പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

മെയ് 31 


മാനുവല്‍ മാരത്തോണ്‍ ഓടിക്കൊണ്ടിരിക്കുന്നു

വിശ്വസിക്കാന്‍ പ്രയാസം എന്നാണ് ഡോക്ടര്‍ ശശി തരൂര്‍ മാനുവല്‍ മെഴുകനാലിന്‍റെ ശരീരിക മാറ്റത്തിന്‍റെ ഫോട്ടോകള്‍ കണ്ട് ആശ്ചര്യപ്പെട്ട് പറഞ്ഞത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ പ്രശസ്തമായ മാനുവല്‍ മലബാര്‍ ജ്വല്ലേഴ്സിന്‍റെ ഉടമയാണ് നിശ്ചയദാര്‍ഢ്യം കൊണ്ട് തടി കുറച്ച് ഇപ്പോള്‍ മാത്തോണുകളില്‍ ഓടി റെക്കോര്‍ഡുകള്‍ കൊയ്യുന്നത്. ഇന്ത്യക്കകത്ത് മാത്രമല്ല, ലോകത്തിലെ പ്രമുഖ മാരത്തോണുകളിലെല്ലാം മാനുവല്‍ ഓടുകയാണ്.  അവിടെയെല്ലാം റക്കോഡിടുകയും, വിജയിക്കുകയും ചെയ്തിരിക്കുന്നു എന്നത് എടുത്ത് പറയണം. ബിസിനസ് വളര്‍ന്നതോടൊപ്പം ശരീരത്തിനും വികസനമുണ്ടായി. മാനുവല്‍ മഴുവനാല്‍ തടിച്ച് കൊഴുത്ത തടിയനായി മാറി. സംഗതി പ്രശ്നമാണെന്ന് സ്വയം തിരിച്ചറിഞ്ഞ മെഴുകനാല്‍ സ്വന്തമായ തീരുമാനമെടുത്തു. ശരീരം പഴയതുപോലെ ഫിറ്റായി മാറ്റും. മാനുവല്‍ ദ്യഡനിശ്ചയത്തോടെ വ്യായാമം ചെയ്ത് തടി കുറച്ചു. ശാരീരികമായി സ്വയം പരുവപ്പെടുത്തിയ മാനുവല്‍ അദ്ദേഹത്തിന്‍റെ പഴയകാല ശരീരപ്രകൃതി കണ്ട് സ്വന്തമായി അത്ഭുതപ്പെട്ടിരിക്കുകയാണ്. താന്‍ ഇങ്ങനെയായിരുന്നോ എന്ന് അദ്ദേഹം തന്നെ അത്ഭുതപ്പെടുന്നു. ശരീരത്തിന് വന്ന മാറ്റം പോലെ മനസ്സിന് നല്‍കുക വഴി എവിടെയും വിജയം ഒപ്പം കൂട്ടുവാന്‍ അദ്ദേഹത്തിന് സാധിച്ചു. മാനുവല്‍ ഇന്ത്യയിലെ ചെറിയ ചെറിയ മാരത്തോണുകളിലാണ് ഓടി തുടങ്ങിയത്. 42.2 കിലോമീറ്ററാണ് ഒരോ മാരത്തോണിന്‍റെ ദൂരം. ഹാഫ് മാരത്തോണ്‍ എന്നാല്‍ 21.1 കിലോമീറ്റര്‍. വേള്‍ഡ് മേജര്‍ എന്നത് ആറ് മാരത്തോണുകളാണ്. 129 വര്‍ഷം മുന്‍പ് തുടങ്ങിയ ബോസ്റ്റണ്‍ ആണ് ഏറ്റവും പ്രശസ്തം. ചിക്കാഗോ, ന്യൂയോര്‍ക്ക് (മൂന്നും യു.എസ്.എയിലാണ്). ജര്‍മനിയിലെ ബര്‍ലിന്‍, ജപ്പാനിലെ ടോക്കിയോ, യു.കെ. ലണ്ടന്‍ എന്നിവയാണ് ലോകത്തെ മേജര്‍ മാരത്തോണ്‍. ഇതില്‍ പങ്കെടുക്കാന്‍ യോഗ്യത നേടണം. തിരഞ്ഞെടുപ്പിലൂടെയാണ് മാരത്തോണില്‍ പങ്കെടുക്കാന്‍ സാധിക്കുക. ബോസ്റ്റണിലും, ടോക്കിയോയിലും 30,000 പേരാണ് യോഗ്യത നേടുക. മറ്റ് നാലിടങ്ങളില്‍ 50,000 ആളുകള്‍ ഓടും. മാനുവല്‍ മഴുവനാല്‍ ബര്‍ലിന്‍ മാരത്തോണ്‍ 2023 സെപ്തംബര്‍ 24 ന് ഓടി. ടാറ്റ മുംബയ് മാരത്തോണ്‍ (2024 ജനുവരി), ലഡാക്ക് (2024 സെപ്തംബര്‍), ചിക്കാഗോ (2024 ഒക്ടോബര്‍ 13), ന്യൂയോര്‍ക്ക് (2024 നവംബര്‍ 3), ടോക്കിയോ (2025 മാര്‍ച്ച് 5), ബോസ്റ്റണ്‍ (2025 ഏപ്രില്‍ 21), ലണ്ടന്‍ (2025 ഏപ്രില്‍ 27). വേള്‍ഡ് മേജര്‍ മാരത്തോണുകളില്‍ യോഗ്യത നേടി ഓടി വിജയശ്രീലാളിതനായി മാനുവല്‍ മെഴുകനാല്‍ രാജ്യതലസ്ഥാനത്തുണ്ട്. തുടര്‍ച്ചയായി വളരെ കുറച്ച് സമയത്തിനുള്ളില്‍ ഇത്രയും മാരത്തോണ്‍ ഓടുക എന്നത് അപൂര്‍വമാണ്. മലയാളികളില്‍ ഒരുപക്ഷെ ആദ്യത്തെ വ്യക്തിയായിരിക്കും അദ്ദേഹം. മാനുവല്‍ മെഴുകനാല്‍ ഇപ്പോള്‍ ലോകത്തെ പ്രമുഖ മാരത്തോണുകളില്‍ പ്രത്യേക ക്ഷണിതാവാണ് എന്നുള്ളത് അഭിമാന നിമിഷമായി മാറിയിരിക്കുന്നു. 


ഡല്‍ഹിയില്‍ പുതിയൊരു കലാഗ്രാമം

രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ദ്വാരക സെക്റ്റര്‍ ഏഴില്‍ പുതിയ കലാഗ്രാമം ഉയരുകയാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളും ഇവിടെ അവതരിപ്പിക്കും. രാജ്യത്തിന്‍റെ കലാസാംസ്കാരിക രംഗത്തിന്‍റെ ഒരു കേന്ദ്രമായി കലാഗ്രാമം മാറ്റിയെടുക്കുക എന്നുള്ളതാണ് കേന്ദ്ര സാംസ്കാരിക വകുപ്പ് കലാഗ്രാമം കൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ക്ക് പുറമെ ചിത്രകലാ, ക്രാഫ്റ്റ് പ്രദര്‍ശനങ്ങളും മറ്റും ഒരുക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും. ഈ വര്‍ഷം അവസാനത്തോടുകൂടി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന കലാ ഗ്രാമം കലാകാരന്‍മാര്‍ക്ക് മാത്രമല്ല വിനോദസഞ്ചാരികളെ പോലും ആകര്‍ഷിക്കുന്ന കേന്ദ്രമായി മാറും എന്നാണ് സാംസ്കാരിക വകുപ്പ് പ്രതീക്ഷിക്കുന്നത്. ആംഫി തിയേറ്റര്‍, സിനിമാ തിയറ്റര്‍, ആര്‍ട്ട് ഗ്യാലറി കലാകാരന്മാര്‍ക്ക് താമസിക്കുവാനും, ക്യാമ്പുകള്‍ നടത്തുവാനുമുള്ള സൗകര്യം തുടങ്ങിയവ കലാ ഗ്രാമത്തില്‍ ഉണ്ടായിരിക്കും. വര്‍ഷത്തിലെ എല്ലാ ദിവസവും രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളുടെ കലാപരിപാടികള്‍ കൊണ്ട് സമ്പന്നമായ ഒരു സാംസ്കാരിക കേന്ദ്രമായി ഇവിടം മാറ്റുവാനുള്ള ഒരുക്കങ്ങള്‍ സാംസ്കാരിക വകുപ്പ് തുടങ്ങി കഴിഞ്ഞു.

ആം ആദമിയില്‍ അഭ്യന്തിര കലഹം തുടങ്ങി

ഡല്‍ഹി ഭരണം നഷ്ടപ്പെട്ടതോടെ ആം ആദ്മി പാര്‍ട്ടിയില്‍ വലിയ ഒച്ചപ്പാട് ഉണ്ടായിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ കൂട്ടത്തോടെ രാജിവെക്കുകയും മറ്റു പാര്‍ട്ടികളിലേക്ക് ചേരുകയും ചെയ്തത് ആം ആദ്മി പാര്‍ട്ടിയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇതേ സമയമാണ് ഭിന്നത രൂക്ഷമാക്കി പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്തിയ ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടന ഛാത്ര യുവ സംഘര്‍ഷ സമിതി (സി.വൈ.എസ്.എസ്) പിരിച്ചു വിടേണ്ടിവന്ന നടപടി ഉണ്ടായത്. ഇതിനു പകരമായി ആം ആദ്മി പാര്‍ട്ടി പുതിയ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ച പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജരിവാള്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അസോസിയേഷന്‍ ഓഫ് സ്റ്റുഡന്‍സ് ഫോര്‍ ഓള്‍ട്ടര്‍നേറ്റീവ് പൊളിറ്റിക്സ് എന്ന പുതിയ സംഘടന രൂപീകരിച്ചത്. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികളും പ്രഖ്യാപന സമ്മേളനത്തില്‍ എത്തിയിരുന്നു. സി.വൈ.എസ്.എസിന്‍റെ മുഖമായിരുന്ന വന്ദന സിംഗ് എന്ന വിദ്യാര്‍ത്ഥി നേതാവ് ആം ആദ്മി നേതൃത്വവുമായി അകന്ന് പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനം നടത്തി രംഗത്തെത്തിയ രാജ്യസഭാ എം.പി സ്വാതി മലിവാളിനോടൊപ്പം നിന്നിരുന്നു. വന്ദനയും കേജരിവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ സ്വാതിയോടൊപ്പം നിന്ന് വിമര്‍ശിച്ചിരുന്നു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എഎപി പിന്‍വാങ്ങിയതിനെതിരെയും സി.വൈ.എസ്.എസ് നേതൃത്വം രംഗത്ത് എത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടിക്ക് ഭരണമുള്ള പഞ്ചാബിലെ സര്‍വകലാശാലയില്‍ പോലും സി.ഐ.എസ്.എസില്‍ അടുത്ത ഭിന്നതയുണ്ടായിരുന്നു. ഡല്‍ഹിയിലെ സര്‍വകലാശാലയിലും കോളേജിലും സംഘടനയ്ക്ക് കാര്യമായ മുന്നേറ്റം ഉണ്ടായില്ല. തുടര്‍ച്ചയായി രണ്ടുവര്‍ഷം ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിലും സി.വൈ.എസ്.എസ് മത്സരിച്ചിരുന്നില്ല. ഇത് ഏറെ ഒച്ചപ്പാടുകള്‍ക്കും ഭിന്ന അഭിപ്രായങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. 2013ല്‍ രൂപീകരിച്ച സി.വൈ.എസ്.എസിന് 2017 ലെ രാജസ്ഥാനിലെ കലാലയങ്ങളില്‍ മാത്രമാണ് എടുത്തു പറയാവുന്ന വിജയം ഉണ്ടായത്. 2022 പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം പരാജയപ്പെട്ടു. 


വികസന ഫണ്ട് പ്രചരണത്തിനോ...?

വികസനത്തിന്‍റെ ഓരോ കാര്യത്തിലും ഫണ്ട് ആവശ്യമുണ്ട്. അതിനായാണ് ഓരോ എംഎല്‍എമാര്‍ക്കും, എംപിമാര്‍ക്കും, ജനപ്രതിനിധികള്‍ക്കും മറ്റും പ്രാദേശിക വികസന ഫണ്ടുകള്‍ സര്‍ക്കാര്‍ അനുവദിക്കുന്നത്. ഡല്‍ഹിയില്‍ ഒരു എംഎല്‍എക്ക് മുന്‍പ് 15 കോടി രൂപ പ്രാദേശിക വികസന ഫണ്ടിലേക്ക് നല്‍കുമായിരുന്നു. ഇത് കഴിഞ്ഞദിവസം നടന്ന ഡല്‍ഹി മന്ത്രിസഭയുടെ യോഗം അഞ്ച് കോടി രൂപയാക്കി വെട്ടി കുറച്ചിരിക്കുകയാണ്. ആം ആദ്മി സര്‍ക്കാരാണ് പത്തുകോടിയില്‍ നിന്ന് 15 കൂടിയായി പ്രാദേശിക വികസന ഫണ്ട് ഉയര്‍ത്തിയത്. ഒരു വര്‍ഷത്തേക്കുള്ളതാണ് ഈ തുക. പണ്ട് വെട്ടിക്കുറച്ച് പ്രാദേശിക വികസന ഫണ്ട് വെട്ടിക്കുറച്ച് നടപടിയില്‍ എംഎല്‍എമാര്‍ക്ക് ഒപ്പം ബിജെപി എംഎല്‍എമാരും പ്രതിഷേധത്തില്‍ ചേരുന്നു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ വികസനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടുവാന്‍ വഴിയൊരുക്കുകയാണ് ഇതുവഴി എന്നുള്ള ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. പ്രാദേശിക വികസന ഫണ്ടിന്‍റെ നല്ലൊരു ഭാഗം മോദിയുടെ ചിത്രത്തോടെയുള്ള പരസ്യ ബോര്‍ഡുകള്‍ക്കാണ് ചിലവിടുന്നത്. ഓണ്‍ ലൈന്‍ തീവണ്ടി ടിക്കറ്റിലും മോദി ചിത്രം ചേര്‍ത്തിരിക്കുന്നു. ഡല്‍ഹി മെടോ സ്റ്റേഷനുകളില്‍ മോദിയുടെ ചിത്രം നിറഞ്ഞിരിക്കുന്നു. മെട്രോ തീവണ്ടികളിലും മറ്റും മോദിയുടെ ശബ്ദം കേള്‍പ്പിച്ചുതുടങ്ങിയിരിക്കുന്നു. വികസന നിര്‍മ്മാണ മേഖലയിലൊക്കെ പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ വലിയ ഫ്ളെക്ക്സുകള്‍ വന്നിരിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഫ്ളെക്സുകള്‍ ഡല്‍ഹിയില്‍ വ്യാപകമായത് വലിയ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. സിനിമാ പോസ്റ്ററുകള്‍ക്ക് സമാനമായ നായക റോളില്‍ നരേന്ദ്ര മോദിയുടെ തൊപ്പിയും കൂളിംഗ് ഗ്ളാസും വെച്ച ചിത്രമാണ് പോസ്റ്ററില്‍. ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധവും ഉണ്ട്. 


കാന്‍സര്‍ മാന്‍ റ്റു അയേണ്‍ മാന്‍

സമീപകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പുസ്തകം മലയാളി എഴുതിയതാണ്. കാന്‍സര്‍ മാന്‍ ടു അയണ്‍ മാന്‍ എന്ന പുസ്തകം. തലക്കെട്ട് പറയുന്നതുപോലെ കാന്‍സറില്‍ നിന്ന് ജീവിതത്തിലേക്ക് കടന്നുവന്ന ഒരു വ്യക്തിയുടെ കഥ തന്നെയാണ് ഡല്‍ഹി പോലീസിലെ അസിസ്റ്റന്‍റ് പോലീസ് കമ്മിഷണറായ നിതിന്‍ വത്സന്‍റെ കഥയാണ് പുസ്തകത്തില്‍. വളരെ ലളിതമായ ഭാഷയില്‍ അദ്ദേഹം തന്നെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷിലും, ഹിന്ദിയിലും പുസ്തകം പുറത്തിറങ്ങി. ഗോവ പോലീസ് ഉദ്യോഗസ്ഥനായിരിക്കെ നിതിന്‍ വത്സന് 2021ല്‍ കാന്‍സര്‍ തിരിച്ചറിഞ്ഞപ്പോള്‍ നാലാം സ്റ്റേജില്‍ എത്തിയിരുന്നു. 2021 ഫെബ്രുവരിയില്‍ കോവിഡ് കാലത്താണ് നോണ്‍ ഹോഡ്കിന്‍സ് ലിംഫോമ എന്ന കാന്‍സര്‍ വഗഭേദം നിതിന്‍ വത്സനില്‍ കണ്ടെത്തുന്നത്. ശരീരത്തിന്‍റെ പ്രതിരോധ ശേഷി നശിപ്പിക്കുന്ന രോഗം എത്തിയത് പ്രതിരോധ ശക്തി ആവശ്യമുള്ള കോവിഡ് കാലത്ത്. 2021 ഒക്ടോബറിലും, 2022 ജനുവരിയിലും നിതിന്‍ വത്സന് കോവിഡും പിടിപ്പെട്ടു. ഫോക്കസ്, കമിറ്റ്മെന്‍റ്, ഷിയര്‍വില്‍ ഡോണ്‍ഡ് എന്ന റോക്കി ബാല്‍ബോവയും, എവര്‍ ഗിവപ്പ് എന്ന ജോണ്‍ വിക്ക് എന്നീ സിനിമയിലെ കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗുകള്‍ നിതിന്‍ വത്സനെ സ്വാധീനിച്ചു. വ്യായാമത്തിന്‍റെ ഭാഗമായി തുടര്‍ച്ചയായ നീന്തല്‍, സൈക്കിളിങ്ങ്, നടത്തം, ഓട്ടം എന്നിവ നിതിന്‍ വത്സനെ പുതിയൊരാളാക്കി. കാന്‍സര്‍ തോറ്റു. നിതിന്‍ വത്സന്‍ ജയിച്ച് ജീവിതത്തിലെ വിജയപടവുകള്‍ കയറി തുടങ്ങി. 2022 നവംബര്‍ 13 ന് ഗോവയില്‍ നടന്ന അയേണ്‍ മാന്‍ മത്സരം പൂര്‍ത്തിയാക്കി. ഒടുവില്‍ തന്‍റെ അനുഭവം പുസ്തകമാക്കി ഈ ഐ.പി.എസുകാരന്‍. കാന്‍സര്‍ മാന്‍ ടു അയേണ്‍ മാന്‍.