പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
ആഗസ്റ്റ് 30
ഡി. വിജയമോന്‍റെ രാഷ്ട്രീയ പുസ്തക ശേഖരം എം. എ. ബേബിക്ക്
അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡി. വിജയമോഹന്‍റെ സ്വകാര്യ ശേഖരത്തിലെ രാഷ്ട്രീയ ഗ്രന്ഥ ശേഖരം സി.പി.എം. ജനറല്‍ സെക്രട്ടറി എം. എ. ബേബിക്ക് കൈമാറി. ഡി. വിജയമോഹന്‍റെ ഭാര്യ ജയശ്രീയും, മകന്‍ വിഷ്ണുവും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം ഇന്ദ്രപ്രസ്തയിലെ വീട്ടില്‍ വെച്ച് പുസ്തക ശേഖരങ്ങള്‍ എം. എ. ബേബിക്ക് കൈമാറിയത്. ഇ.എം.എസ്, സി. അച്യുതമേനോന്‍, ബല്‍റാം തുടങ്ങി ആദ്യകാല രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഗ്രന്ഥങ്ങളാണ് ശേഖരത്തില്‍ ഉള്ളത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍. അശോകന്‍, കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍പേഴ്സണ്‍ സുധീര്‍നാഥ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. യുവജന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സമയം മുതലുള്ള വ്യക്തി ബന്ധമാണ് തനിക്ക് ഡി. വിജയമോഹനുമായിട്ടുള്ളത് എന്ന് എം. എ. ബേബി പറഞ്ഞു. വ്യക്തിബന്ധം അദ്ദേഹം ഒരിക്കലും തന്‍റെ മാധ്യമ പ്രവര്‍ത്തന രംഗത്ത് പ്രതിഫലിപ്പിച്ചിരുന്നില്ല എന്നുള്ളത് എടുത്തു പറയേണ്ട സവിശേഷതയാണ്. വിമര്‍ശിക്കേണ്ട സമയത്ത് വിമര്‍ശിച്ചും, അഭിനന്ദിക്കേണ്ട സമയത്ത് അഭിനന്ദിച്ചും ഡി. വിജയമോഹന്‍ പിന്തുടര്‍ന്ന ശൈലി മാതൃകയായിരുന്നു. എം.എ. ബേബി പറഞ്ഞു. ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തനത്തില്‍ മലയാളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ സാരഥിയാരായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചവരാണ് ഡി. വിജയമോഹനും, എന്‍. അശോകനും. തന്‍റെ ഏറ്റവും അടുത്ത സുഹ്യത്തും ഉപദേശകനുമായിരുന്നു ഡി. വിജയമോഹനെന്ന് എന്‍. അശോകന്‍ പറഞ്ഞു. വ്യക്തി ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ വിജയമോഹന്‍ മാത്യകയാണ്. രാഷ്ട്രപതിമാരും, പ്രധാനമന്ത്രിമാരും, നേതാക്കളും, സാധാരണ ജനങ്ങളുമായി ഒരേപോലെ പെരുമാറുന്ന വ്യക്തിത്വമായിരുന്നു വിജയമോഹന്‍റേതെന്ന് എന്‍. അശോകന്‍ പറഞ്ഞു.
ബ്ലൂ എക്കണോമി കോണ്‍ക്ലേവ് കേരളത്തില്‍
കേന്ദ്ര-കേരള സര്‍ക്കാരുകളും യൂറോപ്യന്‍ യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള-യൂറോപ്യന്‍ യൂണിയന്‍(ഇ.യു) ബ്ലൂ എക്കണോമി കോണ്‍ക്ലേവ് 2025 സെപ്റ്റംബര്‍ 18-19 തീയതികളില്‍ തിരുവനന്തപുരം കോവളത്തുള്ള ദി ലീല റാവിസില്‍ വെച്ച് നടക്കും. ബ്ലൂ എക്കണോമി കോണ്‍ക്ലേവ് 2025 - "ബ്ലൂ ടൈഡ്സിന്‍റെ ഏകോപനവും സംഘാടനവും സംസ്ഥാന ഫിഷറീസ് വകുപ്പിനാണ്. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുടെ അംബാസഡര്‍മാര്‍, മുതിര്‍ന്ന നയരൂപകര്‍ത്താക്കള്‍, നയതന്ത്രജ്ഞര്‍, വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, ബ്ലൂ എക്കണോമി മേഖലയിലെ വിദഗ്ദ്ധര്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഉന്നതതല പരിപാടിയാണിത്. ബ്ലൂ എക്കണോമിയിലെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ച ചെയ്യാനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. സമുദ്ര മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍, തീരദേശ അടിസ്ഥാന സൗകര്യങ്ങള്‍, സര്‍ക്കുലര്‍ എക്കണോമി, ഊര്‍ജ്ജ സംക്രമണം, സ്മാര്‍ട്ട് പോര്‍ട്ടുകള്‍, ടൂറിസം, വിദ്യാഭ്യാസം, നൈപുണ്യ വികസനം തുടങ്ങിയ വിഷയങ്ങളില്‍ സെഷനുകള്‍ ഉണ്ടായിരിക്കും. കൂടാതെ, സാംസ്കാരിക പരിപാടികളും നെറ്റ്വര്‍ക്കിംഗ് അവസരങ്ങളും ഈ കോണ്‍ക്ലേവിന്‍റെ ഭാഗമായി ഉണ്ടാകും. ഇന്ത്യ-കേരള-ഇ.യു പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും, സുസ്ഥിരമായ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും, ബ്ലൂ എക്കണോമിയിലെ സഹകരണത്തിനും നൂതന ആശയങ്ങള്‍ക്കുമുള്ള ഒരു കേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടുന്നതിനുമുള്ള ഒരു വേദി കൂടിയായിരിക്കും ഈ പരിപാടി.
പ്രധാന്‍ പതി: മനീഷ് ഗുപ്ത
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഭര്‍ത്താവാണ് മനീഷ് ഗുപ്ത. ഡല്‍ഹിയിലെ സര്‍ക്കാര്‍ യോഗങ്ങളില്‍ മുഖ്യമന്ത്രിയോടൊപ്പം സ്ഥിരമായി ഭര്‍ത്താവ് മനീഷ് ഗുപ്ത പങ്കെടുക്കുന്നു എന്നതാണ് ഇപ്പോള്‍ രാജ്യ തലസ്ഥാനത്തെ പ്രധാന ചര്‍ച്ച. പ്രധാന്‍ പതി എന്നാണ് ആംആദ്മി പാര്‍ട്ടി മനീഷ് ഗുപ്തയെ വിശേഷിപ്പിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നത്. വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ സ്ത്രീ സംവരണം സര്‍ക്കാര്‍ കര്‍ശനമാക്കിയപ്പോള്‍ സ്വന്തം ഭാര്യമാരെ സ്ഥാനങ്ങളില്‍ ഇരുത്തി ഭര്‍ത്താക്കന്മാര്‍ ഭരിക്കുന്ന ഒട്ടേറെ പ്രദേശങ്ങള്‍ ഉണ്ട്. അങ്ങനെയുള്ള പ്രദേശങ്ങളിലെ ഭര്‍ത്താക്കന്മാരെ വിളിക്കുന്ന പേരാണ് പ്രധാന്‍ പതി എന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും മുഖ്യമന്ത്രിയുടെ ഭര്‍ത്താവ് വന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് വിദ്യാഭ്യാസ നിലവാരവും സാംസ്കാരിക നിലവാരവും ഉയര്‍ന്നുനില്‍ക്കുന്ന പ്രദേശമാണ് ഡല്‍ഹിയി എന്നതുകൊണ്ട് മാത്രമാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ വേദികളില്‍ ഒന്നും മുഖ്യമന്ത്രിയുടെ ഭര്‍ത്താവ് പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും, ഭരണപരമായ പല യോഗങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്നു എന്നുള്ളതാണ് ഏറ്റവും വലിയ ആക്ഷേപം. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു മുഖ്യമന്ത്രിമാരെ നിയമിച്ചിട്ടുണ്ട് എന്നാണ് ആംആദ്മി നേതാവ് സഞ്ജയ് സിംഗിന്‍റെ പരിഹാസം. രേഖ ഗുപ്ത മുഖ്യമന്ത്രി. അവരുടെ ഭര്‍ത്താവ് മനീഷ് ഗുപ്ത സൂപ്പര്‍ മുഖ്യമന്ത്രി എന്നുമാണ് ആരോപണം.
ഡല്‍ഹിലോടുന്ന മോസ്ക്കിറ്റോ ട്രെയിന്‍
ഡല്‍ഹിയില്‍ തീവണ്ടിയോടിച്ച് കൊതുക് നശീകരണം നടത്തുന്ന പദ്ധതിക്ക് ഡല്‍ഹി മുനിസിപ്പല്‍ കേര്‍പ്പറേഷന്‍ (എം.സി.ഡി.) തുടക്കം കുറിച്ചിരിക്കുന്നു. റെയില്‍വേ പാളത്തിന്‍റെ ഇരുവശത്തും വ്യാപകമായി കൊതുക് നിവാരണം നടത്തുന്ന പദ്ധതിയാണ് ഇത്. റെയില്‍വേ പാളങ്ങള്‍ ഉള്ളിടത്ത് മാത്രമാണ് പദ്ധതി നടപ്പാകുകയുള്ളൂ. റെയില്‍വേ പാളങ്ങളുടെ ഇരുവശങ്ങളിലുമുള്ള സ്ഥലവും, വൃത്തിഹീനവുമായി കിടക്കുന്ന റെയില്‍വേ ഭൂമിയിലും കൊതുകള്‍ പെരുകുന്നു എന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഡല്‍ഹിയില്‍ ചിക്കന്‍ഗുനിയും, ഡെങ്കുവും മറ്റ് കൊതുക് പരത്തുന്ന രോഗങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നടപടിയുമായി റെയില്‍വേ വകുപ്പുമായി സഹകരിച്ച് ഡല്‍ഹി മുനിസിപ്പല്‍ കേര്‍പ്പറേഷന്‍ മുന്നോട്ടുപോകുന്നത്. മുന്‍ വര്‍ഷങ്ങളിലും ഈ പദ്ധതി നടപ്പിലാക്കി വിജയിച്ചിട്ടുണ്ട്. തീവണ്ടി ബോഗികള്‍ക്ക് പകരമായി പ്രത്യേകം നിര്‍മിച്ച വാഗണില്‍ ടാങ്കര്‍ ലോറികള്‍ കയറ്റിയാണ് മോസ്ക്കിറ്റോ ട്രെയിനുകളാക്കുന്നത്. ട്രെയിന്‍ കടന്നു പോകുന്ന ട്രാക്കിലും ട്രാക്കിന്‍റെ ഇരുവശങ്ങളിലും പരിസരത്തും കൊതുക് നിവാരണത്തിനായി രാസവസ്തുക്കള്‍ ടാങ്കറില്‍ നിന്ന് സ്പ്രേ ചെയ്യും. റെയില്‍വേ പാളത്തിന്‍റെ ഇരുവശങ്ങളിലും ഒരാള്‍പൊക്കത്തില്‍ പുല്ലുകള്‍ കാടു പിടിച്ച് കിടക്കുന്നത് കൊതുക്കിന്‍റെ എണ്ണം പെരുകാന്‍ കാരണമാണെന്ന് റിപ്പോട്ടുകള്‍ ഉണ്ടായിരുന്നു. ഈ പ്രദേശങ്ങളില്‍ കൊതുകുനാശിനി സ്പ്രേ ചെയ്യാന്‍ മോസ്കിറ്റോ ട്രെയിന്‍ സഹായിക്കുമെന്ന് എം.സി.ഡി. അധികൃതര്‍ പറയുന്നു. റെയില്‍വേ ട്രാക്കുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലും, റെയില്‍വേ സ്റ്റേഷനുകളിലും കൊതുകിന്‍റെ ശല്യം അതിരൂക്ഷമാണെന്നുള്ള റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ വരുന്നുണ്ട്. ആഗസ്റ്റ് മാസം തുടങ്ങിയ പദ്ധതി സെപ്റ്റംബര്‍ അവസാനം വരെ ഡല്‍ഹിയിലെ റെയില്‍ പാതകളുള്ള എല്ലാ പ്രദേശങ്ങളിലും എല്ലാ ദിവസവും നടപ്പിലാക്കുമെന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരിക്കുന്നത്.
ഡല്‍ഹി ഓണമാണോണം
ചിങ്ങമാസം ഒന്നാം തീയതി മുതല്‍ തന്നെ ഡല്‍ഹിയിലെ ഓണാഘോഷം തുടക്കം കുറിക്കുകയായി. ഡല്‍ഹിയും സമീപപ്രദേശമായ എന്‍സിആറിലും എല്ലാ ദിവസവും ശരാശരി ഒരു ഡെസനിലേറെ ഓണസദ്യകള്‍ നടക്കുന്നു എന്നാണ് കണക്ക്. ഏതാണ്ട് ആയിരത്തിലേറെ ഓണസദ്യകള്‍ ഇതിനകം നടന്നുകഴിഞ്ഞു എന്നും പറയുന്നു. ലോകത്ത് എവിടെയാണെങ്കിലും മലയാളികളുടെ അഭിമാനമാണ് ഓണം. കേരളത്തിന് അകത്തും പുറത്തും ജാതിമത ഭേദമന്യേ മലയാളികള്‍ ഒന്നു ചേര്‍ന്ന് കൊണ്ടാടുന്ന ആഘോഷമാണ് ഓണം. എല്ലാവരും സന്തുഷ്ടിയോടെ ഓണം ആഘോഷിക്കുന്നുവെന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. എന്തായാലും കേരളസര്‍ക്കാരടക്കം ഡല്‍ഹിയിലെ പ്രധാനപ്പെട്ട എല്ലാ റസ്റ്റോറന്‍റുകളും ഓണസദ്യ ഒരുക്കി എന്നുള്ളതാണ് വിശേഷം. വിവിധ മതസ്ഥാപനങ്ങളിലും, ആരാധനാ കേന്ദ്രങ്ങളിലും കേരളത്തിലെ മതമൈത്രിയുടെ സന്ദേശം വിളിച്ചോതുന്ന ഓണസദ്യകള്‍ എടുത്തു പറയേണ്ടതാണ്. വര്‍ത്തമാന കാലത്ത് ഏറെ പ്രസക്തവുമാണ് ഈ സന്ദേശം എന്ന കാര്യത്തില്‍ സംശയവുമില്ല. ഓണം എന്ന മലയാളിയുടെ ആഘോഷം ഇന്ന് ഇന്ത്യയുടെ അറിയപ്പെടുന്ന ആഘോഷങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. മലയാളികള്‍ മാത്രമല്ല ഓണസദ്യ ഉണ്ണാന്‍ ഇന്ത്യയുടെ പല ദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ രാജ്യ തലസ്ഥാനത്തെ പലയിടങ്ങളിലായി എത്തുന്നു എന്നുള്ളതും എടുത്തു പറയേണ്ട കാര്യമാണ്. ഇതില്‍ പലരും കേരളത്തിന്‍റെ തനിമയുള്ള കസവ്മുണ്ടും, ജുബ്ബയും, കസവ് സാരിയും ഒക്കെ ധരിച്ച് എത്തുന്ന കൗതുക കാഴ്ച കാണാവുന്നതുമാണ്. സിക്ക് സമുദായത്തില്‍ നിന്നുള്ള അംഗങ്ങള്‍ തലപ്പാവും കസവുമുണ്ടും ഉടുത്ത് ഓണസദ്യയ്ക്ക് എത്തുന്നത് കൗതുക കാഴ്ച തന്നെ. ഓണാഘോഷത്തിന്‍റെ ഭാഗമായി കേരള ഹൗസില്‍ സര്‍ക്കാര്‍ ഒരുക്കിയ ഓണസദ്യയില്‍ ദിവസവും ശരാശരി 1200 ഓളം പേര്‍ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട അതിഥികളും കേരള ഹൗസ് ജീവനക്കാര്‍ക്കുമായി തയ്യാറാക്കിയ സദ്യ വേറെയും ഉണ്ടായിരുന്നു. ഡല്‍ഹിയിലെ കേരള ഹൗസ് അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലും പാന്‍ട്രിയിലും കോണ്‍ഫറന്‍സ് ഹാളിലുമായിട്ടാണ് സദ്യ വിളമ്പിയത്. രാജ്യതലസ്ഥാനത്തെ ഓണസദ്യ നവംബര്‍ വരെ നീളുന്നതാണ് പതിവ്.
