പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

ജൂലൈ 30 


ഉപരാഷ്ട്രപതിയുടെ രാജിയും, പിന്നാമ്പുറ സംസാരവും

ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധന്‍കറിന്‍റെ അപ്രതീക്ഷിത രാജിയാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സംസാര വിഷയമായിരിക്കുന്നത്. ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധന്‍കര്‍ പൂര്‍ണ്ണ ആരോഗ്യവാനായി പാര്‍ലമെന്‍റില്‍ എത്തിയതും, രാജ്യസഭ നിയന്ത്രിച്ചതും ലോകം കണ്ടതാണ്. അന്നേദിവസം രാത്രിയായപ്പോള്‍ അനാരോഗ്യം കാരണം രാജിവെയ്ക്കുന്നു എന്ന് അദ്ദേഹം സാമൂഹ്യ മാധ്യമമായ എക്സ് വഴി ലോകത്തെ അറിയിച്ചു. ഉപരാഷ്ട്രപതിയുടെ രാജി ഞെട്ടലുണ്ടാക്കി എന്നതില്‍ സംശയമില്ല. തനിക്ക് അനാരോഗ്യമുണ്ടെന്ന് ഒരുപക്ഷെ ജഗദീപ് ധന്‍കറിന് പോലും വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ഉപരാഷ്ട്രപതിയുടെ രാജി ഒരുപാട് സംശയങ്ങളും, ദുരൂഹതകളും, അഭ്യൂഹങ്ങളും, വിവാദങ്ങളും ഉയര്‍ത്തി ചര്‍ച്ച പുരോഗമിക്കുകയാണ്. ഈ ചര്‍ച്ച സമീപകാലത്തൊന്നും നില്‍ക്കുമെന്നും തോന്നുന്നില്ല. കാരണം അധികാര കേന്ദ്രത്തിന് വിധേയനായി നില്‍ക്കാത്തതാണ് രാജിക്ക് കാരണമായതെന്നുള്ള വളരെ ഗൗരവമായ  ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നിയന്ത്രണങ്ങള്‍ക്ക് വിധേയമാകാതെ വന്നതാണ് ഉപരാഷ്ട്രപതിയുടെ രാജിക്ക് കാരണമായത് എന്നാണ് പൊതുവില്‍ എല്ലാവരും നിരീക്ഷിക്കുന്ന കാര്യം. രാജി താമസമില്ലാതെ രാഷ്ട്രപതി സ്വീകരിച്ചതും, ആരോഗ്യവും ആശംസകളും നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എക്സില്‍ കുറിപ്പിട്ടതും സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തിനുവേണ്ടി സേവിക്കാന്‍ അനേകം അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു എന്ന മോദിയുടെ പരാമര്‍ശവും ചര്‍ച്ചയാണ്. ഉപരാഷ്ട്രപതിയുടെ കാലാവധി താന്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് 12 ദിവസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം അപ്രതീക്ഷിതമായി രാജിവെച്ചത് എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. 2027 ഓഗസ്റ്റില്‍ താന്‍ വിരമിക്കും എന്ന് രാജിവെക്കുന്നതിന് മുല്‍പ് പരസ്യമായി പ്രഖ്യാപിച്ചത് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ചടങ്ങില്‍ പങ്കെടുത്ത അവസരത്തില്‍ ആയിരുന്നു. 2022 ഓഗസ്റ്റ് 14 ഓഗസ്റ്റിലാണ് പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗദീപ് ധന്‍കര്‍ ചുമതലയേറ്റത്. ധന്‍കറിന് രാഷ്ട്രപതി സ്ഥാനം മോഹം ഉണ്ടായിരുന്നു എന്നും, അതിനുള്ള നീക്കുപോക്കുകള്‍ നടത്തിയതാണ് രാജിവെക്കാന്‍ സാഹചര്യമെന്നുള്ള ആക്ഷേപമാണ് ബിജെപി ഇപ്പോള്‍ ഉള്‍തളങ്ങളില്‍ പറഞ്ഞു നടക്കുന്നത്. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഇംപീച്ച്മെന്‍റ് നടപടിയില്‍ സര്‍ക്കാരിന്‍റെ നിലപാടിനോട് യോജിക്കാന്‍ ധന്‍കര്‍ വിസമ്മതിച്ചതും മറ്റൊരു കാരണമാണ്. രാജ്യസഭാ അധ്യക്ഷന്‍ എന്ന നിലയില്‍ ധന്‍കര്‍ തിങ്കളാഴ്ച വൈകുന്നേരം വിളിച്ച കാര്യോപദേശക സമിതി യോഗത്തില്‍ നിന്ന് രാജ്യസഭയുടെ ബി.ജെ.പി. നേതാവ് ജെ ബി നഡ്ഡയും പാര്‍ലമെന്‍ററി കാര്യ മന്ത്രി കിരണ്‍ റിഡ്ജവും ബഹിഷ്കരിച്ചത് ആശങ്കകള്‍ക്ക് അപ്പോഴേ ഇടനല്‍കിയിരുന്നു. എന്തുകൊണ്ടാണ് ഭരണപക്ഷത്തുള്ള ഇരുവരും മാറിനിന്നത് എന്നുള്ളത് സംസാര വിഷയവും ആയിരുന്നു. ഉപരാഷ്ട്രപതിയുടെ പദവി അപമാനിക്കപ്പെട്ടതായി അദ്ദേഹത്തിന് തന്നെ തോന്നിയിട്ടുണ്ട് എന്നുള്ള കാര്യത്തില്‍ സംശയവുമില്ല. ഇതിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു രാജി ഉണ്ടായത്. ഇന്ത്യന്‍ പാര്‍ലമെന്‍റിലെ മുതിര്‍ന്ന അംഗങ്ങളുടെ സഭയായ രാജ്യസഭയുടെ അധ്യക്ഷനായിരുന്ന ധന്‍കര്‍ രാജി വച്ചിട്ട് അദ്ദേഹത്തിന് ഒരു യാത്രയയപ്പ് നടത്തുവാനുള്ള സാഹചര്യം ഒരുക്കിയില്ല എന്നുള്ളത് ലജ്ജാകരം തന്നെയാണ്. മൂന്നുവര്‍ഷം രാജ്യസഭയെ നയിച്ച ധന്‍കറെ ഇവിടെയും കേന്ദ്രസര്‍ക്കാര്‍ അപമാനിക്കുകയാണ്. മുന്‍കാലങ്ങളില്‍ രാജിവെച്ച് പിരിഞ്ഞ ഉപരാഷ്ട്രപതിമാര്‍ക്ക് സഭയില്‍ വിടവാങ്ങല്‍ ചടങ്ങ് നടത്തിയിട്ടുണ്ട് എന്ന് രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് ചൂണ്ടികാണിക്കുന്നു. ഉപരാഷ്ട്രപതിയെ കൊണ്ട് രാജിവെപ്പിക്കും എന്നുള്ള വിവരം രാജ്യസഭയുടെ ബി.ജെ.പി. നേതാവ് ജെ ബി നഡ്ഡയും പാര്‍ലമെന്‍ററി കാര്യ മന്ത്രി കിരണ്‍ റിഡ്ജവും മുന്‍കൂട്ടി ലഭിച്ചിരുന്നു എന്ന് വേണം അനുമാനിക്കാന്‍. ധന്‍കര്‍ രാജിവെയ്ക്കുന്ന ദിവസം രാവിലെ സഭയില്‍ രാജ്യസഭയുടെ ബി.ജെ.പി. നേതാവ് ജെ ബി നഡ്ഡ പറഞ്ഞത് താന്‍ പറയുന്നതേ സഭാ രേഖയില്‍ കാണൂ എന്നത് ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധന്‍കര്‍ അധ്യക്ഷ കസേരയില്‍ ഇരിക്കുമ്പോഴാണ്. മോദിയോട് നോ പറയാത്ത ഉപരാഷ്ട്രപതി വരും എന്ന കാര്യത്തില്‍ സംശയമില്ല.

വികാസ്പുരി കേരള സ്ക്കൂള്‍ @ 50

അഞ്ചു പതിറ്റാണ്ടായറിവിന്‍റെ ലോകത്തി - 

ലടയാളം തീര്‍ത്തമഹാക്ഷേത്രമേ

അത്രമേലധ്വാനശീലര്‍ പ്രതിഷ്ഠിച്ചു

പരിപാലനം ചെയ്ത ദിവ്യഭൂമേ

പശ്ചിമദില്ലി ജനക്പുരിയില്‍ വീണ

വിത്തു വളര്‍ന്നു വികാസ്പുരിയില്‍

ഉത്തമരായവരെത്ര വന്നീമണ്ണില്‍

പുത്തനാമാശയ സാഗരത്തില്‍

പ്രശസ്ത സോപാന സംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ രചനയും, സംഗീതം, ആലാപനം നടത്തിയ ഈ വരികളാണ് അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഡല്‍ഹിയിലെ വികാസ്പുരി കേരളാ സ്ക്കൂളിന്‍റെ ശീര്‍ഷക ഗാനം. അദ്ദേഹം സ്ക്കൂളിന്‍റെ അന്‍പതാം ആഘോഷത്തിന്‍റെ സമാപനസമ്മേളന വേളയില്‍ പങ്കെടുത്ത് ആലപിച്ചു. 1975 ജൂലൈ പതിനാലാം തീയതി ഡല്‍ഹിയിലെ ജനക്പുരിയിലെ കേരള അസോസിയേഷന്‍ ഭാരവാഹികള്‍ രൂപംകൊടുത്ത ചെറിയ സ്കൂള്‍ ഇന്ന് ഡല്‍ഹിയിലെ മലയാളികള്‍ക്കാകെ അഭിമാനമായി വികാസ്പരി കേരള സ്കൂള്‍ എന്ന പേരില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഭാഷ ന്യൂനപക്ഷ പദവിയോട് കൂടി ഡല്‍ഹി സര്‍ക്കാരിന്‍റെ എയ്ഡഡ് സ്കൂള്‍ പട്ടികയില്‍ ഇടംപിടിച്ച വികാസ്പുരി കേരള സ്കൂള്‍ മറ്റു പബ്ലിക് സ്കൂളുകളെ പോലെ തന്നെ ആധുനിക സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. സ്കൂളില്‍ ഡിജിറ്റല്‍ ക്ലാസുകളും കലാസാംസ്കാരിക സ്പോര്‍ട്സ് രംഗത്ത് നല്‍കുന്ന പ്രോത്സാഹനങ്ങളും മറ്റ് ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് മാതൃകയുമാണ്. പത്താം ക്ലാസ് വരെ നിര്‍ബന്ധമായും ഇവിടെ മലയാളം പഠിപ്പിക്കുന്നു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. 50 കിലോ വാള്‍ട്ട് വൈദ്യുതി സോളാര്‍ പാനലിലൂടെ സ്കൂളില്‍ ഉത്പാദിപ്പിക്കുന്നതും, പതിനായിരക്കണിന് പുസ്തകങ്ങളുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയും, ഏതാണ്ട് രണ്ടര ഏക്കറുകളുള്ള കളിസ്ഥലങ്ങളും സ്കൂളിന്‍റെ സവിശേഷതയായി ചൂണ്ടിക്കാണിക്കാം. ഇന്ന് ഡല്‍ഹിയില്‍ കേരള എഡ്യൂക്കേഷന്‍ സൊസൈറ്റിക്ക് കീഴിലുള്ള നാല് പ്രധാന കേരള സ്കൂളുകളില്‍ ഏറ്റവും ശ്രദ്ധേയമായി മാറിയ വികാസ്പുരി കേരള സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 50 കഴിഞ്ഞിരിക്കുന്നു എന്നുള്ളത് അഭിനന്ദനാര്‍ഹമായ ഒരു കാര്യമാണ്. അന്‍പതാം വര്‍ഷ ആഘോഷത്തിന്‍റെ സമാപന ചടങ്ങ് മൂന്ന് ദിവസം നീണ്ടതായിരുന്നു. പ്രൗഢഗംഭീര സമാപന പരിപാടികള്‍ പൂര്‍വവിദ്യാര്‍ഥി സംഗമത്തോടെയായിരുന്നു തുടക്കം. ആയിരത്തോളം പൂര്‍വ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ ആദ്യാക്ഷരം കുറിച്ച വിദ്യാലയത്തിന്‍റെ മുറ്റത്ത് ഒത്തുചേര്‍ന്ന് ഓര്‍മകള്‍ പങ്കിട്ടു. രണ്ടാം ദിവസം നിലവില്‍ സ്ക്കൂളില്‍ പഠിക്കുന്നവര്‍ക്കായിരുന്നു. അന്ന് നടന്ന പൊതുസമ്മേളനം ഡല്‍ഹി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആശിഷ് സൂദ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ചെയര്‍മാന്‍ എന്‍.സി.നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹാരിസ് ബീരാന്‍ എംപി, കേരള മുന്‍ ചീഫ് സെക്രട്ടറി ഡോ.കെ.ജയകുമാര്‍, സംഗീത സംവിധായകന്‍ പി.എസ്.വിദ്യാധരന്‍ മാസ്റ്റര്‍, ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ കെ.സതീഷ് നമ്പൂതിരിപ്പാട്, വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.സുധാ സിങ്, എന്‍എസ്എസ് ഡല്‍ഹി പ്രസിഡന്‍റ് എം.കെ.ജി.പിള്ള, സ്കൂള്‍ മാനേജര്‍ എം.ജി.രാജശേഖരന്‍ നായര്‍, വൈസ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ശ്രീമ അരുണ്‍, പിടിഎ സെക്രട്ടറി കെ.ടി.ഗംഗാധരന്‍, കള്‍ചറല്‍ ഇന്‍ചാര്‍ജ് ശോഭ രാജേഷ് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. സുവര്‍ണജൂബിലി സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനാണ് ഉദ്ഘാടനം ചെയ്തത്. ഡോ: ശശി തരൂര്‍ എംപി, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്.സോമനാഥ്, നടന്‍ ധ്യാന്‍ ശ്രീനിവാസന്‍, എം.ജി.രാജശേഖരന്‍ നായര്‍, ബാബു പണിക്കര്‍, ബീന ബാബുറാം, ഡോ.ഡെലോണി മാനുവല്‍, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എസ്.സുരേഷ് കുമാര്‍, പിടിഎ സെക്രട്ടറി കെ.ടി.ഗംഗാധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിച്ചു.