ക്യാന്‍സര്‍ മാന്‍ ടു അയേണ്‍ മാന്‍
വിജയ് ചൗക്ക്
സുധീര്‍ നാഥ്
തലശ്ശേരിയിലെ പ്രശസ്തമായ സെന്‍റ് ജോസഫ്സ് സ്ക്കൂളില്‍ ഏറ്റവും നന്നായി പഠിക്കുന്ന ഒരു കുട്ടിയായിരുന്നു നിതിന്‍ വത്സന്‍. സ്ക്കൂള്‍ പഠന സമയത്ത് പഠനത്തിനൊപ്പം കായിക ഇനങ്ങളിലും വല്‍സന്‍ മികവ് പുലര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ അധ്യാപകര്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു. കുട്ടികള്‍ക്കെല്ലാം മാത്യകയായിരുന്നു നിതിന്‍. എസ്.എസ്.എല്‍.സി. പരീക്ഷാഫലം വന്നപ്പോള്‍ നിതിന്‍ വത്സന്‍ സംസ്ഥാനത്തെ ആറാമത്തെ റാങ്ക് ലഭിച്ചു. അതോടുകൂടി തലശ്ശേരിയുടെ ഒരു ഹീറോയായി അദ്ദേഹം മാറി. സിവില്‍ സര്‍വീസ് ആയിരുന്നു സ്വപ്നം. പക്ഷേ ലഭിച്ചത് ഐ.പി.എസ്. അതില്‍ അയാള്‍ നിരാശനായില്ല. ഐ.പി.എസ്. പരിശീലന സമയത്ത് എല്ലാവരും ശ്രദ്ധിക്കുന്ന വ്യക്തിത്വമായിരുന്നു എന്ന് സഹപരിശീലകര്‍ പറയുന്നു.
മസൂരിയിലെ കഠിനമായ പരിശീലനത്തിന് ശേഷം ഔദ്യോഗിക ജീവിതം ഡല്‍ഹി പോലീസില്‍ ആരംഭിച്ചു. അവിടെ നിന്ന് ലക്ഷദ്വീപ് പോലീസില്‍ ഉദ്യോഗസ്ഥനായ നിതിന്‍ വത്സന്‍. പിന്നീട് ഗോവ പോലീസില്‍ എത്തിച്ചേരുകയായിരുന്നു. 2012 ബാച്ചിലെ ഐ.പി.എസ്. ഓഫീസറായ നിധിന്‍ വത്സന്‍ വടക്കന്‍ ഗോവയില്‍ എസ്.പിയായിരുന്നു. ഗോവയില്‍ നിന്ന് ഡല്‍ഹി പോലീസില്‍ എത്തിയ നിതിന്‍ വത്സന്‍ ഇപ്പോള്‍ ഡല്‍ഹി പോലീസില്‍ സെട്രല്‍ ഡല്‍ഹി ഡി.സി.പിയാണ്. ഗോവയിലെ പോലീസില്‍ സേവനം ചെയ്യുന്ന കാലത്താണ് നിതിന്‍ വത്സന് ക്യാന്‍സര്‍ എന്ന മഹാരോഗം തിരിച്ചറിയുന്നത്. ലോകം കോവിഡിന് എതിരെ പോരാടുന്ന സമയത്ത് തന്നെയാണ് നിതിന്‍ വത്സന് ക്യാന്‍സര്‍ എന്ന മഹാരോഗത്തിന് എതിരെ പടവെട്ടുന്നത്.
ശരീരത്തില്‍ ഉണ്ടായ കഠിനമായ വേദനയായിരുന്നു നിതിന്‍ വത്സന്‍റെ ലക്ഷണങ്ങളുടെ തുടക്കം. അദ്ദേഹം പല ഡോക്ടര്‍മാരെയും ഗോവയില്‍ മാറി മാറി കണ്ടു. ഒട്ടേറെ ടെസ്സ്റ്റുകള്‍ നടത്തി. ക്യാന്‍സര്‍ ആണ് എന്ന് ഗോവയില്‍ കണ്ടെത്താന്‍ സാധിച്ചില്ല. ശരീര വേദന അസഹ്യമായി തുടരുകയും ചെയ്തു. വേദനസംഹാരി ഗുളികകള്‍ ധാരാളമായി നിതിന്‍ ഉപയോഗിക്കുവാന്‍ തുടങ്ങി. ശരീരഭാരം ക്രമാതീതമായി കുറയുന്നത് നിതിന്‍ വത്സന്‍റെ ശ്രദ്ധയില്‍ എത്തി. സുഹൃത്തായ ഡോക്ടര്‍ ആഷിഷ് ബെന്‍സിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് നിതിന്‍ വത്സന്‍ കേരളത്തിലേക്ക് പരിശോധനയ്ക്കായി എത്തുന്നത്. നിതിന്‍ വത്സന് ആത്മധൈര്യം കൊടുത്തത് സുഹൃത്തുക്കളായ ഡോക്ടര്‍ ആഷിഷ് ബെന്‍സ്, സഹപാഠിയും ന്യൂറോളജി ഡോക്ടറായ ഡോക്ടര്‍ ആനന്ദ് ആര്‍. വാര്യര്‍, സഹപാഠികളായ രണ്ട് പീഡിയാട്രീഷന്‍സ് ഡോക്ടര്‍മാരായ അജയ് വിയും, ആദര്‍ശ് ഉദയനുമാണ്. നിതിന്‍ വത്സന്‍റെ ഭാര്യ രമ്യ വേണുഗോപാല്‍ ഐ.സി.ഒ.ആറില്‍ എന്‍ജിനിയറായിരുന്നു. വിവാഹശേഷം ജോലി രാജിവെച്ച രമ്യയും, കുട്ടികളായ ഇശാനും, നിയയും, ബി.എസ്.എന്‍.എല്‍. മുന്‍ ഉദ്യോഗസ്ഥനായ പിതാവ് സി. പി. വത്സനും, കേരള റവന്യൂ വകുപ്പ് മുന്‍ ഉദ്യോഗസ്ഥ ചാന്ദിനിയും, ഏക സഹോദരന്‍ നവീന്‍ വത്സന്‍ എന്നിവര്‍ നല്‍കിയ ധൈര്യവും, മാനസിക പിന്തുണയും അഭിനന്ദനാര്‍ഹമാണ്.
![]() |
| Nithin Vathsan With Veda Babu at New Delhi YMCA |
കണ്ണൂരുള്ള എ.കെ.ജി. മെമോറിയല്‍ ആശുപത്രിയിലെ റുമറ്റോളജിസ്റ്റായ ഡോക്ടര്‍ മനീഷ് മനോജ് നിര്‍ദ്ദേശിച്ച പ്രകാരം, സുഹ്യത്തുക്കള്‍ നിതിന്‍ വത്സന്‍റെ എം.ആര്‍.ഐ. സ്ക്കാന്‍ എടുപ്പിച്ചു. അവര്‍ തന്നെ അതിന്‍റെ ഫലം വിശകലനം ചെയതപ്പോഴാണ് നിതിനില്‍ ക്യാന്‍സറിന്‍റെ ലക്ഷണമായ ചില സൂചനകള്‍ കണ്ടെത്തുന്നത്. ജന്മനാടായ കണ്ണൂരിലെ പ്രശസ്തമായ മിംസ് ആശുപത്രിയില്‍ നടത്തിയ ബയോസ്പിയില്‍ ക്യാന്‍സര്‍ എന്ന മഹാരോഗം ഡോക്ടര്‍ ദേവരാജ് സ്ഥിരീകരിച്ചു. ബയോസ്പി വീണ്ടും നടത്തിയാണ് സുഹ്യത്തുക്കളായ ഡോക്ടര്‍മാര്‍ ക്യാന്‍സര്‍ ഉറപ്പിച്ചത്. ക്യാന്‍സറിന്‍റെ നാലാം സ്റ്റേജില്‍ എത്തിയിരിക്കുന്നു എന്നത് ആശങ്ക ഉണ്ടാക്കിയ അറിവായിരുന്നു. നോണ്‍-ഹോഡ്ജ്കിന്‍ ലിംഫോമ എന്ന ക്യാന്‍സറാണ് നിതിനെ പിടികൂടിയിരിക്കുന്നത്. തുടര്‍ന്നു നടന്ന എല്ലാ ചികിത്സകളും കണ്ണൂരിലെ വീടിനോട് ചേര്‍ന്നുള്ള മലബാര്‍ ക്യാന്‍സര്‍ സെന്‍ററില്‍ തന്നെയാണ് നടത്തിയത്. നിതിന്‍ വത്സന്‍റെ ചികിത്സയ്ക്ക് നേതൃത്വം കൊടുത്തത് മലബാര്‍ കാന്‍സര്‍ സെന്‍ററിലെ ഹെമറ്റോളജി വിഭാഗം തലവനായ ഡോക്ടര്‍ ചന്ദ്രന്‍ കെ. നായരും, അവിടുത്തെ ന്യൂക്ലിയര്‍ മെഡിസിനിലെ ഡോക്ടര്‍ നികില്‍ എന്നിവരായിരുന്നു.
നോണ്‍-ഹോഡ്ജ്കിന്‍ ലിംഫോമ എന്നത് ലിംഫറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന ഒരു തരം ക്യാന്‍സറാണ്. ഹോഡ്ജ്കിന്‍ ലിംഫോമകള്‍ ഒഴികെയുള്ള എല്ലാത്തരം ലിംഫോമകളും ഉള്‍പ്പെടുന്ന ഒരു കൂട്ടം രക്ത ക്യാന്‍സറാണ് നോണ്‍-ഹോഡ്ജ്കിന്‍ ലിംഫോമ. ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തിലെ ഒരു പ്രധാന ഘടകമായ ലിംഫറ്റിക് സിസ്റ്റത്തില്‍ ഉത്ഭവിക്കുന്ന ഒരു തരം ക്യാന്‍സറാണിത്. ഹോഡ്ജ്കിന്‍സ് ലിംഫോമയില്‍ നിന്ന് വ്യത്യസ്തമായി, നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ ഏത് പ്രായത്തിലും ഉണ്ടാകാം, ശരീരത്തിലുടനീളമുള്ള ലിംഫ് നോഡുകളും ഇതില്‍ ഉള്‍പ്പെട്ടേക്കാം. കീമോതെറാപ്പി, റേഡിയേഷന്‍ എന്നിവ മുതല്‍ ഇമ്മ്യൂണോതെറാപ്പി വരെയുള്ള ചികിത്സാ തന്ത്രങ്ങള്‍ രോഗത്തിന്‍റെ പ്രത്യേക ഉപവിഭാഗത്തെയും ഘട്ടത്തെയും അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്. ചുരുക്കി പറഞ്ഞാല്‍ ഒരു മനുഷ്യന്‍റെ രോഗപ്രതിരോധ സംവിധാനത്തിന്‍റെ ശക്തി ക്ഷയിപ്പിക്കുന്നതാണ് ഈ രോഗം.
ക്യാന്‍സറിനെ അതിജീവിക്കാന്‍ പോരാടുന്നവര്‍ക്ക് മുന്നില്‍ വലിയ പ്രതീക്ഷയാവുകയാണ് ഈ യുവ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍. നിധിന്‍ വത്സന്‍റെ രോഗപ്രതിരോധ ശക്തിയെ ക്ഷയിപ്പിച്ച ക്യാന്‍സറാണ് പിടികൂടിയത് എന്ന് മുന്‍പ് പറഞ്ഞിരുന്നല്ലോ. ലോകത്തെ വിറപ്പിക്കുകയും, മനുഷ്യന്‍റെ പ്രതിരോധ ശക്തിയെ ക്ഷയിപ്പിക്കുകയും ചെയ്ത മഹാമാരിയായ കോവിഡ് കാലത്താണ് നിതിന് രോഗപ്രതിരോധ ശക്തി ക്ഷയിപ്പിക്കുന്ന ക്യാന്‍സര്‍ പിടിപെടുന്നത്. നിതിന് പിന്തുണയും ആത്മധൈര്യവും നല്‍കി കുടുംബവും, സുഹ്യത്തുക്കളും ഉണ്ടായി. ഒന്നര വര്‍ഷം കൊണ്ട് തന്നെ ക്യാന്‍സര്‍ പൂര്‍ണമായി ഭേദമായി.
2021 ഫെബ്രുവരിയില്‍ കോവിഡ് കാലത്താണ് നോണ്‍ ഹോഡ്കിന്‍സ് ലിംഫോമ എന്ന ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്. 2021 ഒക്ടോബറിലും, 2022 ജനുവരിയിലും നിതിന്‍ വത്സന് കോവിഡും പിടിപ്പെട്ടു. ഫോക്കസ്, കമിറ്റ്മെന്‍റ്, ഷിയര്‍വില്‍ ഡോണ്‍ഡ് എന്ന റോക്കി ബാല്‍ബോവയും, എവര്‍ ഗിവപ്പ് എന്ന ജോണ്‍ വിക്ക് എന്നീ സിനിമയിലെ കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗുകള്‍ നിതിന്‍ വത്സനെ സ്വാധീനിച്ചു. വ്യായാമത്തിന്‍റെ ഭാഗമായി തുടര്‍ച്ചയായ നീന്തല്‍, സൈക്കിളിങ്ങ്, നടത്തം, ഓട്ടം എന്നിവ നിതിന്‍ വത്സനെ പുതിയൊരാളാക്കി. കാന്‍സര്‍ തോറ്റു. നിതിന്‍ വത്സന്‍ ജയിച്ച് ജീവിതത്തിലെ വിജയപടവുകള്‍ കയറി തുടങ്ങി. 2022 നവംബര്‍ 13 ന് ഗോവയില്‍ നടന്ന അയേണ്‍ മാന്‍ മത്സരം പൂര്‍ത്തിയാക്കി. രണ്ട് കിലോമീറ്ററോളം കടലില്‍ നീന്തണം, പിന്നീട് ഒരു കിലോമീറ്ററോളം ഓടണം. ഓടി തന്നെ സൈക്കിളെടുത്ത് 19 കിലോമീറ്റര്‍ ചവിട്ടണം, അവിടെ നിന്ന് ഇറങ്ങി 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍. ഇത്രയും ഒന്നിനു പുറകെ ഒന്നായി ചെയ്ത് തീര്‍ക്കാന്‍ പോരാളികള്‍ക്കെ കഴിയൂ. കോടിയേരി സ്വദേശി നിധിന്‍ വത്സന്‍ അത് ചെയ്തു. അയേണ്‍ മാന്‍ എന്ന കടമ്പ വിജയിച്ചു.
ക്യാന്‍സറില്‍ നിന്ന് മോചിതനായതിനുശേഷം തന്‍റെ അനുഭവം അദ്ദേഹം ക്യാന്‍സര്‍ മാന്‍ ടു അയേണ്‍ മാന്‍ എന്ന പുസ്തകമായി എഴുതി. അദ്ദേഹം ക്യാന്‍സറിനോട് പടവെട്ടിയതും, പിന്നീട് പ്രശസ്തമായ അയേണ്‍ മാന്‍ ആയതുമായ കഥയാണ് അദ്ദേഹം പുസ്തകത്തില്‍ വിവരിക്കുന്നത്. ക്യാന്‍സര്‍ പിടിയിലായ നിതിന്‍ വല്‍സണ്‍ ആത്മധൈര്യത്തില്‍ നടത്തിയ പോരാട്ടം മാതൃകാപരമാണ്. ക്യാന്‍സറിനെ ചികിത്സിച്ച് മാറ്റുന്നതില്‍ രോഗിയുടെ ഇഛാശക്തിയും പ്രധാനമാണെന്ന് ഈ യുവ ഐ.പി.എസുകാരന്‍ ഓര്‍മ്മപ്പെടുത്തുന്നു. മനസിന് കരുത്തേകിയാല്‍ ജീവിതത്തില്‍ ഇനിയും നേടാന്‍ ഏറെയുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് നിതിന്‍ വത്സന്‍ നല്‍കുന്നത്.
നിതിന്‍ വത്സന് ക്യാന്‍സര്‍ പിടിപെട്ട നാള്‍ മുതല്‍ അതില്‍ നിന്നും മോചിതനായി ഗോവയിലെ പ്രശസ്തമായ അയേണ്‍ മാന്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ഒരുക്കങ്ങളിലേക്ക് പോകുന്നതൊക്കെ അക്ഷരങ്ങളിലാക്കിയതാണ് പുസ്തകം. രാജ്യത്താകമാനം ചര്‍ച്ചാ വിഷയമാണ് നിതിന്‍ വത്സന്‍ രചിച്ച ക്യാന്‍സര്‍ മാന്‍ ടു അയേണ്‍ മാന്‍ എന്ന പുസ്തകം. ഈ പുസ്തകം മറ്റു ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തുകൊണ്ടിരിക്കുകയാണ്. ഹിന്ദിയിലിറങ്ങിയ പുസ്തകവും ഇപ്പോള്‍ ചര്‍ച്ചയാണ്. മലയാളത്തില്‍ ഈ പുസ്തകം ഏറെ താമസിയാതെ പുറത്തിറങ്ങും എന്നാണ് നിതിന്‍ വത്സന്‍ തന്നെ പറയുന്നത്.
ക്യാന്‍സര്‍ വാര്‍ഡില്‍ പ്രവേശിക്കുന്ന നിതിന്‍റെ അനുഭവങ്ങള്‍ ഒരു മറയും കൂടാതെ അദ്ദേഹം പുസ്തകത്തില്‍ വിവരിക്കുന്നു. എം.ആര്‍.ഐയും സി.റ്റി. സ്കാനും, പെറ്റ് സ്കാനും, ബയോസ്പിയുമെല്ലാം എടുക്കുന്ന സമയത്ത് അദ്ദേഹത്തിന് ഉണ്ടായ അനുഭവങ്ങള്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. മനസ്സിലൂടെ ഓടിപ്പോയ പല ചിന്തകളും അദ്ദേഹം വായനക്കാരോട് പങ്കുവെക്കുന്നുണ്ട്. ക്യാന്‍സറിന്‍റെ ചികിത്സയായ കീമോതെറാപ്പിക്കായി പ്രവേശിച്ചപ്പോള്‍ ഉണ്ടായ അനുഭവം ഒരു ചലച്ചിത്രത്തില്‍ എന്നപോലെ നമ്മളിലേക്ക് പകര്‍ന്നു തരുന്ന അക്ഷരങ്ങളിലൂടെയുള്ള അനുഭവങ്ങള്‍ ശക്തമാണ്. നിതിന്‍ വത്സന്‍ വാക്കുകളിലൂടെ അദ്ദേഹത്തിന്‍റെ അനുഭവം വായനക്കാരില്‍ അനുഭവിപ്പിക്കുന്നു എന്നത് എടുത്ത് പറയണം. ക്യാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പി ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. ഒരു ക്യാന്‍സര്‍ രോഗിയുടെ ചികിത്സാ യാത്ര തിരിച്ചറിയാന്‍ ഈ പുസ്തകം വഴിയൊരുക്കുന്നു.
ക്യാന്‍സര്‍ എന്ന രോഗം പിടിപെട്ടു എന്നറിഞ്ഞപ്പോള്‍ ഒട്ടേറെ പേര്‍ തന്‍റെ ചുറ്റിനും വന്ന് ഉപദേശം നല്‍കിയ കാര്യവും നിതിന്‍ തന്‍റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. വൈദ്യശാസ്ത്ര ലോകത്തെ അവഗണിച്ചുകൊണ്ട് സമാന്തര ചികിത്സയും മറ്റും ഉപദേശിച്ചു. ക്യാന്‍സര്‍ മാറിയ പലകഥകളും അവര്‍ പറഞ്ഞു. അവര്‍ കാണിച്ച വഴികള്‍ അപകടം വിളിച്ച് വരുത്തുമെന്ന് നിതിന്‍ തിരിച്ചറിഞ്ഞു. ഒട്ടേറെ പേര്‍ വന്ന് നല്‍കിയ ഉപദേശങ്ങള്‍ താന്‍ സ്വീകരിച്ചില്ല എന്ന് പറയുന്ന അദ്ദേഹം, വൈദ്യശാസ്ത്രത്തിന്‍റെ പാതയിലൂടെ സഞ്ചരിക്കണമെന്ന് വായനക്കാരെ ഉപദേശിക്കുന്നുണ്ട്. ആത്മധൈര്യം ഒരിക്കലും കൈവിടരുത് എന്നും പ്രതീക്ഷകള്‍ മാത്രം വെച്ചുപുലര്‍ത്തണമെന്നും അദ്ദേഹം പറയുമ്പോള്‍ അത് വായനക്കാരിലേക്ക് ശക്തി പകരുന്ന ഉപദേശമായി മാറുന്നു.
നിതിന്‍ വല്‍സന്‍ എഴുതിയ പുസ്തകം ക്യാന്‍സര്‍ പിടിപെട്ടവര്‍ക്ക് മാത്രമല്ല ക്യാന്‍സറിനെ ഭയക്കുന്നവര്‍ക്ക് കൂടി ഉത്തേജക മരുന്നാണ്. ക്യാന്‍സര്‍ മോചിതനായ പ്രശസ്ത ക്രിക്കറ്റര്‍ യുവരാജ് സിംഗാണ് പുസ്തകത്തിന്‍റെ അവതാരിക എഴുതിയിരിക്കുന്നത്. നിതിന്‍ എഴുതിയ പുസ്തകത്തിലൂടെ സമൂഹത്തിന് വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് അവതാരികയില്‍ യുവരാജ് പറയുന്നു. ക്യാന്‍സര്‍ എന്നത് മാരകമായ രോഗമാണെങ്കിലും അത് കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാകും എന്നുള്ള സത്യം ഈ പുസ്തകത്തിലൂടെ നിതിന്‍ വെളിവാകുന്നു. യുവരാജ് സിംഗ് തന്‍റെ അവതാരികയില്‍ ഒന്നുകൂടി പറയുന്നുണ്ട്. ക്യാന്‍സര്‍ മോചിതനായ നിതിന്‍ അയേണ്‍ മാന്‍ എന്ന പദവിക്കുവേണ്ടി നടത്തിയ പോരാട്ടം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അയണ്‍ മാന്‍ എന്ന പദവി ലഭിക്കുക എന്നുള്ളതല്ല നിതിന്‍ വത്സന്‍ ലക്ഷ്യം വെച്ചത് എന്ന് വായനയിലൂടെ മനസ്സിലാക്കാം. സമൂഹത്തിന് ഒരു സന്ദേശം കൂടി ക്യാന്‍സറില്‍ നിന്നും മുക്തനായ നിതിന്‍ നല്‍കുന്നു എന്നുള്ളത് അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് യുവരാജ് സിംഗ് പറയുന്നു.
![]() |
| Nithin Vathsan IPS With Sudheer Nath at New Delhi Flying Club |
നിതിന്‍ വത്സന് ക്യാന്‍സര്‍ മോചിതനായി അയേണ്‍ മാന്‍ പദവിയും സ്വന്തമാക്കി. ക്യാന്‍സറില്‍ നിന്നും മോചിതനായ അദ്ദേഹം എഴുതിയ പുസ്തകം ക്യാന്‍സര്‍ മാന്‍ ടു അയേണ്‍ മാന്‍ പ്രകാശിതമായതിന് ശേഷമാണ് ഡല്‍ഹി പോലീസിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറുന്നതിനു മുമ്പ് നിതിന്‍ വത്സനില്‍ വീണ്ടും ക്യാന്‍സര്‍ സ്ഥിരീകരിക്കപ്പെട്ടു. ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ആയിരുന്നു പിന്നീടുള്ള ചികിത്സ. മാനസികമായി തകരുന്ന അവസ്ഥയാണ് ക്യാന്‍സര്‍ രണ്ടാമതും വരിക എന്നത്. സുഹ്യത്തുക്കളായ ഡോക്ടര്‍മാര്‍, കുടുംബം എന്നിവര്‍ വീണ്ടും നിതിന് ആത്മ ധൈര്യം നല്‍കാന്‍ ഉണ്ടായി. ഇത്തവണ ശക്തമായ കീമോതെറാപ്പിയും മറ്റ് ആധുനിക ചികിത്സകളും നിതിന്‍ വത്സനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. ഇപ്പോള്‍ ഡല്‍ഹി പോലീസില്‍ സെട്രല്‍ ഡല്‍ഹി ഡി.സി.പി. ആയി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം സാധാരണ മറ്റു ഉദ്യോഗസ്ഥരെ പോലെ ദൈനംദിന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നു. മറ്റു പോലീസ് ഉദ്യോഗസ്ഥരെ പോലെ ജോലിയില്‍ സജീവമായിരിക്കുന്നു. ചിട്ടയായ ജീവിത ക്രമം കര്‍ശനമാക്കിയ നിതിനും കുടുംബവും ഹാപ്പിയാണ്.


