പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

സെപ്തംബര്‍ 30 


സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ്

ഡല്‍ഹി വസന്ത്കുഞ്ചിലെ പ്രശസ്തമായ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്‍റെ ഭരണസമിതിയംഗമായ അറുപത്തിരണ്ടുകാരനായ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ പീഡന പരാതിയാണ് രാജ്യ തലസ്ഥാനത്തെ മാത്രമല്ല രാജ്യത്തെ പ്രധാന സംസാര വിഷയം. ഭരണസമിതി അംഗമായിരുന്നെങ്കിലും സ്ഥാപനത്തിന്‍റെ ചെയര്‍മാന്‍ എന്നാണു സ്വാമി സ്വയം വിശേഷിപ്പിച്ചിരുന്നത്. സ്വയം പ്രഖ്യാപിത ആള്‍ദൈവമായിട്ടാണ് പാര്‍ത്ഥസാരഥി എന്ന സ്വാമി ചൈതന്യാനന്ദ സരസ്വതി വിലസിയിരുന്നത്. ആഗസ്റ്റ് നാലിനാണ് ശൃംഗേരി ശാരദ പീഠത്തിനു കീഴിലുള്ള പ്രശസ്തമായ കോളേജിലെ ഹോസ്റ്റലിലെ 17 പെണ്‍കുട്ടികള്‍ സ്വാമിക്കെതിരെ പീഠന പരാതി നല്‍കിയത്. ചൈതന്യാനന്ദ ഭീഷണിപ്പെടുത്തിയെന്നും പീഡിപ്പിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും 17 പേര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. അനുസരിച്ചില്ലെങ്കില്‍ നിന്നെ ഞാന്‍ തോല്‍പ്പിക്കുമെന്നാണ് മിക്ക വിദ്യാര്‍ത്ഥിനികള്‍ക്കും സ്വാമി അയച്ച സന്ദേശങ്ങളില്‍ കൂടുതലും. 'എന്‍റെ മുറിയിലേക്കു വരൂ, നമുക്കു വിദേശത്തേക്കു പോകാം, നീ ഒറ്റപ്പൈസ പോലും മുടക്കേണ്ടി വരില്ല' എന്നാണ് ഒരു പെണ്‍കുട്ടിക്ക് സ്വാമി അയച്ച സന്ദേശം. വിദേശ യാത്രകളിലും മറ്റും ഒപ്പം കൂട്ടിയിരുന്ന തങ്ങളെ ചൈതന്യാനന്ദ ലൈംഗികമായി ചൂഷണം ചെയ്തെന്നു വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്വാമിയുടെ ഭീഷണിയും പീഡനവും സഹിക്കാതെ പഠനം ഉപേക്ഷിക്കേണ്ടി വന്നതായും ഒരു പെണ്‍കുട്ടി വെളിപ്പെടുത്തി. ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ ശുചിമുറികളുടെ മുന്നില്‍ രഹസ്യ ക്യാമറ സ്ഥാപിച്ചു സ്വാമി നിരീക്ഷണം നടത്തിയിരുന്നെന്നും ഈ ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ സ്വാമിയുടെ ഫോണിലും ലഭ്യമായിരുന്നു എന്നും പൊലീസ് കണ്ടെത്തി. പരാതി നല്‍കിയതിനു പിന്നാലെ ഈ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതായും കണ്ടെത്തി. വാട്ട്സപ്പിലൂടെയാണ് അസമയത്ത് സ്വാമി പരീക്ഷയില്‍ തോല്‍പിക്കുമെന്നു പറഞ്ഞാണു ഭീഷണിപ്പെടുത്തിയിരുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ 3 വനിതാ വാര്‍ഡന്‍മാരും ഇതിനു കൂട്ടുനിന്നു. ഇവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഒഡീഷ സ്വദേശിയാണ് ചൈതന്യാനന്ദ. പീഡനത്തിനും വഞ്ചനക്കുറ്റത്തിനും വ്യാജരേഖ ചമച്ചതിനും ചൈതന്യാനന്ദയ്ക്കെതിരെ വേറെയും കേസുകളുണ്ട്. ചൈതന്യാനന്ദ ഇപ്പോള്‍ ഒളിവിലാണെന്നും, വിദ്യാര്‍ഥിനികളുടെ കേസില്‍ അന്വേഷണം നടക്കുകയാണെന്നും, വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്നും സൗത്ത് വെസ്റ്റ് ഡല്‍ഹി അഡീഷനല്‍ ഡിസിപി ഐശ്വര്യ സിങ് പറഞ്ഞു. സ്വാമിക്കായി ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിട്ടുണ്ടെന്നു ഡിസിപി അമിത് ഗോയലും പറഞ്ഞു. ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റും, മഠവുമായുമുള്ള സ്വാമി ചെതന്യാനന്ദയുമായി മഠത്തിനുണ്ടായിരുന്ന എല്ലാ ബന്ധവും വിഛേദിച്ചതായി ശൃംഗേരി ശ്രീ ശാരദ പീഠം അറിയിച്ചു. സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ശൃംഗേരി ശാരദ പീഠവും ബന്ധപ്പെട്ട അധികൃതര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് ആദ്യവാരം യുകെയിലേക്കു കടന്ന ചൈതന്യാനന്ദ കഴിഞ്ഞ ദിവസങ്ങളില്‍ ആഗ്രയിലെത്തിയെന്നു പൊലീസിനു വിവരം ലഭിച്ചു.

ഡല്‍ഹിയിലെ അയ്യപ്പ സംഗമം

പമ്പയുടെ തീരത്ത് കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം നടന്ന ദിവസം തന്നെ ഡല്‍ഹിയില്‍ ആര്‍കെ പുരം സെക്ടര്‍ രണ്ടിലെ അയ്യപ്പക്ഷേത്ര പരിസരത്ത് വിവിധ ഹിന്ദു സംഘടനകള്‍ അയ്യപ്പ സംഗമം നടത്തി. ലിംഗസമത്വത്തിന്‍റെയും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും മറപിടിച്ച് വിശ്വാസത്തെയും സനാതനധര്‍മത്തെയും നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു സംഗമത്തില്‍ പങ്കെടുത്ത സുഷമ്മാ സ്വരാജിന്‍റെ മകളും, ലോക്സഭാംഗവുമായ ബാസുരി സ്വരാജ് പറഞ്ഞു. ജനം ടി.വി.യുടെ നേത്യത്ത്വത്തിലാണ് പരിപാടി നടന്നത്. ബാലഗോകുലം, നവോദയ, പാഞ്ചജന്യം, എന്‍ എസ്.എസ്, എസ്.എന്‍.ഡി.പി, പുലയ മഹാസഭ, ഗായത്രി, വിശ്വകര്‍മ്മ സഭ, ക്ഷേത്ര സമിതികള്‍, അയ്യപ്പ പൂജാ സമിതികള്‍ തുടങ്ങി ഡല്‍ഹിയിലേയും സമീപ പ്രദേശങ്ങളിലേയും കലാ സാംസ്കാരിക, ഹിന്ദു സംഘടനകള്‍ അയ്യപ്പ സംഗമ പരിപാടിയുടെ ഭാഗമായിരുന്നു. സര്‍ക്കാരിന്‍റെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായല്ല മറിച്ച് അയ്യപ്പ സംഗമം പ്രവാസി മലയാളികളുടെ ഒരു കൂട്ടായ്മയുടെ ശക്തി തെളിയിക്കുന്ന ഒന്നായിരുന്നു എന്ന് സംഘാടക സമിതി ചെയര്‍മാന്‍ ബാബു പണിക്കര്‍ പറഞ്ഞു. ഈ സംഗമം ആരോടും ഉള്ള വെല്ലുവിളിയല്ല. അവകാശങ്ങള്‍ നേടിയെടുക്കുകയും ലഭിക്കേണ്ട ന്യായമായ കാര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നതിന് ഒരു കൂട്ടായ്മയുടെ ആവശ്യം വളരെ വലുതാണ്. സര്‍ക്കാരിന്‍റെ കണ്ണുതുറപ്പിക്കുവാനും ന്യായമായി ലഭിക്കേണ്ടതെല്ലാം നേടിയെടുക്കുവാനും ഈ കൂട്ടായ്മ തുടര്‍ന്നും പ്രവര്‍ത്തിക്കും എന്നുള്ള കാര്യത്തില്‍ സംശയമില്ല എന്നും അദ്ദേഹം പറഞ്ഞു.

ചെറുവയല്‍ രാമന്‍റെ ജീവിതം പറഞ്ഞ് നെകല്‍

ദേശീയചലചിത്ര പുരസ്കാരം നേടിയ ഡോക്യുമെന്‍ററി 'നെകല്‍' കേരള ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ പ്രദര്‍ശിപ്പിച്ചു. നെല്‍വിത്തുകളുടെ സംരക്ഷകനും പരമ്പരാഗത കര്‍ഷകനുമായ പദ്മശ്രീ ചെറുവയല്‍ രാമന്‍റെ ജീവിതം ആധാരമാക്കിയ ഡോക്യുമെന്‍ററി മാധ്യമപ്രവര്‍ത്തകനായ എം.കെ.രാമദാസാണ് സംവിധാനം ചെയ്തത്. വയനാട് പാര്‍ലമെന്‍റ് അംഗമായ പ്രിയങ്ക ഗാന്ധി ചെറുവയല്‍ രാമന്‍റെ തോളില്‍ പിടിച്ച് നടക്കുന്ന ചിത്രം സമീപകാലത്ത് ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഡോക്കുമെട്രിയിലെ വയനാടിന്‍റെ പച്ചപ്പും, നാല്‍പതോളം രേഖാചിത്രങ്ങളും, കഥപറച്ചിലും വേറിട്ട അനുഭവമായിരുന്നു. ദേശിയ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ എത്തിയ ഡോക്കുമെന്‍ട്രിയുടെ സംവിധായകന്‍ എം.കെ.രാമദാസിനെയും,  ക്യാമറ ചെയ്ത മനോജ് പുതുപ്പാടിയേയും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്‍റെ നേതൃത്വത്തില്‍ ആദരിച്ചു.