ബന്ധങ്ങള്‍ ബന്ധനങ്ങള്‍

ബന്ധങ്ങള്‍ ബന്ധനങ്ങള്‍

വിജയ് ചൗക്ക്

സുധീര്‍ നാഥ്



ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആയി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് നമ്മുടെ പഴമയുടെ നല്ല കാലത്തെക്കുറിച്ച് ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. ഇപ്പോള്‍ കുടുംബ ബന്ധങ്ങള്‍ക്കോ, രക്തബന്ധങ്ങള്‍ക്കോ വലിയ പ്രാധാന്യം പുതുതലമുറ കൊടുക്കുന്നില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. വിദേശരാജ്യങ്ങളില്‍ മാതാപിതാക്കള്‍ ഒരു പ്രായം കഴിഞ്ഞാല്‍ മക്കളെക്കുറിച്ച് ആലോചിക്കാറുണ്ടോ എന്നുള്ള കാര്യം സംശയമാണ്. വിദേശങ്ങളില്‍ മക്കള്‍ മാതാപിതാക്കളെ കുറിച്ചും തിരക്കാറില്ല എന്നുള്ളതും ഒരു യാഥാര്‍ത്ഥ്യമാണ്. വിദേശത്തൊക്കെ അങ്ങിനെയാണെന്നല്ല പറയുന്നത്. വിദേശങ്ങളിലെ ഭൂരിപക്ഷ നിലപാടുകളാണ് ഇവിടെ പറയുന്നത്.  അവിടങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തുടക്കം കുറിച്ച വ്യദ്ധസദനങ്ങള്‍ ഇന്ന് നമ്മുടെ നാട്ടിലും അധികരിച്ചു വരുന്നു എന്നുള്ളത് ഞെട്ടിക്കുന്ന ഒരു യാഥാര്‍ത്ഥ്യമല്ലേ. സ്വകാര്യ മേഖലകളിലും, സര്‍ക്കാര്‍ മേഖലകളിലും വ്യദ്ധസദനങ്ങള്‍ ഉണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടു പോകാന്‍ നമ്മള്‍ മാനസികമായി തയ്യാറെടുക്കേണ്ടിയിരിക്കുന്നു. കാരണം രക്തബന്ധങ്ങളുടെ മൂല്യങ്ങള്‍ കുറഞ്ഞുവരുന്ന ഒരു വര്‍ത്തമാനകാലത്തിലാണല്ലോ നമ്മള്‍ ജീവിക്കുന്നത്. 

വയസായാല്‍ വ്യദ്ധസദനങ്ങള്‍ ആശ്രയിക്കണമെന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്. നമ്മുടെ നാട്ടില്‍ വ്യാപകമായി ഇത്തരം ജീവിതരീതികള്‍ വന്നു തുടങ്ങിയിരിക്കുന്നു എന്ന് നാം മനസ്സിലാക്കണം. ഓരോ വീടുകളിലും സ്വകാര്യമായി നമ്മള്‍ സംസാരിച്ചാല്‍ ഇത് വെളിവാക്കപ്പെടുന്നതാണ്. പലരും ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കുന്നു എന്നുള്ളതും ഒരു സത്യം തന്നെയാണ്. മറച്ചുവയ്ക്കപ്പെടുന്ന ഈ സത്യം വളരെ താമസിയാതെ ലോകം അറിയുമെന്നുള്ളതും നാം തിരിച്ചറിയണം. നമ്മുടെ നാട്ടില്‍ രക്തബന്ധങ്ങള്‍ക്കും കുടുംബബന്ധങ്ങള്‍ക്ക് ഒക്കെ വലിയ സ്ഥാനം നല്‍കിയിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നുള്ളത് ചരിത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. അത് തിരിച്ചറിയണമെങ്കില്‍ നമ്മുടെ സാമൂഹ്യ രംഗത്ത് വന്നിട്ടുള്ള മാറ്റങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മാത്രം മതിയാകും. അതിന് സ്വയം പഴിചാരുകയേ നിവര്‍ത്തിയുള്ളൂ.

കുടുംബ ബന്ധങ്ങള്‍ എന്നാല്‍ കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതും പങ്കിടുന്നതുമായ സമയമാണ്. അത് പല രീതിയില്‍ ഉണ്ടാകാം. കുടുംബാഗങ്ങളൊത്ത് വിടിന് പുറത്തോ, നാടിന് പുറത്തോ പോകുക, ഒരുമിച്ച് വിനോദ പരിപാടികളില്‍ പങ്കെടുക്കുക, ഒരുമിച്ച് ഭക്ഷണം കഴിക്കുക, എന്നിവയൊക്കെ ഇതിലുള്‍പ്പെടും. കുടുംബാംഗങ്ങള്‍ പരസ്പരം നല്‍കുന്ന പിന്തുണയും വാത്സല്യവുമാണ് വിജയകരമായ ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിന് അനിവാര്യമായി വേണ്ടത്. എന്നിരുന്നാലും ദൃഢമായ ഒരു ബന്ധത്തിന് പരസ്പരമുള്ള ധാരണയും മനസിലാക്കലും, പ്രിയപ്പെട്ടവരോടുള്ള സ്നേഹം പ്രകടിപ്പിക്കലും ഒരുമിച്ച് നല്ല സമയം ചെലവഴിക്കലുമൊക്കെ അനിവാര്യങ്ങളായ കാര്യങ്ങളാണ്. ഇന്നിത് നടക്കുന്നുണ്ടോ എന്നതാണ് ചര്‍ച്ചാ വിഷയം. യുവതലമുറ ആകെ മാറിയെന്ന് പഴി പറയുന്ന പഴയ തലമുറയാണ് ചുറ്റും. കാലം മാറിയപ്പോള്‍ സംഭവിച്ച സാംസ്കാരിക മാറ്റമായി അതിനെ കാണേണ്ടതുണ്ട്.

സ്വന്തം മാതാപിതാക്കളുടെ വേര്‍പാടില്‍ വിദേശത്തിരുന്ന് ദുഃഖിക്കുന്നവരുടെ ചിത്രങ്ങള്‍ നമ്മള്‍ കണ്ടുപഴകി കഴിഞ്ഞു. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ആയിരുന്നു ഈ ഒരു പ്രവണത ആദ്യം ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് മാറിയിരിക്കുന്നു. ഹിന്ദുക്കളുടേയും, മുസ്ലീങ്ങളുടേയും കുടുംബങ്ങളില്‍ നടക്കുന്ന അന്ത്യ ശുശ്രൂഷകളും, സംസ്ക്കാര ചടങ്ങുകളും ഇപ്പോള്‍ ലൈവ് സ്ട്രീമിങ്ങ് നടത്തുന്നത് പതിവ് കാഴ്ച്ചയായി മാറിയിരിക്കുന്നു. എല്ലായിടത്തും ഇങ്ങനെയായി എന്ന് തെറ്റിദ്ധരിക്കരുത്. പരമ്പരാഗത സാംസ്കാരിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവരും ഇന്നുണ്ട്.  മരണ വിഷയത്തില്‍ നാട്ടിലെത്താന്‍ സമയം കാണാത്ത രക്തബന്ധത്തില്‍ ഉള്ളവരെ നമുക്ക് വ്യാപകമായി കേരളത്തില്‍ കാണാം. അവര്‍ തത്സമയം ചടങ്ങുകള്‍ അന്യദേശത്തിരുന്ന് വീക്ഷിക്കും. അവര്‍ ചടങ്ങുകളുടെ ഭാഗമാകും.

രക്ഷിതാക്കളുടെ അത്യാസന്ന നിലയിലുള്ള അവസ്ഥ മനസ്സിലാക്കി നാട്ടിലേക്ക് വിമാനം കയറുന്നവര്‍ മടക്ക ടിക്കറ്റും എടുത്താണ് എത്തുന്നത്. ലീവില്ലെന്നും പോകുന്നതിനു മുമ്പ് സ്വന്തം മാതാപിതാക്കളുടെ കാര്യത്തില്‍ എന്തെങ്കിലും ഒരു തീരുമാനം ആകണമെന്ന് ഡോക്ടര്‍മാരോട് പറഞ്ഞ മക്കളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ചില ഡോക്ടര്‍മാര്‍ രഹസ്യമായിട്ടാണെങ്കിലും പങ്കുവെച്ചിട്ടുണ്ട്. ഇത് അതിശയോക്തിയായി പറയുന്നതാണെന്ന് കണക്കാക്കരുത്. ഇങ്ങനെയുള്ള അനുഭവം ഒന്നിലേറെ ഡോക്ടര്‍മാര്‍ പങ്കുവെച്ചത് ഞെട്ടിക്കുക തന്നെ ചെയ്തു. മടക്ക യാത്രയ്ക്ക് മുന്‍പായി അന്ത്യ ചടങ്ങുകള്‍ തീര്‍ക്കണമെന്ന് ഒരു മകന്‍ പറഞ്ഞത് വലിയ രോഗമില്ലാത്ത ഒരു പിതാവിനെ കുറിച്ചായിരുന്നു എന്ന് കോട്ടയത്തെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ പങ്കുവെച്ചത് ഇപ്പോള്‍ ഓര്‍ത്തുപോകുകയാണ്. അത് അടുത്ത കാലത്ത് വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ എങ്കിലും ചര്‍ച്ച ചെയ്യപ്പെട്ട വിഷയവുമാണ്. അതേസമയം മക്കളുടെ വരവിനായി ആഴ്ച്ചകള്‍ മോര്‍ച്ചറിയില്‍ ചലനമറ്റ് കിടക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരുള്ള നാടാണ് നമ്മുടേത്.

ഇന്ന് കേരളത്തില്‍ ബഹുനില മാളികകളിലും, ബംഗ്ലാവുകളിലും പ്രായമായ കാരണവന്‍മാര്‍ മാത്രമായി എത്രയോ വീടുകളുണ്ട്. ചിലയിടത്ത് സഹായികള്‍ കാണും. സി.സി.ടി.വി ക്യാമറകള്‍ എല്ലായിടത്തും വെച്ചിട്ടുണ്ടാകും. എല്ലാം ദൂരെ ഇരുന്ന് മക്കള്‍ നിരീക്ഷിക്കുന്ന കാലമാണിപ്പോള്‍. കേരളത്തിലെ വലിയ പല വീടുകളും വൃദ്ധസദനങ്ങളായി മാറിയിട്ടുണ്ടെന്ന് നമ്മള്‍ അടക്കം പറയാറുണ്ട്. അത് ശരിയുമാണ്.  മിക്ക വീടുകളിലും വ്യദ്ധരായ മാതാപിതാക്കള്‍ മാത്രമാണ് ഉണ്ടാകുക. നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവരുന്ന പല ഫ്ലാറ്റുകളിലും ആള്‍താമസം ഇല്ല എന്നുള്ള കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്. ലക്ഷകണക്കിന് അടഞ്ഞു കിടക്കുന്ന ഫ്ളാറ്റുകള്‍ നമ്മുടെ മെട്രോ നഗരങ്ങളില്‍ മാത്രം ഉണ്ടെന്നാണ് കണക്ക്. അടഞ്ഞുകിടക്കുന്ന വീടുകള്‍ ഒരു നിക്ഷേപമായി മാത്രം വിദേശത്തുള്ളവര്‍ കണക്കാക്കുന്നു. നാട്ടിലൊരു വിലാസത്തിനായി പലരും ഫ്ളാറ്റുകള്‍ വാങ്ങുന്നു. ചിലര്‍ അവധി ചിലവിടാന്‍ വരുന്ന അവസരത്തില്‍ മാത്രം സ്വകാര്യതയ്ക്കായി ഉപയോഗിക്കുന്നു. 

കേരളത്തിലെ പല വീടുകളിലും വൃദ്ധന്മാര്‍ മാത്രമായി പോകുന്നത് അവരുടെ മക്കള്‍ വിദേശരാജ്യങ്ങളില്‍ ജോലി തേടി പോകുന്നത് കൊണ്ടാണ് എന്ന് ഒരു വിശദീകരണം കേട്ടു. കേരളത്തില്‍ തൊഴിലവസരങ്ങള്‍ കുറവാണെന്നും വിദേശങ്ങളില്‍ ഒരുപാട് സാധ്യതകള്‍ ഉണ്ടെന്നുമുള്ള കണ്ടെത്തലുകള്‍ യുവതലമുറയ്ക്കുണ്ട്. വിദേശ രാജ്യങ്ങളേക്കാള്‍ സാധ്യതകളാണ് ഇന്ന് നമ്മുടെ രാജ്യത്തുള്ളത് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കപെടേണ്ടതുണ്ട്. വിദേശത്തെ ജോലി സാധ്യതകള്‍ കൂടുതലും, വരുമാനം കൂടുതലും ആണെന്ന ന്യായീകരണമുണ്ട്. പക്ഷെ മറ്റൊരു രാജ്യത്ത് ജീവിത സുരക്ഷിതത്വം കുറവായിരിക്കും.

എനിക്ക് പരിചയമുള്ള വൃദ്ധ ദമ്പതികളെ വിദേശത്തേക്ക് മക്കള്‍ വിളിച്ചു കൊണ്ടു പോയത് അവരുടെ കൊച്ചിനെ നോക്കുവാനാണ്. ഒരു മാസം മകനോടൊപ്പം കഴിഞ്ഞ് തിരിച്ചു വരാമെന്ന് പറഞ്ഞു പോയ അവര്‍ ഒരു വര്‍ഷത്തിലേറെയായി അവിടെ തങ്ങുന്നു. വിളിച്ചു ചോദിക്കുമ്പോള്‍ പറയുന്നത് മകളുടെ കുഞ്ഞിനെ നോക്കാന്‍ മറ്റ് ആരുമില്ലാത്തതുകൊണ്ട് ഞങ്ങള്‍ ഇവിടെ തന്നെ തങ്ങുകയാണ് എന്നാണ്. അവര്‍ പറയുമ്പോഴല്ലേ നാട്ടിലേക്ക് മടങ്ങി വരാന്‍ സാധിക്കൂ. അവര്‍ ടിക്കറ്റെടുത്ത് തന്നാലല്ലേ വരാന്‍ പറ്റൂ. നാട്ടില്‍ പോയിട്ട് എന്ത് ചെയ്യാനാ... എന്നാണ് മക്കള്‍ ചോദിക്കുന്നത്. കൊച്ചുമക്കളുടെ സംരക്ഷണത്തിനു വേണ്ടി മാത്രം മാതാപിതാക്കളെ കൂടെ നിര്‍ത്തുന്ന ഒരു പ്രവണത വിദേശത്ത് താമസിക്കുന്ന മക്കള്‍ ചെയ്യുന്നു എന്നുള്ളത് നാം തിരിച്ചറിയണം. സ്വന്തം നാട്ടില്‍ മടങ്ങിയെത്താന്‍ വ്യഗ്രത കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മാതാപിതാക്കളാണ് ഇന്ന് കുട്ടികളെ നോക്കി വിദേശത്ത് കഴിയുന്നത് എന്നുള്ളത് ഒരു സത്യം മാത്രം. ഈ സത്യം അംഗീകരിക്കുവാന്‍ പലപ്പോഴും നമ്മുടെ പ്രവാസി സമൂഹം തയ്യാറാകാറില്ല എന്നത് മറ്റൊരു സത്യം. 

പ്രവാസ ലോകത്താണ് രക്തബന്ധങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും തകര്‍ച്ച നാം കൂടുതലായി കാണുന്നത്. എന്തുകൊണ്ട് അത് സംഭവിക്കുന്നു എന്നുള്ളത് പ്രവാസ ലോകത്ത് താമസിക്കുന്നവര്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു. പ്രവാസലോകത്തെ പുതുതലമുറയില്‍ കൂടുതലായി വിവാഹ ബന്ധങ്ങളിലെ തകര്‍ച്ച സംഭവിക്കുന്നുണ്ട്. വസ്ത്രം മാറുന്ന ലാഘവത്തിലാണ് പലരും ബന്ധങ്ങള്‍ വേര്‍പ്പെടുത്തുന്നത്. ഒരു കുറ്റബോധവും അവരില്‍ കാണുന്നില്ല എന്നുള്ളതും അത്ഭുതപ്പെടുത്തുന്നു കാര്യമാണ്. ഒരു മടിയും കൂടാതെ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുവാനും അവര്‍ മടിക്കുന്നില്ല. സാംസ്കാരികമായ പിന്തുടര്‍ച്ച അവര്‍ ആഗ്രഹിക്കുന്നില്ല. ഇത് തലമുറകളില്‍ വന്ന വലിയ മാറ്റമാണ്. 

കേരളത്തിലെ യുവജനങ്ങളില്‍ മാനസികമായ സാംസ്കാരിക മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. അത് പുതുതലമുറയില്‍ സ്വാധീനിക്കുവാന്‍ മുഖ്യ കാരണം ഇന്‍റര്‍നെറ്റും ടെലിവിഷനുകളും ഒക്കെ തന്നെയാണ് എന്നുള്ള കാര്യത്തിലും സംശയമില്ല. നമ്മുടെ സാംസ്കാരിക രീതി തന്നെ സമീപകാലത്ത് വലിയ രീതിയിലുള്ള മാറ്റം സംഭവിച്ചതായി വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കും. ഈ മാറ്റം ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത ഒന്നായി മാറിയിരിക്കുന്നു എന്നുള്ള ഞെട്ടിക്കുന്ന സത്യമാണ് നാം തിരിച്ചറിയേണ്ടത്. ഇതിന് ഒരു പരിഹാരമാര്‍ഗ്ഗം ഇന്നുവരെ ആരും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുമില്ല എന്നുള്ളതും ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു.

ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് ഇന്ന് നമ്മുടെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും കാണുവാന്‍ സാധിക്കുന്നത്. കേരളത്തില്‍ ഇതിന്‍റെ തോത് അല്പം കൂടുതലാണ് എന്ന് പറയാതിരിക്കുവാനും സാധിക്കില്ല. വിദ്യാഭ്യാസ രംഗത്ത് നമ്മള്‍ വളരെ മുന്നിലാണെങ്കിലും സാംസ്കാരിക പൈതൃകം ഏറ്റുപിടിക്കുവാന്‍ യുവതലമുറയ്ക്ക് വൈമുഖ്യം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.