പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

ഒക്ടോബര്‍ 30 


പ്രവാസി മലയാളികള്‍ക്കുള്ള കരുതലാണ് നോര്‍ക്ക കെയര്‍

നാടുവിട്ട് അതിജീവനത്തിനായി വരുന്ന  പ്രവാസി മലയാളികള്‍ക്കുള്ള കരുതലിന്‍റെ കുടയാണ് നോര്‍ക്കയെന്ന് സംസ്ഥാന സര്‍ക്കാറിന്‍റെ ഡല്‍ഹിയിലെ  പ്രത്യേക പ്രതിനിധി പ്രൊഫ കെ.വി തോമസ്. പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി നോര്‍ക്ക കെയറിന്‍റെ  പ്രചരണാര്‍ത്ഥം ഡല്‍ഹിയില്‍ സംഘടിപ്പിച്ച നോര്‍ക്ക കെയര്‍ മീറ്റ് 'കരുതലിന്‍റെ സന്ദേശം' 2025ന്‍റെ ഉദ്ഘാടനം  നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെമ്പാടും പതിനെണ്ണായിരത്തിന് അടുത്ത് ആശുപത്രികളില്‍ നോര്‍ക്ക കെയര്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. ഡല്‍ഹിയില്‍ മാത്രം 500 ലധികം ആശുപത്രികള്‍ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. പഠനത്തിനും ജോലിക്കുമായി അന്യനാട്ടിലെത്തുന്നവര്‍ക്ക് നോര്‍ക്കയുടെ  ചികിത്സസഹായം അങ്ങേയറ്റം ഗുണകരമാണ്. പ്രവാസികളെ ഏറ്റവും അലട്ടുന്ന കാര്യം ചികിത്സ ചെലവാണെന്നും അദ്ദേഹം പറഞ്ഞു. ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍ എന്നിവര്‍ക്ക് 13,411 രൂപ പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16,000 ത്തോളം ആശുപത്രികള്‍ വഴി ക്യാഷ്ലെസ്സ് ചികിത്സയും നോര്‍ക്ക കെയര്‍ ലഭ്യമാക്കുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസി കേരളീയര്‍ക്ക് ലഭ്യമാകും. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്‍റ് ഐ.ഡി. എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസികള്‍ക്ക് നോര്‍ക്ക കെയറില്‍ അംഗമാകാം. പദ്ധതിയുടെ പ്രചരണാര്‍ത്ഥം ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ നോര്‍ക്ക റൂട്ട്സ് എന്‍ ആര്‍ ഡവലപ്മെന്‍റ് ഓഫീസുകളുടെ നേതൃത്വത്തിലും ആഗോളതലത്തിലും പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പ്രത്യേകം രജിസ്ട്രേഷന്‍ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. ഡല്‍ഹിയിലെ രജിസ്ട്രേഷന്‍ ക്യാമ്പില്‍ കേരള ഹൗസ് റസിഡന്‍റ് കമ്മീഷണര്‍ പുനീത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി നോര്‍ക്ക കെയറിന്‍റെ  വിശദാംശങ്ങള്‍ അവതരിപ്പിച്ചു.എന്‍ ആര്‍.കെ ഡെവലപ്പ്മെന്‍റ് ഓഫീസര്‍ ഷാജിമോന്‍. ജെ ചടങ്ങിന് സ്വാഗതം പറഞ്ഞു. നോര്‍ക്ക റൂട്ട്സ്, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, അനില്‍ ഭാസ്കര്‍ സദസ്സിന്  നന്ദി പറഞ്ഞു. 

രാജ്യതലസ്ഥാനത്തെ വായു ശുദ്ധവായുവല്ല

ദീപാവലി നാളുകള്‍ കഴിഞ്ഞതോടെ ഡല്‍ഹിയിലെ വായു ശ്വസിക്കാന്‍ പറ്റാത്ത തരം മലിനമായി എന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശേഷിപ്പിച്ചത്. ആംആദ്മി സര്‍ക്കാര്‍ ദീപാവലി നാളുകളിലെ പടക്ക ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങളായിരുന്നു നടപ്പാക്കിയിരുന്നത്. പുതിയതായി വന്ന ബി.ജെ.പി സര്‍ക്കാര്‍ കാര്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ല. ഹരിതപടക്കങ്ങള്‍ മാത്രമേ പൊട്ടിക്കാവൂ എന്ന സുപ്രീം കോടതി നിബന്ധന ലംഘിച്ച്, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച സാധാരണ പടക്കങ്ങള്‍ വ്യാപകമായി പൊട്ടിച്ചതോടെ ഡല്‍ഹി  എന്‍സിആറിലെ വായുനിലവാര സൂചിക 420 കടന്നു. ഡല്‍ഹിയില്‍ ഏകദേശം 500 കോടി രൂപയുടെ പടക്ക വില്‍പന നടന്നെന്നാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വില്‍പന 40% വര്‍ധിച്ചു. ദീപാവലി ആഘോഷത്തിനു ഹരിതപടക്കത്തിന് അനുമതി നല്‍കിയ സുപ്രീം കോടതി നടപടിയെ നിതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത് അപലപിച്ചു. ജീവിക്കാനും ശ്വസിക്കാനുമുള്ള അവകാശത്തിനു മീതെ പടക്കം പൊട്ടിക്കാനുള്ള അവകാശത്തിനു കോടതി മുന്‍തൂക്കം നല്‍കിയെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. നിലവിലെ വായുമലിനീകരണം ജനങ്ങള്‍ക്ക് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. 10 സിഗരറ്റ് ഒന്നിച്ചുവലിക്കുന്നതിനു തുല്യമാണ് ഇപ്പോഴത്തെ വായു നിലവാരം. ശ്വാസ തടസ്സം ആസ്മ തുടങ്ങിയ രോഗമുള്ളവര്‍ അതിഭയങ്കരമായ സാഹചര്യത്തിലൂടെയാണ് ഇന്ന് രാജ്യതലസ്ഥാനത്ത് ജീവിക്കുന്നത്. ദീപാവലിക്കു ശേഷം വായുമലിനീകരണം കൂടിയില്ലെന്നാണ് മുഖ്യമന്ത്രി രേഖ ഗുപ്ത ആവര്‍ത്തിച്ച് പറയുന്നത്. ഡല്‍ഹി സെക്രട്ടേറിയറ്റില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആ'ശ്വാസ'മേകാന്‍ 15 പുതിയ എയര്‍ പ്യൂരിഫയര്‍ വാങ്ങാന്‍ പൊതുമരാമത്തു വകുപ്പു നിര്‍ദേശിച്ചിട്ടുണ്ട്. അകത്തിരുന്നുള്ള ജോലികള്‍ക്കു സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്തുകയാണു ലക്ഷ്യം. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലെ ഓഫിസുകള്‍ക്കു പുറമേ, കോണ്‍ഫറന്‍സ് ഹാളുകളിലും ചെറിയ മീറ്റിങ് റൂമുകളിലും പ്യൂരിഫയര്‍ വയ്ക്കും. വായുമലിനീകരണം അത്ര രൂക്ഷമല്ലെന്നു മുഖ്യമന്ത്രിക്കു പുറമേ പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സയും ആവര്‍ത്തിക്കുന്നതിനിടെയാണു സര്‍ക്കാര്‍ നടപടി. ഡല്‍ഹിയിലെ വായു അപകടകരമായ നിലയില്‍ ആയതിനാല്‍ രാജ്യതലസ്ഥാനത്തെ ആയിരക്കണക്കിന് നിവാസികളാണ് ശുദ്ധ വായുവിനായി ഹിമാചല്‍ പ്രദേശ് പോലുള്ള പ്രദേശങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മറ്റും താല്‍ക്കാലികമായി മാറിനില്‍ക്കുന്നത്.

നമുക്കിനി യമുനയില്‍ ബോട്ട് യാത്ര നടത്താം

ഡല്‍ഹി ടൂറിസം വകുപ്പ് രാജ്യതലസ്ഥാനത്തിലൂടെ ഒഴുകുന്ന യമുനയിലൂടെ ബോട്ട് യാത്ര നടത്തുന്നതിനുള്ള സൗകര്യമൊരുക്കുന്നു. 90 പേര്‍ക്ക് ഇരിക്കാവുന്ന ഒരു വലിയ ബോട്ട് തയ്യാറായി വരികയാണ്. ഈ വര്‍ഷാവസാനം മുതല്‍ ഡല്‍ഹി ടൂറിസം പൊതുജനങ്ങള്‍ക്കായി ബോട്ട് യാത്ര തുറന്നു കൊടുക്കും. രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ ഹൃദയഭാഗത്തൂടെ ഒഴുകുന്ന യമുനയിലൂടെയുള്ള കാഴ്ചകള്‍ പുതുമയുള്ളതും ഏറ്റവും ഹൃദ്യമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തലസ്ഥാന നഗരിയുടെ കാഴ്ചകള്‍ കണ്ട് അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു മണിക്കൂര്‍ യാത്രയാണ് ഡല്‍ഹി ടൂറിസം വകുപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. സോണിയ വിഹാറിനും ജഗ്പൂരിനും ഇടയിലാണ് ബോട്ട് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ബോട്ട് യാത്രയില്‍ റസ്റ്റോറന്‍റ് സൗകര്യവും, ഡല്‍ഹിയുടെ തനതായ സംഗീത നൃത്ത പരിപാടിയും ഉണ്ടാകുമെന്ന് ടൂറിസം വകുപ്പ് പറയുന്നു. യമുനയുടെ നിലവിലെ സാഹചര്യം വളരെ ദയനീയമാണ്. മലിനമായിരിക്കുന്ന യമുനയുടെ ജലം കറുത്ത നിറത്തിലാണ് ഒഴുകുന്നത്. അടിത്തട്ടില്‍ ചെളി സുഖമമായ സഞ്ചാരത്തിന് തടസമാകും. ഇത് പരിഹരിക്കപെടേണ്ടതുണ്ട്. യമുനയിലെ മലിനജലം ശുദ്ധീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വളരെ മുന്‍പുതന്നെ പ്രഖ്യാപിച്ചതാണ്. കാലങ്ങളായി യമുനയുടെ ശുചീകരണത്തിനായി കോടികള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും അത് വേണ്ട രീതിയില്‍ നടപ്പിലാക്കിയിട്ടില്ല എന്നുള്ള ആക്ഷേപം വ്യാപകമായി വര്‍ഷങ്ങളായി തുടരുന്നുമുണ്ട്. ഈ വര്‍ഷാവസാനം എല്ലാം ശരിയാക്കി ബോട്ട് യാത്ര തുടങ്ങും എന്ന പ്രഖ്യാപനം എത്രമാത്രം പ്രായോഗികമാകും എന്നുള്ള ആശങ്കയും നിലവിലുണ്ട്.  

ഡല്‍ഹിയുടെ കലാലോകം

ഡല്‍ഹിയില്‍ ദീപാവലിക്ക് ശേഷം തണുപ്പ് തുടങ്ങും. തണുപ്പ് തുടങ്ങിയാല്‍ ഡല്‍ഹിയുടെ എല്ലാ പ്രദേശങ്ങളിലും കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സജീവമാകും. സംഗീതവും നൃത്തവും ചിത്രകലയും ഡല്‍ഹിയുടെ കലാ സാംസ്കാരിക രംഗത്ത് സജീവമാകും. ചരിത്ര പ്രസിദ്ധമായ സഫ്ദര്‍-ജംഗ് ശവകുടീരത്തില്‍ ഗസല്‍ സംഗീതത്തിന്‍റെ ഷാം-ഇ-ഗ-സല്‍ സാംസ്കാരിക സായാഹ്നം തുടങ്ങി. ആദ്യ സാംസ്കാരിക സായാഹ്നം സംഗീതത്തിന്‍റെയും കവിതയുടെയും ഒരു ആഴ്ന്നിറങ്ങുന്ന ആഘോഷമായി മാറി. ഡല്‍ഹിയിലെ പുരാണ ഖില, ഹുമ-യുന്‍റെ ശവകുടീരം, സഫ്ദര്‍ജംഗ് ശവകുടീരം, മെഹ്റൗളി പുരാവസ്തു പാര്‍ക്ക് എന്നിവിടങ്ങളിലും സമാനമായ കലാപരിപാടികളുണ്ട്. എന്‍ഡിഎംസി നെഹ്റു പാര്‍ക്കില്‍ ക്ലാസിക്കല്‍ സംഗീത കച്ചേരി സംഘടിപ്പിക്കുന്നുണ്ട്. 'മ്യൂസിക് ഇന്‍ ദി പാര്‍ക്ക്' പരമ്പരയ്ക്ക് കീഴില്‍ സ്പിക് മക്കേ, എസ്ആര്‍എഫ് ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടക്കുന്നത്. ഡല്‍ഹിയിലെ സാംസ്കാരിക കേന്ദ്രമായ മണ്ഡി ഹൗസില്‍ ഇനിയുള്ള നാളുകളില്‍ സംഗീതത്തിന്‍റേയും, ന്യത്തത്തിന്‍റേയും, ചിത്രകലയുടേയും, നാടകങ്ങളുടേയും രാവുകളാണ്. എല്ലാ ദിവസവും കലാസമ്പന്നമായിരിക്കും ഇവിടം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാംസ്കാരിക വകുപ്പിന്‍റേയും വിവിധ അക്കാദമികളുടേയും, സ്ക്കൂള്‍ ഓഫ് ഡ്രാമയുടേയും പരിപാടികള്‍ വേറെയുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ പിറവി ആഘോഷം വരുന്നത് നവംബര്‍ ഒന്നിനാണ്. ഈ വകയില്‍ അതാത് സംസ്ഥാനങ്ങളുടെ കലാ സാംസ്കാരിക പരിപാടികളും ഉണ്ടാകും.