ക്ഷണിച്ചു വരുത്തുന്ന ദുരന്തങ്ങള്‍

ക്ഷണിച്ചു വരുത്തുന്ന ദുരന്തങ്ങള്‍

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


'ക്ഷണിച്ചുവരുത്തിയ ദുരന്തം' എന്ന് നമ്മള്‍ പലപ്പോഴും പറയാറുണ്ട്. എന്താണത് എന്നത് ആലോചിച്ചിട്ടുണ്ടോ...? എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ...? മനുഷ്യന്‍റെ പ്രവൃത്തികള്‍ കാരണമായി സംഭവിക്കുന്ന ദുരന്തങ്ങളാണ് 'ക്ഷണിച്ചുവരുത്തിയ ദുരന്തം'. അതായത്, പ്രകൃതിക്ഷോഭം പോലുള്ള സ്വാഭാവിക കാരണങ്ങളാല്‍ സംഭവിക്കുന്ന ദുരന്തങ്ങളില്‍ നിന്ന് വ്യത്യസ്തമായി, മനുഷ്യന്‍റെ തെറ്റായ തീരുമാനങ്ങള്‍ മൂലമോ അശ്രദ്ധ മൂലമോ സംഭവിക്കുന്ന ദുരന്തങ്ങളെയാണ് ഈ പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്. 

സാങ്കേതിക വിദ്യയില്‍ വന്ന പിഴവോ മാനുഷിക പിഴവോ മൂലം സംഭവിക്കുന്ന ദുരന്തങ്ങളെയും നമുക്ക് ക്ഷണച്ചു വരുത്തുന്ന ദുരന്തങ്ങളായി കണയ്ക്കാക്കാം. തിക്കിലും തിരക്കിലും പെട്ടുള്ള മരണങ്ങള്‍, തീപ്പിടുത്തം, വാഹനാപകടങ്ങള്‍, വ്യാവസായിക അപകടങ്ങള്‍, ആണവസ്ഫോടനങ്ങള്‍, ആണവ വികിരണം, യുദ്ധങ്ങള്‍, മറ്റ് ആക്രമണങ്ങള്‍ എന്നിവയും ക്ഷണച്ചു വരുത്തുന്ന ദുരന്തങ്ങളാണ്. പ്രകൃതിദുരന്തങ്ങള്‍ കാരണം പലതരം ദുരിതങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ട്. അവ വരുത്തുന്ന നാശത്തോടൊപ്പം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, വിശപ്പ്, രോഗം എന്നിവയും ഉണ്ടാകുന്നുണ്ട് എന്നത് നാം തിരിച്ചറിയണം. എല്ലാ ദുരന്തങ്ങളും നമ്മള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കില്ല. പക്ഷെ ചില ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ മാത്രം മതിയാകും. 

ദുരന്തങ്ങള്‍ പലതും നമ്മുടെ നാടുകളില്‍ സംഭവിക്കുന്നതാണ്. പ്രകൃതി ഒട്ടേറെ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നുണ്ട് എന്നത് സത്യമാണ്. പലതരത്തിലും ദുരന്തങ്ങള്‍ ഉണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇതില്‍ പല ദുരന്തങ്ങളും നമ്മള്‍ ക്ഷണിച്ചു വരുത്തുന്ന ഒന്നായി തന്നെ പരിഗണിക്കേണ്ടിയിരിക്കുന്നു. പരിസ്ഥിതി മലിനീകരണം, അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, അനിയന്ത്രിതമായ വനനശീകരണം എന്നിവയെല്ലാം ക്ഷണിച്ചുവരുത്തിയ ദുരന്തങ്ങള്‍ക്ക് കാരണമാവാം. സമീപകാലത്ത് നടക്കുന്ന പല പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണം മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടാകുന്നത് തന്നെയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ കെട്ടിടത്തിനിടയില്‍ ഒരു സ്ത്രീ മരിക്കാന്‍ ഇടയായത് നമ്മള്‍ ക്ഷണിച്ചു വരുത്തിയ ദുരന്തമാണ്. ഒരു വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവവും നമ്മള്‍ ക്ഷണിച്ചുവരുത്തിയ ദുരന്തം തന്നെ. വാസയോഗ്യമല്ലാത്ത ഫ്ളാറ്റുകളില്‍ താമസിക്കുന്നത് ദുരന്തം ക്ഷണിച്ചു വരുത്തലാണ്. എല്ലായിടത്തും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നിരീക്ഷണം നടത്താന്‍ സാധിക്കില്ല. അതിന് ജനങ്ങളുടെ സഹകരണം കൂടെ ആവശ്യമുണ്ട്. ഇങ്ങനെ ദുരന്തങ്ങളുടെ ഒട്ടേറെ കഥകള്‍ പരിശോധിക്കുമ്പോള്‍ പലതും നമ്മള്‍ ക്ഷണിച്ചുവരുന്ന ദുരന്തങ്ങളായി പരിഗണിക്കേണ്ടിയിരിക്കുന്നു.

പരിസ്ഥിതി മലിനീകരണം കൊണ്ട് വലിയ ദുരന്തമാണ് പ്രക്യതിക്കും മനുഷ്യനും ഉണ്ടാകുന്നത്. രോഗ വ്യാപനം മുതല്‍ എന്തെല്ലാമാണ് ഉണ്ടാകുക. പരിസ്ഥിതി മലിനീകരണം ജലത്തിലും വായുവിലും സംഭവിക്കുന്നു. വെള്ളത്തിലുള്ള പരിസ്ഥിതി മലിനീകരണം കൊണ്ട്  കടിവെള്ളം ഇല്ലായ്മ ചെയ്യാനും, വെള്ളം മനുഷ്യന് ഉപയോഗിക്കാന്‍ പറ്റാത്ത നിലയിലാകാനും കാരണമാകുന്നു. വ്യവസായശാലകളില്‍ നിന്നുള്ള മാലിന്യം നദിയില്‍ ഒഴുക്കുന്നതും, പ്ലാസ്റ്റിക് അനിയന്ത്രിതമായി ഉപയോഗിക്കുന്നതും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. ഇത് വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ പോലുള്ള ദുരന്തങ്ങളിലേക്ക് നയിക്കുകയും ചെയ്യും. വായു മൂലമുണ്ടാകുന്ന മലിനീകരണം മനുഷ്യന്‍റെ സ്വര്യജീവിതത്തെ തന്നെ ബാധിക്കുന്നു. വാഹനങ്ങളില്‍ നിന്നുള്ളതും, വ്യവസായ ശാലകളില്‍ നിന്നും പറത്തുവിടുന്ന പുക പ്രക്യതിയുടെ വായു മലിനമാക്കും. 

രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ വായു നിലവാരത്തെക്കുറിച്ച് വളരെ ആശങ്ക നിറഞ്ഞതാണ്. ഇതുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ട ജനങ്ങള്‍ വലിയ ആശങ്കയിലാണ്. കഴിഞ്ഞ കുറെ നാളുകളായി മലിനീകരണം എന്നത് പൊതുമണ്ഡലത്തിലെ പൊതുവായ സംസാര വിഷയമാണ്. വ്യവസായശാലകളിലെ വായു മലിനീകരണവും, വാഹനങ്ങളില്‍ നിന്ന് ഉണ്ടാകുന്ന മലിനീകരണങ്ങളും, രാജ്യ തലസ്ഥാനത്തെ ലോകത്തിലെ ഏറ്റവും വലിയ മലിനീകരണ കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ഡല്‍ഹിയില്‍ ജീവിക്കുക എന്നുള്ളത് വലിയ ആശങ്ക നല്‍കുന്ന ഒന്നായി മാറിയിരിക്കുന്നു. രോഗികളുടെ എണ്ണം ഇവിടെ വര്‍ദ്ധിക്കുകയാണ്. ശ്വാസതടസ്സമാണ് കൂടുതലും. അതിന് മുഖ്യമായ കാരണം വായു മലിനീകരണമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ പല ഡോക്ടര്‍മാരും ശ്വാസതടസവുമായി എത്തുന്ന രോഗികള്‍ക്ക് മരുന്നിനു പകരം ഡല്‍ഹിയില്‍ നിന്ന് മാറി താമസിക്കുക എന്നുള്ള പരിഹാര മാര്‍ഗമാണ് നിര്‍ദ്ദേശിക്കുന്നത്. രോഗികള്‍ക്ക് മരുന്നിനേക്കാള്‍ ഗുണം ചെയ്യുന്നത് ഡോക്ടര്‍മാരുടെ ഇത്തരം ഉപദേശങ്ങളാണ്.

നമ്മുടെ നാട് വികസിക്കുകയാണ്. വികസനം നടക്കുമ്പോള്‍ നിര്‍മ്മാണവും നടക്കും. റോഡുകളും, പാലങ്ങളും, കെട്ടിടങ്ങളും പുതുതായി വരേണ്ടതുണ്ട്. അവിടെ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോള്‍ ദുരന്തങ്ങള്‍ ഉണ്ടാകാം. മലമ്പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്, മഴക്കാലത്ത് മണ്ണിടിച്ചിലിനും ദുരന്തങ്ങള്‍ക്കും കാരണമാകും. കേരളത്തിലെ ദേശിയ പാതാ നിര്‍മ്മാണത്തിലെ അശാസ്ത്രിയ സമീപനം കാരണം ഉണ്ടായ ദുരന്തം നടന്നിട്ട് ഏറെ നാളായില്ല. ഗുജറാത്തില്‍ പാലം തകര്‍ന്നതും നമ്മള്‍ കണ്ടത് സമീപ കാലത്ത് തന്നെ. കര്‍ണാടകയില്‍ മലയിടിഞ്ഞ് ഷിരൂരില്‍ ഗംഗാവലി പുഴയില്‍ ഉണ്ടായ ദുരന്തം ക്ഷണിച്ചു വരുത്തിയത് തന്നെ. അശാസ്ത്രിയമായ റോഡ് നിര്‍മ്മാണമായിരുന്നു അവിടുത്തെ ദുരന്തത്തിന് കാരണം. വയനാടിലും മറ്റ് പല മേഖലയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായത് ക്ഷണിച്ച് വരുത്തിയ ദുരന്തമാണ്. അവിടെയെല്ലാം നടന്ന മനുഷ്യ നിര്‍മ്മിതി അതിന് കാരണമായി. മനുഷ്യന്‍ പ്രക്യതിയെ പീഠിപ്പിക്കുന്നതിന്‍റെ ഫലമാണ് ഇതൊക്കെ തന്നെ. 2018ലെ വെള്ളപ്പൊക്കവും ക്ഷണിച്ച് വരുത്തിയ ദുരന്തമാണ്. അത് ഒഴിവാക്കാവുന്ന ഒന്നായിരുന്നു എന്ന് പല റിപ്പോര്‍ട്ടുകളും ഉണ്ടായത് നമുക്ക് മറക്കുവാന്‍ സാധിക്കുമോ...?

നമുക്ക് വലിയ വനസമ്പത്ത് ഉണ്ടായിരുന്നു. അത് ഭൂതകാലമായി മാറിയിരിക്കുന്നു. അനിയന്ത്രിതമായ വനനശീകരണം നമ്മുടെ വനസമ്പത്ത് ഇല്ലാതാക്കി. അതുമൂലം വലിയ പ്രതിസന്ധിയിലൂടെയാണ് മനുഷ്യന്‍ ഇപ്പോള്‍ ജീവിക്കുന്നത്. കുടിവെള്ള ക്ഷാമം മുതല്‍ എന്തെല്ലാം ദുരിതങ്ങളാണ് നമ്മള്‍ അനുഭവിക്കുന്നത്. വനങ്ങളെ അനിയന്ത്രിതമായി വെട്ടിത്തെളിക്കുന്നത്, പ്രകൃതിയുടെ സന്തുലനാവസ്ഥയെ തകര്‍ക്കുകയും, ഇത് കാലാവസ്ഥാ വ്യതിയാനത്തിനും, വരള്‍ച്ച പോലുള്ള ദുരന്തങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

ഓരോ തവണ കേരളം ഓരോ പ്രകൃതി ദുരന്തങ്ങള്‍ കാണുമ്പോഴും ഓര്‍ക്കുന്ന ഒന്നുണ്ട്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടോ നടപ്പാക്കാന്‍ ഒരു സര്‍ക്കാരും തയ്യാറാകുന്നില്ല എന്നത് അതിശയം തന്നെ. ഇനിയും ക്ഷണിച്ചു വരുത്തുന്ന ദുരന്തങ്ങള്‍ ഉണ്ടായാലും ഒരു നടപടിയും ഉണ്ടാകില്ല. കുറച്ചു കഴിഞ്ഞു നമ്മള്‍ അത് മറക്കും.

എല്ലാവര്‍ഷവും ദുരന്തങ്ങള്‍ ഉണ്ടാകുന്നു എന്നുള്ളത് വര്‍ത്തമാനകാലത്ത് നാം അപ്പപ്പോള്‍ അറിയുന്നുണ്ട്. സാങ്കേതികവിദ്യ വളര്‍ന്നതോടുകൂടി വാര്‍ത്ത മാധ്യമ രംഗം വേഗതയിലായി. നിമിഷനേരം കൊണ്ട് വാര്‍ത്തകള്‍ ലോകമെങ്ങും പ്രചരിക്കുകയും ചെയ്യുന്നുണ്ട്. എന്തിനേറെ ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നടക്കുന്ന ദുരന്തം നിമിഷ നേരം കൊണ്ട് നമ്മള്‍ അറിയുന്ന ആധുനിക ലോകമാണിന്ന്. എല്ലാ ദുരന്തങ്ങളും പല രീതിയില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. അഹമ്മദാബാദില്‍ നടന്ന വിമാന ദുരന്തം ഉണ്ടായപ്പോള്‍ തൊട്ടുപിന്നാലെ വിമാനയാത്രകള്‍ റദ്ദാക്കിയവരുണ്ട്. കാശ്മീരില്‍ ഭീകരര്‍ വെടിവെപ്പ് നടത്തി നിരവധി പേരെ കൊന്നതോടുകൂടി കാശ്മീരിലേക്കുള്ള യാത്രകള്‍ റദ്ദാക്കിയവരുണ്ട്. ദുരന്തങ്ങള്‍ക്ക് തൊട്ടുപിന്നാലെ ഇതെല്ലാം എപ്പോഴും സംഭവിക്കുന്നതാണ്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പരിഹാരമാര്‍ഗം നിര്‍ദ്ദേശിക്കുക മാത്രമാണ് കണ്ടിട്ടുള്ളത്. ദുരന്തങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ പഴയകാല ഓര്‍മ്മപ്പെടുത്തലുകള്‍ ഉണ്ടാവുകയും കുറച്ചു കാലത്തേക്ക് വീണ്ടും അതിന് ഒരു വിലക്കുകള്‍ ഉണ്ടാവുകയും ചെയ്യുന്നതല്ലാതെ പരിഹാരങ്ങള്‍ പലപ്പോഴും ഉണ്ടാകാറില്ല.

മനുഷ്യനിര്‍മ്മിതമായ പല ദുരന്തങ്ങളും കൃത്യമായ ആസൂത്രണങ്ങളിലൂടെ നമുക്ക് തടയുവാന്‍ സാധിക്കും. ശാസ്ത്രീയമായ അടിത്തറ അതിന് ആവശ്യമാണ്. പക്ഷേ, എല്ലാ ദുരന്തങ്ങളും നമുക്ക് തടയുവാന്‍ സാധിക്കില്ല. ക്ഷണിച്ചു വരുത്തുന്ന പല ദുരന്തങ്ങളും ഒഴിവാക്കാമായിരുന്നു എന്ന് ദുരന്തശേഷം നാം പലപ്പോഴും പറയാറുണ്ടല്ലോ. ദുരന്തം സംഭവിക്കുന്നതിന് മുമ്പ് പരിഹാരം കാണുകയാണെങ്കില്‍ അത് എത്രയോ ജീവനുകള്‍ രക്ഷിക്കുന്ന സാഹചര്യത്തില്‍ എത്തിച്ചേരുമെന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു. ദുരന്തം പ്രവചിക്കുവാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യമില്ല എന്ന് പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ, ചില ദുരന്തങ്ങള്‍ നമുക്ക് മുന്‍കൂട്ടി കാണുവാന്‍ സാധിക്കും. അതൊരു പ്രവചനമല്ല. ആ ദുരന്തങ്ങള്‍ എങ്കിലും നാം തടഞ്ഞു രക്ഷകരാകേണ്ടതുണ്ട്. അതിനായി നാം പ്രയത്നിക്കേണ്ടതുണ്ട്. ക്ഷണിച്ചു വരുത്തുന്ന ദുരന്തങ്ങള്‍ ഒഴിവാക്കുവാന്‍ എല്ലാ മനുഷ്യരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആ ജാഗ്രത പലരുടെയും ജീവന്‍ രക്ഷിക്കുവാന്‍ കാരണമാകും എന്നുതന്നെയാണ് വിശ്വാസം.