നിര്‍മ്മിത ബുദ്ധിയുടെ സ്വാധീനം എല്ലാ രംഗത്തും

നിര്‍മ്മിത ബുദ്ധിയുടെ സ്വാധീനം എല്ലാ രംഗത്തും

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


നിര്‍മ്മിത ബുദ്ധി അഥവാ എ.ഐയുടെ സ്വാധീനം ഇന്ന് ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ലോകത്തെ എല്ലാ മേഖലകളിലും നിര്‍മ്മിത ബുദ്ധിയുടെ സ്വാധീനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. 21ാം നൂറ്റാണ്ട് വളരെ ചലനാത്മകവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമായ ഒരു കാലമായി മാറിയിരിക്കുന്നു. സാങ്കേതികവിദ്യ ഓരോ നിമിഷവും അതീവ വേഗതയില്‍ വികസിച്ച് മാറ്റങ്ങള്‍ സ്യഷ്ടിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രജ്ഞര്‍ എക്കാലത്തേക്കാളും കഠിനാധ്വാനം ചെയ്യ്തുകൊണ്ടിരിക്കുന്നു. രസകരമായ കാര്യങ്ങള്‍ എപ്പോഴും പ്രത്യക്ഷപ്പെടുന്നു. മനുഷ്യ ചിന്തയെ അനുകരിക്കാന്‍ യന്ത്രങ്ങളെ അനുവദിക്കുന്ന സാങ്കേതികവിദ്യയാണ് എ.ഐ. മനുഷ്യന്‍റെ, സംസാരം തിരിച്ചറിയുക, വാചകങ്ങള്‍ വിശകലനം ചെയ്യുക, ഡാറ്റയിലെ പാറ്റേണുകള്‍ കണ്ടെത്തുക, ഉപയോക്തൃ പെരുമാറ്റം പോലും പ്രവചിക്കുക. ഇത് അതിശയകരമല്ല - ഇവ ഇന്ന് ബിസിനസുകള്‍ക്ക് സമയം ലാഭിക്കാനും ചെലവ് കുറയ്ക്കാനും കൃത്യമായ തീരുമാനങ്ങള്‍ എടുക്കാനും സഹായിക്കുന്ന പ്രായോഗിക ഉപകരണങ്ങളാണ്.

ഒരു ഡോക്ടര്‍ ഒരു രോഗിയെ പരിശോധിക്കുമ്പോള്‍ രോഗനിര്‍ണയത്തിന് പ്രധാന ഘടകമാണ് അദ്ദേഹത്തിന്‍റെ ആരോഗ്യ രംഗത്തെ പഠനത്തിലൂടെ ലഭിച്ച അറിവ്. എന്നാല്‍ ഇപ്പോള്‍ ഒരു രോഗിയുടെ രോഗനിര്‍ണയത്തിന് സാങ്കേതികവിദ്യ കൃത്യമായ പരിഹാരം കണ്ടെത്തുന്നു എന്നുള്ളതാണ് നിലവിലെ സാഹചര്യം. എ.ഐ. സാങ്കേതിക വിദ്യ അത്ഭുതങ്ങളാണ് ആരോഗ്യ രംഗത്ത് നടത്തുന്നത്. ഇത് ആരോഗ്യ രംഗത്തുള്ള വിപ്ലവകരമായ ഒരു മാറ്റമായി സൂചിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആശങ്കയോട് കൂടി തന്നെയാണ് ഈ ഒരു മാറ്റത്തെ കാണുന്നത്.

രോഗ നിര്‍ണയത്തിന് സാധാരണയായി ഉപയോഗിക്കുന്ന എക്സറേയിലും മറ്റാധുനിക സാങ്കേതിക വിദ്യകളുള്ള എം.ആര്‍.ഐയിലും, സിറ്റി സ്കാനിലും മറ്റുമുള്ള എ.ഐയുടെ കടന്നുകയറ്റം വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. രക്ത, മുത്ര, കഫം പരിശോധനകളില്‍ പോലും നിര്‍ണായക തീരുമാനങ്ങളില്‍ എത്തുവാന്‍ എ.ഐ. സഹായിക്കുന്നുണ്ട്. മനുഷ്യന്‍ ഒരു തീരുമാനത്തിലെത്തുന്നതിനേക്കാള്‍ കൃത്യതയോടെ എ.ഐ. സാങ്കേതികവിദ്യയുടെ പിന്തുണ ഉപയോഗിച്ച് രോഗ നിര്‍ണയം നടത്താന്‍ സാധിക്കുന്നു. കൃത്യത എന്നുള്ളതാണ് ഏറ്റവും സ്വീകാര്യമായ കാര്യം. 

ആരോഗ്യ രംഗത്തെക്കുറിച്ച് കൃത്യമായ അറിവുള്ള ഒരു വ്യക്തിക്ക് എ.ഐയുടെ സഹായത്തോടു കൂടി വളരെ കൃത്യമായ രോഗനിര്‍ണയം നടത്തുവാന്‍ സാധിക്കും എന്നുള്ളതാണ് നാം മനസ്സിലാക്കേണ്ടത്. എ.ഐയുടെ വരവോടുകൂടി ആരോഗ്യ രംഗത്ത് മാത്രമല്ല ഏത് രംഗത്തം  അവരുടെ തൊഴില്‍ നഷ്ടപ്പെടും എന്നുള്ളത് തെറ്റായ ഒരു ആശങ്കയാണ്. കുറെ പേര്‍ക്ക് ജോലി പോകും എന്നുള്ളത് സത്യമാണ്. പക്ഷെ, അതാത് രംഗത്ത് കഴിവുള്ളവര്‍ക്ക് അവരുടെ ജോലി വേഗതയിലാക്കാനും കൃത്യതയാക്കാനും എ.ഐ. സഹായിക്കും.

ട്യൂമറുകള്‍ കൂടുതല്‍ കൃത്യതയോടെ കണ്ടത്താന്‍ എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പുതിയ ഇമേജിങ് രീതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐ.ഐ.എസ്സി) ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബാംഗളൂരുള്ള ബയോ എന്‍ജിനീയറിങ് വിഭാഗം വികസിപ്പിച്ച ജി.പി.സി. തന്മാത്ര താരതമ്യേന സുരക്ഷിതമായ ഇമേജിങ് സാങ്കേതിക വിദ്യയായ ഫോട്ടോഅക്കോസ്റ്റിക് ടോമോ ഗ്രഫിയില്‍ ഉപയോഗിക്കാന്‍ കഴിയും. സ്കാന്‍ ചെയ്യുന്നതിനുള്ള ചെലവു കുറയുമെന്നതിനു പുറമെ റേഡിയേഷന്‍റെ അപകടസാ ധ്യതയുമില്ല. ആരോഗ്യമേഖലയിലെ വലിയ മാറ്റങ്ങളാണ് ഓരോ ദിവസവും സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ആരോഗ്യ രംഗത്തെ സ്വാധീനത്തെ കുറിച്ച് പറഞ്ഞതിന്‍റെ മുഖ്യകാരണം, അവിടെയാണ് എ.ഐ. ഉപയോഗം വലിയ അളവില്‍ കടന്നു കയറിയിരിക്കുന്നത് എന്നത് കൊണ്ടാണ്. മാധ്യമ ലോകത്ത് വലിയ രീതിയിലാണ് എ.ഐയുടെ കടന്നുകയറ്റം സംഭവിച്ചിരിക്കുന്നത്.  ഇന്ന് മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പലരും എ.ഐ. സഹായം തേടിയാണ് പല രചനകളും സമ്പന്നമാക്കുന്നത്. അവര്‍ ഏത് വിഷയത്തിലാണോ ലേഖനമോ, കുറിപ്പോ എഴുതുന്നത്, എഴുതുന്ന വിഷയത്തിലും, മേഖലയിലും അല്പമെങ്കിലും അറിവുള്ളവര്‍ ആയിരിക്കണം എന്നൊന്നുണ്ട്. എ.ഐ. സഹായത്താല്‍ ലഭിക്കുന്നത് നമ്മള്‍ ഉദ്ദേശിച്ചത് തന്നെയാണോ എന്ന തിരിച്ചറിവും, അതിനെ മിനുസപ്പെടുത്താനുള്ള കഴിവും ആവശ്യമാണ്. 

മുന്‍കാലങ്ങളില്‍ ഗൂഗിള്‍ സെര്‍ച്ചില്‍ നമ്മള്‍ ഒരു വിഷയം തിരയുമ്പോള്‍ ആ വിഷയവുമായി ബന്ധപ്പെട്ടിട്ടുള്ള ഒട്ടേറെ ലേഖനങ്ങളാണ് നമുക്ക് മുന്നില്‍ ലഭിക്കുക. എ.ഐ. വന്നതോടുകൂടി ഈ ഒട്ടേറെ ലേഖനങ്ങളില്‍ നിന്നും നമ്മള്‍ പറഞ്ഞിരിക്കുന്ന വിഷയത്തില്‍ കേന്ദ്രീകൃതമായ കാര്യങ്ങള്‍ ക്രോഡീകരിച്ച് ഒരുമിച്ച് തരുന്നു എന്നുള്ള വ്യത്യാസം മാത്രമാണ് ഉള്ളത്. അതുകൊണ്ടുതന്നെ അതൊരു പൂര്‍ണമായ ലേഖനമോ, കുറിപ്പോ ആണെന്ന് പരിഗണിക്കുവാന്‍ സാധിക്കുകയുമില്ല. മാനുഷികമായ ഇടപെടലുകളുടെ ആവശ്യം ഇവിടെ ഉണ്ട്.

വിവര്‍ത്തന രംഗത്ത് വന്ന വിപ്ലവകരമായ മറ്റൊരു കാര്യവും ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. എ.ഐ വന്നതോടെ ഇന്ത്യയിലെ എല്ലാ ഭാഷകളിലേയ്ക്കും വിവര്‍ത്തനം സാധ്യമായിട്ടുണ്ട്. അതിന് ഇന്ത്യയിലെ പ്രോഗാമില്‍ ഇടപെടുന്ന മിടുക്കരായ യുവതലമുറയെ അഭിനന്ദിക്കണം. എങ്കിലും ഇന്ന് അതിന്‍റെ ശൈശവ ദിശയില്‍ ആണെന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ട്. ഓരോ ദിവസവും അതിന് വളര്‍ച്ച സംഭവിക്കുന്നു എന്നും സൂചിപ്പിക്കണമല്ലോ. ഭാഷയെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലെങ്കില്‍ അത് വലിയ മണ്ടത്തരങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. സാമാന്യ പരിജ്ഞാനം ഭാഷാപരമായി ഈ മേഖലയില്‍ ഉണ്ടായിരിക്കണം എന്നുള്ളത് ഒരു ആവശ്യമായി തീര്‍ന്നിരിക്കുന്നു. വിവര്‍ത്തനം ചെയ്യപ്പെടുന്ന വാക്ക് ഉപയോഗിച്ചിരിക്കുന്ന സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമാണെന്ന തിരിച്ചറിവ് ആവശ്യം വേണ്ടതാണ്.

കോടതികളിലാണ് എ.ഐയുടെ സഹായം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. പല അഭിഭാഷകരും എ.ഐയുടെ സഹായത്താലാണ് അഫഡവിറ്റ് തയ്യാറാക്കുന്നത്. നിയമപരമായ ജ്ഞാനം തീര്‍ച്ചയായും എ.ഐ. ടൂളുകളുടെ സഹായം ഉപയോഗിക്കുമ്പോള്‍ ഉണ്ടെങ്കില്‍ മാത്രമേ മികച്ച രീതിയില്‍ അഫഡവിറ്റ് തയ്യാറാക്കുന്നതിന് സാധിക്കൂ. ഓരോ ദിവസം ചെല്ലുംതോറും എ.ഐയുടെ പെര്‍ഫോമന്‍സ് മികച്ച രീതിയിലേക്ക് ആയിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ലഭിക്കുന്ന ഒരു ഫലമായിരിക്കില്ല ഒരു ആറുമാസത്തിനുശേഷം നമ്മള്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുക. 

കലാരംഗത്തും എ.ഐയുടെ സ്വാധീനം എത്തിയിരിക്കുന്നു. ഒരു കവിത ലഭിച്ചു എന്നിരിക്കട്ടെ. എ.ഐയുടെ സഹായത്താല്‍ ഈ കവിതയ്ക്ക് സംഗീതം നല്‍കാന്‍ എ.ഐക്ക് സാധിക്കും. ഈ കവിതയ്ക്ക് സംഗീതം നല്‍കുന്നത് ഒരു സംഗീതജ്ഞന്‍ ആണെങ്കില്‍ അദ്ദേഹം നല്‍കുന്ന സംഗീതം കുറച്ചുകൂടി മികച്ച രീതിയില്‍ ആക്കുവാന്‍ എ.ഐയ്ക്ക് സാധിക്കും. ഈ വരികള്‍ നിങ്ങളില്‍ ഒരാള്‍ പാടുകയും അത് പിന്നീട് എ.ഐ സഹായത്താല്‍ കുറച്ചുകൂടി നല്ല രീതിയില്‍ ആക്കുവാന്‍ എ.ഐയുടെ സാങ്കേതികവിദ്യ തേടിയാല്‍ സാധിക്കും. എന്തിനേറെ പറയുന്നു നിങ്ങള്‍ പാടിയ പാട്ട് ഗാനഗന്ധര്‍വ്വന്‍ യേശുദാസ് പാടുന്നതായി മാറ്റുന്നതിനും സാധിക്കും എന്നുള്ളിടത്താണ് അപകടം ഒളിഞ്ഞിരിക്കുന്നത്. പല അവസരങ്ങളിലും ഈ അപകടം ആശങ്കയ്ക്ക് കാരണമാകുന്നുമുണ്ട്.

ചിത്രരചന രംഗത്തും എ.ഐ. സ്വാധീനം അതിഭീകരമായി സംഭവിച്ചിരിക്കുന്നു എന്നുള്ളത് ചിത്രകാരന്മാര്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിരിക്കുന്നു. ചിത്രകാരനോ, കാര്‍ട്ടൂണിസ്റ്റോ അല്ലാത്ത ആള്‍ക്കും ചിത്രങ്ങളും, കാര്‍ട്ടൂണുകളും ഉണ്ടാക്കാം എന്നായിരിക്കുന്നു. ഒരു ചിത്രം നിര്‍മ്മിക്കാന്‍ എ.ഐയുടെ സാങ്കേതിക വിദ്യ അറിഞ്ഞാല്‍ മതി. എ.ഐയ്ക്ക് നന്നായി നിര്‍ദ്ദേശം കൊടുക്കാന്‍ സാധിക്കുക എന്നതാണ് വേണ്ട കഴിവ്. ഇത് ആശങ്കകള്‍ക്ക് വക നല്‍കുന്നു എന്നുള്ളതിന് സംശയമില്ല. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം നടന്ന കേരള കാര്‍ട്ടൂണ്‍ അക്കാദമി കേരളത്തിലെ തിരഞ്ഞെടുത്ത കാര്‍ട്ടൂണിസ്റ്റുകള്‍ക്കായി മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന നൈപുണ്യ വികസന ഓറിയന്‍റേഷന്‍ ക്യാമ്പ് നടത്തിയിരുന്നു. എ.ഐ, ഡിജിറ്റല്‍ ഡ്രോയിങ്ങ് എന്നീ ആധുനിക സാങ്കേതിക വിദ്യകള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂണ്‍സ് ക്രാഫ്റ്റ്@കോവളം എന്ന പേരില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. അവിടെ എത്തിയ എ.ഐ വിദ്ധക്തര്‍ പറയുന്നത് ആശങ്കകള്‍ക്ക് ഒരു കാരണവും ഇല്ലെന്ന് തന്നെയാണ്. മികച്ച രീതിയില്‍ കാരിക്കേച്ചറുകളും കാര്‍ട്ടൂണുകളോ വരയ്ക്കാന്‍ അറിയുന്ന ഒരാള്‍ക്ക് അതിമനോഹരമാക്കി തന്‍റെ രചനകളെ എ.ഐ. സഹായത്താല്‍ മാറ്റാന്‍ സാധിക്കും. അതും വേഗതയില്‍. സാങ്കേതിക വിദ്യയുടെ പരിജ്ഞാനം അതിന് ഉപകരിക്കുമെന്ന തിരിച്ചറിവ് അവര്‍ക്ക് ഉണ്ടാക്കി കൊടുക്കുവാന്‍ സാധിക്കണം. ആശയങ്ങള്‍, നര്‍മ്മങ്ങള്‍ തുടങ്ങിയവ യന്ത്രങ്ങളെ കൊണ്ട് ചെയ്യിക്കാന്‍ പറ്റിലല്ലോ....