ഓംചേരി ഇല്ലാത്ത ഒരു വര്‍ഷം
വിജയ് ചൗക്ക്
സുധീര്‍നാഥ്
ഫോട്ടോ: 100 ാം ജന്‍മദിന ആഘോഷത്തില്‍ ഓംചേരിയും, ലീലാ ഓംചേരിയും (ഫയല്‍ ചിത്രം)
ഓംചേരിയില്ലാത്ത ഡല്‍ഹിയെക്കുറിച്ച് വളരെ നഷ്ടബോധത്തോടു കൂടിയാണ് ഓരോ മലയാളിയും ഇന്ന് സംസാരിക്കുന്നത്. ഡല്‍ഹിയില്‍ ഒട്ടേറെ സംഘടനകള്‍ ഉണ്ട്. എല്ലാ സംഘടനകളുടെയും രാഷ്ട്രീയം വ്യത്യസ്തമാണ്. പക്ഷേ അവരെല്ലാം ഓംചേരിയുടെ ശബ്ദത്തിനായി, ഓംചേരിയുടെ ഉപദേശത്തിനായി, ഓംചേരിയുടെ നിര്‍ദ്ദേശങ്ങള്‍ക്കായി കാതോര്‍ക്കുമായിരുന്നു. വിശ്വാസിയും അവിശ്വാസിയും ഒരേപോലെ ആരാധിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു ഓംചേരിയുടേത്. അത്രയ്ക്ക് സ്വീകാര്യതയുണ്ടിരുന്ന ഡല്‍ഹിയുടെ കാരണവരായിരുന്നു ഓംചേരി. 102 വയസിലേയ്ക്ക് കടക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ 2024 നവംബര്‍ 22ന് ഓംചേരി എന്‍. എന്‍. പിള്ള അന്തരിച്ചു. അദ്ദേഹമില്ലാത്ത ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന 2025 നവംബര്‍ 22ന് ഓര്‍മ്മ പങ്കിടലിന് പ്രസക്തിയുണ്ട്.
ഓംചേരി പ്രായമായിട്ടും രാഷ്ട്രീയ വിശകലനം നടത്തുന്നതിന് സാക്ഷിയായ വ്യക്തിയാണ് ലേഖകന്‍. പല പ്രമുഖ രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തിന്‍റെ ഉപദേശവും, അഭിപ്രായങ്ങളും പല വിഷയങ്ങള്‍ക്കും തേടുമായിരുന്നു. പ്രവാസികളുടെ പിന്‍ തലമുറക്കാര്‍ മാത്യഭാഷയായ മലയാളം പഠിക്കണമെന്ന ആശയം നടപ്പിലാക്കിയ പ്രധാന വ്യക്തി ഓംചേരിയാണ്. മലയാളം മിഷന്‍ എന്നൊന്നിന് തുടക്കമിട്ടത് ഓംചേരിയാണ്. ആധുനിക നാടകത്തിനും, മൈക്രോ ഡ്രാമകള്‍ക്കും തുടക്കമിട്ടത് ഓംചേരിയാണ്. പത്ത് മിനിറ്റുള്ള നാടങ്ങളുടെ ഉത്സവം തെപ്സിസിന് തുടക്കമിട്ടതായിരിക്കും അദ്ദേഹത്തിന്‍റെ ഏറ്റവും ഒടുവിലത്തെ സംഭാവന. അവസാന കാലത്ത് പ്രാര്‍ത്ഥന, ഞാനും യേശുവും തുടങ്ങി ഒരു ഡസനോളം മൈക്രോ ഡ്രാമകള്‍ എഴുതി കാലത്തിനൊത്ത് സഞ്ചരിച്ചു. മനുഷ്യ ജീവിതം പൂര്‍ണ്ണമായും സാത്വികമാക്കിയ മഹാ വ്യക്തിത്വമായിരുന്നു ഓംചേരി എന്‍. എന്‍. പിള്ളയുടേത്. അതുകൊണ്ടുതന്നെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതങ്ങള്‍ക്കും ജാതിക്കും അതീതമായി അദ്ദേഹം ആദരിക്കപ്പെട്ടിട്ടുണ്ട്.
ഫാസിസ്റ്റിനെ കാണാന്‍പോയി ഹ്യൂമണിസ്റ്റിനെ കണ്ട അനുഭവം ഓംചേരി എന്‍. എന്‍. പിള്ള പലപ്പോഴും പറയുകയും, ആത്മകഥയായ ആകസ്മികത്തില്‍ എഴുതുകയും ചെയ്തു. ഓംചേരിയുടെ ഭാര്യ ലീലാ ഓംചേരിയുടെ സഹോദരനാണ് ഗായകന്‍ കമുകറ പുരുഷോത്തമന്‍. അദ്ദേഹം പാടിയ 'ആത്മവിദ്യാലയം...' മലയാളത്തിലെ അനശ്വരഗാനമാണ്. എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് പാടിയ ആ ഗാനം കമുകറ എന്ന ഗായകനെ അനശ്വരനാക്കി. കമുകറയുടെ ശബ്ദവും ആലാപനസൗന്ദര്യവും തിരുനൈനാര്‍ കുറിച്ചി എഴുതിയ ആ ഗാനത്തെയും അനശ്വരമാക്കി. അദ്ദേഹത്തിന്‍റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഒരു ഫൗഡേഷന്‍ രൂപം കൊണ്ടിട്ടുണ്ട്. കമുകറയുടെ ഓര്‍മ്മദിനത്തില്‍ ഒരു സംഗീതപരിപാടിയും കമുകറ സ്മാരക അവാര്‍ഡും അവര്‍ എല്ലാ വര്‍ഷവും ഒരുക്കാറുണ്ട്. തിരുവനന്തപുരത്തെ ഏറ്റവും നല്ല ഒരു ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തുക. 2010-ല്‍ ഒരു പ്രതിസന്ധിയുണ്ടായി. പതിവുള്ള ഓഡിറ്റോറിയം നേരത്തേ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. അന്വേഷിച്ചു ചെന്നപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഏ.കെ.ജി. ഹാള്‍ മാത്രമേ ഒഴിവുള്ളൂ.
അതു കൊടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്കു മാത്രമേ അധികാരമുള്ളൂ. കമുകറ ഫൗണ്ടേഷന്‍കാര്‍ രക്ഷാധികാരികൂടിയായ ഓംചേരിയെ വിളിച്ചു പറഞ്ഞു. ആ ഹാള്‍ കിട്ടിയില്ലെങ്കില്‍ പരിപാടി മുടങ്ങും. സി.പി.എം. സെക്രട്ടറി പിണറായി വിജയനാണ്. ഓംചേരി അന്ന് എം. എ. ബേബിയെ വിളിച്ചു കാര്യം പറഞ്ഞു. പിണറായിയോടു പറയാമോ എന്നു ചോദിച്ചു. "പിണറായിയോട് ഞാന്‍ ശുപാര്‍ശ ചെയ്യുന്നതു ശരിയല്ല. സാറുതന്നെ പിണറായിയെ കണ്ടു പറഞ്ഞാല്‍ മതി.' എന്നായിരുന്നു എം. എ. ബേബിയുടെ മറുപടി. 'മുരട്ട് സ്വഭാവക്കാരനാണെന്നു കേട്ടിട്ടുണ്ട്. ടെലിവിഷനിലൂടെ കാണുമ്പോഴെല്ലാം ആ ശരീരഭാഷയാണ്.' ഓംചേരി ആശങ്ക പങ്കുവെച്ചു. എം. എ. ബേബി പറഞ്ഞു: 'ധാരണ എപ്പോഴും ശരിയാകണമെന്നില്ലല്ലോ. സാറ് പോയി കാണണം.' അന്ന് ഡല്‍ഹിയിലുള്ള പിണറായി വിജയനെ കാണാന്‍ പോകുന്ന വഴിയില്‍ ഒരു പത്രത്തിലെ വാചകമേള ഓംചേരി വായിക്കാനിടയായി. വാചകമേള'യില്‍ പറഞ്ഞിരിക്കുന്നത് 'ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഫാസിസ്റ്റാണ് പിണറായി വിജയന്‍' എന്നാണ്. ഓംചേരി ഡല്‍ഹിയിലെ കേരള ഹൗസിലേക്ക് പോകുമ്പോള്‍ ബേബിയെ വിളിച്ച് വാചകമേളയിലെ വാക്കുകള്‍ അവതരിപ്പിച്ചു. ബേബി പറഞ്ഞു: 'ഫാസിസ്റ്റിനെ കണ്ടശേഷം സാറെന്നെ വിളിക്കണം.'
പിണറായി വിജയന്‍ അന്ന് പോളിറ്റ് ബ്യൂറോ മീറ്റിംഗിനായി ഡല്‍ഹിയില്‍ വന്നതാണ്. കേരള ഹൗസ് റിസപ്ഷനിലെത്തിയ ഓംചേരി റിസപ്ഷനിലുള്ളവരോട് 'പിണറായിയെ ഒന്നു വിളിക്കണം. കാണണമെന്നു പറഞ്ഞു. ഫാസിസ്റ്റിനെ കാണുവാന്‍ പോകുന്ന ചിന്തയില്‍ ഓംചേരി മുറിയിലേക്കു ചെന്നു. പിണറായി വാതില്‍ തുറന്നു. പാതിവിരിഞ്ഞ പുഞ്ചിരിയോടെ പിണറായി ഓംചേരിയെ സ്വീകരിച്ചു. 'നേരിട്ടു പരിചയമില്ലാതെ ഇങ്ങനെയൊരു സ്വാതന്ത്ര്യമെടുക്കേണ്ടി വന്നതില്‍ വിഷമമുണ്ട്.' ആമുഖമായി ഓംചേരി പറഞ്ഞു. "സാറിനല്ലേ പരിചയക്കുറവ്. എനിക്കു നല്ല പരിചയമുണ്ട്. ഇരിക്കൂ.' വളരെക്കാലത്തെ പരിചയവും സ്നേഹാദരങ്ങളും ഉണ്ടെന്ന പോലെയാണ് പിണറായി സംസാരിച്ചതെന്ന് ഓംചേരി എഴുതിയിട്ടുണ്ട്. പിന്നീടങ്ങോട്ട് വളരെ സൗഹ്യദപൂര്‍ണ്ണമായ പെരുമാറ്റം. തിരുവനന്തപുരത്ത് കമുകറ ഫൗണ്ടേഷന്‍ എന്നൊന്നുണ്ടെന്നും, ഗായകന്‍ കമുകറയുടെ പേരില്‍ ഒരു സംഗീത പരിപാടിയും ഒരു ഗായകന് അവാര്‍ഡും നല്‍കാന്‍ ഏ.കെ.ജി. ഭവനിലുള്ള ഹാളില്‍ നടത്തണമെന്നുണ്ടെന്നും അറിയിച്ചു. സംഘാടകരോട് ഒരപേക്ഷ തരണമെന്ന് പറഞ്ഞ പിണറായി, അക്കാല്ലം എ.കെ.ജി. ഹാള്‍ അനുവദിച്ചതായി ഓചേരി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഫാസിസ്റ്റിനെ കാണാന്‍ പോയി ഹ്യൂമണിസ്റ്റിനെ കണ്ട ഓചേരിയുടെ അനുഭവ സാക്ഷ്യം പിന്നീട് പലരും പല വേദികളിലും പറഞ്ഞിട്ടുണ്ട്.
ഓംചേരിയുടെ ഭാര്യ ലീലയുടെ അനുജനായിരുന്നു കമുകറ പുരുഷോത്തമന്‍. തിരുവനന്തപുരത്ത് ഓംചേരി പഠിച്ചിരുന്നപ്പോള്‍ ലീലാ ഭായുമായി പ്രണയമായി. അത് അപവാദം പോലെ ഒരു സംസാരവിഷയമായിരുന്നപ്പോള്‍, സഹോദരന്‍ പുരുഷോത്തമന്‍ ഓംചേരിയുടെ ജൂനിയറായി കോളജില്‍ പഠിക്കുന്നുണ്ട്. മിക്കവാറും ഒ.എന്‍.വി.യും, പിന്നീട് എം.ജി. കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായ ഗോപിയും (ഡോ. ഗോപിനാഥന്‍നായര്‍) പുരുഷോത്തമനും ഒരുമിച്ചു നടക്കുന്നത് ഓംചേരി കാണാറുണ്ടായിരുന്നു. ഓംചേരി ലീലാ ഭായ് പ്രണയവാര്‍ത്ത കലശലായി നടന്നിരുന്നപ്പോഴും സഹോദരനായ പുരുഷോത്തമന്‍റെ മുഖത്ത് യാതൊരു ഭാവഭേദവുമുണ്ടായിരുന്നില്ല. ലീലാ ഭായുടെ വീട്ടില്‍ എതിര്‍പ്പിന്‍റെ കൊടുങ്കാറ്റ് വീശിയിരുന്നപ്പോഴും സൗമ്യനും ശാന്തനുമായിരുന്ന പുരുഷോത്തമന്‍റെ മുഖത്ത് അതൊന്നും നിഴലിച്ചിരുന്നില്ല. ഏതൊരു സഹോദരനും പ്രതികരിച്ചുപോകുമായിരുന്ന ആ ചുറ്റുപാടില്‍ ഒരിക്കല്‍പ്പോലും അപ്രിയം കാണിക്കാതെ പ്രണയത്തിന് പിന്തുണച്ചതിന്‍റെ ഉപകാരസ്മരണ കൂടിയായിരിക്കണം പിണറായോടുള്ള ശുപാര്‍ശ.
നൂറ് വയസ് വരെ ദാമ്പത്യം തുടര്‍ന്ന ഓംചേരി എന്‍. എന്‍. പിള്ളയുടേയും, ലീലാ ഓംചേരിയുടെയും ദാമ്പത്യത്തിന് 75 വര്‍ഷത്തെ ദൈര്‍ഘ്യമുണ്ടായിരുന്നു. 2023 നവംബര്‍ ഒന്നിനായിരുന്നു ലീല ഓംചേരി മരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് കോവിഡ് കാലം വരെ ഓംചേരി ഡല്‍ഹിയിലെ പൊതുചടങ്ങുകളിലെല്ലാം പങ്കെടുക്കുമായിരുന്നു. 2023 ഫെബ്രുവരിയില്‍ 100 ാം ജന്‍മദിന ആഘോഷത്തില്‍ ലീലാ ഓംചേരിയും പങ്കെടുത്തിരുന്നു. കോവിഡിന് ശേഷം വളരെ കരുതലയുടെ ആയിരുന്നു ഓംചേിരിയുടെയും ലീലാ ഓംചേരിയുടെയും ജീവിതം. രാവിലെ കുളിച്ചു ഒരുങ്ങി വീടിന്‍റെ സ്വീകരണ മുറിയില്‍ ഇരുവരും ഇരിക്കും. ലീല ഓംചേരി തന്‍റെ ഓര്‍മ്മകളില്‍ നിന്ന് പാട്ടുകള്‍ പാടും. കവിതകള്‍ ചൊല്ലും. അതിനു താളം പിടിച്ച് ഓംചേരി മാഷും. എന്നും അതിഥികളുണ്ടാകും. ആര് വന്നാലും അവര്‍ക്ക് ദോശയും സാമ്പാറും കൊടുക്കുക എന്നത് ലീലാ ഓംചേരിയുടേയും ഓംചേരിയുടേയും പതിവായിരുന്നു. ഓരോ ദിവസവും എത്ര ദോശ ഉണ്ടാക്കിയിട്ടുണ്ടാകും. ഇവരുടെ പ്രണയകാലത്ത് ഓംചേരി എഴുതിയ കവിതകള്‍ ഓര്‍ത്തെടുത്ത് ലീലാ ഓംചേരി ലേഖകനുവേണ്ടി പാടിയത് ഓര്‍ക്കുന്നു. ആര്‍ക്കും അസൂയ ഉണ്ടാകുന്ന ഇരുവരുടേയും പ്രണയം അവസാന കാലംവരെ തുടര്‍ന്നിരുന്നു.
60 താം വയസില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പിരിഞ്ഞതിന്‍റെ പിറ്റേന്ന് ഡല്‍ഹിയിലെ ഭാരതീയ വിദ്യാഭവനില്‍ ജോലിക്ക് കയറിയ വ്യക്തിയാണ് ഓംചേരി. 96ാം വയസില്‍ അവിടെ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. കര്‍മ്മ നിരതനായിരുന്നു ഓംചേരി എന്‍ എന്‍ പിള്ള. മരണത്തിന് ഏതാനും ദിവസം മുന്‍പ് വരെ ഓംചേരിയുടെ ഓര്‍മ്മകള്‍ക്ക് ഒരു മങ്ങലും ഏറ്റിരുന്നില്ല. ദിവസവും പത്രം വായിക്കും, ടിവിയില്‍ വാര്‍ത്തകള്‍ കാണും. വര്‍ത്തമാനകാല വിവരങ്ങള്‍ എല്ലാം അദ്ദേഹത്തിന് അറിയാം. വായിക്കുവാനും പറയുന്നത് കേള്‍ക്കുവാനും സാങ്കേതിക വിദ്യയുടെ സഹായം ഇല്ലാതെ സാധിക്കുന്നു എന്നുള്ളത് ഭാഗ്യം തന്നെയാണെന്ന് അദ്ദേഹം തന്നെ പറയുമായിരുന്നു. എപ്പോഴും പുസ്തകം വായിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. അതിന് അദ്ദേഹം പറയുന്ന മറുപടിയും രസകരം തന്നെയായിരുന്നു. മരിച്ചു മുകളിലെത്തുമ്പോള്‍ ദൈവം ചോദിക്കും ഇത്ര വയസ്സ് വരെയൊക്കെ നിന്നെ ഞാന്‍ ഭൂമിയില്‍ നിര്‍ത്തിയിട്ട് നീ ഇന്ന പുസ്തകം വായിച്ചോ എന്ന് ചോദിച്ചാല്‍... വായിച്ചില്ല എന്ന് പറഞ്ഞാല്‍ മോശമാകില്ലേ...? അതുകൊണ്ട് മരിക്കുവോളം വായിക്കും. വായിച്ച് വായിച്ച് അറിവുകള്‍ സമ്പാദിക്കുക എന്നുള്ളത് ഒരു യജ്ഞമായി തന്നെ എടുത്തിരിക്കുകയാണ്. കുഞ്ഞുന്നാളില്‍ തുടങ്ങിയ ശീലമാണ് വായന. സ്വന്തം പുസ്തകവും കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളും ബാസന്‍റെ നാടകങ്ങളും എന്നു വേണ്ട പഴയതും പുതിയതുമായ രചനകള്‍ ഒക്കെ അദ്ദേഹം ദിവസവും വായിക്കാറുണ്ടായിരുന്നു. വായിച്ചാലും വായിച്ചാലും മതിവരില്ല എന്നാണ് ഓംചേരി പറയാറുണ്ടായിരുന്നത്. അദ്ദേഹത്തിന് മരണാനന്തരവും ഇന്നും ജനങ്ങളുടെ ആദരവ് ലഭിച്ചു കൊണ്ടിരിക്കുന്നു. പ്രവാസ ലോകത്തെ മഹാത്മാവായി മലയാളികള്‍ പരിഗണിക്കുന്നതും അതുകൊണ്ടു തന്നെയാണ്.
