പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

ഡിസംബര്‍ 15 


ഡി.സി. രവിക്ക് ഷെവലിയാര്‍ ഓഫ് ലെറ്റേഴ്സ്

കലാ സാഹിത്യരംഗത്തെ പ്രവര്‍ത്തന മികവിനുള്ള ഫ്രഞ്ച് സര്‍ക്കാരിന്‍റെ സിവിലിയന്‍ ബഹുമതി നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് എന്ന ഷെവലിയാര്‍ ഓഫ് ലെറ്റേഴ്സ് ആന്‍റ് ആര്‍ട്ട്സ് ഡി.സി ബുക്സ് സി.ഇ.ഒ. രവി ഡി.സി ഏറ്റുവാങ്ങി. കല, സാഹിത്യം, സംസ്കാരം എന്നിവയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കും ഫ്രാന്‍സിന്‍റെ കലാസാംസ്കാരിക പാരമ്പര്യത്തെ ആഗോളതലത്തില്‍ ഉയര്‍ത്തിക്കാട്ടിയവര്‍ക്കും നല്‍കപ്പെടുന്ന അന്തര്‍ദേശീയ പ്രശസ്തമായ ബഹുമതികളിലൊന്നാണ് ഇത്. ലോകമെമ്പാടുമുള്ള നിരവധി കലാകാരന്മാരും, എഴുത്തുകാരും ചലച്ചിത്രകാരന്മാരും സാംസ്കാരിക വ്യക്തികളും ഈ ബഹുമതി നേടിയിട്ടുണ്ട്. എം മുകുന്ദന്‍, അടൂര്‍ ഗോപാലക്യഷ്ണന്‍, അരുന്ധതി റോയ്, ഷാജി എന്‍ കരുണ്‍, ശശി തരൂര്‍ എന്നീ മലയാളികള്‍ക്കും ശിവജി ഗണേശന്‍, ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, ഐശ്വര്യ റായ്, തുടങ്ങിയവര്‍ക്കും ഷെവലിയാര്‍ ഓഫ് ആര്‍ട്ട്സ് ആന്‍റ് ലെറ്റേഴ്സ് ലഭിച്ചിട്ടുള്ള ഇന്ത്യക്കാരാണ്. ഡല്‍ഹിയിലെ ഫ്രഞ്ച് എംബസിയില്‍  നടന്ന ചടങ്ങില്‍  ഫ്രഞ്ച് അംബാസിഡര്‍ തിയറി മതോയാണ് ഡി. സി. രവിയ്ക്ക്  ബഹുമതി നല്‍കിയത്. കലാ-സാഹിത്യരംഗത്തുള്ള സംഭാവനകളെ ആദരിക്കാന്‍ 1957 - ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ ആരംഭിച്ച പുരസ്കാരമാണ് നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ്. 2016 ല്‍ ഡി. സി. രവിയുടെ നേതൃത്വത്തില്‍ ഡി സി ബുക്സ് ആരംഭിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ കേരളത്തിന്‍റെ സാംസ്കാരിക വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകളും പ്രസാധന പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് ഫ്രഞ്ച് സര്‍ക്കാര്‍ നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് ബഹുമതി ഡി.സി. രവിക്ക് നല്‍കിയത്. 

ഡല്‍ഹിയില്‍ നടന്ന ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം

സംഗീതത്തിന്‍റെ സമുദ്രമാണ് വി. ദക്ഷിണാമൂര്‍ത്തി. വൈക്കത്തിന്‍റെ വളര്‍ത്തുപുത്രനായ ആ മഹാപ്രതിഭാശാലിയുടെ പേരില്‍ ഒരു സംഗീതോത്സവം സംഘടിപ്പിച്ചത്  ശ്രദ്ധേയമായി. ഹൃദയസരസ്സിലെ സ്മൃതി പുഷ്പങ്ങള്‍ എന്നത് അന്വര്‍ത്ഥമാക്കിയ ദിനങ്ങളായിരുന്നു 14 ദിവസം നീണ്ടുനിന്ന വൈക്കം ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം. ദക്ഷിണാമൂര്‍ത്തി തന്‍റെ ജീവിതം തന്നെ വൈക്കത്തപ്പന് സമര്‍പ്പിച്ച ഭക്തനാണ്. വൈക്കം ക്ഷേത്രത്തില്‍ വര്‍ഷങ്ങളോളം അദ്ദേഹം ഭജനമിരുന്നു. അമ്പലത്തില്‍ നിന്നു കിട്ടുന്ന ഭക്ഷണം കഴിച്ചു അവിടെയുള്ള ഒരു ബ്രാഹ്മണഗൃഹത്തില്‍ അന്തിയുറങ്ങി. 'വൈക്കത്തപ്പന്‍ അന്നദാനപ്രഭു' എന്ന് ദിവസം ഒരു പ്രാവശ്യമെങ്കിലും അദ്ദേഹം പറയുമായിരുന്നു. അഭയദേവ് രചിച്ച ഒരു ശ്ലോകത്തിന് ഈണം നല്‍കാന്‍ വൈക്കം ക്ഷേത്രത്തില്‍ നിന്നാണ് അദ്ദേഹത്തെ കുട്ടിക്കൊണ്ടു പോയത്. അവിടെ നിന്നാണ് സംഗീതസംവിധായകനായ വി ദക്ഷിണാമൂര്‍ത്തിയുടെ ജൈത്രയാത്ര ആരംഭിച്ചത്. വൈക്കത്തഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി 2025 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 13 വരെ ആയിരുന്നു ആര്‍. കെ. പുരം അയ്യപ്പ ക്ഷേത്രത്തിലെ ശബരി മണ്ഡപത്തില്‍ 'വൈക്കം ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം' സംഘടിപ്പിച്ചത്. വൈക്കത്തിന്‍റെ ആത്മീയതയും സാംസ്കാരിക പാരമ്പര്യവും രാജധാനിയിലേയ്ക്ക് കൊണ്ടുവന്ന് അതിനെ അഭിമാനത്തോടെ നിലനിര്‍ത്തുന്ന ഡല്‍ഹി വൈക്കം സംഗമമാണ്, ഭക്തിയുടെയും സംഗീതസൗന്ദര്യത്തിന്‍റെയും സാംസ്കാരിക സമൃദ്ധിയുടെയും മനോഹര സംഗമമായ പരിപാടി സംഘടിപ്പിച്ചത്. കേരളത്തിന്‍റെ സംഗീതകലാനിധിയായ ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ വൈക്കത്തപ്പനോടുള്ള അഗാധഭക്തിയെയും സംഗീത സ്നേഹത്തെയും അനുസ്മരിക്കുന്ന വിനീതമായൊരു സംഗീത നമനം കൂടിയായി ഈ ഉത്സവം. ഈ സംഗീതോത്സവത്തിലൂടെ ഡല്‍ഹി വൈക്കം സംഗമം ഡല്‍ഹിയിലേയും പരിസരങ്ങളിലേയും സംഗീത പ്രതിഭകള്‍ക്ക് സംഗീത സഭ നടത്തി മവസരങ്ങള്‍ ഒരുക്കി ആദരിക്കുകയായിരുന്നു. 

ബ്ലാക്ക് വാറന്‍റിന് അംഗീകാരം

ഒ.ടി.ടി ലോകത്തെ മികച്ച പ്രതിഭകളെ ആദരിക്കുന്ന ആറാമത് ഫിലിംഫെയര്‍ ഒ.ടി.ടി. അവാര്‍ഡ്സ് 2025-ല്‍, തരംഗമായി നെറ്റ്ഫ്ലിക്സ് ക്രൈം ഡ്രാമ സീരീസായ 'ബ്ലാക്ക് വാറന്‍റ്'. ഡിസംബര്‍ 15-ന് മുംബൈയില്‍ നടന്ന ചടങ്ങില്‍ ആലിയ ഭട്ട്, വിക്കി കൗശല്‍, അനന്യ പാണ്ഡെ തുടങ്ങിയ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു. നെറ്റ്ഫ്ലിക്സില്‍ റെക്കോര്‍ഡ് കാഴ്ചക്കാരെ സ്വന്തമാക്കിയ 'ബ്ലാക്ക് വാറന്‍റ്' മികച്ച ഒടിടി സീരീസായി തിരഞ്ഞെടുക്കപ്പെട്ടതിന് പുറമെ സാങ്കേതിക, അഭിനയ വിഭാഗങ്ങളിലെ പുരസ്കാരങ്ങളും സ്വന്തമാക്കി. വിക്രമാദിത്യ മോട്വാനെ, സത്യന്‍ഷു സിംഗ്, അര്‍കേഷ് അജയ്, ആംബിയേക്ക പണ്ഡിറ്റ്, രോഹിന്‍ രവീന്ദ്രന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ ഒരു ഇന്ത്യന്‍ ഹിന്ദി ഭാഷാ ക്രൈം-ഡ്രാമ ത്രില്ലര്‍ വെബ് സീരീസാണ് 'ബ്ലാക്ക് വാറന്‍റ്'.അപ്ലോസ് എന്‍റര്‍ടെയിന്‍മെന്‍റ്, ആന്ദോളന്‍ പ്രൊഡക്ഷന്‍സ്, മലയാളി മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫിന്‍റെ കോണ്‍ഫ്ളുവന്‍സ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മുന്‍ തിഹാര്‍ ജയിലറുടെ ഓര്‍മ്മക്കുറിപ്പുകളെ ആസ്പദമാക്കി 2025 ജനുവരി 10-ന് റിലീസ് ചെയ്ത ഈ സീരീസ്, ഏഷ്യയിലെ ഏറ്റവും വലിയ ജയില്‍ സമുച്ചയമായ തിഹാര്‍ ജയിലിന്‍റെ അണിയറ രഹസ്യങ്ങളിലേക്കും അവിടത്തെ ജയിലര്‍മാരുടെയും തടവുകാരുടെയും ജീവിതങ്ങളിലേക്കും വെളിച്ചം വീശുന്നു. സീരീസിന്‍റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വിക്രമാദിത്യ മോട്വാനെയും സംഘവും മികച്ച സംവിധായകനുള്ള പുരസ്കാരം പങ്കിട്ടു. കൂടാതെ, സീരീസിലെ മികച്ച പ്രകടനത്തിന് രാഹുല്‍ ഭട്ട് മികച്ച സഹനടന്‍ (ഡ്രാമ) പുരസ്കാരം നേടിയപ്പോള്‍, പുതുമുഖ താരം സാന്‍ കപൂര്‍ മികച്ച നടന്‍ (ക്രിട്ടിക്സ്, ഡ്രാമ) പുരസ്കാരവും കരസ്ഥമാക്കി. മുന്‍ തിഹാര്‍ ജയിലര്‍ സുനില്‍ ഗുപ്തയും പത്രപ്രവര്‍ത്തകയായ സുനേത്ര ചൗധരിയും ചേര്‍ന്നെഴുതിയ 'ആഹമരസ ണമൃൃമിേ: ഇീിളലശൈീിെ ീള മ ഠശവമൃ ഖമശഹലൃ' എന്ന നോണ്‍-ഫിക്ഷന്‍ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ സീരീസ് ഒരുക്കിയിരിക്കുന്നത്. ശശി കപൂറിന്‍റെ കൊച്ചുമകനായ സഹാന്‍ കപൂര്‍ (നായകന്‍  സുനില്‍ ഗുപ്ത), രാഹുല്‍ ഭട്ട് (ഡിഎസ്പി രാജേഷ് തോമര്‍), പരമവീര്‍ സിംഗ് ചീമ, അനുരാഗ് താക്കൂര്‍, സിദ്ധാന്ത് ഗുപ്ത തുടങ്ങിയവര്‍ സീരീസില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മികച്ച നടന്‍ (ക്രിട്ടിക്സ്, ഡ്രാമ) സാന്‍ കപൂര്‍, സഹനടന്‍ (ഡ്രാമ) വിഭാഗത്തില്‍ രാഹുല്‍ ഭട്ട് , എന്നിവര്‍ പുരസ്കാരം നേടിയപ്പോള്‍ അനുരാഗ് താക്കൂര്‍ മികച്ച പുതുമുഖ പ്രകടനം കാഴ്ചവെച്ചു. മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്കാരം സത്യന്‍ഷു സിംഗ്, അര്‍കേഷ് അജയ് എന്നിവര്‍ക്കാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ 23 ലക്ഷം കാഴ്ചകള്‍ നേടിയ 'ബ്ലാക്ക് വാറന്‍റ്', ജനുവരി 19- ആയപ്പോഴേക്കും നെറ്റ്ഫ്ലിക്സിന്‍റെ ഏറ്റവുമധികം ആളുകള്‍ കണ്ട ഇംഗ്ലീഷ് ഇതര ഷോകളുടെ പട്ടികയില്‍ പത്താം സ്ഥാനത്തെത്തിയിരുന്നു. മൊത്തം 12.6 മില്യണ്‍ വാച്ച്-അവര്‍ രേഖപ്പെടുത്തിയ ഈ സീരീസ് ഇന്ത്യയില്‍ നെറ്റ്ഫ്ലിക്സില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ഷോ എന്ന നേട്ടവും സ്വന്തമാക്കി.

ദീപാവലിക്ക് യുണസ്ക്കോ അംഗീകാരം

യുനെസ്കോയുടെ അദൃശ്യ പൈതൃക പട്ടികയില്‍ ദീപാവലി ചേര്‍ക്കപ്പെട്ടിരിക്കുന്നു. ദീപാവലി നമ്മുടെ സംസ്കാരവുമായും ധാര്‍മ്മികതയുമായും വളരെ അടുത്ത ബന്ധമുള്ളതാണ്. അത് നമ്മുടെ നാഗരികതയുടെ ആത്മാവാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലിയെ യുനെസ്കോ അംഗീകരിച്ചത് കൂട്ടായ അഭിമാനത്തിന്‍റെ നിമിഷമായി വിശേഷിപ്പിച്ചു.  'നമ്മുടെ സംസ്കാരവുമായും ധാര്‍മ്മികതയുമായും ദീപാവലി വളരെ അടുത്ത ബന്ധമുള്ളതാണ്. അത് നമ്മുടെ നാഗരികതയുടെ ആത്മാവാണ്. അത് പ്രകാശത്തെയും നീതിയെയും വ്യക്തിപരമാക്കുന്നു. യുനെസ്കോയുടെ അന്തര്‍ലീനമായ പൈതൃക പട്ടികയില്‍ ദീപാവലി ചേര്‍ക്കുന്നത് ഉത്സവത്തിന്‍റെ ആഗോള ജനപ്രീതിക്ക് കൂടുതല്‍ സംഭാവന നല്‍കും,' അദ്ദേഹം പറഞ്ഞു. ഈ അംഗീകാരം നമ്മുടെ ഉത്സവത്തിന്‍റെ ആഗോള ജനപ്രീതിക്ക് കൂടുതല്‍ സംഭാവന നല്‍കും. ഇന്ത്യയിലുടനീളവും പ്രവാസികളായ ദശലക്ഷക്കണക്കിന് ആളുകള്‍ ആഘോഷിക്കുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി യുനെസ്കോയുടെ മാനവികതയുടെ അദൃശ്യ സാംസ്കാരിക പൈതൃകത്തിന്‍റെ പ്രതിനിധി പട്ടികയില്‍ ഇടം നേടിയത് വലിയ അംഗീകാരം തന്നെയാണ്. കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാ പൂജ ആഗോള പൈതൃക രജിസ്റ്ററില്‍ ഇടം നേടിയതിന് ഒരു വര്‍ഷത്തിന് ശേഷം ലഭിക്കുന്ന ഈ അംഗീകാരം ഇന്ത്യയുടെ ജീവിക്കുന്ന സാംസ്കാരിക പാരമ്പര്യങ്ങളുടെ പുതിയ അന്താരാഷ്ട്ര അംഗീകാരത്തെ അടയാളപ്പെടുത്തുന്നു. യുനെസ്കോയുടെ കമ്മിറ്റി യോഗത്തില്‍ ഏകകണ്ഠമായി ദീപാവലിയെ അംഗീകരിച്ചതായി യുനെസ്കോ പ്രഖ്യാപിക്കുകയായിരുന്നു. മൂല്യനിര്‍ണ്ണയ സമിതി നാമനിര്‍ദ്ദേശം അംഗീകരിക്കുന്നതിനിടയില്‍, 'ഉത്സവത്തിന്‍റെ നിര്‍മ്മാണത്തില്‍ പാരിസ്ഥിതികവും ഉള്‍ക്കൊള്ളുന്നതുമായ രീതികള്‍ നിലനിര്‍ത്താനും വര്‍ദ്ധിപ്പിക്കാനും' ഇന്ത്യയെ ഉപദേശിക്കുകയും 'ഡിജിറ്റല്‍, ഭൗതിക ഇടങ്ങളില്‍ ഉത്സവത്തിന്‍റെ ഘടകങ്ങളുടെ വിഘടനം ശക്തിപ്പെടുത്തുന്നതിനുള്ള' നടപടികള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു.