പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
ജൂണ്‍ 20
കേരളാ ക്ലബ്ബിലെ ഓംചേരി സ്റ്റഡി സെന്‍റര്‍
രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ ഹൃദയഭാഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സാംസ്കാരിക സ്ഥാപനമാണ് കേരള ക്ലബ്ബ്. കേരള ക്ലബ്ബിന്‍റെ വേദിയില്‍ ഇരിക്കുക എന്നതും, അവിടെ സംസാരിക്കാന്‍ അവസരം ലഭിക്കുക എന്നതും മലയാള ഭാഷയെ സ്നേഹിക്കുന്നവരുടെ അഭിമാനമാണ്. മലയാള സാഹിത്യത്തിലെ എന്നല്ല കലാ, രാഷ്ട്രീയ രംഗങ്ങളിലെ എത്രയോപേര്‍ ഇവിടെ എത്തി സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി അടക്കം കേന്ദ്ര മന്ത്രിമാരും സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും മന്ത്രിമാരും അടക്കം രാഷ്ട്രീയ നേതാക്കളും സാഹിത്യ രംഗത്തെ പ്രമുഖരും കലാകാരന്മാരും എല്ലാം കേരള ക്ലബ്ബില്‍ വരിക പതിവാണ്. ഖസാക്കിന്‍റെ ഇതിഹാസവും, മയ്യഴിപ്പുഴയുടെ തീരങ്ങളിലും ഒക്കെ ആദ്യ വായന നടന്നിട്ടുള്ളത് കേരള ക്ലബ്ബിലാണ്. ആദ്യകാലങ്ങളില്‍ കേരള ക്ലബ്ബ് വരേണ്യ വര്‍ഗ്ഗത്തിന്‍റെ കൈപ്പിടിയില്‍ ആയിരുന്നു. മദ്യപാനവും ചീട്ടുകളിയും മാത്രമായിരുന്നു ഇവിടത്തെ പ്രധാന വിനോദ പരിപാടി. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ആദ്യപ്രകടനത്തിന് തുടക്കം കുറിച്ചത് കേരള ക്ലബ്ബില്‍ നിന്നാണ് എന്നുള്ളത് ഒരു ചരിത്ര സംഭവമാണ്. പിന്നീട് കേരള ക്ലബ് എല്ലാ വിഭാഗം ജനങ്ങള്‍ക്കും എത്തിച്ചേരുവാന്‍ സാധിക്കുന്ന ഒരു ഇടമായി മാറുകയായിരുന്നു. പ്രവാസി മലയാളികളുടെ മലയാളഭാഷയുടെ സംരക്ഷണം പോലും കേരള ക്ലബ്ബിനെ ചുറ്റിപ്പറ്റിയാണ് നടന്നിരുന്നത്. മലയാള സാഹിത്യത്തിന്‍റെ വളര്‍ച്ചയുടെ പ്രധാന പങ്കുവഹിച്ചിരുന്നത് കേരള ക്ലബ്ബിന്‍റെ അകത്തളങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ നിന്നാണെന്ന് പറയുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. എല്ലാ വെള്ളിയാഴ്ച്ചകളില്‍ കേരള ക്ലബ്ബില്‍ നടത്തുന്ന സാഹിതി സഖ്യം മലയാള ഭാഷയെ പ്രവാസി മലയാളികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുന്ന ഒരു ഇടം കൂടിയാണ്. കേരള ക്ലബ്ബിന്‍റെ പ്രസിഡന്‍റും, സജീവ പ്രവര്‍ത്തകനുമായിരുന്ന നാടകാചാര്യന്‍ ഓംചേരി എന്‍. എന്‍. പിള്ളയുടെ ഓര്‍മ്മയ്ക്കായി നവീകരിച്ച കേരള ക്ലബ്ബില്‍ ഓംചേരി സ്റ്റഡി സെന്‍റര്‍ തുടങ്ങി. നവീകരിച്ച കേരള ക്ലബ്ബിന്‍റെയും, ഓംചേരി സ്റ്റഡി സെന്‍ററിന്‍റേയും പ്രവര്‍ത്തനേദ്ഘാടനം നടന്നു. ഓംചേരിയുടെ സ്വകാര്യ പുസ്തക ശേഖരമാണ് സ്റ്റഡി സെന്‍ററില്‍ ലഭ്യമാക്കിയിരിക്കുന്നത്. കേരള ക്ലബ്ബിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്ന ഓംചേരിയുടെ പേരില്‍ പുതുതായി രൂപംകൊണ്ട സ്റ്റഡി സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങിയതോടുകൂടി സജീവമായിരിക്കുകയാണ് ഡല്‍ഹിയിലെ കേരള ക്ലബ്ബ്.
ആന്‍റി സ്മോഗ് ഗണ്ണും, വാഹന നിയന്ത്രണവും
ഡല്‍ഹിയുടെ കാലാവസ്ഥ മാറുന്നു. ചൂട് കുറഞ്ഞ് വരുന്നു. മലിനീകരണ തോത് ഇക്കുറിയും കൂടുമെന്നത് ആശങ്ക ഉണ്ടാക്കുന്നു. വായു മലിനീകരണം രൂക്ഷമാകും എന്നുള്ള കണക്കുകൂട്ടല്‍ ഡല്‍ഹി ഗവണ്‍മെന്‍റിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഡല്‍ഹിയിലെ ഉയരം കൂടിയ കെട്ടിടങ്ങളില്‍ ആന്‍റി സ്മോഗ് ഗണ്‍ കര്‍ശനമായി സ്ഥാപിക്കണമെന്ന് ഡല്‍ഹി ഗവണ്‍മെന്‍റ് ഉത്തരവിട്ടിരിക്കുകയാണ്. ഓഫീസ് കെട്ടിടങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ എന്നിവയുടെയെല്ലാം മുകളില്‍ ആന്‍റി സ്മോഗ് ഗണ്‍ സ്ഥാപിക്കണം. വായു മലിനീകരണം രൂക്ഷമായ ദിവസങ്ങളില്‍ പുലര്‍ച്ചയും സന്ധ്യയ്ക്കും രാത്രിയിലും ഇടവിട്ട് അവ പ്രവര്‍ത്തിപ്പിക്കണം എന്നും ഡല്‍ഹി ഗവണ്‍മെന്‍റിന്‍റെ ഉത്തരവില്‍ പറയുന്നു. 3000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയുള്ള എല്ലാ കെട്ടിടങ്ങളും ആന്‍റി സ്മോഗ് ഗണ്‍ കര്‍ശനമായും സ്ഥാപിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. 10000 മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയുള്ള കെട്ടിടങ്ങളില്‍ മൂന്ന് ആന്‍റി സ്മോഗ് ഗണ്‍ നിര്‍ബന്ധമായും വെച്ചിരിക്കണം. 15000 മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ നാലെണ്ണവും, അതിനു സമാന്തരമായി വിസ്തൃതിയുള്ള കെട്ടിടങ്ങളില്‍ ആന്‍റി സ്മോഗ് ഗണ്ണുകളുടെ എണ്ണം കൂടുതല്‍ വെക്കേണ്ടതുണ്ട്. ആറുമാസത്തെ കാലാവധിയാണ് സര്‍ക്കാര്‍ ഇതിനായി നല്‍കിയിരിക്കുന്നത്. 70 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെ വെള്ളം തെളിക്കുവാന്‍ കഴിയുന്ന ആന്‍റി സ്മോഗ് ഗണ്ണുകളാണ് വെക്കേണ്ടത് എന്നുള്ള നിര്‍ബന്ധമായും സര്‍ക്കാര്‍ ഉത്തരവില്‍ ഉണ്ട്. നവംബര്‍ ഒന്നു മുതല്‍ നഗരത്തില്‍ ബി.എസ് ഫോര്‍, സി.എന്‍.ജി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും സഞ്ചരിക്കുവാന്‍ സാധിക്കുക. ശുദ്ധ വായു എല്ലാവരുടെയും അവകാശമാണെന്നും, മലിനീകരണത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും കര്‍മ്മ പദ്ധതിയുടെ പ്രമേയം പരസ്യപ്പെടുത്തിക്കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. ഡല്‍ഹിയില്‍ 70 ലക്ഷം വൃക്ഷത്തൈകള്‍ നടുകയും, ഡല്‍ഹിയിലെ 5 സ്ഥലങ്ങളില്‍ പരീക്ഷണാര്‍ത്ഥത്തില്‍ കൃത്രിമ മഴ പെയ്യിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ ഒന്നു മുതല്‍ പഴകിയ വാഹനങ്ങള്‍ കര്‍ശനമായും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ 1 മുതല്‍ പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കേണ്ടെന്ന ഉത്തരവ് വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു. കാലപ്പഴക്കംചെന്ന പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ ഇന്ധനവിലക്ക് മൂന്ന് ദിവസം മാത്രമാണ് ഉണ്ടായത്. ഡീസല്‍ വാഹനങ്ങള്‍ക്ക് പത്ത് വര്‍ഷവും, പെട്രോള്‍ വാഹനങ്ങള്‍ക്ക് പതിനഞ്ച് വര്‍ഷവുമാണ് ഡല്‍ഹിയില്‍ ഓടുന്നതിന് അനുമതി നല്‍കിയിരുന്നത്.
മഹാത്മാഗാന്ധിയുടെ ആത്മാവ് മോദിയിലോ...?
പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഹാത്മാഗാന്ധിജിയോട് ഉപമിച്ച ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഡല്‍ഹി മലയാളികളുടെ വിവിധ സംഘടനകളെ സംയോജിപ്പിച്ചു കൊണ്ട് മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും കണ്ടുമുട്ടിയതിന്‍റെ നൂറാം വാര്‍ഷികം ആഘോഷ ചടങ്ങിലേക്ക് സ്വാഗതസംഘം രൂപീകരിച്ചിരുന്നു. പരിപാടി വന്‍ വിജയമാക്കി തീര്‍ക്കുന്നതിന് ശിവഗിരി മഠത്തിനൊപ്പം പ്രയത്നിച്ച ഒട്ടേറെ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ഉണ്ട്. കക്ഷിരാഷ്ട്രീയത്തിനും മതത്തിനും, ജാതിക്കും അതീതരായി ശ്രീനാരായണ ഗുരുവിന്‍റെ ആശയങ്ങളോട് യോജിപ്പുള്ളവരായിരുന്നു അവരൊക്കെ. ഇവരെ സാക്ഷിയാക്കിയാണ് നരേന്ദ്രമോദിയെ മഹാത്മാഗാന്ധിയുടെ പ്രതീകമായി ശിവഗിരി മഠാധിപതി ചിത്രീകരിച്ചത്. ഒരു മത വിഭാഗത്തോടും അസിഹിഷ്ണുത മോദി പുലര്‍ത്തിയിട്ടില്ല എന്ന് വരെ സ്വാമിജി കാച്ചി വിട്ടു. പരസ്യമായുള്ള സ്തുതി പറച്ചില്‍ സ്വാഗത സംഘത്തില്‍ വ്യാപകമായ പ്രതിഷേധത്തിന് തന്നെ കാരണമായി. ശ്രീനാരായണഗുരുവിനെ ഇന്ത്യയുടെ ആത്മാവായി കണ്ട ഏക പ്രധാനമന്ത്രിയാണെന്ന് നരേന്ദ്രമോദി എന്ന് ശിവീഗിരി മഠാതിപതി പറഞ്ഞു. നരേന്ദ്രമോദിയെ പോലെയുള്ള മികച്ച പ്രധാനമന്ത്രിമാര്‍ ഇന്ത്യയില്‍ ഉണ്ടായില്ല എന്ന പരാമര്‍ശത്തോടെ സ്വാമിജിയുടെ പോക്ക് വ്യക്തമായി. ശിവഗിരി മഠാതിപതി ബി.ജെ.പി. പരിപാടിയാക്കി ചടങ്ങ് മാറ്റുന്നു എന്ന ആക്ഷേപം വ്യാപകമായതോടെ സംസ്ഥാന ബി.ജെ.പി. അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും, കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടു നിന്നതും ശ്രദ്ധിക്കപ്പെട്ടു. വെള്ളാപ്പള്ളി നടേശനും, തുഷാര്‍ വെള്ളാപ്പള്ളിയും അസാനിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. പരിപാടിയുടെ വിജയത്തിനായി രൂപം കൊടുത്ത സ്വാഗതസംഘത്തിലെ പല പ്രമുഖരും ഇപ്പോള്‍ ചതിയ്ക്കപ്പെട്ടു എന്ന് ആകുലപ്പെടുന്നുണ്ട്. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് ഒരു ശ്രീനാരായണ ഭക്തന്‍ പറയുന്നതും കേട്ടു.
ഡല്‍ഹിയിലെ ഗല്ലികളിലെ ദേവി
ഡല്‍ഹിയില്‍ വ്യാപകമായി പച്ച മിനി എ.സി. ബസുകള്‍ ഓടുന്നത് ഇപ്പോള്‍ കൗതുക കാഴ്ച തന്നെയാണ്. ഇനി ഓറഞ്ച് മിനി എ.സി. ബസുകള്‍ ഓടുന്നതിന് തയ്യാറായി വരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്‍റെ കീഴിലുള്ള മിനി ഇലക്ട്രോണിക് ബസുകളാണ് അവയൊക്കെ. ദേവി എന്നാണ് ബസ്സിന് നല്‍കിയിരിക്കുന്ന പേര്. 23 സീറ്റുകള്‍ ഉള്ള ബസ്സില്‍ 6 സീറ്റുകള്‍ വനിതകള്‍ക്ക് മാത്രമായി റിസര്‍വ് ചെയ്തിരിക്കുകയാണ്. ഡല്‍ഹി ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍റര്‍ കണക്ടിവിറ്റി എന്നാണ് ദേവിയുടെ മുഴുവന്‍ പേര്. 45 മിനിറ്റ് കൊണ്ട് മുഴുവനായി റീചാര്‍ജ് ചെയ്യുന്ന ബസ് 225 കിലോമീറ്റര്‍ വരെ ഓടും എന്നാണ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് പറയുന്നത്. ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്‍റെ ബസ്സുകളെക്കാള്‍ വലുപ്പം കുറവായതിനാല്‍ നഗരത്തിലെ ഇടുങ്ങിയ വഴികളിലൂടെ ഈ ബസ്സുകള്‍ സഞ്ചരിക്കും എന്നുള്ളതാണ് ഏറ്റവും പ്രത്യേകത. ഈ ബസ്സില്‍ വനിതകള്‍ക്ക് യാത്രാ സൗജന്യം ഉണ്ട് എന്നുള്ളതും എടുത്തു പറയേണ്ട ഒന്നാണ്. ഈ വര്‍ഷം അവസാനത്തോടുകൂടി ഡല്‍ഹിയില്‍ 2080 ബസ്സുകള്‍ ഓടും എന്നാണ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് അറിയിച്ചിരിക്കുന്നത്. സിസിടിവി ക്യാമറ, പാനിക് ബട്ടണ്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ബസ്സില്‍ ഉണ്ട് എന്നുള്ളത് പ്രത്യേകതയാണ്.
തുരങ്കപാതകള്‍ക്കും മേല്‍പാലങ്ങള്‍ക്കും പ്രിയമേറുന്ന ഡല്‍ഹി.
ഡല്‍ഹിയില്‍ വ്യാപകമായി ഭൂഗര്‍ഭപാതകള്‍ വരികയാണ്. ഡല്‍ഹി മെട്രോയുടെ ഭൂരിപക്ഷം പാതകളും ഭൂഗര്‍ഭ പാതകളാണ്. ഇത് വലിയ വിജയമായി. ഇതാണ് ഉപരിതല ഗതാഗത രംഗത്തും ഭൂഗര്‍ഭപാത നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പ്രചോദനം ഉണ്ടാക്കിയത്. മുന്‍പ് നിര്‍മ്മിച്ചിട്ടുള്ള എല്ലാ ഭൂഗര്‍ഭപാതകളും വലിയ രീതിയില്‍ വാഹന ഗതാഗതത്തെ സുഗമമാക്കി എന്നുള്ളതാണ് കൂടുതല്‍ ഭൂഗര്‍ഭപാതകള്‍ക്കായി സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നത്. കേരളത്തിലെ കാലാവസ്ഥ പോലെയല്ല ഡല്‍ഹിയുടേത് എന്നതുകൊണ്ട് ഭൂഗര്‍ഭപാതകള്‍ നിര്‍മ്മിക്കുന്നതില്‍ സാങ്കേതിക തടസ്സം ഉണ്ടാകില്ല. കിലോമീറ്റര്‍ നീളമുള്ള തുരങ്കപാതകള്‍ ഡല്‍ഹിയില്‍ ഇപ്പോള്‍ സാധാരണമാണ്. തുരങ്കവാതകള്‍ പോലെ തന്നെ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് മേല്‍പ്പാലങ്ങള്‍. കിലോമീറ്ററുകള്‍ നീളത്തില്‍ നിലവിലുള്ള തിരക്കേറിയ റോഡുകള്‍ക്ക് മുകളിലായി മറ്റൊരു റോഡ് നിര്‍മ്മിക്കുക വഴി ഗതാഗതക്കുരുക്ക് ഇല്ലാതാക്കുകയാണ് ഉണ്ടാകുന്നത്. വളരെ തിരക്കേറിയ പല റോഡുകള്‍ക്ക് മുകളിലായി സമാന്തരമായി റോഡുകള്‍ നിര്‍മ്മിക്കുക വിജയകരമായതുകൊണ്ട് ഈ രംഗത്തും നിര്‍മ്മാണ പ്രവര്‍ത്തികള്‍ തകൃതിയായി ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടുവാന്‍ തുരങ്കപാതകളും, മേല്‍പാലങ്ങളും കാരണമാകുന്നു എന്നുള്ള അനുഭവം മുന്നിലുള്ളത് ഈ പദ്ധതിക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്ന ഒന്നാണ്. ഡല്‍ഹിയുടെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് സമീപ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ഇനി മുതല്‍ തുരങ്കപാതകളിലൂടെയും മേല്‍പാലങ്ങളിലൂടേയും ആക്കുവാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. അതിനായി സാധ്യത പഠനം തുടങ്ങി കഴിഞ്ഞു. 33000 കിലോമീറ്ററിലേറെ റോഡുള്ള ഡല്‍ഹി ഗതാഗതക്കുരുക്കിന്‍റെ ആഗോള തലസ്ഥാനമായി അറിയപ്പെടുന്നുണ്ട്. അതിവേഗതയില്‍ വാഹനങ്ങള്‍ തുരങ്കവാതയിലൂടെ പോകാന്‍ സാധിക്കും എന്നുള്ളതാണ് ഗതാഗത കുരുക്കിന് ആശ്വാസമാകും.
