പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
ആഗസ്റ്റ് 15
സോഷ്യലിസവും മതേതരവും ഔട്ട്
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം തന്നെ ഇപ്പോള്‍ തിരുത്തിയിരിക്കുന്നു. സോഷ്യലിസവും മതേതരത്ത്വവും ആമുഖത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തിരിക്കുന്നു. മാറ്റം വരുത്തിയ ഇന്ത്യന്‍ ഭരണഘടനയുടെ കോപ്പികള്‍ ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രമുഖര്‍ക്കും വിതരണം ചെയ്തത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ലോക്സഭാ സ്പീക്കര്‍ വിതരണം ചെയ്ത ആമുഖത്തില്‍ മാറ്റം വരുത്തിയ ഭരണഘടന നിയമവിരുദ്ധവും ഭരണഘടനയോടും ഉന്നത നീതിപീഠത്തോടുള്ള അവഹേളനം ആണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. സോഷ്യലിസവും, മതേതരവും എന്ന വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്ത 1976 ലെ 42 ാം ഭരണഘടന ഭേദഗതി സുപ്രീംകോടതി നേരത്തെ ശരി വെച്ചിരുന്നു. ഭരണഘടനയില്‍ സോഷ്യലിസവും മതേതരത്ത്വവും ആമുഖത്തില്‍ ചേര്‍ത്തതിനെ അന്ന് മുതല്‍ ആര്‍.എസ്.എസ്. എതിര്‍ത്തിരുന്നു എന്നത് ഇപ്പോഴത്തെ സാചര്യത്തില്‍ ചേര്‍ത്ത് വായിക്കാവുന്നതാണ്. ഇന്ത്യയില്‍ വിവിധ മതങ്ങളിലുള്ളവര്‍ സൗഹാര്‍ദ്ദമായി കഴിയുന്നതിനിടയില്‍ വര്‍ഗീയ വിഷം വിതറുന്ന പതിവ് കുറച്ച് കാലമായി കാണാവുന്നതാണ്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടാണ് ആമുഖത്തിലെ തിരുത്തും വെട്ടലും. ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നിവ കൂട്ടിച്ചേര്‍ത്ത നടപടിയെ ചോദ്യം ചെയ്ത് നല്‍കിയ പുതുതാല്‍പര്യ ഹര്‍ജികള്‍ 2024 നവംബറില്‍ സുപ്രീംകോടതിയുടെ ഡിവിഷന്‍ ബഞ്ച് തള്ളുകയും ചെയ്തിരുന്നു. സോഷ്യലിസവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍ അവിഭാജ്യ ഘടകമാണെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 44 വര്‍ഷത്തിനുശേഷം അതിനെതിരെ ഹര്‍ജിയുമായി വരുന്നതിനെ സംശയാസ്പദമായി വേണം കാണുവാന്‍ എന്ന് സുപ്രീംകോടതി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. സുപ്രീംകോടതിയുടെ ഈ നടപടി വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തതാണ്. ഈ ഒരു സാഹചര്യത്തിലാണ് സുപ്രീംകോടതിയെ വെല്ലുവിളിച്ചുകൊണ്ട് ലോക്സഭാ സ്പീക്കര്‍ ഭരണഘടന തിരുത്തി അച്ചടിച്ച് വിതരണം ചെയ്തത്. ഈ കുറിപ്പ് എഴുതും വരെ ഭരണഘടന തിരുത്തിയതിന് ഒരു നിയമ നടപടിയും എടുത്തിട്ടില്ല. പക്ഷെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റിനെതിരെനിയമ നടപടി റണ്ടായിരിക്കുന്നു. രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ നാളുകളിലാണെന്നതിന് ഒരു സംശയവും വേണ്ട.
ഇലക്ട്രിക് കാറുകളുടെ ഇ-ടാക്സി ബ്ലൂസ്മാര്‍ട്ടിന് വിട
പൊതു ഗതാഗത രംഗത്ത് ഓലയും ഊബറും പോലുള്ള കമ്പനികളുടെ കുത്തകയായിരുന്ന ഇന്ത്യയിലെ ഇ-ടാക്സി മേഖലയില്‍ കുറഞ്ഞകാലം കൊണ്ട് ശ്രദ്ധിക്കപ്പെട്ട കമ്പനിയായിരുന്നു ബ്ലൂസ്മാര്‍ട്ട്. രാജ്യത്തെ പ്രഥമ ആപ്പ് അധിഷ്ഠിത ഇലക്ട്രിക് ടാക്സി സംരംഭം ബ്ലൂസ്മാര്‍ട്ട് രാജ്യ തലസ്ഥാനമായ ഡല്‍ഹി കേന്ദ്രീകരിച്ചാണ് ആരംഭിച്ചത്. തലങ്ങും വിലങ്ങും പായുന്ന ബ്ലൂസ്മാര്‍ട്ട് ഇ-ടാക്സികള്‍ ഒരു കൗതുകം തന്നെയായിരുന്നു. സമീപകാലങ്ങളില്‍ ഡല്‍ഹി സന്ദര്‍ശിച്ചവര്‍ക്ക് അത് ബോധ്യമാകും. പിന്നീട് കമ്പനി ബാംഗളൂരുവിലേയ്ക്കും വ്യാപിച്ചതിന് യുവ തലമുറയുടെ വലിയ പിന്തുണയാണ് കാരണം. നല്ല വ്യത്തിയുള്ള കാറുകള്‍. യാത്രക്കാരുമായി നന്നായി ഇടപഴകുന്ന സ്വഭാവമുള്ള ജീവനക്കാര്‍. ഇരു സംസ്ഥാനങ്ങളിലായി അമ്പതിലേറെ ഹബ്ബുകളും പതിനായിരത്തോളം ഡ്രൈവര്‍മാരും കമ്പനിയുടെ ഭാഗമായി. ഇലക്ട്രിക് കാറുകളുടെ മാത്രം സര്‍വീസായിരുന്നു കമ്പനി നല്‍കിയിരുന്നത്. ഓലയ്ക്കും ഊബറിനുമുള്ള സുസ്ഥിര ബദല്‍ എന്നായിരുന്നു കമ്പനി സ്വയം വിശേഷിപ്പിച്ചിരുന്നത്. മുഖ്യധാരാ വെബ്ടാക്സി കമ്പനികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തി വളര്‍ന്ന കമ്പനി ഒരു വര്‍ഷം കൊണ്ടുതന്നെ തങ്ങളുടെ നെറ്റ്വര്‍ക്കില്‍ 8500 വെദ്യുതകാറുകളും അയ്യായിരത്തിലേറെ ചാര്‍ജിങ്ങ് സ്റ്റേഷനുകളും സ്വന്തമാക്കി. ബ്ലൂസ്മാര്‍ട്ടും സ്ഥാപകരും അവരുടെ മാതൃകമ്പനി ജെന്‍സോളും ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് തട്ടിപ്പ്കേസില്‍ കുടുങ്ങിയിരിക്കുന്നു. അവരുടെ തുടക്കം അറിഞ്ഞാലെ തകര്‍ച്ചയുടെ ആഴം മനസിലാകൂ. 2019 ജനുവരി 14 ന് അന്‍മോള്‍ സിംഗ് ജഗ്ഗി, പുനീത് സിംഗ് ജഗ്ഗി, പുനിത് കെ ഗോയല്‍ എന്നിവര്‍ ചേര്‍ന്ന് ബ്ലൂസ്മാര്‍ട്ട് സ്ഥാപിച്ചു. അതേ മാസം തന്നെ, മഹീന്ദ്ര & മഹീന്ദ്രയുമായി പങ്കാളിത്തത്തില്‍ ചേര്‍ന്ന് പ്ലാറ്റ്ഫോമില്‍ ആദ്യ ബാച്ച് ഇവികള്‍ പുറത്തിറക്കി. 2022 ലെ ലോക പരിസ്ഥിതി ദിനത്തില്‍, ടാറ്റ മോട്ടോഴ്സ് 10,000 ഇലക്ട്രിക് വാഹനങ്ങള്‍ വിതരണം ചെയ്യുന്നതിനായി ബ്ലൂസ്മാര്‍ട്ടുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചു. 2022 ജൂലൈയില്‍, കാര്‍ബണ്‍ ഉദ്വമനത്തില്‍ വെറ അക്രഡിറ്റേഷന്‍ ബ്ലൂസ്മാര്‍ട്ടിന് ലഭിച്ചു. ജെന്‍സോള്‍, ബ്ലൂസ്മാര്‍ട്ട് വായ്പാതട്ടിപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. കമ്പനിയുടെ സ്ഥാപകരായ അന്‍മോള്‍ സിങ് ജഗ്ഗി, പുനിത് സിങ് ജഗ്ഗി എന്നിവര്‍ക്കെതിരെ സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വഞ്ചനാ കുറ്റം ചുമത്തി. ഇരുവരും ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്. ഇതോടെയാണ് ഇ-ടാക്സി മേഖലയില്‍ വിപ്ലവം കുറിച്ച ബ്ലൂസ്മാര്‍ട്ട് സേവനം അവസാനിപ്പിക്കേണ്ടി വന്നത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങുന്നതിനായി സ്വരൂപിച്ച വായ്പ പ്രൊമോട്ടര്‍മാരുടെ വ്യക്തിഗത ചെലവുകള്‍ക്കും റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ക്കും അടുത്ത ബന്ധുക്കളുടെയോ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും ഉപയോഗപ്പെടുത്തിയെന്നാണ് ആരോപണം. ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്‍റ്റ് ഏജന്‍സി, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് ജെന്‍സോള്‍ 977.75 കോടി രൂപ വായ്പയെടുത്തിരുന്നു. അനുബന്ധ കമ്പനിയായ ബ്ലൂസ്മാര്‍ട്ടിനായി 6,400 വൈദ്യുത വാഹനങ്ങള്‍ വാങ്ങാനായിരുന്നു ഇത്. എന്നാല്‍ വായ്പയെടുത്ത തുകയില്‍ 663.89 കോടി രൂപ മാത്രമാണ് ജെന്‍സോള്‍ ചെലവഴിച്ചത്. ബാക്കി തുക പ്രമോട്ടര്‍മാരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും മറ്റ് കമ്പനികളില്‍ നിക്ഷേപിക്കാനും ചെലവഴിച്ചു. തുടര്‍ന്ന് വായ്പ കൃത്യമായി തിരിച്ചടച്ചെന്ന രേഖകള്‍ ജെന്‍സോള്‍ കൃത്രിമമായി ഉണ്ടാക്കി. ഇതുവഴി കമ്പനിയുടെ സാമ്പത്തികാവസ്ഥ നല്ലനിലയിലാണെന്ന് നിക്ഷേപകരെയും വിപണിയെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഒരു ഘട്ടത്തില്‍ 1,125.75 രൂപ വരെ ഉയര്‍ന്നിരുന്ന ജെന്‍സോള്‍ ഓഹരിവില 118 രൂപയിലേക്ക് താഴ്ന്നു. ഒരുനാള്‍ കള്ളന്‍ പിടിക്കപ്പെടുമെന്നോ മറ്റോ ഒരു ചൊല്ലുണ്ടല്ലോ ല്ലേ...
34 മത് സഫ്ദര്‍ ഹാഷ്മി നാടകോത്സവം
ഡല്‍ഹിയില്‍ പോയ വാരങ്ങള്‍ മലയാള നാടകങ്ങളുടെ ദിനങ്ങളായിരുന്നു. നാടകത്തിന് ഇത്രയേറെ ആസ്വാദകര്‍ ഉണ്ടോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഡല്‍ഹിയിലെ നാടകോത്സവ വേദിയില്‍ നിറഞ്ഞുനിന്ന സദസ്സ്. മുതിര്‍ന്നവരുടേയും കുട്ടികളുടേയും വെവ്വേറെയാണ് നാടകോത്സവം നടക്കുന്നത്. മുതിര്‍ന്നവരുടെ നാടകോത്സവത്തിന്‍റെ നിറഞ്ഞ സദസ് യഥാര്‍ത്ഥത്തില്‍ നാടകത്തിന്‍റെ ജനകീയത ഇപ്പോഴും നിലനില്‍ക്കുന്നു എന്നുള്ളതിന്‍റെ തെളിവായി തന്നെ കണക്കാക്കാം. നാടക കലയ്ക്ക് രാജ്യ തലസ്ഥാനം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അത് ഏത് ഭാഷയിലായാലും വിജയിക്കുന്നു. ന്യത്തത്തിനും, സംഗീതത്തിനും വലിയ വിലയാണ് രാജ്യതലസ്ഥാനത്തെ ജനങ്ങള്‍ നല്‍കി വരുന്നതെന്നത് എടുത്ത് പറയണം. കുട്ടികളുടെ നാടകോത്സവത്തില്‍ നിറഞ്ഞ സദസ് തീര്‍ച്ചയായും ഉണ്ടാകും. 34ാമത് സഫ്ദര്‍ ഹാഷ്മി നാടകോത്സവമായിരുന്നു ജനസംസ്കൃതി സംഘടിപ്പിച്ചത് എന്നത് അതിന്‍റെ സ്വീകാര്യതയെ വിളിച്ചറിയിക്കുന്നു. ന്യൂഡല്‍ഹി ലോധി എസ്റ്റേറ്റിലെ ആന്ധ്ര അസ്സോസ്സിയേഷന്‍ ഗോദാവരി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നുമുതിര്‍ന്നവരുടെ നാടകോത്സവംനടന്നത്. മുതിര്‍ന്നവരുടെ വിഭാഗത്തിലെ മത്സരത്തില്‍ ആകെ 8 നാടകങ്ങളാണ് അരങ്ങേറിയത്. ഗോവിന്ദ് പപ്പു സംവിധാനം നിര്‍വ്വഹിച്ച്ڔജനസംസ്കൃതി വൈശാലി ഇന്ദിരാപുരം ബ്രാഞ്ച് അവതരിപ്പിച്ച 'ഉടയോന്‍ തിരുടിയോര്‍' മികച്ച നാടകമായി തിരഞ്ഞെടുത്തു. മികച്ച നടനായി അനീഷ് ഡി ഉണ്ണി (നാടകം: കപ്പായനം), മികച്ച നടിയായി രജനി നായര്‍ (നാടകം: ഉടയോന്‍ തിരുടിയോന്‍ ), മികച്ച സംവിധായകനായി ഗോവിന്ദ് പപ്പു (നാടകം: ഉടയോന്‍ തിരുടിയോര്‍) തുടങ്ങിയവര്‍ സമ്മാനിതരായി. കുട്ടികളുടെ വിഭാഗത്തില്‍ 14 നാടകങ്ങള്‍ ആഗസ്ത് 31 ന് ന്യൂഡല്‍ഹി ഈസ്റ്റ് ഓഫ് കൈലാഷിലെ ആര്യ ഓഡിറ്റോറിയത്തില്‍ വെച്ച് അരങ്ങേറും.
കാരവനുമായി ഡല്‍ഹിയില്‍ ഉബര്‍
കാരവനില്‍ യാത്ര ചെയ്യണമെന്നുള്ള ആഗ്രഹം മിക്കവര്‍ക്കും ഉണ്ടാകും. പ്രമുഖര്‍ക്കും താരങ്ങള്‍ക്കും മാത്രം സഞ്ചരിക്കാനുള്ളതല്ല ഇനി കാരവന്‍. പ്രീമിയം, സുഖസൗകര്യങ്ങള്‍ നല്‍കുന്ന ആദ്യത്തെ കാരവാന്‍ ആഗസ്റ്റ് 4 മുതല്‍ ഉബര്‍ ആപ്പ് വഴി ബുക്കിംഗ് ആരംഭിച്ചു. ഈ ഇന്‍റര്‍സിറ്റി സേവനം നല്‍കുന്ന കാരവനുകള്‍ ആഗസ്റ്റ് 7 മുതല്‍ സെപ്റ്റംബര്‍ 6 വരെയാണ് ഇപ്പോള്‍ ലഭ്യമാകുക. ഉബര്‍ കമ്പനി അവകാശപ്പെടുന്നത് പ്രകാരം, മുംബൈ-പൂനെ, ഡല്‍ഹി-ആഗ്ര, ബാംഗ്ലൂര്‍-മൈസൂര്‍, ലഖ്നൗ-കാണ്‍പൂര്‍, അഹമ്മദാബാദ്-വഡോദര എന്നിവയാണ് ഏറ്റവും ജനപ്രിയമായ 5 ഇന്‍റര്‍സിറ്റി റൂട്ടുകള്‍. ഈ റൂട്ടുകളിലാണ് ഉബര്‍ കാരവന്‍ സേവനം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയത്. ഓരോ കാരവനിലും ഒരു ഡ്രൈവറുടെയും സഹായിയുടെയും സഹായവും ലഭ്യമാക്കിയിട്ടുണ്ട്. 4-5 യാത്രക്കാര്‍ക്ക് സുഖകരമായി ഇരിക്കാനും കഴിയും. ടെലിവിഷന്‍, ടോയ്ലറ്റ്, മൈക്രോവേവ്, മിനി-റഫ്രിജറേറ്റര്‍ തുടങ്ങിയ വിനോദ സൗകര്യങ്ങളും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. വാരാന്ത്യ യാത്രകള്‍ക്കോ പ്രത്യേക യാത്രാ അവസരങ്ങള്‍ക്കോ വേണ്ടി പൂര്‍ണ്ണ സേവനം ഉബറിന്‍റെ കാരവന്‍ ലോഞ്ച്-ഓണ്‍-വീലുകള്‍ വാഗ്ദാനം ചെയ്യുന്നു. കാരവനില്‍ യാത്ര ചെയ്യുക എന്ന ആഗ്രഹം പലരും ഇപ്പോള്‍ സാധ്യമാക്കുകയാണ്. നിലവിലുള്ള കാരവനുകളുടെ വാടക നിരക്കിനേക്കാള്‍ കുറവാണ് ഉബര്‍ കാരവനുകള്‍ക്ക് എന്നത് ആകര്‍ഷകമാണ്.
