പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
മെയ് 15
വനിതകളും ചെണ്ട പഠനവും
ചെണ്ട ഒരു അസുര വാദ്യമാണ്. ശബ്ദത്തിന്‍റെ പ്രത്യേകത മൂലമാണ് അസുരവാദ്യം എന്നൊരു അപരനാമം ഇതിന് വന്നു ചേര്‍ന്നത്. ചെണ്ട പഠിക്കുക എന്നുള്ളത് നിസ്സാര കാര്യമല്ല. കേരളത്തിന്‍റെ തനതായ ഒരു തുകല്‍വാദ്യോപകരണമാണ് ചെണ്ട. ചെണ്ടയ്ക്ക് രണ്ടു തലയ്ക്കും രണ്ടു പേരാണ് പറയുന്നത്. വലന്തലയെന്നും ഇടന്തലയെന്നും. വലന്തലയെ ദേവവാദ്യമായി കണക്കാക്കുന്നു. ഇടിമുഴക്കത്തിന്‍റെ നാദം മുതല്‍ നേര്‍ത്ത ദലമര്‍മ്മരത്തിന്‍റെ ശബ്ദം വരെ ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു അത്ഭുത വാദ്യോപകരണമാണ് ചെണ്ടയെന്ന് ആസ്വാദകര്‍ പറയാറുണ്ട്. എല്ലാ താളവും ചെണ്ടക്ക് താഴെ എന്നൊരു പഴഞ്ചൊല്ല് ഉള്ളത് അതിന്‍റെ ശക്തി വിളിച്ചോതുന്നു. അത് കൊണ്ട് തന്നെ ചെണ്ടയെ 18 വാദ്യങ്ങള്‍ക്ക് തുല്യമായി കണക്കാക്കുന്നു. ചെണ്ട കട്ടി കൂടിയ തുകല്‍ കൊണ്ടു പൊതിയപ്പെട്ടതാണ്. അതിനാല്‍ തന്നെ ഇതില്‍ നിന്നും താരതമ്യേന ചെറിയ ശബ്ദമാണ് പുറത്തു വരിക. ഇടന്തലയിലാണ് സാധാരണ ചെണ്ട മേളം നടത്തുക. ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ സാധാരണയായി വലന്തലയിലാണ് ചെണ്ട കൊട്ടാറുള്ളത്. ശീവേലി സമയത്ത് വലംതല കൊട്ടി അകമ്പടി സേവിയ്ക്കുന്നത് പ്രധാനമാണ്. വര്‍ഷങ്ങളായിട്ടുള്ള സാധകം ചെയ്യേണ്ടതുണ്ട്. പുരുഷന്മാരാണ് സാധാരണഗതിയില്‍ ചെണ്ട അഭ്യസിക്കുന്നതിന് മുന്നില്‍ വരിക. കേരളത്തിന് പുറത്തുള്ള മലയാളികളില്‍ ചെണ്ട പഠിക്കുക എന്നുള്ളത് ഒരു ഹരമായി മാറിയിട്ടുണ്ട്. കേരളത്തിന് പുറത്ത് ഉത്തര്‍പ്രദേശില്‍ നോയിഡയില്‍ വനിതകള്‍ ചെണ്ട പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നുള്ളത് കൗതുകകരമായ വാര്‍ത്തയാണ്. ആള്‍ ഇന്ത്യ മലയാളി അസോസിയഷന്‍റെ വനിതാ വിഭാഗത്തിന്‍റെ നേത്യത്വത്തിലാണ് പുതുതായ പരിശീലന പരിപാടി തുടങ്ങിയിരിക്കുന്നത്. ഡല്‍ഹിയില്‍ വനിതകള്‍ മാത്രം പങ്കെടുക്കുന്ന ചെണ്ടമേള ടീം വരെ ഇപ്പോള്‍ ഉണ്ട്. കേരളത്തില്‍ ചെണ്ട മേളം ചെയ്യുന്ന ഒട്ടേറെ വനിതകളുണ്ട്. എല്ലാ മേഖലയിലും എന്ന പോലെ ചെണ്ട മേളത്തിലും വനിതകള്‍ മുന്നില്‍ വരുന്നു. ചെണ്ട പഠിക്കുന്നതിന് വേണ്ടി വ്യാപകമായ പരിശീലന കളരികള്‍ പ്രവാസ ലോകത്ത് വ്യാപകമാണ്. പ്രാരംഭത്തില്‍ പുളിങ്കമ്പുകൊണ്ട് മരക്കട്ടയില്‍ തട്ടിയാണ് പഠനം നടത്തുക. ഗണപതിക്കൈ, തകിട, തരികിട എന്നിവയാണ് ആദ്യം പഠിക്കുന്നത്. ചെണ്ട വാദ്യം പഠിപ്പിക്കുന്നത് ചെറുതാഴം കുഞ്ഞിരാമ മാരാരും, കലാമണ്ഡലം അഭിഷേക് മാരാരുമാണ്. വളകിലുക്കുന്ന ക്കൈകളില്‍ നിന്ന് ചെണ്ട മേളവും ഉയരട്ടെ.
കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം ആരംഭിച്ചിരിക്കുന്നു. ടൂറിസത്തിന്‍റെ പറുദീസയായ കാശ്മീര്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ വിജനമായി മാറിയിരിക്കുന്നു. ടൂറിസ്റ്റുകള്‍ ജമ്മുവിലെയും കാശ്മീരിലെയും യാത്രകള്‍ റദ്ദാക്കി സുരക്ഷിത ടൂറിസ കേന്ദ്രങ്ങളിലേക്ക് മാറുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും ആശങ്കയാണ്. യുദ്ധത്തിന്‍റെ കരിനിഴല്‍ ഡല്‍ഹിയിലും കാണാം. രാജ്യതലസ്ഥാനം അതീവ ജാഗ്രതയിലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് അവധി മതിയാക്കി ജോലിയില്‍ പ്രവേശിക്കാന്‍ ഉത്തരവിറങ്ങിയിട്ടുണ്ട്. കാശ്മീരിലെ ടൂറിസം മേഖല ശക്തി പ്രാപിച്ചു വരുന്ന സാഹചര്യത്തിലാണ് അവിടെ ഭീകരാക്രമണം ഉണ്ടായത്. കേരളത്തില്‍ നിന്നാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ കാശ്മീരിലെത്തിയിരുന്നത്. കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാരാണ് കാശ്മീര്‍ യാത്ര പ്രോത്സാഹിപ്പിച്ചത്. അത് തകര്‍ന്നടിഞ്ഞു. അതേസമയം വ്യാമഗതാഗതത്തില്‍ വന്ന വലിയ മാറ്റം നാം കാണേണ്ടതുണ്ട്. യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ തന്നെയാകും പാക്കിസ്ഥാന് മുകളിലൂടെയുള്ള വ്യോമഗതാഗതം ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും വേണ്ടെന്നു വെച്ചിരിക്കുന്ന കാഴ്ചയും നമുക്ക് കാണാം. വിദേശത്തേയ്ക്കുള്ള വീമാന കൂലിവര്‍ദ്ധിപ്പിക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും നിലവിലുക്ക്. ഇന്ത്യ പാക്ക് അതിര്‍ത്തികളിലെ 24 വിമാനതാവളങ്ങള്‍സുരക്ഷാ കാരണങ്ങളാല്‍ അടച്ചിട്ടിരിക്കുകയാണ്. പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും സാധാരണ ജനങ്ങളാണ് യുദ്ധം മൂലം കഷ്ടപ്പെടുന്നത് എന്നുള്ളത് ആശങ്ക ഉളവാക്കുന്ന കാര്യം തന്നെയാണ്. ടൂറിസം മുഖ്യ വരുമാനമായ കാശ്മീരിലെ ജനങ്ങള്‍ മുന്നോട്ടുള്ള ജീവിത യാത്രയില്‍ എന്തുമാത്രം കഷ്ടപ്പെടുമെന്നുള്ളത് കണ്ടു തന്നെ അറിയണം. മനസമാധാനത്തോടെ ഉറങ്ങുവാന്‍ സാധിക്കാത്ത കാശ്മീരി ജനതയ്ക്ക് മിസൈലുകളുടെ ശബ്ദങ്ങളാണ് വേട്ടയാടി കൊണ്ടിരിക്കുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരം ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. അഡീഷണല്‍ റെസിഡന്‍റ് കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണയുടെ നേതൃത്വത്തില്‍ കണ്‍ട്രോളര്‍ എ.എസ് ഹരികുമാര്‍, ലെയ്സണ്‍ ഓഫീസര്‍ രാഹുല്‍ കെ. ജെയ്സ്വാര്‍, നോര്‍ക്ക ഡെവല്പ്പമെന്‍റ് ഓഫീസര്‍ ജെ. ഷാജിമോന്‍ തുടങ്ങിയവരുടെ നേത്യത്വത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍.
കേരള ഹൗസില്‍ വാമികയ്ക്ക് പിറന്നാളാഘോഷം.
ജമ്മുകാശ്മീരില്‍ നിന്ന് തിടുക്കപ്പെട്ട് കേരളത്തിലേയ്ക്കുള്ള യാത്ര മൂലം നഷ്ടമായെന്നു കരുതിയ പിറന്നാളാഘോഷം ഡല്‍ഹി കേരളഹൗസില്‍ വച്ച് സാധ്യമായതിന്‍റെ സന്തോഷത്തിലാണ് വാമിക വിനായക് എന്ന മൂന്നു വയസുകാരി. ഒരു മാസമായി ജന്മദിനചടങ്ങിന്‍റെ ഒരുക്കങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന വാമികയുടെ ആഗ്രഹം സാധിച്ചുകൊടുത്തത് ഒപ്പമുണ്ടായിരുന്ന യാത്രികരാണ്. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നാട്ടിലേയ്ക്ക് മടങ്ങുന്ന മലയാളികളുടെ സംഘം കേരളഹൗസില്‍ വിശ്രമിക്കുമ്പോഴാണ് വാമികയുടെ ബര്‍ത്ത് ഡേ ഇന്നാണെന്ന് സഹയാത്രികര്‍ അറിഞ്ഞത്. ഓണ്‍ലൈനിലൂടെ കേക്ക് വാങ്ങിയാണ് അവര്‍ വാമികയ്ക്ക് സര്‍പ്രൈസ് ഒരുക്കിയത്. കേക്ക് മുറിയ്ക്കുമ്പോള്‍ ജന്മദിനാശംസകള്‍ നല്‍കാനായി വിവിധ യൂണി വേഴ്സിറ്റികളില്‍ നിന്നായി കേരള ഹൗസിലെത്തിയ വിദ്യാര്‍ത്ഥികളും ഒത്തുകൂടി. വാമികയുടെ അച്ഛന്‍ അഖില്‍ വിനായക് ജമ്മുകാശ്മീരില്‍ എയര്‍ഫോഴ്സ് ജീവനക്കാരനാണ്. ജോലിമൂലം അഖിലിന് കുടുംബത്തോടൊപ്പം നാട്ടിലേയ്ക്ക് മടങ്ങാനായില്ല. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കണമെന്നുള്ള മകളുടെ മോഹം നടന്നതില്‍ അച്ഛന് ഏറെ സന്താഷമായെന്ന് അമ്മയായ വിജയശ്രീ പറഞ്ഞു.അമ്മയ്ക്കൊപ്പം ഇന്ന് രാത്രിയിലെ കേരള എക്സ്പ്രസില്‍ വാമിക സ്വദേശമായ ആലപ്പുഴയ്ക്ക് മടങ്ങും.
മലിനീകരണം രൂക്ഷമാകും, ആശങ്കയുടെ നാളുകള്‍
ഡല്‍ഹിയില്‍ ചൂട് കൂടി വരികയാണ്. അതിര്‍ത്തിയില്‍ യുദ്ധത്തിന്‍റെ ചൂട് ഡല്‍ഹിയെയും ബാധിക്കുന്നുണ്ട്. ആശങ്കയിലുള്ള ജനങ്ങള്‍ക്ക് മുന്നിലേക്ക് അന്തരീക്ഷ മലിനീകരണം അപകടകരമായ വിധത്തിലേക്ക് ഉയരും എന്ന കാര്യത്തില്‍ സംശയമില്ല. മുന്‍ വര്‍ഷങ്ങളേക്കാള്‍ മലിനീകരണ തോത് കൂടുമെന്നാണ് കണക്കുകള്‍ പറയുന്നത്. അതിനു മുന്‍കരുതലായി നിലകൊള്ളേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡുകളില്‍ വലിയ രീതിയില്‍ ഉദ്യോഗസ്ഥ ഒഴിവുകള്‍ ഉണ്ടെന്നത് ആശങ്ക ഉളവാക്കുന്നതാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെയും പരിസര സംസ്ഥാനങ്ങളിലെയും മലിനീകരണ നിയന്ത്രണ ബോര്‍ഡുകളില്‍ ഒഴിവുകള്‍ ഉണ്ടെന്ന കാര്യം സുപ്രീം കോടതിയാണ് ചൂണ്ടി കാണിച്ചിരിക്കുന്നത്. ഡല്‍ഹി മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ 55 തസ്തികളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഹരിയാനയില്‍ 35 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. രാജസ്ഥാനിലും, ഉത്തര്‍പ്രദേശില്‍ 55 വീതം തസ്തികകളില്‍ ആളില്ല. ഇത് ഫലത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നു എന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ സ്ഥിതി ഇതാണെങ്കില്‍ കേന്ദ്രമലിനീകരണ ബോര്‍ഡില്‍ 21 ശതമാനം ഒഴിവ് ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത.് ഡല്‍ഹി നിവാസികള്‍ വായു മലിനീകരണവുമായി പൊരുതുന്ന സമയത്താണ് ഈ കണക്കുകള്‍ പുറത്ത് വരുന്നത്. ഇത് ഞെട്ടിക്കുന്ന വിവരമാണ്. വായുമലിനീകരണം പോലെ ശബ്ദമലിനീകരണവും ഡല്‍ഹിയെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. ഡല്‍ഹിയില്‍ ശബ്ദമലിനീകരണത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പരിസ്ഥിതി മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. മുന്‍പ് റവന്യൂ വകുപ്പ്, ഡല്‍ഹി പോലീസ്, ഡല്‍ഹി മലിനീകരണം നിയന്ത്രണ കമ്മിറ്റി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരുന്നു ശബ്ദ മലിനീകരണം സംബന്ധിച്ച പരാതികളില്‍ നടപടിയെടുക്കുവാന്‍ അധികാരം ഉണ്ടായിരുന്നുള്ളൂ. സര്‍ക്കാരിന്‍റെ പുതിയ ഉത്തരവനുസരിച്ച് എം.സി.ഡി അസിസ്റ്റന്‍റ് കമ്മീഷണര്‍മാര്‍, റവന്യൂ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, സബ് ഡിവിഷന്‍ മജിസ്ട്രേറ്റ്, പോലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍, മുതിര്‍ന്ന പരിസ്ഥിതി ശാസ്ത്രജ്ഞര്‍, ഡി.പി.സി.സി. എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്കും നടപടിയെടുക്കാന്‍ സാധിക്കും. വായു മലിനീകരണത്തിനും ശബ്ദമലിനീകരണത്തിനും എതിരെ രാജ്യതലസ്ഥാനം ഉണരുന്നു എന്നുവേണം കരുതുവാന്‍.
നദികളില്‍ സുന്ദരിയല്ല യമുന
നദികളില്‍ സുന്ദരി യമുന... എന്ന് കവി പാടിയിട്ടുണ്ടെങ്കില്‍ അത് ഒരു പഴയകാല ചിത്രമായിരിക്കും. ഇന്ന് യമുന വളരെ വികൃതമാണ് ഒഴുകുന്നത്. അതിന്‍റെ സൗന്ദര്യം നഷ്ടപ്പെട്ടു. ഏറെ മലിനമായാണ് യമുനാ നദി ഇന്ന് ഒഴുകിക്കൊണ്ടിരിക്കുന്നത.് ഇന്നത്തെ യമുനാ നദി സുന്ദരിയല്ല. 2017 മുതല്‍ 2022 വരെ യമുനാ നദി ശുചീകരണ പദ്ധതികള്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ 6886 കോടി രൂപയാണ് ചെലവിട്ടത.് ഇത്രയേറെ പണം ചെലവിട്ട് ശുചീകരണ പദ്ധതികള്‍ പലതും നടത്തിയിട്ടും നദിയിലെ മാലിന്യത്തിന്‍റെ തോത് കുറയ്ക്കാന്‍ ആയിട്ടില്ല എന്നുള്ളത് ആശങ്ക ഉളവാക്കുന്ന ഒന്നാണ്. യമുനാ ശുചീകരണത്തിന് പുതിയൊരു നയമാണ് വേണ്ടത് എന്ന് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയേഴ്മെന്‍റിന്‍റെ (സി.എസ്.സി) റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡല്‍ഹിയിലെ ജനങ്ങള്‍ തന്നെയാണ് യമുനയെ മലിനമാക്കുന്നത് എന്നുള്ളതാണ് ഒരു യാഥാര്‍ത്ഥ്യം. ഭക്തിയുടെ മറവില്‍ പൂജാദ്യവ്യങ്ങള്‍ വ്യാപകമായി യമുനാതീരങ്ങളില്‍ നിക്ഷേപിക്കുന്നു. വീടുകളില്‍ നിന്നുള്ള മാലിന്യവും മറ്റും യമുനയിലേക്കാണ് നിക്ഷേപിക്കുന്നത്. വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യവും യമുന തന്നെയാണ് ഏറ്റുവാങ്ങുന്നത്. യമുനയുടെ തീരങ്ങളില്‍ അല്ലാത്ത വീടുകളില്‍ നിന്ന് ടാങ്കറുകളില്‍ സംഭരിക്കുന്ന സുവേജ് മാലിന്യം സംസ്കരിക്കാതെ യമുനാ നദിയില്‍ തള്ളുന്നു എന്നുള്ളതും യമനിയുടെ മാലിന്യ തോര്‍ത്തുവാന്‍ കാരണമാകുന്നുണ്ട.് ഡല്‍ഹി പൊലൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയുടെ കണക്കനുസരിച്ച് ഒരു ദിവസം 3600 ദശലക്ഷം സുവേജ് മാലിന്യമാണ് യമുനയില്‍ എത്തുന്നത്. ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍ക്ക് 3474 ദശലക്ഷം ലിറ്റര്‍ മാലിന്യം സംസ്ക്കരിക്കാനുള്ള ശേഷിയാണ് ഉള്ളത്. എന്നാല്‍ 2777 ദശലക്ഷം ലിറ്റര്‍ മാലിന്യം മാത്രമാണ് അവിടെ സംസ്ക്കരിക്കുന്നത്. അസംസ്കൃത മാലിന്യങ്ങള്‍ നദിയിലൊഴുക്കുന്നത് പൂര്‍ണമായും തടയണമെന്ന് സി.എസ്.സി ഡയറക്ടര്‍ ജനറല്‍ സുനിത നരെയ്ന്‍ ആവശ്യപ്പെടുന്നു. യമുനയുടെ ശുചീകരണത്തിന് പണം മുടക്കിയാല്‍ മാത്രം പോന്നെും, നയം അടിമുടി മാറ്റണമെന്നും സി.എസ്.സി പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡല്‍ഹിയിലെ വസീറാബാദിലേയും, ഓഖ്ലയിലേയും ഇടയിലുള്ള ഭാഗത്താണ് യമുനാ നദിയില്‍ ഏറ്റവും കൂടുതല്‍ മാലിന്യം ഉള്ളത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യമുനയുടെ തീരങ്ങളിലുള്ള അനധികൃത കോളനികളില്‍ നിന്നുള്ള മാലിന്യങ്ങളാണ് യമുനാ നദിയിലെ മാലിന്യ തോത് ഇത്രയേറെ അപകടത്തില്‍ എത്തിക്കുന്നതിന് കാരണം.


.jpeg)