സ്വദേശാഭിമാനിയും, കേസരിയും, മാധ്യമ ലോകവും.

സ്വദേശാഭിമാനിയും, കേസരിയും, മാധ്യമ ലോകവും.

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


സ്വദേശാഭിമാനി എന്നതും, കേസരി എന്നതും പത്രങ്ങളുടെ പേരാണ്. ഈ പങ്ങ്രളുടെ പത്രാധിപരായിരുന്നവര്‍ പില്‍ക്കാലത്ത് അറിയപ്പെട്ടത് പത്രത്തിന്‍റെ പേരിലാണ്. ഇത്തരത്തില്‍ അപൂര്‍വ്വ ഭാഗ്യശാലികളായ രണ്ടുപേരാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും, കേസരി ബാലകൃഷ്ണപിള്ളയും. ഇന്നും മാധ്യമ ലോകത്ത് ഇവരെ ആദരപൂര്‍വ്വം സ്മരിക്കുന്നുണ്ട്. ഇന്ന് മാധ്യമ രംഗത്ത കേരള സര്‍ക്കാരിന്‍റെ പരമോനത ബഹുമതി ഇരുവരുടേയും പേരിലാണ് നല്‍കുന്നത്. സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്ക്കാരം.

സ്വദേശി രാമകൃഷ്ണപിള്ളയും, കേസരി ബാലകൃഷ്ണപിള്ളയും പോലുള്ള മാധ്യമ പ്രവര്‍ത്തകരുടെ സ്വരങ്ങള്‍ നീതിക്കായി പ്രവര്‍ത്തിക്കാന്‍ മാധ്യമ സമൂഹത്തിന് എന്നും ധൈര്യം പകര്‍ന്നു നല്‍കുന്നുണ്ട്. ജനാധിപത്യ ബോധത്തില്‍ അധിഷ്ഠിതമായ സേവനം നടത്തുന്ന ദൈനംദിന മാധ്യമപ്രവര്‍ത്തനമാണ് കേരള സമൂഹത്തെ വിജ്ഞാനപരമായി ഉണര്‍ത്തുകയും അവബോധമുള്ള പൗരന്മാരായി മാറ്റുകയും ചെയ്യുന്നത്. അതുകൊണ്ടാണ് മാധ്യമ രംഗത്തെ മികച്ച സംഭാവനകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമൂഹത്തെ ഉണര്‍ത്തുകയും, ഒപ്പം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കുന്നതിനും ഇത് പ്രേരക ശക്തിയാണ്. മാധ്യമപ്രവര്‍ത്തകരെ അംഗീകരിക്കുക എന്നതാണ് സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്ക്കാരം കൊണ്ട് ലക്ഷ്യം വെക്കുന്നത്. 2010 മുതലാണ് സര്‍ക്കാര്‍ ഈ പുരസ്ക്കാരം ഏര്‍പ്പെടുത്തിയത്. 

ടി. വേണുഗോപാല്‍ (2010), ശശികുമാര്‍ (2011), വി.പി. രാമചന്ദ്രന്‍ (2012), ബി.ആര്‍.പി. ഭാസ്കര്‍ (2013), കെ.എം. റോയ് (2014), തോമസ് ജേക്കബ് (2015),  കെ. മോഹന്‍ (2016), ടി.ജെ.എസ്. ജോര്‍ജ് (2017), എം.എസ്. മണി (2018), കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ (2019), എസ്.ആര്‍. ശക്തിധരന്‍ (2020), കെ.ജി. പരമേശ്വരന്‍ നായര്‍ (2021), ഏഴാച്ചേരി രാമചന്ദ്രന്‍ (2022), എന്‍. അശോകന്‍ (2023) എന്നിവരാണ് ഇതിനോടകം ഈ അവാര്‍ഡുകള്‍ ലഭിച്ചവര്‍.

മാധ്യമ രംഗത്ത് വലിയ അപചയങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്കാരം ഒരു ഉണര്‍വാണ്. അതുകൊണ്ട് തന്നെ ഈ പുരസ്ക്കാരത്തിന് മൂല്യമുണ്ട്. ധൈര്യസമേതം അധികാര കേന്ദ്രങ്ങളിലേക്ക് വിരല്‍ ചൂണ്ടി വിമര്‍ശനമുന്നയിക്കുവാന്‍ മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ടോ എന്നുള്ള കാര്യം ആശങ്ക ഉളവാക്കുന്നു. പത്രങ്ങള്‍ കോര്‍പ്പറേറ്റ് വത്ക്കരിക്കപ്പെട്ടതോടുകൂടി അധികാര കേന്ദ്രങ്ങളോട് ചേര്‍ന്ന് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍കാലങ്ങളില്‍ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നവര്‍ ഇപ്പോള്‍ പുകഴ്ത്തലുകള്‍ മാത്രമാണ് നടത്തുന്നത് എന്ന് കാണാവുന്നതാണ്. ശക്തമായ വിമര്‍ശനം മാധ്യമ രംഗത്ത് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യവുമാണ്.

ധീരമായ മാധ്യമപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. രാമകൃഷ്ണപിള്ള പത്രാധിപരായിരിക്കുമ്പോള്‍ നിര്‍ഭയമായി പത്രം നടത്തി അഴിമതികളും മറ്റും പുറത്തുകൊണ്ടു വന്നത് പ്രശസ്തമാണ്. പത്രസ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണകൂട പ്രതികാരത്തിന്‍റെ കേരളത്തിലെ ആദ്യത്തെ ഇരയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെയും ചിന്താ സ്വാതന്ത്ര്യത്തിന്‍റെയും ശക്തനായ വക്താവായിരുന്നു അദ്ദേഹം. 1878 മെയ് 25-ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ നരസിംഹന്‍ പോറ്റിയുടേയും ചക്കിയമ്മയുടേയും മകനായി രാമകൃഷ്ണപിള്ള ജനിച്ചു. അച്ഛന്‍ നരസിംഹന്‍ പോറ്റി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. അഭിഭാഷകനായ അമ്മാവന്‍ കേശവപിള്ളയാണ് രാമകൃഷ്ണനെ പഠിപ്പിച്ചത്. 1887 മുതല്‍ നെയ്യാറ്റിന്‍കര ഇംഗ്ലീഷ് സ്കൂളിലും പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനോട് ചേര്‍ന്ന് ഹൈസ്കൂളിലും പഠിച്ചു. ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ് ആയ തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയത്തു തന്നെ കേരള ദര്‍പ്പണം എന്ന പത്രത്തിന്‍റെ പത്രാധിപത്യം വഹിച്ചിരുന്നു. രാമകൃഷ്ണപിള്ളയുടെ രക്ഷിതാവായ അമ്മാവന്‍ കേശവപിള്ള വക്കീലിന് തന്‍റെ അനന്തരവന്‍ പത്രാധിപത്യം ഏറ്റെടുത്തത് സ്വീകാര്യമായിരുന്നില്ല. അമ്മാവന്‍ തിരുവനന്തപുരത്ത് എത്തി. ഒന്നുങ്കില്‍ പത്രാധിപത്യം ഒഴിയണം അല്ലെങ്കില്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോകണമെന്ന് പറയുകയായിരുന്നു. രാമകൃഷ്ണപിള്ള വീട്ടില്‍ നിന്നിറങ്ങി പോവുകയും മാധ്യമ രംഗത്ത് തുടരുകയും ചെയ്യുകയാണുണ്ടായത്.

വീട്ടില്‍ നിന്നിറങ്ങിയ രാമകൃഷ്ണന്‍ ഉള്ള സ്വന്തം കാലില്‍ നില്‍ക്കുന്നതിനായി കേരള ദര്‍പ്പണത്തോടൊപ്പം ഉപാദ്ധ്യായന്‍ എന്ന മാസികയുടെ പത്രാധിപത്യവും ഏറ്റെടുത്തു. തിരുവനന്തപുരത്ത് നിന്ന് മറ്റൊരു പത്രമായ വഞ്ചികഭൂപഞ്ചിക, കേരള ദര്‍പ്പണവും, പഞ്ചികയും തമ്മില്‍ ലയിക്കുവാന്‍ തീരുമാനമായി. അങ്ങനെ 1901 ഏപ്രില്‍ 22 ആം തീയതി കേരളപഞ്ചിക എന്ന പത്രം ഉണ്ടായി. രാമകൃഷ്ണപിള്ള തന്നെയായിരുന്നു അവിടെയും പത്രാധിപര്‍. കേരളപഞ്ചികയിലെ രാജ്യകാര്യ വിമര്‍ശനങ്ങള്‍ ഉടമസ്ഥന് ഇഷ്ടപ്പെടാതെ തുടങ്ങി. പത്രാധിപരായ രാമകൃഷ്ണപ്പിള്ള നയം മാറ്റാന്‍ ഒരുക്കമായിരുന്നില്ല. അങ്ങനെ 1903 ഫെബ്രുവരിയില്‍ പത്രാധിപരായ രാമകൃഷ്ണപ്പിള്ള രാജിവച്ചു.

പിന്നീട് രാമകൃഷ്ണപിള്ള അക്കാലത്ത് പ്രശസ്തമായിരുന്ന മലയാളിയില്‍ കേരളന്‍ എന്ന തൂലികാനാമത്തില്‍ തുടര്‍ച്ചയായി രാഷ്ട്രീയ വിമര്‍ശന ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. മലയാളിയുടെ പ്രചാരം വര്‍ദ്ധിച്ചു. വിമര്‍ശനങ്ങള്‍ അധികാര കേന്ദ്രങ്ങളെ അലോസപ്പെടുത്തി. അന്നത്തെ ദിവാനുള്‍പ്പടെയുള്ള വലിയ ഉദ്യോഗസ്ഥരാണ് രാമകൃഷ്ണപിള്ളയുടെ എഴുത്തിനാല്‍ കൂടുതല്‍ ആക്രമിക്കപ്പെട്ടത്. പത്രാധിപനും ഉടമസ്ഥരും തമ്മില്‍ ഈ കാരണത്താല്‍ ഇവിടേയും അഭിപ്രായ വ്യത്യാസം ഉണ്ടായി. 1904 ല്‍ രാമകൃഷ്ണപിള്ള പത്രാധിപത്യം രാജിവെച്ചു. 1905 ല്‍ രാമകൃഷ്ണപ്പിള്ള സ്വന്തമായി കേരളന്‍ എന്ന മാസിക തുടങ്ങി. ഇത് നടത്തികൊണ്ടിരിക്കെ തന്നെയാണ് സ്വദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്തേക്ക് രാമകൃഷ്ണപ്പിള്ളയെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി ക്ഷണിച്ചത്. 1906 ജനുവരി 17-ന് രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനവും ഏറ്റെടുത്തു. അതേ കാലത്തുതന്നെയാണ് അദ്ദേഹം വിദ്യാര്‍ത്ഥി എന്ന വിദ്യാഭ്യാസ മാസികയും, ശാരദ എന്ന വനിതാ മാസികയും തുടങ്ങിയത്.

സ്വദേശാഭിമാനി പത്രത്തിലെ രാമകൃഷ്ണപ്പിള്ളയുടെ രാജ്യകാര്യ വിമര്‍ശനം രൂക്ഷമായിരുന്നു. ഈശ്വരന്‍ തെറ്റ് ചെയ്താലും താന്‍ അതിനെതിരെ മുഖപ്രസംഗമെഴുതുമെന്ന് പറഞ്ഞ വ്യക്തിയാണ് സ്വദേശാഭിമാനി. അങ്ങിനെ അധികാരികളുടെ നോട്ടപ്പുള്ളിയായി. 1910 സെപ്റ്റംബര്‍ 26 ന് ദിവാനും സേവകരും രാജാവും ചേര്‍ന്ന് പത്രം കണ്ടുകെട്ടാനും പത്രാധിപരെ നാടുകടത്താനും തീരുമാനിച്ചു. ഭരണത്തിന്‍റെ ഉന്നതതലങ്ങളില്‍ നിലനിന്ന അഴിമതി, സ്വജനപക്ഷപാതം എന്നിവ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരില്‍ അദ്ദേഹം നാടുകടത്തപ്പെട്ടു. നാടുകടത്തപ്പെട്ട ശേഷവും രാമകൃഷ്ണപിള്ള മധുരയിലും, പാലക്കാട്ടുമായി കഴിച്ചുകൂട്ടി. 1912 പാലക്കാട് വച്ച് രാമകൃഷ്ണപിള്ളയ്ക്ക് മലേഷ്യ മലയാളികള്‍ സ്വദേശാഭിമാനി എന്ന ബിരുദം നല്‍കി ആദരിച്ചു. 1912 രാമകൃഷ്ണപിള്ളയ്ക്ക് ക്ഷേരോഗം ബാധിച്ചിരുന്നു. 1913 ല്‍ അദ്ദേഹം കുന്നംകുളത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന ആത്മപോഷിണി മാസികയുടെ പത്രാധിപരായി മരണംവരെ തുടര്‍ന്നു. 1916 മാര്‍ച്ച് 28ന് അദ്ദേഹം കണ്ണൂരിലാണ് അന്തരിച്ചത്.

സ്വദേശാഭിമാനിയെ പോലെ മാധ്യമ രംഗത്ത് മാത്യകയായ വ്യക്തിയാണ് കേസരി ബാലക്യഷ്ണപിള്ള.  മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന കാലത്ത് അംഗീകാരങ്ങളേക്കാള്‍ അവഗണന നേരിട്ട പത്രാധിപരാണ് കേസരി ബാലക്യഷ്ണപിള്ള. പാശ്ചാത്യ സാഹിത്യ ചിന്തകള്‍ ആദ്യമായി മലയാള ഭാഷയ്ക്ക് സമ്മാനിച്ച വ്യക്തിയാണ് അദ്ദേഹം. പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍, ചരിത്രകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള. ജീവിതത്തിലും സാഹിത്യത്തിലും അദ്ദേഹം ഒരു വിപ്ലവക്കാരിയായിരുന്നു. 

1889 ഏപ്രില്‍ 13ന് തിരുവനന്തപുരത്തെ തമ്പാനൂരിലെ പുളിക്കല്‍ മേലേ വീട്ടില്‍ പണ്ഡിതനും ഗ്രന്ഥകാരനുമായ ദാമോദരന്‍ കര്‍ത്താവിന്‍റെയും പാര്‍വ്വതി അമ്മയുടേയും മകനായാണ് ബാലക്യഷ്ണപിള്ള ജനിച്ചത്. കുടിപ്പള്ളിക്കൂടത്തിലും കൊല്ലം ഹൈസ്ക്കൂളിലുമായി സ്ക്കൂള്‍ വിദ്യാഭ്യാസം. 1908ല്‍ തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നിന്ന് ചരിത്രം ഐഛികമായെടുത്ത് ബി.എ ജയിച്ചു. ഗേള്‍സ് കോളേജിലും, കൊല്ലം മഹാരാജാസ് കോളേജിലും ചരിത്രാദ്ധ്യാപകനായി ജോലി ചെയ്തു. സായാഹ്നക്ലാസില്‍ പഠിച്ച് 1913ല്‍ ബി.എല്‍. ജയിച്ചു. 1917ല്‍ ജോലി രാജി വെച്ച് വക്കീലായി പ്രാക്റ്റീസ് തുടങ്ങി. 1922 വരെ തിരുവനന്തപുരം കോടതിയില്‍ വക്കീലായിരുന്നു. ഇതാണ് ബാലക്യഷ്ണപിള്ളയുടെ ജീവിത പശ്ചാത്തലം.

മലയാള സാഹിത്യത്തെ ഭൂമിയുടെ അറ്റത്തോളം വികസിപ്പിച്ച സാഹിത്യ നിരൂപകന്‍ എന്ന നിലയില്‍ കേസരി ബാലക്യഷ്ണപിള്ള അറിയപ്പെടുന്നു. ഒരു കാലത്ത് പാശ്ചാത്യ സാഹിത്യം മലയാളികള്‍ക്ക് ഇംഗ്ലീഷ് സാഹിത്യം മാത്രമായിരുന്നു. ബ്രിട്ടീഷ്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, എന്നീ രാജ്യങ്ങളുടെ മഹത്തായ കൃതികളെ കുറിച്ചും, സംസ്കാരത്തെ കുറിച്ചും, മലയാളികളെ ആദ്യമായി പരിചയപ്പെടുത്തുന്നത് കേസരിയാണ്. യൂറോപ്യന്‍ സംസ്കൃതിയിലേക്ക് കേരളത്തെ നയിച്ചതു വഴി എല്ലാ രംഗത്തും വികസനം ഉണ്ടായി എന്നത് ചരിത്രം. ജീവന്‍ സാഹിത്യം എന്നറിയപ്പെടുന്ന പുരോഗമന സാഹിത്യത്തിലെ തുടക്കത്തിലെ തലതൊട്ടപ്പനും കേസരിയായിരുന്നു.

1922 മെയ് 14 നാണ് സമദര്‍ശിയുടെ പത്രാധിപത്യം ഏറ്റെടുത്തുകൊണ്ട് ബാലക്യഷ്ണപിള്ള പത്രപ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിച്ചത്. 1926 ജൂണ്‍ 19 ന് അദ്ദേഹം സമദര്‍ശിയുടെ പത്രാധിപത്യം രാജിവെയ്ക്കുകയുണ്ടായി. സ്വതന്ത്ര്യമായി മാധ്യമ പ്രവര്‍ത്തനം നടത്തുക എന്നത് അദ്ദേഹത്തിന്‍റെ ലക്ഷ്യമായിരുന്നു. സ്വന്തമായി ഒരു പത്രം തുടങ്ങുന്നതിനുള്ള പണം ശേഖരിക്കുന്നതിനായി തിരുവിതാംകൂറിലും, മലേഷ്യയിലും പര്യടനങ്ങള്‍ നടത്തി. 1930 ജൂണ്‍ 4 ല്‍ പ്രബോധകന്‍ ശാരദാ പ്രസില്‍ നിന്നും അച്ചടി ആരംഭിച്ചു. 1930 സെപ്തംബര്‍ 10 ല്‍ ലൈസന്‍സ് റദ്ദാക്കിയതുകൊണ്ട് പ്രബോധകന്‍ നിര്‍ത്തി. 

പിന്നീട് 1930 സെപ്തംബര്‍ 18 ല്‍ തന്നെ കേസരി പത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നു. 1930 കളില്‍ ശാരദ പ്രസില്‍ ഒത്തു കൂടിയിരുന്ന എഴുത്തുകാരുടേയും രാഷ്ട്രീയ പ്രവര്‍ത്തകരുടേയും കൂട്ടായ്മയാണ് കേസരി സദസ്. ഇത് മലയാള മാധ്യമ, സാഹിത്യ ലോകത്തിന് നല്‍കിയ സംഭാവന വിലമതിക്കാനാകാത്തതാണ്. തകഴി, പട്ടം താണുപിള്ള, ഇ. വി. കൃഷ്ണപിള്ള, കെ. എ. ദാമോദരന്‍, എന്‍. എന്‍. ഇളയത്, ബോധേശ്വരന്‍, സി. നാരായണപിള്ള തുടങ്ങിയവരായിരുന്നു കേസരി സദസില്‍ ഒത്തു കൂടിയിരുന്നത്. അവരുടെ ചര്‍ച്ചകളായിരുന്നു കേരളത്തെ നയിച്ചിരുന്നത് എന്ന് തന്നെ പറയാം. 

കേസരി സദസില്‍ നടന്നിരുന്ന ചര്‍ച്ചകളുടെ വിഷയങ്ങളാകുമായിരിക്കുമല്ലോ തൊട്ടടുത്ത ദിവസമുള്ള മാധ്യമങ്ങളില്‍ പല രീതികളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. ഇത് പലപ്പോഴും ഭരണപക്ഷത്തെ അലോസരപ്പെടുത്തിയിട്ടുണ്ട് എന്നുള്ള കാര്യത്തില്‍ സംശയമില്ല. അതൊക്കെ കൊണ്ടായിരിക്കണം 1931 ഫെബ്രുവരി 19 ല്‍ കോടതിയലക്ഷ്യത്തിന് 200 രൂപ പിഴ ചുമത്തുന്നത്. അന്നത് വലിയ തുകയാണ്. 1935 ഏപ്രില്‍ മാസത്തോടെ കേസരി പ്രസിദ്ധീകരിക്കാന്‍ കഴിയാതാവുകയും, 1936-ല്‍ കടം താങ്ങാനാവാതെ ശാരദാ പ്രസും ഉപകരണങ്ങളും വില്‍ക്കുകയും ചെയ്യ്തു. കേസരി ബാലക്യഷ്ണപിള്ള എന്ന പേര് മാധ്യമ രംഗത്ത് മാത്രമല്ല മലയാള സാഹിത്യത്തില്‍ തന്നെ പ്രശസ്തിയായി. സാഹിത്യകാരനായ മാധ്യമ പ്രവര്‍ത്തകനായിരുന്നു കേസരി ബാലക്യഷ്ണപിള്ള. 1942 സെപ്തംബര്‍ 3-ന് തിരുവനന്തപുരത്തു നിന്നും വടക്കന്‍ പറവൂരിലേക്ക് താമസം മാറ്റി. 1960 ഡിസംബര്‍ 18-ന് കേസരി ബാലക്യഷ്ണപിള്ള അന്തരിച്ചു.

മലയാള മാധ്യമ ലോകത്ത് ശക്തമായ നിലപാടുകള്‍ എടുത്ത ഇവരുടെ പേരിലുള്ള അവാര്‍ഡ് ഇന്ന് ഏറ്റവും വിലപ്പെട്ടതായി കണക്കാക്കാം. അത് ഏറ്റുവാങ്ങിയ എല്ലാവരും മലയാള മാധ്യമ ലോകത്ത് ഗുരുസ്ഥാനീയരാണ്. അവരില്‍ എല്ലാവരില്‍ നിന്നും മാധ്യമ പ്രവര്‍ത്തന രംഗത്തെ മൂല്യങ്ങള്‍ തലമുറക്കാര്‍ക്ക് ആര്‍ജ്ജിക്കുവാന്‍ സാധിക്കും. മാതൃകാപരമായ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഗുരുക്കന്മാര്‍ക്കുള്ള ആദരവായി തന്നെ സമൂഹവും ഈ പുരസ്ക്കാരത്തെ പരിഗണിക്കുന്നു.