ഈ മേള: രാജ്യത്തിന്‍റെ വികസന കണ്ണാടി
വിജയ് ചൗക്ക്
സുധീര്‍ നാഥ്
ഐ.ഐ.ടി.എഫ്. എന്നാല്‍ ഇന്ത്യ ഇന്‍റര്‍നാഷണല്‍ ടേഡ്ര് ഫെയര്‍ എന്നാണ്. ഡല്‍ഹിയില്‍ എല്ലാ വര്‍ഷവും നടക്കുന്ന വ്യാപാരമേളയാണ് ഇത്. ഇന്ത്യന്‍ അന്താരാഷ്ട്ര വ്യാപാരമേളയുടെ 44 ാം പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യ ഇന്‍റര്‍നാഷണല്‍ ട്രയിഡ് ഫെയര്‍ എന്നാണ് പേരെങ്കിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ സംസ്ഥാനത്തിനും വ്യവസായ വാണിജ്യരംഗത്തെ പുരോഗതി പ്രദര്‍ശിപ്പിക്കുന്ന ഒരു വേദി കൂടിയാണ് ഇവിടെ. ഇവിടെ വന്നു കഴിഞ്ഞാല്‍ നമ്മുടെ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും നടന്ന വികസനങ്ങളുടെ ഒരു രൂപരേഖ ഒരു സന്ദര്‍ശകന് ലഭിക്കുന്നു. എല്ലാ സംസ്ഥാനങ്ങളും അവരവരുടെ സംസ്ഥാനത്തെ പ്രധാന വികസനങ്ങളും, പ്രധാന വിപണന ഉത്പന്നങ്ങളും ഇവിടെ ഒരുന്ന സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇത് അതാത് സംസ്ഥാനത്തിന്‍റെ വികസനത്തിന്‍റെ നേര്‍ക്കാഴ്ചയാണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കൂടാതെ വിവിധ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പെതുമേഖലാ സ്ഥാപനങ്ങളുടെ പ്രദര്‍ശനവും ഇവിടെ കാണാം. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെയും ഷോറൂമുകള്‍ ഈ മേളയില്‍ താല്‍ക്കാലികമായി ഒരുക്കിയിരിക്കുന്നു എന്നുള്ളത് വിശേഷപ്പെട്ട ഒന്നാണ്. എല്ലാ ബ്രാന്‍ഡുകളുടെയും ഒറിജിനലുകള്‍ തന്നെ മേളയില്‍ നിന്ന് സ്വന്തമാക്കാം എന്നുള്ളത് വലിയ ആകര്‍ഷണമാണ്. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ വിലകുറച്ച് ഈ മേളയില്‍ ലഭിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യവുമാണ്. രാജ്യത്തെ പ്രധാന വിദേശ രാജ്യങ്ങളും ഈ പ്രദര്‍ശനത്തിന്‍റെ ഭാഗമായി എത്തുന്നതോടെ ഒരു വലിയ മേളയായി തന്നെ ഇതു മാറുന്നു. കേവലം ഒരു ദിവസം കൊണ്ട് മേള മുഴുവനും കണ്ടുതീര്‍ക്കാന്‍ ആകുന്നില്ല എന്ന് പറയുമ്പോള്‍ അതിന്‍റെ വ്യാപ്തി മനസ്സിലാക്കാവുന്നതേയുള്ളൂ.
ഇന്ത്യ ഇന്‍റര്‍നാഷണല്‍ ടേഡ്ര് ഫെയര്‍ എന്നത് രാജ്യാന്തര പ്രശസ്തമായി കഴിഞ്ഞു. ലോകോത്തര നിലവാരമുള്ള പ്രദര്‍ശന കേന്ദ്രത്തിലാണ് അത് ഇപ്പോള്‍ നടക്കുന്നത് എന്നത് വിശേഷപ്പെട്ടത് തന്നെ. ആദ്യമായി 1980ല്‍ ആരംഭിച്ചതു മുതല്‍, ഇന്ത്യാ ഇന്‍റര്‍നാഷണല്‍ ട്രേഡ് ഫെയര്‍, ബിസിനസ് സമൂഹത്തിന് ഒരു പ്രധാന പരിപാടിയായി പരിണമിച്ചു. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ നോഡല്‍ ട്രേഡ് പ്രൊമോഷന്‍ ഏജന്‍സിയായ ഇന്ത്യാ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന ഒരു പ്രധാന പരിപാടിയാണിത്. എല്ലാ വര്‍ഷവും നവംബര്‍ 14 നും 27 നും ഇടയില്‍ ഇന്ത്യയിലെ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്താണ് ഈ പരിപാടി നടക്കുന്നത്. പ്രഗതി മൈതാനം ഇപ്പോള്‍ ഭാരതമണ്ഡപമായി മാറിയിരിക്കുന്നു. ലോക വ്യാപാര സമൂഹം ഇപ്പോള്‍ ഇതിനെ സൂക്ഷ്മതയോടെ നോക്കുന്നതിന് പല കാരണങ്ങളുണ്ട്. അത്യാതുനിക സൗകര്യങ്ങളോടെ വ്യാപാര മേളാ കേന്ദ്രമാണ് ഇപ്പോഴത്തേത്.
വ്യാപാരമേള സന്ദര്‍ശിക്കുന്ന ഒരു വ്യക്തി രാജ്യം മുഴുവനും ഒരിടത്ത് കണ്ടു എന്ന അവകാശവാദം ഉന്നയിച്ചാല്‍ കുറ്റം പറയുവാന്‍ പറ്റില്ല. വ്യാപാരമേള സന്ദര്‍ശിക്കുന്നത് ടൂറിസം തന്നെയാണെന്ന് പറയുവാന്‍ സാധിക്കും. കാരണം മേളയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനും മേള കാണുന്നതിനും ആയി അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും ജനങ്ങള്‍ എത്തുന്നുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. പ്രാദേശിക ടൂറിസത്തിന് ഇത്രയേറെ ആകര്‍ഷണമുള്ള ഒരു പരിപാടി രാജ്യത്ത് ഇല്ല എന്നുവേണം കരുത്തുവാന്‍.
യാത്ര ചെയ്തു ഡല്‍ഹിയിലെത്തി വ്യത്യസ്തങ്ങളായ ഉല്‍പ്പന്നങ്ങള്‍ വാങ്ങുക എന്നുള്ളത് ഏതൊരു ടൂറിസ്റ്റുകള്‍ക്കും താല്പര്യമുള്ള ഒരു വിഷയമാണല്ലോ. അത്തരത്തില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ പോയതുപോലെ, അതാത് സംസ്ഥാനങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ പ്രകൃതി മൈതാനില്‍ നടക്കുന്ന ട്രേഡ് ഫെയറില്‍ നിന്ന് വാങ്ങുവാന്‍ സാധിക്കും. അതിനായി പ്രസ്തുത സംസ്ഥാനത്തിലേക്ക് പോകേണ്ട ആവശ്യം ഇല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. മറ്റൊന്ന് അതാത് സംസ്ഥാനങ്ങളിലെ പവനിയില്‍ നിന്ന് ഒരുല്‍പ്പന്നം വാങ്ങുകയാണെങ്കില്‍ അത് വാങ്ങുന്ന ആള്‍ കബളിപ്പിക്കപെടുന്നില്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയുവാന്‍ സാധിക്കും. കാരണം അതാത് സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലാണ് അതാത് സ്റ്റോളുകളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.
അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്‍റെ പവലിയന്‍ ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. നാലാം നമ്പര്‍ ഹാളിലാണ് 299 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കേരള പവലിയന്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പവലിയന്‍റെ മേല്‍നോട്ടം വഹിക്കുന്നത്. സാംസ്കാരിക വകുപ്പ്, കേരള ബാംബൂ മിഷന്‍, കയര്‍ വികസന വകുപ്പ്, ഹാന്‍റ് ലൂം ആന്‍ഡ് ടെക്സ്റ്റയില്‍സ്, കോ-ഓപ്പറേറ്റീവ് വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്, മത്സ്യഫെഡ്, വ്യവസായ-വാണിജ്യ വകുപ്പ്, നോര്‍ക്ക, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കുടുംബശ്രീ, ഹാന്‍ടെക്സ്, കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, ഫിഷറീസ് (സാഫ്), അതിരപ്പള്ളി ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി, കാര്‍ഷിക വികസന -കര്‍ഷക ക്ഷേമ വകുപ്പ്, കേരഫെഡ്, പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ്, ഹാന്‍ഡി ക്രാഫ്റ്റ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കൈരളി), ഹാന്‍വീവ്, തദ്ദേശ സ്വയംഭരണവകുപ്പ്, ഔഷധി, വിനോദസഞ്ചാര വകുപ്പ് എന്നിവയാണ് അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരള പവലിയനില്‍ സ്റ്റാളുകള്‍ ഒരുക്കിയിരുന്നത്.
മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ചെറിയ ഇടങ്ങളില്‍ പ്രദര്‍ശനം നടത്തുക എന്നത് വലിയ മാറ്റമായി കാണേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ വളര്‍ന്നതിന്‍റെ വെളിച്ചത്തില്‍ വികസനങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ചെറിയ ഇടത്തില്‍ സാധിക്കുന്നു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. മുന്‍പ് കേരളത്തിനുള്‍പ്പടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വലിയ പ്രദേശം തന്നെ കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനത്തിനായി നല്‍കിയിരുന്നു. ഇന്ന് അതിന്‍റെ ചെറിയ ഭാഗം മാത്രമാണ് കേരളം പ്രദര്‍ശനത്തിനായി വാടകയ്ക്ക് എടുത്തിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ പ്രദര്‍ശിപ്പിച്ച വികസന രേഖകളേക്കാള്‍ അധികം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ചെറിയ ഇടത്ത് സാധിക്കുന്നു എന്നുള്ളത് സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ് കാണിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും അതാത് സംസ്ഥാനത്തിന്‍റെ സാംസ്കാരിക കലാപ്രകടനം നടത്തുന്നതിനുള്ള അവസരവും പ്രകൃതി മൈതാനിയിലെ മേളയില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടു വലിയ ഓപ്പണ്‍ എയര്‍ ആംഫി തീയേറ്ററുകള്‍ ഭാരത് മണ്ഡപത്തിലെ പ്രദര്‍ശന നഗരിയിലുണ്ട്. ഓരോ സംസ്ഥാനങ്ങളും നവംബര്‍ 27 വരെയുള്ള ദിവസങ്ങളില്‍ വ്യത്യസ്തങ്ങളായ കലാ പ്രകടനങ്ങളും മേളയുടെ ഭാഗമായി ഒരുക്കുന്നു. ഓരോ സംസ്ഥാനങ്ങളും വ്യത്യസ്ത കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നത് കാണുവാനുള്ള അപൂര്‍വ്വ അവസരമാണ് ജനങ്ങള്‍ക്ക് പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന മേളയില്‍ ലഭിക്കുന്നത്.
ഓരോ സംസ്ഥാനത്തിന്‍റെ പവലിയനില്‍ ചെന്നാല്‍ അതാത് സംസ്ഥാനത്തിന്‍റെ കലാരൂപങ്ങളുടെ നേരിട്ടുള്ള ദൃശ്യാവിഷ്കാരം വേറിട്ടുള്ള അനുഭവമാണ്. കേരളത്തിന്‍റെ പവലിയനില്‍ നമ്മള്‍ ചെല്ലുമ്പോള്‍ പൂമുഖത്തു തന്നെ ഒരുക്കിയിരിക്കുന്ന കേരള മാതൃകയിലുള്ള നടുമുറ്റത്ത് ചിലപ്പോള്‍ മോഹിനിയാട്ടവും കഥകളിയും ഓടകുഴല്‍ സംഗീതവും മറ്റ് കലാരൂപങ്ങളും നേരിട്ടു കാണുവാന്‍ സാധിക്കും. സമാനമായ രീതിയിലാണ് മറ്റ് സംസ്ഥാനങ്ങളുടെ പവലിയനില്‍ കേറി ചെല്ലുമ്പോള്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത്.
സാംസ്കാരിക കലാ രംഗത്തുള്ള പരിപാടികള്‍ കൂടാതെ ഓരോ സംസ്ഥാനത്തിന്‍റെ രുചികളറിയുവാന്‍ പ്രഗതി മൈതാനില്‍ നടക്കുന്ന അന്തര്‍ദേശീയ വ്യാപാരമേളയില്‍ അവസരമുണ്ട്. ഓരോ സംസ്ഥാനങ്ങളും അവരുടെ രുചി വിഭവം ജനങ്ങള്‍ക്ക് നല്‍കുന്നതിന് ഫുഡ് കോട്ടില്‍ സ്റ്റോളുകള്‍ തയ്യാറായിരിക്കുന്നു. കേരളത്തിനുവേണ്ടി കുടുംബശ്രീയാണ് ഫുഡ് കോര്‍ട്ടില്‍ സ്റ്റാളുകള്‍ നടത്തുന്നത്. രുചികരമായ കേരള വിഭവങ്ങള്‍ ജനങ്ങള്‍ക്ക് അവിടെ ലഭിക്കും. ഇത്തരത്തില്‍ ഓരോ സംസ്ഥാനത്തിന്‍റെ രുചി അറിയുവാനുള്ള ഒരു അവസരം കൂടിയാണ് മേളയിലെ ഫുഡ് കോട്ടുകള്‍.
