പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ് 


' ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ് ' ദേശീയ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു.

'ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്' ദേശീയ തലത്തില്‍ മികച്ച രേഖാചിത്രകാരന് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. പ്രശസ്ത ചിത്രകാരനും ശില്‍പ്പിയും ആര്‍ട്ട് ഡയറക്ടറുമായിരുന്ന നമ്പൂതിരിയുടെ കലാപാരമ്പര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള മഹത്തായ ഉദ്ദേശ്യത്തോടെ സ്ഥാപിതമായ 'ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്' നമ്പൂതിരിയുടെ നൂറാം ജന്‍മദിനമായ 2025 സെപ്തംബര്‍ 13 ന് ആദ്യ അവാര്‍ഡ്  സമ്മാനിക്കും. ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യ സംബന്ധിയായ ചിത്രീകരണ രംഗത്ത് മികച്ച സംഭവനകള്‍ നല്‍കിയ കലാകാരന്മാരെ ആദരിക്കാനുള്ള ഈ പുരസ്കാരത്തില്‍ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, ആര്‍ട്ടിസ്റ്റ് നമ്പൂതിരി തന്നെ രൂപകല്‍പ്പന ചെയ്ത ശില്പവും സമ്മാനിക്കപ്പെടും.  ഈ അവാര്‍ഡ് വര്‍ഷത്തില്‍ ഒരിക്കല്‍ വിവിധ നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ നല്‍കപ്പെടും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബാബു ജോസഫ് മാനേജിങ് ട്രസ്റ്റിയും, രവിശങ്കര്‍ എറ്റത്ത് (എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍), വാസുദേവന്‍ കെ.എം. ( ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകനും കലാ സംവിധായകനും ), സുധീര്‍ നാഥ് ( കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനും ), ബിനുരാജ് കലാപീഠം ( ചിത്രകാരനും, ഡോക്കുമെന്‍ട്രി സിനിമ സംവിധായകന്‍) എന്നിവര്‍ ട്രസ്റ്റ് അംഗങ്ങളുമാണ്. കലാസ്നേഹികള്‍ക്ക് ഏറെ ആദരണീയനായ നമ്പൂതിരിയുടെ ജീവിതവും കലാരചനകളും തലമുറകളെ സ്വാധീനിച്ചിട്ടുള്ളവയാണ്. സാഹിത്യ ചിത്രീകരണത്തിലും ഇന്ത്യന്‍ സിനിമയിലുമുള്ള അദ്ദേഹത്തിന്‍റെ സംഭാവനകള്‍ അതുല്യമാണ്. നമ്പൂതിരിയുടെ കലാ പാരമ്പര്യത്തെ ആദരിക്കാനും, അദ്ദേഹം പ്രോത്സാഹിപ്പിച്ച കലാമേഖലകളില്‍ സൃഷ്ടിപരമായ മികവ് വളര്‍ത്താനും ട്രസ്റ്റ് ശ്രമങ്ങള്‍ നടത്തും. നമ്പൂതിരിയുടെ സംഭാവനകളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും, ഇന്ത്യയിലെ ചിത്രകലാ-ദൃശ്യകലാരംഗങ്ങള്‍ വളര്‍ത്തുന്നതിനായി സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയ സാംസ്കാരിക പരിപാടികള്‍ ട്രസ്റ്റ് സംഘടിപ്പിക്കും.

സുരേഷ് എറിയാട്ടിന് ആന്‍സി ക്രിസ്റ്റല്‍ അവാര്‍ഡ്

ലോക അനിമേഷന്‍ രംഗത്ത് മലയാളികളുടെ സംഭാവനകള്‍ ശ്രദ്ദേയമാണ്. കേരളത്തില്‍ നിന്ന് ലോക അനിമേഷന്‍ രംഗത്തേയ്ക്ക് എത്രയോ ക്രിയാത്മക സംഭാവനകള്‍ നടക്കുന്നു. ലോക സിനിമാ രംഗത്ത് മലയാളികളുടെ ക്കൈയ്യൊപ്പ് ടൈറ്റില്‍ അനിമേഷന്‍ രംഗത്തുണ്ട് എന്നത് ശ്രദ്ദേയമാണ്. കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗം സുരേഷ് എറിയാട്ടിന് രണ്ടാമതും അന്തര്‍ദേശീയ ആന്‍സി ക്രിസ്റ്റല്‍ അവാര്‍ഡ് ലഭിച്ചിരിക്കുന്നു. കമ്പിളിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് സുരേഷ് എറിയാട്ട് നിര്‍മ്മിച്ച ദേശി ഊണ്‍ എന്ന അനിമേഷനാണ് ജൂറി അവാര്‍ഡ് ലഭിച്ചത്. ഇന്ത്യയിലെ തദ്ദേശീയമായ കമ്പിളിയെക്കുറിച്ചും അതിനെ ആശ്രയിച്ചു ജീവിക്കുന്ന ആട്ടിടയ സമൂഹത്തെക്കുറിച്ചുള്ള അനിമേഷന്‍ ചിത്രമാണിത്. ഇന്ത്യയില്‍ ഈ അവാര്‍ഡ് ലഭിച്ചത് സുരേഷ് എറിയാട്ടിന് മാത്രമാണെന്നതും, രണ്ടു തവണ ഇതേ അവാര്‍ഡ് ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. 2015 ലൈന്‍ എന്ന ചിത്രത്തില്‍ ആയിരുന്നു അദ്ദേഹത്തിന് ആദ്യം ഈ അവാര്‍ഡ് ലഭിച്ചത്. അനിമേഷന്‍റെ ഒസ്കാറെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആന്‍സി ക്രിസ്റ്റല്‍ അവാര്‍ഡില്‍ ഈ വര്‍ഷം ഔദ്യോഗിക തിരഞ്ഞെടുപ്പില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ചിത്രമായിരുന്നു ദേശി ഊണ്‍. 100 രാജ്യങ്ങളില്‍ നിന്നായി സമര്‍പ്പിച്ച 3,900-ലധികം ചിത്രങ്ങളില്‍ നിന്നാണ് ദേശി ഊണ്‍ തിരഞ്ഞെടുത്തത്. ഫ്രാന്‍സിലെ ആനസിയില്‍ (ജനീവയ്ക്ക് സമീപം) നടന്ന ആഴ്ചകള്‍ നീണ്ട ഫെസ്റ്റിവലിന്‍റെ സമാപനത്തില്‍ പുരസ്കാര ചടങ്ങ് അരങ്ങേറി. ഈ ചിത്രം ഒരിക്കലും പുരസ്ക്കാരത്തിനായി നിര്‍മ്മിച്ചതല്ല. ആത്മാര്‍ത്ഥമായും ലക്ഷ്യബോധത്തോടെയും സുരേഷിന്‍റെ മുംബയിലെ സ്റ്റുഡിയോയായ ഏക്സോറസിലെ എല്ലാ അംഗങ്ങളും നിലിമ സുരേഷ് എറിയാട്ടിന്‍റെ നേത്യത്ത്വത്തില്‍ ഒരു വര്‍ഷത്തിലേറെ സമയം എടുത്താണ് ഈ ചിത്രം നിര്‍മ്മിച്ചത്. അനിമേഷന്‍ ടീം ലീഡറായ അമന്‍ ഗുപ്ത ഉള്‍പ്പെടെ ഓരോ ടീം അംഗങ്ങളേയും സുരേഷ് നന്ദിയോടെ സ്മരിച്ചു. അനിമേഷനില്‍ കരിയര്‍ തുടങ്ങുന്നവരായിരുന്നു ടീമിലെ പലരും, എന്നിരുന്നാലും അവരുടെ ശ്രമം, ഊര്‍ജം, ഉത്സാഹം എന്നിവ വിജയത്തിന് കാരണമായി. ഈ ചിത്രം അവരുടേതായി സ്വീകരിച്ചു, അതിന്‍റെ പ്രതിഫലനം ഓരോ ഫ്രെയിമിലും വ്യക്തമാണ്. സുരേഷ് കൂട്ടിചേര്‍ത്തു. ഇവരെ കൂടാതെ 6 മിനിറ്റുള്ള ചിത്രത്തില്‍ സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. സ്വാനന്ദ് കിര്‍കിരേ (ഗാനം, ലിറിക്സ്), രാജത് ധോളാകിയ തുടങ്ങിയവരും ചിത്രത്തിന്‍റെ പിന്നണിയിലുണ്ട്. സുരേഷ് എറിയാട്ടിനെ കേരള കാര്‍ട്ടൂണ്‍ അക്കാദമി അഭിനന്ദിച്ചു.

ആയുര്‍വേദ ദി ഡബിള്‍ ഹെലിക്സ് ഓഫ് ലൈഫ് 

ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന ഒരു ഡോക്കുമെന്‍ററി ഡല്‍ഹിയില്‍ കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ് റാവു ജാധവ് പുറത്തിറക്കി. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്കുമെന്‍ററി നിര്‍മ്മിച്ചിരിക്കുന്നത് എ.വി.എ. പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എ വി അനൂപും ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്ചേഴ്സ് ഓര്‍ഗനൈസേഷനും ചേര്‍ന്നാണ്. ഓ.ടി.ടി. പ്ലാറ്റ്ഫോമില്‍ ഈ ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന് എത്തും. പ്രശസ്ത ചലചിത്ര പ്രവര്‍ത്തകനായ വിനോദ് മങ്കരയാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഭാരതത്തിന്‍റെ തനത് ചികിത്സാരീതിയാണ് ആയുര്‍വേദമെങ്കിലും മലയാളികളെ സംബന്ധിച്ച് അവരുടെ സ്വന്തം ചികിത്സാരീതി തന്നെയാണ് ആയുര്‍വേദം. ആയുര്‍വേദത്തെ ആഗോളതലത്തില്‍ എത്തിക്കുക എന്നുള്ള ലക്ഷ്യം ഡോക്യുമെന്‍ററിക്ക് ഉണ്ട് എന്നുള്ളത് വളരെ വ്യക്തമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനുഭവസ്ഥരുടെ കമന്‍റുകള്‍ ഡോക്യുമെന്‍ററിയെ ഒരു പ്രത്യേക തലത്തിലേക്ക് തന്നെ എത്തിക്കുന്നുണ്ട്. ആരോഗ്യ രംഗത്തെ വ്യത്യസ്ഥ മേഖലകളില്‍ ആയുര്‍വേദത്തിന് എന്തെല്ലാം ചെയ്യാനുണ്ട് എന്ന് വ്യക്മാക്കുന്നുണ്ട് ഈ ഡോക്കുമെട്രിയില്‍. അതിനായി ആയുര്‍വേദത്തിലെ അതാത് മേഖലകളിലുള്ളവര്‍ നല്‍കുന്ന വിശദ്ധീകരണങ്ങള്‍ വ്യക്തവുമാണ്. ഇംഗ്ലീഷിലുള്ള ഈ ഡോക്യുമെന്‍ററി വെറും ഒരു ചിത്രം മാത്രമല്ലെന്നും ആയുര്‍വേദത്തിന്‍റെ പാരമ്പര്യം ലോകത്തിനുമുന്നില്‍ എത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ് റാവു ജാധവ് ഡോക്യുമെന്‍ററി പുറത്തിറക്കി കൊണ്ട് അഭിപ്രായപ്പെട്ടു. നിരോധിത മരുന്നുകളുടെ എണ്ണം നാല്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന അവസരത്തില്‍ ആയുര്‍വേദത്തിന്‍റെ പ്രസക്തി വര്‍ധിക്കുകയാണെന്ന് ഡോക്യുമെന്‍ററി കാഴ്ചക്കാര്‍ക്ക് മുന്നില്‍ ശക്തമായി അവകാശപ്പെടുന്നുണ്ട്. ആയുര്‍വേദത്തിന്‍റെ ശക്തി കാഴ്ചക്കാര്‍ക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയിലാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നിടത്ത് സംവിധായകന്‍ വിജയിച്ചിരിക്കുന്നു.