പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

ഒക്ടോബര്‍ 15 


നവരാത്രി നാളുകളിലെ സംഗീത ന്യത്ത വിരുന്ന് 

കേരളത്തിന്‍റെ ഓണാഘോഷം മാസങ്ങള്‍ എടുത്താണ് ഡല്‍ഹിയില്‍ സമാപിക്കാറ്. നമ്മുടെ ഓണാഘോഷം പോലെ തന്നെയാണ് വടക്കേ ഇന്ത്യയില്‍ ആഘോഷിക്കപ്പെടുന്ന നവരാത്രി ആഘോഷം. വടക്കേ ഇന്ത്യയിലെ എല്ലാ കൊച്ചു ഗ്രാമങ്ങളിലും നവരാത്രിയോടനുബന്ധിച്ച് മേളകള്‍ നടക്കും. അതിവിപുലമായ മേളകള്‍ക്കൊപ്പം രാംലീലയും സംഘടിപ്പിക്കാറുണ്ട്. വലയ ജനക്കൂട്ടമാണ് നവരാത്രി മേളകളില്‍ എത്തുന്നത്. പ്രാദേശികമായി വ്യത്യസ്തമായ രീതിയിലാണ് ആഘോഷങ്ങള്‍ നവരാത്രി കാലത്ത് നടക്കുന്നത്. കേരളത്തില്‍ കലാപരിപാടികളും പൂജവെപ്പും വിദ്യാരംഭവും, തമിഴ്നാട്ടില്‍ കൊലുവെയ്പ്പ്, കര്‍ണാടകയില്‍ ദസറ, ഉത്തരഭാരതത്തില്‍ രാമലീല, ബംഗാളില്‍ ദുര്‍ഗ്ഗാപൂജ, അസമില്‍ കുമാരീ പൂജ, ശ്രീചക്രപൂജ എന്നിങ്ങനെ നീളുന്നു വ്യത്യസ്തതയുടെ ഭാവതലങ്ങള്‍. നവരാത്രി കാലങ്ങളില്‍ നമ്മുടെ കേരളത്തില്‍ വര്‍ത്തമാനകാലത്ത് സംഗീതവും നൃത്തവും വ്യാപകമായി നടക്കുന്നത് ഏറെ ശ്രദ്ധേയമാണ്. മുന്‍പ് നവരാത്രി ആഘോഷം ഇത്രയും ഉണ്ടായിരുന്നില്ല. തമിഴ്നാട്ടിലും കര്‍ണാടകയിലും ആന്ധ്രയിലും നവരാത്രി സംഗീതവും നൃത്തവും നിറഞ്ഞ ഒരു ആഘോഷമാണ്. ഇതിന്‍റെ വലിയ ഒരു പരിച്ഛേദം രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും കാണാം. ഡല്‍ഹിയില്‍ വ്യാപകമായി സംഗീത സദസ്സുകള്‍ ആണ് നവരാത്രി കാലത്ത് തെക്കേ ഇന്ത്യക്കാര്‍ ഒരുക്കുന്നത്. തെക്കേ ഇന്ത്യയിലെ പല വേദികളെ പോലെ വടക്കേ ഇന്ത്യയിലും നിരവധി സംഗീത നൃത്ത സദസ്സുകള്‍ നവരാത്രിയുടെ ഭാഗമായി ഉണ്ടാകാറുണ്ട്. സംഗീത നൃത്ത പ്രേമികള്‍ക്ക് മികച്ച ഒരു കാഴ്ചയും കേള്‍വി സുഖവും നല്‍കുന്ന ഒട്ടേറെ പരിപാടികള്‍ രാജ്യതലസ്ഥാനത്തെ ആകര്‍ഷണമാക്കുന്നു. രാജ്യത്തെ പ്രശസ്തരായ നര്‍ത്തകരും, സംഗീതജ്ഞരും രാജ്യതലസ്ഥാനത്ത് എത്തുന്നു എന്നുള്ള പ്രത്യേകതയും ഉണ്ട്. രാജ്യതലസ്ഥാനത്തെ വേദികളില്‍ നവരാത്രി നാളില്‍ അവസരം ലഭിക്കുക എന്നുള്ളത് ഓരോ കലാകാരന്‍റെയും ആഗ്രഹമാണ്. രാജ്യത്തെ ഏറ്റവും മികച്ച കച്ചേരികളും, ന്യത്തവും കാണുവാനുള്ള അവസരമാണ് നവരാത്രി കാലം.

നദികളില്‍ സുന്ദരി യമുനയോ...?

നദികളില്‍ സുന്ദരിയമുന... എന്ന പ്രശസ്ത ഗാനം അപ്രസക്തമാക്കുന്ന കാഴ്ചയാണ് ഇന്ന് യമുനയുടെ തീരങ്ങളിലൂടെ യാത്ര ചെയ്താല്‍ ഉണ്ടാക്കുക. യമുനാ നദി രാജ്യത്തെ ഏറ്റവും മലിനമായ ഒന്നായി ഇന്ന് മാറിയിരിക്കുന്നു. യമുനയുടെ മാലിന്യം നീക്കം ചെയ്ത് ശുദ്ധജലം ഒഴുക്കുമെന്ന പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ്. എന്നാല്‍ അദ്ദേഹത്തിന് പ്രതിജ്ഞ നിറവേറ്റാന്‍ സാധിച്ചില്ല. ഇപ്പോഴിതാ കേന്ദ്ര അഭ്യന്തിരമന്ത്രി അമിത്ത് ഷാ പ്രതിജ്ഞിയുമായി എത്തിയിരിക്കുന്നു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് യമുന വൃത്തിയാക്കും. മാലിന്യം കൊണ്ട് പതഞ്ഞു പൊന്തുന്ന യമുന ഇന്ന് ഒഴുകുന്നത് കറുത്ത നിറത്തിലാണ്. കോവിഡ് കാലത്താണ് അല്പമെങ്കിലും തെളിച്ചമുള്ള വെള്ളവുമായി യമുന ഒഴികിയത്. കോവിഡിന്‍റെ ഭീഷണി മാറിയതോടുകൂടി യമുന വീണ്ടും അതിരൂക്ഷമാലിന്യത്തിന്‍റെ പങ്കുപറ്റി ഒഴുകുകയാണ്. കേന്ദ്ര അഭ്യന്തിര മന്ത്രിയുടെ അവകാശവാദം തീര്‍ച്ചയായും പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. യമുനാ നദി വൃത്തിയായി ഒഴുകട്ടെ. പണ്ട് നമ്മള്‍ പാടിയ പാട്ട് വീണ്ടും പാടാം. നദികളില്‍ സുന്ദരി യമുനാ...

വരുന്നു ഇന്ത്യയില്‍ ലാ നിന

കാലാവസ്ഥ വ്യതിയാനം മൂലം അതികഠിനമായ തണുപ്പായിരിക്കും ഈ വര്‍ഷം ഇന്ത്യയില്‍ അനുഭവപ്പെടുക എന്ന് കാലാവസ്ഥാ ശാസ്ത്ര ലോകം മുന്നറിയിപ്പ് തന്നിരിക്കുന്നു. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ മഴക്കാലം കടന്നുപോയിട്ടെയുള്ളു. നിരവധി തവണയുണ്ടായ മേഘവിസ്ഫോടനങ്ങള്‍ മൂലം ഉത്തരേന്ത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ മുഴുവന്‍ കണക്കുകളും ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. ഇതിന്‍റെ പിന്നാലെയാണ് ലാ നിന എന്ന പ്രകൃതിയുടെ പ്രതിഭാസം നമ്മുടെ രാജ്യത്ത് വരുന്നു എന്ന മുന്നറിയിപ്പ്. സമീപവര്‍ഷങ്ങളില്‍ ഉണ്ടായതിനേക്കാള്‍ അതിരൂക്ഷമായ തണുപ്പായിരിക്കും ഉണ്ടാവുക എന്നുള്ള പ്രതിഭ മുന്നറിയിപ്പ് 2025 അവസാനത്തോടുകൂടി രാജ്യത്ത് വിശേഷിച്ച് വടക്കേ ഇന്ത്യയില്‍ അതി ശക്തമായ തണുപ്പ് ഉണ്ടാകും എന്നാണ് പറയുന്നത് മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ ശീത തരംഗവും ഉണ്ടാകും എന്ന് മുന്നറിയിപ്പ് തരുന്നു. ഉപരിതലജല താപനില സാധാരണത്തേക്കാള്‍ തണുത്തു പോകുന്ന അവസ്ഥയാണ് ലാ നിന. ലാ നിന എന്നാല്‍ ദി ലിറ്റില്‍ ഗേള്‍ അഥവാ കുഞ്ഞു പെണ്‍കുട്ടിയെന്നാണ് അര്‍ത്ഥമാക്കുന്നത്. സ്പാനിഷ് ഭാഷയാണ് ലാ നിന. ലോകത്തിന്‍റെ പല ഭാഗങ്ങളിലും വ്യത്യസ്ത കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാകും. ഏഷ്യയിലും ഓസ്ട്രേലിയയിലും മഴ കൂടുതലാകാന്‍ സാധ്യത. ദക്ഷിണ അമേരിക്കയിലെ ചില ഭാഗങ്ങളില്‍ വരള്‍ച്ച. വടക്കേ അമേരിക്കയിലെ ചില ഭാഗങ്ങളില്‍ തണുത്ത ശീതകാലം. ലാ നീന ഇന്ത്യന്‍ മണ്‍സൂണില്‍ വലിയ പങ്ക് വഹിക്കും. മണ്‍സൂണ്‍ മഴ സാധാരണയേക്കാള്‍ കൂടുതലായി ലഭിക്കാന്‍ സാധ്യത. സംക്ഷിപ്തമായി പറഞ്ഞാല്‍, ലാ നീന പസഫിക് സമുദ്രത്തിലെ തണുത്ത ജലധാരയാണ്, അത് ലോക കാലാവസ്ഥയെ പലവിധം സ്വാധീനിക്കും. വര്‍ഷാരംഭത്തില്‍ പസഫിക് സമുദ്രത്തില്‍ അസാധാരണമാംവിധം ചൂടുള്ള വെള്ളം പ്രത്യക്ഷപ്പെടുന്ന പ്രതിഭാസമായാണ് ദക്ഷിണ അമേരിക്കയുടെ തീരത്തുള്ള മത്സ്യത്തൊഴിലാളികള്‍ എല്‍ നിനോയെ ആദ്യം തിരിച്ചറിഞ്ഞത്. എല്‍ നിനോ എന്നാല്‍ സ്പാനിഷില്‍ ദി ലിറ്റില്‍ ബോയ് അല്ലെങ്കില്‍ ക്രൈസ്റ്റ് ചൈല്‍ഡ് എന്നാണ് അര്‍ത്ഥമാക്കുന്നത്. ക്രിസ്മസിന് സമീപം ഈ പ്രതിഭാസം എത്തുന്ന പ്രവണതയെ സൂചിപ്പിക്കാനാണ് ഈ പേര് ഉപയോഗിച്ചത്. ഇതിന്‍റെ നേര്‍ വിപരീതമാണ് ലാ നിന. ഒക്ടോബര്‍ അവസാനം മുതല്‍ ഡിസംബര്‍ വരെ ലാ നിന ഉണ്ടാകാന്‍ 71% സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ കാലാവസ്ഥ പ്രവചന കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡിസംബര്‍ മുതല്‍ 2026 ജനുവരിവരെ ഉണ്ടാകുവാനുള്ള സാധ്യത 54% ആണെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പും അറിയിക്കുന്നുണ്ട്. 

ഡല്‍ഹി മെട്രോയില്‍ റീല്‍ ഷൂട്ടിന് വിലക്ക്

രാജ്യത്തെ ഏറ്റവും തിരക്കേറിയതും ദൈര്‍ഘ്യമുള്ള മെട്രോ സര്‍വ്വീസാണ് ഡല്‍ഹി മെട്രോയുടേത്. അര്‍ദ്ധനഗ്നയായി പോലും യുവതീയുവാക്കള്‍ റീലുകള്‍ ഷൂട്ട് ചെയ്യുന്നതിനെതിരെ കുറേ നാളുകളായി യാത്രക്കാര്‍ പരാതി ഉയര്‍ത്തുന്നുണ്ട്. ഡല്‍ഹി മെട്രോയിലും, പരിസരത്തും റീലുകള്‍, ഡാന്‍സ് ക്ലിപ്പുകള്‍ അല്ലെങ്കില്‍ മറ്റ് സോഷ്യല്‍ മീഡിയ ഉള്ളടക്കം ചിത്രീകരിക്കുന്നത് കര്‍ശനമായി നിരോധിച്ചതായി മെട്രോ ട്രെയിനിനുള്ളില്‍ അറിയിപ്പുകള്‍ സംപ്രേഷണം ചെയ്യാന്‍ തുടങ്ങി. വലിയ പിഴയാണ് പിടിക്കപ്പെടുന്നവര്‍ക്ക് ഈടാക്കുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലും നടത്തുന്ന ദ്വിഭാഷാ പ്രഖ്യാപനങ്ങള്‍ - യാത്രക്കാര്‍ തറയില്‍ ഇരിക്കുകയോ കോച്ചുകള്‍ക്കുള്ളില്‍ ഭക്ഷണം കഴിക്കുകയോ ചെയ്യരുതെന്ന് ഡിഎംആര്‍സിയുടെ നിലവിലുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ക്കൊപ്പം ഉീല്‍ നിരോധന അറിയിപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2002 ലെ മെട്രോ റെയില്‍വേസ് നിയമത്തില്‍ റീലുകളെക്കുറിച്ച് പ്രത്യേകമായി പരാമര്‍ശിക്കുന്നില്ലെങ്കിലും, സ്റ്റേഷനുകളിലോ കോച്ചുകളിലോ 'ശല്യം സൃഷ്ടിക്കുന്നതിനെതിരെ' വ്യവസ്ഥകള്‍ പ്രകാരം നിയമലംഘകര്‍ക്ക് പിഴ ചുമത്താമെന്ന് ഡി.എം.ആര്‍.സി. ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ മൂലം സഹയാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ ഫോണുകളില്‍ ഉച്ചത്തിലുള്ള സംഗീതം പ്ലേ ചെയ്യുന്നത് ഒഴിവാക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു സമാന്തര സോഷ്യല്‍ മീഡിയ ക്യാമ്പെയ്നും ഡിഎംആര്‍സി ആരംഭിച്ചിട്ടുണ്ട്. മെട്രോ ട്രെയിനുകള്‍ക്കുള്ളില്‍ ചിത്രീകരിക്കുന്ന ക്ലിപ്പുകള്‍ പലപ്പോഴും ഓണ്‍ലൈനില്‍ ശ്രദ്ധ നേടുന്നു. ഒരു വൈറല്‍ ക്ലിപ്പില്‍, ഒരു കോച്ചിനുള്ളില്‍ വേവിച്ച മുട്ടയുമായി ഒരാള്‍ മദ്യം കഴിക്കുന്നത് കാണിച്ചു. മറ്റൊരു വീഡിയോയില്‍ രണ്ട് യാത്രക്കാര്‍ തമ്മിലുള്ള ഷര്‍ട്ട് ധരിക്കാതെയുള്ള വഴക്കും, അവരുടെ അസഭ്യ വാക്കുകളുടെ പ്രയോഗവും കാണിച്ചു. കാരനായ ആശിഷ് കുമാര്‍ പറഞ്ഞു. 'മെട്രോ യാത്രയ്ക്കുള്ളതാണ്, ഉള്ളടക്ക സൃഷ്ടിക്കുള്ളതല്ല.'

ലയണല്‍ മെസ്സി ഡല്‍ഹിയിലും തരംഗം

കേരളത്തില്‍ ലയണല്‍ മെസ്സി കേരളത്തില്‍ എത്തുമെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് മെസ്സി വരുമോ ഇല്ലയോ എന്ന ചര്‍ച്ചയായി. ഒടുവില്‍ മെസ്സി എത്തുമെന്ന വാര്‍ത്ത ആവേശമായി. മെസ്സിയാവേശം കേരളത്തില്‍ മാത്രമല്ല, രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും ഉണ്ടായിരിക്കുന്നു. നവംബറില്‍ കൊച്ചിയില്‍ നടക്കുന്ന മത്സരത്തിനു ശേഷമാണ് 'ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യയ്ക്ക്' വേണ്ടി മെസ്സി വീണ്ടും വരുന്നത്. കൊല്‍ക്കത്തയിലാണ് മെസ്സിയുടെ പര്യടനത്തിന് തുടക്കം കുറിക്കുന്നത്. ഡല്‍ഹിയിലെത്തുന്ന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ സൗഹൃദ മത്സരം കാണാനും ഫാന്‍സ് മീറ്റിനുമുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു. 85,000 രൂപ വരെയാണു പ്രീമിയം ടിക്കറ്റ് നിരക്ക്. പ്രീമിയം പാക്കേജുകളില്‍ മെസ്സിയെ നേരിട്ടു കണ്ട് സംസാരിക്കാനും താരം ഒപ്പിട്ട ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാനും അവസരമുണ്ട്. എതാണ്ട് തൊള്ളായിരം രൂപയാണ് സൗഹ്യദ മത്സരം കാണുവാന്‍ മാത്രമുള്ള എറ്റവും വലിയ നിരക്ക്. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനത്തിന് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 4700 രൂപയാണ്. ഫിറോസ് ഷാ കോട്ലയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് സൗഹ്യദ മത്സരം നടക്കുക. 'ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025' എന്ന പേരില്‍ കൊല്‍ക്കത്ത, അഹമ്മദാബാദ്, മുംബൈ, ന്യൂഡല്‍ഹി, നഗരങ്ങളിലും മെസ്സി എത്തുന്നുണ്ട്. 'ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025ലെ' അവസാന പരിപാടിയാണ് 2025 ഡിസംബര്‍ 15ന് ഡല്‍ഹിയില്‍ നടക്കുക. കൊച്ചിയിലെത്തി മെസ്സിയെ കാണാന്‍ സാധിക്കാത്ത ഡല്‍ഹിയിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശം നല്‍കുന്നതാണു മെസ്സിയുടെ തലസ്ഥാന സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഫാന്‍സ് മീറ്റിനായി മെസ്സി സ്റ്റേഡിയത്തിലെത്തുക. മെസ്സിക്കൊപ്പം വിരാട് കോലി, ശുഭ്മാന്‍ ഗില്‍ തുടങ്ങിയ താരങ്ങള്‍ പങ്കെടുക്കുന്ന സെലിബ്രിറ്റി സെവന്‍സ് മത്സരമാണു പരിപാടിയുടെ പ്രധാന ആകര്‍ഷണം. 14 വര്‍ഷത്തിനു ശേഷം ഇന്ത്യയിലേക്കു വീണ്ടും വരുന്ന അര്‍ജന്‍റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി തന്‍റെ എക്സ് അക്കൗണ്ടില്‍ കുറിച്ചത് ഇങ്ങനെ. 'ഇന്ത്യയിലേക്കു വീണ്ടും വരുന്നതില്‍ ഞാന്‍ ആഹ്ലാദവാനാണ്. ഈ ട്രിപ് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആദരം കൂടിയാണ്. ഇന്ത്യ വളരെ സ്പെഷലായ ഒരു രാജ്യമാണ്. 14 വര്‍ഷം മുന്‍പ് അവിടം സന്ദര്‍ശിച്ചപ്പോഴത്തെ നല്ല ഓര്‍മകള്‍ ഇപ്പോഴും മനസ്സിലുണ്ട്".