വര വരി വിഎസ്
വിജയ് ചൗക്ക്
സുധീര്‍ നാഥ്
വി.എസ്. അച്യുതാനന്ദന്‍ മലയാള കാര്‍ട്ടൂണ്‍ രംഗത്ത് നല്‍കിയ പിന്തുണയും പ്രോത്സാഹനവും വളരെ നന്ദിയോടെ കേരള കാര്‍ട്ടൂണ്‍ അക്കാദമി ഓര്‍ക്കുകയാണ് എന്നാണ് ഔദ്യോഗികമായി അവരുടെ . അനുശോചന സന്ദേശത്തിന്‍റെ തുടക്കത്തില്‍ പറയുന്നത്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വേദികളില്‍ പലതവണ അദ്ദേഹം എത്തിയിട്ടുണ്ട് എന്നുള്ളതും നന്ദിയോടെ ഓര്‍ക്കുകയാണ് എന്നും പറയുന്നു. തന്നെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചാല്‍ പോലും അദ്ദേഹം പുഞ്ചിരിയോടു കൂടി അത് സ്വീകരിക്കാറുണ്ട് എന്നുള്ള അനുഭവങ്ങള്‍ പല കാര്‍ട്ടൂണിസ്റ്റുകളും പരസ്യമായി വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഇതൊക്കെ വായിച്ചാല്‍ തന്നെ വി എസ് ഒരു കാര്‍ട്ടൂണ്‍ ആസ്വാദകനാണെന്ന് ആര്‍ക്കും പറയാവുന്നതാണ്.
കേരളക്കരയില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഏറ്റവും എളുപ്പം വരയ്ക്കുവാന്‍ സാധിക്കുന്ന ഒരു നേതാവ് ആരാണെന്ന് ചോദിച്ചാല്‍ ഒരുകാലത്ത് അത് ലീഡര്‍ എന്ന കെ കരുണാകരനായിരുന്നു. കാലം കടന്നു പോയപ്പോള്‍ ഈ സ്ഥാനം വിഎസ് അച്യുതാനന്ദന്‍ ഏറ്റെടുക്കുകയായിരുന്നു. ലീഡറുടെ കാലത്ത് ഉണ്ടായിരുന്ന പ്രസിദ്ധീകരണങ്ങളുടെ ഇരട്ടി പ്രസിദ്ധീകരണങ്ങളാണ് വിഎസ് സജീവമായ കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടത്. മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും, പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന കാലത്താണ് അച്ചടി മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ എണ്ണത്തില്‍ കൂടുതല്‍ കാര്‍ട്ടൂണുകള്‍ വി.എസിനെ കേന്ദ്രീകരിച്ച് വന്നിട്ടുണ്ട് എന്ന് കാണാം.
കാര്‍ട്ടൂണിസ്റ്റുകളുടെ ബ്രഷിന് എപ്പോഴും വരയ്ക്കാന്‍ എളുപ്പമുള്ള ഒരു ശരീരപ്രകൃതം തന്നെയായിരുന്നു വി.എസ്. അച്യുതാനന്ദന്‍റേത്. അതുകെണ്ട് തന്നെ കാര്‍ട്ടൂണിസ്റ്റുകള്‍ മിക്ക രാഷ്ട്രീയ കാര്‍ട്ടൂണിലും അദ്ദേഹത്തെ കഥാപാത്രമാക്കി. വി.എസ്. അച്യുതാനന്ദനെ കഥാപാത്രമാക്കിക്കൊണ്ട് കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നതിന് കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഒരു വിഷമവും ഒരുകാലത്തും ഉണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ വിഷയത്തിലും, കോണ്‍ഗ്രസ് രാഷ്ട്രീയ വിഷയത്തിലും കാര്‍ട്ടൂണുകളില്‍ ഒരേ പോലെ വി.എസ്. കഥാപാത്രമായി. വി.എസ്. അച്യുതാനന്ദന്‍ കാര്‍ട്ടൂണ്‍കള്‍ക്ക് വിഷയം ഉണ്ടാക്കി നല്‍കിയിരുന്നു എന്ന് വേണമെങ്കില്‍ നമുക്ക് പറയാം. എപ്പോഴും എന്തെങ്കിലും സംഭവിച്ചുകൊണ്ടിരുന്ന കാലമായിരുന്നല്ലോ അദ്ദേഹത്തിന്‍റേത്. കാര്‍ട്ടൂണുകളിലെ പോലെ ആറ്റി കുറുക്കിയുള്ള അദ്ദേഹത്തിന്‍റെ സംഭാഷണങ്ങളും കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് പ്രിയമായിരുന്നു. അദ്ദേഹം പറയുന്ന വാക്കുകള്‍ കൊണ്ട് തന്നെ എത്രയോ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വളരെലളിതമായി വിഎസിനെ കുട്ടികള്‍ പോലും വരയ്ക്കുന്ന കാഴ്ച അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
അങ്ങിനെ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ കാര്‍ട്ടൂണില്‍ കഥാപാത്രമായ രാഷ്ട്രീയ നേതാവ് കൂടിയായി ജനകീയനായ കമ്മ്യൂണിസ്റ്റുകാരനായ വി.എസ്. അച്യുതാനന്ദന്‍ മാറി. അതുകൊണ്ടുതന്നെ വി.എസിന്‍റെ കാലയളവ് രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ സുവര്‍ണ്ണ കാലമായി കണക്കാക്കാവുന്നതാണ്. ഇന്ന് സാഹചര്യം മാറിയിരിക്കുന്നു. മാധ്യമങ്ങളില്‍ രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ എണ്ണം വലിയ അളവില്‍ കുറഞ്ഞിരിക്കുന്നു. അതുകൊണ്ട് വി.എസ്. കാര്‍ട്ടൂണുകള്‍ക്ക് ലഭിച്ചിരിക്കുന്ന റെക്കോഡ് സമീപകാലത്ത് തകര്‍ക്കപ്പെടാന്‍ ഇടയില്ല.
ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച ചിത്രം തയ്യാറാക്കിയ പ്രൊഫസ്സറെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ അറുപതാം പിറന്നാള്‍ ആഘോഷവേളയില്‍ അത്രതന്നെ പഴക്കമുള്ള കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ അംബേദ്കര്‍ കാര്‍ട്ടൂണ്‍ വിമര്‍ശിക്കപ്പെടുകയും പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ഉണ്ടായി. തമിഴ്നാട്ടില്‍ എന്‍ സി ആര്‍ ടി പുസ്തക ത്തില്‍നിന്ന് ആര്‍.കെ. ലക്ഷ്മണന്‍റെ കാര്‍ട്ടൂണ്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി മറ്റൊരു പ്രതിഷേധം. പിന്നീട് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വന്ന ശേഷം എന്തു സംഭവിച്ചു എന്നത് വര്‍ത്തമാനകാല കാര്യങ്ങളാണ്. വിമര്‍ശനം, അന്വേഷണാത്മക പത്രപ്രവര്‍ത്തം തുടങ്ങിയ കാര്യങ്ങള്‍ മാധ്യമ ലോകത്ത് നിന്ന് മാഞ്ഞു.
ഡല്‍ഹിയിലെ കേരളാ ഹൗസിലെ 204 ാം നമ്പര്‍ മുറി വി.എസിന് ഏറ്റവും പ്രിയപ്പെട്ടതാണ്. സാധാരണ മുഖ്യമന്ത്രി ഉപയോഗിക്കുന്ന മുറിയാണ്. മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി വി.എസ്. കേരളാ ഹൗസിലെ 204 ാം നമ്പര്‍ മുറിയില്‍ ഉണ്ടെങ്കില്‍ മറ്റൊരു മുറി ആവശ്യപ്പെട്ട ഒന്നിലേറെ അവസരങ്ങളുണ്ട്. കേരള ഹൗസിലെ 204 ാം മുറിയില്‍ വെച്ച് ഒരിക്കല്‍ വി.എസുമായി കാര്‍ട്ടൂണുകളെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം ശരിക്കും വാചാലനായി എന്നു പറയാം. തന്നെ കഥാപാത്രമാക്കി വരയ്ക്കപ്പെടുന്ന കാര്‍ട്ടൂണുകള്‍ ശ്രദ്ധിക്കാറുണ്ടെന്നും ചിലര്‍ തന്നെ വരയ്ക്കുന്നത് ശരിയാകാറില്ലെന്നും വി എസ് തുറന്നുപറഞ്ഞു. 1955-ലെ ശങ്കേഴ്സ് വീക്കിലിയുടെ ഒരു സമാഹാരം എന്‍റെ കൈവശം ഉണ്ടായിരുന്നത് അദ്ദേഹം സൂക്ഷ്മതയോടെ നോക്കി. എ.കെ.ജി.യെയും മറ്റു കമ്യൂണിസ്റ്റ് നേതാക്കളേയും കഥാപാത്രമാക്കിയ കാര്‍ട്ടൂണുകള്‍ ശങ്കേഴ്സ് വീക്കിലിയിലുണ്ടായിരുന്നത് അദ്ദേഹം സൂക്ഷ്മതയോടെ നോക്കി. കാര്‍ട്ടൂണില്‍ കഥാപാത്രമാകുന്നത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.
മറ്റൊരു അനുഭവം കൂടി പങ്കുവെയ്ക്കാം. 2006 മെയ് 18, തിരുവനന്തപുരം സെന്‍ട്രല്‍സ്റ്റേഡിയത്തില്‍ പാവങ്ങളുടെ പടത്തലവന്‍ എന്നു കേരളം വിശേഷിപ്പിച്ച സഖാവ് വി എസ് കേരളത്തിന്‍റെ 20-ാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സി.പി.എമ്മിന്‍റെ മുന്നാമത്തെ മുഖ്യമന്ത്രിയായി വി. എസ്. ചരിത്രത്തില്‍ ഇടം നേടി. ആദ്യ ദിവസം എല്ലാ വകുപ്പുകളും സ്വന്തം കൈപ്പിടിയിലൊതുക്കി വിമതരെ സ്തബ്ധരാക്കി തന്‍റെ ജൈത്രയാത്രയ്ക്കു തുടക്കം കുറിച്ചപ്പോള്‍ ഇന്ത്യയിലെ പ്രശസ്തരായ 25-ല്പരം കാര്‍ട്ടൂണിസ്റ്റുകളും തലസ്ഥാനത്തുണ്ടായിരുന്നു. കര്‍മനിരതനായ പ്രതിപക്ഷനേതാവെന്ന നിലയിലും നിഷേധിക്കപ്പെട്ട സീറ്റ് വീണ്ടെടുത്ത പോരാട്ടവീറിന്‍റെ ആള്‍ രൂപമെന്ന നിലയിലും കാര്‍ട്ടൂണിസ്റ്റുകളുടെ തൂലികത്തുമ്പില്‍ നിറഞ്ഞുനില്ക്കുകയായിരുന്നു വി.എസ്. ഞാന്‍ ഉള്‍പ്പെടെയുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് അതിനു സാക്ഷ്യം വഹിക്കാനായില്ല. ചാനലുകളിലെ രാത്രിവാര്‍ത്തയില്‍ ചടങ്ങുവീക്ഷിച്ച ഞങ്ങള്‍ കേരളത്തിന്‍റെ പുറത്തുനിന്നു ക്ഷണിക്കപ്പെട്ടെത്തിയ കാര്‍ട്ടൂണിസ്റ്റുകളോട് അദ്ദേഹത്തിന്‍റെ വ്യക്തിവൈശിഷ്ട്യത്തെപ്പറ്റി വിശദീകരിച്ചപ്പോള്‍ അദ്ദേഹത്തെ നേരില്‍ക്കണ്ട് അഭിനന്ദനം രേഖപ്പെടുത്തണമെന്ന അഭിപ്രായം പൊന്തിവന്നു. പക്ഷേ, അദ്ദേഹത്തെക്കുറിച്ചു തെറ്റിദ്ധാരണയുള്ള പലരും പിന്മാറുന്നതാണു പന്തിയെന്നും അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ വിഎസ്സില്‍നിന്ന് നല്ല കാര്‍ട്ടൂണ്‍ അനുഭവമുള്ളവരും കൂട്ടത്തിലുണ്ടായിരുന്നു.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം തരപ്പെടുത്താന്‍ കാര്‍ട്ടൂണിസ്റ്റുകൂടിയായ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റ് കെ എന്‍. ബാലഗോപാലിനോട് ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചു. രേഖാചിത്രകാരന്മാരിലെ കാരണവരായ എം.വി. ദേവനും ഹിന്ദുവിന്‍റെ പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് കേശവുമൊക്കെ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. വിഷയം വി എസ്സിനു മുന്നില്‍ അവതരിപ്പിച്ച ബാലഗോപാലിനോടു ചിരിവരയന്മാരെ അവരുടെ സൗകര്യത്തിനു കാണാന്‍ തയ്യാറാണെന്ന് അറിയിക്കാന്‍ അദ്ദേഹം പറഞ്ഞു. 19-നു വൈകിട്ട് ആറുമണിക്ക് കന്‍റോണ്‍മെന്‍റ്റ് ഹൗസില്‍ 20 മിനിറ്റ് കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പു ലഭിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം അദ്ദേഹം ആദ്യമായി കണ്ടത് കാര്‍ട്ടൂണിസ്റ്റുകളെയായിരുന്നു എന്നത് അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണിസ്റ്റുകളോടുള്ള സമീപനത്തിന്‍റെ തെളിവാണ്.
വൈകിട്ട് ആറു മണി. കന്‍റോണ്‍മെന്‍റ് ഹൗസിലെ സ്വീകരണമുറി. പേനയും പേപ്പറുമായി കാത്തിരുന്ന 25-ല്‍പരം കാര്‍ട്ടൂണിസ്റ്റുകളുടെ കാന്‍വാസി ലേക്കു വി എസ് കടന്നുവന്നത് ഒരേ സമയത്തായിരുന്നു. മാധ്യമപ്പടയുടെ ഫ്ളാഷുകള്‍ മിന്നുന്നതിനിടയില്‍ മുതിര്‍ന്ന ചിത്രകാരന്‍ എം വി ദേവന്‍ ആദ്യ കാരിക്കേച്ചര്‍ വി എസ്സിനു സമ്മാനിച്ചു. പിന്നാലെ രേഖാചിത്രങ്ങളുടെ ശരവര്‍ഷമായിരുന്നു. ഉടന്‍ വന്നു വി എസ്സിന്‍റെ സ്വതഃസിദ്ധമായ ശൈലിയി ലുള്ള കമന്‍റ്. 'നിമിഷകവിതകള്‍പോലെ നിമിഷകാര്‍ട്ടൂണുകളും.' 45 മിനിറ്റാണ് അന്ന് അദ്ദേഹം കാര്‍ട്ടൂണിസ്റ്റുകളോടൊപ്പം ചിലവിട്ടത്. ഒപ്പം കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ചായ സല്‍ക്കാരവും നടത്തി.
വി.എസും. കാര്‍ട്ടൂണിസ്റ്റുകളുമായുള്ള മൂന്നാമതൊരു അനുഭവം കൂടി പങ്കുവെയ്ക്കേണ്ടതുണ്ട്. രേഖാചിത്രങ്ങള്‍ക്കും ലക്ഷ്മണരേഖയോ' എന്ന പേരില്‍ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബും കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ചിരിക്കുന്ന സംവാദം ഉദ്ഘാടനം ചെയ്ത് വി.എസ്. പറഞ്ഞ കാര്യങ്ങള്‍ പരാമര്‍ശിക്കാതെ പോകുന്നത് ശരിയല്ല. വിമര്‍ശനങ്ങളോട് അസഹിഷ്ണുത വളര്‍ന്നുവരികയും അത് അക്രമാസക്തമാവുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് ഇത്തരമൊരു സംവാദമെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗിച്ച് തുടങ്ങിയത് തന്നെ.
ആക്ഷേപഹാസ്യത്തിന്‍റെ കാര്യത്തില്‍ സമ്പന്നമായ പാരമ്പര്യമുള്ള ജനതയാണ് മലയാളി. കുഞ്ചന്‍ നമ്പ്യാരുടെ ആക്ഷേപഹാസ്യ കവിതകള്‍ അന്നത്തെ കാലത്ത് ഇന്ന് സമൂഹത്തില്‍ കാര്‍ട്ടൂണുകള്‍ വഹിക്കുന്ന പങ്കു തന്നെയാണ് നിര്‍വഹിച്ചത്. രാജകൊട്ടാരത്തില്‍ ആസ്ഥാന കവിസ്ഥാനം അലങ്കരിച്ചിരുന്ന നമ്പ്യാര്‍ അന്നദാതാവായ പൊന്നുതമ്പുരാനെത്തന്നെ കണക്കിനു കളിയാക്കുന്നതില്‍ മിടുക്കുകാട്ടി. അതിലെ ചിന്തനീയമായ നര്‍മ്മം ആസ്വദിക്കാനും ഉള്‍ക്കൊള്ളാനും രാജാവിനുപോലും കഴിഞ്ഞു. ആക്ഷേപഹാസ്യം സാമൂഹ്യവിമര്‍ശനത്തിനും ഭരണകൂട നടപടികള്‍ക്കെതിരായ പ്രതിഷേധ പ്രകടനത്തിനും പറ്റിയ മാധ്യമമായി പണ്ടുതന്നെ അംഗീകരിക്കപ്പെട്ടതാണ്. കുഞ്ചന്‍ നമ്പ്യാരുടെ സമ്പന്നമായ പാരമ്പര്യമാണ് കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്കുള്ളത് എന്നാണ് വി.എസ്. പറഞ്ഞത്.
കേരളത്തിലെ പത്രങ്ങളില്‍ നിരന്തരം കാര്‍ട്ടൂണിന് ഇരയാകുന്ന, അഥവാ വിഷയമാകുന്ന ഒരാളാണ് ഞാന്‍. അതെല്ലാം കഴിയാവുന്നത്ര ആസ്വദിക്കുകയും അതില്‍നിന്ന് ഉള്‍ക്കൊള്ളന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ആളാണ് ഞാന്‍. എന്നെ ആക്ഷേപിക്കുന്ന കാര്‍ട്ടൂണുകളോട് എനിക്ക് അസഹിഷ്ണുത തോന്നിയിട്ടില്ല. രചയിതാവിന്‍റെയും പത്രത്തിന്‍റയും അഭിപ്രായമായേ അതിനെ കാണാറുള്ളൂ.
നാലോ അഞ്ചോ പേജില്‍ വിവരിക്കുന്നതിനേക്കാള്‍ ഫലപ്രദമാണ് പലപ്പോഴും ഒരു കാര്‍ട്ടൂണ്‍. നമ്മുടെ സമൂഹത്തിലെ അനീതികളും ജീര്‍ണതകളും ചൂണ്ടിക്കാട്ടുന്നതില്‍ കാര്‍ട്ടൂണുകള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ആക്ഷേപഹാസ്യത്തിലൂടെ സാമൂഹ്യവിമര്‍ശനം സാധ്യമാക്കുന്നതിന് ചാട്ടുളി പോലെ ഫലപ്രദമാണ് മികച്ച കാര്‍ട്ടൂണുകള്‍. അതിനെതിരേ അസഹിഷ്ണുതയും അതിന്‍റെ പേരില്‍ നിയന്ത്രണങ്ങളും ഉണ്ടാകുന്നത് ജനാധിപത്യവിരുദ്ധമാണ് എന്ന് സൂചിപ്പിച്ചുകൊണ്ടാണ് വി.ളസ്. അന്ന് പ്രസംഗം അവസാനിപ്പിച്ചത്.
ഈ ഒരു സാഹചര്യത്തിലാണ് വി.എസിന്‍റെ കാര്‍ട്ടൂണുകളും, വി.എസിനെ ചുറ്റിപ്പറ്റിയുള്ള രസകരമായ കഥകളും, സംഭവങ്ങളും ചേര്‍ത്ത് ഒരു പുസ്തകം ചെയ്യാന്‍ താത്പര്യം തോന്നിയത്. പുസ്തകത്തിന് പേരിട്ടു. വര, വരി, വിഎസ്. മലയാളത്തിലെ പ്രശസ്ത പുസ്തക പ്രസാധകരായ ഡി.സി. ബുക്സ് പ്രസിദ്ധീകരണ ദൗത്യം ഏറ്റെടുത്തു. അന്നത്തെ സി.പി..ഐ.(എം) ജനറല്‍ സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ അവതാരിക എഴുതി. ഉമ്മന്‍ ചാണ്ടി, എം.എ. ബേബി, രമേശ് ചെന്നത്തല, പന്ന്യന്‍ രവീന്ദ്രന്‍, ജസ്റ്റിസ് കെ. ജി ബാലക്യഷ്ണന്‍, ചെമ്മനം ചാക്കോ, എം. മുകുന്ദന്‍, സുകുമാര്‍, പി. സി സനല്‍കുമാര്‍ തുടങ്ങി പലരും എഴുതി. കേരളത്തിലെ പ്രമുഖരായ എല്ലാ കാര്‍ട്ടൂണിസ്റ്റുകളും വി.എസ് കാര്‍ട്ടൂണുകള്‍ നല്‍കി. ജനകീയ കമ്മ്യൂണിസ്റ്റായ വി.എസിന്‍റെ ജീവിതം, രാഷ്ട്രീയം, നിലപാട്, തുടങ്ങിയ എല്ലാം ഈ പുസ്തകത്തിലെ വരയിലൂടേയും, വരിയിലൂടേയും വായനക്കാര്‍ക്ക് വായിച്ചെടുക്കാം.
അവതാരികയില്‍ പിണറായി വിജയന്‍ എഴുതി. കേരളത്തിലെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് സഖാവ് വി. എസ്. അച്യുതാനന്ദന്‍. അടിസ്ഥാന ജനവിഭാഗങ്ങളെ സംഘടിപ്പിച്ചുകൊണ്ട് പ്രസ്ഥാ നത്തിലേക്ക് കടന്നുവന്ന സഖാവ് ത്യാഗോജ്ജ്വലമായ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ആ സമരപോരാട്ടങ്ങളുടെ ഭാഗമായി ത്തന്നെ എണ്ണമറ്റ ത്യാഗങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമരചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന അധ്യായമായ പുന്നപ്ര -വയലാര്‍ സമരത്തിലും സഖാവിന്‍റെ പങ്ക് ഏറെ വലുതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിപ്ലവകരമായി പുനഃസംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി സി.പി.ഐ. (എം) രൂപീകരണത്തിലും സജീവമായ പങ്കാളിത്തം വഹിക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളില്‍നിന്നുകൊണ്ട് ജനങ്ങളുടെ പ്രശ്നനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും അവരുടെ ആവലാതികള്‍ പരിഹരിക്കുന്നതിനും ശ്രദ്ധേയമായ തരത്തില്‍തന്നെ ഇടപെടുകയുണ്ടായി. ജനജീവിതത്തില്‍ സജീവമായി ഇടപെടുന്നതുകൊണ്ടുതന്നെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമായി വി.എസ്. മാറി ക്കഴിഞ്ഞിട്ടുണ്ട്. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി നില്‍ക്കുന്ന വ്യക്തിത്വങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് വാര്‍ത്തകള്‍ രൂപപ്പെടുക സ്വാഭാവികമാണ്. അത്തരം ഇടപെടലുകള്‍ പലപ്പോഴും ആക്ഷേപഹാസ്യങ്ങളുടെ രൂപത്തില്‍ ചിത്രീകരിക്കപ്പെടുന്ന രീതിയും ഉണ്ടാകാറുണ്ട്. മാധ്യമങ്ങളില്‍ ഉണ്ടാകുന്ന കാര്‍ട്ടൂണുകളില്‍ അതുകൊണ്ടുതന്നെ വി. എസ്. സജീവസാന്നിധ്യമായി നിലനില്‍ക്കുന്നുണ്ട്.
വി.എസ്. മരണപ്പെട്ടെങ്കിലും അദ്ദേഹം ഉയര്‍ത്തിയ ശബ്ദവും, അദ്ദേഹത്തിന്‍റെ നിലപാടുകളും, അതിന് ബലമായ കാര്‍ട്ടൂണുകളും എന്നും ചര്‍ച്ചയാകും. ഒരു ഡസനിലേറെ കാര്‍ട്ടൂണിസ്റ്റുകളുടെ പരിപാടികളില്‍ പങ്കെടുത്ത് കാര്‍ട്ടൂണ്‍ കലയെ തന്നാലാകുന്ന രീതിയില്‍ പ്രോത്സാഹിപ്പിച്ച വി.എസിന് പ്രണാമം.
