം സാധ്യമാക്കുന്നു.
കേരളത്തില്‍ ഇന്ന് 941 ഗ്രാമപഞ്ചായത്തുകള്‍ ഉണ്ട്. 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍ എന്നിങ്ങനെ ആകെ 1107 പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുണ്ട്. ഇവയെല്ലാം ചേര്‍ന്നതാണ് കേരളത്തിലെ പഞ്ചായത്തുകള്‍ എന്ന് പൊതുവായി പറയാം. 2024-ല്‍ വാര്‍ഡുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുങ്കെിലും, പഞ്ചായത്തുകളുടെ എണ്ണം 941 ഗ്രാമപഞ്ചായത്തുകളായി നിലനിര്‍ത്തുകയാണ്. ഏറ്റവും കൂടുതല്‍ പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ലയാണ് മലപ്പുറം. ഏറ്റവും കുറച്ച് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല വയനാടാണ്. കേരളത്തിലെ തെക്കേ അറ്റത്തെ പഞ്ചായത്തായ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയും, കേരളത്തിലെ വടക്കേ അറ്റത്തെ കാസര്‍ഗോഡിലെ പഞ്ചായത്തായ മഞ്ചേശ്വരവും പ്രശസ്തമാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളിലേയ്ക്ക് ആശയങ്ങള്‍ നല്‍കാന്‍ നടത്തുന്ന യാത്രകളുടെ തുടക്കമോ, ഒടുക്കമോ പാറശ്ശാലയും, മഞ്ചേശ്വരവും ആയിരിക്കും.
നേട്ടങ്ങള്‍ ഉണ്ടാക്കിയ പഞ്ചായത്തുകള്‍ കൂടെ പരാമര്‍ശിക്കേണ്ടതുണ്ട്. കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍കൃത പഞ്ചായത്ത് തിരുവനന്തപുരത്തെ വെള്ളനാട് പഞ്ചായത്താണ്. കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത് തിരുവനന്തപുരത്തെ തന്നെ വെങ്ങാനൂര്‍ പഞ്ചായത്താണ്. തിരുവനന്തപുരത്തെ തന്നെ മാണിക്കല്‍ പഞ്ചായത്താണ് കേരളത്തിലെ ആദ്യ വയോജന സൗഹൃദ പഞ്ചായത്ത്. കേരളത്തില്‍ സമ്പൂര്‍ണ്ണ ആധാര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത് വയനാടുള്ള അമ്പലവയല്‍ പഞ്ചായത്താണ്. കേരളത്തില്‍ വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തിയ ആദ്യ പഞ്ചായത്ത് കാസര്‍ഗോഡുള്ള തൃക്കരിപ്പൂരാണ്. എന്നാല്‍ വൈ-ഫൈ സംവിധാനം സൗജന്യമായി ഏര്‍പ്പെടുത്തിയത് ഇടുക്കിയിലെ വാഴത്തോപ്പ് പഞ്ചായത്താണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും, പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ചതും കോഴിക്കോുള്ളെ ഒളവണ്ണ പഞ്ചായത്താണ്. ഇങ്ങനെ ഒട്ടേറെ നേട്ടങ്ങള്‍ കേരളത്തിലെ ഓരോ പഞ്ചായത്തും നേടിയിട്ടുണ്ട്.
കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളിലാണ് ആകെ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണ് ഉള്ളത്. 1940ല്‍ ആദ്യം രൂപം കൊണ്ടതും കേരളത്തിലെ ഏറ്റവും വലുതുമായ കോര്‍പ്പറേഷനാണ് തിരുവനന്തപുരത്തേത്. 1962ല്‍ രൂപംകൊണ്ട കേരളത്തിലെ ഒരു പ്രധാന വാണിജ്യ നഗരമായ കോഴിക്കോട് നൂറുശതമാനം കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ കോര്‍പ്പറേഷന്‍ എന്ന അംഗീകാരം നേടിയതാണ്. കേരളത്തിന്‍റെ തുറമുഖ നഗരം, കേരളത്തിന്‍റെ ഇപ്പോഴത്തെ വ്യാവസായിക തലസ്ഥാനം, എന്നീ നിലകളില്‍ പ്രശസ്തമാണ് 1967ല്‍ രൂപം കൊണ്ട കൊച്ചി കോര്‍പ്പറേഷന്‍. കേരളത്തിലെ ഏറ്റവും പ്രാചീന തുറമുഖ നഗരങ്ങളില്‍ ഒന്നും, ലോകത്തിന്‍റെ കശുവണ്ടി തലസ്ഥാനം എന്ന പേരല്‍ പ്രശസ്തവുമാണ് 1998-ല്‍ രൂപം കൊണ്ട കൊല്ലം കോര്‍പ്പറേഷന്‍. സ്വന്തമായി വൈദ്യുത വിതരണാവകാശമുള്ള കേരളത്തിലെ ഏക കോര്‍പ്പറേഷനാണ് 1998ല്‍ രൂപംകൊണ്ട തൃശ്ശൂര്‍ കോര്‍പ്പറേഷന്‍. കേരളത്തില്‍ അവസാനമായി 2015ല്‍ രൂപം കൊണ്ടതാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍.
ഇന്ത്യയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വലിയ നഗരങ്ങളിലെ ഭരണ സംവിധാനത്തെ ആണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്ന് പറയുന്നത്. സിറ്റി കോര്‍പ്പറേഷന്‍, മഹാ നഗര്‍ പാലിക, മഹാ നഗര്‍ നിഗം, നഗര്‍ നിഗം, നഗരസഭ എന്നെല്ലാം ഇതിനു അപരനാമങ്ങളുണ്ട്. ചുരുക്കത്തില്‍ കോര്‍പ്പറേഷന്‍ എന്ന് അറിയപ്പെടുന്നു. ഒരു ദശലക്ഷത്തിലധികം ജനസംഖ്യ ഉള്ള നഗരമാണ് ഒരു കോര്‍പ്പറേഷന്‍ ആയി സാധാരണ പ്രഖ്യാപിക്കാറുള്ളത്. കോര്‍പ്പറേഷന്‍ തലവന്‍ മേയര്‍ എന്നപേരിലാണ് അറിയപ്പെടുന്നത്. നഗരത്തിലെ പ്രഥമപൗരന്‍ മേയര്‍ ആണ്. മുനിസിപ്പല്‍ കമ്മീഷണര്‍, അല്ലെങ്കില്‍ കോര്‍പറേഷന്‍ സെക്രട്ടറിയെ സംസ്ഥാന സര്‍ക്കാര്‍ ആണ് നിയമിക്കുന്നത്. ഭരണ പരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി വിവിധ മേഖലകളായും ഡിവിഷനുകളായും തിരിച്ചിരിക്കുന്നു. എന്നാല്‍ മിക്ക സംസ്ഥാനങ്ങളിലും മുനിസിപ്പല്‍ കമ്മീഷണര്‍ ആണ് ഭരണകര്‍ത്താവ് എന്നതിനാല്‍ മേയര്‍ പദവി ആലങ്കാരികം മാത്രമാണ്. മേയറും ഡെപ്യൂട്ടി മേയറും ആണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോര്‍പ്പറേഷന്‍റെ ദൈന്യം ദിന കാര്യങ്ങള്‍ നോക്കുന്നതിനായി കോര്‍പ്പറേഷന്‍ സെക്രട്ടറിയെ അല്ലെങ്കില്‍ മുന്‍സിപ്പല്‍ കമ്മീഷണറെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്നു. കോര്‍പ്പറേഷന്‍ സെക്രട്ടറി കൗണ്‍സിലിന്‍റെ തീരുമാനങ്ങള്‍ നടപ്പിലാക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു.
കേരളത്തില്‍ ഒട്ടേറെ നഗര പ്രദേശങ്ങളുണ്ട്. ഗ്രാമവുമല്ല, മെട്രോ പട്ടണവുമല്ലാത്ത പ്രദേശങ്ങള്‍ എന്ന് നഗരസഭകളുടെ പ്രദേശത്തെ വിശേഷിപ്പിക്കാം. ഇങ്ങനെയുള്ള നഗരങ്ങളുടെ ഭരണത്തിനായി നിയമപ്രകാരം രൂപീകരിക്കപ്പെട്ട സംവിധാനമാണ് നഗരസഭകള്‍ അഥവാ മുനിസിപ്പാലിസ്റ്റികള്‍. കേരള സംസ്ഥാനത്തില്‍ നിലവില്‍ 87 മുനിസിപ്പാലിറ്റികളുണ്ട്. കേരളം ഇന്ത്യയിലെ ഏറ്റവും നഗരവല്‍ക്കരിക്കപ്പെട്ട രണ്ടാമത്തെ പ്രധാന സംസ്ഥാനമാണ്. 13 മുനിസിപ്പാലിറ്റികളുള്ള എറണാകുളം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മുനിസിപ്പാലിറ്റികള്‍ ഉള്ളത്. രണ്ട് മുനിസിപ്പാലിറ്റികള്‍ മാത്രമാണ് ഇടുക്കി ജില്ലയില്‍ ഉള്ളത്. കേരളത്തിലെ വിസ്തീര്‍ണ്ണത്തില്‍, ഏറ്റവും വലിയ മുനിസിപ്പാലിറ്റി വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയും ഏറ്റവും ചെറിയ മുനിസിപ്പാലിറ്റി എറണാകുളം ജില്ലയിലെ ആലുവ മുനിസിപ്പാലിറ്റിയുമാണ്.
രസകരമായ ഒട്ടേറെ വിശേഷങ്ങള്‍ ഓരോ പഞ്ചായത്തിനും, കോര്‍പ്പറേഷനും, മുനിസിപ്പാലിറ്റിക്കും ഉണ്ട്. ഇവിടെ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയമുണ്ടെങ്കിലും വ്യക്തികേന്ദ്രീകൃതമായി മാത്രമാണ് സ്ഥാനാര്‍ത്ഥികളെ ഓരോ പാര്‍ട്ടിയും നിശ്ചയിക്കുക. രാഷ്ട്രീയപരമായ മത്സരങ്ങളാണ് പുറമേ കാണുന്നതെങ്കിലും പ്രദേശത്തെ ജനകീയമായ വ്യക്തിത്വങ്ങളെയാണ് ഓരോ പാര്‍ട്ടിയും തിരഞ്ഞെടുക്കുന്നത്. അങ്ങനെ ജനകീയ സ്വഭാവമുള്ള ആളുകള്‍ ആയിരിക്കും തിരഞ്ഞെടുക്കപ്പെടുന്നത്. അതുകൊണ്ട് ഇത് ജനങ്ങളുടെ തിരഞ്ഞെടുപ്പ് എന്ന് ഉറപ്പിച്ച് പറയാം.
