പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
നവംബര്‍ 15
പ്രശാന്ത് കൊടോളിപ്പുറത്തിന്‍റെ ചിത്രപ്രദര്‍ശനം
പ്രശസ്ത ചിത്രകാരനും ചിത്രകലാ അധ്യാപകനുമായ പ്രശാന്ത് കൊടോളിപുറത്തിന്‍റെ ചിത്രങ്ങളുടെ പ്രദര്‍ശനം ഡല്‍ഹിയിലെ മണ്ഡി ഹൗസിലുള്ള കേന്ദ്ര ലളിത കലാ അക്കാദമി ഗ്യാലറിയില്‍ നടന്നു. അനന്തം വിനായകം എന്ന് പേരിട്ടിരിക്കുന്ന ചിത്ര പ്രദര്‍ശനത്തില്‍ ഗണപതി ചിത്രങ്ങളാണ് കൂടുതലായി ഉള്‍പ്പെടുത്തിയിരുന്നത്. ഗണപതിയുടെ വ്യത്യസ്ത ഭാവങ്ങളോടൊപ്പം പ്രദര്‍ശിപ്പിച്ച കഥകളി ചിത്രങ്ങളും മറ്റും കേരളത്തിന്‍റെ സാംസ്കാരിക ഇടങ്ങള്‍ ഓര്‍മ്മപ്പെുടുത്തുന്നതായിരുന്നു. ലളിത കലാ അക്കാദമി ഗ്യാലറിയിലെ പ്രശാന്തിന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഗ്യാലറിയില്‍ ചെന്ന് അവിടുത്ത ചിത്രങ്ങള്‍ കണ്ടാല്‍ തന്നെ മലയാളക്കര ഓര്‍ത്തുപോകുന്നത് ഓരോ ചിത്രങ്ങളിലേയും കേരള സംസ്ക്കാരത്തിന്‍റെ സാനിധ്യമാണ്. ചിത്രങ്ങള്‍ മാത്രമല്ല, ശില്‍പ്പങ്ങളും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. പ്രദര്‍ശനം ഡല്‍ഹി റുക്കി ആര്‍ട്ട് ഗ്യാലറി ഡയറക്ടര്‍ രുക്മിണി ചാറ്റര്‍ജി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍. അശോകന്‍, എയ്മ ദേശിയ പ്രസിഡന്‍റ് ബാബു പണിക്കര്‍, കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍പേഴ്സണ്‍ സുധീര്‍നാഥ്, മുതിര്‍ന്ന ചിത്രകാരനായ രാജേഷ് ശര്‍മ, പ്രശസ്ത ശില്‍പിയായ സുരേഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു. നവംബര്‍ 6 മുതല്‍ 12 വരെയാണ് പ്രദര്‍ശനം നടക്കുക. കേരള ലളിത കലാ അക്കാദമി അവാര്‍ഡ് ജേതാവായ പ്രശാന്ത് കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗമാണ്.
ജനം ടി.വി. മാനേജ്മെന്‍റിന്‍റെ ശ്രദ്ധയ്ക്ക്
സമീപ കാലത്ത് ജനം ടി.വി. ഒട്ടേറെ പരിപാടകള്‍ ഡല്‍ഹിയില്‍ നടത്തിയിരുന്നു. അതാണ് ഇപ്പോള്‍ രാജ്യതലസ്ഥാനത്ത് വലിയ ചര്‍ച്ചയും വിവാദവുമായിരിക്കുന്നത്. കേരളത്തില്‍ സര്‍ക്കാരിന്‍റെ പിന്തുണയില്‍ പമ്പാതീരത്ത് നടന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദലായി രാജ്യതലസ്ഥാനത്ത് ആര്‍.കെ പുരം അയ്യപ്പ ക്ഷേത്ര സന്നിധിയില്‍ അയ്യപ്പ സംഗമം നടത്തിയിരുന്നു. പരിപാടി നടത്തിയത് ജനം ടി.വിയാണെന്ന അവകാശവാദത്തോടെ അതിന്‍റെ കണക്കുകള്‍ ഡല്‍ഹിയിലെ ജനം ടി.വി. ഭാരവാഹികള്‍ പുറത്ത് വിട്ടതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. 174450 രൂപ പരിപാടി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ജനം ടിവിയുടെ അക്കൗണ്ടില്‍ നിന്ന് കൊടുത്ത് തീര്‍ത്തതാണ് എന്ന അവകാശവാദവും പന്തല്‍ പണിതതിന്‍റെ 14000 രൂപ മാത്രമാണ് കൊടുക്കുവാനുള്ളത് എന്ന കംക്കാണ് പുറത്ത് വിട്ടത്. ജനം ടി. വി ഒരു രൂപപോലും ചിലവാക്കാതെ അവകാശം ഉന്നയിക്കുന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ കൊണ്ടുവരാന്‍ 17 ബസുകള്‍ ഓടിച്ചതിന്‍റെ ചിലവില്‍ ഒരു വണ്ടിക്ക് 7000 രൂപ കണക്കില്‍ ഒരു ലക്ഷത്തി പത്തൊന്‍പതിനായിരം രൂപ ജനം ടി.വി. തരാനുണ്ട് എന്ന് ബാബു പണിക്കര്‍ പറയുന്നു. അന്ന് ഒത്തുകൂടിയ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കിയ വകയിലും ക്ഷേത്രവും പരിസരവും അലങ്കരിച്ച വകയിലും രണ്ട് ലക്ഷത്തോളം തുക ക്ഷേത്ര കമ്മറ്റി ചിലവഴിച്ചതായി ക്ഷേത്രഭാരവാഹികള്‍ പറയുന്നുണ്ടത്ര. ബാക്ക് ഡ്രോപ്പും ഹോഡിങ്ങുകളും സ്റ്റേജും മറ്റും ഒരുക്കിയത് ബീനാ ബാബുറാമിന്‍റെ പവലിയന്‍ & ഇന്‍റീരിയര്‍ ആയിരുന്നു. ക്യാമറ വാടകയ്ക്ക് എടുത്തതിനും മറ്റും പണം വാങ്ങിയിട്ടുണ്ടത്ര. ഇതൊന്നും കണക്കിലില്ല. പരിപാടിയുടെ പേരില്‍ വ്യാപക പിരിവ് നടന്നതായി ആേ?പവുമുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയുടെ വീട്ടില്‍ ജനം ടി. വി നടത്തിയ ഓണാഘാഷത്തിന്‍റേയും ഓണസദ്യയുടെയും ചിലവ് കൂടി ഇതിന്‍റെ തുടര്‍ച്ചയായി ചര്‍യായിട്ടുണ്ട്. അന്ന് അവിടെ നടന്ന ചെണ്ടമേളം, കഥകളി, സദ്യ, എന്നിവയ്ക്ക് ചിലവായതിന്‍റെ പണം ജനം ടി.വില്ല അടച്ചത് എന്നാണ് അറിയുന്നത്. ഹിന്ദു വികാരം മുതലെടുത്ത് ചില സ്വകാര്യ വ്യക്തികളെ കൊണ്ടാണ് ജനം ടി.വിയുടെ ഡല്‍ഹി ഘടകം ചിലവ് വഹിപ്പിച്ചത്. പരിപാടി ജനം ടി വി. സംഘടിപ്പിച്ചതാണെന്ന് വ്യാപക പ്രചരണം നടത്തി. ഇതിന് പുറമേ ജനം ടി. വി. ഡല്‍ഹി ബ്യൂറോയിലെ ഒരംഗം ക്യാമറയും ക്രയ്നും ലൈറ്റും വാടകയ്ക്ക് എടുക്കാന്‍ ഒരു ലക്ഷം രൂപ പണമായി ഒരു വ്യക്തിയോട് വാങ്ങി. പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എച്ച.ആര്‍.ഡി.എസില്‍ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങിയത് ജനം ടി.വി. പുറത്ത് വിട്ട കണക്കിലില്ലെന്ന ആക്ഷേപവും ചര്‍ച്ചയാണ്. ഇത് കൂടാതെ പലരും ജനം ടി. വിയുടെ ഡല്‍ഹി പ്രതിനിധികള്‍ക്ക് പണം നല്‍കിയതായി പറയുന്നുണ്ട്. മയൂര്‍ വിഹാര്‍ ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നടന്ന സഹസ്രകോടി അര്‍ച്ചന ജനം ടി.വിയില്‍ കാണിക്കുവാന്‍ അഞ്ചര ലക്ഷം രൂപ വാങ്ങിയെന്നും സംസാരമുണ്ട്. ഹിന്ദു വികാരം പണമാക്കി മാറ്റി ഡല്‍ഹിയില്‍ ചിലര്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായ ആരോപണം ഗൗരവമുള്ളതാണ്. ജനം ടി. വിക്ക് വേണ്ടി വാങ്ങിയ പണം എല്ലാവര്‍ക്കും തിരിച്ച് നല്‍കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. ഡല്‍ഹിയില്‍ നടന്ന വിവിധ ഹിന്ദു പരിപാടികളുടെ പിതൃത്വം ജനം ടി. വി. ഏറ്റെടുക്കുന്ന കാഴ്ച്ച ആശങ്ക ഉണ്ടാക്കുന്നു എന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പരക്കുന്ന കുറിപ്പില്‍ പറയുന്നുണ്ട്. പ്രശസ്ത കഥാകൃത്ത് വൈക്കം മുഹമ്മദ് ബഷീറിന്‍റെ അതി പ്രശസ്തമായ ഒരു കഥയാണ് എട്ടുകാലി മമ്മൂഞ്ഞ്. എട്ടുകാലി മമ്മൂഞ്ഞിന്‍റെ കഥ ഈ അവസരത്തില്‍ ആര്‍ക്കെങ്കിലും ഓര്‍മ്മ വന്നെങ്കില്‍ യാഥര്‍ശ്ചികം മാത്രം എന്നാണ് പണം മുടക്കിയവരില്‍ ഒരാളായ ബാബു പണിക്കര്‍ എഴുതിയ ഒരു കുറിപ്പിലുള്ളത്.
ഡല്‍ഹിയില്‍ സംഘടനകളുടെ കലാമത്സരം
ഡല്‍ഹിയിലെ പ്രശസ്തമായ രണ്ട് സംഘടനകളാണ് ജനസംസ്ക്യതിയും ഡല്‍ഹി മലയാളി അസോസിയഷനും. ജനസംസ്കൃതി സര്‍ഗോത്സവം എന്ന പേരില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി എല്ലാ നവംബര്‍ രണ്ടാം ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും വലിയ ആഘോഷം സംഘടിപ്പിക്കുന്നു. ഇത്തവണ നവംബര്‍ മാസം രണ്ടാം ശനിയാഴ്ച്ചയും ഞായറാഴ്ച്ചയുംമായ 8,9 തിയതികളില്‍ കാനിങ് റോഡ് കേരള സ്കൂളില്‍ (പ്രഫ. ഓംചേരി എന്‍.എന്‍. പിള്ള നഗര്‍) സര്‍ഗോത്സവം നടന്നു. എന്നാല്‍ ഇതേ ദിവസം തന്നെ ഡല്‍ഹി മലയാളി അസോസിയേഷന്‍റെ 'കലോത്സവം2025' വികാസ്പുരി കേരള സ്കൂളില്‍ നടന്നു. ഡല്‍ഹിയിലെ പ്രമുഖ സംഘടനകളായ ജനസംസ്ക്യതിയും ഡല്‍ഹി മലയാളി അസോസിയഷനും കലാമത്സരങ്ങള്‍ ഒരേ ദിവസം നടത്തിയത് വലിയ വിമര്‍ശനത്തിന് ഇടയാകുകയും ഉണ്ടായി. കുട്ടികളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന നടപടിയാണ് ഡല്‍ഹി മലയാളി അസോസിയഷന്‍ എടുത്തത് എന്നാണ് ആക്ഷേപം. രണ്ടിടത്ത് മത്സരിക്കുന്ന കുട്ടികള്‍ക്ക് നിരാശയുണ്ടാക്കി എന്നത് യാഥാര്‍ത്ഥ്യമാണ്. 20 വര്‍ഷമായി ഇതേ ദിവസം നടത്തുന്ന ജനസംസ്കൃതിയുടെ സര്‍ഗോത്സവത്തിന്‍റെ തിളക്കം കുറയ്ക്കുവാനാണ് അതേ ദിവസം തന്നെ ഡല്‍ഹിയിലെ മറ്റൊരിടത്ത് കലോത്സവം നടത്തിയതെന്ന സംസാരം വ്യാപകമായിരുന്നു. എന്തായാലും ജനസംസ്കൃതി സര്‍ഗോത്സവം മുന്‍ വര്‍ഷങ്ങളെക്കാള്‍ മികച്ച രീതിയില്‍ വലിയ പ്രവാസി ജനപങ്കാളിത്തത്തോടെ നടന്നു.
ജെ.എന്‍.യു വീണ്ടും ഇടത്പക്ഷത്ത്
ഡല്‍ഹിയിലെ രാജ്യാന്തര പ്രശസ്തമായ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ, ഐസ, ഡി.എസ്.എഫ് സംഘടനകളുള്‍പ്പെടുന്ന ഇടതുപക്ഷ വിദ്യാര്‍ഥി സഖ്യത്തിന് ഉജ്വല വിജയം ലഭിച്ചിരിക്കുന്നു. വര്‍ഗീയ ശക്തികളുമായി നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടമായിരുന്നു തിരഞ്ഞെടുപ്പില്‍. എബിവിപിയുടെ ആശയങ്ങളെ വിദ്യാര്‍ഥികള്‍ തോല്‍പിച്ചു. രാജ്യത്തെ ഏറ്റവും പ്രധാന സര്‍വകലാശാലയായ ജെ.എന്‍.യുവിനെ തകര്‍ക്കാന്‍ എ.ബി.വി.പിയുടെയും ആര്‍.എസ്.എസ് അനുകൂല സര്‍വകലാശാല അധികൃതരുടെയും ഭാഗത്തുനിന്നുണ്ടായ എല്ലാ ശ്രമങ്ങളെയും അതിജീവിച്ചാണ് ഇടതുപക്ഷ സഖ്യം വിജയം കൈവരിച്ചത്. കേന്ദ്ര പാനലിലെ എല്ലാ സീറ്റുകളും നേടി ഇടതുസഖ്യം വിജയമുറപ്പിച്ചു. കഴിഞ്ഞ വര്‍ഷം കൈവിട്ടുപോയ ജോയിന്‍റ് സെക്രട്ടറി സ്ഥാനം എബിവിപിയില്‍ നിന്നു തിരികെപ്പിടിച്ചതും ഇടതുകോട്ടയുടെ കരുത്തു വര്‍ധിപ്പിച്ചു. സര്‍വകലാശാലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസ് നീക്കത്തിന് ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ നല്‍കിയ മറുപടി യാണ് ഈ വിജയമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എബിവിപി മേല്‍ക്കൈ പുലര്‍ത്തിയ സ്കൂളുകളില്‍ പോലും ഇടതുപക്ഷ സഖ്യം വിജയിച്ചത് ഇതിന്‍റെ ഉദാഹരണമാണെന്നും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പി പാര്‍വതി പറഞ്ഞു. ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി യൂണിയന്‍ വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ കെ ഗോപിക ബാബു നേടിയത് വന്‍ ഭൂരിപക്ഷമാണ്. സമീപവര്‍ഷങ്ങളില്‍ ഒരു സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. ഇടതുപക്ഷ വിദ്യാര്‍ഥി സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച ഗോപിക മുഖ്യ എതിരാളി എ.ബി.വി.പിയുടെ തന്യ കുമാരി യെക്കാള്‍ 1,314 വോട്ടുകള്‍ നേടി. 3101 വോട്ടാണ് ഗോപിക ആകെ നേടിയത്. ജെഎന്‍യുവിലെ പ്രതിഷേധ-പ്രക്ഷോഭ പരിപാടികളിലെ സജീവ സാന്നിധ്യമാണ് ഗോപിക. 'സംവരണ വിരുദ്ധതയും മുസ്ലിം വിരുദ്ധതയും സ്ത്രീ വിരുദ്ധതയുമായിരുന്നു എ.ബി.വി.പിയുടെ പ്രചാരണത്തിന്‍റെ മുഖമുദ്ര. ഇതിനെതിരെ ശക്തമായി ചെറുക്കാന്‍ ഇടതുപക്ഷ സഖ്യത്തിന് സാധിച്ചു. എബിവിപിയുമായി നേരിട്ടായിരുന്നു വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കുള്ള മത്സരം." ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് കെ ഗോപിക ബാബു ബിരുദം പൂര്‍ത്തിയാക്കിയത്. ജെ.എന്‍.യുവില്‍ നിന്ന് എം.എ സോഷ്യോളജിയില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ഗോപിക നിലവില്‍ സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ലോ ആന്‍ഡ് ഗവേര്‍ണന്‍സില്‍ ഗവേഷകയാണ്. ജെ.എന്‍.യു യൂണിറ്റ് സെക്രട്ടറിയേറ്റ് അംഗമായും പ്രവര്‍ത്തിക്കുന്നു. തൃശൂര്‍ ഇരിഞ്ഞാലക്കുട നെടുമ്പാള്‍ സ്വദേശിയാണ്. മികച്ച ചിത്രകാരി കൂടിയാണ്. ഇടതുപക്ഷത്തിനു വേണ്ടിയുള്ള ചിത്രങ്ങളുടെയും മറ്റ് കലാസൃഷ്ടികളുടെയും നേതൃത്വവുമുണ്ട്. യങ് സോഷ്യലിസ്റ്റ് ആര്‍ട്ടിസ്റ്റ് (വൈഎസ്എ) സംഘടനയുടെ നേതൃനിരയിലുമുണ്ട്. ഇരട്ട സഹോദരി കെ.ദേവിക ബാബുവും ചിത്രകാരിയും ഇടതുപ്രവര്‍ത്തകയുമാണ്. ഡല്‍ഹി ഹന്‍സ്രാജ് കോളജില്‍ പഠിച്ച ദേവിക ഇപ്പോള്‍ പുണെ ഐസറില്‍ ഗവേഷകയാണ്. അച്ഛന്‍ കെ.ജി.ബാബു ബഹ്റൈനില്‍ ജോലി ചെയ്യുന്നു. അമ്മ ജുമ ബാബു അധ്യാപികയാണ്.
