ഇത് 30ാമത് ഐ.എഫ്.എഫ്.കെ

ഇത് 30ാമത് ഐ.എഫ്.എഫ്.കെ 

വിജയ് ചൗക്ക്

സുധീര്‍നാഥ് 


കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2025 ഡിസംബര്‍ 12 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. ഇത്തവണ പതിവില്‍ നിന്ന് വിപരീതമായി ശക്തമായ ഒരു ടീമാണ് ഐ.എഫ്.എഫ്.കെയ്ക്ക് നേതൃത്വം നല്‍കുന്നത്. ലോക പ്രശസ്തനായ ചലച്ചിത്രപ്രവര്‍ത്തകന്‍ ഓസ്ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമിയുടെ സാരഥ്യം ഏറ്റെടുത്തതിനുശേഷമുള്ള ആദ്യത്തെ ഐഎഫ്എസ്കെ ആണ് നടക്കുന്നത്. ആറ് ഐ.എഫ്.എഫ്.കെയ്ക്ക് നേത്യത്ത്വം വഹിച്ച വ്യക്തിയാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍. 30 വര്‍ഷം നീണ്ടുനില്‍ക്കുന്ന ചരിത്രം ഐഎഫ്എസ് ഉണ്ട്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചരിത്രത്തിലെ ഏറ്റവും മികച്ച ചലചിത്രമേളയാകും ഇത്തവണത്തേത് എന്ന് ദേശിയ അന്തര്‍ദേശീയ മാധ്യമ പ്രവര്‍ത്തകരോട് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെര്‍പേഴ്സണ്‍ റസൂല്‍ പൂക്കുട്ടി രാജ്യതലസ്ഥാനത്ത് വെച്ച് പറഞ്ഞിരുന്നു. 

തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ എന്നാല്‍ ഒരു പാഠശാലയാണെന്നും അതില്‍നിന്ന് വളര്‍ന്നുവന്ന ചെറുപ്പക്കാരായ സിനിമാ പ്രവര്‍ത്തകര്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ ലോകോത്തര നിലവാരം ഉള്ളതാണെന്നും റസൂല്‍ പൂക്കുട്ടി ഡല്‍ഹിയില്‍ പറയുകയുണ്ടായി. ഓരോ ഐ.എഫ്.എഫ്.കെയും സിനിമകളുടെ സാങ്കേതികവശം പഠിക്കുവാനുള്ള ഒരു ക്യാമ്പായാണ് കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ലോകോത്തരനിലവാരത്തിലുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ മലയാള സിനിമയെ ലോക സിനിമാ സ്ക്രീനുകളില്‍ കാണിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞത് മലയാള ചലചിത്ര രംഗത്തെ എല്ലാവര്‍ക്കും പ്രതീക്ഷകള്‍ നല്‍കുന്നതാണ്. 

മലയാള സിനിമ ആശയങ്ങള്‍ കൊണ്ടും, സാങ്കേതിക മികവുകൊണ്ടും ശക്തമാണെന്ന് സിനിമാലോകം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. മലയാള ചലച്ചിത്ര മേളകള്‍ കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും പ്രദര്‍ശിപ്പിക്കുവാന്‍ കേരള ചലച്ചിത്ര അക്കാദമി ശ്രമിക്കുമെന്ന് ചെര്‍പേഴ്സണ്‍ റസൂല്‍ പൂക്കുട്ടി പറഞ്ഞു. ലോകസിനിമയില്‍ മലയാള സിനിമകള്‍ക്ക് ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ടാക്കിയെടുക്കുവാന്‍ വരും കാലങ്ങളില്‍ ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനം കൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, അതിന് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ തന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകും എന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. 

അക്കാദമി എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തികളില്‍ വരും കാലങ്ങളില്‍ ശക്തമായ നീക്കമുണ്ടാകും. കേരളത്തില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ കഴിവുകള്‍ കണ്ടെത്തി അക്കാദമിക തലത്തില്‍ അവര്‍ക്ക് മികച്ച പരിശീലനം നല്‍കുന്ന പദ്ധതികളും കേരള ചലച്ചിത്ര അക്കാദമി വരും കാലങ്ങളില്‍ ഉണ്ടാക്കും എന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക മികവിന്‍റെ കാര്യത്തിലും തന്ത്രപരമായ ചലച്ചിത്ര രംഗത്തെ പ്രവര്‍ത്തനങ്ങളിലും മലയാളികള്‍ കാണിക്കുന്ന മികവ് പ്രശംസനീയമാണ്. അനിമേഷന്‍ രംഗത്തും സമാനമായ രീതിയിലുള്ള വലിയ വളര്‍ച്ചയാണ് കേരളത്തില്‍ നിന്നുണ്ടാകുന്നത്. ലോകോത്തര അനിമേഷന്‍ ചിത്രങ്ങളുടെ പിന്നണിയില്‍ മലയാളികള്‍ വെന്നികൊടി പാറിക്കുന്നത് ഇതിന്‍റെ ഉദാഹരണം മാത്രമാണ്.

മേളയുടെ ഭാഗമായി മൂന്ന് എക്സിബിഷനുകള്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്. മേളയുടെ മൂന്നു പതിറ്റാണ്ടു നീണ്ട ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന 'ഐ.എഫ്.എഫ്.കെ എക്സ്പീരിയന്‍സിയ', ഋത്വിക് ഘട്ടക്കിന്‍റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ബംഗാളിലെ ഇന്‍ഫര്‍മേഷന്‍ ആന്‍റ് കള്‍ച്ചറല്‍ അഫയേഴ്സ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എക്സിബിഷന്‍ എന്നിവ മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് സജ്ജീകരിക്കും. ചലച്ചിത്രകലാസംവിധായകന്‍ കൂടിയായിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ ലൊക്കേഷന്‍ സ്കെച്ചുകള്‍ ന്യൂ തിയേറ്റര്‍ പരിസരത്ത് പ്രദര്‍ശിപ്പിക്കും. കേരള ലളിതകലാ അക്കാദമിയുടെയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റിന്‍റെയും സഹകരണത്തോടെയാണ് ഈ എക്സിബിഷന്‍ സംഘടിപ്പിക്കുന്നത്.  

ഇത്തവണ വിയറ്റ്നാം യുദ്ധത്തിന്‍റെ അന്‍പതാം വാര്‍ഷികമാണ്. വിയറ്റ്നാമാണ് ഇത്തവണ കണ്‍ട്രി ഫോക്കസ്. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ വിയറ്റ്നാമില്‍ നിന്നുള്ള അഞ്ച് ചിത്രങ്ങളാണ് ഇത്തവണ ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ അറുപതിലധികം സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലൈഡോസ്കോപ്പ് വിഭാഗത്തില്‍ എട്ടു സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫിമെയ്ല്‍ ഫോക്കസ്, മിഡ്നൈറ്റ് സിനിമ, റെസ്റ്റോര്‍ഡ് ക്ളാസിക്സ് എന്നീ വിഭാഗങ്ങളിലും സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 തിയേറ്ററുകളിലായി ഐ.എഫ്.എഫ്.കെയില്‍ എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 

ലോകത്തെ മുന്‍നിര ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടുകയും പ്രേക്ഷകപ്രീതി പിടിച്ചുപറ്റുകയും ചെയ്ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് വിഭാഗം 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യ ആകര്‍ഷണമാവും. ഐ.എഫ്.എഫ്.കെയില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച നാല് അനിമേഷന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അനിമേഷന്‍ ചിത്രങ്ങള്‍ വേണ്ടി മാത്രമായി ഫ്രാന്‍സില്‍ 1960 മുതല്‍ സംഘടിപ്പിക്കപ്പെടുന്ന അനെസി അനിമേഷന്‍ ഫിലിം ഫെസ്റ്റിവലിന്‍റെ 2025 പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്ത ചിത്രങ്ങളാണ് 'സിഗ്നേച്ചേഴ്സ് ഇന്‍ മോഷന്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മലയാള സിനിമാ ലോകത്തെ നാളത്തെ താരങ്ങളുടെ ഉദയമാണ് ഓരോ ഐ.എഫ്.എഫ്.കെയിലും ഉണ്ടാകുന്നത് എന്നുള്ള കാര്യത്തില്‍ സംശയമില്ല. അതിന് സാഹചര്യം ഒരുക്കുന്ന കേരള ചലച്ചിത്ര അക്കാദമിയുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം തന്നെയാണ്. 30 വര്‍ഷം നീണ്ടുനില്‍ക്കുന്ന ചരിത്രമുള്ള ഐ.എഫ്.എഫ്.കെയ്ക്ക് അഭിമാനത്തോടെ പറയുവാന്‍ സാധിക്കുന്നത് രാജ്യത്തെ ഏറ്റവും മികച്ച ചലച്ചിത്രോത്സവമാണ് എന്നുള്ളത് തന്നെയാണ്. ഗോവ ചലച്ചിത്രോത്സവത്തിന് ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്ന മികവ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചലചിത്രാത്സം സ്വന്തമാക്കിയിരിക്കുന്നു. ഇത്തവണ ഗോവയിലെ ചലചിത്രോത്സവം നിരാശയാണെന്ന് പറയാതിരിക്കുവാനും സാധിക്കുകയില്ല. പ്രശസ്ത സിനിമ പ്രവര്‍ത്തകര്‍ തന്നെ അടക്കം പറയുന്നതാണ് ഇത്. മികച്ച സിനിമകള്‍ കാണാന്‍ കേരളത്തിന്‍റെ ചലച്ചിത്രോത്സവം തന്നെ പോയി പോകണമെന്നാണ് ഗോവ ചലചിത്രോത്സവ വേദിയില്‍ ഉയര്‍ന്ന അഭിപ്രായം.

സിനിമയുടെ കലാമൂല്യത്തില്‍ ഒരു കാരണവശാലും രാഷ്ട്രീയം കടന്നുകൂടാന്‍ പാടില്ലാത്തതാണ്. എങ്കില്‍ മാത്രമാണ് ഓരോ ചലച്ചിത്രോത്സവവും ഉന്നതിയില്‍ എത്തുകയുള്ളൂ. ഏറ്റവും ജനകീയമായ കലാരൂപമായി സിനിമ മാറിയപ്പോള്‍ അത് കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ നിഷ്പക്ഷമായ ഒരു ഇടപെടലുകള്‍ വേണ്ടതാണ്. അത്തരമൊരു ഇടപെടലാണ് തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രോത്സവത്തിന് ഉള്ളത്. അതുകൊണ്ട് തന്നെയാണ് മറ്റ് ചലച്ചിത്രോത്സവത്തില്‍ നിന്ന് ഐ.എഫ്.എഫ്.കെ വേറിട്ട് നില്‍ക്കുന്നതും. അതുകൊണ്ടുതന്നെയാണ് തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രോത്സവ വേദിയില്‍ നമുക്ക് രാജ്യത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ കാണുവാന്‍ സാധിക്കുന്നതും.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ 1994 ഡിസംബര്‍ 17 മുതല്‍ 23 വരെ കോഴിക്കോട് വെച്ചാണ് ആദ്യ ചലച്ചിത്രമേള നടന്നത്. രണ്ടാമത്തെ ഐ.എഫ്.എഫ്.കെ 1995 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടന്നു. വിദേശത്തുനിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ആദ്യമേളയായിരുന്നു അത്. 1998 ഏപ്രില്‍ 5 മുതല്‍ 12 വരെ നടന്ന മൂന്നാമത്തെ മേളയില്‍ വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ഇ.കെ നായനാര്‍ സര്‍ക്കാരിന്‍റെ തീരുമാനപ്രകാരം നാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 1999 ഏപ്രില്‍ മൂന്നു മുതല്‍ 10 വരെ കൊച്ചിയില്‍ നടന്നു. നാലാംമേളയില്‍ എത്തുമ്പോഴേക്കും ചലച്ചിത്ര നിര്‍മ്മാതാക്കളുടെ അന്താരാഷ്ട്ര സംഘടനയായ ഫിയാഫിന്‍റെ അംഗീകാരം ഐ.എഫ്.എഫ്.കെക്ക് ലഭിച്ചിരുന്നു. മല്‍സരവിഭാഗം ആരംഭിച്ചത് ഈ മേളയിലാണ്. 2000 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴുവരെ കോഴിക്കോട് നടന്ന അഞ്ചാമത് ചലച്ചിത്രമേളക്കു ശേഷം തിരുവനന്തപുരം സ്ഥിരം വേദിയായി നിശ്ചയിക്കുകയായിരുന്നു.